വാചകമടിയല്ല സ്ത്രീ സുരക്ഷ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നത്

Parayathe-Vayya-2
SHARE

മലയാളസിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ എന്താണ് ചെയ്യേണ്ടത്? ഇടതുമുന്നണി സര്‍ക്കാരിന് അക്കാര്യത്തില്‍ സംശയമില്ല.  ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്  പുറത്തുവിടാതിരുന്നാല്‍ മതി. പുറത്തുവിടില്ലെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കിയതുപോരാതെയാകണം, അതിന്റെ കുറ്റം ഡബ്ലുസിസിയുടെ തലയില്‍ വയ്ക്കാന്‍ ഒരു ശ്രമം നടത്തുകയും ചെയ്തു. പറയുന്നതുപോലെ എളുപ്പമല്ല, സ്ത്രീപക്ഷരാഷ്ട്രീയം നടപ്പിലാക്കാനെന്ന് ഇടതുമുന്നണിസര്‍ക്കാര്‍ തന്നെ തുറന്നു സമ്മതിക്കുന്ന കാഴ്ചയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കാണുന്നത്.  

രണ്ടു വര്‍ഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂട്ടി വച്ച ശേഷം ഒടുവില്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ നടപ്പാക്കാനായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തിറങ്ങി ഡബ്ലുസിസി പ്രതിനിധികള്‍ നടത്തിയ പ്രതികരണമാണിത്. സിനിമാവ്യവസായത്തെ സ്ത്രീസൗഹൃദ തൊഴില്‍ ഇടമായി മാറ്റാന്‍ വേണ്ടി കേരളത്തിലെ എല്ലാ സിനിമാസംഘടനകളെയും സര്‍ക്കാര്‍ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ഇത്രയും സുപ്രധാനമായ ഒരു യോഗത്തില്‍ ഹേമ കമ്മിഷന്റെ നിര്‍ദേശങ്ങളായി സര്‍ക്കാര്‍ അവതരിപ്പിച്ച രണ്ടു പേജ് സമ്മറി തന്നെ ഇത്രയും നാള്‍ കാത്തിരുന്ന ഒരു വലിയ മാറ്റത്തിനായുള്ള എല്ലാ പ്രതീക്ഷകളെയും അപമാനിക്കുന്നതാണ്. 

മുപ്പതിലേറെ നിര്‍ദേശങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളായി സര്‍ക്കാര്‍ അവതരിപ്പിച്ചത്. ആര്‍ക്കും കണ്ണു പൂട്ടിയിരുന്നെഴുതിയുണ്ടാക്കാവുന്ന അടിസ്ഥാനമര്യാദകള്‍, നിയതമായ ശുപാര്‍ശകളോ നടപ്പാക്കാനുള്ള പ്രായോഗികമാര്‍ഗങ്ങളോ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളോ ഇല്ലാതെ തീര്‍ത്തും തട്ടിക്കൂട്ടിയെഴുതിയെന്നു തോന്നിപ്പിക്കുന്ന രണ്ടു പേജ്. 

ആ കുറിപ്പില്‍  പറയുന്ന കാര്യങ്ങള്‍ ഇതൊക്കെയാണ്. കരാ‍ര്‍ നിര്‍ബന്ധമാക്കണം. സ്ത്രീകള്‍ക്കായി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണം, സമൂഹമാധ്യമങ്ങളിലൂടെ ഓഡിഷന്‍ നടത്തരുത്. സ്ത്രീകളോടു ദ്വയാര്‍ഥപ്രയോഗങ്ങളുണ്ടാകരുത്, സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കരുത്. ഫാന്‍സ് ഗ്രൂപ്പുകളെ ഉപയോഗിച്ച് അധിക്ഷേപിക്കരുത്,  തുല്യവേതനം ഉറപ്പുവരുത്തണം, ഷൂട്ടിങ് സ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ നിയോഗിക്കരുത്, സുരക്ഷിതമായ താമസ–യാത്രാസൗകര്യം ഏര്‍പ്പെടുത്തണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. 

