കോവിഡില്‍ കിതയ്ക്കുന്ന കേരളം; പാളിച്ച എവിടെ? തിരുത്തണം സര്‍ക്കാര്‍

കേരളത്തില്‍ കോവിഡ് വ്യാപനം കുറയാത്തത് എന്തുകൊണ്ടാണ്? ആദ്യതരംഗത്തില്‍ ലോകത്തിനാകെ മാതൃകയായെന്ന് അഭിമാനിച്ച കേരളത്തില്‍ കോവിഡ് നിയന്ത്രണ വിധേയമാകാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാന്‍ കേന്ദ്രസംഘം വരേണ്ടിവരുന്നതെന്തുകൊണ്ടാണ്? സര്‍ക്കാരിന്റെ ഏകോപനത്തിലാണോ ജനങ്ങളുടെ പ്രതികരണത്തിലാണോ പ്രശ്നം? എവിടെയാണ് പാളിച്ച വരുന്നത്? എന്തുകൊണ്ടാണ് നമ്മുടെ സര്‍ക്കാര്‍ അത് ഗൗരവമായി വിലയിരുത്താനോ ചര്‍ച്ചയ്ക്കു വിധേയമാക്കാനോ തയാറാകാത്തത്? 

ഒന്നാം ഘട്ടത്തില്‍ മാത്രമല്ല, രണ്ടാം തരംഗത്തിലും മുഖ്യമന്ത്രി  എന്നും വാര്‍ത്താസമ്മേളനത്തില്‍ ഈ അവകാശവാദം നമ്മളെ ഓര്‍മപ്പെടുത്തിയിരുന്നു. രണ്ടാം തരംഗത്തില്‍ മരണസംഖ്യ കുത്തനെ ഉയര്‍ന്നിട്ടും രോഗവ്യാപനം നിയന്ത്രിക്കുന്നതിലും ഏറ്റവുമുയര്‍ന്ന രോഗബാധ വൈകിപ്പിക്കുന്നതിനും 

സര്‍ക്കാരിന്റെ നടപടികള്‍ പൂര്‍ണമായും വിശ്വസിക്കുകയാണ്  കേരളം ചെയ്തത്. ഒന്നരമാസത്തോളം പൂര്‍ണലോക്ക് ഡൗണ്‍ പാലിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോഴും ജനങ്ങള്‍ എല്ലാ നിര്‍ദേശങ്ങളും പാലിക്കാനും തയാറായി. പക്ഷേ ഒന്നാം തരംഗത്തിലെ ഏറ്റവും ഉയര്‍ന്ന രോഗബാധയുള്ള ദിവസത്തേക്കാള്‍ ഉയര്‍ന്നു നില്‍ക്കുകയാണ് ഇപ്പോഴും കേരളത്തിലെ പ്രതിദിന രോഗബാധ. ഇപ്പോള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കി. ജനങ്ങള്‍ ജീവിതം സാധാരണ നിലയിലെത്തിക്കാന്‍ പാടു പെടുന്നു. വരുമാനമില്ലാതായ ദശലക്ഷങ്ങള്‍ ജീവിക്കാന്‍ പെടാപ്പാടു പെടുന്നു. ഇപ്പോഴും കടുത്ത വാരാന്ത്യനിയന്ത്രണം നിലവിലുണ്ട്. ശനിയും ഞായറും സമ്പൂര്‍ണ അടച്ചു പൂട്ടലാണ്. ടി.പി.ആര്‍ പതിനെട്ടിനു മുകളിലുള്ള 80 തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പില്‍ ലോക്ഡൗണ്‍ തുടരുകയാണ്.അവശ്യവസ്തുക്കള്‍ക്കൊഴിച്ച് മറ്റെല്ലാത്തിനും കടുത്ത നിയന്ത്രണം ബാധകമാണ്.  

