മറയില്ലാതെ വര്‍ഗീയ ധ്രുവീകരണനീക്കം; നിസ്സഹായജനത; സിസംഗം ഭരണകൂടം

Parayathe-Vayya-muslin-minority
SHARE

അവിശ്വസനീയമായ വര്‍ഗീയധ്രുവീകരണനീക്കങ്ങളെ അതിജീവിക്കാന്‍ പാടുപെടുകയാണ് ഇന്ത്യ. ഇതിനു മുന്‍പുണ്ടായിട്ടില്ലാത്തത്ര പ്രകടവും അപകടകരവുമായ വര്‍ഗീയവിഭജനനീക്കങ്ങള്‍ക്ക് പല സംസ്ഥാനങ്ങളും സാക്ഷ്യം വഹിക്കുന്നു. മനുഷ്യര്‍ കെണിയില്‍ വീഴാതിരിക്കാന്‍ പാടുപെടുകയാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ മനുഷ്യാവകാശപ്രസ്ഥാനങ്ങള്‍ക്കോ ഫലപ്രദമായി ഈ നീക്കത്തെ ചെറുക്കാനും കഴിയുന്നില്ല. അപായം വാള്‍ത്തുമ്പില്‍ തൂങ്ങിയാടുന്നുവെന്ന്  നമ്മുടെ രാജ്യം പേടിക്കുക തന്നെ വേണം.  

കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഒരു അടിയന്തരപ്രമേയ നോട്ടീസ് വന്നു. മു‍സ്‍ലിം ന്യൂനപക്ഷത്തിനെതിരെ ആവര്‍ത്തിച്ചു വ്യാപിക്കുന്ന വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെയായിരുന്നു നോട്ടീസ്. നല്‍കിയത് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും.  

അടിയന്തരപ്രമേയം അനുവദിച്ചില്ലെങ്കിലും ആരും ഇത്തരം വംശീയവിദ്വേഷാഹ്വാനങ്ങള്‍ നടത്തരുതെന്ന് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യനായിഡുവിന് നിലപാട് പറയേണ്ടിവന്നു. മറ്റു നടപടികള്‍ മാറ്റിവച്ച് വിഷയം ചര്‍ച്ചചെയ്യാനാവില്ലെന്ന് ചെയര്‍മാന്‍ സമീപനം സ്വീകരിച്ചു. പക്ഷേ  ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന് തൃണമൂല്‍ നേതാവ് നദീമുല്‍ ഹഖും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും ശക്തമായി ആവശ്യപ്പെട്ടതോടെ പ്രതിപക്ഷനേതാവിനെ സംസാരിക്കാന്‍ അനുവദിക്കേണ്ടി വന്നു.  

ഹരിദ്വാറില്‍ മാസങ്ങള്‍ക്കു മുന്‍പ് വിദ്വേഷപ്രസംഗം നടത്തിയതിന് അറസ്റ്റിലായ അതേ സ്വാമി ഡല്‍ഹിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ അതിവിടെ ആവര്‍ത്തിക്കാന്‍ പാടില്ലെന്നായിരുന്നു ചെയര്‍മാന്‍ വെങ്കയ്യനാായിഡുവിന്റെ നിലപാട്. അര്‍ഥശൂന്യമായ വാക്കുകള്‍ ആരെങ്കിലും പറഞ്ഞാല്‍ അത് സഭയില്‍ ആവര്‍ക്കുന്നതെന്തിനാണെന്ന്. വീണ്ടും ചര്‍ച്ചയാക്കിയതുകൊണ്ട് പ്രശ്നമെങ്ങനെ പരിഹരിക്കപ്പെടുമെന്ന് നിസഹായത ഭാവിച്ചത് കേന്ദ്രഭരണകക്ഷിയുടെ മുതിര്‍ന്ന നേതാവാണ്. ന്യൂനപക്ഷമായും ഭൂരിപക്ഷമായാലും വിദ്വേഷപ്രസംഗം അംഗീകരിക്കാനാവില്ലെന്ന് ഒഴുക്കന്‍ മട്ടിലൊരു പ്രസ്താവന നടത്തി അദ്ദേഹം സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെട്ടു.  

