ഒാര്‍ത്തോളൂ: സമുദായത്തിലെ സ്ത്രീകള്‍ തന്നെ നിങ്ങളെ തോല്‍പിച്ച് മുന്നേറും..!

samastha-pv
SHARE

സമസ്തവേദിയില്‍ വിദ്യാര്‍ഥിനിയെ അപമാനിച്ചത് യാദൃശ്ചികമായി പറ്റിയ അബദ്ധമല്ല,  നിലപാട് തന്നെയാണെന്ന് സമസ്ത പ്രഖ്യാപിച്ചിരിക്കുന്നു. സ്ത്രീകളെയും പുരുഷന്‍മാരെയും തുല്യമായി കാണുന്ന  രീതിയല്ല സംഘടനയ്ക്കെന്നും വ്യക്തമാക്കിയിട്ടുണ്ട്.  ആധുനികസമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാവുന്ന നിലപാടല്ല ഇത്. സ്ത്രീക്കും പുരുഷനും തുല്യാവകാശം നല്‍കുന്ന ഭരണഘടനയുടെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ സ്വയം നവീകരിക്കാന്‍ തയാറായില്ലെങ്കില്‍ അവര്‍ സ്വയം ഒറ്റപ്പെട്ടുപോകുമെന്നു മാത്രമല്ല, സമുദായത്തിലെ സ്ത്രീകള്‍ തന്നെ ഇത്തരം പിന്തിരിപ്പന്‍ നിലപാടുകള്‍ മറികടന്നു മുന്നോട്ടു പോകും. നിയമപരമായും സാമൂഹ്യമായും ഇടപെടല്‍ ആവശ്യമുള്ള നിലപാടാണ് സമസ്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.  

ഒരു പെണ്‍കുട്ടിയോട് മതനിയമം മനസില്‍വച്ച് ഈ വിധം അപമാനം സൃഷ്ടിക്കുന്നത് പ്രമുഖ മതപണ്ഡിതനാണ്. മലപ്പുറം രാമപുരത്തിനടുത്ത് പാതിരമണ്ണിൽ അവാർഡ് വാങ്ങാൻ പെൺകുട്ടിയെ  സ്റ്റേജിലേക്ക് ക്ഷണിച്ചതിന്‍റെ പേരി‌ലാണ് ഈ പരാമര്‍ശങ്ങളുണ്ടായത്. സമസ്തയുടെ മുതിർന്ന നേതാവ് എം.ടി. അബ്ദുല്ല മുസലിയാരുടെ  ഈ ഇടപെടലിനെതിരെ  ആധുനികസമൂഹം  ചൂണ്ടുവിരല്‍ ഉയര്‍ത്തി. സമസ്തയുടെ ഇസ്‍ലാംമത വിദ്യാഭ്യാസബോര്‍ഡിലെ ജനറല്‍ സെക്രട്ടറിയും സമസ്തയുടെ സംസ്ഥാനസെക്രട്ടറിമാരില്‍ ഒരാളുമായ അബ്ദുല്ല മുസലിയാരാണ്  ഈ പ്രസ്താവന നടത്തിയത്. സമാനമായ ദുരനുഭവങ്ങളിലൂടെ കടന്നുപോകുന്ന പെൺകുട്ടികൾ മതത്തേയും മത നേതാക്കളേയും വെറുക്കുന്ന സ്ഥിതിയുണ്ടാക്കുമെന്ന് എം.എസ്.എഫ് നേതാവ് ഫാത്തിമ തെഹലിയ അന്നേ പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ സഫ ഷെഫിനെപ്പോലെ ഒരുപാട് മിടുക്കികൾ സമുദായത്തിൽ നിന്ന് വളർന്നു വരുന്നത് നേതൃത്വം തിരിച്ചറിയണമെന്നും ഫാത്തിമ തെഹലിയ പറഞ്ഞു. എന്നാല്‍ എം.എസ്.എഫ് നേതൃത്വം നിലപാടിന് ന്യായീകരണങ്ങള്‍ ചമയ്ക്കുകയാണ് ചെയ്തത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ് സമസ്ത നേതാക്കളെ ന്യായീകരിച്ച് രംഗത്തെത്തി. മുസ്‌ലിയാരെ വികലമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ പ്രതികരണം നിഷ്ക്കളങ്കമല്ലെന്നും ഫേയ്സ്ബുക്ക് പോസ്റ്റിൽ പി.കെ. നവാസ് വ്യക്തമാക്കി. സമസ്തയുടെ നിലവിലെ രാഷ്ട്രീയനിലപാടിന്റെ പ്രാധാന്യം മുഖ്യധാരാരാഷ്ട്രീയത്തിന്റെ പ്രതികരണത്തിലും പ്രകടമായി. മുസ്‍ലിംലീഗ് തന്ത്രപരമായ മൗനം പാലിച്ചു. 