ചുരുക്കത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഇപ്പോഴും കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ചു തന്നെ ജീവിതം തുടരുകയാണ്. സാഹചര്യം അതാവശ്യപ്പെടുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ എന്നിട്ടും എന്തുകൊണ്ടാണ് കോവിഡ് വ്യാപനം കുറയാത്തത്? അതിന് വിശ്വസനീയമായ, ഗൗരവത്തോടെയുള്ള ഒരു വിശകലനം സംസ്ഥാനസര്‍ക്കാര്‍ ജനങ്ങള്‍ക്കു മുന്നിലേക്കു വയ്ക്കണ്ടേ? കേരളമാതൃകയുടെ വിജയത്തെക്കുറിച്ചോര്‍മിപ്പിക്കാന്‍ എന്നും വാര്‍ത്താസമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി ഈ സാഹചര്യത്തിന്റെ കാരണമെന്താണെന്ന് കേരളത്തിലെ ജനങ്ങളുമായി സംവദിക്കാത്തത് എന്തുകൊണ്ടാണ്?  

രാജ്യത്ത് രണ്ടാംതരംഗം അടങ്ങുന്നുവെന്ന പ്രത്യാശയിലാണ് ആരോഗ്യവിദഗ്ധര്‍. ഇപ്പോള്‍ ശരാശരി പ്രതിവാരരോഗസ്ഥിരീകരണ നിരക്ക് 3.1 ശതമാനമാണ്. പ്രതിദിന മരണസംഖ്യയിലും കുറവു വരുന്നു. പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളില്‍ അയവു വരുത്തുന്നു. എന്നാല്‍ രണ്ടാം തരംഗം അവസാനിച്ചുവെന്ന് ആശ്വസിക്കാനേ കഴിയാത്ത അവസ്ഥയുമുണ്ട്. കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ ടി.പി.ആര്‍ ഉയര്‍ന്നു നില്‍ക്കുന്നു. രാജ്യത്തെ പ്രതിദിന രോഗബാധ ശരാശരി 4000 ല്‍ നില്‍ക്കുമ്പോള്‍ കേരളത്തിലാണ് ഏറ്റവുമുയര്‍ന്ന പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ ശരാശരി ടി.പി.ആര്‍ മൂന്നില്‍ നില്‍ക്കുമ്പോള്‍ കേരളം ഇപ്പോഴും 10 ശതമാനത്തിനു താഴേയ്ക്ക് ടി.പി.ആര്‍ എത്തിക്കാനാകാതെ ആശങ്കയിലാണ്. രാജ്യത്താകെ 71 ജില്ലകളില്‍ ടി.പി.ആര്‍. പത്തിനു മുകളില്‍ തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളമടക്കം ആറ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം പ്രത്യേക വിദഗ്ധ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. രോഗവ്യാപനം കുറയാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയെന്നതാണ് കേന്ദ്രസംഘത്തിന്റെ ദൗത്യം. കേരളത്തെ കൂടാതെ അരുണാചല്‍ പ്രദേശ്, ത്രിപുര, ഒഡീഷ, ചത്തീസ്ഗഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് രോഗബാധ ഇനിയും നിയന്ത്രണവിധേയമായിട്ടില്ലെന്ന് കേന്ദ്രം വിലയിരുത്തുന്നത്.  

കേരളം എങ്ങനെയെല്ലാം പരിശ്രമിച്ചിട്ടം കോവിഡ് രോഗ സ്ഥിരീകരണനിരക്ക് 10 ശതമാനത്തിനു താഴെ നിലനിര്‍ത്താന്‍ കഴിയുന്നില്ല. പക്ഷേ അതിനര്‍ഥം രണ്ടാം തരംഗം നേരിടുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു എന്നാണോ? അങ്ങനെ പറയുന്നത് ശരിയല്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.  കാരണം  ടി.പി.ആറിനെ ഒരു വിജയ–പരാജയ സൂചികയായി കാണുന്നത് ശാസ്ത്രീയ സമീപനമല്ല. ആഴ്ചകളായി ടി.പി.ആര്‍. കുറയാതെ നില്‍ക്കുന്നത് ആശങ്കാജനകമാണ്. പക്ഷേ ടി.പി.ആര്‍ കുറേ ദിവസങ്ങളായി ഇങ്ങനെ തുടരുന്നതില്‍ ചില നേട്ടങ്ങളുമുണ്ടെന്നതാണ് സത്യം. അതായത് രോഗവ്യാപനം ഇല്ലാതാക്കുന്നതിലാണ് കേരളം ഇനിയും ശ്രദ്ധിക്കേണ്ടത്. ടി.പി.ആര്‍  അല്ല കേരളത്തിന്റെ ആശങ്കയാകേണ്ടത്.  

