വീഴ്ചകളും ചര്‍ച്ചയാക്കാനാകാത്ത പ്രതിപക്ഷം; ജയിക്കണം എന്ന ശാഠ്യം കോണ്‍ഗ്രസിനുണ്ടോ?

കേരളത്തില്‍ ഇനി നേര്‍ക്കുനേര്‍ തിരഞ്ഞെടുപ്പ് പ്രചാരണം. പതിനാലാം നിയമസഭ സംഭവബഹുലമായ ദിവസങ്ങളിലൂടെ അവസാനസമ്മേളനവും പൂര്‍ത്തിയാക്കി പിരിഞ്ഞു. തിരഞ്ഞെടുപ്പിന് നേര്‍ക്കുനേര്‍ കാണാനൊരുങ്ങുമ്പോള്‍ ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ ആത്മവിശ്വാസം കൂടുതല്‍? തദ്ദേശതിരഞ്ഞെടുപ്പ് ജയത്തിന്റെ ധൈര്യത്തില്‍ ഭരണത്തുടര്‍ച്ചയെന്നു ഭരണപക്ഷം. ജയിച്ചേ തീരൂവെന്ന് പ്രതിപക്ഷം. കേരളത്തില്‍ അടുത്ത അഞ്ചു വര്‍ഷം ഭരണത്തിലെത്തുക എന്നതാണ് ലക്ഷ്യമെങ്കില്‍ കൃത്യമായ ദിശാബോധവും ഐക്യവും രാഷ്ട്രീയതന്ത്രങ്ങളും സ്വീകരിക്കുന്നതാരാണ്? 

ഭരണപ്രതിപക്ഷങ്ങള്‍ അന്യോന്യം വീറോടെ ഏറ്റുമുട്ടിയ ബ‍ജറ്റ് സമ്മേളനത്തോടെയാണ് പതിനാലാം നിയമസഭയുടെ  അവസാനസമ്മേളനം പിരിഞ്ഞത്. കിഫ്ബിയെയും സ്പീക്കറെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രതിപക്ഷം ആഞ്ഞടിച്ചപ്പോള്‍ ഐക്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബലത്തില്‍ ഭരണപക്ഷം ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്തു. 

സ്പീക്കറെ തല്‍സ്ഥാനത്തു നീക്കണമെന്ന പ്രതിപക്ഷപ്രമേയം അസാധാരണമായ കാഴ്ചകള്‍ക്കും അവസരമൊരുക്കി. സ്പീക്കര്‍ സഭയില്‍ മറ്റംഗങ്ങളോടൊപ്പം ഡെപ്യൂട്ടി സ്പീക്കറുടെ കസേരയിലിരുന്നു. ഒടുവില്‍ സ്വന്തം വാദമുഖങ്ങള്‍ അവതരിപ്പിച്ചു. 

സ്പീക്കര്‍ക്കെതിരെ അന്വേഷണഏജന്‍സികള്‍ രഹസ്യമായി പ്രചരിപ്പിക്കുന്നത് ഗുരുതരമായ കാര്യങ്ങളാണ്. എന്നാല്‍ സ്ഥിരീകരിച്ച വിവരങ്ങളായി ഒന്നും പുറത്തുവന്നിട്ടില്ല എന്നത് സ്പീക്കര്‍ക്ക് കച്ചിത്തുരുമ്പായി. ചര്‍ച്ച വെറും ആരോപണപ്രത്യാരോപണങ്ങളായി അവസാനിച്ചു. സ്പീക്കറും പദവിയുടെയും വ്യക്തിത്വത്തിന്റെയും മാഹാത്്മ്യമല്ലാതെ വസ്തുതാപരമായി സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധപ്പെട്ട പുതിയ ആരോപണത്തിലൊന്നും വിശദീകരണം നല്‍കിയില്ല. ചുരുക്കിപ്പറഞ്ഞാല്‍ അപ്രതീക്ഷിതായി ഒന്നും സ്പീക്കര്‍ക്കെതിരായ പ്രമേയചര്‍ച്ചയില്‍ സംഭവിച്ചില്ല. 

