ബൂട്ടിട്ടു ചവിട്ടുന്ന വികസനവാദം; ജനത്തോട്; സര്‍ക്കാര്‍ കാണിക്കുന്ന മര്യാദകേടുകള്‍

സില്‍വര്‍ലൈന്‍ സര്‍വേയും സംഘര്‍ഷവും വീണ്ടും തുടങ്ങി. പ്രതിഷേധക്കാരെ പൊലീസ് ചവിട്ടിയും ആക്രമിച്ചും നേരിടുന്നു. ഡല്‍ഹിയിലെ ബുള്‍ഡോസറും കേരളത്തിലെ സര്‍വേയും താരതമ്യപ്പെടുത്തുന്നത് ശരിയല്ല. അവിടെ വംശീയവിവേചന 

രാഷ്ട്രീയപദ്ധതിയാണ് ആസൂത്രിതമായി നടപ്പാക്കുന്നതെങ്കില്‍ ഇവിടെ ജനാധിപത്യവിരുദ്ധ വികസനവാദമാണ് അടിച്ചേല്‍പിക്കുന്നത്. രണ്ടും രണ്ടാണ്, പക്ഷേ ഒന്നു മാത്രം തെറ്റും മറ്റൊന്നു ശരിയുമല്ല. വികസനമന്ത്രത്തോട് പ്രതിരോധമുയരുമ്പോള്‍ ജനാധിപത്യം തന്നെയേ മറുവാദമായി തിരഞ്ഞെടുക്കാവൂ. പിണറായി സര്‍ക്കാര്‍ ജനാധിപത്യത്തിനു മുകളില്‍ വികസനവാദം പ്രതിഷ്ഠിച്ച് അടിച്ചേല്‍പിച്ചു നടപ്പാക്കാന്‍ ശ്രമിക്കുന്നതും എതിര്‍ക്കപ്പെടേണ്ടതാണ്. എതിര്‍ക്കപ്പെടുകയും ചെയ്യുന്നു. 

വ്യാപകപ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച സര്‍വേ നടപടികള്‍ ഒരു മുന്നൊരുക്കവും ചര്‍ച്ചകളുമില്ലാതെയാണ് സര്‍ക്കാര്‍ വീണ്ടും തുടങ്ങിയത്. ജനങ്ങളെ പരീക്ഷിക്കുന്നതുപോലെ. സില്‍വര്‍ലൈനില്‍ പ്രതിഷേധം തീര്‍ക്കുന്ന പദ്ധതി പ്രദേശത്തെ ജനങ്ങള്‍ അവരുടെ ആശങ്കകളും പ്രതിഷേധവും പല തരത്തില്‍ പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. സര്‍വേനടപടികള്‍ തുടരാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധത്തില്‍ നിന്നുവ്യക്തമായതാണ്. 

കനത്ത പ്രതിഷേധത്തില്‍ കല്ലിടല്‍ തുടരാന്‍ കഴിയാതെ വന്നതോടെ 20 ദിവസമായി നിര്‍ത്തിവച്ച സര്‍വേ നടപടികളാണ് ഒരു ദിവസം വീണ്ടുമങ്ങ് തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രകോപനപരമായ നടപടികളുണ്ടാകാതെ സംയമനം പാലിക്കണമെന്ന് ഡി.ജി.പി. നിര്‍ദേശിച്ച ശേഷമാണ് മുരുക്കുംപുഴയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസിന്റെ ബൂട്ടുയര്‍ന്നത്. കണ്ണൂരിലും അതേ ദിവസം സംഘര‍്ഷവും പ്രതിഷേധവും ആവര്‍ത്തിച്ചു. 

