മുഖം മിനുക്കാനുള്ള മാറ്റം; രാജ്യം തേടുന്നത് മനുഷ്യത്വമുള്ള ഭരണകൂടം

കേന്ദ്രസര്‍ക്കാരിന്റെ പ്രതിഛായയാണോ നയസമീപനമാണോ മാറേണ്ടത്? രാജ്യത്താര്‍ക്കും ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍ സംശയമുണ്ടാകില്ല. പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചത് മുഖഛായ മാറ്റാനാണ്.  മോദിസര്‍ക്കാരിന്റെ മുഖമല്ല മാറേണ്ടത്, ഹൃദയമാണ്. പൗരന്‍മാരോടു മനുഷ്യത്വം മുന്‍നിര്‍ത്തിയുള്ള സമീപനത്തിലേക്കു മാറാന്‍ മുഖം മാറിയതുകൊണ്ടു കാര്യമില്ല. 

രണ്ടാം വരവിന്റെ ആദ്യപകുതിയായപ്പോള്‍ തന്നെ മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയത്. 7 കാബിനറ്റ് മന്ത്രിമാരടക്കം 12  മന്ത്രിമാരെ രാജിവയ്പിച്ചു. പകരം നിലവിലെ ഏഴു പേര്‍ക്ക് കാബിനറ്റ് സ്ഥാനക്കയറ്റമടക്കം 43 പേര്‍ക്ക് പുതിയ മന്ത്രിസഭയില്‍ പുതിയ ചുമതല. ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ സ്ഥാനനഷ്ടം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവഡേക്കര്‍ തുടങ്ങിയ പ്രമുഖര്‍ക്കും സ്ഥാനം നഷ്ടമായി. മോദി സര്‍ക്കാരിന്റെ പ്രതിരോധനിരയില്‍ പ്രമുഖരായിരുന്നു ഇരുവരും. പക്ഷേ സ്വന്തം മന്ത്രാലയങ്ങളിലെ വിവാദങ്ങളില്‍ സ്ഥാനം നഷ്ടമായി. 

പ്രധാനമന്ത്രിയും ബി.ജെ.പിയും സമ്മതിക്കില്ല. പക്ഷേ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലുണ്ടായ കനത്ത വീഴ്ചയാണ് ആരോഗ്യമന്ത്രി സ്ഥാനത്തു നിന്നു ഹര്‍ഷ‍്‍വര്‍ധന്റെ വീഴ്ചയ്ക്കും കാരണമായതെന്നും വ്യക്തം. പക്ഷേ തെറ്റുതിരുത്തലാണ് ലക്ഷ്യമെങ്കില്‍ പ്രധാനമന്ത്രിയുടെ നേതൃശൈലിയില്‍ എന്തു മാറ്റമുണ്ടാകുമെന്ന് രാജ്യം അറിയണ്ടേ?  നേട്ടങ്ങളുടെ ക്രെഡിറ്റെല്ലാം പ്രധാനമന്ത്രിക്കും വീഴ്ചകളുടെ ഉത്തരവാദിത്തം വകുപ്പു മന്ത്രിമാര്‍ക്കും  എന്നു പറഞ്ഞാല്‍ ശരിയാകുമോ? വാക്സീന് പൗരന്‍മാര്‍ പണം നല്‍കണമെന്ന ആദ്യതീരുമാനം ആരോഗ്യവകുപ്പിന്റേതായിരുന്നോ? കോവിഡിനെ കീഴടക്കി എന്ന ആദ്യപ്രഖ്യാപനം നടത്തിയത് ആരോഗ്യമന്ത്രിയാണോ പ്രധാനമന്ത്രിയായിരുന്നോ? കഴിഞ്ഞുപോയ പാളിച്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരുമില്ലായിരിക്കാം. പക്ഷേ വരാനിരിക്കുന്ന വെല്ലുവിളികളുടെ മുന്നില്‍ നയസമീപനം മാറിയില്ലെങ്കില്‍ രാജ്യം ഇനിയും എന്തെല്ലാം അനുഭവിക്കേണ്ടി വരും?

