മുഖഛായ മാറ്റേണ്ടത് ലാത്തിത്തുമ്പിലോ?; മുഖ്യമന്ത്രി മറക്കുന്നതെന്ത്..?

parayathe-silver
SHARE

സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ നടക്കേണ്ട കാര്യങ്ങളെല്ലാം തലകീഴായി നടക്കുന്നതെന്തുകൊണ്ടാണ്? തുടര്‍ഭരണത്തിന്റെ ആത്മവിശ്വാസത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ മറന്നുപോകുന്നതെന്തുകൊണ്ടാണ് ? ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച് പൊലീസ് തേര്‍വാഴ്ച നടത്തിയാണോ സില്‍വര്‍ലൈന്‍ നടപ്പാക്കേണ്ടത്? 

കേരളത്തിന്റെ സ്വപ്നപദ്ധതിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ കേരളം കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് ഇത്. കേരളചരിത്രത്തിലെ ഏറ്റവും വലിയ വികസനപദ്ധതി എന്ന് അവകാശപ്പെടുന്ന സില്‍വര്‍ലൈന്‍ തുടങ്ങും മുമ്പേ സംഘര്‍ഷഭരിതപ്രതിഷേധങ്ങളിലെത്തുന്നതെന്തുകൊണ്ടാണ്? കേരളത്തിന്റെ മുഖഛായ മാറ്റേണ്ടത് ജനങ്ങളെ കൈകാര്യം ചെയ്യാന്‍ പൊലീസിനെ ഏല്‍പിച്ചുകൊണ്ടാണോ? 

നഷ്ടപ്പെടുന്ന കിടപ്പാടത്തിന്റെ പേരില്‍ മാത്രമല്ല ഈ ചോദ്യങ്ങള്‍ സര്‍ക്കാരിനു നേരെ ഉയരുന്നത്. പിണറായി സര്‍ക്കാര്‍ സില്‍വര്‍ലൈന്റെ കാര്യത്തില്‍ പുലര്‍ത്തുന്ന  ജനാധിപത്യവിരുദ്ധതയോടുള്ള ചോദ്യങ്ങളാണിത്.സമരം ചെയ്യുന്ന വീട്ടമ്മമാര്‍ക്കു നേരെ പൊലീസ് അതിക്രമം ചൂണ്ടിക്കാണിക്കുമ്പോള്‍ കുഞ്ഞിനെ സമരത്തിനു കൊണ്ടുവന്നതിന് അമ്മയ്ക്കെതിരെ കേസെടുത്തിരിക്കുകയാണ് പിണറായി സര്‍ക്കാര്‍.എല്ലാ സമരങ്ങളും പ്രതിപക്ഷത്തിന്റെയും വികസനവിരുദ്ധരുടെയും ആസൂത്രിതനീക്കമാണെന്ന് സര്‍ക്കാരും ഭരണപക്ഷവും തള്ളിക്കളയുന്നു. 

കല്ലുവാരിക്കൊണ്ടുപോയാല്‍ എന്നല്ല എന്തു ചെയ്താലും ഈ  പദ്ധതി തടയാന്‍ കഴിയില്ലെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറിക്കുറപ്പുണ്ട്. അതുമാത്രമാണ് സി.പി.എമ്മിന് സില്‍വര്‍ലൈന്‍ പദ്ധതിയിലുള്ള വ്യക്തതയും. ഈ പദ്ധതി ഏതു വിധേനയും നടപ്പാക്കും. കാരണം മുഖ്യമന്ത്രി അങ്ങനെ തീരുമാനിച്ചിട്ടുണ്ട്. എന്തെതിര്‍പ്പുയര്‍ന്നാലും ഏതു ചോദ്യം അവഗണിച്ചും ഈ പദ്ധതി നടപ്പാക്കേണ്ടിവരുന്നതെന്തുകൊണ്ടാണെന്ന് സി.പി.എമ്മിന് ബോധ്യമുണ്ടോ? വികസനം എന്ന ഒരൊറ്റ വാക്കില്‍ കേരളം എല്ലാ ചോദ്യങ്ങളും വിഴുങ്ങണോ? എന്തുകൊണ്ട് ഈ പദ്ധതി കേരളത്തിന് അനിവാര്യമാണ് എന്ന് വിശദമായി, നിരന്തരമായി, വ്യക്തമായി വിശദീകരിക്കുകയാണ് സി.പി.എം ചെയ്യേണ്ടത്. പ്രതിപക്ഷനേതാവിന്റെ മനോനില തെറ്റി എന്നാക്ഷേപിക്കുന്നതിനു പകരം ഓരോ ചോദ്യത്തിനും വസ്തുതാപരമായ വിശദീകരണത്തിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.  ജനങ്ങളെ വെല്ലുവിളിക്കുകയല്ല. 

