മോദി സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹക്കുറ്റമല്ല; വിധിയിലെ പാഠം

രാജ്യമെന്നാല്‍ ഭരണകൂടമാണോ? മോദി സര്‍ക്കാര്‍ എന്നാല്‍ ഇന്ത്യയാണോ? ഭരണകൂടത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണോ? ഭരണകൂടത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന നിര്‍ണായക വിധി ഇന്നത്തെ ഇന്ത്യയില്‍ അതിപ്രധാനമാണ്. ഭരണകൂടത്തെയും അതില്‍ പ്രവര്‍ത്തിക്കുന്നവരെയും വിമര്‍ശിക്കാന്‍ പൗരന് അവകാശമുണ്ടെന്ന് സുപ്രീംകോടതി ഒരിക്കല്‍കൂടി വ്യക്തമാക്കി.  

കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്ത് ഏറ്റവുമധികം ദുരുപയോഗിക്കപ്പെട്ട ഭീഷണി രാജ്യദ്രോഹക്കുറ്റമാണ്.  രാജ്യത്തെ ദ്രോഹിക്കുന്നവരല്ല, ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം വ്യാപകമായി ചാര്‍ത്തപ്പെട്ടത്. വളരെ സൂക്ഷ്മമായി ബി.ജെ.പി. നടപ്പാക്കിയ ഒരു രാഷ്ട്രീയപദ്ധതി കൂടിയായിരുന്നു അത്. മോദിസര്‍ക്കാരിെന വിമര്‍ശിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നു പരസ്യമായി മുദ്ര കുത്തപ്പെട്ടു. മോദി സര്‍ക്കാരിനോടു ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ രാജ്യത്തെ ചോദ്യം ചെയ്യുകയാണെന്ന ബദല്‍ വ്യാഖ്യാനം സ്ഥാപിക്കപ്പെട്ടു. രാജ്യദ്രോഹക്കുറ്റം എന്ന ഒരു പൗരനും ആഗ്രഹിക്കാത്ത ഗുരുതരമായ നിയമവ്യാഖ്യാനം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവര്‍ രാജ്യദ്രോഹത്തിനു മറുപടി പറയണമെന്ന അവസ്ഥയായി. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യക്കാരുടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റമാണ് ഭരണകൂടം സ്വന്തം ജനതയ്ക്കെതിരെ പ്രയോഗിക്കുന്നത്.  

അതുകൊണ്ടു തന്നെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല എന്ന സുപ്രീംകോടതി വിധി നിലവിലെ സാഹചര്യത്തില്‍ ജനാധിപത്യത്തിന് വലിയ ആശ്വാസമാണ്. എന്താണ് രാജ്യദ്രോഹമാകുന്നതെന്നും എന്താണ് രാജ്യദ്രോഹമാക്കാന്‍ പാടില്ലാത്തതെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്. ചോദ്യങ്ങളും വിമര്‍ശനങ്ങളും നേരിടാന്‍ ഭയക്കുന്ന ഭരണകൂടത്തിനുള്ള നിശിതമായ പ്രഹരമാണ് സുപ്രീംകോടതി വിധി. 

