മുഖ്യമന്ത്രിക്ക് മുഖ്യം ആരുടെ മനോവീര്യം? ജനത്തിന്റേതോ പൊലീസിന്റേതോ?

കോവിഡ് തീര്‍ത്ത ജീവിതപ്രതിസന്ധികളെ അതിജീവിക്കാന്‍ പാടുപെടുന്ന മനുഷ്യരില്‍ നിന്നും അന്യായമായി പിഴ ചുമത്തി കോടികള്‍ പിടിച്ചു വാങ്ങി ഞെളി‍ഞ്ഞു നില്‍ക്കുന്ന സര്‍ക്കാരിനെ എന്താണ് വിശേഷിപ്പിക്കേണ്ടത്? കോവിഡ് പ്രതിരോധം കര്‍ക്കശമാക്കുകയെന്നാല്‍ ന്യായവും അന്യായവും നോക്കാതെ സാങ്കേതികകാരണങ്ങള്‍ മാത്രം നോക്കി പിഴ ചുമത്തുന്നതുമാത്രമാണോ? വൈറസിനു മുന്നില്‍ ജീവിതം നിസഹായമാകുമ്പോള്‍ മനുഷ്യത്വമെങ്കിലും നിര്‍ലോഭം പ്രകടിപ്പിക്കേണ്ട ഭരണാധികാരി പൊലീസിന്റെ മനോവീര്യത്തെക്കുറിച്ചാണോ വേവലാതിപ്പെടേണ്ടത്? എന്തുകൊണ്ടാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഒരിക്കല്‍ പോലും ഇവിടത്തെ സാധാരണക്കാരുടെ മനോവീര്യത്തെക്കുറിച്ചോര്‍ത്ത് പ്രയാസപ്പെടാത്തത്? പൊലീസ് ഭരണത്തിനു നേരെ ഉയരുന്ന വിമര്‍ശനങ്ങളെല്ലാം പാവം പൊലീസുകാര്‍ക്കെതിരെയാണെന്ന് എങ്ങനെയാണ് ആഭ്യന്തരമന്ത്രി അങ്ങ് സ്ഥാപിച്ചു വയ്ക്കുന്നത്? വിഡിയോ കാണാം. 

കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ കേരളത്തിലെ ഭരണകൂടത്തിന്റെ കരുതല്‍ അനുഭവിച്ചവരുടെ സാക്ഷ്യമാണ് ഈ കേട്ടത്. ഇനിയും ഈ പട്ടിക നീണ്ടു കിടക്കുകയാണ്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരില്‍ രണ്ടാം ലോക്ഡൗണില്‍ മാത്രം 125 കോടി രൂപ കേരളത്തിന്റെ ഖജനാവിലേക്ക് സര്‍ക്കാര്‍ പിഴയായി ചുമത്തിയെടുത്തിട്ടുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധനിയമം ജനങ്ങളില്‍ നിന്ന് പരമാവധി പിഴ ചുമത്താനുള്ള അവസരമായി പ്രയോജനപ്പെടുത്തിയ ഒരേയൊരു സംസ്ഥാനം കേരളമാണ്. ഓരോ രൂപയ്ക്കും വഴി കണ്ടെത്താന്‍ മനുഷ്യന്‍ പാടുപെടുന്ന ഈ നേരത്ത് ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ കേരളസര്‍ക്കാര്‍ പിഴ ഇനത്തില്‍ ഖജനാവിലേക്കു മുതല്‍ കൂട്ടിയത് 125 കോടി രൂപയാണ്. ഇത് രണ്ടാം ലോക്ഡൗണ്‍ കാലത്തെ മാത്രം കണക്കാണ്. കൃത്യമായ തുക വ്യക്തമാക്കാന്‍ പൊലീസോ സര്‍ക്കാരോ തയാറല്ല. ഓരോ ദിവസവും പൊലീസും സര്‍ക്കാരും പുറത്തു വിടുന്ന കണക്കുകള്‍ കൂട്ടിയെടുത്തു കിട്ടുന്ന തുകയാണിത്. 