എന്തെല്ലാം തടസങ്ങള്‍ ഉയര്‍ന്നാലും സില്‍വര്‍ലൈന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു. പല കുറി, പല വേദിയില്‍ മുഖ്യമന്ത്രി ഇത് പ്രഖ്യാപിച്ചു കഴിഞ്ഞതുമാണ്.  പക്ഷേ എന്തുകൊണ്ടാണ് സില്‍വര്‍ലൈന്‍ തന്നെ ഏതു വിധേനയും  നടപ്പാക്കേണ്ടി വരുന്നതെന്ന് മുഖ്യമന്ത്രി സഭയിലെന്നല്ല കേരളത്തിലെവിടെയും വസ്തുതാപരമായി വിശദീകരിച്ചിട്ടില്ല. അനിവാര്യമാണ്, അനിവാര്യമാണ് എന്നാവര്‍ത്തിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയും അണികളും ആവര്‍ത്തിക്കുന്നത്.  കേരളത്തിന്റെ യാത്രാവേഗത്തിന് സില്‍വര്‍ലൈന്‍ തന്നെയാണ് ഉത്തരമെന്ന് സര്‍ക്കാര്‍ കൂടുതല്‍ വ്യക്തമായി വിശദീകരിക്കേണ്ടതുണ്ട്. 

സില്‍വര്‍ലൈന്റെ കാര്യത്തില്‍ ഏറ്റവും അടിസ്ഥാനചോദ്യത്തിനുള്ള ഉത്തരത്തിലാണ് ഈ ഒളിച്ചുകളി. പിണറായി സര്‍ക്കാരിന്റെ സ്വപ്നപദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഒരു ദിവസം എത്രപേര്‍ക്ക് പ്രയോജനപ്പെടും? കേരളത്തിലെ ജനങ്ങളില്‍ എത്ര ശതമാനം സില്‍വര്‍ലൈനെ മാസത്തില്‍ ഒരിക്കലെങ്കിലും ആശ്രയിക്കും? ഈ കണക്കും പദ്ധതിച്ചെലവും പദ്ധതിക്കു വേണ്ടി സഹിക്കേണ്ടി വരുന്ന ആഘാതവും തമ്മില്‍ പൊരുത്തപ്പെടുമോ? അടുത്ത അഞ്ചു വര്‍ഷം കഴിയുമ്പോഴേക്കും കേരളത്തിന്റെ ഗതാഗതസൗകര്യങ്ങള്‍ എങ്ങനെ വികസിക്കേണ്ടിവരും? അതില്‍ വന്‍ചെലവും പരിശ്രമമവും വേണ്ടിവരുന്ന സില്‍വര്‍ലൈന് എത്ര ശതമാനം പങ്കാളിത്തം വഹിക്കാനാകും? ഈ ചോദ്യങ്ങള്‍ക്കുത്തരം മുഖ്യമന്ത്രി പിണറായി വിജയനു മാത്രം ബോധ്യപ്പെട്ടാല്‍ പോര. കേരളത്തിനു ബോധ്യപ്പെടണം. അതുകൊണ്ട് വ്യക്തമായ വിശദീകരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണം. അതുവരെ പൊലീസ് കാവലിലുള്ള കല്ലിടല്‍ നിര്‍ത്തിവയ്ക്കണം. സ്വപ്നപദ്ധതികള്‍ക്ക് കല്ലിടേണ്ടത് കണ്ണീരിലും കയ്യൂക്കിലുമല്ല. 

കേരളത്തിന് സില്‍വര്‍ലൈന്‍ പദ്ധതി തന്നെയാണോ അനിവാര്യം എന്ന ചോദ്യത്തിന്  ആണ് എന്ന് വസ്തുതാപരമായി വിശദീകരിക്കുന്ന ഒരു കണക്കും സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തുടക്കം മുതല്‍ അനാവശ്യമായ രഹസ്യാത്കത പുലര്‍ത്തിയിരുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നപ്പോഴാകട്ടെ പഠനറിപ്പോര്‍ട്ടുകളും വിശദപദ്ധതിരേഖയും തമ്മില്‍ പോലും പൊരുത്തക്കേടുകളുണ്ട്. 

