ഹിജാബില്‍ ഒറ്റച്ചോദ്യം മാത്രം; നിങ്ങള്‍ വിശ്വാസത്തിനൊപ്പമോ വര്‍ഗീയതയ്ക്കൊപ്പമോ?

parayathe-vayya
SHARE

വേണം എന്നും വേണ്ട എന്നുമുള്ള രണ്ടു വാക്കുകൾ തമ്മിലുള്ള വ്യത്യാസം അറിയാത്തവരായി ആളുകളുണ്ടോ ? ഒരു അവകാശം വേണം എന്നാവശ്യപ്പെടുന്നതും വേണ്ട എന്നു നിര്‍ബന്ധിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ പ്രയാസമുണ്ടോ?  ഹിജാബ് ധരിക്കാന്‍ അവകാശം വേണം എന്നാവശ്യപ്പെടുന്നതും ഹിജാബ് അനുവദിക്കരുത് എന്ന വിദ്വേഷവുമായി പ്രതിഷേധിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്? അതാണ് വിശ്വാസവും വര്‍ഗീയതയും തമ്മിലുള്ള വ്യത്യാസം. നിങ്ങള്‍ക്ക് വിശ്വാസിയാകാം, വര്‍ഗീയവാദിയാകാനാകില്ല. കര്‍ണാടകയിലെ ഒരു കോളജില്‍ തുടങ്ങി ഇപ്പോള്‍ രാജ്യമാകെ പടര്‍ന്നു പിടിക്കുന്ന ഹിജാബ് വിവാദത്തെ ഇത്രയും ലളിതമായി മനസിലാക്കാവുന്നതേയുള്ളൂ. ഏതു പക്ഷത്തു നില്‍ക്കണമെന്നു സംശയിക്കുന്നവരോട് ഒരൊറ്റ ചോദ്യമേയുള്ളൂ, നിങ്ങള്‍ വിശ്വാസത്തിനൊപ്പം നില്‍ക്കുമോ, വര്‍ഗീയതയ്ക്കൊപ്പം നില്‍ക്കുമോ? 

ഹിജാബ് വിവാദത്തില്‍  ആദ്യം ഹിജാബ് എന്താണെന്ന് അറിയണം. മലയാളികള്‍ക്ക് തട്ടം എന്നു പറഞ്ഞാല്‍ മനസിലാകും. തട്ടം ശിരസിനു ചുറ്റി പിന്‍ ചെയ്്തുവയ്ക്കുന്നതാണ് ഹിജാബ്. മുഖം വ്യക്തമായി കാണാനാകുന്ന ശിരോവസ്ത്രം. എന്നാല്‍ ചര്‍ച്ചകളില്‍ സംഘപരിവാര്‍ പ്രതിനിധികള്‍ പറയുമ്പോള്‍ ഹിജാബ് എന്നാല്‍ കണ്ണു മാത്രം പുറത്തു കാണുന്ന ആകെ മൂടുന്ന ശിരോവസ്ത്രമാണ് എന്നാണ് ധ്വാനി. 

ഹിജാബ് എന്നാല്‍ എന്താണ് എന്നു പോലും അറിയാതെയാണ്, അഥവാ പറയാതെയാണ് ഹിജാബിനെ എതിര്‍ക്കുന്ന ഒരു പക്ഷം തെറ്റിദ്ധാരണ പരത്തിക്കൊണ്ടേയിരിക്കുന്നത്. കാരണം ഹിജാബ് ഇപ്പോള്‍ സ്ത്രീകളുടെ ശിരോവസ്ത്രമല്ല, സൂക്ഷ്മമായി തിരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രീയ ആയുധമാണ്.  