നിയമലംഘകര്‍ക്ക് ചായ കൊടുത്തു വിടുകയല്ല സര്‍ക്കാരിന്റെ ജോലിയെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ന്യായീകരിച്ചത് വളരെ ന്യായമാണ്. അപ്പോള്‍ കേരളത്തില്‍ ആര് കോവിഡ്  നിയമങ്ങള്‍ ലംഘിച്ചാലും കടുത്ത നടപടിയായിരിക്കുമെന്നുറപ്പാണല്ലോ. എന്നിട്ട് നിയമസഭയില്‍ നമ്മളെന്താണ് കണ്ടത്?

കര്‍ക്കശനിയമപാലനം ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല, കോവിഡിനെ നേരിടാന്‍ വേണ്ടി മാത്രമാണെങ്കില്‍ എല്ലാവര്‍ക്കും ഒരേ നിയമം നടപ്പാക്കണ്ടേ. പക്ഷേ ഏതെങ്കിലുമൊരു രാഷ്ട്രീയനേതാവ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് ഫൈന്‍ നേരിട്ടത് നമ്മള്‍ കണ്ടിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്ന ഒരു രാഷ്ട്രീയനേതാവിനെയും പരിപാടിയും നമ്മള്‍ കണ്ടിട്ടില്ല. അപ്പോള്‍ നിയമവും നിയമലംഘനവുമൊക്കെ കേരളത്തിലെ സാധാരണക്കാരെ മാത്രം ബാധിക്കുന്ന പ്രശ്നമാണ്. കോവിഡിനു മുന്നില്‍ കേരളത്തില്‍ ഇപ്പോള്‍ രണ്ടു തരം പൗരന്‍മാരുണ്ട്. മാസ്ക് മൂക്കിനു താഴെപ്പോയാല്‍ ആയിരങ്ങള്‍ പിഴയൊടുക്കേണ്ട സാധാരണക്കാര്‍  ഒരുതരം .  

ആശയക്കുഴപ്പത്തിന്റെ പേരില്‍ ലോക്ഡൗണ്‍ ദിവസംപുറത്തിറങ്ങിയാലും ആയിരങ്ങള്‍ കെട്ടിവയ്ക്കേണ്ടവരാണ് അവര്‍. ഏതു ദിവസവും ഏതു നേരവും ഏതു തരത്തിലും പെരുമാറാന്‍ ഒരു നിയമവും ബാധകമല്ലാത്ത സ്വാധീനശേഷിയുള്ളവര്‍ മറ്റൊരു തരക്കാര്‍. മനഃപൂര്‍വമല്ലാത്ത വീഴ്ചകള്‍ക്കു പോലും ആയിരങ്ങള്‍ പിഴയൊടുക്കിക്കൊണ്ടേയിരിക്കുകയാണ് കേരളത്തിലെ സാധാരണക്കാര്‍. കോവിഡ് നിയന്ത്രങ്ങള്‍ അനിവാര്യമാണ്. പക്ഷേ വകതിരിവോടെയും മനുഷ്യത്വത്തോടെയും സമീപിക്കുകയെന്നതും ഇതുപോലൊരു ഘട്ടത്തില്‍ പ്രധാനമാണ്. മനഃപൂര്‍വം രോഗപ്രതിരോധത്തില്‍ വീഴ്ച വരുത്തുകയോ രോഗവ്യാപനത്തിന് ഇടയാക്കുകയോ ചെയ്യുന്ന പെരുമാറ്റത്തിനാണ് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പിഴ ഈടാക്കേണ്ടത്. സാങ്കേതികവരട്ടുവാദങ്ങള്‍ ഉന്നയിച്ച് എങ്ങനെയെങ്കിലും മനുഷ്യരുടെ കൈയിലുള്ള പണം ഇങ്ങു പോരട്ടെ എന്നു സര്‍ക്കാര്‍ കരുതുന്നത് മനുഷ്യത്വഹീനമാണ്.  അതും ജനപ്രതിനിധികള്‍ പോലും കോവിഡ് കാലത്ത് നിരുത്തരവാദപരമായി പെരുമാറുമ്പോള്‍. ഈ മൂന്നു മാസത്തിനിടയില്‍ മാസ്ക് ശരിയായി ധരിച്ചില്ലെന്ന പേരില്‍ 10 ലക്ഷത്തി എഴുപതിനായിരം കേസുകള്‍ പൊലീസ് എടുത്തിട്ടുണ്ട്. കുറഞ്ഞത് 500 രൂപ വച്ച് പിഴ കണക്കാക്കിയാൽ മാസ്കില്ലാത്തവരിൽ നിന്ന് കിട്ടിയ പിഴതുക 53.6 കോടിയാവും. ഒരൊറ്റ കേസ് ഏതെങ്കിലും ജനപ്രതിനിധിക്കു നേരെ ഇക്കാര്യത്തിലെടുത്തതായി നമ്മള്‍ കണ്ടോ? 

