ഭയപ്പെടുത്തുന്ന ബുള്‍ഡോസര്‍ രാജ്; മതം തിരിച്ചുള്ള പ്രതികാരം; പേടിപ്പിക്കുന്ന രാഷ്ട്രീയം

pva-jahangirpuri
SHARE

വിഭാഗീയ നടപടികളിലൂടെ ജനതയെ ഭിന്നിപ്പിക്കാന്‍ ഭരണകൂടം തന്നെ നേരിട്ടിറങ്ങിയാലോ? ഇതുവരെ രാഷ്ട്രീയപ്രചാരണത്തില്‍ ഒതുങ്ങിനിന്ന വര്‍ഗീയവിഭജനം അധികാരപ്രയോഗത്തില്‍ കൊണ്ടുവന്നാലോ? പൗരന്‍ തെറ്റു വരുത്തിയാല്‍ പോലും ശിക്ഷിക്കാനുള്ള അധികാരം ഭരണകൂടത്തിനില്ല. നിയമവ്യവസ്ഥയെ ഇന്ത്യന്‍ ജനാധിപത്യം എന്നും വേറിട്ടു ബഹുമാനത്തോടെ നിലനിര്‍ത്തിയത് ഭരണകൂടം ജനങ്ങളെ ശിക്ഷിക്കാതിരിക്കാന്‍ കൂടിയാണ്. ആ സുപ്രീംകോടതിയെപ്പോലും വകവയ്ക്കില്ലെന്ന വെല്ലുവിളി കൂടിയാണ് ജഹാംഗീര്‍പുരിയില്‍ കണ്ടത്. ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ എത്തിനില്‍ക്കുന്ന ബുള്‍ഡോസറിന്റെ ലക്ഷ്യം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മതനിരപേക്ഷഹ‍ൃദയം തന്നെയാണ്.  

നടപടി അനധികൃതകയ്യേറ്റമെന്ന പേരിലാണ്. നിയമലംഘനങ്ങള്‍ക്കെതിരായ നടപടിയെന്നാണ്  ബി.ജെ.പി. ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പറേഷന്‍റെ വിശദീകരണം. പക്ഷേ ബി.ജെ.പി അങ്ങനെയൊരു ഒളിയും മറയും പേടിക്കാതെ തന്നെ ഉള്ളത് ഉള്ളതു പോലെ പറഞ്ഞിട്ടുണ്ട്.  

ഹനുമാന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ജഹാംഗിര്‍പുരിയിലുണ്ടായ സംഘര്‍ഷവും തുടര്‍ന്നു നടന്ന കലാപശ്രമവുമാണ് ഈ ബുള്‍ഡോസ്‍ രാജിനു പിന്നിലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ഒളിച്ചു വയ്ക്കുന്നതേയില്ല. ഇതേ നേതാവിന്റെ കത്തിനു ശേഷമാണ് ജഹാംഗിര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉരുണ്ടു തുടങ്ങിയതും.  

വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ക്ക് ആദേശ് ഗുപ്ത കത്ത് അയച്ചത് വര്‍ഗീയസംഘര്‍ഷത്തിനു ശേഷമാണ്. ആ കത്തില്‍ വ്യക്തമായി ആവശ്യപ്പെട്ടതാണ് തൊട്ടടുത്ത മണിക്കൂറുകളില്‍ തന്നെ മേയര്‍ നടപ്പാക്കിയതും. ആദേശ് ഗുപ്തയുടെ കത്തില്‍ പറയുന്നതിങ്ങനെയാണ്. നിങ്ങള്‍ക്കറിയാവുന്നതു പോലെ ജഹാംഗിര്‍പുരിയില്‍ ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ട് ശോഭായാത്ര നടക്കുകയുണ്ടായി. ചില സാമൂഹ്യവിരുദ്ധരും കലാപകാരികളും ശോഭായാത്രയ്ക്കു നേരെ കല്ലേറു നടത്തി. ഇവര്‍ക്ക് പ്രാദേശിക ആം ആദ്മി പാര്‍ട്ടി എം.എല്‍.എയുടെയും കൗണ്‍സലറുടെയും പിന്തുണയുമുണ്ട്.  ആ പിന്തുണയുടെ ബലത്തില്‍ ഈ സാമൂഹ്യവിരുദ്ധര്‍ മേഖലയില്‍ വന്‍തോതില്‍ കൈയേറ്റം നടത്തിയിട്ടുണ്ട്. അതുകൊണ്ട് അനധികൃത കയ്യേറ്റം നടത്തിയ ഈ കലാപകാരികളുടെ നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ബുള്‍ഡോസര്‍ കൊണ്ടു വന്ന് അത് നശിപ്പിക്കുകയും വേണം. ഈ കത്തിന്റെ പകര്‍പ്പ് പല മാധ്യമങ്ങളും പുറത്തു വിട്ടതാണ്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റെ നിര്‍ദേശം ലഭിച്ച പാടെ ബി.ജെ.പിയുടെ മേയറും കോര്‍പറേഷനും ബുള്‍ഡോസറുകളുമായി രംഗത്തിറങ്ങി. ഒരു വിഭാഗത്തിന്റെ മാത്രം ജീവിതോപാധികളും വീടുകളും തകര്‍ത്തുകൊണ്ട് ആ ബുള്‍ഡോസറുകള്‍ കയറിയിറങ്ങി.  