അതെങ്ങനെ എന്നു സംശയം തോന്നാം. അതായത് രോഗവ്യാപനത്തോത് അറിയാനുള്ള സൂചികയാണല്ലോ ടി.പി.ആര്‍. അഥവാ രോഗസ്ഥിരീകരണ നിരക്ക്. അപ്പോള്‍ രോഗവ്യാപനം കുറയ്ക്കുന്നതും ടി.പി.ആര്‍ കുറയുന്നതും ഒന്നു തന്നെയല്ലേ. ഒറ്റനോട്ടത്തില്‍ ശരിയാണ്. പക്ഷേ രണ്ടും തമ്മില്‍ സമീപനങ്ങളുടെ വ്യത്യാസമുണ്ട്. കേരളത്തില്‍ ഇപ്പോഴും രോഗബാധയ്ക്കു സാധ്യതയുള്ള ടാര്‍ഗറ്റ് ഗ്രൂപ്പുകളിലെല്ലാം നന്നായി ടെസ്റ്റിങ് നടക്കുന്നുണ്ട്. അഥവാ രോഗസാധ്യതയുള്ളവരില്‍ തന്നെയാണ് 90 ശതമാനം പരിശോധനകളും നടക്കുന്നത്. അപ്പോള്‍ ടി.പി.ആര്‍ ഉയര്‍ന്നു നില്‍ക്കാന്‍ സ്വാഭാവികമായും സാധ്യതയുണ്ട്. ആകെ നടക്കുന്ന പരിശോധനകളില്‍ പോസിറ്റീവാകുന്നവരുടെ ശതമാനമാണ് ടി.പി.ആര്‍. നമ്മള്‍ ഇപ്പോഴും കേരളത്തിലെ ടി.പി.ആറും  രാജ്യത്തെയാകെ ടി.പി.ആറുമായാണ്  താരതമ്യം ചെയ്യുന്നത്.  കോവിഡിന്റെ രണ്ടു വകഭേദങ്ങളുടെ കടന്നു വരവോടെ കേരളത്തിലും രണ്ടാം തരംഗമെത്തിയത് അതിവേഗമാണ്. പക്ഷേ പ്രതിദിനരോഗവ്യാപനം അപായകരമായ സാഹചര്യത്തിലേക്ക് പോകാതെ കേരളത്തില്‍ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു. വികസിതസമൂഹങ്ങളുടെ  രീതിയിലാണ് കേരളത്തിലെ രോഗവ്യാപനവും ഫ്ളാറ്റന്‍ ദ് കര്‍വും പോകുന്നത് എന്നാണ് വിദഗ്ധനിരീക്ഷണം. ഒറ്റയടിക്ക് വന്‍കുതിച്ചുകയറ്റമുണ്ടാകാതെ ഇത്തരത്തില്‍ ഓരോ ദിവസമായി 