പ്രതിപക്ഷനേതാവിന് തുടര്‍ച്ചയായ പരാജയങ്ങളില്‍ മനോനില തെറ്റിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഡേറ്റാ തിരിമറിയെന്ന് പ്രതിപക്ഷനേതാവ് ഗുരുതരമായ ആരോപണങ്ങള്‍ ആവര‍്ത്തിച്ചിട്ടും മുഖ്യമന്ത്രി വ്യക്തമായ മറുപടി പറഞ്ഞില്ല. ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി മുഖ്യമന്ത്രി കേരളത്തിനു മുന്നിലെത്തേണ്ടതുണ്ട്. എന്തുകൊണ്ട് സില്‍വര്‍ലൈന്‍ തന്നെ നടപ്പാക്കണം? 

പദ്ധതിയില്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ മാത്രം ചോദ്യമല്ല ഇത്. കേരളത്തെയാകെ ബാധിക്കുന്ന,കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥയെ ബാധിക്കുന്ന, പരിസ്ഥിതിയെ ബാധിക്കുന്ന ഒരു പദ്ധതിയുടെ പ്രയോജനം എത്രയെന്ന് കാര്യമാത്രപ്രസക്തമായി ചര്‍ച്ച നടക്കണം.  സില്‍വര്‍ലൈനെ എത്ര പേര്‍  ആശ്രയിക്കുമെന്നു മാത്രമല്ല, കേരളത്തിനാകെ ആവശ്യമായ ഗതാഗതസൗകര്യങ്ങളില്‍ എത്ര ശതമാനം ബദലാകാന്‍ സില്‍വര്‍ലൈന് കഴിയും? ദേശീയപാതകളും മറ്റു റോഡുകളും എത്രമാത്രം വികസിക്കും?സില്‍വര്‍ലൈനെ ആശ്രയിക്കാനാകാത്ത ഗതാഗതആവശ്യങ്ങളുള്ളവര്‍ക്കായി എന്താണ് സര്‍ക്കാരിന്റെ പദ്ധതി. സില്‍വര്‍ ലൈന്‍ കടന്നു പോകാത്ത വയനാട്, ഇടുക്കി, കോട്ടയം ജില്ലകളില്‍ പൊതുഗതാഗതവികസനം എങ്ങനെയാണ് പ്ലാന്‍ ചെയ്യുന്നത്? കേരളത്തിന്റെ മറ്റു പൊതുഗതാഗതസൗകര്യങ്ങളില്‍ എന്തു വികസനമാണ് ഉദ്ദേശിക്കുന്നത്?

ഈ ചോദ്യങ്ങളെല്ലാം ഉന്നയിക്കുന്നതാരായാലും വ്യക്തമായ മറുപടി ആവശ്യമാണ്. വസ്തുതാപരമായ ചോദ്യങ്ങള്‍ ഉന്നയിക്കേണ്ട ഭരണപക്ഷാനുകൂലികളാകട്ടെ മറിച്ചൊരു സാധ്യതയും പ്രതിരോധവും പരിശോധിക്കേണ്ടെന്ന മാനസിക അടിമത്തത്തിലേക്കു കൂപ്പുകുത്തിയിരിക്കുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നവരെല്ലാം വികസനവിരുദ്ധരും തീവ്രവാദികളുമാക്കപ്പെടുന്നു. 