എന്നുവച്ചാല്‍ നടന്നത് ഏകപക്ഷീയമായ ആക്രമണം പോലുമല്ല എന്നോര്‍ക്കണം. വര്‍ഗീയസംഘര്‍ഷമുണ്ടായി എന്ന വ്യാഖ്യാനം പോലും ആസൂത്രിതമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ പ്രകോപനത്തില്‍ നിന്നാണ് ശാന്തമായിരുന്ന ജഹാംഗീര്‍പുരിയില്‍ കലാപത്തിന്റെ വിത്തുകള്‍ മുളപ്പിച്ചെടുത്തത്. കയ്യേറ്റം കുറ്റകരമായതുകൊണ്ടല്ല, കയ്യേറിയവര്‍  കലാപകാരികളായതുകൊണ്ട് അവര്‍ക്കു നേരെ ബുള്‍ഡോസര്‍ പ്രയോഗിക്കാന്‍ ഉത്തരവിടുന്നത് ഭരണകക്ഷിയുടെ നേതാവാണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒരു നിയമവും പരിഗണിക്കാതെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിഭാഗത്തിനു നേരെ മാത്രം ഭരണകക്ഷി നടപ്പാക്കുന്ന ശിക്ഷ. സുപ്രീംകോടതി ഇടപെട്ടുവെന്നറിഞ്ഞിട്ടും ഗൗനിക്കാത്ത ഭരണാധികാരധാര്‍ഷ്ട്യം. ഇന്ത്യന്‍ ജനാധിപത്യത്തിലെ അപായമണിയുടെ മുഴക്കം നമ്മള്‍ കേള്‍ക്കുന്നതിനേക്കാള്‍ ഏറെ ഉച്ചത്തിലാണ്.  

പ്രതികാരനടപടിയായി ബുള്‍ഡോസറുകള്‍ തകര്‍ത്തെറിഞ്ഞു തുടങ്ങിയ പാടെ സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ഇക്കാര്യമുന്നയിച്ചു. വിശദവാദത്തിനു മുന്‍പു തന്നെ സുപ്രീംകോടതി നടപടികള്‍ നിര്‍ത്തിവച്ച് തല്‍സ്ഥിതി തുടരാന്‍ നിര്‍േദശിക്കുകയും ചെയ്തു. 10.45ന് സുപ്രീംകോടതി നിര്‍ദേശമുണ്ടായി. 11 മണിക്കു തന്നെ ഇക്കാര്യം ഡല്‍ഹി മേയറെ വാട്സാപ് മുഖേന അറിയിച്ചു. സുപ്രീംകോടതി നിര്‍ദേശം പാലിക്കുമെന്ന് അപ്പോള്‍ തന്നെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. പക്ഷേ ബുള്‍ഡോസറുകള്‍ നിശ്ചലമായില്ല. തൊട്ടടുത്ത് സുപ്രീംകോടതി നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ട ബുള്‍ഡോസറുകള്‍ പരമോന്നതകോടതിയെ വകവയ്ക്കാതെ നശീകരണം തുടര്‍ന്നു. ഒടുവില്‍ സി.പി.എം നേതാവ് ബൃന്ദകാരാട്ട് തടസങ്ങള്‍ മറികടന്ന് ഉത്തരവുമായി ബുള്‍ഡോസറിനു മുന്നില്‍ കയറി നിന്നാണ് നശീകരണരാഷ്ട്രീയത്തിന് തല്‍ക്കാലം തടയിട്ടത്.  