അതുകൊണ്ട് എല്ലാ മനുഷ്യരും മാസ്ക് ധരിച്ചു പുറത്തിറങ്ങുന്ന ഒരു കാലത്ത് ഹിജാബ് ഒരു സുരക്ഷാപ്രശ്നമാണ് എന്നൊന്നും വാദിച്ചുകളയരുത്. ഹിജാബ് ക്ലാസിലും ധരിക്കാന്‍ അനുവദിക്കണമെന്ന ഒരു കൂട്ടം മുസ്‍ലിം പെണ്‍കുട്ടികളുടെ ആവശ്യത്തില്‍ മറ്റാര്‍ക്കെങ്കിലും പ്രശ്നമുണ്ടാകേണ്ട കാര്യമെന്താണ്? അതതു കോളജ് അധികൃതര്‍ക്ക് ആ അപേക്ഷ അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യാം. അതിനെതിരെ ആ പെണ്‍കുട്ടികള്‍ക്കു കോടതിയിലും പോകാം. ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ കാര്യത്തില്‍ ഇതേ സംഭവിച്ചിട്ടുള്ളു. പക്ഷേ അനുവദിക്കരുത് എന്നാവശ്യപ്പെടുന്നവരോ? ഹിജാബ് അനുവദിക്കരുത് എന്നാവശ്യപ്പെട്ടു സംഘടിതമായി പ്രതിഷേധം നടത്തിയവരുടെ ലക്ഷ്യമെന്താണ്? വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയഅജന്‍ഡകള്‍ പ്രകടനം നടത്തുന്നതു തന്നെയാണ് കര്‍ണാടകത്തില്‍ കാണുന്നത്. 

ഉഡുപ്പിയിലെ പ്രീയൂണിവേഴ്സിറ്റി കോളജില്‍ തുടങ്ങിയ ഹിജാബ് വിവാദമാണ് സംഘപരിവാര്‍ രാജ്യമെങ്ങും കത്തിപ്പടര്‍ത്തുന്നത്. ഡിസംബറിലാണ് ഉഡുപ്പിയിലെ ഗവ.പി.യു. കോളജില്‍ ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണം എന്നാവശ്യവുമായി കോളജ് അധികൃതരെ സമീപിക്കുന്നത്. ആവശ്യം നിരസിക്കപ്പെട്ടു. ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നതാണെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പെണ്‍കുട്ടികള്‍ നിലപാടെടുത്തു.  ഇത്രയും സ്വാഭാവികമാണ്. പക്ഷേ വിശ്വാസപ്രകാരം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തിനെതിരെ മറ്റൊരുവിഭാഗം വിദ്യാര്‍ഥികള്‍ വ്യാപക പ്രതിഷേധം തുടങ്ങി. പ്രതിഷേധം മാത്രമല്ല, അവര്‍ കാവി ഷാളുകളും ധരിച്ച് സംഘര്‍ഷാത്മകമായ മുദ്രാവാക്യങ്ങളുമായി പ്രകോപനം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. എന്നു മാത്രമല്ല, ദക്ഷിണകര്‍ണാടകയിലെ പല കോളജുകളിലും സംഘടിതമായി ഹിജാബിനെതിരെ ആക്രമണോല്‍സുക മുദ്രാവാക്യങ്ങളുമായി വന്‍ കാവി പ്രകടനങ്ങള്‍ നടന്നു.   

ഈ ദൃശ്യങ്ങള്‍ മാണ്ഡ്യയിലെ PES ആര്‍ട്സ് കോളജില്‍ നിന്നാണ്. ഈ മുദ്രാവാക്യങ്ങള്‍ ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ എന്നല്ല, ഒരു പൊതുസമൂഹത്തിലും മുഴങ്ങേണ്ടതല്ല. പക്ഷേ അങ്ങനെ രണ്ടു പക്ഷത്തെ സൃഷ്ടിച്ചെടുക്കുകയെന്ന പൊളിറ്റിക്കല്‍ പ്രോജക്റ്റിലെ പ്രോഗ്രാംസ് മാത്രമായി മാറുകയാണ് സ്വയമറിയാതെ ഈ വിദ്യാര്‍ഥികള്‍. ഹിജാബ് അനുവദിക്കാത്തതിനെതിരെ ഉഡ‍ുപ്പി കോളജിലെ വിദ്യാര്‍ഥികള്‍ ജനുവരി 31ന് കോടതിയില്‍ പരാതി ഫയല്‍ ചെയ്തതോടെയാണ് ക്യാംപസുകളില്‍ വ്യാപകമായ കാവിക്കൊടി പ്രതിഷേധങ്ങള്‍ അരങ്ങേറിയതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ്.  