ബി.െജ.പി. നേതാവായ രാജ്യസഭാചെയര്‍മാന് വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ എന്തു നടപടി ആവശ്യപ്പെടാന്‍  കഴിയുമെന്നത് ഒരു ചോദ്യമാണ്. നടപടി തുടങ്ങിയാല്‍ എവിടെ നിന്നു തുടങ്ങേണ്ടിവരും? പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെയെല്ലാം വിദ്വേഷപ്രചാരണ ആരോപണങ്ങളുണ്ട്. മതേതരഇന്ത്യയുടെ ഭരണാധികാരികള്‍ തുടക്കമിടുന്ന തീ പടര്‍ന്നു പിടിക്കുന്നതെങ്ങനെയെന്നു കൂടിയാണ് രാജ്യം ഇപ്പോള്‍ കാണുന്നത്. ഒരു മറയുമില്ലാത്ത വംശഹത്യാ ആഹ്വാനങ്ങള്‍, വിഭാഗീയത വളര്‍ത്താനുളള ശ്രമങ്ങള്‍, ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍. അവഗണിച്ചുകൂടേയെന്ന് രാജ്യസഭാചെയര്‍മാന്‍ ചോദിക്കുമ്പോള്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നവര്‍ അനുഭവിക്കുക തന്നെയാണ്.  

എവിടെയും എപ്പോഴും പൊട്ടിവീഴുന്നുണ്ട് ന്യൂനപക്ഷത്തിനെതിരായ  വിദ്വേഷപ്രചാരണങ്ങള്‍. രാജ്യസഭയില്‍ പരാമര്‍ശിക്കപ്പെട്ട ഉദാഹരണം മാത്രം മതി ഈ വിദ്വേഷപ്രചാരണത്തോട് ഭരണകൂടം പുലര്‍ത്തുന്ന നിസംഗത തെളിയിക്കാന്‍. യതി നര്‍സിംഗാനന്ദ് എന്ന പുരോഹിതനാണ് ഡല്‍ഹിയില്‍ വംശഹത്യാഹ്വാനം നടത്തിയത്.

ഇതേ യതി നര്‍സിംഗാനന്ദ് വെറും മൂന്നു മാസം മുന്‍പ് ഹരിദ്വാറില്‍ വിദ്വേഷപ്രസംഗം നടത്തിയതിന് അറസ്റ്റിലായ വ്യക്തിയാണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്. അദ്ദേഹത്തിന് പക്ഷേ ഒട്ടും വൈകാതെ ജാമ്യവും ലഭിച്ചു. തൊട്ടടുത്തു തന്നെ രാജ്യതലസ്ഥാനത്തെത്തി ഇതേ വംശഹത്യാഹ്വാനം ആവര്‍ത്തിക്കാനും സാധിച്ചു. ഒരു തടസവുമുണ്ടായില്ല, ഒരു നടപടിയും നേരിടേണ്ടി വന്നില്ല. ഈ മാസം മൂന്നാം തീയതി ഡല്‍ഹിയില്‍ ബുരാരിയില്‍ നടന്ന ഹിന്ദുപഞ്ചായത്തിലാണ്  ജാമ്യവ്യവസ്ഥകള്‍ പോലും ലംഘിച്ചുകൊണ്ട് നര്‍സിംഗാനന്ദ് വിദ്വേഷാഹ്വാനം നടത്തിയത്. അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഡല്‍ഹി പൊലീസ് കൈകഴുകി. 

ഉത്തര്‍പ്രദേശിലെ സിതാപൂര്‍ ജില്ലയില്‍ ഒരു ന്യൂനപക്ഷആരാധനാലയത്തിനു പുറത്തു നടന്നതും വിദ്വേഷപ്രസംഗമാണ്. കൈരാബാദിലെ ഒരു പ്രാദേശിക പുരോഹിതന്‍ ന്യൂനപക്ഷവിഭാഗത്തിലെ സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ മടിക്കില്ലെന്നാണ് ഈ ആഹ്വാനം ചെയ്യുന്നത്. പൊലീസ് കാവലിലാണ് ഈ പ്രകോപനം നടന്നത്. ആറു ദിവസം കഴിഞ്ഞ് ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മാത്രമാണ് പൊലീസ് ഒരു കേസെങ്കിലും ഈ സംഭവത്തില്‍ റജിസ്റ്റര്‍ ചെയ്യാന്‍ തയാറായത്.

