കുറ്റവാളികൾ പാർട്ടിയെ മറയാക്കിയാൽ ഇങ്ങനെ പോര; മാറണം നിലപാട്

രാഷ്ട്രീയപ്രവര്‍ത്തകര്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുമ്പോള്‍ ആ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്തമുണ്ടോ? ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയാല്‍ ഡിവൈഎഫ്ഐമറുപടി പറയണോ? പോക്സോ കേസില്‍ പ്രതിയായ പ്രവര്‍ത്തകനെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് മറുപടി പറയണോ? സ്വര്‍ണക്കടത്തിലും ക്വട്ടേഷന്‍ കേസിലും പാര്‍ട്ടിയെ മറയാക്കിയാല്‍ സി.പി.എം മറുപടി പറയണോ? പരസ്പരം തരാതരം പോലെ രാഷ്്ട്രീയമുതലെടുപ്പ് നടത്താന്‍ എളുപ്പമാണ്. പക്ഷേ ഗുരുതരമായ കുറ്റകൃത്യങ്ങളോട് എന്തു രാഷ്ട്രീയനിലപാടാണ് സ്വീകരിച്ചതെന്നു ചോദിച്ചാല്‍ എല്ലാ പാര്‍ട്ടികളും ഒഴിഞ്ഞു മാറും. സമൂഹത്തിന് ഒഴിഞ്ഞു മാറാന്‍ പറ്റുന്ന ചോദ്യമല്ലാത്തതുകൊണ്ട് ആവര്‍ത്തിച്ചു ചോദിക്കണം. പാര്‍ട്ടി പ്രവര്‍ത്തകരുടെ കുറ്റകൃത്യങ്ങളോട് എന്തു സമീപനമാണ് നമ്മുടെ രാഷ്ട്രീയനേതൃത്വം സ്വീകരിക്കുന്നത്?

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപാര്‍ട്ടി ഭാരവാഹികള്‍ പ്രതിസ്ഥാനത്തു വന്നു. സ്ത്രീപീഡനക്കേസുകള്‍ അടക്കമുള്ള ഗുരുതരകുറ്റകൃത്യങ്ങളിലാണ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പ്രതികളായത്. ഏറ്റവുമൊടുവില്‍ വണ്ടിപ്പെരിയാറില്‍ ആറുവയസുള്ള പെണ്‍കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎഫ്ഐ അംഗമായിരുന്നു. മൂവാറ്റുപുഴയില്‍ പോക്സോ കേസിലെ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചതിന് പ്രതിസ്ഥാനത്തു നില്‍ക്കുന്നത് യൂത്ത് കോണ്‍ഗ്രസ് നേതാവാണ്. വടകരയില്‍ ബ്രാഞ്ച് അംഗത്തെ ബലാല്‍സംഗം ചെയ്ത കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മേഖലാസെക്രട്ടറിയുമാണ് അറസ്റ്റിലായത്. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണക്കടത്തില്‍ പാര്‍ട്ടിയെ മറയാക്കിയാണ് പ്രതികള്‍ പശ്ചാത്തലമൊരുക്കിയതെന്ന് കസ്റ്റംസ് തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

 സ്വര്‍ണക്കടത്തില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ 3 വര്‍ഷം മുന്‍പു തന്നെ സംഘടനയുടെ ചുമതലയില്‍ നിന്നു നീക്കിയതാണെന്ന് ഡിവൈഎഫ്ഐ വിശദീകരണം. എന്നിട്ടും അര്‍ജുനെ പിടിയിലാകും വരെ സഹായിച്ചുകൊണ്ടിരുന്നതിന്  സംഘടനയുടെ മേഖലാ സെക്രട്ടറിയെ ഇപ്പോള്‍ ഡി.വൈ.എഫ്.ഐയ്ക്കു പുറത്താക്കേണ്ടി വന്നു. സി.പി.എം ഇപ്പോഴും അടുപ്പം പുലര്‍ത്തുന്ന ടി.പി.വധക്കേസ് പ്രതികളും സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു. അങ്ങനെ ബന്ധമുള്ളവര്‍ക്കെതിരെയൊക്കെ നടപടിയെടുക്കുമെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടുന്നവരെ സംരക്ഷിക്കില്ലെന്നും പ്രഖ്യാപിച്ച് ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നു സി.പി.എം. 

തിരിച്ച് സി.പി.എം ഉന്നയിക്കുന്നത് മൂവാറ്റുപുഴയില്‍  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍  പ്രതിയെ സഹായിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാവ്  ഷാന്‍ മുഹമ്മദ് പോക്സോ കേസില്‍ പ്രതിയായതാണ്. സ്ഥലം എം.എല്‍.എ മാത്യു കുഴല്‍നാടന്‍ ഷാന്‍ മുഹമ്മദിനു വേണ്ടി വക്കാലത്തെടുക്കാന്‍ തയാറായെന്നും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് ഡിവൈഎഫ്ഐ പ്രതിഷേധത്തിലാണ്. 