ഹിജാബ് അനുവദിക്കണമെന്ന് കോടതിയില്‍ ആവശ്യമുന്നയിക്കപ്പെട്ടാല്‍ കോടതി സാഹചര്യങ്ങള്‍ വിലയിരുത്തി , മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ച് ഒരു തീരുമാനം പറയും. സമാനമായ ഹര്‍ജികളില്‍ അനുകൂലമായും പ്രതികൂലമായും കോടതിവിധികളുണ്ട്. പക്ഷേ ഇതങ്ങനെ കോടതി തീരുമാനിക്കേണ്ട എന്നു തന്നെയാണ് കാവിപ്രതിഷേധങ്ങളില്‍ മുദ്രാവാക്യം മുഴങ്ങിയത്. ഹിജാബ് ധരിക്കാന്‍ അനുവദിക്കണം  എന്ന് ഏതു ഇന്ത്യന്‍പൗരനും കോടതിയോട് അഭ്യര്‍ഥിക്കാം. പക്ഷേ ഹിജാബ് ധരിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വിദ്വേഷം പ്രചരിപ്പിക്കാന്‍ ഏതു ഇന്ത്യന്‍ പൗരനാണ് അവകാശം? വര്‍ഗീയമുതലെടുപ്പിന്റെ വിളനിലമായി ദക്ഷിണകര്‍ണാടകയെ മാറ്റാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നതാരാണ്? അവര്‍ക്കു പിന്നണിയില്‍ ചരടുവലിക്കുന്നതാരാണ്. ഉത്തരത്തില്‍ ആശയക്കുഴപ്പമൊന്നുമില്ല. പക്ഷേ അപരമതവിദ്വേഷവും വര്‍ഗീയരാഷ്ട്രീയവും എല്ലാ പരിധികളും ലംഘിക്കുന്ന കാഴ്ചകളാണ് കോളജുകളില്‍ കാണുന്നത്.  

ഹിജാബ് ക്ലാസ്മുറികളില്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതികളില്‍ ഹര്‍ജികള്‍ എത്തുന്നത് ഇതാദ്യമായല്ല.അനുകൂലമായും പ്രതികൂലമായും കോടതി ഇത്തരം കേസുകളില്‍ വിധി പുറപ്പെടുവിച്ചിട്ടുമുണ്ട്. പക്ഷേ വ്യക്തികളുടെ പ്രശ്നത്തെ ഒരു രാഷ്ട്രീയവിഷയമാക്കി മാറ്റാന്‍ തീരുമാനിച്ചു കഴിഞ്ഞവര്‍ക്ക് ഇതൊരു ഹര്‍ജിയില്‍ തീരുമാനമാകേണ്ട വിഷയമായി വിട്ടുകൊടുക്കാനാകില്ല. കേരളത്തില്‍ തന്നെ പല അവസരങ്ങളില്‍ ഹിജാബ് ക്ലാസ്മുറികളില്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചവരുണ്ട്. 2018ല്‍ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ രണ്ട് മുസ്‍ലീം വിദ്യാര്‍ഥിനികള്‍ ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. സ്കൂളില്‍ കുട്ടികളുടെ വസ്ത്രം എന്താകണമെന്ന് തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസസ്ഥാപനത്തിനു പൂര്‍ണഅവകാശമുണ്ടെന്നായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ വിധി. വിദ്യാര്‍ഥിനികളുടെ ഹര്‍ജി അനുവദിക്കപ്പെട്ടില്ല. തീരുമാനമെടുക്കാനുള്ള അവകാശം ആ സ്കൂളിനാണെന്നു കോടതി വ്യക്തമായി രേഖപ്പെടുത്തി. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ സ്വന്തം വിശ്വാസവും ധാരണകളും പിന്തുടരാന്‍ ഒരു വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും വ്യക്തിസ്വാതന്ത്ര്യത്തേക്കാള്‍ സ്ഥാപനത്തിന്റെ യൂണിഫോം കോഡാണ് പ്രധാനമെന്നു കോടതി വിലയിരുത്തി. മറിച്ച് ഹിജാബ് മതവിശ്വാസത്തിന്റെ അനിവാര്യമായ പ്രകടനമാണെന്നു വിലയിരുത്തിയ കോടതിവിധികളുമുണ്ടായിട്ടുണ്ട്. കേരളത്തില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് ഹിജാബ് അനുവദിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ സംസ്ഥാനസര്‍ക്കാരും അതിനെതിരെയാണ് നിലപാടെടുത്തത്. കോടതിയിലും ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.  