രാജ്യം കോവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ടുവെന്ന് ഒരു ഘട്ടത്തില്‍ പോലും സ്വയം അംഗീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയാറായിരുന്നില്ല.  കോവിഡ് പ്രതിസന്ധി തുടരുന്നതിനിടെ തന്നെ ആരോഗ്യമന്ത്രിയെ മാറ്റേണ്ടി വന്നത് പരസ്യമായ കുറ്റസമ്മതം തന്നെയാണ്. എന്നാല്‍ ആരോഗ്യമേഖല കൈകാര്യം ചെയ്യുന്നതില്‍ മാത്രമാണോ ഇന്ത്യ പരാജയപ്പെട്ടത്? വാക്സീന്‍ നയം ആരോഗ്യവകുപ്പിന്റെ സൃഷ്ടിയായിരുന്നോ? ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്തേണ്ടതും കോവിഡ് പ്രതിരോധം തീര്‍ക്കേണ്ടതും ആരോഗ്യവകുപ്പ് മാത്രമായിരുന്നോ?കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ 

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രിയെ രാജ്യം മറന്നിട്ടില്ല. കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതില്‍ നേതൃപരമായ പരാജയമാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കിയത്. ദീര്‍ഘവീക്ഷണവും സമഗ്രകാഴ്ചപ്പാടുമുള്ള ഭരണാധികാരിയുടെ അഭാവമാണ് രാജ്യം അനുഭവിച്ചതും. 

അതിപ്പോള്‍ എല്ലാവര്‍ക്കും അറിയുന്ന സത്യമായതുകൊണ്ടു മാത്രം പ്രത്യേകിച്ച് കാര്യമൊന്നുമില്ല. പ്രധാനമന്ത്രിയല്ലേ ആദ്യം തിരുത്തേണ്ടത് എന്ന ചോദ്യം ചോദിക്കാവുന്ന സാഹചര്യത്തിലല്ല കേന്ദ്രഭരണകക്ഷി. അപ്പോള്‍ ഈ തിരുത്തല്‍ ആത്മാര്‍ഥമാണെന്ന് പ്രതീക്ഷയോടെ കാത്തിരിക്കണോ? 