കിഫ്ബി ചര്‍ച്ചയും സ്പീക്കര്‍ക്കെതിരായ പ്രമേയവും കൊണ്ടും രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞോ? തിരഞ്ഞെടുപ്പു പോരാട്ടത്തില്‍ മുതല്‍ക്കൂട്ടാകുന്ന ആത്മവിശ്വാസം സഭാതലത്തില്‍ പ്രകടിപ്പിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞോ? ജനജീവിതത്തെ നേരിട്ടു സ്വാധീനിക്കുന്ന തിരഞ്ഞെടുപ്പുവിഷയങ്ങള്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞോ? തിരഞ്ഞെടുപ്പു പ്രചാരണസമിതിയും ഏച്ചുകെട്ടിയ ഐക്യവും കൊണ്ടു മാത്രം പ്രതിപക്ഷത്തിന് ഈ നിര്‍ണായകസന്ധി മറികടക്കാനാകുമോ? 

കിഫ്ബി ചര്‍ച്ചയില്‍ സഭയില്‍ തീപാറിയ വാദപ്രതിവാദങ്ങള്‍ നിരന്നുവെന്നത് യാഥാര്‍ഥ്യം. പക്ഷേ തിരഞ്ഞെടുപ്പു പോരാട്ടത്തില്‍ കിഫ്ബി എങ്ങനെ പ്രതിപക്ഷത്തിന് ആയുധമാക്കാനാകും? സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത് ഭരണഘടനാപ്രശ്നമാണ്. സി.എ.ജിയെ തന്നെ തള്ളി മുഖ്യമന്ത്രി സഭയില്‍പ്രമേയവും അവതരിപ്പിച്ചു. കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനാണ് മുഖ്യമന്ത്രി പ്രമേയം കൊണ്ടു വന്ന് പാസാക്കിയെടുത്തത്. ഗുരുതരഭരണഘടനാപ്രശ്നമെന്ന് പ്രതിപക്ഷം ശക്തമായ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. 

ഭരണഘടനാപ്രശ്നങ്ങളില്‍ കോടതികള്‍ക്കേ തീര്‍പ്പുണ്ടാക്കാനാകൂ എന്നിരിക്കെ ഒരു തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കിഫ്ബിയിലെ ഭരണഘടനാപ്രശ്നത്തിലേക്കു ഊന്നല്‍ കൊടുത്തിട്ട് പ്രതിപക്ഷത്തിന് ജനവിശ്വാസം നേടിയെടുക്കാനാകുമോ? പ്രത്യേകിച്ചും കിഫ്ബിയുടെ ഗുണഫലങ്ങള്‍ സ്വന്തം മണ്ഡലങ്ങളില്‍ സ്വീകരിക്കുകയും ജനങ്ങള്‍ വന്‍പദ്ധതികളിലൂടെ കിഫ്ബിയുടെ സ്വാധീനം നേരിട്ട് അനുഭവിക്കുകയും ചെയ്യുമ്പോള്‍. 

ചൊല്‍പ്പടിക്കു നില്‍ക്കാത്ത ഭരണഘടനാസ്ഥാപനങ്ങളെ തകര്‍ക്കുന്ന മോദി സര്‍ക്കാരിനെതിരെ വലിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന ഇടതുപക്ഷം സി.എ.ജിയുടെ കാര്യത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നതും അതു തന്നെയാണ്. സി.എ.ജിയല്ല ആരായാലും തങ്ങളോടു വിശദീകരണം ആവശ്യപ്പെട്ടാല്‍ ആ ഭരണഘടനാസ്ഥാപനത്തിന്റെ വിശ്വാസ്യതയും പ്രസക്തിയും ഇല്ലാതാക്കിക്കളയുമെന്ന പരസ്യമായ പ്രഖ്യാപനമാണ് ഇടതുമുന്നണി നടത്തിയത്. പക്ഷേ ഈ രാഷ്ട്രീയപ്രശ്നത്തില്‍ കേന്ദ്രീകരിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞതേയില്ല. സി.ബി.ഐ, കസ്റ്റംസ് തുടങ്ങിയ ഏജന്‍സികള്‍ക്കെതിരെയും അധികാരമുപയോഗിച്ച് സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളുടെ രാഷ്ട്രീയപ്രത്യാഘാതം ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷം മുന്നോട്ടു വരുന്നില്ല. ജനങ്ങളുമായി നേരിട്ടു സംവദിക്കുന്ന, ജനജീവിതത്തെ സ്പര്‍ശിക്കുന്ന തിര‍ഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ പ്രതിപക്ഷം അവതരിപ്പിച്ചേ പറ്റൂ. സാങ്കേതികതര്‍ക്കങ്ങളില്‍ പ്രതീക്ഷ വ്യര്‍ഥമാക്കാതെ യഥാര്‍ഥ ജീവിതപ്രശ്നങ്ങളിലേക്ക് വരുന്നതിനൊപ്പം പ്രഖ്യാപിത ഐക്യം പ്രവൃത്തിയിലുണ്ടെന്നും പ്രതിപക്ഷം തെളിയിക്കേണ്ടി വരും. 