ഇക്കാര്യത്തില്‍ പൊലീസിന്റെ സമീപനത്തെക്കുറിച്ച് വിമര്‍ശനങ്ങള്‍  ഉയരുമ്പോള്‍ ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രിയുടെ ന്യായങ്ങളാണ് വിചിത്രം. പൊലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ വേണ്ടി ഇത്തരം സംഭവങ്ങള്‍ പൊലിപ്പിച്ചു കാണിക്കുകയാണെന്ന പതിവുന്യായം. മുഖ്യമന്ത്രി പറയുന്നതില്‍ ഒരു കാര്യം ശരിയാണ്. ഈ നയത്തിന്റെ പേരില്‍ പൊലീസല്ല വിമര്‍ശിക്കപ്പെടേണ്ടത്. പൊലീസ് മന്ത്രി തന്നെയാണ്. ജനാധിപത്യവിരുദ്ധമായ പൊലീസ് സമീപനം  പൊലീസ് മന്ത്രിയുടെ  മനോവീര്യത്തെയാണ് ബാധിക്കേണ്ടത്. 24 മണിക്കൂറും കര്‍മനിരതരാകേണ്ടി വരുന്ന ഒരു പൊലീസുകാരനെയും ഈ വിമര്‍ശനങ്ങള്‍ തളര്‍ത്തേണ്ടതില്ല. ഭരണാധികാരിയുടെ നയമാണ് പൊലീസ് നടപ്പാക്കുന്നത്. വിമര്‍ശിക്കപ്പെടേണ്ടത് പൊലീസുകാരല്ല, പൊലീസ് മന്ത്രി തന്നെയാണ്. കാരണം ഒരിക്കല്‍ പോലും ശരിയല്ലാത്ത സമീപനം തിരുത്തണമെന്ന് പൊലീസ് മന്ത്രി പരസ്യമായി ആവശ്യപ്പെട്ടിട്ടില്ല. 