ബി.െജ.പിയുടെ ആസൂത്രിത നിയമലംഘനം തടയാന്‍ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയോ രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടിയോ ശ്രമിച്ചില്ല. സുപ്രീംകോടതിയെപ്പോലും വകവയ്ക്കാതെ ബുള്‍ഡോസര്‍ രാഷ്ട്രീയം തകര്‍ത്താടിയപ്പോള്‍ ആദ്യമണിക്കൂറുകളിലെങ്കിലും പല പ്രതിപക്ഷപാര്‍ട്ടികളും അകലം പാലിച്ചു. വിദ്വേഷത്തിന്റെ ബുള്‍ഡോസര്‍ അണയ്ക്കൂ, പകരം വെളിച്ചം പകരൂ എന്ന് കാവ്യാത്മകമായ ഒരു ട്വിറ്റര്‍ കുറിപ്പിലൂടെ രാഹുല്‍ ഗാന്ധി പ്രതിഷേധം രേഖപ്പെടുത്തി. തൊട്ടടുത്ത ദിവസം സുപ്രീംകോടതി നടപടി ഗൗരവമായി കാണുന്നുവെന്നു പ്രഖ്യാപിക്കുകയും ഒഴിപ്പിക്കല്‍ രണ്ടാഴ്ചത്തേക്ക് സ്്്റ്റേ ചെയ്യുകയും ചെയ്തു.  

പക്ഷേ ബുള്‍ഡോസര്‍ രാഷ്ട്രീയം ഡല്‍ഹിയില്‍ തുടങ്ങി സുപ്രീംകോടതി ഇടപെടലില്‍ അവസാനിക്കുന്നതല്ലെന്ന് നമ്മുടെ രാജ്യം കണ്ടു കഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ ഉരുണ്ടു തുടങ്ങിയ ബുള്‍ഡോസര്‍, ഗുജറാത്തും മധ്യപ്രദേശും കടന്നാണ് രാജ്യതലസ്ഥാനത്തെത്തി ഭീഷണി അടയാളപ്പെടുത്തിയത്. ഇതുവരെ തിരഞ്ഞെടുപ്പ് റാലികളിലും പ്രചാരണവേദികളിലും ഒതുങ്ങി നിന്നിരുന്ന വിഭജനരാഷ്ട്രീയം അധികാരത്തിന്റെ പ്രയോഗത്തിലേക്കു തന്നെ നടന്നു കയറുകയാണ്. നിസഹായരായി നോക്കിനില്‍ക്കുകയാണോ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുന്നിലുള്ള വഴി? 

ഇത്തവണ രാമനവമി ഘോഷയാത്രയോടനുബന്ധിച്ച് പല സംസ്ഥാനങ്ങളിലും വര്‍ഗീയ സംഘര്‍ഷമുണ്ടായി. ബി.െജ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടായ ആക്രമണങ്ങള്‍ തികച്ചും ആസൂത്രിതമാണെന്ന് അന്നു തന്നെ പ്രതിപക്ഷം ആരോപിച്ചെങ്കിലും ഒരു വിഭാഗത്തിനു നേരെ പ്രതികാരനടപടികളുണ്ടായി. ഉത്തര്‍പ്രദേശില്‍ ക്രിമിനലുകള്‍ക്കു നേരെയെന്ന പേരിലാണ് ആദ്യം യോഗി ആദിത്യനാഥ് ബുള്‍ഡോസര്‍ രാഷ്ട്രീയം പ്രയോഗിച്ചത്. മധ്യപ്രദേശിലെ ഖര്‍ഗോനില്‍ രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായപാടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കെതിരെ ബുള്‍ഡോസറാണ് നടപടിയെടുക്കാനെത്തിയത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഏതു നിയമപ്രകാരവും ഇങ്ങനെയൊരു അധികാരം ഒരു ഭരണകൂടത്തിനുമില്ല. കലാപക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ സ്വാഭാവികമായ നിയമപ്രക്രിയയിലൂടെ കുറ്റം തെളിയിക്കപ്പെടണം. നിയമം അനുശാസിക്കുന്ന രീതിയില്‍ ശിക്ഷിക്കപ്പെടണം. ആ കുറ്റത്തിനും ശിക്ഷയ്ക്കും നവീകരണമെന്ന സദുദ്ദേശം മാത്രമാണ് നമ്മുടെ ഭരണഘടന ലക്ഷ്യം വച്ചിരിക്കുന്നത്. പക്ഷേ മധ്യപ്രദേശിലും ഇപ്പോള്‍ ജഹാംഗീര്‍ പുരിയിലും സംഭവിച്ചത് ഭരണകൂടത്തിന്റെ പ്രതികാരരാഷ്ട്രീയമാണ്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ വീടുകളും കടകളും എന്നെന്നേയ്ക്കുമായി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍പ്പെട്ടു.  