തന്ത്രപരമായ മെയ്‍വഴക്കം പ്രകടമാക്കിത്തന്നെയാണ് ഉമ്മന്‍ചാണ്ടി പ്രചാരണസമിതി അധ്യക്ഷന്‍ എന്ന നിലയില്‍ ആദ്യമായി മാധ്യമങ്ങളെ നേരിട്ടത്. പക്ഷേ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കാനാകുന്ന മാന്ത്രികവടി ഒരു നേതാവിന്റെയും പക്കലില്ലെന്ന ബോധ്യത്തോടെ ചിട്ടയായ 

പ്രതിപക്ഷ പ്രവര്‍ത്തനം ഇനിയുള്ള നാളുകളില്‍ ഉണ്ടാകേണ്ടതുണ്ട്. ഒന്നുകില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ കൃത്യമായി പിന്തുടര്‍ന്ന് ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷത്തിനു കഴിയണം. ഉദാഹരണത്തിന് സ്പ്രിന്‍ക്ളര്‍ കരാര്‍ വിവാദത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ കണ്ടെത്തല്‍ തന്നെ സര്‍ക്കാരിനെതിരാണ്. പ്രതിപക്ഷനേതാവ് ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയത്തില്‍ പക്ഷേ പേരിനൊരു വാക്കൗട്ടില്‍ ഒതുങ്ങി പ്രതിപക്ഷപ്രതിഷേധം. ഡേറ്റ ചോര്‍ച്ച സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട ്പ്രതിപക്ഷനേതാവ് കോടതിയെയും സമീപിച്ചിട്ടുണ്ട്. സ്പ്രിന്‍ക്്ളര്‍ കരാര്‍ മുഖ്യമന്ത്രി പോലും അറിഞ്ഞതല്ല എന്ന സമിതി കണ്ടെത്തലിലടക്കം പ്രചാരണം മുന്നോട്ടു കൊണ്ടുപോകാന്‍ പ്രതിപക്ഷത്തിന് പദ്ധതിയുള്ളതായി തോന്നുന്നില്ല. 

തദ്ദേശതിരഞ്ഞെടുപ്പില്‍ ജനമര്‍പ്പിച്ച വിശ്വാസത്തിനിടയിലും ഭരണപക്ഷത്തിന് വീഴ്ച പറ്റിയ ഒരു പിടിവിഷയങ്ങള്‍ മുന്നിലുണ്ടായിരുന്നു. വര്‍ഗീയധ്രുവീകരണം നടത്തുന്നുവെന്ന ആരോപണമടക്കം. പക്ഷേ ഒന്നിലും ഫലപ്രദമായ ഒരു രാഷ്ട്രീയനീക്കം മുന്നോട്ടു വയ്ക്കാന‍് പ്രതിപക്ഷത്തിന് പദ്ധതിയുണ്ടായില്ല. ഭരണപക്ഷത്തിനാകട്ടെ തെറ്റുകളില്‍ പോലും ഒറ്റക്കെട്ടായ പ്രതിരോധത്തില്‍ സംശയമുണ്ടായില്ല.  പ്രതിരോധവും പ്രചാരണവും കൊണ്ടാണ് സ്വര്‍ണക്കടത്തു കേസിലും സ്പീക്കര്‍ക്കെതിരായ ആരോപണത്തിലും ഭരണപക്ഷം സംഭവിച്ച വീഴ്ചകളില്‍ പിടിച്ചുനിന്നത്. അതോടൊപ്പം കൃത്യമായ , വിട്ടുവീഴ്ചകളില്ലാത്ത സംഘടനാസംവിധാനവും ഭരണത്തിന് പഴുതുകള്‍ മറികടക്കാന്‍ തുണയാകുന്നു. 