പരിസ്ഥിതി ആഘാതപഠനവും സാമൂഹ്യാഘാതപഠനവും  നടക്കുന്നതയേള്ളൂ. അതിനു മുന്‍പ് തന്നെ ഇത്രമേല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കേണ്ട കാര്യമെന്താണ്? പ്രതിപക്ഷം സമരം മുതലെടുക്കുന്നുവെന്നാണ് ആരോപണമെങ്കില്‍ ഇതേ ജനങ്ങളോട് ഭരണപക്ഷത്തിനും സംവദിക്കാവുന്നതല്ലേ? എന്തുകൊണ്ടാണ് കേരളത്തിന് അനിവാര്യമായ പദ്ധതിക്കായി ജനാധിപത്യപരമായ സംവാദത്തിന് സര്‍ക്കാര്‍ മുതിരാത്തത്? പ്രതിപക്ഷനേതാക്കളെത്തി ജനങ്ങളെ പേടിപ്പിച്ച് സമരത്തിന് ഇറക്കുന്നുവെന്നാണെങ്കില്‍ മന്ത്രിമാര്‍ക്കും മുന്നണി നേതാക്കള്‍ക്കും ഇറങ്ങി ജനങ്ങളെ ബോധവല്‍ക്കരിക്കാമല്ലോ. അതിനൊന്നും തയാറാകാതെ എങ്ങനെയും നടപ്പാക്കുമെന്ന് ഓരോ രാവിലെയും മുഖ്യമന്ത്രി വെല്ലുവിളി ആവര്‍ത്തിക്കുന്നതാണോ ജനാധിപത്യം?

എന്തുകൊണ്ട് സില്‍വര്‍ലൈന്‍ തന്നെ വേണം എന്ന ചോദ്യം സില്‍വര്‍ലൈന്‍ വേണ്ട എന്ന ഉത്തരമാണോ? അങ്ങനെയല്ല.സില്‍വര്‍ ലൈന്റെ സാധ്യതകള്‍ തള്ളിക്കളയാനാകാത്ത വിധം  കേരളത്തിനാവശ്യമുള്ളതാണ്. പക്ഷേ പദ്ധതിയില്‍ വ്യക്തത വേണ്ടേ എന്നതാണ് ചോദ്യം. വ്യക്തത വരുത്തിയ ശേഷമല്ലേ കല്ലിടലും ജനങ്ങളെ നേരിടലും നടക്കേണ്ടത്. 

പ്രതിപക്ഷം പുതിയ റയില്‍വെ പദ്ധതികളെയാകെ എതിര്‍ത്തിട്ടില്ല, സില്‍വര്‍ലൈന്‍ ഈ രീതിയില്‍ നടപ്പാക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നാണ് അവര്‍നിയമസഭയിലും പുറത്തും പറയുന്നത്. സബര്‍ബന്‍ റയില്‍, ഭരത്്മാല,  നിലവിലെ ലൈനിനെ മെച്ചപ്പെടുത്തല്‍ ഇവയാകാം എന്നും സില്‍വര്‍ലൈന്‍ പാരിസ്ഥിതികമായും സാങ്കേതികമായും സാമ്പത്തികമായും സാമൂഹികമായും സാധ്യമല്ല എന്നുമാണ് പ്രതിപക്ഷവാദം. ഇതില്‍ ഏറ്റവും ഗുരുതരമായി ആശങ്ക ഉയര്‍ത്തുന്നത്  സാമ്പത്തികബാധ്യതയിലും പാരിസ്ഥിതിക പ്രശ്നങ്ങളിലുമാണ്. 