ഖര്‍ഗോനിലും ജഹാംഗിര്‍പുരിയിലും ബുള്‍ഡോസര്‍ പ്രയോഗിക്കപ്പെട്ടത് ഒരു സമുദായത്തില്‍ പെട്ടവരുടെ നേരെ മാത്രമല്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിരത്തിയിരിക്കുന്ന കണക്കും ന്യായവും. കോടതിക്കു പുറത്ത് എന്താണു ചെയ്തതെന്നു പച്ചയ്ക്കു വിളിച്ചു പറയുക, ഒരു വിഭാഗത്തെ അരക്ഷിതരാക്കി അന്യതാബോധത്തിന്റെ ഭീഷണിയില്‍ അടിച്ചമര്‍ത്തുക, കോടതിക്കകത്ത് ഭരണകൂടത്തിനു മാത്രം സാധ്യമാകുന്ന അധികാരത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് സാങ്കേതികമായി സ്വയം ന്യായീകരിക്കുക. ഇതുവരെ മാനിക്കപ്പെട്ടിരുന്ന കോടതി പോലും മാനിക്കപ്പെടുന്നില്ലെന്ന പുതിയ ഭീഷണി കൂടി ഈ ബുള്‍ഡോസര്‍രാജില്‍ രാജ്യം കാണുന്നു.  

മധ്യപ്രദേശിലെ ഖര്‍ഗോനില്‍ 88 ഭൂരിപക്ഷസമുദായക്കാരുടെയും 26 ന്യൂനപക്ഷക്കാരുടെയും നേര്‍ക്കാണ് നടപടിയുണ്ടായതെന്ന് ഇനം തിരിച്ച് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ന്യായീകരിക്കുന്നു. കോടതിക്കു പുറത്ത് ആരാണ് അനുഭവിക്കുന്നതെന്ന് ആരെയാണ് പാഠം പഠിപ്പിക്കുന്നതെന്ന് ബി.െജ.പി. നേതാക്കള്‍ പരസ്യമായി വെല്ലുവിളിക്കുന്നു. കോടതിക്കകത്ത് സാങ്കേതികസാധ്യതകളിലൂന്നി സ്വയം ന്യായീകരിക്കുന്നു. ലക്ഷ്യം മനസിലാക്കാന്‍ വലിയ പ്രയാസങ്ങളില്ല. ഗുജറാത്തിലും മധ്യപ്രദേശിലും നിയമസഭാതിരഞ്ഞെടുപ്പുകള്‍ ആസന്നമാകുന്നു. ഡല്‍ഹിയില്‍ മുനിസിപ്പല്‍ കോര്‍പറേഷിനും തിരഞ്ഞെടുപ്പു വരുന്നു. പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ പോലും വിഭജനരാഷ്ട്രീയം പച്ചയായി പ്രയോഗിക്കപ്പെടുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പ്രതിപക്ഷം പരുങ്ങിനില്‍ക്കുന്നു.  

രാമനവമി ദിവസം ഹോസ്റ്റലില്‍ പതിവു മെനു പ്രകാരം മാംസം വിളമ്പിയെന്നാരോപിച്ചാണ് ജെ.എന്‍.യു ക്യാംപസില്‍ ഏറ്റവുമൊടുവില്‍ സംഘടിതമായ ആസൂത്രിതമായ ആക്രമണം നടന്നത്. ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത് ന്യൂനപക്ഷങ്ങളെയാണെങ്കിലും കുല്‍സിത രാഷ്ട്രീയത്തിന്റെ ദീര്‍ഘകാലപദ്ധതികള്‍ അനാവരണം ചെയ്യപ്പെടുമ്പോള്‍ യഥാര്‍ഥ ലക്ഷ്യം മതേതരത്വം മാത്രമല്ല മനുഷ്യത്വം തന്നെയാണെന്ന് തിരിച്ചറിഞ്ഞാല്‍ ഇന്ത്യയ്ക്ക് പ്രതിരോധത്തെക്കുറിച്ചെങ്കിലും ആലോചിക്കാം. പ്രതിരോധം പുറപ്പെടും മുന്‍പ് ധ്രുവീകരണം ലക്ഷ്യം നിര്‍വഹിച്ച് നടമാടുമോ എന്ന ആശങ്കയെങ്കിലും ഇന്ത്യന്‍ പ്രതിപക്ഷത്തിനുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കാനേ ജനതയ്ക്കു കഴിയൂ. 

MORE IN PARAYATHE VAYYA
SHOW MORE