വിവാഹപ്രായം 21: ഒളിഞ്ഞിരിക്കുന്ന നീതീകേടുകളും സങ്കീര്‍ണതകളും

സ്ത്രീകള്‍ ഏതു പ്രായത്തില്‍ വിവാഹിതരാകണം? അത് ഭരണകൂടം തീരുമാനിക്കണോ, സ്ത്രീകള്‍ തീരുമാനിക്കണോ? ഇപ്പോള്‍ സ്വയം തീരുമാനമെടുക്കാന്‍ അവകാശം ലഭിക്കാത്ത ഭൂരിപക്ഷം സ്ത്രീകളെയും സഹായിക്കുന്നതാണോ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം? സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഒറ്റനോട്ടത്തില്‍ സ്വാഗതാര്‍ഹമായി തോന്നാമെങ്കിലും ഉള്ളടക്കത്തില്‍ ഒട്ടേറെ സങ്കീര്‍ണതകളും നീതിനിഷേധവും നിറഞ്ഞതാണ്. 

സ്ത്രീകളുടെ നിയമാനുസൃത വിവാഹപ്രായം പതിനെട്ടില്‍ നിന്ന് 21 ആയി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. തീരുമാനം ഉടന്‍ തന്നെ നിയമമായി പ്രാബല്യത്തില്‍ വരും. കേന്ദ്രവനിതാശിശുക്ഷേമ മന്ത്രാലയം രൂപീകരിച്ച പഠനസമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കേന്ദ്രമന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. നിലവില്‍ പുരുഷന്‍റെ വിവാഹപ്രായം മാത്രമായിരുന്നു 21. സ്ത്രീയുടേത് പതിനെട്ടായിരുന്നു. നടപ്പു പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ പുതിയ നിയമഭേദഗതി അംഗീകരിക്കപ്പെട്ടേക്കും. 2006ലെ ശൈശവവിവാഹനിരോധനനിയമമാണ് ഭേദഗതി ചെയ്യുന്നത്. ഒപ്പം വിവിധ വിഭാഗങ്ങളുടെ വ്യക്തിനിയമങ്ങളിലും ഭേദഗതിവരും.തീരുമാനത്തിനെതിരെ സാമൂഹ്യപ്രവര്‍ത്തകരും പ്രതിപക്ഷപാര്‍ട്ടികളും പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.

പിന്തിരിപ്പന്‍ മതമൗലികവാദികളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് സ്ത്രീവിമോചനത്തിനു വഴിയൊരുക്കുന്ന വിപ്ലവകരമായ തീരുമാനത്തെ എതിര്‍ക്കുന്നതെന്ന് കേന്ദ്രതീരുമാനത്തെ അനുകൂലിക്കുന്നവര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ ദേശീയ കുടുംബാരോഗ്യസര്‍വേ പ്രകാരം 18 വയസിനു മുന്‍പുള്ള വിവാഹങ്ങള്‍ 26.8 ശതമാനത്തില്‍ നിന്ന് 23.3 ശതമാനമായി കുറയുകയാണ് ചെയ്തതെന്ന് തീരുമാനം ദുരൂഹമാണെന്നു വാദിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. അതായത് സ്വാഭാവികമായി തന്നെ ശൈശവ വിവാഹങ്ങളില്‍ വലിയ തോതില്‍ കുറവുണ്ടായിരിക്കേ അതിന്റെ കാരണങ്ങള്‍ അവഗണിച്ചു കൊണ്ടാണ് പുതിയ തീരുമാനം അടിച്ചേല്‍പിക്കുന്നതെന്നാണ് വിമര്‍ശകരുടെ വാദം. 

സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതെന്തിനാണ് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം? ആ ചോദ്യവും ഉത്തരവും ഒരല്‍പം പ്രശ്നമാണ്. സ്ത്രീകള്‍ നേരിടുന്ന ചരിത്രപരമായ അനീതിയും അവഗണനയും പരിഹരിക്കാനുള്ള ഉത്തരവാദിത്തം സ്ത്രീകളുടെ തന്നെ തലയിലേല്‍പിക്കുകയാണ് ഈ തീരുമാനം. അതായത് നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ സ്ത്രീജീവിതം നേരിടുന്ന വെല്ലുവിളികള്‍ ഞങ്ങള്‍ക്കു മനസിലായി, പക്ഷേ അതു പരിഹരിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും നിങ്ങള്‍ സ്ത്രീകള്‍ക്കു തന്നെയാണ് എന്ന ഒഴിഞ്ഞുമാറല്‍ കൂടിയാണ് കേന്ദ്രത്തിന്റെ വിവാഹപ്രായം ഉയര്‍ത്തല്‍. സ്ത്രീകളുടെയും കുട്ടികളുടെയും പ്രസവാനന്തരമരണനിരക്ക് കുറയ്ക്കുക എന്നതും സ്ത്രീകള്‍ക്ക് സാമ്പത്തികസ്ഥിരതയുള്ള വ്യക്തിജീവിതം ഉറപ്പാക്കുക എന്നതുമാണ് പ്രധാന പ്രഖ്യാപിത ലക്ഷ്യങ്ങള്‍. അതിനുള്ള ഒറ്റമൂലി വിവാഹപ്രായം ഉയര്‍ത്തുന്നതാകുന്നതെങ്ങനെയാണ്? സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെയും ലക്ഷ്യബോധത്തോടെയും കൈകാര്യം ചെയ്യേണ്ട ഒരു സാഹചര്യത്തെ സ്ത്രീകളുടെ തന്നെ തലയില്‍ വച്ചു കൊടുക്കുകയാണ് ഈ തീരുമാനത്തിലൂടെ. അത് നീതിനിഷേധമാണ്.  സ്ത്രീകളുടെ ഉന്നമനം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജയ ജയ്റ്റ്‍ലി കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ ഏറ്റവും പ്രധാനം ഇപ്പോഴും സ്ത്രീയുടെ ആരോഗ്യ–സാമൂഹ്യസാഹചര്യങ്ങളില്‍ നിലനില്‍ക്കുന്ന കനത്ത അസന്തുലിതാവസ്ഥയാണ്. അത് പരിഹരിക്കാന്‍  എല്ലാ വിഭാഗങ്ങളിലെയും സ്ത്രീകള്‍ക്ക് പോഷകാഹാരം ഉറപ്പാക്കണമെന്നതാണ് ഒരു പ്രധാന ശുപാര്‍ശ. അതിനൊപ്പം സ്ത്രീകള്‍ക്കായി പ്രത്യേക തൊഴിലധിഷ്ഠിത വിദ്യാഭ്യാസപദ്ധതികളും തൊഴില്‍സാഹചര്യങ്ങളും രൂപപ്പെടുത്തണമെന്നും നിര്‍ദേശിക്കുന്നുണ്ട്. ഇതെല്ലാം ഒരുക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ബാധ്യതയായിരിക്കേ ഒരൊറ്റമൂലി പരിഹാരത്തിലൂടെ ഒളിച്ചോടുകയാണ് കേന്ദ്രസര്‍ക്കാര്‍. 