അപ്പോള്‍ ദക്ഷിണകര്‍ണാടകത്തിലെ കോളജുകളില്‍ ഹിജാബ് നിരോധിച്ചാല്‍ എന്താണു പ്രശ്നം എന്നു സംശയം തോന്നുന്നുണ്ടോ. ഹിജാബ് വേണമെന്ന് വിദ്യാര്‍ഥിനികളും വേണ്ടെന്നോ വേണമെന്നോ കോളജുകളും കോടതികളും തീരുമാനിക്കുന്നതില്‍  പ്രശ്നമില്ല. കര്‍ണാടകത്തില്‍ പക്ഷേ മൂന്നാംകക്ഷികള്‍ ഇടപെടുന്നിടത്താണ് വര്‍ഗീയരാഷ്ട്രീയത്തിന്റെ അപായം ഉയരുന്നത്. മുസ്‍ലിം പെണ്‍കുട്ടികള് എന്തു ധരിക്കണമെന്നു തീരുമാനിക്കാന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് എന്താണ് അവകാശം? നിങ്ങളാരാണ്  അതു തീരുമാനിക്കാന്‍? നിങ്ങള്‍ക്കെന്താണ് പ്രശ്നം? പ്രശ്നങ്ങളൊഴിവാക്കാന്‍ ദയവായി നിങ്ങള്‍ അവകാശത്തിനായി വാദിക്കാതിരിക്കൂ എന്നാണോ മുസ്‍ലിം പെണ്‍കുട്ടികളോട് ഇന്ത്യന്‍ ജനത പറയേണ്ടത്. അങ്ങനെ പറയാന്‍ നിങ്ങള്‍ക്കു തോന്നുന്നുണ്ടെങ്കില്‍ അതു തന്നെ സംഘപരിവാറിന്റെ വിജയമാണ്. മറ്റു മതസ്ഥര്‍ എങ്ങനെ ജീവിക്കണമെന്ന് ‍ഞങ്ങള്‍ തീരുമാനിക്കും. പ്രചരിപ്പിക്കും. നിങ്ങള്‍ ഒന്നുകില്‍ അനുസരിക്കുക, അല്ലെങ്കില്‍ സംഘര്‍ഷം നേരിടുക എന്ന നിശബ്ദമായ ഭീഷണിയാണ് ഇന്ന് നമ്മള്‍ ഓരോരുത്തരും നേരിടുന്നത്.  