രോഗബാധിതരുണ്ടാകുന്നത് ഒരു ആരോഗ്യസംവിധാനത്തിന് കൈകാര്യം ചെയ്യാന്‍ പ്രയാസമില്ലെന്നതാണ് കാരണം. കേരളത്തില്‍ ഒരിക്കലും ആരോഗ്യസംവിധാനങ്ങള്‍ സമ്പൂര്‍ണമായി നിറഞ്ഞ് സമ്മര്‍ദ്ദത്തിലായിപ്പോയില്ല. സമാന്തരമായി തന്നെ ചികില്‍സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും കഴിഞ്ഞു. ഒരിക്കല്‍ പോലും ആശുപത്രി സൗകര്യമില്ലാതെ ഒരാളും കേരളത്തില്‍ മരണപ്പെട്ടില്ല. അത് ചെറിയ കാര്യമല്ല. അപ്പോള്‍ ഒരു തരംഗത്തിന്റെ പീക്കില്‍ ഒറ്റയടിക്ക് ആരോഗ്യസംവിധാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിനേക്കാളേറെ രോഗികളുണ്ടാകുന്നതിനേക്കാള്‍ സാവകാശത്തില്‍ രോഗവ്യാപനം കുറഞ്ഞു വരുന്നതാണ് ശരിയായ ആരോഗ്യമാതൃകയെന്നാണ് വിലയിരുത്തല്‍.  

ടി.പി.ആര്‍ കണക്കുകളില്‍ മാത്രമല്ല കോവിഡ് പ്രതിരോധം കേന്ദ്രീകരിക്കേണ്ടത് എന്നു ചുരുക്കം. പക്ഷേ സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും ടി.പി.ആര്‍. കുറയ്ക്കല്‍ മാത്രം ഒരു ടാര്‍ഗറ്റായി വയ്ക്കുമ്പോള്‍ ശരിയല്ലാത്ത പ്രവണതകള്‍ പുറത്തു വരുന്നതും യാഥാര്‍ഥ്യമാണ്. ഓരോ തദ്ദേശസ്ഥാപനവും ഇതൊരു മല്‍സരമായി കണക്കാക്കുന്നു. ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നു. അതായത് കോവിഡ് പ്രതിരോധത്തില്‍ രാഷ്ട്രീയമല്‍സരം കലര്‍ന്നാല്‍ കേരളമാകെ ബലിയാടാകും.  

ടി.പി.ആര്‍. ഉയര്‍ന്നു നില്‍ക്കുന്നതല്ല അപായം. കൃത്രിമമായ  ടി.പി.ആര്‍ കുറയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഡോക്ടര്‍മാരുടെ മേലും സമ്മര്‍ദമുണ്ടാകാന്‍ പാടില്ല. കേരളത്തില്‍ രോഗസാധ്യതയുള്ളവരെല്ലാം ഇപ്പഴും ടെസ്റ്റ് ചെയ്യുന്നു. അതു തന്നെയാണ് വേണ്ടത്. രണ്ടാം തരംഗം കുറയുന്നുവെന്ന വിശ്വാസത്തില്‍ പ്രതിരോധത്തില്‍ ഉദാസീനതയുണ്ടാകുന്നതും ഈ തരത്തില്‍ കുറച്ചു ദിവസങ്ങള്‍ കൂടി ടി.പി.ആര്‍ നിലനില്‍ക്കുന്നതിലും വലിയ ആശങ്ക വേണ്ടെന്നാണ് വിദഗ്ധവിലയിരുത്തല്‍. എന്നാല്‍ രോഗവ്യാപനം നിയന്ത്രിക്കാനാകാത്തത് ഗുരുതരമായി തന്നെ കാണുകയും വേണം. തൊട്ടടുത്ത് തമിഴ്നാട്ടില്‍ ദിവസം ശരാശരി ഒരു ലക്ഷത്തി അറുപതിനായിരം rtpCR ടെസ്റ്റുകള്‍ നടക്കുന്നുണ്ട്. ഇന്നലെ മൂന്നു ശതമാനമാണ് ടി.പി.ആര്‍. വടക്കന്‍ തമിഴ്നാട്ടില്‍ ചെന്നൈ, കാഞ്ചിപുരം, വെള്ളൂര്‍ ജില്ലകളില്‍ ഒരു ശതമാനത്തിനു തൊട്ടു മുകളിലാണ് ഒരാഴ്ചയായി ടി.പി.ആര്‍. കൂടുതല്‍ കേസുകളുള്ളത് കോയമ്പത്തൂര്‍, തിരുപ്പൂര്‍ മേഖലകളിലാണ്. ഏറ്റവും കൂടുതല്‍ രോഗികളുള്ള കോയമ്പത്തൂര്‍ ജില്ലയില്‍ ഇന്നലെ  486 പേരാണ് രോഗബാധിതരായത്. ശരാശരി നാലായിരത്തടുത്താണ് തമിഴ്നാട്ടിലെ പ്രതിദിന രോഗബാധ. ഓരോ ജില്ലയിലും പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കി.  തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കര്‍ശന ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. വീട്ടില്‍ ക്വാറന്റീനിരുന്നാല്‍ രോഗവ്യാപനത്തിനു സാധ്യതയുള്ളവരെ കണ്ടെത്തി നിര്‍ബന്ധമായും കോവിഡ് കെയര്‍ സെന്ററിലേക്കു മാറ്റി. എന്നാല്‍ ഇതിന്റെ പേരില്‍ സമ്പൂര്‍ണ പൊലീസ് ഭരണത്തിനു ഭരണകൂടം തമിഴ്നാട്ടില്‍ ശ്രമിച്ചില്ലെന്നതും എടുത്തു കാണിക്കപ്പെടുന്നു. ജനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നു, ഉത്തരവാദിത്തം ജനങ്ങള്‍ക്കാണെന്ന് നിരന്തരം ഓര്‍മിപ്പിക്കുന്നു. നിയന്ത്രണം വിട്ടാല്‍ വീണ്ടും അടച്ചിടേണ്ടിവരുമെന്നു മാത്രം മുന്നറിയിപ്പു നല്‍കുന്നു.  