ദുഃഖകരമായ വസ്തുത, ഈ രാജ്യത്തെ ഭരണകൂടത്തെക്കുറിച്ചു പറഞ്ഞാല്‍ നിങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടേക്കാം. പക്ഷേ ഈ രാജ്യത്തെ മനുഷ്യരെ കൊന്നു തീര്‍ക്കാന്‍ ആഹ്വാനം ചെയ്താല്‍ നിങ്ങള്‍ക്ക് മതഭ്രാന്തരുടെ നായകനായി സ്വതന്ത്രമായി നടക്കാം. പലയിടത്തും ഭരണാധികാരികള്‍ തന്നെ വിദ്വേഷപ്രചാരണത്തിനു നേതൃത്വം നല്‍കുമ്പോള്‍ മതേതരരാജ്യം നിസഹായമായി നോക്കി നില്‍ക്കുകയാണ്. 

കര്‍ണാടകയില്‍ ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെട്ട് എങ്ങനെയെല്ലാം വ്യാപിക്കപ്പെട്ടു എന്നതോര്‍ക്കണം. കൃത്യമായ വര്‍ഗീയ വിഭജന ലക്ഷ്യങ്ങള്‍ നടപ്പാക്കപ്പെട്ടു. അടിസ്ഥാന അവകാശത്തിനായി സുപ്രീംകോടതിക്കു മുന്നിലാണ് ന്യൂനപക്ഷവിദ്യാര്‍ഥികള്‍. റമസാന്‍ വന്നെത്തുമ്പോള്‍ തന്നെ പള്ളികളിലെ ലൗഡ് സ്പീക്കര്‍ നിയന്ത്രിക്കപ്പെടണം എന്ന ആവശ്യം ഔദ്യോഗികമായി പരാതിയായി എത്തി. കര്‍ണാടകയില്‍ ഒരു വിഭാഗം കച്ചവടക്കാരില്‍ നിന്ന് മാംസം വാങ്ങരുതെന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രചാരണം നടത്തി. പഴക്കച്ചവടക്കാരുടെയും ജാതിയും മതവും തിരിച്ച് വിഭാഗീയപ്രചാരണങ്ങള്‍ സജീവമാണ്. ഡല്‍ഹിയില്‍ നവരാത്രി ആഘോഷകാലയളവില്‍ മാംസവില്‍പന പാടില്ലെന്ന് ആവശ്യപ്പെട്ടത് ദക്ഷിണഡല്‍ഹി മേയറാണ്. ദുര്‍ഗാപൂജയുടെ സമയത്ത് നഗരത്തിലെ 99 ശതമാനം ജനങ്ങളും സസ്യഭക്ഷണം മാത്രം കഴിക്കുന്നവരാണെന്നും മാംസവില്‍പന അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നും വിവരിച്ചുകൊണ്ടാണ് കമ്മിഷണര്‍ക്ക് മേയര്‍ കത്തു നല്‍കിയത്. 

ഹലാല്‍ എന്നു രേഖപ്പെടുത്തിയ സാദാ ഭ‌ക്ഷണസാധനങ്ങള്‍ ബഹിഷ്കരിക്കാന്‍ ദേശവ്യാപകമായി പ്രചാരണം നടന്നു. കശ്മീര്‍ ഫയല്‍സ് എന്ന ഒരു ചിത്രത്തിലൂടെ ആഗ്രഹിച്ച വിവരണവും തീവ്രശക്തികള്‍ക്ക് നടപ്പാക്കിയെടുക്കാന്‍ കഴിഞ്ഞു. 

നിയമപരമായി തന്നെ കുറ്റകരമായ ഈ വിദ്വേഷപ്രചാരണം  ഭരണകൂടങ്ങള്‍ നോക്കി നില്‍ക്കുന്നതാണ് കൂടുതല്‍ വലിയ ഭീഷണി . അരക്ഷിത സാഹചര്യം മുതലെടുക്കാന്‍ അല്‍ഖായിദടയക്കം ഭീകര–തീവ്രന്യൂനപക്ഷസംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു. ഹിജാബ് വിഷയം ആളിക്കത്തിക്കാനാണ് അല്‍ഖായിദ രംഗത്തെത്തിയത്. 