പ്രത്യക്ഷത്തില്‍ ബി.ജെ.പി. ഹിജാബിനെതിരായ സമരത്തില്‍ രംഗത്തില്ല. പക്ഷേ പ്രതിഷേധം ആളിക്കത്തിക്കുന്നതെല്ലാം ശ്രീരാമസേന, ഹിന്ദു ജാഗരണ വേദികെ, ബജ്റംഗ്ദള്‍, വി.എച്ച്.പി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ്. കോടതിയിലും രാഷ്ട്രീയസംവാദത്തിലും ബി.ജെ.പി. സര്‍ക്കാരുകളും നേതാക്കളും ഹിജാബ് വിവാദത്തെ രാഷ്ട്രീയ ആയുധമാക്കുന്നു. പച്ചയായ വര്‍ഗീയവിദ്വേഷമാണ് മുദ്രാവാക്യങ്ങളാകുന്നത്. ഇതുവരെ ഒരു രാഷ്ട്രീയസംഘടനയിലും അംഗങ്ങളാകാത്ത വിദ്യാര്‍ഥികളെ പോലും ഹിജാബിനെതിരെ അണിനിരത്താന്‍ ഹിന്ദുത്വസംഘടനകള്‍ക്കു സാധിക്കുന്നുണ്ടെന്ന് നിരീക്ഷകര്‍ ആശങ്കപ്പെടുന്നു. ഒരു വിഭാഗം വിദ്യാര്‍ഥിനികള്‍ തങ്ങള്‍ക്ക് മതപരമായ ആചാരം പിന്തുടരാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെടുന്നതില്‍ ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്ക് എന്തു പ്രശ്നമാണുള്ളത്? പക്ഷേ ഇത് കൃത്യമായ രണ്ടു പക്ഷത്തേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതില്‍ സംഘപരിവാര്‍ അജന്‍ഡകള്‍ വിജയിക്കുന്നു. മുഖം മാത്രം മറയ്ക്കുന്ന ഹിജാബിനു വേണ്ടിയുള്ള സമരം നയിക്കാന്‍ ആകെ മൂടിക്കെട്ടിയ പര്‍ദയും നിഖാബും ധരിച്ച് പൊളിറ്റിക്കല്‍ ഇസ്ലാം സംഘടനാംഗങ്ങളും രാഷ്ട്രീയമുതലെടുപ്പിന് ഇതിനിടയില്‍ കൂടി അവസരം തേടുന്നുണ്ട്. കര്‍ണാടകയിലാകെ വിഭാഗീയ വിഷയമായി ഇതുയര്‍ത്തിക്കൊണ്ടുവരാന്‍ സംഘപരിവാര്‍ വ്യാപകമായ പദ്ധതികളൊരുക്കിയിട്ടുണ്ടെന്നു വ്യക്തം. അത് കര്‍ണാടകത്തില്‍ മാത്രമൊതുങ്ങുന്നതുമല്ല. പുതുച്ചേരിയിലും തെലങ്കാനയിലും മധ്യപ്രദേശിലുമെല്ലാം ഹിജാബിനെതിരെ പ്രചാരണം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. 

നമ്മുടെ രാജ്യം നമ്മുടെ വ്യക്തിപരമായ അവകാശങ്ങള്‍ ഭരണഘടനയില്‍ രേഖപ്പെടുത്തി ഉറപ്പു നല്‍കുന്ന സ്വതന്ത്രജനാധിപത്യരാജ്യമാണ്. നമ്മളെന്തു ചെയ്യണമെന്ന് നമ്മള്‍ എന്തു ധരിക്കണമെന്ന്, എന്തു ഭക്ഷിക്കണമെന്ന്  മറ്റാരെങ്കിലും തീരുമാനിക്കുന്നുവെങ്കില്‍ അത് സ്വാതന്ത്ര്യമല്ല. അത് മതത്തിന്റെ നിറം നോക്കിയാണെങ്കില്‍ വര്‍ഗീയത കൂടിയാണ്. ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ഏതെങ്കിലുമൊരു വിഭാഗം അവകാശങ്ങള്‍ ഉപേക്ഷിച്ചു മിണ്ടാതിരുന്നുകൂടേ എന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടെങ്കില്‍ ഏകാധിപത്യരാഷ്ട്രീയത്തിന്റെ ലക്ഷണമൊത്ത മാനസിക അടിമയായി നമ്മള്‍ മാറിക്കഴിഞ്ഞു എന്നു തന്നെയാണ് അര്‍ഥം. അതുകൊണ്ടു കൂടി ഹിജാബ് ധരിക്കണമെന്നാവശ്യപ്പെടാനുള്ള മുസ്‍ലിം പെണ്‍കുട്ടികളുടെ അവകാശത്തിനൊപ്പം തന്നെയാണ് മതേതരമനസുകള്‍ നിലകൊള്ളേണ്ടത്. അത് ഹിജാബിനുള്ള പിന്തുണയല്ല. അവകാശങ്ങള്‍ക്കുള്ള പിന്തുണയാണ്.  

