വര്‍ഗീയധ്രുവീകരണം ആയുധമാക്കുന്നവര്‍; കേരളം ഭയക്കേണ്ട രാഷ്ട്രീയം

നിയമസഭാ തിര‍ഞ്ഞെടുപ്പിനൊരുങ്ങുന്ന ഒരു സര്‍ക്കാരിന്റെ ആത്മവിശ്വാസം  എങ്ങനെയെല്ലാം തിരിച്ചറിയാം? കേരളത്തിലാണെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയവും വികസനപദ്ധതികളുടെ കണക്കും അത്യുജ്വലമായ ആത്മവിശ്വാസമാണെന്നാണ് ഇടതുമുന്നണി കേരളത്തിനു മുന്നില്‍ പറയുന്നത്. അപ്പോള്‍ സര്‍ക്കാര്‍ ഉറപ്പായും തുടര്‍ഭരണപ്രതീക്ഷയിലാണ്. എങ്കില്‍ പിന്നെ മുന്നണിയുടെ പ്രഖ്യാപിത രാഷ്ട്രീയത്തിനു വിരുദ്ധമായി പ്രതിപക്ഷനേതാക്കള്‍ക്കെതിരായ സോളര്‍കേസ് സി.ബി.ഐയ്ക്ക് വിട്ട് ചര്‍ച്ചയാക്കേണ്ട കാര്യമുണ്ടോ? മുസ്‍ലിംലീഗിനെ എവിടെയെങ്കിലും കണ്ടാലുടന്‍ വര്‍ഗീയധ്രുവീകരണമെന്നു കുത്തിയിളക്കേണ്ട കാര്യമുണ്ടോ? ഉറപ്പായും ഇല്ല. ഇതിലൊന്നും രാഷ്ട്രീയലക്ഷ്യങ്ങളേയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സാക്ഷ്യപ്പെടുത്തിയ സ്ഥിതിക്ക് ഇനി സംശയിക്കേണ്ട കാര്യമേയില്ല. നമ്മുടെ മുഖ്യമന്ത്രി സത്യം മാത്രമേ പറയൂവെന്ന് നമുക്കറിയാമല്ലോ.   

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ പ്രചാരണത്തിന്റെ മുന്‍നിരയിലേക്ക് എത്തിയപ്പോള്‍ മുതല്‍ കേരളം സോളര്‍ കേസിന്റെ തിരിച്ചുവരവിനു കാത്തിരിക്കുകയായിരുന്നു. പ്രതീക്ഷിച്ചതിനേക്കാളും വേഗത്തില്‍ സി.ബി.ഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ തന്നെയാണ് സോളര്‍ ലൈംഗികാതിക്രമകേസിന് പുതുജീവന്‍ കൊടുത്ത് അവതരിപ്പിച്ചത്. അതിശയം സോളര്‍ കേസ് തിരിച്ചുവന്നതിലല്ല. ഇടതുസര്‍ക്കാര്‍ നഖശിഖാന്തം എതിര്‍ക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സിക്കു വിട്ടുകൊടുത്തുകൊണ്ട് രാഷ്ട്രീയനിലപാടില്‍ വരെ വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ ത്യാഗമനസ്ഥിതി കാണിച്ചു.  

സി.ബി.ഐയെ പേടിയില്ലെന്നും അന്വേഷണത്തെ എതിര്‍ക്കില്ലെന്നും തന്റേടത്തോടെ നേരിടുമെന്നുമാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.  

നേതൃത്വത്തിലേക്കുള്ള തിരിച്ചുവരവിന് കിട്ടിയ അവസരം മുതലാക്കി വേട്ടയാടല്‍ വാദം അവതരിപ്പിച്ച് മാധ്യമങ്ങളില്‍ നിറ‍ഞ്ഞുനില്‍ക്കാനും മുതിര്‍ന്ന നേതാവ് മടിച്ചില്ല. വാദങ്ങളും വിവാദങ്ങളുമെല്ലാം ഉമ്മന്‍ചാണ്ടിയിലേക്ക് കേന്ദ്രീകരിക്കുന്നത് തിരിച്ചറിഞ്ഞതോടെ അപകടം മണത്ത ഇടതുമുന്നണി, ചര്‍ച്ചകള്‍ സോളറിലേക്കു മാത്രമാക്കണ്ട എന്നു പറയേണ്ടി വന്നു.  

