നീളുന്ന ലോക്ഡൗൺ; കേരളം ഇനിയും അടച്ചിടാതെ നമുക്ക് അതിജീവിക്കണം

കേരളത്തില്‍ ലോക്ക്ഡൗണ്‍ നീളുകയാണ്. സാധാരണ മനുഷ്യരുടെ ദുരിതവും. കോവിഡ് വ്യാപനം സര്‍ക്കാര്‍ ഉദ്ദേശിച്ചതുപോലെ പിടിച്ചു നിര്‍ത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ലെന്നതു  വ്യക്തം. പക്ഷേ അതിന്റെ പേരില്‍ ലോക്ക്ഡൗണ്‍ അനന്തമായി നീട്ടുന്നത് നീതിയാണോ? സര്‍ക്കാരിന്റെ കിറ്റില്‍ മാത്രം സാധാരണക്കാര്‍ക്ക് ഇനിയും ജീവിതം പിടിച്ചു നിര്‍ത്താന്‍ കഴിയുമോ?

ലോക്ക്ഡൗണ്‍ ഇനിയുമെത്ര നാള്‍ നീളും? ചോദ്യത്തിന് സര്‍ക്കാരിനും വ്യക്തമായ ഉത്തരമില്ല. രോഗസ്ഥിരീകരണനിരക്ക് 10നും താഴെയെത്തണമെന്നാണ്  സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ നിയന്ത്രണങ്ങള്‍ എത്ര കടുപ്പിച്ചിട്ടും ടി.പി.ആര്‍. 10ലേക്ക് ഒരു തവണ പോലും എത്തുന്നുമില്ല. മെയ് 8 മുതല്‍ അടഞ്ഞു കിടക്കുകയാണ് കേരളം. അവശ്യസര്‍വീസുകള്‍ മാത്രമാണ് കഴിഞ്ഞ 35 ദിവസമായി പ്രവര്‍ത്തിക്കുന്നത്. ദിവസക്കൂലി കൊണ്ടു മാത്രം കഴിഞ്ഞു പോകുന്ന മനുഷ്യരൊക്കെ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം വീട്ടിലിരിക്കുന്നു. അകത്തിരുന്നാലും പട്ടിണി കിടക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പിച്ചിട്ടുണ്ട്. അര്‍ഹരായ എല്ലാവര്‍ക്കും കിറ്റ് എത്തുന്നുണ്ട്.  പക്ഷെ ദിവസവരുമാനമില്ലാത്ത മനുഷ്യര്‍ മറ്റു ചെലവുകള്‍ക്ക് എങ്ങനെ പണം കണ്ടെത്തും? മരുന്നു വാങ്ങാന്‍ പണമെവിടെ? വീട്ടുവാടക, കറന്റ് ബില്‍, പാചകവാതകബില്‍, തുടങ്ങിയ അവശ്യചെലവുകള്‍ക്ക് എവിടെ നിന്നു പണം ലഭിക്കും? 

മാസവരുമാനക്കാര്‍ക്ക് പിടിച്ചു നില്‍ക്കാനാകും. ഏറെക്കുറെ അവധിക്കാലം പോലെ വീട്ടിലിരിക്കാവുന്ന വിഭാഗക്കാരുണ്ട്. പക്ഷേ കേരളത്തിലെ ഭൂരിപക്ഷം അങ്ങനെയല്ല. നാലു ദിവസം കട തുറന്നില്ലെങ്കില്‍ ജീവിക്കാന്‍ വഴിയില്ലാത്ത ചെറുകിടകച്ചവടക്കാരും വഴിയോര കച്ചവടക്കാരും കൂലിപ്പണിക്കാരും ചെറുകിട സ്ഥാപനങ്ങളിലെ ജീവനക്കാരും എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്? 

ഇനിയും കേരളം സമ്പൂര്‍ണമായി അടച്ചിടുന്നതിന്റെ യുക്തിയെന്താണ്? കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ എന്താണ് കേരളത്തിന്റെ പദ്ധതിയെന്നു സര്‍ക്കാര്‍ വ്യക്തമായി പറയണം. എന്താണ് രോഗവ്യാപനം കുറയാത്തതെന്നും ഏതെല്ലാം മേഖലകളിലാണ് കടുത്ത നിയന്ത്രണം വേണ്ടതെന്നും സര്‍ക്കാര്‍ തീരുമാനിക്കണം. വാക്സിനേഷന്‍ അതിവേഗത്തിലാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാകുമെന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ തീരുമാനമുണ്ടാകണം. മനുഷ്യരെ അനിശ്ചിതമായി അടച്ചിട്ടുകൊണ്ട് ഇനിയും രോഗവ്യാപനം പിടിച്ചുനിര്‍ത്താമെന്നത് ഒന്നാം സാധ്യതയാകരുത്. 

