Parayathe-Vayya-fuel

ഏതു ബന്ധത്തിലും ഏറ്റവും പ്രധാനമാണ് പരസ്പരബഹുമാനം. അത് വ്യക്തികള്‍ തമ്മിലുള്ള ബന്ധമായാലും തിരഞ്ഞെടുത്ത ജനതതയും ഭരണകൂടവും  തമ്മിലുള്ള ബന്ധമായാലും. പക്ഷേ നമ്മുടെ രാജ്യത്ത് ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടം ജനതയെ ബഹുമാനിക്കുന്നേയില്ലെന്നു മാത്രമല്ല, നിരന്തരം അപമാനിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. ഇന്ധനവിലവര്‍ധനയെന്ന ഒരൊറ്റ ഏട് മാത്രം അത് വീണ്ടും വീണ്ടും വിളിച്ചു പറയുന്നു. തിരഞ്ഞെടുപ്പു കാലത്ത് ഒരു പൈസ പോലും കൂട്ടാതെ പിടിച്ചു വച്ച ഇന്ധനവില ഉജ്വലവിജയത്തിനു തൊട്ടടുത്ത ആഴ്ച മുതല്‍ കുത്തനെ ഉയര്‍ത്തിക്കൊണ്ടേയിരിക്കുന്നു. നിങ്ങള്‍ വെറും വിഡ്ഢികളാണ് എന്ന് സ്വന്തം ജനതയെ നോക്കി പരിഹസിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യാന്തരവിലക്കയറ്റത്തിനനുസരിച്ചല്ല, തിരഞ്ഞെടുപ്പ് കലണ്ടറിന് അനുസരിച്ചു മാത്രമാണ് ഇന്ത്യയില്‍ ഇന്ധനവില ഉയര്‍ത്തുന്നതെന്ന് തുറന്നു വെല്ലുവിളിക്കുകയാണ് ബി.ജെ.പി. സര്‍ക്കാര്‍.  

 

2021 നവംബര്‍ 4 മുതല്‍ മാര്‍ച്ച് 22 വരെ ഇന്ത്യാരാജ്യത്ത് പെട്രോളിനും ഡീസലിനും ഒരു പൈസ പോലും കൂട്ടിയില്ല. പാചകവാതകത്തിന് ഒരു പൈസയുടെ വര്‍ധന ഉണ്ടായില്ല. 137 ദിവസം ഇന്ധനവിലയില്‍ ഒരു മാറ്റവും ഉണ്ടാകാതിരിക്കുന്നത് റെക്കോര്‍ഡാണ്. ഏറ്റവും ശ്രദ്ധേയമായ കാര്യം റഷ്യ–യുക്രൈന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യാന്തരവിപണിയില്‍ എണ്ണവില കുത്തനെ ഉയര്‍ന്ന കാലമായിരുന്നു ഈ 137 ദിവസം  എന്നതാണ്. ഈ അഞ്ചു മാസത്തിനിെട ക്രൂഡ് ഓയില്‍ വില ബാരലിന് 139 ഡോളര്‍ വരെ കുതിച്ചപ്പോഴും ഇന്ത്യയിലെ ഇന്ധനവിലസൂചിക അനങ്ങിയില്ല. ഇപ്പോള്‍ 130 ഡോളറില്‍ നിന്ന് 110 ഡോളറിനും താഴേക്ക്  വില കുറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയില്‍ വില കൂട്ടാന്‍ തുടങ്ങിയത്.  

 

അമേരിക്ക കരുതല്‍ ശേഖരത്തില്‍ നിന്ന് എണ്ണ എടുക്കാന്‍ തുടങ്ങിയതും ചൈനയിലെ കോവിഡ് പ്രതിസന്ധിയും യുക്രൈന്‍–റഷ്യ മഞ്ഞുരുക്കത്തിന്റെ സൂചനയും കാരണം ഇനിയും എണ്ണവില കുറയുമെന്നാണ് നിരീക്ഷണം. പക്ഷേ അങ്ങനെ രാജ്യാന്തരഎണ്ണവിലയെങ്ങാനും കുറഞ്ഞാല്‍ തിരഞ്ഞെടുപ്പിനു സഹിച്ച നഷ്ടം നികത്താന്‍ എണ്ണക്കമ്പനികള്‍ക്ക് അവസരം കിട്ടില്ലെന്ന തിടുക്കമാണ് ഇപ്പോള്‍ കാണുന്നത്. 10 ദിവസം കൊണ്ട് ഏഴുരൂപയിലേറെ പെട്രോളിനും ഡീസലിനും കൂടി. എല്ലാ ദിവസവും വില കൂട്ടുന്നതു തുടരാനാണ് സാധ്യതയെന്നും ഇങ്ങനെ പോയാല്‍ പെട്രോളിനും ഡീസലിനും തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ലീറ്ററിന് 125 രൂപ കടക്കാന്‍ തന്നെയാണ് സാധ്യതയെന്നും സാമ്പത്തികവിദഗ്ധര്‍ നിരീക്ഷിക്കുന്നു.  