അതേസമയം സോളര്‍ ലൈഗിംകാതിക്രമക്കേസുകളില്‍ ആരോപണവിധേയരായ നേതാക്കള്‍ ഒരു സഹതാപവും അര്‍ഹിക്കുന്നില്ല എന്നത് സുപ്രധാന വസ്തുത. പരാതിക്കാരിയുടെ ക്രിമിനല്‍ പശ്ചാത്തലവും സ്വഭാവസര്‍ട്ടിഫിക്കറ്റും കൊണ്ട് യു.ഡി.എഫ് പ്രതിരോധം തീര്‍ക്കാമെന്നു കരുതുകയും ചെയ്യരുത്. സംരംഭകയായ ഒരു സ്ത്രീക്ക് ഭരണനേതൃത്വത്തില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നാല്‍ പോലും അതു ഗുരുതരമായ കുറ്റമാണ്. ഇതാകട്ടെ  യു.ഡി.എഫിലെ ഒരു കൂട്ടം നേതാക്കളില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടു എന്ന പരാതിയാണ്. അതിന്റെ സത്യം അറിയാനും കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും പൊതുസമൂഹത്തിനു ബാധ്യതയുണ്ട്. പക്ഷേ ഇവിടെ സംസ്ഥാനസര്‍ക്കാര്‍ അതു ചെയ്യാതെ കേസ് വീണ്ടും രാഷ്ട്രീയലക്ഷ്യങ്ങളോടെ മാത്രം വിനിയോഗിക്കുന്നു എന്നതും പൊറുക്കാനാകാത്ത അപരാധമാണ്. രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമക്കേസുകളില്‍ കേരളത്തില്‍ നീതി പ്രതീക്ഷിക്കേണ്ടെന്ന തുറന്ന കുറ്റസമ്മതം കൂടിയാണ് പിണറായി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.   

2017 സെപ്റ്റംബര്‍ 26നാണ് സോളര്‍ അന്വേഷണകമ്മിഷന്‍  പിണറായി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒട്ടുംവൈകാതെ മുഖ്യമന്ത്രി തന്നെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ലൈംഗികാരോപണങ്ങളില്‍ കേസെടുക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതും വേങ്ങര ഉപതിര‍ഞ്ഞെടുപ്പ് ദിവസം വോട്ടെടുപ്പ് ആരംഭിച്ച രാവിലെ തന്നെ.  

പക്ഷേ സോളര്‍ കേസില്‍ ഒരിക്കലും രാഷ്ട്രീയമുതലെടുപ്പ് നടത്തില്ലെന്നും ഇരയ്ക്ക് നീതികിട്ടുക മാത്രമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി ഇപ്പോഴും സാക്ഷ്യപ്പെടുത്തുന്നുണ്ട്.  

