കള്ളപ്പണം ഇപ്പോഴും രാജ്യദ്രോഹമല്ലേ? ബി.ജെ.പി നിശബ്ദത പാലിക്കുന്നതെന്ത്?

കള്ളപ്പണം ഇല്ലാതാക്കാനായി രാജ്യത്തെ നോട്ടുകള്‍ മുഴുവന്‍ നിരോധിച്ച പാര്‍ട്ടി കള്ളപ്പണ ഇടപാട് നടത്തുമോ? അവിശ്വസനീയമാണ്. കള്ളപ്പണഇടപാടുകള്‍ നടത്തുന്നവരെ രാജ്യം ഭരിക്കുന്ന പാര്‍ട്ടി  വിശേഷിപ്പിക്കുന്നതു പോലും  രാജ്യദ്രോഹികള്‍  എന്നാണ്.   അത്തരം രാജ്യവിരുദ്ധപ്രവൃത്തികളില്‍ കടുത്ത നിലപാടെടുക്കുന്ന പാര്‍ട്ടി ഇതാദ്യമായി ഒരു കള്ളപ്പണഇടപാടില്‍ കടുത്ത നിശബ്ദതയിലാണ്. കൊടകര കുഴല്‍പ്പണക്കേസിനേക്കാള്‍ ദുരൂഹമാണ് ആ കേസില്‍ ബി.ജെ.പി. പുലര്‍ത്തുന്ന നിശബ്ദത. ഒരു പ്രത്യേക തരം രാജ്യസ്നേഹമാണ്  കൊടകരക്കേസിലെ നിശബ്ദതയില്‍ നമ്മള്‍ കാണുന്നത്. 

കള്ളപ്പണത്തിനെതിരെ വിശ്രമമില്ലാത്ത പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയുടെ രാജ്യത്താണ് തിരഞ്ഞെടുപ്പു പ്രചാരണത്തിന് കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം രാഷ്ട്രീയപാര്‍ട്ടിക്കു നേരെ ഉയരുന്നത്. സംഭവത്തിന്റെ ചുരുക്കം ഇതാണ്. കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ നില്‍ക്കേയാണ് ഏപ്രില്‍ 3ന് പുലര്‍ച്ചെ ദേശീയപാതയില്‍ കൊടകരയ്ക്കടുത്ത് വച്ച് കുഴല്‍പ്പണക്കവര്‍ച്ച നടക്കുന്നത്. വാഹനാപകടം സൃഷ്ടിച്ച് കുഴല്‍പ്പണമായി കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടിയോളം രൂപയാണ് കവര്‍ന്നത്.രണ്ടു കാറുകളിലായി വന്ന പ്രതികള്‍ പണവുമായി പോകുകയായിരുന്ന കാറിലിടിച്ച് വാഹനം തടഞ്ഞ് ഡ്രൈവറായ ഷംജീറിനെയും സുഹൃത്തിനെയും ദേഹോപദ്രവമേല്‍പിച്ച് എര്‍ട്ടിഗ കാറും അതിലുണ്ടായിരുന്ന പണവും കവര്‍ന്നുവെന്നാണ് കേസ്. 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഷംജീര്‍, ധര്‍മരാജന്‍ എന്നിവരാണ് പരാതിക്കാര്‍. ഇതില്‍ ധര്‍മരാജന്‍ സജീവ ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് കാര്യങ്ങളുടെ ഗതി മാറുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നടുക്കായതിനാല്‍ വാര്‍ത്തയ്ക്ക് അന്ന് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. എന്നാല്‍ ഏപ്രില്‍ പകുതിയോടെ പൊലീസ് അന്വേഷണം ബി.ജെ.പി. നേതാക്കളിലേക്കെത്തിത്തുടങ്ങി. ബി.ജെ.