വൈറസ് സാന്ദ്രത കുറച്ചു കൊണ്ടു വന്നില്ലെങ്കില്‍ രോഗവ്യാപനം വീണ്ടുമുയരാന്‍ സാധ്യത കൂടുതലാണെന്നതാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതിന് മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്ന കാരണം. അത് ശരിയാണ്. രോഗവ്യാപനം ഉയരുന്നത് കേരളത്തെ ഗുരുതരമായി ബാധിക്കും. രണ്ടാം തരംഗത്തില്‍ തന്നെ ചികില്‍സാസൗകര്യങ്ങള്‍  പോരാതെ വരുന്നത് സംസ്ഥാനം നേരിട്ടനുഭവിച്ചതാണ്. രോഗവ്യാപനം കുറച്ചേ പറ്റൂ. 

പക്ഷേ മുപ്പത്തഞ്ചു ദിവസം അടച്ചിട്ടിട്ടും രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയാത്തതെന്താണെന്ന് സര്‍ക്കാരും സ്വതന്ത്രമായി വിലയിരുത്തണം. ഇനിയും കേരളം മുഴുവന്‍ അടച്ചിടുന്ന രീതി പ്രയോജനപ്രദമാണോ എന്നെങ്കിലും വിലയിരുത്തണം. പകരം രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മാത്രം ലോക്ക്ഡൗണ്‍ നടപ്പാക്കി മറ്റിടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനുള്ള സാധ്യതകള്‍ പരിശോധിക്കണം. മാത്രമല്ല, കര്‍ശനനിയന്ത്രണങ്ങള്‍ തീരുമാനിക്കുമ്പോള്‍ അടിസ്ഥാനവിഭാഗങ്ങളുടെ അതിജീവനത്തിന് പ്രഥമ പരിഗണന നല്‍കണം. നിയന്ത്രണങ്ങളില്‍ യുക്തിയും പ്രായോഗികതയും ഉണ്ടാവുകയും വേണം 

35 ദിവസത്തെ ലോക്ക്ഡൗണിനിടെ കേരളത്തില്‍ ഓരോയിടത്തും ഓരോ തരം നിയന്ത്രണങ്ങള്‍ വരുന്ന അവസ്ഥയുണ്ടായി. ചില ജില്ലകകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ വന്നപ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ മാത്രം അവശ്യവസ്തുക്കളുടെ വില്‍പന അനുവദിച്ചു. കൂടുതല്‍ സമയം നല്‍കുമ്പോഴാണല്ലോ തിരക്കില്ലാതെ ആളുകള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങിക്കാനാകുക എന്ന യുക്തിപരമായ ചോദ്യം അവഗണിക്കപ്പെട്ടു. ഇപ്പോഴും ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറി മാത്രം അനുവദിക്കുകയെന്ന നയമുണ്ട്. പാഴ്സലുകള്‍ അനുവദിക്കില്ല. പലവ്യഞ്ജനങ്ങളും പരമാവധി വീടുകളിലെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നത്. ഒന്നോ രണ്ടോ പേരുമായി അന്നന്നത്തേക്കുള്ള വരുമാനം മാത്രം ലക്ഷ്യമാക്കി കടയും ഹോട്ടലും നടത്തുന്നവരാണ് ഇത്തരം നിയന്ത്രണങ്ങളില്‍ വലഞ്ഞു പോകുന്നത്. നിയന്ത്രണങ്ങള്‍ കൂടുതല്‍ യുക്തിസഹവും അതിജീവനം ഉറപ്പാക്കുന്നതുമാകണം. 

പെട്ടെന്നൊരു ദിവസം എല്ലാവര്‍ക്കും സ്വതന്ത്രമായി പുറത്തിറങ്ങാന്‍ കഴിയുന്ന സാഹചര്യം ഇപ്പോഴില്ലെന്ന് കേരളത്തില്‍ എല്ലാവര്‍ക്കുമറിയാം. പക്ഷേ അടിസ്ഥാനജനവിഭാഗത്തിന്റെ അതിജീവനത്തിനു സാധിക്കുന്ന തരത്തിലുള്ള ഇളവുകളെങ്കിലും സര്‍ക്കാര്‍ കൊണ്ടുവരണം. എത്രയും വേഗം വാക്സീന്‍ വിതരണം പൂര്‍ണമാക്കാനാകുന്ന പരിശ്രമങ്ങളും ഉണ്ടാകണം.