ഈ നിര്‍ദേശങ്ങള്‍ നിസാരമാണോ, പരിഹസിക്കപ്പെടേണ്ടതാണോ? അടിയന്തരമായി നടപ്പാക്കേണ്ടതല്ലേ എന്നാണ് സര്‍ക്കാരിന്റെ ചോദ്യം. അതുതന്നെയാണ് പ്രശ്നവും. ഒരു മനുഷ്യനും എതിര്‍ക്കാനാകാത്ത അടിസ്ഥാനഅവകാശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടു വച്ച കുറിപ്പിലുള്ളത്. ഇപ്പോഴും മലയാളസിനിമാമേഖലയില്‍ ഇതൊക്കെ നിയമം കൊണ്ടു വന്ന്  നടപ്പാക്കാന്‍ ആലോചിക്കേണ്ടി വരുന്നുവെന്നതു തന്നെ ദുരവസ്ഥ. അന്തസോടെ ജോലി ചെയ്യാനുള്ള അടിസ്ഥാന മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നുവെന്നു സമ്മതിക്കുമ്പോഴും അത് നടപ്പാക്കാനുള്ള വ്യക്തമായ നിര്‍ദേശങ്ങളില്ല, അവസാനിക്കാത്ത ചര്‍ച്ചകള്‍ മാത്രം. അടുത്തിടെ പോലും മലയാളസിനിമാമേഖലയില്‍ നിന്ന് ഗുരുതരമായ പരാതികള്‍ നിയമത്തിനു മുന്നിലെത്തിയെന്ന തിടുക്കം പോലും സര്‍ക്കാരിനില്ല. ഇപ്പോഴെങ്കിലും ഇത്തരത്തില്‍ ഒരു നിയമം ആലോചിക്കേണ്ടി വന്നതെന്തുകൊണ്ട് എന്ന കണ്ടെത്തലുകള്‍ പുറത്തു വിടാനും മനസില്ല. സ്ത്രീസുരക്ഷയില്‍ കിട്ടുന്നത് ഔദാര്യമായി കരുതിക്കോളണം, കൂടുതല്‍ ചോദ്യങ്ങള്‍ ഇങ്ങോട്ടു വേണ്ട എന്ന നിലപാട് ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്. 

ലൈംഗികാതിക്രമങ്ങളെക്കുറിച്ചും മോശം പെരുമാറ്റത്തെക്കുറിച്ചും നിരവധി പരാതികള്‍ ഹേമ കമ്മിറ്റിക്കു മുന്നിലെത്തിയിട്ടുണ്ടെന്ന് നിര്‍ദേശങ്ങളില്‍ നിന്നുതന്നെ വ്യക്തമാണ്. ആ പരാതിക്കാര്‍ തന്നെ അവരുടെ വിവരങ്ങള്‍ പുറത്തറിയരുത് എന്ന് ആഗ്രഹിക്കുന്നുവെന്നും പുറത്തുവിടരുതെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി തന്നെ നിര്‍ദേശിച്ചിട്ടുമുണ്ട്. പക്ഷേ ഇത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒരു ഭാഗം മാത്രമാണ്. ലൈംഗികാതിക്രമങ്ങള്‍ മാത്രമല്ല, തൊഴില്‍മേഖലയിലെ നിരവധി പ്രശ്നങ്ങള്‍ സ്ത്രീകള്‍ ഹേമ കമ്മിറ്റിക്കു മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. ലൈംഗികാതിക്രമപരാതിക്കാരുടെ പേരുകള്‍ ജസ്റ്റിസ് ഹേമയല്ല, സര്‍ക്കാരല്ല കോടതി വിചാരിച്ചാല്‍ പോലും പുറത്തുവിടാന്‍ കഴിയില്ലെന്ന് അറിയാത്തവരല്ല, കമ്മിറ്റിയുടെ കണ്ടെത്തലുകളുടെ ചുരുക്കവും നിര്‍ദേശങ്ങളും പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെടുന്നത്. ലൈംഗികാതിക്രമപരാതികളിലെ ഇരകളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു വിവരവും ആര്‍ക്കും പുറത്തു വിടാനാകില്ല. ഒരിക്കല്‍ ജസ്റ്റിസ് ഹേമ തന്നെ സന്ദര്‍ഭവശാല്‍ ചില വിവരങ്ങള്‍ പുറത്തു പറഞ്ഞതിനെതിരെയാണ് wcc അന്നേ നിലപാടെടുത്തത്.

