രാഷ്ട്രീയമല്ല; കണ്ണ് മതം തിരിച്ചുള്ള വോട്ടുബാങ്കില്‍; ജനം എന്തുചെയ്യും?

തൃക്കാക്കരയില്‍ നിന്ന് കേരളരാഷ്ട്രീയത്തിന് ഉത്തരം കിട്ടേണ്ട ചോദ്യമെന്താണ്? ഓരോ മുന്നണിയും ഈ ചോദ്യത്തെ തരാതരം പോലെ വ്യാഖ്യാനിക്കും. വികസനത്തിനൊപ്പം ആര് എന്നതാണ് ഇടതുമുന്നണി ഉന്നയിക്കുന്നതെങ്കില്‍ വികസനം മതി വിനാശം വേണ്ട എന്നാണ് യുഡിഎഫിന്റെ മുദ്രാവാക്യം. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ജനഹിതപരിശോധനയെന്നു പറയാന്‍ ഇരുമുന്നണികളും മടിക്കുന്നില്ല. നേര്‍ക്കു നേര്‍ രാഷ്ട്രീയപോരാട്ടം നടത്തി ഒരു ഉത്തരമായിരുന്നു വേണ്ടതെങ്കില്‍ തൃക്കാക്കരയില്‍ അങ്ങനെയൊരു രാഷ്ട്രീയമല്‍സരത്തിന് ഇരുമുന്നണികളും തയാറല്ല. സിറ്റിങ് സീറ്റില്‍ മരണമടഞ്ഞ എം.എല്‍.എയുടെ ഭാര്യയെ പ്രതിപക്ഷം സ്ഥാനാര്‍ഥിയാക്കിയപ്പോള്‍   ഭരണപക്ഷം ഡോക്ടറെയാണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. രാഷ്ട്രീയപോരാട്ടത്തിനു തയാറാകാത്തതിന് ഇരുപക്ഷവും പരസ്പരം വെല്ലുവിളിക്കുന്നുമുണ്ട്. 

തുടര്‍ഭരണത്തിന്റെ ആത്മവിശ്വാസത്തില്‍ മുന്നോട്ടു പോകുന്ന രണ്ടാം പിണറായി സര്‍ക്കാരിന് നേരിടേണ്ടി വരുന്ന ആദ്യത്തെ പരീക്ഷണമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്. യു.ഡി.എഫിന്റെ പൊന്നാപുരം കോട്ട അവരുടെ തന്നെ തലയില്‍ ഇടിഞ്ഞുവീഴുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ആദ്യമേ പ്രഖ്യാപിച്ചത് മണ്ഡലത്തിലെ താരതമ്യേന ദുര്‍ബലമായ അടിത്തറയൊന്നു ബലപ്പെടുത്താന്‍ കൂടിയാണ്. 

സ്ഥാനാര്‍ഥിപ്രഖ്യാപനത്തില്‍ പതിവ് നാടകീയതകള്‍ക്കൊന്നും ഇടം കൊടുക്കാതെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഉമാതോമസിനെ അവതരിപ്പിച്ച യു.ഡി.എഫ് അതേ മുന്‍തൂക്കം മണ്ഡലചരിത്രത്തിലൂന്നി പ്രതീക്ഷിക്കുന്നുമുണ്ട്. 

വൈകാരികസാഹചര്യമല്ല തൃക്കാക്കരയിലെ ജനങ്ങള്‍ വിലയിരുത്താന്‍ പോകുന്നതെന്നു തുടക്കത്തിലേ പ്രതിരോധിക്കാന്‍ ശ്രമിച്ച ഇടതുമുന്നണി സ്ഥാനാര്‍ഥി ഒടുവില്‍ മണ്ഡലത്തിലെ ഭൂരിപക്ഷസമുദായത്തില്‍ നിന്നു തന്നെയായത് തീര്‍ത്തും യാദൃശ്ചികമാണെന്നാണ് സി.പി.എം വിശ്വസിക്കാന്‍ ആവശ്യപ്പെടുന്നത്. 

പോരാട്ടം സ്ഥാനാര്‍ഥികളിലേക്കു കേന്ദ്രീകരിച്ചതോടെ രാഷ്ട്രീയത്തിലേക്ക് കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെന്ന് യു.ഡി.എഫിനെ എതിര്‍പക്ഷം ആക്ഷേപിക്കുമ്പോള്‍ തിരഞ്ഞു കണ്ടെത്തിയ സഭയുടെ സ്ഥാനാര്‍ഥിയെന്നാണ്  എല്‍.ഡി.എഫ് നേരിടുന്ന ആദ്യ ആരോപണം. ​ഞങ്ങളുടെ സ്ഥാനാര്‍ഥി യോഗത്തില്‍ പ്രസംഗിച്ചിരുന്നു, ഞങ്ങള്‍ക്കനുകൂലമായി പോസ്റ്റിട്ടിരുന്നു, സാമൂഹ്യപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു, കോളജ് യൂണിയന്‍ ഭാരവാഹിയായിരുന്നു, സജീവപിന്തുണയായിരുന്നു എന്നൊക്കെ ഇരുമുന്നണികളും സമര്‍ഥിക്കാന്‍ ശ്രമിക്കുമ്പോള്‍ യാഥാര്‍ഥ്യം വ്യക്തമാണ്. 