ഈ തിരഞ്ഞെടുപ്പില്‍ ജയിക്കുകയല്ലാതെ മറ്റൊരു സാധ്യത മുന്നിലില്ലെന്ന്  കോണ്‍ഗ്രസ് തുറന്നു സമ്മതിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെയും ജയിക്കേണ്ടത് ജനങ്ങളുടെ ആവശ്യമായി മാറ്റാന‍് കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ഐക്യപ്രഖ്യാപനങ്ങള്‍ അണികളിലേക്കെത്തിക്കാന്‍ പോലും ഇനിയും ഊര്‍ജിതമായ നടപടികളുണ്ടാകണം. 

പ്രചാരണസമിതിയുടെ അധ്യക്ഷനായി ഉമ്മന്‍ചാണ്ടിക്ക് രണ്ടു മാസം കൊണ്ട് എന്തല്‍ഭുതം കാണിക്കാനാകും എന്നു ചോദിക്കുന്നവരോട് തിരികെകിട്ടുന്ന ആത്മവിശ്വാസം എന്നാണ് പ്രതിപക്ഷത്തെ ഘടകകക്ഷികളുടെ മറുപടി.  കോണ്‍ഗ്രസ് തദ്ദേശതിരിച്ചടി കൊണ്ടു പഠിച്ചുവെന്നും അവര്‍ പ്രതീക്ഷിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമായിരിക്കും പരിഗണിക്കുകയെന്ന് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ  ഇതെങ്ങനെ പ്രായോഗികമാകും? ഗ്രൂപ്പുകളുടെയും അനുയായികളുടെയും കാര്യത്തില്‍ ഏതു നേതാവാണ് കോണ്‍ഗ്രസില്‍ വിട്ടുവീഴ്ച ചെയ്യുക? 

ഒറ്റക്കെട്ടായ പ്രതിരോധത്തിന്റെയും കൃത്യമായ പ്രചാരണത്തിന്റെയും പിന്‍ബലമാണ് കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം. പ്രതിപക്ഷമായതുകൊണ്ടുള്ള സ്വാഭാവികമുന്‍തൂക്കം പോലുമില്ലാതെയാണ് ഇത്തവണ പ്രതിപക്ഷം ഗോദയില്‍ ഇറങ്ങുന്നത്. ബലാബലം നില്‍ക്കുന്ന സാഹചര്യത്തില്‍ മുന്നില്‍ വരുന്ന ഓരോ രാഷ്ട്രീയ അവസരവും എങ്ങനെ വിനിയോഗിക്കുന്നു എന്നത് അതിപ്രധാനമാണ്. ഓരോ നീക്കവും ഓരോ വാക്കും അളന്നുമുറിക്കപ്പെടുന്ന ദിവസങ്ങളാണ് വരുന്നതെന്ന് മല്‍സരിക്കുന്നവര്‍ അറിയണം. 

ജയിച്ചേ തീരൂവെന്ന് ആവര്‍ത്തിച്ചു വെപ്രാളപ്പെടുന്നതല്ലാതെ ജയിക്കണം എന്നൊരു  നിര്‍ബന്ധം പ്രതിപക്ഷം കാണിക്കുന്നുണ്ടോ? നേതാക്കള്‍ സ്വയം വിലയിരുത്തട്ടെ. ഒരു പക്ഷത്തെയും നിരുപാധികം ജയിപ്പിച്ചുവിടാനുള്ള ബാധ‌്യത കേരളത്തിലെ ജനങ്ങള്‍ക്കില്ല. എന്തുകൊണ്ട് ജയം അര്‍ഹിക്കുന്നുവെന്ന് ജനങ്ങള്‍ക്കു ബോധ്യപ്പെടണം. പ്രതിപക്ഷം എന്തുകൊണ്ട് ഭരണം അര്‍ഹിക്കുന്നുവെന്ന് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള നിര്‍ണായക ഉത്തരവാദിത്തം കൂടിയാണ് ഉമ്മന്‍ചാണ്ടി ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ പ്രിയസാഹിത്യകാരന്‍ എന്‍.എസ്.മാധവന്‍ ട്വീറ്റു ചെയ്തത് കടമെടുത്താല്‍ വിരസമായ ഒരു തിരഞ്ഞെടുപ്പ് ആരും ആഗ്രഹിക്കുന്നില്ല.