എന്തുകൊണ്ട് ഭരണത്തുടര്‍ച്ചയെന്ന ചരിത്രം?; ജനങ്ങളെ തെറ്റിദ്ധരിച്ച പ്രതിപക്ഷവും

കോവിഡ‍് പ്രതിസന്ധിക്കിടെ കേരളത്തിൽ ചരിത്രപ്രധാനമായ ഒരു തിരഞ്ഞെടുപ്പ് നടന്നു.  അടുത്ത അഞ്ചുവർഷത്തേക്ക് ഇടതുമുന്നണി സർക്കാറിനെ വീണ്ടും തെരഞ്ഞെടുത്തു. ഭരണത്തുടർച്ച എന്ന ചരിത്ര നേട്ടം പോലും ആഘോഷിക്കാൻ കഴിയാത്ത കോവിഡ് പ്രതിസന്ധിയിലാണ് കേരളം.  ഗൗരവമേറിയ രാഷ്ട്രീയ വിശകലനങ്ങൾക്ക് പോലും കോവിഡ് പ്രതിസന്ധി കേരളത്തിന് മതിയായ സമയം നൽകിയില്ല. അല്ലെങ്കിലും  ഇടതുമുന്നണിയെ കേരളത്തിലെ ജനങ്ങൾ  എന്തുകൊണ്ട് വീണ്ടും തെരഞ്ഞെടുത്തു  എന്ന ചോദ്യത്തിനുള്ള ഉത്തരം അത്രമേൽ സങ്കീർണമോ ഗഹനമോ ആണോ ? ഈ സർക്കാർ തുടരാൻ പാടില്ല എന്ന് തീരുമാനിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ  മതിയായ കാരണങ്ങൾ ഉണ്ടായിരുന്നോ? ഈ ജനവിധി രാഷ്ട്രീയ കേരളത്തിനു മുന്നില്‍ വയ്ക്കുന്ന സൂചനകള്‍ പ്രത്യാശാജനകമാണോ?  

കേരളം സ്വന്തം ചരിത്രം തിരുത്തിയെഴുതി. ഭരണ വിരുദ്ധ തരംഗം മാത്രം കണ്ടിട്ടുള്ള സമീപകാല തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ സംസ്ഥാനം സാക്ഷ്യംവഹിച്ചത് തുടർ ഭരണ തരംഗത്തിനാണ്. ഭരണമുന്നണി 99 സീറ്റ് തൂത്തുവാരി പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കി. രാജ്യം ഭരിക്കുന്ന ബിജെപി മുന്നണിക്ക് നിലവിലുണ്ടായിരുന്ന ഒരു സീറ്റ് കൂടി തിരിച്ചെടുത്തു പതിനഞ്ചാം നിയമസഭയില്‍ സംപൂജ്യരാക്കി. അഞ്ചു വർഷം കാലാവധി പൂർത്തിയാക്കി ഭരണത്തുടർച്ച നേടുന്ന ആദ്യ മുഖ്യമന്ത്രിയായി പിണറായി വിജയനും ചരിത്രത്തിലിടം നേടി. വൻ ഭൂരിപക്ഷത്തിൽ ഭരണം  നേടുമെന്ന്  വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രതിപക്ഷം നിലവിലുണ്ടായിരുന്ന ആറു സീറ്റു കൂടി നഷ്ടപ്പെട്ട് 41 സീറ്റിൽ ഒതുങ്ങി. 140 മണ്ഡലങ്ങളിൽ കോൺഗ്രസിന് ഇപ്പോഴുള്ളത് 21 സീറ്റ്. മുസ്ലിം ലീഗിന് 15. തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ ഉജ്ജ്വലമായി കേരളത്തിൽ അങ്ങോളമിങ്ങോളം എൽഡിഎഫ് ആധിപത്യം നേടി.   

കേരളത്തിൽ മാത്രമല്ല  പ്രധാനമന്ത്രി നേരിട്ട് നേതൃത്വം നൽകിയ പ്രചാരണ കോലാഹലങ്ങള്‍ മറികടന്ന്  പശ്ചിമബംഗാളിൽ തൃണമൂല്‍ കോൺഗ്രസ് തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ എത്തി. തമിഴ്നാട്ടിൽ പത്തുവർഷത്തിനുശേഷം  ഒറ്റയ്ക്ക് കേവല ഭൂരിപക്ഷവും നേടി,  ഡിഎംകെ മുന്നണിയെ അധികാരത്തിലെത്തിച്ചു. അസമിലെ ഭരണത്തുടർച്ചയും പുതുച്ചേരിയിൽ എൻഡിഎ സഖ്യം അധികാരത്തിൽ എത്തിയതുമാണ് രാജ്യം ഭരിക്കുന്ന കക്ഷിയുടെ ആകെ നേട്ടം. അഞ്ചു സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പിൽ ജനത പ്രകടിപ്പിച്ച രാഷ്ട്രീയ സൂക്ഷ്മതയും ചരിത്രത്തിൻറെ ഭാഗമാകും.  അതിനിടയില്‍ നാലു പതിറ്റാണ്ടുകളായി ഒരിക്കൽപോലും ഭരണത്തുടർച്ചയ്ക്ക് അവസരം കൊടുക്കാതിരുന്ന കേരളത്തിൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാത്തത് പ്രതിപക്ഷത്തിന് മാത്രമായിരിക്കും.  