 മുഖ്യമന്ത്രി പിണറായി വിജയന്റെ  കടുത്ത ആരാധകര്‍ പോലും അദ്ദേഹം മികച്ച ആഭ്യന്തരമന്ത്രിയാണ് എന്ന് വിശേഷിപ്പിക്കാന്‍ മടിക്കും. ഇടതുപക്ഷരാഷ്ട്രീയനിലപാടു തൊട്ടു തൊടീക്കാതെയായിരുന്നു ഒന്നാം സര്‍ക്കാരിലെ ആഭ്യന്തരഭരണമെങ്കില്‍ രണ്ടാം തരംഗത്തിലും മാറ്റമൊന്നും കാണാനില്ല. കനത്ത വീഴ്ചകളും വലിയ പരാതികളുമുയര്‍ന്നിട്ടും ഒരിക്കല്‍ പോലും പൊലീസിനെ പരസ്യമായി ഒന്നു താക്കീത് ചെയ്യാന്‍ പോലും മുഖ്യമന്ത്രി തയാറായിട്ടില്ല. പകരം പൊലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ എങ്ങനെയും നേരിടുമെന്ന മുന്നറിയിപ്പ് പല വട്ടം കേരളത്തോട് ആവര്‍ത്തിക്കുകയും ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പോലും പലവട്ടം തുറന്നു പറയാനും പരസ്യമായി മുന്നറിയിപ്പ് നല്‍കാനും മുഖ്യമന്ത്രി മടിച്ചിട്ടില്ല. പക്ഷേ ഒരിക്കല്‍പോലും പൊലീസിനോട് ആ സമീപനം സ്വീകരിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല. 

അതുകൊണ്ട് കോവിഡ് പ്രതിരോധകാലത്തും പൊലീസില്‍ നിന്നു മോശം അനുഭവമുണ്ടായെങ്കില്‍  പഴി എങ്ങനെയാണ് പൊലീസിനാകുന്നത്? പൊലീസിന്റെ മനോവീര്യം കെടേണ്ട കാര്യമെന്താണ്? പൊലീസ് നടപ്പാക്കേണ്ടി വരുന്നത് സര്‍ക്കാരിന്റെ നയമാണ്. മുഖ്യമന്ത്രിയാണ് തീരുമാനങ്ങളുടെ അന്തിമവാക്ക് എന്നറിയാത്തവരില്ല കേരളത്തില്‍. അപ്പോള്‍ വിമര്‍ശിക്കപ്പെടുന്നത് പൊലീസല്ല, മുഖ്യമന്ത്രി തന്നെയാണ്. ഞാന്‍ പറഞ്ഞിട്ടാണ് പൊലീസ് ഇത്തരത്തില്‍ ഇടപെടുന്നതെന്ന തുറന്ന സമ്മതം കൂടിയാണ് മുഖ്യമന്ത്രി സഭയില്‍ നടത്തിയത്. 

അതുകൊണ്ട് ഒരു വിമര്‍ശനവും പൊലീസിനെ ബാധിക്കേണ്ടതില്ല. സര്‍ക്കാര്‍ തീരുമാനിച്ച സമീപനമാണ് പൊലീസ് നടപ്പാക്കുന്നത്. ജനങ്ങളോടു മറുപടി പറയേണ്ടത് പൊലീസല്ല, മുഖ്യമന്ത്രിയാണ്. തിരുത്തേണ്ടത് മുഖ്യമന്ത്രിയാണ്. കേരളത്തിലെ മനുഷ്യരോട് ഇത്തരത്തില്‍ പെരുമാറരുതെന്ന് മുഖ്യമന്ത്രി ഒരൊറ്റ തവണ പറ‍ഞ്ഞാല്‍ കേരളത്തിലെ പൊലീസ് സംവിധാനം മുഴുവന്‍ അത് ചെവിക്കൊള്ളുമെന്ന് നമുക്കറിയാം. പൊലീസ് മന്ത്രി തിരുത്താന്‍ തീരുമാനിച്ചിട്ടില്ല.  അതിന് പൊലീസിന്റെ മനോവീര്യത്തെ ചാരി രക്ഷപ്പെടാന്‍ മുഖ്യമന്ത്രി ശ്രമിക്കേണ്ട. 