പഴകിയ സാങ്കേതിക വിദ്യഉപയോഗിക്കാനുള്ള നീക്കം ആത്മഹത്യാപരമാണെന്നും പ്രതിപക്ഷം വാദിക്കുന്നു. ജനങ്ങള്‍ക്കാശങ്കയുള്ള  ഏതു സാഹചര്യത്തിലും അവര്‍ക്കൊപ്പം നില്‍ക്കാന്‍ പ്രതിപക്ഷത്തിന് ബാധ്യതയുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതിയോട് എന്തു സമീപനം സ്വീകരിക്കണമെന്ന് തുടക്കത്തില്‍ പ്രതിപക്ഷത്തു പോലും ആശങ്ക പ്രകടമായിരുന്നു. കാരണം വേഗമേറിയ ഒരു പൊതുഗതാഗതസംവിധാനം കേരളത്തില്‍ വേണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആ  പൊതുഗതാഗതസംവിധാനം  സില്‍വര്‍ ലൈന്‍ തന്നെയാണോ എന്ന സംശയമാണ് സര്‍ക്കാര്‍ തീര്‍ത്തു മുന്നോട്ടു പോകേണ്ടത്. യു.ഡി.എഫിന്റെ അതിവേഗറെയില്‍പദ്ധതി ഔദ്യോഗികമായി ഉപേക്ഷിച്ചിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് കൃത്യമായി മറുപടി പറയാന്‍ പ്രതിപക്ഷത്തിനായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.ഇനി പദ്ധതിക്ക് അന്തിമഅനുമതി നല്‍കേണ്ട കേന്ദ്രഭരണകക്ഷിയിലേക്കു പോയാലോ? കേന്ദ്രറെയില്‍വേ മന്ത്രി പറയുന്നു. തത്വാധിഷ്ഠിത അനുമതിയുണ്ട്. പക്ഷേ ഭൂമി ഏറ്റെടുക്കാനാകില്ല. പക്ഷേ പദ്ധതിയുമായി മുന്നോട്ടു പോകരുതെന്നോ സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നോ പദ്ധതിയില്‍ പങ്കാളിത്തം കൂടിയുള്ള റെയില്‍വേ പറയുന്നില്ല. ഇവിടെ പ്രതിഷേധക്കാര്‍ക്കിടയിലെത്തുമ്പോള്‍ പക്ഷേ പദ്ധതി വേണ്ടെന്ന് ബി.െജ.പിക്ക് വ്യക്തതയാണ്. ജീവിതത്തിന്റെ ആശങ്കകളുമായി പ്രതിഷേധത്തിനിറങ്ങുന്ന മനുഷ്യരെ രാഷ്ട്രീയതര്‍ക്കങ്ങളിലും കുതന്ത്രങ്ങളിലും കുരുക്കി ആരും കബളിപ്പിക്കരുത്. അതേസമയം പ്രതിഷേധത്തിനിറങ്ങുന്ന സാധാരണക്കാരില്‍ ഭൂരിപക്ഷവും പദ്ധതിയെ അല്ല എതിര്‍ക്കുന്നതെന്ന് വ്യക്തമാണ്. സര്‍ക്കാരിന്റെ അധികാരധാര്‍ഷ്ട്യത്തെയും ജനാധിപത്യവിരുദ്ധതയെയുമാണ് അവര്‍ ചോദ്യം ചെയ്യുന്നത്. പദ്ധതി നടപ്പാക്കുന്നതെങ്ങനെയെന്നും പുനരധിവാസം എങ്ങനെയെന്നും ആഘാതം എത്രയെന്നും വിശദമായി ബോധ്യപ്പെടുത്തൂവെന്നാണ് അവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത്. അത് അവരുടെ അവകാശം തന്നെയാണ്. പ്രതിപക്ഷം പോലും സമരക്കാരുടെ പിന്നില്‍ സുരക്ഷിതമായി നിലയുറപ്പിക്കുന്നത് അതിവേഗപൊതുഗതാഗതസംവിധാനം വേണം എന്ന തിരിച്ചറിവില്‍ തന്നെയാണ്. പക്ഷേ ജനാധിപത്യപരമായ സംവാദങ്ങളിലൂടെ വ്യക്തത വരുത്തിയേ സര്‍ക്കാര്‍ അടുത്ത ചുവട്  മുന്നോട്ടു വയ്ക്കാവൂ. 

വിശ്വാസത്തോടെ തുടര്‍ഭരണം ഏല്‍പിച്ച ജനതയോട് പൂര്‍ണജനാധിപത്യമര്യാദ പുലര്‍ത്തേണ്ടത് സംസ്ഥാനസര്‍ക്കാരാണ്. പദ്ധതിയുടെ വിശദാംശങ്ങളില്‍ ഇനിയും തുറന്ന ചര്‍ച്ച വേണം. അനിവാര്യത ജനതയ്ക്കു കൂടി ബോധ്യപ്പെടണം. മറുവാദങ്ങള്‍ക്കും മറുസാധ്യതകള്‍ക്കും തൃപ്തികരമായ മറുപടി കിട്ടണം. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ അടിച്ചേല്‍പിച്ചല്ല ഒരു വികസനപദ്ധതിയും അടിത്തറയിടേണ്ടത്. വികസനത്തേക്കാള്‍ വിലപ്പെട്ടത് ജനാധിപത്യം തന്നെയാണ്. സില്‍വര്‍ലൈനില്‍ വിശാലമായ, വിശദമായ തുറന്ന ചര്‍ച്ചകള്‍ക്കും വിശദീകരണങ്ങള്‍ക്കും പിണറായി സര്‍ക്കാര്‍ തയാറാകണം. 

MORE IN PARAYATHE VAYYA
SHOW MORE