പി. പ്രചാരണത്തിനായി കര്‍ണാടകത്തില്‍ നിന്നു കൊണ്ടു വന്ന പണമാണിതെന്നാണ് പൊലീസ് കണ്ടെത്തല്‍. ആകെ ഒന്‍പതരക്കോടി രൂപയാണ് കുഴല്‍പ്പണമായി കൊണ്ടുവന്നതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ആറു കോടി കോഴിക്കോടും തൃശൂരുമായി വിതരണം ചെയ്ത ശേഷം മൂന്നരക്കോടിയുമായി ആലപ്പുഴയിലേക്കു പോകുന്നതിനിടെയാണ് കൊടകരയില്‍ വച്ച് ആസൂത്രിത കവര്‍ച്ച നടന്നതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഈ കേസിലെ ഏറ്റവും വലിയ തമാശ. 25 ലക്ഷം കവര്‍ച്ച ചെയ്യപ്പെട്ടു എന്നാണ് പരാതി. പക്ഷേ ഒന്നേകാല്‍കോടിയോളം രൂപ പൊലീസ് ഇതിനോടകം കവര്‍ച്ചക്കാരില്‍ നിന്നു വീണ്ടെടുത്തു കഴിഞ്ഞു. പോയ പണമെത്രയെന്നു സത്യസന്ധമായി പറയാന്‍ പോലും കഴിയാത്ത പ്രതിസന്ധിയിലാണ് പരാതിക്കാര്‍. കുഴല്‍പണം ബി.ജെ.പിയുടേതാണെന്ന സംശയത്തില്‍ പ്രധാന സംഘടനാനേതാക്കളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ് പൊലീസ്. പക്ഷേ രാജ്യദ്രോഹം എവിടെയെങ്കിലും സംഭവിക്കാതിരിക്കാന്‍ നിതാന്തജാഗ്രത പുലര്‍ത്തുന്ന ബി.െജ.പി. നേതാക്കള്‍ ഈ കേസില്‍ പൊലീസിനെ താക്കീതു ചെയ്തുകൊണ്ടിരിക്കുകയാണ് എന്നതാണ് വേറൊരു വൈരുധ്യം. കള്ളപ്പണമെന്ന് എവിടെയെങ്കിലും കേട്ടുകേള്‍വിയുണ്ടായാല്‍ പോലും പാഞ്ഞു വന്ന് അന്വേഷണം നടത്തിക്കൊണ്ടിരുന്ന കേന്ദ്ര ഏജന്‍സികളെയൊന്നും ഈ വഴിക്കേ കാണുന്നില്ലെന്നത് വേറൊരു തമാശ. 

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പറയുന്നതില്‍ ഒരു കാര്യം വളരെ ശരിയാണ്. ഈ കേസില്‍ ബി.െജ.പിയെ ബന്ധപ്പെടുത്താന്‍ വളരെ പ്രയാസമാണ്. കുഴല്‍പ്പണക്കേസുകളുടെ ഗതി നോക്കിയാലറിയാം. ഉറവിടവും ഉന്നവും സ്ഥിരീകരിക്കുക അത്ര എളുപ്പമല്ല. മാത്രമല്ല, കേരളാപൊലീസില്‍ എത്തിയിരിക്കുന്ന പരാതി കുഴല്‍പ്പണകവര്‍ച്ചയെക്കുറിച്ചാണ്. പണത്തിന്റെ ഉറവിടം കണ്ടെത്തുക നിയമപരമായി പൊലീസിന്റെ ജോലിയല്ല. കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയാണ് ഇത്തരം കേസുകളില്‍ സമഗ്രമായ അന്വേഷണം നടത്തേണ്ടത്. സമീപകാലത്ത് കേരളത്തില്‍ നിരന്തരം തലങ്ങും വിലങ്ങും കള്ളപ്പണം തേടിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇപ്പോള്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ഈ കേസിലേക്കൊന്നു തിര‍ിഞ്ഞു നോക്കുന്നുപോലുമില്ലെന്ന് പരാതി നല്‍കിയവര്‍ പറയുന്നു.  കുഴല്‍പണം ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നതിന് പല കാരണങ്ങളുണ്ട്. 