പുറത്തുവിടാന്‍ പാടില്ലാത്ത വിവരങ്ങള്‍ പുറത്തുവിടരുതെന്നാവശ്യപ്പെടുന്നതിനൊപ്പം തന്നെയാണ് അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പുറത്തു വിടണമെന്ന് ഡബ്ലുസിസിയും ആവശ്യപ്പെട്ടത്. എന്നിട്ട് വ്യക്തമായ ഈ അഭ്യര്‍ഥന ചൂണ്ടിക്കാട്ടി ഡബ്ലുസിസിയെയും പ്രതിരോധത്തിലാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിച്ചു. വ്യക്തിപരമായി പുറത്തുവിടാന്‍ പാടില്ലാത്ത വിവരങ്ങള്‍ ഒഴികെ റിപ്പോര്‍ട്ട് പുറത്തു വിടണമെന്നാവശ്യപ്പെട്ട് നിവേദനവുമായെത്തിയ wcc–യെ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ടവരെന്ന് സംശയത്തിന്റെ നിഴലിലാക്കാന്‍ നിയമമന്ത്രി ശ്രമിച്ചു. 

എന്തുകൊണ്ടാണ് ഹേമകമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വിടാത്തത് എന്ന ചോദ്യം വന്നപ്പോഴൊക്കെ സര്‍ക്കാര്‍ അങ്ങോട്ടുമിങ്ങോട്ടും വിരല്‍ ചൂണ്ടുകയാണ്. പരാതിക്കാരുടെ സ്വകാര്യതയെന്ന് ഒരിക്കല്‍ പറഞ്ഞു. ജസ്റ്റിസ് ഹേമ പറഞ്ഞതുകൊണ്ടെന്ന് പിന്നീടൊരിക്കല്‍ പറഞ്ഞു, ഏറ്റവുമൊടുവില്‍  WCC പറഞ്ഞതുകൊണ്ട് എന്നുവരെ പറ‍ഞ്ഞുനോക്കി. ചുരുക്കത്തില്‍ നമുക്ക് മനസിലാവുന്നത് ഒറ്റ കാര്യമാണ്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ പ്രശ്നം സര്‍ക്കാരിനു തന്നെയാണ്. ഇനിയിപ്പോള്‍ പുറത്തു വിടാതെ തന്നെ നീതി നടപ്പാക്കി കിട്ടിയാല്‍ പോരേ എന്നു ചോദിക്കുമ്പോള്‍ ഇതുവരെ നേരിട്ട നീതിനിഷേധം മറന്നേക്കൂ എന്ന അനീതി അതില്‍ തന്നെയുണ്ട്. അനീതി തൊട്ടുമുന്നില്‍ പത്തിവിരിച്ചാടുന്നുമുണ്ട്. 

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഏറ്റവും തൃപ്തി പ്രകടിപ്പിച്ച ഒരേയൊരു സംഘടന അഭിനേതാക്കളുടെ സംഘടനയായ അമ്മയാണ്. അതെയതെ, തൊഴിലിടത്തില്‍ സ്ത്രീകളുടെ അടിസ്ഥാനഅവകാശങ്ങള്‍ എല്ലാം നടപ്പാക്കാന്‍ ഒരെതിര്‍പ്പുമില്ലാത്ത സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയ മറ്റൊരു നിലപാടു കൂടി കേള്‍ക്കാം. തനിക്കെതിരെ ബലാല്‍സംഘത്തിന് പരാതി നല്‍കിയ സ്ത്രീയുടെ പേര് വെളിപ്പെടുത്തി പരസ്യമായി കുറ്റം ചെയ്ത വിജയ്ബാബുവിനെതിരെ നടപടി വേണെന്നതില്‍ ഉറച്ചു നിന്ന ആഭ്യന്തരപരാതിപരിഹാരസമിതിക്കെതിരെയാണ് അമ്മ വൈസ്പ്രസിഡന്റിന്റെ ഈ വിശദീകരണം. അമ്മയുടെ ഇരട്ടത്താപ്പ് ആദ്യം സമിതിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച മാലാപാര്‍വതി തന്നെതുറന്നു പറഞ്ഞതാണ്.

അമ്മയുടെ സ്ത്രീവിരുദ്ധനിലപാടിനെതിരെ പ്രതിഷേധിച്ച് മൂന്നു നടിമാര്‍ ആഭ്യന്തരപരാതിപരിഹാരസമിതിയില്‍ നിന്നു രാജി പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ ഉദാരതാപ്രഖ്യാപനം.