രാജ്യത്തെ മുന്നോട്ടു നയിക്കുകയെന്ന മിനിമം പ്രതീക്ഷയാണ് ഓരോ ഭരണാധികാരിയോടും ജനതയ്ക്കുണ്ടായിരിക്കുക. പക്ഷേ നോട്ടു റദ്ദാക്കല്‍ മുതല്‍ രാജ്യത്തെ പിന്നോട്ടു വലിക്കുന്ന തീരുമാനങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജ്യം കണ്ടത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി. നടപ്പാക്കിയതടക്കം രാജ്യത്തിന്റെ സമ്പദ് ‍വ്യവസ്ഥയെ കാര്യമായി ഉലയ്ക്കുന്ന തീരുമാനങ്ങളുണ്ടായതും കേന്ദ്രസര്‍ക്കാരില്‍ നിന്നാണ്. പക്ഷേ അപ്പോഴും പ്രതീക്ഷിക്കുകയെന്ന ഒരേയൊരു സാധ്യത മുന്നിലുണ്ടായിരുന്ന ജനത മോദി സര്‍ക്കാരിനെ തന്നെ രണ്ടാമൂഴത്തിലേക്കു തിരഞ്ഞെടുത്തു. വന്‍നേട്ടങ്ങളുണ്ടായില്ലെങ്കിലും പ്രതിസന്ധികാലങ്ങളിലെങ്കിലും ശരാശരി ഭരണനിര്‍വഹണം ഏതു ഭരണകൂടത്തില്‍ നിന്നും ലോകം പ്രതീക്ഷിക്കും. പക്ഷേ കോവിഡ് പ്രതിസന്ധി ആ പ്രതീക്ഷയും ഇല്ലാതാക്കി. രണ്ടാം തരംഗത്തോടു മോദി സര്‍ക്കാര്‍ പുലര്‍ത്തിയ നിരുത്തരവാദപരമായ സമീപനം രാജ്യത്തിനകത്തും പുറത്തും വന്‍ വിമര്‍ശനങ്ങള്‍ നേരിട്ടു. തൊഴിലില്ലായ്മയും വരുമാനമില്ലായ്മയും മൂലം ജനങ്ങള്‍ വലയുന്ന നേരത്തു ഒരു ലീറ്റര്‍ പെട്രോളിന് 100 രൂപ കൊടുക്കേണ്ടി വരുന്ന അവസ്ഥ കൂടിയായതോടെ ദുരിതം പൂര്‍ണമായിരിക്കുന്നു. ഈ ഘട്ടത്തില്‍ മന്ത്രിസഭയില്‍ എന്തു മാറ്റം എന്നായിരുന്നില്ല രാജ്യം ഉറ്റുനോക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തില്‍ എന്തു മാറ്റം എന്നാണ്. പക്ഷേ എന്നെന്നുമെന്ന പോലെ ഇത്തവണയും പ്രതിഛായയിലാണ് പ്രധാനമന്ത്രിയുടെ പ്രതീക്ഷ. പ്രതിഛായ മാറുന്നതോടെ വിമര്‍ശനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാകുമെന്നാണ് മോദി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ ഈ തിരുത്തലില്‍ എന്ത് ആത്മാര്‍ഥത എന്ന് ആവര്‍ത്തിച്ചു തന്നെ ചോദിക്കേണ്ടി വരും. 

പൗരന്‍മാര്‍ക്കു വേണ്ടിയുള്ള തീരുമാനമാണോ ഭരണകൂടത്തിനു വേണ്ടിയുള്ള തീരുമാനമാണേോയെന്നാണ് മന്ത്രിസഭാപുനഃസംഘടനയെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യം. മുഖംമാറ്റത്തിനപ്പുറം മനംമാറ്റമുണ്ടാകുമോ സര്‍ക്കാരിന്? ആ ചോദ്യത്തിന് 

 ഹീനമായ ഒരു അനീതിയിലൂടെ ഒരുത്തരം നമ്മള്‍ കണ്ടു. 84 വയസുള്ള, ജീവിതം മുഴുവന്‍ മനുഷ്യര്‍ക്കു വേണ്ടി പോരാടിയ ഒരു മനുഷ്യന്റെ ജീവന്‍ ഭരണകൂടഭീകരതയില്‍ പൊലിഞ്ഞു. ഫാ.സ്റ്റാന്‍ സ്വാമി നേരിടേണ്ടി വന്ന ദാരുണാന്ത്യം മുന്നില്‍ നിര്‍ത്തി കൃത്യമായി പറയാം. കോവിഡ് പ്രതിരോധത്തിലും വാക്സീന്‍ നയത്തിലും സാമ്പത്തിക നയത്തിലും കര്‍ഷകസമരത്തിലും ഇന്ധനവിലക്കയറ്റത്തിലുമെല്ലാം മോദിസര്‍ക്കാരിന്റെ പ്രശ്നം മനുഷ്യരോടുള്ള കരുണയില്ലായ്മയാണ്. ജീവനോടും ജീവിതത്തോടുമുള്ള ബഹുമാനമില്ലായ്മയാണ്. തിരുത്തേണ്ടത് മനുഷ്യത്വമില്ലാത്ത നയസമീപനമാണ്. 

