സമ്മതം എന്തെന്ന് പഠിപ്പിക്കേണ്ടത് സത്രീകളുടെ ബാധ്യതയല്ല; ന്യായീകരണക്കാര്‍ അറിയാന്‍

എങ്ങനെ അടക്കിവച്ചാലും സമൂഹത്തില്‍ ഒരു വലിയ പക്ഷത്തിന്റെ സ്ത്രീവിരുദ്ധത പുറത്തു ചാടുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. നടനും നിര്‍മാതാവുമായ വിജയ്ബാബുവിനെതിരെ യുവനടി നല്‍കിയ ലൈംഗികാതിക്രമപരാതി ഒരിക്കല്‍കൂടി ആ സ്ത്രീവിരുദ്ധത പുറത്തു കൊണ്ടുവന്നു. ലൈംഗികാതിക്രമപരാതിയില്‍ തുടര്‍നടപടി നിയമം തീരുമാനിക്കട്ടെ. പക്ഷേ പരാതി നല്‍കിയതിന്റെ പേരില്‍ കുറ്റാരോപിതനും അയാളെ പിന്തുണയ്ക്കുന്നവരും പരാതിക്കാരിക്കു നേരെ  നടത്തിയ വ്യക്തിഹത്യയും ആള്‍ക്കൂട്ടആക്രമണവും മനുഷ്യത്വത്തിനും നിയമവ്യവസ്ഥയ്ക്കും നേരെയുള്ള വെല്ലുവിളിയാണ്. സ്ത്രീകളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരായ കര്‍ശനനടപടിയിലൂടെ  ഈ പ്രവണതയ്ക്കും അവസാനം കുറിച്ചേ മതിയാകൂ. 

നടനും പ്രമുഖ നിര്‍മാതാവുമായ വിജയ്ബാബുവിനെതിരെ ഈ മാസം 22നാണ് നടി പൊലീസില്‍ പരാതി നല്‍കിയത്. രാസലഹരി നല്‍കി പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി. മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെ ലൈംഗികചൂഷണവും കടുത്ത അതിക്രമവും നേരിട്ടുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്നങ്ങളില്‍ രക്ഷകനായി വന്നാണ് മുതലെടുപ്പു നടത്തിയത്. ഒന്നരമാസത്തിനിടെ ക്രൂരമായ ലൈംഗികാതിക്രമമാണ് പല തവണയായി നേരിടേണ്ടി വന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നഗ്നവിഡിയോ റെക്കോര്‍ഡ് ചെയ്ത് അത് പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയെന്നു പരാതിയിലുണ്ട്.