നിയമത്തെയും സമൂഹത്തെയും പരസ്യമായി വെല്ലുവിളിച്ച സഹനടനെതിരെ നടപടിയെടുക്കാതെ  മേന്‍മ നടിക്കുന്ന സിനിമസംഘടനകളോടാണ് സ്ത്രീകളോട് മോശമായി പെരുമാറരുതെന്ന് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നത്. ഇതില്‍ തന്നെ  കൗതുകകരമായ ഒരു ശുപാര്‍ശയുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ നിയമിക്കരുത്., അപ്പോള്‍ ക്രിമിനല്‍ പശ്ചാത്തലത്തില്‍ കോടതിയില്‍ കേസ് നേരിടുന്ന നടന്‍മാര്‍ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും സിനിമയില്‍ പ്രവര്‍‍ത്തിക്കാമോ? സിനിമയെ നിയന്ത്രിക്കാമോ? എന്തിനാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചതെന്ന് സര്‍ക്കാര്‍ തന്നെ മറന്നു പോകരുത് എന്നേ പറയാനുള്ളൂ.

2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന് മലയാളചലച്ചിത്രമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒട്ടേറെ ചര്‍ച്ചകളും വെളിപ്പെടുത്തലുകളും നടന്നു. നിയമപരമായ അവകാശങ്ങളില്ലാതെ തീര്‍ത്തും പുരുഷമേധാവിത്തം നിലനില്‍ക്കുന്ന സിനിമാമേഖലയില്‍ സ്ത്രികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വ്യാപകമായി ചര്‍ച്ചയായി. സിനിമാവ്യവസായത്തെ സ്ത്രീസൗഹൃദ ഇടമാക്കണമെന്ന ആവശ്യവുമായി വിമന്‍ ഇന്‍ സിനിമാകളക്റ്റീവ് ആണ് ഒരു കമ്മിഷനെ നിയോഗിച്ച് പ്രശ്നങ്ങള്‍ പഠിക്കണമെന്ന നിര്‍ദേശം കൂടി വച്ച് സര്‍ക്കാരിനെ സമീപിച്ചത്. 

2017 ജൂലൈയിലാണ് ജസ്റ്റിസ് കെ.ഹേമ അധ്യക്ഷയായി പിണറായി സര്‍ക്കാര്‍ മൂന്നംഗ കമ്മിഷന്‍ രൂപീകരിച്ചത്. കെ.ബി.വല്‍സലകുമാരി, നടി ശാരദ എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ആഴത്തില്‍ പഠിക്കുകയും  പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയുമായിരുന്നു കമ്മിഷന്‍റെ ചുമതല. തുടര്‍ന്ന് ഹേമ കമ്മിഷന്‍ വിശദമായ കൂടിക്കാഴ്ചകള്‍ നടത്തി. സിനിമാമേഖലയിലെ അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, സാങ്കേതികവിദഗ്ധര്‍ തുടങ്ങി എല്ലാ രംഗത്തെയും പ്രതിനിധീകരിക്കുന്നവരില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിച്ചു. വേതനത്തിലെ ലിംഗവ്യത്യാസം, തൊഴില്‍ ചൂഷണം, അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാത്ത തൊഴില്‍ അന്തരീക്ഷം, പരാതി പരിഹാരസെല്ലുകളുെട അഭാവം ഇതെല്ലാം  ഹേമ കമ്മിഷന്‍ പരിശോധിച്ചു. അതിനേക്കാളെല്ലാമുപരിയായി, സിനിമയില്‍ അവസരം ലഭിക്കുന്നതിനു പകരമായി കടുത്ത ലൈംഗികചൂഷണം നേരിടേണ്ടി വന്നവരും മോശം പെരുമാറ്റം നേരിടേണ്ടി വന്നവരുമായ ഒട്ടേറെ സ്ത്രീകള്‍ കമ്മിഷന് മുന്നില്‍ പരാതിയുമായെത്തി.കാസ്റ്റിങ് കൗച്ച് വ്യാപകമാണെന്ന് പ്രധാന താരങ്ങള്‍ പരസ്യമായി തുറന്നടിച്ചപ്പോള്‍ വിശദാംശങ്ങളടക്കം കമ്മിഷനു മുന്നില്‍ പരാതികളായെത്തി. ഒട്ടേറെ അഭിനേതാക്കള്‍ സമാനസാഹചര്യം സ്ഥിരീകരിച്ചു. സിനിമാമേഖലയില്‍ മദ്യവും മയക്കുമരുന്നും വ്യാപകമായതിനെത്തുടര്‍ന്നുണ്ടാകുന്ന അരക്ഷിതാവസ്ഥയും കമ്മിഷന്‍ ഗൗരവമായി പഠിച്ചു. ഇത്തരം പ്രശ്നങ്ങള്‍ അന്വേഷിക്കാന്‍ ഒരു ട്രൈബ്യൂണല്‍ വേണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. 