2015ലെ കുടുംബാരോഗ്യസര‍്വേ പ്രകാരം ഇന്ത്യയിലെ 50 ശതമാനം സ്ത്രീകളും ഗര്‍ഭാവസ്ഥയില്‍ അനീമിയ അഥവാ വിളര്‍ച്ചാ രോഗം നേരിടുന്നവരാണ്. ലോകത്തു തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണിത്. പ്രസവമരണനിരക്കും ശിശുമരണനിരക്കും ഏറ്റവും കുറഞ്ഞ നിലയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്ത്രീകളുടെ ശരാശരി വിവാഹപ്രായം ഉയര്‍ന്നു നില്‍ക്കുന്ന സംസ്ഥാനവും കേരളമാണ്. കേരളത്തിന്റെ സാമൂഹ്യസാംസ്കാരികപശ്ചാത്തലം മാത്രം വച്ച് ഇക്കാര്യത്തില്‍ ഒരു നിലപാടെടുക്കുന്നത് ഉചിതമാകില്ല. ശരിയായ പോഷണത്തിന്റെ അഭാവം പ്രായവുമായി പോലും ബന്ധപ്പെടുന്നതല്ല. മാതൃശിശു മരണനിരക്കും പ്രായത്തേക്കാളേറെ ആരോഗ്യാവസ്ഥയുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് കുടുംബാരോഗ്യസര്‍വേ കണക്കുകളില്‍ വ്യക്തമാണ്. അവിടെ സ്ത്രീകളുടെ വിവാഹപ്രായം മൂന്നു വര്‍ഷം വര്‍ധിപ്പിക്കുന്നതുകൊണ്ട് കാര്യമായ ഒരു സ്വാധീനവുമുണ്ടാക്കാനാകുന്നില്ലെന്നു മാത്രമല്ല. പ്രശ്നത്തെ തെറ്റായ ദിശയില്‍ സമീപിക്കുന്നതുമാണ് അത്. 

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിലൂടെ അവരുടെ ആരോഗ്യവും വിദ്യാഭ്യാസവും തൊഴില്‍സാധ്യതകളും സ്വാഭാവികമായി അങ്ങു മെച്ചപ്പെടുമെന്ന തെറ്റിദ്ധാരണ എങ്ങനെയാണ് അംഗീകരിക്കാനാകുക? നിയമപരമായി വിവാഹപ്രായം ഉയര്‍ത്തുക മാത്രം ചെയ്താല്‍ എങ്ങനെയാണ് സ്ത്രീകള്‍ക്ക് ജീവിതസാഹചര്യം മെച്ചപ്പെടുത്താന്‍ അവസരം ലഭിക്കുക? അതിനാവശ്യമായ സൂക്ഷ്മമായ ആസൂത്രണവും പദ്ധതികളും നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. സ്ത്രീയുടെ സാമ്പത്തികസ്വാശ്രയത്വമാണ് യഥാര്‍ഥ പരിഹാരം എന്ന് എല്ലാവര്‍ക്കുമറിയാം. സാമ്പത്തികസ്വാശ്രയത്വത്തിന് തടസം നില്‍ക്കുന്നത് വിവാഹപ്രായമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. വിവാഹപ്രായം 18 എന്ന് കര്‍ശനമാക്കിയിട്ടും ഇപ്പോഴും രാജ്യത്താകെ 23 ശതമാനം വിവാഹങ്ങളിലും ഈ നിയമം മറികടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിയമമല്ല സാമൂഹ്യസാഹചര്യങ്ങളാണ് മാറേണ്ടതെന്ന് വ്യക്തമാണ്. 