ജനങ്ങള്‍ അപമാനിതരാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചാല്‍ പൊലീസ് അത്തരത്തിലൊരു നടപടിക്കും മുതിരില്ല. ഒരു ജനാധിപത്യരാജ്യത്ത് പൊലീസ് ഭരണകൂടത്തിന്റെ കണ്ണാടിയാണ്.  പൊലീസ് അഴിഞ്ഞാട്ടം എന്നു പൊലീസിനെ വിധിയെഴുതി ഭരണാധികാരിയെ രക്ഷപ്പെടുത്തിക്കൊടുക്കുന്നത് പൊലീസിനോടും ജനങ്ങളോടും ചെയ്യുന്ന അനീതിയാണ്. പൊലീസിന്റെ മുഖം ആഭ്യന്തരമന്ത്രിയുടേതാണ് എന്ന് നമ്മള്‍ അങ്ങനെ മറന്നുകൊടുക്കേണ്ടതില്ല. അതുകൊണ്ട് പൊലീസിന്റെ മനോവീര്യം തകര്‍ക്കാനാണ് വിമര്‍ശനം എന്ന് മുഖ്യമന്ത്രി അങ്ങനെ പഴി ചാരി ഒഴിഞ്ഞു മാറേണ്ട. പൊലീസിന്റെയോ ഭരണകൂടത്തിന്റെയോ അടിമകളല്ല ജനാധിപത്യസംവിധാനത്തിലെ പൗരന്‍മാര്‍. അന്തസോടെ ജീവിക്കാനും  പെരുമാറാനുമുള്ള അവകാശം ഇവിടത്തെ മീന്‍കച്ചവടക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും സാധാരണക്കാര്‍ക്കെല്ലാവര്‍ക്കും ഒരു പോലെയാണ്. ജനങ്ങളോട് ഇടപെടുമ്പോള്‍ അധികാരബോധമല്ല, സേവനസന്നദ്ധതയാണ് പ്രകടിപ്പിക്കേണ്ടതെന്ന് മുഖ്യമന്ത്രി തിരുത്തിക്കൊടുക്കണം. അപമാനിതരാകാതെ ഓരോ നിമിഷവും പൊലീസിന്റെ അമിതാധികാരപ്രയോഗം ഭയക്കാതെ ജീവിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട്. അത് മുഖ്യമന്ത്രിയുടെയോ പൊലീസിന്റെയോ ഔദാര്യമൊന്നുമല്ല, അവകാശമാണ്. 

കേരളത്തിലെ പ്രത്യേകത, കോവിഡ് കേസുകള്‍ കുറയുമ്പോള്‍ അത് പിണറായി സര്‍ക്കാരിന്റെ മികവും കൂടുമ്പോള്‍ അത് ജനങ്ങളുടെ പിഴവുമാണ്.  ഒന്നാം തരംഗകാലത്തു നിന്ന് ഞങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തിയില്ലേ എന്നു ചോദിക്കുന്ന അതേ ന്യായീകരണസിദ്ധാന്തക്കാര്‍ രണ്ടാംതരംഗത്തില്‍ ഞങ്ങളെന്തു ചെയ്യാനാണ് എന്നു കൈമലര്‍ത്തുകയും ചെയ്യുന്നു. ആരുടെ പിഴയായാലും പിഴയൊടുക്കി ജനത്തിന്റെ നടുവൊടിഞ്ഞിരിക്കുന്നു. കോവിഡ് വ്യാപനം ചെറുക്കാനാണ് പിഴ ചുമത്തേണ്ടതെന്ന അടിസ്ഥാനപാഠം സര്‍ക്കാരിനെ സ്വന്തം മുന്നണിയെങ്കിലും ഒന്നോര്‍മിപ്പിക്കണം. നമ്മള്‍ നേരിടുന്നത് കോവിഡിനെയാണ്, കേരളത്തിലെ ജനങ്ങളെയല്ല. പൊലീസിന്റെ മനോവീര്യം തകരാതിരിക്കാന്‍ സ്വന്തം അന്തസ് പണയം വച്ച് അപമാനിതരാകാന്‍ കേരളത്തിലെ ജനങ്ങളെ ബലിയാടാക്കരുത് മുഖ്യമന്ത്രി.