ഫാ.സ്റ്റാന്‍ സ്വാമി സ്വാഭാവികമായി മരിച്ചതല്ല. ഭരണകൂടഭീകരതയില്‍ കൊല്ലപ്പെട്ടതാണ് എന്നാണ് പറയേണ്ടത്. കേന്ദ്രഭരണകൂടത്തിനും ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയ്ക്കും ഈ മരണത്തില്‍ തുല്യഉത്തരവാദിത്തമുണ്ട്. ജെസ്യൂട്ട് വൈദികനും ആദിവാസി അവകാശപ്രവര്‍ത്തകനുമായി രാജ്യത്തെ മനുഷ്യാവകാശപ്രവര്‍ത്തകരുടെ മുന്‍നിരയില്‍ നില്‍ക്കുമ്പോഴാണ് ഫാ.സ്റ്റാന്‍ സ്വാമിക്കെതിരെ ഭീമ–കോറേഗാവ് ഗൂഢാലോചന ചുമത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. പാര്‍ക്കിന്‍സസ് ബാധിതനായ വയോധികന് അര്‍ഹമായ ഒരു അടിസ്ഥാനസൗകര്യവും ജയിലില്‍ പോലും കൊടുക്കാതിരിക്കാനാണ് ഭരണകൂട ഏജന്‍സി പ്രയത്നിച്ചത്. കൈവിറയ്ക്കുന്നതിനാല്‍ ഭക്ഷണം കഴിക്കാന്‍ സിപ്പര്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയെ പോലും എന്‍.ഐ.എ എതിര്‍ത്തു. അസുഖങ്ങള്‍ മൂര്‍ച്ഛിച്ചപ്പോള്‍ ജാമ്യം തേടി പല തവണ കോടതിയെ സമീപിച്ചെങ്കിലും അന്വേഷണഏജന്‍സിയെ മറികടന്ന് കോടതിയും കനിഞ്ഞില്ല. ഇതിനിടെ തന്നെ ഭീമ–കോറേഗാവ് കേസില്‍ എന്‍.ഐ.എ ഹാജരാക്കിയ തെളിവുകളുടെ ആധികാരികത വിദേശഫോറന്‍സിക് പരിശോധനയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു.  എന്നിട്ടും യു.എ.പി.എ ചുമത്തപ്പെട്ട ബലത്തില്‍ ഫാ.സ്റ്റാന്‍ സ്വാമിയുടെ ജാമ്യം തടയാന്‍ എന്‍.ഐ.എയ്ക്കു കഴിഞ്ഞു. ഒടുവില്‍ ശാരീരികമായി അവശനായതോടെയാണ് ബോംബെ ഹൈക്കോടതി ഉത്തരവിട്ടതു കൊണ്ടു മാത്രം മുംൈബയിലെ ആശുപത്രിയില്‍ ചികില്‍സ പോലും ലഭ്യമായത്. വൈകിയെത്തിയ വൈദ്യപരിചരണവും ഒപ്പമെത്തിയ കോവിഡും കാരണം അവശനായ ഫാ.സ്റ്റാന്‍ സ്വാമി ജാമ്യാപേക്ഷയില്‍ വീണ്ടും വിധിക്കു കാത്തിരിക്കേ മരണത്തിനു കീഴടങ്ങി. 

ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണം രാജ്യാന്തരതലത്തില്‍ മോദി സര്‍ക്കാരിനെതിരെ വീണ്ടും ചോദ്യങ്ങളുയര്‍ത്തി. നിയമപരമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ഒരു മനുഷ്യാവകാശപ്രവര്‍ത്തനകനുണ്ടായ ദാരുണാന്ത്യം പ്രതിരോധത്തിലാക്കിയിട്ടും വിദേശകാര്യവക്താവ് സര്‍ക്കാര്‍ സമീപനത്തെ ന്യായീകരിക്കുകയാണുണ്ടായത്. സ്റ്റാന്‍ സ്വാമിയുടെ മോചനം ആവശ്യപ്പെട്ട കേരളത്തിലെ സഭാധ്യക്ഷന്‍മാര്‍ പോലും പ്രധാനമന്ത്രിയെ കണ്ടതാണ്. പക്ഷേ സ്വന്തം പൗരനോടു കാരുണ്യം കാണിക്കാന്‍ ഒരു ഇടപെടലുമുണ്ടായില്ല. അതുകൊണ്ടു കൂടിയാണ് ആവര്‍ത്തിച്ചു പറയേണ്ടി വരുന്നത്. ഈ രാജ്യത്തെ പൗരന്‍മാരോടു മനുഷ്യത്വപരമായ സമീപനം പുലര്‍ത്തുന്ന നയസമീപനത്തിലേക്കാണ് കേന്ദ്രഭരണകൂടത്തിന്റെ മുഖം മാറേണ്ടത്

രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന പേരില്‍ ഭീമ–കോറേഗാവ് കേസിലടക്കം തടവില്‍ കഴിയുന്ന വയോധികരുടെ കാര്യത്തിലെങ്കിലും പുനരാലോചന നടത്താന്‍ കേന്ദ്രം തയാറാകണം.  അന്വേഷണവും വിചാരണയുമൊക്കെ മുന്നോട്ടു പോകട്ടെ. പക്ഷേ കുറ്റാരോപിതരായെന്ന പേരില്‍ മാത്രം വിമര്‍ശകരെ വര്‍ഷങ്ങള്‍ തടവിലിടാന്‍ കഴിയുന്ന കരിനിയമങ്ങളിലൂടെയുള്ള അമിതാധികാരപ്രയോഗം അവസാനിപ്പിക്കണം.  അസഹിഷ്ണുത നിറഞ്ഞ ശൈലി തിരുത്തി വിമര്‍ശകരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ജനതയുടെ യഥാര്‍ഥ അവസ്ഥ മനസിലാക്കണം. ഇന്ധനവിലയില്‍ മനുഷ്യത്വപൂര്‍ണമായ സമീപനം സ്വീകരിക്കണം. മാസങ്ങളായി തലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകരെ കേള്‍ക്കണം. കോവിഡ് ഇനിയും എങ്ങോട്ടു പോകുമെന്നറിയാത്ത ഈ നേരത്തെങ്കിലും പൗരത്വനിയമത്തിന്റെ പേരില്‍ അരക്ഷിതാവസ്ഥ പരത്താനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കണം. ആരോഗ്യകാര്യങ്ങളിലെങ്കിലും അടിയന്തരമായി ശാസ്ത്രീയമായി പ്രതികരിക്കണം. അതിവേഗം ശരിയായ തീരുമാനങ്ങളെടുക്കണം. ഓരോ തീരുമാനത്തിലും ഈ രാജ്യത്തെ അടിസ്ഥാനവിഭാഗങ്ങളെ മുന്നില്‍ കാണണം. തീരുമാനങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്തവുമുണ്ടാകണം

അതുകൊണ്ട് ആവര്‍ത്തിക്കുന്നു. മോദി സര്‍ക്കാരിന്റെ മുഖമല്ല, ഹൃദയമാണ് മാറേണ്ടത്. എല്ലാ ഇന്ത്യക്കാരെയും ഒരേ കനിവോടെ കാണാനാകുന്ന ഭരണകൂടത്തിനേ പ്രതിസന്ധിഘട്ടങ്ങളില്‍ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാനാകൂ. പ്രഫഷണല്‍ ബുദ്ധിയും സിവില്‍സര്‍വീസ് പരിചയവും കൂട്ടിയതുകൊണ്ടു മാത്രമാകില്ല. ഇന്ത്യ ഇപ്പോള്‍ അര്‍ഹിക്കുന്നത് എന്താണെന്ന് ഭരണകൂടത്തിന് മനസിലാകണം. മാറ്റം എന്ന വാക്കുകൊണ്ടു മാത്രം മാറ്റം സംഭവിക്കില്ല.