 

രാജ്യാന്തരവിപണിയില്‍ വില കൂടുമ്പോള്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ വില പിടിച്ചു നിര്‍ത്തുന്നു. വില കുറയുമ്പോള്‍ ഇന്ത്യയില്‍ വില കൂട്ടുന്നു. ഒരു വിരോധാഭാസവും ഇന്നു നമുക്കു തോന്നുന്നേയില്ല. കാരണം വിലനിര്‍ണയം എണ്ണക്കമ്പനികള്‍ക്കു കൈമാറിയെന്നതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയെന്നും നമുക്ക് അന്നേ അറിയാമായിരുന്നു. പക്ഷേ ഒരു സര്‍‍ക്കാരും ഇത്രമേല്‍ ജനങ്ങളെ പരിഹസിക്കാന്‍ മുതിരുമെന്ന് ആരും വിശ്വസിച്ചിരിക്കില്ല.  

 

രാജ്യാന്തരവിപണിയിലെ വിലയനുസരിച്ച് ദൈനംദിനം ഇന്ധനവില ഉയര്‍ത്താനാണ് നിര്‍ണയാധികാരം കൈമാറിക്കൊണ്ട് കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അവകാശം നല്‍കിയത്. പക്ഷേ ഇന്ത്യന്‍ വിപണി മോദിസര്‍ക്കാരിന്റെ കാലത്ത് രാജ്യാന്തരവിപണിക്കനുസൃതമായി നേട്ടങ്ങള്‍  അനുഭവിച്ചിട്ടേയില്ല. ക്രൂഡ് വില കുറയുമ്പോള്‍ മോദി സര്‍ക്കാര്‍ വിവിധ നികുതികള്‍ കുത്തനെ ഉയര്‍ത്തി ഇന്ധനവില ഉയര്‍ത്തി തന്നെ നിര്‍ത്തി. വില കൂടുമ്പോള്‍ തിരഞ്ഞെടുപ്പു കാലത്ത് വില പിടിച്ചു നിര്‍ത്തി. തിരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ വില കുത്തനെ ഉയര്‍ത്തി. കഴിഞ്ഞ നവംബറില്‍ ബാരലിന് 73 ഡോളറില്‍ നില്‍ക്കുമ്പോഴാണ് കനത്ത സമ്മര്‍ദവും മുന്നില്‍ നില്‍ക്കുന്ന തിരഞ്ഞെടുപ്പുകളും കണക്കിലെടുത്ത് എക്സൈസ് നികുതിയില്‍ നേരിയ കുറവ് വരുത്തിയത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇന്ധനനികുതികള്‍ 300 ശതമാനത്തോളമാണ് വര്‍ധിപ്പിച്ചത്. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് നികുതിയില്‍ നേരിയ കുറവു വരുത്തി. നാലര മാസം എണ്ണവില അനങ്ങാതെ പിടിച്ചു നിര്‍ത്തി. എന്നിട്ടും  ഇന്ത്യന്‍ എണ്ണവിപണിയില്‍ സ്വതന്ത്രമായ വിലനിര്‍ണയം നടക്കുന്നുവെന്നത് മോദി സര്‍ക്കാര്‍ പച്ചയ്ക്കു പറയുന്ന ഒരു വലിയ നുണ മാത്രമാണ്.  

 