ഇരുമുന്നണി സ്ഥാനാര്‍ഥികളും മുഖ്യാധാരാരാഷ്ട്രീയത്തില്‍ സജീവമായിരുന്നവരല്ല. പക്ഷേ അത് ഒരു അയോഗ്യതയാകേണ്ടതുമില്ല. ഡോക്ടര്‍ക്ക് ജനപ്രതിനിധിയാകാനുള്ള അതേ യോഗ്യത വീട്ടമ്മയ്ക്കുമുണ്ടാവണം. നാളെ മുതല്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാം എന്നു തീരുമാനിക്കാന്‍ ഏതൊരു പൗരനും അവകാശമുണ്ട്.  പക്ഷേ പി.സി.ജോര്‍ജുമാരും പിന്തുണപാര്‍ട്ടിക്കാരും കേരളമാസകലം പാഞ്ഞുനടന്ന് വര്‍ഗീയവലയെറിയുമ്പോഴും പൊരുതി നില്‍ക്കുന്ന കേരളത്തിന് ഈ തിരഞ്ഞെടുപ്പും നിര്‍ണായകമാണ്. ഭരണമുന്നണിയുടെ നൂറാമനെയോ പ്രതിപക്ഷത്തിന്റെ അഭിമാനത്തെയോ മാത്രമല്ല, ഇക്കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് വിധിയി നിന്ന് കേരളം കാത്തിരിക്കുന്നത്. തൃക്കാക്കരയില്‍ രാഷ്ട്രീയചോദ്യങ്ങള്‍ നേര്‍ക്കുനേര്‍ എത്തുമോ എന്നതും സുപ്രധാനമാണ്. 

സില്‍വര്‍ലൈന്‍ ജനങ്ങള്‍ക്കു വേണോ വേണ്ടയോ എന്ന ചോദ്യത്തിന് തൃക്കാക്കര ഉത്തരം പറയുമെന്നാണ് ഇരുമുന്നണികളും ഒരേ സ്വരത്തില്‍ പറയുന്നത്. തൃക്കാക്കര പൂര്‍ണമായും ഒരു നഗരമണ്ഡലമാണ്. തൃക്കാക്കര നഗരസഭ പൂര്‍ണമായും കൊച്ചി നഗരസഭയുടെ 22 ഡിവിഷനുകളുമാണ് തൃക്കാക്കര നിയമസഭാമണ്ഡലം. ഐ.ടി ഹബിലടക്കം ജോലി ചെയ്ത് മേഖലയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്നവരെല്ലാം കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. സത്യത്തില്‍ തൃക്കാക്കരയ്ക്കും നിര്‍ണായകമാണ് സില്‍വര്‍ലൈന്‍. പദ്ധതിയിലെ ഏറ്റവും പ്രധാന സ്റ്റേഷന്‍ വരുന്ന കാക്കനാട് തൃക്കാക്കര മണ്ഡലത്തിലാണ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലേക്കു നിരന്തരം സഞ്ചരിക്കേണ്ടിവരുന്ന തൃക്കാക്കര ജനത തുണച്ചാല്‍ ഒരു എം.എല്‍.എ മാത്രമല്ല, സില്‍വര്‍ലൈനും കൂടെപ്പോരുമെന്നാണ് ഭരണമുന്നണിയുടെ പ്രതീക്ഷ. വികസനം ശ്രദ്ധിക്കുന്ന മണ്ഡലമായതിനാല്‍ സില്‍വര്‍ലൈന്‍ വേണ്ട എന്നത് വികസനവിരുദ്ധനയമല്ല എന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെയും ശ്രമം. സില്‍വര്‍ലൈന്‍ മുഖ്യപ്രചാരണവിഷയമാക്കാന്‍ ഇരുമുന്നണികളും മടിക്കുന്നില്ല എന്നതിനാല്‍ തന്നെ ഇതൊരു ജനഹിതപരിശോധനയായും കണക്കാക്കപ്പെടും. 