ഒന്ന് പണം കൊണ്ടുവന്ന ധര്‍മരാജന്‍ സജീവ ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണ്.  ധര്‍രാജനും സംഘത്തിനും തൃശൂരില്‍ താമസിക്കാന്‍ മുറി ബുക്ക് ചെയ്തത് തൃശൂര്‍ ബി.ജെ.പി.ജില്ലാകമ്മിറ്റി ഓഫിസില്‍ നിന്നാണെന്ന് മൊഴിയും തെളിവുമുണ്ട്. പണം കൈമാറിയെന്നു ഇയാള്‍ മൊഴി നല്‍കിയിരിക്കുന്ന സുനില്‍ നായിക്ക് യുവമോര്‍ച്ചാനേതാവും ബി.ജെ.പി. സംസ്ഥാനനേതൃത്വത്തിന്റെ വിശ്വസ്തനുമാണ്. ധര്‍മരാജന്‍ കവര്‍ച്ചയ്ക്കു മുന്‍പും ശേഷവും ഫോണില്‍ ബന്ധപ്പെട്ടിരിക്കുന്നതെല്ലാം ബി.ജെ.പിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയെയും ഓഫിസ് സെക്രട്ടറിയെയുമൊക്കെയാണ്.  ബി.െജ.പിയുടെ കാര്യങ്ങളില്‍ ഇടപെടുന്നതിനും നിയന്ത്രിക്കുന്നതിനും ആര്‍.എസ്.എസ് നിയോഗിക്കുന്ന സംഘടനാജനറല്‍ സെക്രട്ടറിയെയാണ് ഏറ്റവുമൊടുവില്‍ പൊലീസ് ചോദ്യം ചെയ്തിരിക്കുന്നത്. ബി.ജെ.പിയുടെ പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നതും ഈ സംഘടനാ ജനറല്‍ സെക്രട്ടറിയെയാണ്. സംസ്ഥാന ഓഫിസ് സെക്രട്ടറിയും ആലപ്പുഴ ജില്ലാ ട്രഷററുമൊക്കെ കുഴല്‍പ്പണവുമായി യാത്ര ചെയ്യുകയായിരുന്ന ധര്‍മരാജനെ നിരന്തരം ഫോണില്‍ വിളിച്ചതെന്തിനാണ് എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്യങ്ങള്‍ക്കായാണെന്നും ബി.െജ.പിക്ക് ഈ പണവുമായി ബന്ധമില്ലെന്നുമാണ് നേതാക്കള്‍ പൊലീസിന് നല്‍കുന്ന മൊഴി. ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരുകയാണ്. 

കുഴല്‍പ്പണവുമായി വരുന്നവരെ ബി.ജെ.പി നേതാക്കള്‍ തിരഞ്ഞെടുപ്പു കാര്യങ്ങള്‍ക്കായി വിളിച്ചത് തീര്‍ത്തും യാദൃശ്ചികമായി സംഭവിച്ചതാണ് എന്ന് ചിലപ്പോള്‍ കേരളത്തിനും ഒടുവില്‍ വിശ്വസിക്കേണ്ടി വരും. കാരണം പൊലീസിന് ഈ കേസ് ഉറവിടം കണ്ടെത്തും വരെ മുന്നോട്ടു കൊണ്ടു പോകാന്‍ പരിമിതികളുണ്ട്.  പൊലീസ് അങ്ങേയറ്റം വരെ പോകുമോയെന്നതും കാത്തിരുന്ന് ഉത്തരം കാണേണ്ട ചോദ്യമാണ്. അല്ലെങ്കില്‍ പിന്നെ കേന്ദ്ര ഏജന്‍സികള്‍ വിചാരിക്കണം. കള്ളപ്പണം ഇടപാട് നടത്തിയ രാജ്യദ്രോഹികളെ പിടികൂടാന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടി ഇടപെടണം. അതിന് ഒരു സാധ്യതയും കാണുന്നുമില്ല കള്ളപ്പണം ഇടപാട് ഒരു സാമ്പത്തിക കുറ്റകൃത്യമാണ്. സാമ്പത്തിക കുറ്റകൃത്യം നടത്തുന്നവരെ രാജ്യദ്രോഹികള്‍ എന്നു വിളിക്കാനാരംഭിച്ചത് ബി.ജെ.