ഭരണകക്ഷിക്കു തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വേണ്ടി എണ്ണക്കമ്പനികളെ ഉപയോഗിക്കുന്നത് ബി.ജെ.പിയെ രക്ഷിക്കുന്നു. കമ്പനികള്‍ കനത്ത നഷ്ടത്തിലാകുന്നു. നാലരമാസം ബി.ജെ.പിക്കു വേണ്ടി സഹിച്ച നഷ്ടം എണ്ണക്കമ്പനികളെ വന്‍നഷ്ടത്തിലേക്കു കൂപ്പു കുത്തിച്ചു. 10 ദിവസം കൊണ്ട് വില കുത്തനെ ഉയര്‍ത്തിയിട്ടും ദിവസം 55 ദശലക്ഷം ‍ഡോളര്‍ നഷ്ടത്തിലാണ് എണ്ണക്കമ്പനികള്‍ മുന്നോട്ടു പോകുന്നത്. അതുകൊണ്ട് വിലകൂട്ടുന്നത് തുടരുമെന്നുറപ്പ്. എണ്ണവില കൂട്ടുന്നതും കുറയ്ക്കുന്നതും ബി.ജെ.പിക്കു വേണ്ടിയാണെങ്കിലും അതിന്റെ നഷ്ടം സഹിക്കേണ്ടി വരാത്ത ഒരേയൊരു കക്ഷിയും ബി.ജെ.പി.സര്‍ക്കാര്‍ തന്നെയാണ്. കുത്തനെ ഉയര്‍ത്തിവച്ചിരിക്കുന്ന നികുതികള്‍ വില കൂട്ടുമ്പോഴും കുറയ്ക്കുമ്പോഴും കേന്ദ്രത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും എണ്ണവില ഉറപ്പിക്കുന്നു. ബി.ജെ.പിക്ക് അധികാരവും കേന്ദ്രത്തിന് വരുമാനവും മാത്രം ഉന്നംവയ്ക്കുന്ന ഈ ഇന്ധനവിലനിര്‍ണയസംവിധാനം രാജ്യത്തെ സാധാരണക്കാരനെയും പൊതുമേഖലാസ്ഥാപനങ്ങളെയും അടിമുടി തകര്‍ക്കുന്നു. കോവിഡാനന്തര പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന വ്യവസായങ്ങളും സാധാരണക്കാരന്റെ ജീവിതവും ഇന്ധനവിലക്കയറ്റം താങ്ങാനാകാതെ ആടിയുലയുന്നത് നോക്കിനില്‍ക്കുന്നു മോദി സര്‍ക്കാര്‍. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം വേണ്ടെയെന്നാണ് മോദി സര്‍ക്കാര്‍ അനുകൂലികളുടെ വാദം. തിരഞ്ഞെടുപ്പു കാലത്ത് പക്ഷേ എത്ര മാസമായാലും വികസനത്തിന് പണം വേണ്ട. എങ്ങനെയെങ്കിലും അധികാരം കിട്ടിയാല്‍ മതി. വല്ലാത്തൊരു തരം രാജ്യസ്നേഹമാണ് രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വികസനമെന്ന പേരില്‍ ജനങ്ങളെ ദൈനംദിനം കൊള്ളയടിക്കുക, അധികാരം പിടിക്കാന്‍ വേണ്ടി വികസനവാദവും അവധിക്കു വയ്ക്കുക. അധികാരം കിട്ടിക്കഴിഞ്ഞാലുടന്‍ ജനങ്ങളെ കൊള്ളയടിക്കുന്നത് തുടരുക. എണ്ണവിലയില്‍ മാത്രമല്ല അവശ്യമരുന്നുകളില്‍ പോലും പല മടങ്ങ് വര്‍ധന നടപ്പിലാക്കി ജനങ്ങളെ സ്നേഹിക്കുകയാണ് മോദി സര്‍ക്കാര്‍.  

 

അപ്പോള്‍ മോദിസര്‍ക്കാരിന്റെ നയം തിരുത്തിക്കാന്‍ പോരാടുന്ന കേരളത്തില്‍ എന്തു നടക്കുന്നു? ഇന്ധനവില കുറയ്ക്കുകയെന്നാവശ്യപ്പെട്ട് പണിമുടക്കുകയും ആ വിലക്കയറ്റത്തിന്റെ എല്ലാ ആനുകൂല്യവും അനുഭവിക്കുകയും ചെയ്യുന്ന സംസ്ഥാനസര്‍ക്കാരും ഏപ്രില്‍ മുതല്‍ പലവിധ വര്‍ധനകള്‍ നടപ്പിലാക്കിയിട്ടുണ്ട്. കുടിവെള്ളം മുതല്‍ ഭൂനികുതി വരെ എല്ലായിടത്തും കോവിഡാനന്തരകരുതല്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് കേരളവും.  