താരതമ്യം ചെയ്യാനാകാത്ത സാഹചര്യങ്ങളാണെങ്കിലും കേരളത്തില്‍ കൂടുതല്‍ ക്രിയാത്മകമായ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് വ്യക്തമാണ്. പൊലീസിനെക്കൊണ്ടുമാത്രം കോവിഡിനെ നേരിടാമെന്ന ശൈലി   ഫലപ്രദവുമല്ല. സാമൂഹ്യമായും രാഷ്ട്രീയമായും ശരിയുമല്ല. കോവിഡ് മരണക്കണക്ക് രേഖപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് ഇപ്പോള്‍ തിരുത്തല്‍ പ്രഖ്യാപിക്കേണ്ടി വന്നതും ഇത്തരത്തില്‍ സമീപനത്തിന്റെ തന്നെ അടിസ്ഥാനപ്രശ്നമാണ്. കോവിഡ് കാലത്ത് ഏതു മാനദണ്ഡത്തിന്റെയും അടിസ്ഥാനം സാമൂഹ്യനീതിയാകണം . അത് കേരളത്തിലെ ഇടതുസര്‍ക്കാര്‍ മറന്നു.  

കോവിഡ് എന്ന ആഗോള ദുരന്തത്തിന്റെ പ്രത്യാഘാതം നേരിടുന്നവര്‍ക്ക് ദുരിതാശ്വാസം നല്‍കാന്‍,  ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരുകളോട് കോടതി നിര്‍ദേശിക്കേണ്ടി വരുന്നത് ദുഃഖകരമാണ്. കേന്ദ്രത്തിന്റെ എല്ലാ ന്യായവാദങ്ങളും മറികടന്നാണ്  കോവിഡ് ബാധിച്ചു മരിച്ചവര്‍ക്ക് ദുരിതാശ്വാസം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. മുട്ടുന്യായങ്ങള്‍ പറയാതെ കോവിഡ് വന്ന് രണ്ടു മാസത്തിനുള്ളില്‍ മരിച്ച എല്ലാവരെയും പട്ടികയില്‍ പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. രാജ്യത്താകെ ഒറ്റമാനദണ്ഡം തയാറാക്കാനും കോടതി പറഞ്ഞിട്ടുണ്ട്. സാധാരണ ഇത്തരം കാര്യങ്ങളിലെല്ലാം കേന്ദ്രനയം തിരുത്താന്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് മരണക്കണക്കിന്റെ കാര്യത്തില്‍ മാത്രം കേന്ദ്രത്തോടു സമ്പൂര്‍ണ അനുസരണയായിരുന്നു. കേന്ദ്രം പറഞ്ഞാല്‍ ഞങ്ങളെന്തു ചെയ്യും എന്നു ചോദിക്കുകയായിരുന്നില്ല. കേരളത്തിലെ കോവിഡ് മരണക്കണക്ക് ഉയര്‍ന്നു കാണാന്‍ കൊതിക്കുന്ന ദുഷ്ടശക്തികളെന്നാണ് ചോദ്യകര്‍ത്താക്കളെയെല്ലാം സംസ്ഥാനസര്‍ക്കാര്‍ വിശേഷിപ്പിച്ചത്.  