പ്രതിപക്ഷത്തിന്റേതു രാഷ്ട്രീയനിലപാടാണെന്ന് സര്‍ക്കാരിനു പറയാം. പക്ഷേ പ്രദേശവാസികളുടെ പ്രതിഷേധമോ? പ്രതിഷേധം ശക്തമാണ് എന്നു വ്യക്തമാകുമ്പോഴെങ്കിലും ഒരു ഭരണകൂടം കാണിക്കേണ്ട അടിസ്ഥാന ജനാധിപത്യമര്യാദ പിണറായി സര്‍ക്കാര്‍ കാണിക്കാത്തതെന്തുകൊണ്ടാണ്? ഇപ്പോള്‍ സില്‍വര്‍ലൈനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ പ്രഗല്‍ഭരെ കെ.റെയില്‍ സംവാദത്തിനു ക്ഷണിച്ചിരിക്കുന്നു.വൈകിയെങ്കിലും ഉദിച്ച അതേ ജനാധിപത്യപരിഗണന പദ്ധതിക്കായി നഷ്ടം സഹിക്കേണ്ടി വരുന്ന ജനങ്ങള്‍ അര്‍ഹിക്കുന്നില്ലേ? പദ്ധതി മുന്നോട്ടു കൊണ്ടു പോകുകയാണ് വേണ്ടതെങ്കില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന അടിസ്ഥാനജനങ്ങളെ പൊലീസിനെക്കൊണ്ടു നേരിടുന്നത് എന്തു ജനാധിപത്യമാണ്?

സര്‍വേ പുരോഗമിക്കുന്ന എല്ലാ പ്രദേശങ്ങളിലും ഇപ്പോള്‍ നാട്ടുകാര്‍ നടപടികള്‍ തടയുന്നുണ്ട്. സമരം ചെയ്യുന്ന സ്ത്രീകളെയടക്കം അറസ്റ്റു ചെയ്തു നീക്കിയാണ് ഇപ്പോള്‍ കല്ലിടല്‍ നടക്കുന്നത്. കനത്ത പൊലീസ് കാവലില്‍ ഉദ്യോഗസ്ഥര്‍ നാട്ടുന്ന കല്ലുകള്‍ ഉടന്‍ തന്നെ നാട്ടുകാര്‍ പിഴുതെറിയുകയും ചെയ്യുന്നു. ഇത്തരത്തില്‍ ജനങ്ങളില്‍ അരക്ഷിതാവസ്ഥയും ആശങ്കയും സംഘര്‍ഷവും നിറച്ചുകൊണ്ടാണോ സില്‍വര്‍ ൈലന്‍ നടപടികള‍് മുന്നോട്ടു പോകേണ്ടത്? ഒറ്റയ്ക്കും തെറ്റയ്ക്കും നടത്തുന്ന രാഷ്ട്രീയവിശദീകരണയോഗങ്ങളില്‍ തൃപ്തിപ്പെട്ട് ആശങ്കപ്പെടുന്നവര്‍ പിന്‍മാറിക്കൊള്ളണം എന്നാണോ?

പ്രതിഷേധക്കാരെല്ലാവരും പദ്ധതിയേ വേണ്ട എന്ന നിലപാടുകാരല്ല എന്നതും ഓര്‍ക്കേണ്ടതുണ്ട്. 

ഭൂമിയുടെ നഷ്ടപരിഹാരത്തുക, അതിനുള്ള മാനദണ്ഡം, ശേഷിക്കുന്ന ഭൂമിയിലെ ക്രയവിക്രയം, കല്ലിടലിനു ശേഷം ഏറ്റെടുക്കുന്നതുവരെ ഭൂമിയുടെ വിനിയോഗം തുടങ്ങിയ നിരവധി പ്രായോഗികപ്രശ്നങ്ങളുയര്‍ത്തുന്നവരും ഏറെയാണ്. അവരുടെ ആശങ്കകള്‍ തീര്‍ത്ത് സമ്മതം വാങ്ങിയല്ലാതെ സ്വകാര്യഭൂമിയില്‍ അതിക്രമിച്ചു കയറുന്ന ജനാധിപത്യവിരുദ്ധതയില്‍ മാത്രം അഭിരമിക്കുന്നതെന്തുകൊണ്ടാണ്?