എന്നാല്‍ വ്യക്തമായി പ്രതികരിക്കാന്‍ വിദ്യാഭ്യാസമന്ത്രിപോലും മടിച്ചു. വനിതാമന്ത്രിമാര്‍ കാണിച്ച ആത്മാര്‍ഥത സമസ്തയെന്ന വോട്ട് ബാങ്കിന്റെ പ്രാധാന്യമറിയുന്ന ഇടതുനേതാക്കളില്‍ പ്രകടമായില്ല.  

ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ സമസ്ത നേതൃത്വം ഒരു ന്യായീകരണം നടത്തിയിട്ടുണ്ട്. ആ ന്യായീകരണം സ്ത്രീകള്‍ക്കാകെ അപമാനമായി. പെണ്‍കുട്ടിയെ അപമാനിച്ചത് ശരിയായില്ലെന്നു ചൂണ്ടിക്കാട്ടിയ സമൂഹത്തോട് ഞങ്ങളുടെ നിലപാട് തന്നെയാണിതെന്ന് സമസ്ത തുറന്നു പറയുന്നു. ആണിനെയും പെണ്ണിനെയും ഒരു പോലെ കാണാനാകില്ലെന്ന് മതനിയമങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള വിശദീകരണത്തില്‍ സ്വന്തം വിശ്വാസത്തെയും മതത്തെയും സമസ്ത നേതൃത്വം പ്രതിരോധത്തിലാക്കുന്നുണ്ടോ? നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളില്‍ ആ ചോദ്യത്തിനുത്തരം ലളിതമല്ല.  

അപമാനിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച സമസ്ത, സംഭവിച്ചത് കൈയബദ്ധമല്ലെന്ന് വ്യക്തമായി പറഞ്ഞു. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു വേദി പങ്കിടുന്ന രീതി സമസ്തയ്ക്കില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു.  

വിശദീകരിക്കാതിരിക്കുന്നതായിരുന്നു ഭേദമെന്ന് പിന്തുണയ്ക്കാന്‍ ചെന്നവര്‍ക്കു പോലും തോന്നിപ്പിക്കുന്ന ന്യായീകരണമാണ് ലോകം കണ്ടത്. ഭരണഘടന നല്‍കുന്ന തുല്യാവകാശങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോഴുള്ള മറുപടി അതിലും വിചിത്രമായിരുന്നു.  വിവാദപരാമര്‍ശം നടത്തിയ അബ്ദുള്ള മുസലിയാരും വാര്‍ത്താസമ്മേളനത്തില്‍ ഹീനമായ പെരുമാറ്റത്തെ ആവര്‍ത്തിച്ചു ന്യായീകരിച്ചു.  

കേരളത്തിലെ ഏറ്റവും പ്രമുഖ മതസാമുദായിക സംഘടനകളിലൊന്നായ  സമസ്ത, ഇതുവരെ തീവ്രനിലപാടുകളെ പ്രോല്‍സാഹിപ്പിച്ചിട്ടില്ലെന്നും നേതൃത്വം ഓര്‍മിപ്പിക്കുന്നുണ്ട്.  

സമസ്ത നേതൃത്വം പറഞ്ഞതില്‍ ഈയൊരു കാര്യം ശരിയാണ്. സമസ്ത ഇതുവരെ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിച്ചിട്ടില്ല. ഇതരസമുദായങ്ങളോട് വിദ്വേഷം പ്രകടിപ്പിച്ചിട്ടില്ല. മനുഷ്യരെ തമ്മില്‍ അകറ്റാനോ, വെറുപ്പ് പടര്‍ത്താനോ ശ്രമിച്ചിട്ടില്ല. അതൊക്കെ ശരിയാണ്. പക്ഷേ തീവ്രമായ യാഥാസ്ഥിതികത്വം തന്നെ തീവ്രവാദമായിപ്പോകുമെന്ന് ഇനിയും സംഘടന തിരിച്ചറിയാത്തത് തീര്‍ത്തും ഖേദകരമാണ്. സ്ത്രീകള്‍ക്ക് തുല്യാവകാശമില്ലെന്ന നിലപാട് ഭരണഘടനാവിരുദ്ധമാണ്, ജനാധിപത്യവിരുദ്ധമാണ്.് പക്ഷേ സമസ്തയുടെ നിലപാടില്‍ സമസ്ത മാത്രമാണ് പ്രതിരോധത്തിലാകേണ്ടത്. സമുദായമല്ല, വിശ്വാസികളുമല്ല. സ്ത്രീകളെ രണ്ടാംതരം മനുഷ്യരായി കാണുന്ന എല്ലാ മതവിശ്വാസങ്ങളും തിരുത്തപ്പെടേണ്ടതാണ്. സമസ്ത സ്വയം തിരുത്തുന്നില്ലെങ്കില്‍ സമുദായത്തിലെ സ്ത്രീകള്‍ സംഘടനയെയും മറികടന്നു മുന്നോട്ടു പോകുന്ന സാമൂഹ്യസാഹചര്യം മാത്രമാണ് പ്രത്യാശ. 