കോവിഡ് മരണക്കണക്ക് ഒരു മല്‍സര ഇനമായി കേരളസര്‍ക്കാര്‍ കണ്ടു എന്നതാണ് ദുഃഖകരം. ഒടുവില്‍ സുപ്രീംകോടതി ഇടപെടലോടെ അര്‍ഹതപ്പെട്ട ആയിരങ്ങള്‍ക്ക് നീതി നഷ്ടപ്പെടുമെന്ന് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് നിലപാടില്‍ നിന്ന് പിന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തയാറാകുന്നത്. പക്ഷേ ആദ്യഘട്ടത്തിലെ സമീപനമുണ്ടാക്കിയ കുരുക്കുകള്‍ എത്ര പേര്‍ക്ക് അര്‍ഹമായ സഹായം നഷ്ടപ്പെടുത്തുമെന്ന് ഇനിയും കണ്ടറിയണം. എങ്ങനെ തിരുത്തിയാലും എന്തിനു വേണ്ടിയായിരുന്നു ഈ കള്ളക്കളിയെന്ന് കേരളം അറിയേണ്ടതുണ്ട്. ആരാണ്, എവിടെ മുതലാണ്, ?എന്തിനു വേണ്ടിയാണ്,  മരണക്കണക്ക് മറച്ചു വയ്ക്കാന്‍ കേരളം ശ്രമിച്ചത്?  

നീതിയല്ലെന്നറിഞ്ഞിട്ടും സാങ്കേതിക ന്യായം ഉയര്‍ത്തി കോവിഡ് മരണക്കണക്ക് പരമാവധി കുറച്ചു കാണിക്കാന്‍ കേരളം ശ്രമം തുടങ്ങിയത് ആദ്യതരംഗം മുതലാണ്. എന്നുവച്ചാല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തു തന്നെ. പ്രതിപക്ഷവും വിദഗ്ധരും ചോദ്യങ്ങളുന്നയിച്ചപ്പോഴെല്ലാം ICMR ഗൈഡ്‍ലൈന്‍, WHO ഗൈഡ്‍ലെന്‍ എന്ന് തരാതരം ന്യായീകരിച്ചു. എന്നാല്‍ ഈ ഗൈഡ്‍ലൈനുകളിലൊന്നുമില്ലാത്ത ഒരു ഡെത്ത് ഓഡിറ്റ് കമ്മിറ്റിയെ വച്ച് മരണനിരക്കില്‍ സംസ്ഥാനതലത്തില്‍ ഇടപെടല്‍ ഉറപ്പാക്കുകയും ചെയ്തു. രണ്ടാം തരംഗത്തില്‍ ദിവസേന ഇരുന്നൂറിലേരെ പേര്‍ മരണത്തിനിരയായപ്പോഴും  യഥാര്‍ഥ കണക്കല്ല പുറത്തു വരുന്നതെന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ തന്നെ ആരോപിച്ചു. സമാന്തരമായി ജനകീയ ആരോഗ്യപ്ര‍വര്‍ത്തകര്‍ കണക്കെടുത്തു പുറത്തു വിടുമ്പോഴും സൗകര്യം പോലെ വ്യാഖ്യാനിച്ച ഗൈഡ്‍ലൈനുകളുമായി സര്‍ക്കാര്‍ പിടിച്ചു നിന്നു.  