രോഗവ്യാപനം നിയന്ത്രിക്കുന്നതിനൊപ്പം അതിവേഗം പുരോഗമിക്കേണ്ടത് വാക്സീനേഷനാണ്. വാക്സീന്‍ ലഭ്യതയില്‍ പരിമിതിയുണ്ട് എന്നത് വാസ്തവമാണ്. അഥവാ അതാണ് ഏറ്റവും പ്രധാന വസ്തുത. വാക്സീന്‍ ലഭിച്ചാല്‍ വേഗത്തില്‍ വിതരണം ചെയ്യാന്‍ കേരളത്തില്‍ സംവിധാനങ്ങളുണ്ട്. പക്ഷേ വാക്സീന്‍ വിതരണത്തിലെ കേന്ദ്രനയത്തിലെ പാളിച്ചകള്‍ രാജ്യത്തെയാകെ ഗുരുതരമായി ബാധിച്ചതുപോലെ കേരളത്തെയും ബാധിച്ചിട്ടുണ്ട്. ഒടുവില്‍ സുപ്രീംകോടതിയുടെ കര്‍ശനഇടപെടല്‍ കാരണം ഇപ്പോള്‍ എല്ലാവര്ക്കും സൗജന്യവാക്സീന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വാക്സീന്‍ ലഭ്യത വലിയ പ്രശ്നമാണ്. രാജ്യത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി വാക്സീന്‍ ലഭ്യതയും വിതരണവും ശാസ്ത്രീയമായി കണക്കാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. കേരളത്തില്‍ 25 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് നല്‍കിക്കഴിഞ്ഞെന്നും എത്രയും വേഗം വാക്സീന്‍ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരിലേക്കുമെത്തിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നുണ്ട്. 

എന്നാല്‍ വാക്സീന്‍ വിതരണത്തില്‍ പോലും സാമൂഹ്യനീതി ഉറപ്പു വരുത്താനാകുന്നുണ്ടോയെന്നത് സംശയമാണ്. കേരളത്തില്‍ ഇതുവരെയും നീതിയുക്തമായ വാക്സീന്‍ വിതരണം സാധ്യമായിട്ടില്ല. പണമുള്ളവര്‍ സ്വകാര്യ ആശുപത്രി സംവിധാനങ്ങളില്‍ നിന്നു വാക്സീന്‍ ലഭ്യമാക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വാക്സീന്‍ ലഭിക്കാന്‍  24 മണിക്കൂറും സാങ്കേതികസൗകര്യങ്ങളില്‍ കണ്ണും നട്ട് കാത്തിരിക്കേണ്ട സ്ഥിതിയാണ്. പൂര്‍ണമായും സുതാര്യമായ രീതിയില്‍ സ്ലോട്ടുകള്‍ ലഭിക്കുന്നില്ലെന്നും വ്യാപകമായ പരാതിയുണ്ട്. സമൂഹത്തില്‍ ഇടപെട്ട് ജോലിചെയ്യേണ്ട വിഭാഗങ്ങളെ തന്നെ പരിഗണിച്ച് അവര്‍ക്കു കൂടി സ്പോട്ട് റജിസ്ട്രേഷനടക്കം കൃത്യമായി ക്രമീകരിച്ച് വാക്സീനേഷന്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണം. 

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയല്ലാതെ അടച്ചിട്ടുകൊണ്ടു മാത്രം നമുക്കിനിയും മുന്നോട്ടു പോകാനാകില്ല. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അതിജീവനത്തിനായി പാടുപെടുന്നവര്‍ക്കെങ്കിലും ഇളവു നല്‍കണം.  മാസ്ക് ശാസ്ത്രീയമായി ഉപയോഗിക്കുന്നതില്‍ കര്‍ശനബുദ്ധി കാണിക്കുക. 

അകലം പാലിച്ചു മാത്രം ജീവിക്കാന്‍ കര്‍ശനനിയന്ത്രണം ഉറപ്പു വരുത്തുക. നീണ്ടു നില്‍ക്കുന്ന പോരാട്ടമാണിത്. വാക്സീന്‍ കിട്ടിയാല്‍ പോലും ശ്രദ്ധയോടെ ജീവിക്കുകയല്ലാതെ പരിഹാരമില്ലെന്നു നമുക്കറിയാം.