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയ്ക്കെതിരെ ഹിമാചല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കുറ്റം റദ്ദാക്കിയാണ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് നിര്‍ണായക ഇടപെടല്‍ നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം ലോക്ഡ‍ൗണ്‍ അപാകതകളെ വിമര്‍ശിച്ചുകൊണ്ട് സ്വന്തം യൂട്യൂബ് ചാനലില്‍ നടത്തിയ പരാമര്‍ശമാണ് കേസെടുക്കാന്‍ കാരണം. കോവിഡ് പരിശോധനയ്ക്കും പ്രതിരോധത്തിനും രാജ്യത്ത് ആവശ്യമായ സംവിധാനങ്ങളില്ലെന്ന് ദുവ വിമര്‍ശിച്ചിരുന്നു. പി.പി.ഇ കിറ്റുകളുടെ ലഭ്യതയെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ലെന്നും കോവിഡ് ചികില്‍സാഉപകരണങ്ങള്‍ പ്രതിസന്ധിക്കിടയിലും കയറ്റുമതി തുടര്‍ന്നെന്നും ദുവ വിമര്‍ശിച്ചിരുന്നു. മരണവും ഭീകരാക്രമണങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടു  നേടാന്‍ ദുരുപയോഗിക്കുന്നുവെന്നും ദുവ വിമര്‍ശിച്ചു. ഇതിനെതിരെ ഹിമാചലിലെ ബി.ജെ.പി. നേതാവ് അജയ് ശ്യാം നല്‍കിയ പരാതിയിലാണ് ഹിമാചല്‍ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പ്രധാനമന്ത്രിക്കെതിരായ പ്രസ്താവന, സര്‍ക്കാരിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. ആവശ്യത്തിന് കോവിഡ് പ്രതിരോധസംവിധാനങ്ങളില്ലെന്ന വിമര്‍ശനം ജനങ്ങളെ പരിഭ്രാന്തരാക്കുന്നതാണെന്നും പൊലീസ് കേസില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഐ.പി.സിയിലെ 124–എ വകുപ്പു പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പര്യാപ്തമായതൊന്നും ഇവിടെ സംഭവിച്ചിട്ടില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. കുറ്റാരോപിതന് ക്രമസമാധാനപ്രശ്നമുണ്ടാക്കാനുള്ള ലക്ഷ്യമോ കലാപത്തിന് ആഹ്വാനമോ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ നടപടികളിലെ പോരായ്മകള്‍ പുറത്തു കൊണ്ടുവരാനും പരിഹാരം കാണാനുമായിരുന്നു വിമര്‍ശനം. അനുവദനീയമായ പരിധിക്കുള്ളില്‍ നിന്നു മാത്രമേ കുറ്റാരോപിതന്‍ സംസാരിച്ചിട്ടുള്ളൂവെന്നും കോടതി വിലയിരുത്തി. 

മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്കാരത്തിനുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനെതിരെ 1962ലെ കേദാര്‍സിങ് നാഥ് കേസിലെ വിധി പ്രകാരം ഓരോ മാധ്യമപ്രവര്‍ത്തകനും സംരക്ഷണമുണ്ടെന്നും ജസ്റ്റിസുമാരായ യു.യു.ലളിത്, വിനീത് സരണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് ചൂണ്ടിക്കാട്ടി. ഡല്‍ഹി കലാപത്തില്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളുടെ പേരില്‍ ഡല്‍ഹി പൊലീസും ദുവയ്ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ആ കേസ് ഡല്‍ഹി ഹൈക്കോടതി തന്നെ സ്റ്റേ ചെയ്തിരുന്നു. 

മാധ്യമപ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെയോ ഭരണകൂടത്തെയോ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ലെന്ന് കോടതി വ്യക്തമായി വിധിന്യായം പുറപ്പെടുവിച്ചിരിക്കുന്നു. ഭരണകൂടത്തെയും അതിന്റെ ഭാഗമായവരെയും വിമര്‍ശിക്കാന്‍ പൗരന് അവകാശമുണ്ട്. സര്‍ക്കാരിനെതിരെ അക്രമത്തിന് ജനങ്ങളെ പ്രേരിപ്പിക്കാത്തിടത്തോളം അത് രാജ്യദ്രോഹമല്ല. ക്രമസമാധാനം തകര്‍ക്കാനുള്ള ഗൂഢലക്ഷ്യത്തോടെ പ്രസ്താവന നടത്തുമ്പോള്‍ മാത്രമേ രാജ്യദ്രോഹക്കുറ്റം ബാധകമാക്കാനാവൂവെന്ന് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു. രാജ്യത്തെ ഭരണകക്ഷി വിമര്‍ശനങ്ങള്‍ക്ക് തടയിടാനായി നിര്‍ലോഭം പ്രയോഗിച്ചു പോരുന്ന രാഷ്ട്രീയ ആയുധത്തിനാണ് സുപ്രീംകോടതി വിധി തടയിടുന്നത്. ആധുനിക ജനാധിപത്യത്തില്‍ രാജ്യദ്രോഹക്കുറ്റം തന്നെ ഒഴിവാക്കേണ്ടതല്ലേ എന്നു ചര്‍ച്ച ചെയ്യേണ്ട സമയത്താണ് പൗരന്‍മാര്‍ക്കെതിരെ  ഭരണകൂടം തന്നെ കാലഹരണപ്പെട്ട ജനാധിപത്യവിരുദ്ധത അടിച്ചേല്‍പിക്കുന്നത്.