വിമര്‍ശനം ശക്തമായപ്പോഴാണ് മരണകാരണം ഡോക്ടര്‍മാര്‍ പറയുന്നതു പോലെ രേഖപ്പെടുത്താമെന്ന വിട്ടു വീഴ്ചയ്ക്കു പോലും സര്‍ക്കാര്‍ തയാറായത്. ഒടുവില്‍ ഇത്തരം ന്യായങ്ങളെല്ലാം മനുഷ്യത്വവിരുദ്ധമാണെന്ന് സുപ്രീംകോടതി പറയേണ്ടി വന്നു ഹൃദയപക്ഷസര്‍ക്കാരിന് നിലപാട് തിരുത്താന്‍.  

രാജ്യത്താകെ തന്നെ കോവിഡ് മരണങ്ങളുടെ എണ്ണം കുറച്ചു കാണിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്ന് വിവിധ രാജ്യാന്തര ആരോഗ്യസംഘടനകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ നിരീക്ഷണവും ഇന്ത്യയില്‍ യഥാര്‍ഥ സംഖ്യയുടെ മൂന്നിരട്ടി പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ്. ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ കോവിഡ് മരണം നാലു ലക്ഷം കടന്നു കഴിഞ്ഞു.  പക്ഷേ യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞത് പത്തു ലക്ഷം കോവിഡ് മരണങ്ങളെങ്കിലുമുണ്ടായി എന്നാണ് വിവിധ സംഘടനകളുടെ വിശകലനം.  

അത്രയും അട്ടിമറി കേരളത്തിലുണ്ടായെന്നു കരുതാനാകില്ല. പക്ഷേ കോവിഡ് മരണക്കണക്ക് കുറച്ചു കാണിക്കാന്‍ മനഃപൂര്‍വമായ ശ്രമമുണ്ടായി. ഇപ്പോള്‍ ഗൈഡ്‍ലൈനുകളില്‍ എന്തു മാറ്റമുണ്ടായിട്ടാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താമെന്ന് ആരോഗ്യവകുപ്പ് സമ്മതിക്കുന്നത്. ഏറ്റവുമാദ്യം ഒന്നാം തരംഗം മുതല്‍ കോവിഡ് മരണക്കണക്കില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടു വന്നത് ആരുടെ നിര്‍ദേശപ്രകാരമാണ്? സുതാര്യമായ അന്വേഷണം നടത്തേണ്ട ഗൗരവമേറിയ വിഷയമാണിത്.  

കോവിഡ് പോസിറ്റീവായിരുന്ന എല്ലാ വ്യക്തികളുടെയും മരണം പുനഃപരിശോധിക്കാനുള്ള സാഹചര്യമൊരുക്കാം എന്നാണ് ഏറ്റവുമൊടുവില്‍ ആരോഗ്യവകുപ്പിന്റെ തിരുത്തല്‍. അതിലും വ്യക്തമായ മാനദണ്ഡങ്ങളും സുതാര്യതയും ഉറപ്പു വന്നാല്‍ മാത്രമേ വിശ്വാസത്തിലെടുക്കാനാകൂ.  കേരളത്തില്‍ ആകെ 14000ല്‍ താഴെ മരണമാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത്. കുറച്ചു കാണിച്ചിരുന്നുവെങ്കില്‍ ഇത്രയും കണക്ക് വരില്ലെന്നും പ്രതിപക്ഷവും മാധ്യമങ്ങളും നുണ പ്രചരിപ്പിക്കുന്നുവെന്നാണ് ഭരണപക്ഷത്തിന്റെ ദുര്‍ബലമായ പ്രതിരോധം. പക്ഷേ കണക്കിലുള്‍പ്പെടാത്തവര്‍ നേരിട്ടു തന്നെ സാക്ഷ്യം പറയാനെത്തിയതോടെ സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തിലായി.  

കാലാകാലങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കപ്പെടുന്നതിനനുസരിച്ച് തിരുത്തുന്നുവെന്നാണ് ഇപ്പോള്‍ സര്‍ക്കാര‍് പറയുന്നത്.  മരണക്കണക്ക് മാത്രമല്ല പ്രശ്നം. ഉറപ്പായും സംഭവിക്കുമെന്നു പറയുന്ന മൂന്നാം തരംഗത്തെ നേരിടാന്‍ കേരളം എത്രത്തോളം തയാറാണ്? എത്ര ശതമാനം ജനങ്ങള്‍ക്ക് രോഗപ്രതിരോധശേഷിയുണ്ട്? എത്ര ശതമാനം ജനങ്ങള്‍ അടുത്ത തരംഗത്തിന് പ്രതിരോധം നേടിയിട്ടുണ്ട്? ഇത് കൃത്യമായി വിലയിരുത്താന്‍ സീറോ പ്രിവെയലന്‍സ് സര്‍വേ നടത്തുന്ന സംസ്ഥാനങ്ങളുണ്ട്. രോഗപ്രതിരോധം ഉറപ്പിക്കാനുള്ള ഏറ്റവും പ്രധാന വഴി വാക്സീനേഷനാണ്.   വാക്സീനേഷന്‍ ഇപ്പോഴും കുറ്റമറ്റ രീതിയിലല്ല കേരളത്തില്‍ നടക്കുന്നത്. കൈയൂക്കുള്ളവര്‍ക്കും സ്വാധീനമുള്ളവര്‍ക്കും പിന്‍വാതിലിലൂടെ വാക്സീന്‍ ലഭിക്കുന്ന അവസ്ഥ കേരളത്തിലുണ്ട്. ഉയര്‍ന്ന സാമൂഹ്യസാമ്പത്തികസ്ഥിതിയുള്ളവര്‍ റെസി‍‍ഡന്‍സ് അസോസിയേഷന്‍ വഴി എടുക്കുന്നു.  പിന്നാക്കാവസ്ഥയിലുള്ളവര്‍ എന്തു ചെയ്യണമെന്നറിയാതെ അമ്പരന്നു നില്‍ക്കുന്നു. മറ്റൊരു വിഭാഗം മണിക്കൂറുകള്‍ കോവിന്‍ പോര്‍ട്ടലില്‍ ഭാഗ്യപരീക്ഷണത്തിനു സമയം ചെലവഴിക്കുന്നു.  എത്ര ശതമാനം പേര്‍ക്ക് വാക്സീന്‍ ലഭിച്ചിട്ടുണ്ട്. എത്ര ശതമാനം പേര്‍ക്കു കൂടി വാക്സീന്‍ ഉറപ്പിക്കാന്‍ കഴിയുന്നുണ്ട്? വാക്സീന്‍ ലഭ്യതയില്‍ സാമൂഹ്യനീതി ഉറപ്പു വരുത്തുന്നതില്‍ കേരളസര്‍ക്കാര്‍ ഇതുവരെ പരാജയമാണെന്ന് പറയാതെ വയ്യ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യപ്രാതിനിധ്യത്തില്‍ വാക്സീന്‍ വിതരണം ഉറപ്പാക്കണം.  

വൈകിയ വേളയിലെങ്കിലും തെറ്റായ സമീപനം സര്‍ക്കാര്‍ പൂര്‍ണമായി തിരുത്തണം. ജനങ്ങളെ എങ്ങനെയും സഹായിക്കുമെന്ന ഔദാര്യമല്ല, ന്യായമായും അവകാശപ്പെട്ട ദുരിതാശ്വാസം ഉറപ്പു വരുത്തുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. കേരളത്തിന്റെ കോവിഡ് പ്രതിരോധസമീപനത്തിലും ശാസ്ത്രീയവും സാമൂഹ്യവുമായ മുന്‍ഗണനകള്‍ അനുസരിച്ച് തിരുത്തലുണ്ടാകണം.