വണ്ടിപ്പെരിയാറില്‍ ആറുവയസുള്ള പെണ്‍കുഞ്ഞിനെ വര്‍ഷങ്ങളായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസും മഹിളാകോണ്‍ഗ്രസും സമരത്തിലാണ്. 

ശരിയാണ് രാഷ്ട്രീയഎതിരാളികള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ എല്ലാവരും ആവേശത്തില്‍ പ്രതിഷേധിക്കുന്നുണ്ട്. പക്ഷേ ഈ പ്രതിഷേധം ആത്മാര്‍ഥമാണെന്ന് കേരളത്തിലെ പെണ്‍കുഞ്ഞുങ്ങളോടും സ്ത്രീകളോടും നേരെ നിന്ന് പറയാന്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കു കഴിയുമോ? ക്വട്ടേഷന്‍ സംഘങ്ങളുടെയും കള്ളക്കടത്തുകാരുടെയും ഒരു ആനുകൂല്യവും പറ്റുന്നില്ലെന്ന് ഏത് പാര്‍ട്ടിക്ക് ഉറച്ചു നിന്നു പറയാനാകും? ഹീനമായ ലൈംഗികാതിക്രമങ്ങളില്‍ പോലും പ്രധാന പാര്‍ട്ടികള്‍ സ്വീകരിക്കുന്ന ആത്മാര്‍ഥതയില്ലാത്ത സമീപനവും കൂടുതല്‍ ഇരകളെ ഭീഷണിയിലാക്കുന്നില്ലേ? കുഞ്ഞുങ്ങള്‍ക്കെതിരായ അതിക്രമങ്ങളിലെങ്കിലും കാപട്യം അവസാനിപ്പിച്ചു നിലപാടെടുക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? 

പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യക്തിപരമായി ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംഘടന ഖ്യാതി നേടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ അവര്‍ ചെയ്യുന്ന ഹീനമായ കുറ്റകൃത്യങ്ങളിലും മറുപടി പറയാന്‍ സംഘടനയ്ക്ക് ബാധ്യതയുണ്ട്. വണ്ടിപ്പെരിയാറില്‍ ക്രൂരമായി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതി സമൂഹത്തിലും പരിസരങ്ങളിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ എന്ന സ്വീകാര്യത പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മറുപടി പറയാന്‍ തീര്‍ച്ചയായും ഡി.വൈ.എഫ്.ഐയ്ക്കു ബാധ്യതയുണ്ട്. 

പോക്സ് കേസില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന പൊതുസ്വീകാര്യത പ്രാദേശിക നേതാവ് ഉപയോഗിച്ചുവെങ്കില്‍ യൂത്ത് കോണ്‍ഗ്രസിനും  ഉത്തരവാദിത്തമുണ്ട്. പക്ഷേ ഇങ്ങനെ അപ്പുറത്തും ഇപ്പുറത്തും ബാലന്‍സ് ചെയ്തതുകൊണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് നീതി കിട്ടില്ല. സ്ത്രീകള്‍ക്ക് സംരക്ഷണം കിട്ടില്ല. പകരം  ഇത്തരത്തില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ക്രിമിനലുകള്‍ സംഘടനയിലുണ്ടെങ്കില്‍ സമൂഹത്തോടു തന്നെ ഖേദം പ്രകടിപ്പിക്കാന്‍ സംഘടനകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അവരെ തുടര്‍ന്ന് ഒരു തരത്തിലും ന്യായീകരിക്കില്ലെന്നും സംരക്ഷിക്കില്ലെന്നും തെളിയിക്കേണ്ടതുണ്ട്. പക്ഷേ നടക്കുന്നതെന്താണ്? കേരളത്തിലെ എത്ര രാഷ്ട്രീയനേതാക്കള്‍ തന്നെ ലൈംഗികാതിക്രമ പരാതി നേരിടുന്നുണ്ട്? അവരോടെല്ലാം അതത് രാഷ്ട്രീയപാര്‍ട്ടികള്‍ എന്തു നിലപാടാണ് സ്വീകരിച്ചത്?

വ്യക്തികളുടെ കുറ്റകൃത്യങ്ങളില്‍ സംഘടനയ്ക്ക് എന്തു ചെയ്യാനാകും എന്നാണ് കേരളം കേള്‍ക്കുന്ന പൊതുന്യായം. കുറ്റകൃത്യങ്ങള്‍ പുറത്തു വന്നശേഷവും കുറ്റവാളികളോട് എന്തു സമീപനം സ്വീകരിക്കുന്നു എന്നു നോക്കിയാലോ? നിരാശപ്പെടുത്തുന്ന നിഷേധാത്മകസമീപനമാണ് രാഷ്ട്രീയപാര്‍ട്ടികള്‍ പുലര്‍ത്തുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന അതിക്രമങ്ങളിലെ ആരോപണവിധേയരോടു പോലും സാമൂഹ്യനീതി അടിസ്ഥാനമാക്കി ഒരു കര്‍ശനനിലപാടും കേരളം കണ്ടിട്ടില്ല. രാഷ്ട്രീയകൊലപാതകങ്ങളാണെങ്കില്‍ പറയുകയും വേണ്ട. 