കേരളത്തിൽ ഭരണത്തുടർച്ചയെന്ന് എക്സിറ്റ് പോളുകൾ മുഴുവൻ പ്രവചിച്ചപ്പോഴും പ്രതിപക്ഷം   മാധ്യമങ്ങളുടെ വിശ്വാസ്യതയിൽ  സംശയം ഉയർത്തുകയാണ് ചെയ്തത്. സമൂഹത്തിന്റെ  അടിത്തട്ടിലെ യാഥാർത്ഥ്യം തിരിച്ചറിയുന്നതിൽ പ്രതിപക്ഷം തെരഞ്ഞെടുപ്പിനുമുമ്പേ പരാജയപ്പെട്ടിരുന്നു. ഭരണം തിരിച്ചുപിടിക്കുക, ഓരോ നേതാവിനും അധികാരം കണ്ടെത്തുക, ഗ്രൂപ്പ് സമവാക്യങ്ങൾ ഉറപ്പിക്കുക, ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തുക ഇതൊക്കെ പ്രതിപക്ഷത്തിന്റെ ആഭ്യന്തരപ്രശ്നങ്ങള്‍ മാത്രമായി മാറി.  ജനങ്ങൾ ഒരു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത്  നിലവിൽ മുന്നിലുള്ള മികച്ച  സാധ്യത ഏത് എന്ന് വിലയിരുത്തി തന്നെയാണ്. യഥാർത്ഥത്തിൽ  ഇടതുമുന്നണി സർക്കാർ  എന്തുകൊണ്ട് ഭരണത്തില്‍ നിന്നു മാറണം എന്ന് വ്യക്തമായി  ജനങ്ങളോട് പറയാൻ ഒരിക്കല്‍ പോലും  പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. വീണുകിട്ടിയ രാഷ്ട്രീയ വിഷയങ്ങളിൽ  പ്രതീക്ഷയർപ്പിച്ചുമാത്രം അശ്രാന്ത പരിശ്രമം നടത്തിയ പ്രതിപക്ഷം ആകട്ടെ ഭരണനിർവ്വഹണത്തിൽ നിലവിലുള്ളമുന്നണിയെക്കാള്‍ എന്തു മെച്ചമാണ് തങ്ങള്‍ക്കു മുന്നോട്ടു വയ്ക്കാനുള്ളതെന്ന് സ്വയം ചിന്തിച്ചു നോക്കാന്‍ പോലും മെനക്കെട്ടില്ല. വാഗ്ദാനങ്ങളിൽ പോലും അങ്ങനെ ഒരു വ്യക്തത വരുത്തി കേരളത്തിലെ ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാൻ പ്രതിപക്ഷം ശ്രമിച്ചതുമില്ല. കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോയ കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ  ‌മോശമല്ലാത്ത ഭരണനിർവ്വഹണം തന്നെയാണ് പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പിച്ചത്. ജനങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാരിനൊപ്പം ജനങ്ങൾ നിൽക്കുമെന്ന് രാഷ്ട്രീയ കാലാവസ്ഥ മനസിലായവർക്ക് എല്ലാം വ്യക്തമായിരുന്നു.  

പ്രതിപക്ഷം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ തെറ്റിദ്ധരിച്ചു. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിച്ചു. അങ്ങനെ അല്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി  നേരിട്ട ശേഷവും ശബരിമല മുഖ്യവിഷയമായി ഉയര്‍ത്തിക്കാട്ടി ധ്രുവീകരണ ശ്രമവുമായി  കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ വരാൻ  ഐക്യജനാധിപത്യമുന്നണി  ധൈര്യപ്പെടില്ലായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം യുഡിഎഫും ബിജെപിയും യും മനപ്പൂർവ്വം മറന്നുകളയുന്ന അവരുടെ  പ്രധാന തെരഞ്ഞെടുപ്പ് മുദ്രാവാക്യമാണ് ശബരിമല.  ക്ഷേമപദ്ധതികള്‍ക്കൊപ്പം തന്നെ വോട്ടര്‍മാര്‍ പുലര്‍ത്തിയ കണിശമായ രാഷ്ട്രീയജാഗ്രതയും ഈ തിരഞ്ഞെടുപ്പില്‍ കണ്ട സവിശേഷതയാണ്.  