കല്ലിടുന്നത് സാമൂഹ്യാഘാതപഠനത്തിനു വേണ്ടി മാത്രമെന്ന സര്‍ക്കാര്‍ വാദം പോലും എന്തൊരു കാപട്യമാണ്? പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമി കണ്ടെത്തുന്നതിനു കൂടിയാണ് കല്ലിടുന്നത്. അനുമതി കിട്ടിക്കഴിഞ്ഞേ ഭൂമി ഏറ്റെടുക്കൂവെന്നത് ആശ്വാസമല്ല, ആശങ്കയാണ് പ്രായോഗികമായി ഉയര്‍ത്തുന്നതെന്ന് അറിയാതെയല്ല, ഈ പദ്ധതി ഇങ്ങനെയേ നടപ്പാക്കൂവെന്ന പിടിവാശിയാണ് സര്‍ക്കാര്‍ സമീപനത്തെ നയിക്കുന്നത്. ഭൂമിയുടെ ക്രയവിക്രയത്തിലടക്കം വീണ്ടും വീണ്ടും സര്‍ക്കാരിനു തന്നെ ഉത്തരവുകള്‍ ഇറക്കേണ്ടി വരുന്നതില്‍ നിന്നെങ്കിലും പ്രായോഗികപ്രശ്നങ്ങള്‍ സര്‍ക്കാര്‍ മനസിലാക്കണം. 

സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹ്യാഘാതപഠനത്തിനായി സര്‍വേ നടത്തിയ ഭൂമി കൈമാറ്റം ചെയ്യുന്നതിനോ ഈടുവച്ച് വായ്പയെടുക്കുന്നതിനോ തടസമില്ലെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം ഒരു കത്ത് അയയ്ക്കേണ്ടി വന്നു. ഒരു തടസവുമില്ലെന്ന് സി.പി.എം നേതാക്കള്‍ പരസ്യമായി നിന്ന് വിശദീകരിക്കുമ്പോഴും ലോണ്‍ ലഭിക്കാന്‍ പോലും ജനങ്ങള്‍ നേരിടേണ്ടി വരുന്ന ദുരിതങ്ങള്‍ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തയായതോടെയാണ് കത്ത്  അയക്കേണ്ടി വന്നത്. 

ആ കത്തില്‍ തന്നെ വ്യക്തമായി പറയുന്നുണ്ട്. സാമൂഹ്യഘാതപഠനത്തിനാണ് സര്‍വേ. തുടര്‍ന്ന റിപ്പോര്‍ട്ട് വിദഗ്ധസമിതി വിലയിരുത്തും. റെയില്‍വേ ബോര്‍ഡില്‍ നിന്ന് അനുമതി ലഭിച്ച ശേഷമേ ഭൂമി ഏറ്റെടുക്കല്‍ ഉണ്ടാകൂ. പക്ഷേ വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ പിന്നെ ഭൂമി ക്രയവിക്രയം പാടില്ല. ഇത്തരത്തില്‍ അഡീ. ചീഫ് സെക്രട്ടറി നിര്‍ദേശിച്ചാലും പ്രായോഗിക തലത്തില്‍ ഭൂവുടമകള്‍ നേരിടുന്ന പ്രശ്നങ്ങളെന്താണെന്ന് നമ്മള്‍ ആവര്‍ത്തിച്ചു കാണുന്നുണ്ട്. 

സംശയങ്ങള്‍ ഉന്നയിച്ച വിദഗ്ധരോട് സംവാദം നടത്തുന്നതുപോലെ തന്നെ പദ്ധതിക്കായി നഷ്ടം സഹിക്കേണ്ടിവരുന്ന സാധാരണക്കാരോടും സര്‍ക്കാര്‍ സംവാദം നടത്തണം. വസ്തുതകള്‍ ബോധ്യപ്പെടുത്താനും പ്രയോഗികപ്രശ്നങ്ങള്‍ പരിഹരിക്കാനും പ്രാദേശിക തലത്തില്‍ നടപടികളുണ്ടാകണം.  അനുമതിയോ അന്തിമതീരുമാനമോ ആയിട്ടില്ലാത്ത വികസനപദ്ധതിയുടെ പേരില്‍ ജനങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തരുത്. വികസനസംവാദം ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടമാണ് നടത്തേണ്ടത്. പൊലീസ് ബൂട്ടുകളല്ല.