പക്ഷേ സില്‍വര്‍ലൈന്‍ മാത്രമല്ല പ്രശ്നം. കേരളത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യസാഹചര്യത്തിന്റെ ദുഷ്പ്രവണതകള്‍ക്കൊരുത്തരം തൃക്കാക്കരക്കാര്‍ കുറിക്കുമോ? അങ്ങനെ കൃത്യമായൊരു ചോദ്യം ഏതെങ്കിലുമൊരു മുന്നണി പ്രചാരണത്തില്‍ വയ്ക്കുമോ? കുത്തിവിതച്ചെടുക്കാന്‍ ശ്രമിക്കുന്ന അപരമതവിദ്വേഷത്തിനു തടയിടാനൊരു വിധിയെഴുതൂവെന്ന് ഏതെങ്കിലുമൊരു മുന്നണി തൃക്കാക്കരയിലെ വോട്ടര്‍മാരോട് ആവശ്യപ്പെടുമോ? സംശയം വേണ്ട, ആരും അങ്ങനെ നേരിട്ടൊരു ചോദ്യം ചോദിക്കില്ല. അധികാരമാണ് ആദ്യത്തെ പ്രശ്നം എന്നതുമാത്രമല്ല, നേരിട്ടൊരുത്തരം താങ്ങാന്‍ കേരളത്തിനു കഴിയുമോ എന്നതും സംശയമാണ്. 

തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടുമുന്‍പുള്ള മണിക്കൂറുകളിലാണ് പി.സി.ജോര്‍ജിന്റെ വര്‍ഗീയപ്രസ്താവന കേരളത്തില്‍ വിഷം കലക്കിയത്. അറസ്റ്റും ജാമ്യവും നാടകീയമായി തന്നെ നടന്നു. അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്ന വര്‍ഗീയമാലിന്യം എങ്ങനെ തുടച്ചു ചേര്‍ക്കുമെന്നത് ഉത്തരമില്ലാത്ത ചോദ്യം. ജോര്‍ജിനു മുന്നേ പാലാബിഷപ്പും ഇതരസമുദായത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ചോദ്യമുയര്‍ത്തിയിരുന്നു. കേസും നടപടികളും കൊണ്ട് സമുദായം ചോദ്യമുന താഴ്ത്തിയിട്ടില്ലെന്ന് കോടഞ്ചേരിയിലും കണ്ടു. ഒരു സാധാരണ മിശ്രവിവാഹം പോലും  കലാപാന്തരീക്ഷത്തിലെത്തുന്നതും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവു പോലും ലൗ ജിഹാദ് സംശയിക്കുന്നതും കഥയായിരുന്നില്ല. സംഭവിച്ചതാണ്. ആ സാമൂഹ്യാന്തരീക്ഷത്തില്‍ എന്താണ് നമ്മുടെ മുന്നണികള്‍ വോട്ടര്‍മാര്‍ക്കു മുന്നില്‍ വയ്ക്കുന്ന പരിഹാരമെന്നത് പ്രധാനമാണ്. നിലവില്‍ വ്യക്തതയുള്ളൊരു രാഷ്ട്രീയനിലപാടല്ല, മുതലെടുപ്പിന്റെ വോട്ട്ബാങ്ക് നോട്ടങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നതെന്ന് പറയാതെ വയ്യ.

പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്താന്‍ സഭയുെട സ്ഥാപനത്തില്‍ പുരോഹിതനൊപ്പം സി.പി.എം സംസ്ഥാന നേതൃത്വം നിരന്നിരുന്നതെന്തിന് എന്ന് യു.ഡി.എഫ് ചോദ്യം. മതങ്ങളെ ചോദ്യം ചെയ്ത എം.എല്‍.എയുടെ ജീവിതപങ്കാളിയായ സ്ഥാനാര്‍ഥി മതാധ്യക്ഷന്‍മാര്‍ക്കു മുന്നില്‍ അനുഗ്രഹം തേടിയിറങ്ങുന്നതെന്തിന് എന്ന് എല്‍.ഡി.എഫ് ചോദ്യം. കേരളം ഭയക്കുന്ന ചോദ്യമൊന്നും മുന്നണികളെ അലട്ടുന്നില്ലെന്ന് വ്യക്തമാണ്. വോട്ട്ബാങ്കുകള്‍ക്കപ്പുറത്തേക്ക് മനുഷ്യരുടെ ആശങ്കകളെ നേരിട്ടു സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നത് തിരഞ്ഞെടുപ്പില്‍ റിസ്കാണെന്ന് ന്യായമുണ്ടാകും. മുന്നണികള്‍ മിണ്ടാതിരുന്നാലും വര്‍ഗീയത ഈ വഴി വരേണ്ടെന്നൊരു നിലപാടെടുക്കാന്‍ തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് അവസരമുണ്ടാകുമോ? ഏതുത്തരത്തിലാണ് ആ വ്യക്തത അവര്‍ രേഖപ്പെടുത്തുക. രാഷ്ട്രീയകേരളം കാത്തിരിക്കേണ്ടി വരും.