‌ക്ഷേമപദ്ധതികളുടെ രാഷ്ട്രീയത്തില്‍ മാത്രമായി ചുരുക്കാനാകില്ല ഇടതുമുന്നണിയുടെ വന്‍വിജയം. കേരളത്തെ തെറ്റിദ്ധരിച്ച രാഷ്ട്രീയനേതൃത്വങ്ങള്‍ക്കുള്ള താക്കീത് കൂടി വോട്ടര്‍മാര്‍ വ്യക്തമായി വോട്ടുപെട്ടിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശബരിമലയില്‍ ആചാരലംഘനത്തിന് തടവുശിക്ഷയും വാഗ്ദാനം ചെയ്തുവന്ന പ്രതിപക്ഷമുന്നണിക്കുള്ള തിരിച്ചടി ഒന്നാം പാഠം.  ശബരിമലയുടെ പേരില്‍ കേരളത്തിലും ധ്രുവീകരണമുണ്ടാക്കാമെന്ന അതിമോഹത്തില്‍ കറങ്ങിത്തിരിഞ്ഞ ബി.ജെ.പി മുന്നണിക്കു ആകെയുണ്ടായിരുന്ന ഒരു സീറ്റു കൂടി തിരിച്ചെടുത്ത താക്കീത് രണ്ടാം പാഠം. സംസ്ഥാനത്താകെ ബി.ജെ.പിയുടെ വോട്ടു വിഹിതത്തിലുണ്ടായ തിരിച്ചടി അടുത്ത പാഠം. കേരളത്തിലെ ന്യൂനപക്ഷങ്ങളും ഭൂരിപക്ഷവും ഒരുപോലെ ഇടതുപക്ഷത്തിനൊപ്പം നിന്നത് രാഷ്ട്രീയമായി തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്കത്തില്‍ ഇടതുപക്ഷവും  ധ്രുവീകരണരാഷ്ട്രീയത്തിനു തുനിഞ്ഞുവെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പക്ഷേ അപായസൂചന തിരിച്ചറിഞ്ഞ ഇടതുമുന്നണി അക്കാര്യത്തില്‍ പിന്‍വലിഞ്ഞു. പാലായിലും പൂഞ്ഞാറിലും വടകരയിലും രാഷ്ട്രീയധാര്‍മികതയെ വെല്ലുവിളിച്ചവര്‍ക്ക് മുന്നണി ഭേദമില്ലാതെ തിരിച്ചടി നല്‍കിയും വോട്ടര്‍മാര്‍ രാഷ്ട്രീയബോധ്യം പ്രകടിപ്പിച്ചു. ബി.ജെ.പിയുടെ വോട്ടു കുറഞ്ഞതെങ്ങനെയെന്ന ചോദ്യത്തിന് ബി.ജെ.പി സത്യസന്ധമായ ഉത്തരം കണ്ടെത്തണം. പ്രതിപക്ഷരാഷ്ട്രീയം ക്രിയാത്മകമായും കാര്യക്ഷമമായും മുന്നോട്ടു കൊണ്ടുപോകേണ്ടതെങ്ങനെയെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും തീരുമാനിക്കണം.  

ശക്തമായ പ്രതിപക്ഷം തന്നെയാണ്  ജനാധിപത്യത്തിലെ രണ്ടാമത്തെ സുപ്രധാന ഘടകം. കാര്യക്ഷമമായ ഭരണനിര്‍വഹണവുമായി മുന്നോട്ടു പോകാന്‍ ഭരണപക്ഷത്തെ പ്രേരിപ്പിക്കുകയും തിരുത്തുകയും ബദല്‍ മുന്നോട്ടു വയ്ക്കുകയും ചെയ്താണ് പ്രതിപക്ഷം അടുത്ത ഭരണപക്ഷമെന്ന പ്രതീക്ഷ പുലര്‍ത്തേണ്ടത്. കേരളത്തിലെ പ്രതിപക്ഷത്തിന് വീണ്ടും ഒന്നില്‍ തുടങ്ങാം. ആര് നേതാവായാലും ആരു പ്രസിഡന്റായാലും കേരളത്തെ ശരിയായി മനസിലാക്കിയില്ലെങ്കില്‍ പ്രയോജനമുണ്ടാകില്ല. മാറ്റം മാറ്റത്തിനു വേണ്ടിയല്ലെന്ന് കേരളം ഇത്തവണ വിധിയെഴുതിക്കഴിഞ്ഞു. പ്രതിപക്ഷം തിരുത്തല്‍  തുടങ്ങേണ്ടത് ആ തിരിച്ചറിവില്‍ നിന്നാണ്.