ഹിജാബ്  അനുവദിക്കണമെന്ന ആവശ്യം ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതിയുടെ മുന്നിലാണ്. സുപ്രീംകോടതിയും കര്‍ണാടക ഹൈക്കോടതി തീരുമാനിക്കട്ടെ എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നു. എല്ലാ പൗരന്‍മാരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് സുപ്രീംകോടതി ഉറപ്പു നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഏതെങ്കിലും മതപരമായ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നത് താല്‍ക്കാലികമായി തട‍ഞ്ഞിരിക്കുകയാണ് ഹൈക്കോടതി. മതപരമായ അവകാശങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന ന്യായമായ നിയന്ത്രണങ്ങള്‍ ബാധകമാണെന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാലഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. യൂണിഫോം നിഷ്കര്‍ഷിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ മതഭേദമേന്യെ എല്ലാവരും അതു പാലിക്കണമെന്നാണ് ഇടക്കാലഉത്തരവ്. കാവി ഷാളുകളും ഹിജാബുകളും തല്‍ക്കാലം അനുവദനീയമല്ലെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ വാദം തുടരും. അതിനിടെ  കേരളത്തിന്റെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയും ഹിജാബിനെതിരെ രംഗത്തെത്തിയിട്ടുമുണ്ട്.  

പിന്തുണ ഹിജാബിനല്ല, അവകാശങ്ങള്‍ക്കാണ്. മതം അനുശാസിക്കുന്ന ഏതു വസ്ത്രവും വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണ്. അത് സ്ത്രീകളുടെ വ്യക്തിത്വത്തെ അടിച്ചമര്‍ത്തുന്നതാണെങ്കില്‍ പൂര്‍ണമായും സ്ത്രീവിരുദ്ധവുമാണ്. മതത്തെയും മതം നിലനിര്‍ത്തുന്ന പുരുഷാധിപത്യത്തെയും പ്രീണിപ്പിക്കാനുള്ള ഏതു വേഷവിധാനവും സ്ത്രീവിരുദ്ധമാണ്. പക്ഷേ അത് സ്ത്രീവിരുദ്ധമാണ് എന്നു പറയാനുളള അതേ അവകാശം ആ വേഷം സ്വീകരിക്കാനും ഒരു വ്യക്തിക്കുണ്ട്. സ്വന്തം വസ്ത്രം തിരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ അവകാശം  ചോദ്യം ചെയ്യപ്പെടാനാകില്ല. അത് മറ്റൊരു മതത്തിന്റെ ചിഹ്നങ്ങള്‍ പേറുന്നവര്‍ അഭിപ്രായം പറയേണ്ട വിഷയം പോലുമല്ല. അവിടെയാണ് ഹിജാബ് അനുവദിച്ചാല്‍ ഞങ്ങളും മതചിഹ്നങ്ങളുമായി വരും എന്ന ഭീഷണിയുമായി ഒരു സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ സംഘര്‍ഷഭരിതമാക്കുന്ന രാഷ്ട്രീയം ഇടപെടുന്നത്.  