സമസ്തയുടെ നിലപാട് നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ എങ്ങനെ ഉപയോഗിക്കപ്പെടും എന്ന ആശങ്ക കൊണ്ടു മാത്രം സമസ്തയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഇത് സമസ്തയുടെ നിലപാട് മാത്രമാണെന്ന് തള്ളിക്കളയാന്‍ സമൂഹം തയാറാകണം. മതപൗരോഹിത്യത്തിന്റെ പിന്തിപ്പന്‍ സ്ത്രീവിരുദ്ധ , ഭരണഘടനാവിരുദ്ധ നിലപാടിന്റെ ഭാരം ഏറ്റെടുക്കേണ്ട ബാധ്യത സമുദായത്തിനില്ല. പൗരോഹിത്യസമൂഹത്തിന്റെ പിടിവാശികളെ മറികടന്നു തന്നെയാണ് വിശ്വാസങ്ങള്‍ നവീകരിക്കപ്പെടുന്നത്. ഒറ്റപ്പെടുത്തേണ്ടത് സ്ത്രീവിരുദ്ധ നിലപാടിനെ മാത്രമാണ്. ഒരു ന്യായീകരണവും അര്‍ഹിക്കാത്ത പ്രഖ്യാപനമാണ് സംഘടനയില്‍ നിന്നുണ്ടായത്. ബാലാവകാശകമ്മിഷന്‍ കേസെടുത്തത് ചൂണ്ടിക്കാട്ടിയപ്പോള്‍ പോലും സ്വാഭാവികമായ കേസുമാത്രമാണെന്നാണ് നേതൃത്വം കരുതുന്നത്.  

പക്ഷേ അപമാനിതരായ പെണ്‍കുട്ടികള്‍ക്കു വേണ്ടി സര്‍ക്കാര്‍ കര്‍ശനമായ സമീപനം തന്നെ സ്വീകരിക്കണം. നിയമനടപടികള്‍ കര്‍ശനമാകണം. മതവും വിശ്വാസവും തങ്ങള്‍ക്കിഷ്ടമുള്ളതുപോലെ വ്യാഖ്യാനിക്കുന്നതു പോലെയല്ല, പരസ്യമായ സ്ത്രീവിരുദ്ധപ്രഖ്യാപനമെന്ന് പൗരോഹിത്യസമൂഹം മനസിലാക്കണം. ഒരു പെണ്‍കുട്ടിയും വിശ്വാസത്തിന്റെ പേരില്‍ അപമാനിക്കപ്പെടരുത്. ഒരു പെണ്‍കുട്ടിയെയും തടഞ്ഞു നിര്‍ത്താന്‍ മതനിയമങ്ങളെ കൂട്ടുപിടിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടാകരുത്. മാതൃകാപരമായ സംവാദത്തിനും തിരുത്തലിനും സമസ്ത നേതൃത്വം തയാറാവുകയും വേണം. സ്ത്രീകളെ രണ്ടാം തരക്കാരായി കാണുന്ന ഏതു സമീപനവും ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല.  

വൈരുധ്യവും മുതലെടുപ്പും കേരളത്തിലെ സ്ത്രീകള്‍ക്ക് മനസിലാകില്ലെന്ന് ദയവായി രാഷ്ട്രീയനേതാക്കളും തെറ്റിദ്ധരിക്കരുത്. മതനിയമങ്ങളുണ്ടാക്കിയ കീഴ്‍വഴക്കമെന്ന് സ്ത്രീവിരുദ്ധതയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരോട് ഉയരുന്ന അതേ ചോദ്യം ശബരിമലയിലെ സമരക്കാര്‍ക്കും ബാധകമാണ്. മറ്റാരും ചോദിച്ചില്ലെങ്കിലും കേരളത്തിലെ സ്ത്രീകള്‍ അതു ചോദിക്കും. വിശ്വാസം പണ്ടു പറഞ്ഞതിങ്ങനെയാണ് എന്ന ന്യായത്തില്‍ ഭരണഘടന ചൂണ്ടിക്കാട്ടി സുപ്രീംകോടതി അനുവദിച്ച അവകാശത്തിനെതിരെ പോലും സമരം ചെയ്യുന്നവര്‍ ഒരു സമുദായത്തിലെ മാത്രം സ്ത്രീവിരുദ്ധത അന്വേഷിച്ചു പോകരുത്. മതങ്ങളിലെ സ്ത്രീവിരുദ്ധത എന്ന ചര്‍ച്ച പോലും സത്യത്തില്‍ സ്ത്രീകള്‍ക്കു തമാശയാണ്. പുരുഷനെയും സ്ത്രീയെയും തുല്യമായി കാണുന്ന, തുല്യാവകാശം   ഉറപ്പു നല്‍കുന്ന ഏതെങ്കിലുമൊരു മതവിശ്വാസം ലോകത്തു നിലനില്‍ക്കുന്നുണ്ടോ? സ്ത്രീവിരുദ്ധതയുടെ ഏറ്റക്കുറച്ചിലില്‍ മല്‍സരം സംഘടിപ്പിക്കുന്നതല്ലേ ബുദ്ധി?

MORE IN PARAYATHE VAYYA
SHOW MORE