കുഞ്ഞുങ്ങളോടു മാത്രമായി ഒരു സമൂഹത്തിന് കരുതലും സ്നേഹവും ബഹുമാനവുമുണ്ടാകില്ല. കുഞ്ഞുങ്ങള്‍ക്കു വേണ്ടി മാത്രം നിയമം കര്‍ക്കശമാക്കാന്‍ നമുക്കു കഴിയും. പക്ഷേ സമീപനം മാറണമെങ്കില്‍ സ്ത്രീകളോടും ലൈംഗികതയോടുമുള്ള സമീപനമാകെ മാറിയേ പറ്റൂ. 

കുട്ടികളോടു  ക്രൂരത കാണിക്കുമ്പോള്‍ മാത്രം നമുക്ക് അസഹനീയമായ രോഷവും നിരാശയും പ്രതിഷേധവുമുണ്ട്. നമ്മള്‍ അത് പ്രകടിപ്പിക്കാറുണ്ട്. പക്ഷേ കുഞ്ഞുങ്ങളോടു മാത്രമായി കുറ്റവാസനയുള്ള മനുഷ്യര്‍ ഒരു കരുണയും കാണിക്കില്ല. 

സ്ത്രീകളോടുള്ള മനോഭാവം മാറ്റിയേ പറ്റൂ. മൂല്യബോധമുള്ള ലൈംഗികതയെന്ന സംസ്കാരമുണ്ടാകണം. അതിന് ലൈംഗികാതിക്രമങ്ങള്‍ മനുഷ്യത്വവിരുദ്ധമായ കുറ്റകൃത്യമാണെന്ന് മുഖ്യധാരാ രാഷ്ട്രീയലോകം അംഗീകരിക്കണം. അത്തരം ഹീനമായ കുറ്റകൃത്യങ്ങളില്‍ പെടുന്നവര്‍ക്ക് ഒരു തരത്തിലുള്ള പിന്തുണയും പിന്നീടുണ്ടാകരുത്. അത്തരം പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പു വരുത്താന്‍ അതത് സംഘടനകള്‍ക്ക് കൂടുതല്‍ ബാധ്യതയുണ്ട്. കുറ്റവാസന പ്രകടിപ്പിക്കുന്ന സംഘടനാപ്രവര്‍ത്തകരെ നിരീക്ഷിക്കുകയും കര്‍ശന നിലപാട് സ്വീകരിക്കുകയും വേണം. കണ്ണൂരില്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ച് നേരത്തെ മനസിലായിരുന്നുവെന്നും സംഘടന സ്വന്തം നിലയില്‍ പ്രചാരണം നടത്തിയിരുന്നുവെന്നും DYFI അവകാശപ്പെടുന്നു. സംഘടന പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇത്തരം വിവരങ്ങള്‍ ആഭ്യന്തരവകുപ്പിനെ അറിയിക്കുകയും ഇടപെടാന്‍ ആവശ്യപ്പെടുകയും ചെയ്യാനുള്ള രാഷ്ട്രീയഉത്തരവാദിത്തം നിര്‍വഹിച്ചില്ലെങ്കില്‍ സംഘടനയ്ക്ക് കുറ്റകരമായ ഉത്തരവാദിത്തമുണ്ട്. പാര്‍ട്ടികളും സംഘടനകളും ശുദ്ധീകരിക്കാന്‍ മാത്രം ശ്രമിക്കുന്നുവെന്ന് പറയരുത്. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ നടക്കാതിരിക്കാന്‍ വിപുലമായ ഉത്തരവാദിത്തമാണ് കാണിക്കേണ്ടത്. ഇരകള്‍ അകപ്പെടും മുന്‍പേ ഇടപെടലാണുണ്ടാകേണ്ടത്.

സമൂഹത്തിനു വേണ്ടിയുള്ള ഇടപെടലാണ് രാഷ്ട്രീയപ്രവര്‍ത്തനം. രാഷ്ട്രീയപ്രവര്‍ത്തകരില്‍ നിന്ന് സമൂഹത്തെ രക്ഷിക്കേണ്ട അവസ്ഥയുണ്ടാകരുത്. ഞങ്ങളുടെ പ്രവര്‍ത്തകന്‍ എന്ന് സമൂഹത്തോടു പരിചയപ്പെടുത്തുന്ന ഓരോരുത്തരുടെയും കാര്യത്തില്‍ അതത് പാര്‍ട്ടികള്‍ക്ക് ഒരു ഉത്തരവാദിത്തമുണ്ട്. പാര്‍ട്ടിയുടെ മേല്‍വിലാസം ദുരുപയോഗം ചെയ്യുന്നില്ലെന്ന് പാര്‍ട്ടികള്‍ കൂടി ഉറപ്പിക്കണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളായാല്‍ മാതൃകാപരമായ നിലപാട് സ്വീകരിക്കണം.