അപ്പോള്‍ സി.പി.എം പ്രതിസ്ഥാനത്തു വന്ന ഒട്ടേറെ വധക്കേസുകളില്‍ ഇരകള്‍ക്ക് നീതി കിട്ടുന്നത് സഹിക്കാത്തതുകൊണ്ടാണോ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നത് എന്നു ചോദിച്ചാല്‍ സി.പി.എമ്മിനു മറുപടിയില്ല. ശുഹൈബ് വധക്കേസിലും കൃപേഷ്–ശരത് ലാല്‍ ഇരട്ടക്കൊലക്കേസുകളിലടക്കം സി.ബി.ഐയിലേക്ക് അന്വേഷണമെത്താതിരിക്കാന്‍ സര്‍ക്കാര്‍ പെടുന്ന പാട് കണ്ടാല്‍ സോളര്‍ കേസില്‍ നീതിയോടുള്ള പ്രതിബദ്ധത വിശ്വസിക്കാന്‍ പ്രയാസപ്പെടേണ്ടി വരില്ല. മാത്രമല്ല, ലാവലിന്‍ കേസ് മറ്റൊരു നിയമസഭാതിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സി.ബി.ഐയ്ക്കു വിട്ട ഉമ്മന്‍ചാണ്ടിക്ക് ഇക്കാര്യത്തില്‍ രാഷ്ട്രീയ അനീതി ആരോപിക്കാനുമാകില്ല. 

പക്ഷേ പ്രശ്നം അതു മാത്രമല്ല. രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെട്ട ഒരൊറ്റ ലൈംഗികാതിക്രമക്കേസു പോലും കേരളത്തില്‍ തീര്‍പ്പായിട്ടില്ല എന്നത് സ്ത്രീപക്ഷരാഷ്ട്രീയം അവകാശപ്പെടുന്നവര്‍ മറുപടി പറയേണ്ടതാണ്.  ഒരു രാഷ്ട്രീയനേതാവിനെതിരായ കേസിലും സത്യം കണ്ടെത്താന്‍ ഇടതുമുന്നണി ഭരിക്കുമ്പോഴും പൊലീസ് അനങ്ങിയിട്ടില്ല. ഇപ്പോഴും ഞങ്ങളുടെ പൊലീസ് ഒന്നും ചെയ്യാത്തതുകൊണ്ടാണ് എട്ടു വര‍്‍ഷം പഴക്കമുള്ള ഒരു കേസ് അഞ്ചു വര്‍ഷം ഭരിച്ച ശേഷം സി.ബി.ഐയ്ക്കു വിടുന്നതെന്ന് ഇടതുമുന്നണി ന്യായീകരിക്കുന്നത് എന്നോര്‍ക്കണം. രാഷ്ട്രീയപരസ്പരസഹകരണത്തിനു മുന്നില്‍ സ്ത്രീസുരക്ഷ വെറും മുദ്രാവാക്യം മാത്രമാണ്. അഥവാ തിരഞ്ഞെടുപ്പുകളില്‍ തരാതരം എടുത്തു പ്രയോഗിക്കാനുള്ള രാഷ്ട്രീയആയുധം മാത്രമാണ് എന്ന് ഇടതുമുന്നണി ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. 

സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത് വികസനരാഷ്ട്രീയം മാത്രമാണെങ്കിലും മുന്നണിക്കു ചര്‍ച്ച ചെയ്യാന്‍ സോളര്‍ മാത്രം പോരെന്ന ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത് മുന്നണി കണ്‍വീനറും പാര്‍ട്ടി ആക്റ്റിങ് സെക്രട്ടറിയുമായ എ.വിജയരാഘവനാണ്. മുസ്‍ലിംലീഗിന് കേരളരാഷ്ട്രീയത്തില്‍ എവിടെ വരെ ഇടപെടാം എന്നതാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഗവേഷണവിഷയം. ബി.ജെ.പി. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ  പ്രയോഗിച്ചുകൊണ്ടിരിക്കുന്ന അതേ ധ്രുവീകരണതന്ത്രമല്ലേ സി.പി.എമ്മും പറയുന്നതെന്ന് സാമാന്യബോധമുള്ളവര്‍ ചോദിച്ചേക്കാം. പക്ഷേ മതനിരപേക്ഷതയ്ക്കു വേണ്ടി നിലകൊള്ളുന്ന സി.പി.എം വര്‍ഗീയപ്രചാരണം നടത്തില്ലെന്ന് ആര്‍ക്കാണറിയാത്തത്?  