ഹിജാബ് വിഷയത്തില്‍ അല്‍ഖാദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടെ വീഡിയോയാണ് എരിതീയില്‍ എണ്ണയൊഴിക്കാനെത്തിയത്. ഹിന്ദു ജനാധിപത്യത്തില്‍ മുസ്‍ലിം വിഭാഗം അടിച്ചമര്‍ത്തപ്പെടുന്നുവെന്നും ഇതിനെതിരെ ഇന്ത്യന്‍ മുസ്‍ലിങ്ങള്‍ പ്രതികരിക്കണമെന്നുമാണ് വീഡിയോയിലെ ആഹ്വാനം. കര്‍ണാടകയില്‍ ഹിജാബ് പ്രതിഷേധങ്ങള്‍ക്കിടെ ഒറ്റയ്ക്ക് നിന്നു പ്രതികരിച്ച് ശ്രദ്ധേയയായ മുസ്കാന്‍ ഖാന്റെ പേരെടുത്തു പറഞ്ഞാണ് അല്‍ഖായിദ ഭീകരവാദവുമായി എത്തിയത്. എന്നാല്‍ മുസ്കാന്‍ ഖാന്റെ പിതാവ് മുഹമ്മദ് ഹുസൈന്‍ ഖാന്‍ തന്നെ അല്‍ഖായിദയുെട നീക്കത്തെ തുറന്നു കാട്ടി തിരിച്ചടിച്ചു. ഞങ്ങളുടെ രാജ്യത്ത് സ്നേഹത്തോടെയും സമാധാനത്തോടെയുമാണ് കഴിയുന്നതെന്ന് മുഹമ്മദ് ഖാന്‍ പറഞ്ഞു. എന്റെ രാജ്യത്തെ കാര്യങ്ങളില്‍ ഇടപെടാന്‍ സവാഹിരി ആരാണെന്നായിരുന്നു ചോദ്യം. മകളുടെ പേര് പരാമര്‍ശിച്ചത് തെറ്റാണ്.  നമുക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സമാധാനം തകര്‍ക്കാനുള്ള ശ്രമത്തെക്കുറിച്ച് പൊലീസും സര്‍ക്കാരും അന്വേഷിച്ച് സത്യം കണ്ടെത്തണമെന്നും മുഹ്മ്മദ് ഖാന്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഹിജാബ് വിരുദ്ധപ്രക്ഷോഭത്തിനു പിന്നില്‍ ആരാണെന്ന് ഇപ്പോള്‍ വെളിപ്പെട്ടുവെന്നായിരുന്നു കര്‍ണാടകത്തിലെ മന്ത്രിമാരുടെ പോലും പ്രതികരണം. 

മുഹമ്മദ് ഖാന്‍റെ പ്രതികരണം വിളിച്ചു പറയുന്ന ഒരു സത്യമുണ്ട്. സാധാരണ മനുഷ്യര്‍ സമാധാനം മാത്രം ആഗ്രഹിക്കുന്നു. മതവിശ്വാസം അവര്‍ക്ക് ജീവിതത്തിന്റെ ഭാഗം മാത്രമാണ്. പക്ഷേ ഭീകരവാദികള്‍ക്കും തീവ്രനിലപാടുകാര്‍ക്കും മതവും വിശ്വാസവും മുതലെടുപ്പാണ്. മനുഷ്യരെ തമ്മില്‍ തല്ലിക്കാനും സ്വന്തം അജന്‍ഡകള്‍ നടപ്പാക്കാനുമുള്ള ആയുധങ്ങള്‍ മാത്രമാണ് മതവും വിശ്വാസവും. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷപ്രചാരണം കനക്കുമ്പോള്‍ നിശബ്ദത പാലിക്കുന്ന, പലപ്പോഴും അതിന് നേതൃത്വം നല്‍കുന്ന ഭരണാധികാരികളോടും ഇന്ത്യന്‍ ജനത ആവശ്യപ്പെടുന്നതൊന്നു മാത്രമാണ്. മനുഷ്യരാകുക. സാധാരണ മനുഷ്യര്‍ക്കുണ്ടായിരിക്കേണ്ട കരുതലും സംയമനവുെമങ്കിലും പ്രകടിപ്പിക്കുക. മനുഷ്യര്‍ ഈ തരം പ്രകോപനങ്ങള്‍ക്കു മുതിരില്ല.  ഈ  നിസംഗഭരണാധികാരത്തിന്റെ കുടിലതയെ  ഒറ്റുകാരെന്നു തന്നെ മതേതര ഇന്ത്യയുടെ ചരിത്രം അടയാളപ്പെടുത്തും. പക്ഷേ ഈ വിഭാഗീയതയില്‍ മുറിവേല്‍ക്കാതിരിക്കാന്‍ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ ജനത അതിജാഗ്രത പുലര്‍ത്തിയേ പറ്റൂ. 

MORE IN PARAYATHE VAYYA
SHOW MORE