മതം അടിച്ചേൽപ്പിക്കുന്ന ഏതു വസ്ത്രവും സ്ത്രീവിരുദ്ധമാണ്. പക്ഷേ ഹിജാബ് സ്ത്രീവിരുദ്ധം ആണോ അല്ലയോ എന്നതിനുള്ള ചർച്ചക്കുള്ള സമയം ഇതല്ല . ഹിജാബ് ധരിക്കേണ്ട എന്ന് ആരാണ് ഇപ്പോൾ പറയുന്നത് അതിനു പിന്നിലുള്ള രാഷ്ട്രീയം എന്താണ് എന്നത് മാത്രമാണ് ഇപ്പോൾ പ്രധാനം. മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കേണ്ട എന്ന് തീരുമാനിക്കാൻ ആർക്കാണ് അവകാശം? അവര്‍ക്കു തന്നെയാണ്, അവര്‍ക്കു മാത്രമാണ് അതിനുള്ള അവകാശം. നിലവില്‍ വസ്ത്രം  വിശ്വാസത്തേക്കാൾ ഏറെ ജീവിക്കുന്ന സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വസ്ത്രവും ധരിക്കാൻ ആരും നിർബന്ധിക്കുന്നില്ല എന്ന സാഹചര്യത്തിൽ സംസ്ക്കാരത്തിന് അനുസരിച്ച് വസ്ത്രം ധരിക്കാൻ എല്ലാ വിഭാഗങ്ങൾക്കും അവകാശമുണ്ട്.  അത്  മുസ്ലിം സ്ത്രീകൾക്ക് മാത്രമായി നിഷേധിക്കപ്പെടേണ്ടതല്ല. ഓരോ വിശ്വാസ സമൂഹത്തെയും അവരായി തന്നെ അംഗീകരിക്കാനും അവരായി തന്നെ ഉൾക്കൊള്ളാനും എന്നുമുതലാണ് ഇന്ത്യക്ക് പ്രശ്നമുണ്ടായി തുടങ്ങുന്നത് എന്നത് ഒരു പ്രധാന രാഷ്ട്രീയ ചോദ്യമാണ്.  ഈ അപരവല്ക്കരണം വിദ്വേഷത്തിന്റേതു മാത്രമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ യൂണിഫോം കോഡിന്റെ കാര്യം അതത് സ്ഥാപനങ്ങള്‍ തീരുമാനിക്കട്ടെ. അതില്‍ ഒരു രാഷ്ട്രീയവും ഇടപെടുന്നത് അനുവദിക്കാനാകില്ല. ഇപ്പോള്‍ നടക്കുന്നത് ആസൂത്രിതമായ ഒരു രാഷ്ട്രീയഗൂഢാലോചനയുടെ കരുനീക്കമാണ്. പരസ്പരം സ്നേഹിക്കുകയും സഹവര്‍ത്തിത്തത്തോടെ ജീവിക്കുകയും ചെയ്യുന്ന സമൂഹങ്ങളാണ് അതില്‍ കരുവാക്കപ്പെടുന്നത്. ജീവിതത്തിലെ ഏറ്റവും ക്രിയാത്മകവും സജീവവുമായ പ്രായത്തില്‍ സഹപാഠികളെ സംശയത്തോടെ വീക്ഷിക്കാനും വെറുക്കാനും പ്രേരിപ്പിക്കുന്ന ഏത് പ്രത്യയശാസ്ത്രവും ചെറുക്കപ്പെടേണ്ടതാണ്.  

മറ്റൊരാളുടെ മതമോ വിശ്വാസമോ വസ്ത്രധാരണമോ  നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കിൽ നിങ്ങളുടെ പ്രശ്നം ഏകത്വമൊന്നുമല്ല,  വിദ്വേഷം മാത്രമാണ്. മറ്റു മനുഷ്യരെ വെറുത്തു തുടങ്ങിയാൽ സൂക്ഷിക്കണം. നിങ്ങൾക്ക് പിന്നീട് ഒരിക്കലും മനുഷ്യനായി തിരിച്ചു വരാൻ കഴിഞ്ഞെന്നു വരില്ല. പ്രശ്നം മുസ്ലിം പെൺകുട്ടികളുടെ  തട്ടമല്ല. മറ്റൊരു മതത്തോടും വിശ്വാസത്തോടും സൂക്ഷ്മമായി നെയ്തെടുത്തു പ്രചരിപ്പിക്കപ്പെടുന്ന വിദ്വേഷ രാഷ്ട്രീയമാണ്.   എല്ലാവർക്കും ഒരേ വസ്ത്രം ആയാൽ എന്താണ് കുഴപ്പം  എന്ന ലളിത യുക്തികളിൽ  മതനിരപേക്ഷ ബോധത്തെ ആത്മഹത്യ ചെയ്യാൻ അനുവദിക്കരുത്. 

MORE IN PARAYATHE VAYYA
SHOW MORE