തുടക്കമിട്ടത് മുഖ്യമന്ത്രി തന്നെയാണെന്നത് മറന്നുകൊണ്ട് ആക്റ്റിങ് സെക്രട്ടറിയോടു ചോദ്യങ്ങള്‍ ഉന്നയിക്കാനാകില്ല. തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ മുഖ്യമന്ത്രിയാണ് ഇത്തരമൊരു രാഷ്ട്രീയസാധ്യതയിലേക്ക് ആദ്യം വിരല്‍ ചൂണ്ടിയത്. അത് ഭംഗിയായി എ.വിജയരാഘവന്‍ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. വേണ്ട സമയത്ത് മുഖ്യമന്ത്രി താത്വികമായ വിശദീകരണത്തിലൂടെ പിന്തുണയ്ക്കുന്നുമുണ്ട്.  

പ്രതിപക്ഷം ഇനിയെന്തു പറഞ്ഞിട്ടും കാര്യമില്ല. വെല്‍ഫെയര്‍ ധാരണയ്ക്ക് കൊടുക്കേണ്ടതിലുമപ്പുറമുള്ള രാഷ്ട്രീയപ്രായശ്ചിത്തം ഒടുക്കാതെ ഇടതുമുന്നണി പിന്നോട്ടില്ല. അമിത് ഷാ ഇത്തരത്തില്‍ സംസാരിച്ചപ്പോള്‍ നമ്മള്‍ എതിര്‍ത്തി്ട്ടുണ്ട്. ന്യൂനപക്ഷവിരോധം സൃഷ്ടിക്കുന്നുവെന്ന് അന്ന് അതിരൂക്ഷവിമര്‍ശനമുയര്‍ത്തിയവര്‍ ഇപ്പോള്‍ മതാധിഷ്ഠിത കൂട്ടുകെട്ടിനുള്ള സാധ്യതകള്‍ പോലും ചെറുത്തുതോല്‍പിക്കുന്ന തിരക്കിലാണ്. കേരളത്തിലും മുസ്‍ലിം വിരോധത്തിന് നല്ല മാര്‍ക്കറ്റുണ്ടെന്ന് തിരിച്ചറിയുന്നവര്‍ക്ക് ചെറിയ ഞെട്ടലുണ്ടായേക്കാം. പക്ഷേ കേരളത്തിന്റെ മതനിരപേക്ഷഭാവിയെക്കുറിച്ചോര്‍ത്ത് ആകുലപ്പെടരുത്. അത് ഇടതുമുന്നണിയുടെ കൈകളില്‍ എന്നെന്നും ഭദ്രമായിരിക്കും.  

സോളറിന്റെയും മുസ്‍ലിംലീഗ് വിരുദ്ധതയുടെയും പേരില്‍ ഇടതുമുന്നണിയെ ആരും സംശയിക്കരുത്. രാഷ്ട്രീയധാര്‍മികതയിലും മതനിരപേക്ഷതയിലും ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യം തിരഞ്ഞെടുപ്പില്‍ മുഴങ്ങും. ജയിക്കുന്ന പാര്‍ട്ടിയുടെ വര്‍ഗീയധ്രുവീകരണം ചോദ്യം ചെയ്യപ്പെടില്ലെന്ന് നമ്മുടെ രാജ്യം സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. വികസനരാഷ്ട്രീയവും സൃഷ്ടിപരമായ ചര്‍ച്ചകളുമായി കേരളത്തിലെ നിയമസഭാതിരഞ്ഞെടുപ്പ് നടക്കണമെന്ന് മറ്റാര്‍ക്കുമില്ലെങ്കിലും ഇടതുമുന്നണിക്ക് നിര്‍ബന്ധമുണ്ട്. ഈ തിരഞ്ഞെടുപ്പോടെ സമൂഹത്തില്‍ എന്തെല്ലാം അടിയൊഴുക്കുകളുണ്ടായാലും കേരളം ഇടതുമുന്നണിക്ക് കടപ്പെട്ടിരിക്കണം.