2019 ഡിസംബറില്‍ കമ്മിഷന്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പഠിക്കാനും നടപ്പാക്കാനുമായി മറ്റൊരു സമിതിക്ക് രൂപം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അതേ പടി പുറത്തു വിടണമെന്ന് ബോധമുള്ള ഒരാളും ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടുകയുമില്ല. സംക്ഷിപ്തരൂപവും കണ്ടെത്തലുകളും പുറത്തുവിടണമെന്നത് സുതാര്യത ഉറപ്പാക്കാന്‍ കൂടിയുള്ള ആവശ്യമാണ്. ആരുടെയും സ്വകാര്യതയെ ബാധിക്കാത്ത വിധം, സൂക്ഷ്മതയോടെ തയാറാക്കിയ സംഗ്രഹം പുറത്തു വിടാന്‍ സര്‍ക്കാര്‍ തയാറാകണം. എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കേണ്ടിവരുന്നതെന്നു വ്യക്തമാക്കണം. തുല്യവേതനം എന്ന അവ്യക്തവും അപ്രായോഗികവുമായ നിര്‍ദേശം എന്തുകൊണ്ടാണ് മുന്നോട്ടുവയ്ക്കേണ്ടി വന്നതെന്നുബോധ്യപ്പെടുത്തണം. അങ്ങനെയൊരു നിയമം ചരിത്രപരവും വിപ്ലവകരവുമാകുമെന്നുറപ്പാണ്. അതിനുവേണ്ടി സ്വന്തം കരിയറിലും സ്വപ്നങ്ങളിലും നഷ്ടങ്ങള്‍ സഹിക്കാന്‍ തയാറായ ഒട്ടേറെ സ്ത്രീകളുണ്ട്. അവരുടെ ആത്മാര്‍ഥമായ ആശങ്കകള്‍ സര്‍ക്കാര്‍ പരിഗണിക്കണം.

മലയാളസിനിമാലോകത്ത് സ്ത്രീകള്‍ക്ക് അന്തസോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കുകയെന്നതു മാത്രമാണ് ഇത്തരമൊരു സമിതിയില്‍ വിശ്വാസമര്‍പ്പിച്ചവരുടെ ഒരേയൊരു പ്രതീക്ഷ. സര്‍ക്കാര്‍ പുറത്തുവിട്ട ഒറ്റവരി നിര്‍ദേശങ്ങളെല്ലാം നിലവിലെ നിയമങ്ങള്‍ പ്രകാരം കുറ്റകരമായിട്ടും ലംഘിക്കപ്പെടുന്ന വ്യവസ്ഥകളാണ്. നിയമവും നീതിയും ഒരു മേഖലയ്ക്കു മാത്രം ബാധകമല്ലെന്ന മട്ടില്‍ പ്രവര്‍ത്തിച്ചു പോരുന്നവരെ തിരുത്താന്‍ ഉതകുന്ന വ്യക്തമായ നടപടികള്‍ ഉണ്ടാകണം. അത് ഒരു സര്‍ക്കാരിന്റെയും ഔദാര്യമല്ല എന്ന് ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കട്ടെ. അവകാശങ്ങളെക്കുറിച്ച് സ്ത്രീകള്‍ സംസാരിക്കുമ്പോള്‍ മാത്രം ഞങ്ങളങ്ങ്  തീരുമാനിക്കും , ഫലം അനുഭവിച്ചാല്‍ മതിയെന്ന ജനാധിപത്യവിരുദ്ധതയും തിരുത്തണം. 

MORE IN PARAYATHE VAYYA
SHOW MORE