 

ബസ്ചാര്‍ജില്‍ കുത്തനെ വര്‍ധന പ്രഖ്യാപിച്ചു കഴിഞ്ഞു.വളരേ സാധാരണക്കാര്‍ മാത്രം നിലവില്‍ ആശ്രയിക്കുന്ന ബസ് – ഓട്ടോ–ടാക്സി ചാര്‍ജ് വര്‍ധന പ്രഖ്യാപിക്കുമ്പോഴും അതിന് കാരണമായി പറയുന്ന ഇന്ധനവിലയില്‍ സ്വന്തം പങ്കിലൊരു നഷ്ടം സഹിക്കാനും സംസ്ഥാനസര്‍ക്കാരും തയാറല്ല. തൊട്ടടുത്ത് തമിഴ്നാട്ടില്‍ മിനിമം ബസ്ചാര്‍ജ് 5 രൂപ, കേരളത്തില്‍ 10 രൂപ.  ഓരോ ദിവസവും 90 പൈസ വരെ ഉയര്‍ത്തുന്ന ഇന്ധനവില സംസ്ഥാനസര്‍ക്കാരിന്റെ വരുമാനവും ദിനേന കുത്തനെ ഉയര്‍ത്തുന്നുണ്ട്. പക്ഷേ ഇവിടെ നമ്മള്‍ പണിമുടക്കും ജീവിതസമരവും ഒന്നിച്ചു തന്നെ കൊണ്ടുപോകും. ഒപ്പം കുടിവെള്ളത്തിന് കുത്തനെ നിരക്കുയര്‍ന്നു. 5 ശതമാനമാണ് വെള്ളക്കരത്തിലെ വര്‍ധന.  ഭൂനികുതി വര്‍ധിച്ചു. വാഹനങ്ങള്‍ക്ക് ഹരിതനികുതി കൂടിയായി. റജിസ്ട്രേഷന്‍ ഫീസില്‍ വര്‍ധന വന്നിട്ടുണ്ട്. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള തെളിവെടുപ്പും പുരോഗമിക്കുകയാണ്. കുത്തനെ കൂട്ടാനുള്ള നിര്‍ദേശം KSEB റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചു കഴിഞ്ഞു. കോവിഡ് കാലം ജനതയുടെ വരുമാനത്തില്‍ എന്തു സ്വാധീനമുണ്ടാക്കി എന്നത് ചിന്തിക്കേണ്ട ബാധ്യതയേ ഇല്ലാത്ത തരത്തിലാണ് കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നത്. പക്ഷേ സംസ്ഥാനത്തെ ഒരു തീരുമാനവും ഇന്ധനവിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ താരതമ്യം ചെയ്യാനേ കഴിയില്ല. രാജ്യത്താകെ വ്യാപകമായി വിലക്കയറ്റം സംഭവിച്ചുകഴിഞ്ഞു. ഇന്ധനവിലയാണ് ഇന്ത്യന്‍ പൗരന്റെ ജീവിതത്തിന്റെ അടിത്തറയെ ഏറ്റവും സ്വാധീനിക്കുന്നതെന്ന് വ്യക്തമായി തിരിച്ചറിയുന്നതുകൊണ്ട് വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്ന ജനങ്ങള്‍ക്ക് മോദിസര്‍ക്കാരിന്റെ ഉജ്വലസമ്മാനമാണ് തിരഞ്ഞെടുപ്പാനന്തര ഇന്ധനവിലക്കയറ്റം.  

 

അധാര്‍മികവും പരിഹാസ്യവുമാണ് ഈ ഇന്ധനവിലനിര്‍ണയം എന്നതു മാത്രമല്ല പ്രശ്നം. ഒരു മറയുമില്ലാതെ സര്‍ക്കാരിന് ജനങ്ങളെ കബളിപ്പിക്കാം എന്നു വരുന്നത് ഒരു  സമൂഹത്തിന്റെ ആകെ വിശ്വാസ്യതയെയാണ് ബാധിക്കുന്നത്. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന് ഇങ്ങനെ ചെയ്യാമെങ്കില്‍ ആര്‍ക്കും ജനങ്ങളെ പറ്റിക്കാം. വിശ്വാസവഞ്ചന നടത്താം. പൊതുവ്യവഹാരത്തിലെ എല്ലാ മൂല്യങ്ങള്‍ക്കും മതിപ്പില്ലാതാക്കിത്തീര്‍ക്കുകയാണ് സര്‍ക്കാര്‍. പരസ്പരബഹുമാനം ആര്‍ക്കും വേണ്ട. വോട്ടിനു വേണ്ടി എന്തും ചെയ്യാം. നോട്ടിനു വേണ്ടിയും എന്തും ചെയ്യാം എന്ന് ഒരു സര്‍ക്കാര്‍ തന്നെ വഴികാണിക്കുകയാണ്. ഒരു സമൂഹത്തിന്റെ, ജനതയുടെ മൂല്യത്തകര്‍ച്ചയ്ക്കു കൂടിയാണ് ഈ ഇന്ധനവിലക്കയറ്റം ആക്കം കൂട്ടുന്നത്.