പിയാണ്. നികുതിവെട്ടിപ്പും നിയമലംഘനവും നടത്തുന്നവര്‍ രാജ്യത്തിനെതിരെ യുദ്ധം നടത്തുന്നവരാണ് എന്ന വ്യാഖ്യാനം കൊണ്ടുവന്നതും ദേശീയതാവാദമാണ്. ബി.െജ.പിയുടെ മാനദണ്ഡമനുസരിച്ച് ആരു കള്ളപ്പണം ഇടപാടു നടത്തിയാലും അവര്‍ ഇന്ത്യക്കെതിരെ യുദ്ധം നടത്തുകയാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ചോദ്യം ചെയ്യുന്നവരാണ്. ഈ കള്ളപ്പണഇടപാട് ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി മിന്നല്‍യുദ്ധമായി നോട്ടു നിരോധനം പ്രഖ്യാപിച്ചത്. കള്ളപ്പണം കൊണ്ടുവരുന്നതും കൈകാര്യം ചെയ്യുന്നതും തീവ്രവാദശക്തികളും വിഘടനവാദികളുമാണെന്നാണ് ബി.ജെ.പി. വിശ്വസിക്കുന്നത്.  കള്ളപ്പണം നേരിടാന്‍ വേണ്ടി മാത്രം കൊണ്ടു വന്ന നോട്ടു നിരോധനം സമ്പദ് വ്യവസ്ഥയ്ക്കേല്‍പിച്ച പരുക്കുകളില്‍ നിന്ന് രാജ്യം ഇതുവരെയും കര കയറിയിട്ടില്ല. എലിയെ തോല്‍പിക്കാന്‍ ഇല്ലം ചുട്ടുവെന്ന സാമ്പത്തികവിദഗ്ധരുടെ വിമര്‍ശനങ്ങള്‍ക്ക് വസ്തുനിഷ്ഠമായി മറുപടി പറയാന്‍ പോലും തയാറാകാതെ ആ നടപടി തന്നെ മറന്നു കളയുകയാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും ചെയ്യുന്നത്. അതുകൊണ്ടു തന്നെ പാര്‍ട്ടിക്കു നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണത്തെ ഏറ്റവും ഗൗരവത്തോടെ കൈകാര്യം ചെയ്യാന്‍ ബി.ജെ.പി. മുന്‍കൈയെടുക്കണം. ഈ പണം എവിടെ നിന്നു വന്നു, എങ്ങോട്ട്, ആര്‍ക്കു വേണ്ടി കൊണ്ടുവന്നു എന്ന ചോദ്യത്തിന് മറുപടി വേണം. 

അതുമാത്രമല്ല,  തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടിയാണ് കോടികള്‍ ഒഴുക്കിയതെന്ന ആരോപണം കൂടുതല്‍ ഗുരുതരവുമാണ്. അനുവദനീയമായതിലും കൂടുതല്‍ പണം തിരഞ്ഞെടുപ്പിനു വേണ്ടി ചെലവഴിക്കുകയെന്നാല്‍ അത് ദുരൂഹവും ദുരുദ്ദേശപരവുമാണ്. ജനാധിപത്യത്തെ പണമൊഴുക്കി അട്ടിമറിക്കാനുള്ള ശ്രമമെന്ന ഗുരുതരമായ ആരോപണമാണത്. അതുകൊണ്ട് ഇക്കാലമത്രയും ഉപയോഗിച്ച രാജ്യദ്രോഹ ടാഗ് സ്വന്തം പാര്‍ട്ടിക്കു മുകളില്‍ വീഴാതിരിക്കാന്‍ ബി.ജെ.പി. തന്നെ സമഗ്രമായ അന്വേഷണം ആവശ്യപ്പെടണം. സുതാര്യമായി അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തു കൊണ്ടുവരണം. ഒരു കള്ളപ്പണക്കേസില്‍ ബി.ജെ.പി പ്രതിരോധത്തില്‍ നില്‍ക്കേണ്ടി വരുന്നത് ദുരൂഹവും അപഹാസ്യവുമാണ്. ഇനി രാജ്യസ്നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുമ്പോള്‍ പാര്‍ട്ടി അണികള്‍ തന്നെ തിരിച്ചു ചോദ്യം ചോദിച്ചേക്കാം.