ശൈശവവിവാഹം ഒരു നിയമപ്രശ്നമല്ല. സാമൂഹ്യ–സാമ്പത്തിക പ്രശ്നമാണ്. കുടുംബങ്ങളുടെ സാമ്പത്തിക–സാമൂഹ്യസ്ഥിതി മെച്ചപ്പെടുന്നതിനുസരിച്ച് ശൈശവവിവാഹപ്രവണത കുറയുന്നുവെന്ന് ഒട്ടേറെ പഠനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. അതായത് ഇന്ത്യന്‍ പൗരസമൂഹത്തിന്റെ സാമ്പത്തികസ്ഥിതിയെങ്കിലും മെച്ചപ്പെടുന്നതിനുസരിച്ച് പെണ്‍കുട്ടികളുടെ വിവാഹപ്രായം സ്വാഭാവികമായി ഉയരുന്നു. പെണ്‍കുട്ടികള്‍ക്ക് പഠിക്കാനും സ്വന്തം തൊഴില്‍മേഖല തിരഞ്ഞെടുക്കാനുമുള്ള അവസരങ്ങളും സാമ്പത്തികാവസ്ഥയെ വലിയ തോതില്‍ ആശ്രയിച്ചു നില്‍ക്കുന്നു. സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഒരുക്കുന്നതിന്  വളരെ ആത്മാര്‍ഥവും ആഴത്തിലുള്ളതുമായ പരിപാടികള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. വിവാഹം സ്ത്രീകളുടെയും ജീവിതലക്ഷ്യമാകരുത്. ജീവിതത്തിലെ ഒരു ഭാഗം മാത്രമാകണം. അന്തസുള്ള, സാമ്പത്തികമായും സാമൂഹ്യമായും സ്വയംപര്യാപ്തതയുള്ള ജീവിതം സ്ത്രീകളുടെയും അവകാശമാണ്. പുരുഷനും സ്ത്രീക്കും വ്യത്യസ്തവിവാഹപ്രായം നിലനിര്‍ത്തണമെന്നില്ല. പക്ഷേ തുല്യതയ്ക്ക് വേണ്ടി തിരഞ്ഞെടുക്കാനുള്ള അവകാശത്തിന്റെ പ്രായപരിധി ഉയര്‍ത്തുകയല്ല, താഴ്ത്തുകയാണ് വേണ്ടതെന്നാണ് ലോകമ്മിഷന്‍ പോലും ശുപാര്‍ശ ചെയ്തത്. 

വിവാഹപ്രായം ഉയരുന്നത് സ്ത്രീകളുടെ സാമൂഹ്യഉന്നമനത്തിന് സഹായിക്കും എന്ന കാര്യത്തില്‍ സംശയമില്ല. സ്ത്രീ സ്വന്തം ജീവിതത്തില്‍ തീരുമാനമെടുക്കാന്‍ പര്യാപ്തയായ ശേഷം കുടുംബജീവിതം സ്വയം തിരഞ്ഞെടുക്കുന്ന സാഹചര്യമാണ് ഏറ്റവും അഭികാമ്യം. സ്വന്തം ജീവിതം സ്വയം തീരുമാനിക്കാനുള്ള അവകാശവും അധികാരവും നല്‍കുന്ന വ്യക്തിത്വവികസനമാണ്  സ്ത്രീകള്‍ക്കുണ്ടാകേണ്ടത്.  പക്ഷേ പതിനെട്ടുവയസില്‍ ഭരണകൂടത്തെ തിരഞ്ഞെടുക്കാന്‍ അധികാരമുള്ള ഒരു സ്ത്രീക്ക്, നിയമപരമായ കരാറുകളിലേര്‍പ്പെടാന്‍ അധികാരമുള്ള ഒരു സ്ത്രീക്ക് വിവാഹം കഴിക്കണമെങ്കില്‍ 21 വയസാകണം എന്ന് എങ്ങനെയാണ് ഭരണകൂടത്തിന് തീരുമാനിക്കാനാകുക?

നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 18 വയസിനു മുന്‍പു നടന്ന വിവാഹങ്ങളില്‍ നിയമനടപടി നേരിടേണ്ടി വരുന്നത് ഒരേയൊരു വിഭാഗത്തിനാണ്. മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം നടത്തിയ പെണ്‍കുട്ടികളുടെ കാര്യത്തില്‍ .  അതല്ലാതെ പ്രായപൂര്‍ത്തിയാകാതെ കുടുംബം തന്നെ വിവാഹം നടത്തിയ കേസുകളില്‍ നിയമമോ സംവിധാനങ്ങളോ ഇടപെടുന്നത് വളരെ അപൂര്‍വമാണ്. നാട്ടുനടപ്പായോ, കുടുംബത്തിന്റെ ബാധ്യതയായോ ഇത്തരം വിവാഹങ്ങള്‍ തുടരുകയാണ്. നിയമനടപടി കൈക്കൊണ്ടാല്‍ പോലും വിവാഹങ്ങള്‍ റദ്ദാക്കാറില്ല. അതിനു പകരം നിയമാനുസൃത പ്രായത്തിനു മുന്‍പ്് നടത്തുന്ന വിവാഹങ്ങള്‍ നിയമപരമായി റദ്ദാകുന്ന തരത്തില്‍ കര്‍ശനമായ നിലപാട് ഉറപ്പാക്കുകയാണ് വേണ്ടെതെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. നിയമപരമായി സാധുതയില്ലാത്ത വിവാഹങ്ങളിലേക്ക് കുട്ടികളെ തള്ളിവിടാന്‍ രക്ഷിതാക്കള്‍ മടിക്കും. ഒപ്പം സാമൂഹ്യസുരക്ഷാപദ്ധതികള്‍ ശക്തമായി നടപ്പാക്കുകയാണെങ്കില്‍ സ്ത്രീകള്‍ നേരിടുന്ന ദുരവസ്ഥകള്‍ പരിഹരിക്കാനാകുമെന്ന് വ്യക്തം. എന്നാല്‍ നിയമാനുസൃത പ്രായം ഉയര്‍ത്തുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ പ്രായപൂര്‍ത്തിയായ ശേഷവും വ്യക്തിപരമായ സ്വാതന്ത്ര്യമില്ലാത്ത വിഭാഗമായി സ്ത്രീകള്‍ ബന്ധനത്തിലാകും. കേരളത്തില്‍ തന്നെയാണ് നിയമാനുസൃത പ്രായമായ ശേഷവും ഹാദിയ എന്ന പെണ്‍കുട്ടി വിവാഹത്തിന്റെ പേരില്‍ വീട്ടുതടങ്കലിലായത് എന്നത് വിസ്മരിക്കാനാകില്ല. 

പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൗരസമൂഹത്തിന് ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പോലും  അവസ്ഥയില്ലാത്ത സാഹചര്യമുണ്ടാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നതും നിസാരമായി തള്ളിക്കളയാനാകില്ല. ഇപ്പോള്‍ തന്നെ വിവിധ ഗോത്രവിഭാഗങ്ങളില്‍ ആചാരമനുസരിച്ച് നേരത്തെ വിവാഹം ചെയ്യുന്നവര്‍ പോലും പോക്സോ കേസുകളാണ് നേരിടേണ്ടി വരുന്നത്.നിയമത്തെ എതിര്‍ക്കുന്നതാരൊക്കെയെന്നു നോക്കൂവെന്നാണ് ബി.ജെ.പിയുടെ രാഷ്ട്രീയപ്രതിരോധം. എതിര്‍ക്കുന്നവരെല്ലാം ഒരേ കാരണങ്ങള്‍ അല്ല ചൂണ്ടിക്കാണിക്കുന്നതെന്നത് വ്യക്തമാണ്. മതന്യൂനപക്ഷങ്ങളുടെ പ്രത്യേകാവകാശങ്ങള്‍ക്കു വേണ്ടി സ്ത്രീയുടെ അവകാശങ്ങള്‍ ബലി കൊടുക്കണെന്ന വാദം അവഗണിച്ചു തള്ളേണ്ടതാണ്. പക്ഷേ സ്ത്രീയുടെ അവകാശങ്ങള്‍ തന്നെ ബലി നല്‍കി വേണം സ്ത്രീശാക്തീകരണമെന്ന ഭരണകൂടവാദവും ചോദ്യം ചെയ്യപ്പെടണം. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്ന സ്ത്രീയുടെ ഉന്നമനത്തിനായി സമൂഹവും ഭരണകൂടവും സ്വീകരിക്കേണ്ട ക്ഷേമനടപടികള്‍ ചര്‍ച്ച ചെയ്യപ്പെടണം. എതിര്‍ക്കുന്നവരുടെ രാഷ്ട്രീയത്തിനൊപ്പം നിയമം വന്ന രാഷ്ട്രീയവും ചര്‍ച്ച ചെയ്യപ്പെടണം. 

സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ ഉയരുന്ന  പ്രതിഷേധങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടു തന്നെയാണ്. മുസ്‍ലിം ലീഗ് അതിനെ ഏകസിവില്‍കോഡിലേക്കുള്ള ഗൂഢമായ ചുവടുവയ്പായി കാണുന്നു. മുസ്‍ലിം വ്യക്തിനിയമം നിരാകരിക്കാനുള്ള വളഞ്ഞ വഴിയാണെന്നും സംശയിക്കുന്നു.കോണ്‍ഗ്രസ് കാണുന്നത് ദുരൂഹതയാണെങ്കില്‍ ജനാധിപത്യമഹിളാ അസോസിയേഷന്‍ സാമൂഹ്യനീതിയില്‍ നിന്നുള്ള സര്‍ക്കാരിന്റെ ഒളിച്ചോട്ടമായി കാണുന്നു. അസംഘടിത മേഖലയില്‍ അസന്തുലിതമായ വേതനവുമായി മല്ലടിച്ചു മാത്രം മുന്നോട്ടു പോകുന്ന സ്ത്രീകളാണ് തൊഴില്‍ മേഖലയില്‍ പോലും ഭൂരിപക്ഷമെന്നിരിക്കേ ഭരണകൂടം ഒരുക്കേണ്ട സുരക്ഷാനടപടികളിലൊന്നും മുന്നോട്ടു പോകാതെ വിവാഹപ്രായമെന്ന ഒറ്റ ലക്ഷ്യത്തില്‍ കേന്ദ്രീകരിക്കുന്നത് സംശയകരം തന്നെയാണ്. വിവാഹപ്രായം സ്ത്രീക്കായാലും പുരുഷനായാലും സ്വാഭാവികമായി ഉയര്‍ന്നു നില്‍ക്കുന്നതാണ് നല്ലത്. അത് സ്വാഭാവികമായി തന്നെ സംഭവിക്കേണ്ടതും വ്യക്തികളുടെ തിരഞ്ഞെടുപ്പുമായിരിക്കണം. പ്രായപൂര്‍ത്തിയായ മനുഷ്യര്‍ ജീവിതത്തെ എങ്ങനെ സമീപിക്കണമെന്നതില്‍ ഭരണകൂടം ഇടപെടല്‍ നടത്തുന്നത് അനുചിതവും ജനാധിപത്യവിരുദ്ധവുമാണ്. ചുരുക്കത്തില്‍ സ്ത്രീയുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സുതാര്യവും ലളിതവുമായ ഒരു സ്ത്രീശാക്തീകരണനടപടിയല്ല. അതാകട്ടെ സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതുമാണ്. സ്ത്രീവിമോചനമെന്ന പ്രഖ്യാപിത ലക്ഷ്യം ആത്മാര്‍ഥമാണെങ്കില്‍ വിവാഹപ്രായത്തിനു മുന്നേ പ്രഖ്യാപിക്കപ്പെടേണ്ട നടപടികള്‍ ഏറെയുണ്ട്. കണ്‍കെട്ടു പ്രഖ്യാപനങ്ങളിലൂടെ സ്ത്രീശാക്തീകരണം യാഥാര്‍ഥ്യമാകില്ല. അതുകൊണ്ട് വിശദമായ ചര്‍ച്ചകളും വിശാലമായ നടപടികളുമില്ലാതെ വിവാഹപ്രായം പുനര്‍നിശ്ചയിക്കുന്നത് സാമൂഹ്യനീതിയാകില്ല.