മറുപടി പറഞ്ഞ ശേഷം ചോദ്യം ഉന്നയിക്കൂ: ലൈഫിൽ അന്വേഷണം എവിടെ?

സ്വര്‍ണക്കടത്തു കേസിന്റെ തുടക്കം മുതല്‍ കേരളം കേള്‍ക്കുന്ന ചോദ്യം യഥാര്‍ഥ പ്രശ്നത്തില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നോ എന്നതാണ്. എന്താണ് സ്വര്‍ണക്കടത്തു കേസ് ഉയര്‍ത്തിയ യഥാര്‍ഥ പ്രശ്നം? ഒന്നാമത്തേത് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിലെ കുറ്റവാളികള്‍ ആരൊക്കെ എന്നതു തന്നെയാണ്? ആ കുറ്റവാളികള്‍ സംസ്ഥാനസര്‍ക്കാരിന്റെ അധികാരത്തിന്റെ ഇടനാഴികളില്‍ സൃഷ്ടിച്ചെടുത്ത സ്വാധീനം അടുത്തത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവകാശപ്പെട്ട പദ്ധതികളിലുണ്ടായ മുതലെടുപ്പ് അതിനടുത്തത്. മുഖ്യമന്ത്രി പൂര്‍ണസുതാര്യം എന്നവകാശപ്പെട്ട ഭരണക്രമം അങ്ങനെയായിരുന്നോ എന്നത് അതിനടുത്തത്. മന്ത്രിയുടെ ചട്ടലംഘനം തുടങ്ങി അതില്‍ നിന്നു നീളുന്ന ഒട്ടനവധി ചോദ്യങ്ങള്‍ വേറെയുമുണ്ട്. പക്ഷേ രണ്ടു മാസത്തോളം നീണ്ട ആരോപണപ്രത്യാരോപണങ്ങള്‍ക്കൊടുവില്‍ സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ എത്തിനില്‍ക്കുന്ന ചോദ്യങ്ങള്‍ക്ക് നമുക്കു മുന്നിലുള്ള ഉത്തരങ്ങളെന്താണ്? പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചതാണോ പ്രതികളുമായി അടുപ്പം പുലര്‍ത്തിയിരുന്നതാണോ ഗുരുതരമായ കുറ്റം?

ഇതുവരെ പുറത്തു വന്ന കാര്യങ്ങള്‍ വച്ച് സ്വര്‍ണക്കടത്ത് കേസ് ഇങ്ങനെ ചുരുക്കാം. യു.എ.ഇ.കോണ്‍സുലേറ്റിലെ ജീവനക്കാരായിരുന്ന സ്വപ്നസുരേഷ്, സരിത് എന്നിവരുടെ സഹായത്തോടെ സന്ദീപ് നായരുടെ നേതൃത്വത്തില്‍ യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തി. 2019 ജൂലൈ മുതല്‍ കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി തവണ ഈ സംഘം നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഒടുവില്‍ ഈ വര്‍ഷം ജൂണ്‍ 30ന് സ്വര്‍ണമടങ്ങിയ ബാഗേജ് ചില സൂചനകളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പിടിച്ചുവച്ചു. ഡിപ്ലോമാറ്റിക് ചാനലില്‍ വന്ന ബാഗേജ് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ  തുറന്നു പരിശോധിച്ചപ്പോള്‍ അതു സ്വര്‍ണക്കടത്താണെന്നു വ്യക്തമായി. ബാഗേജ് ഏറ്റുവാങ്ങാനെത്തിയ സരിത്തിനെ ആദ്യം അറസ്റ്റു ചെയ്തു. സ്വപ്ന സുരേഷും സന്ദീപ് നായരും ഒളിവില്‍ പോയി. സ്വപ്നസുരേഷ് സംസ്ഥാനസര്‍ക്കാരിന്റെ ഐ.ടി.വകുപ്പിനു കീഴിലുള്ള കരാര്‍ ജീവനക്കാരിയായിരുന്നു. ഇവര്‍ ഐ.ടി.വകുപ്പ് സെക്രട്ടറിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം.ശിവശങ്കറുമായി ഉറ്റബന്ധം പുലര്‍ത്തുന്ന വ്യക്തിയാണെന്നും വ്യക്തമായി. സ്വര്‍ണക്കടത്തു കേസിലെ പ്രതിയുമായി വ്യക്തിബന്ധം വ്യക്തമായതോടെ ശിവശങ്കറിനെ സര്‍ക്കാര്‍ പദവികളില്‍ നിന്നും നീക്കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സ്വപ്നസുരേഷിനെ സ്പേസ്പാര്‍ക്കിന്റെ ചുമതലയുള്ള കരാര്‍ നിയമനത്തില്‍ കൊണ്ടുവന്നത് ശിവശങ്കറാണെന്ന് ചീഫ് സെക്രട്ടറി തല സമിതി കണ്ടെത്തി. നിയമനം നേടിയത് വ്യാജരേഖയിലാണെന്നും വ്യക്തമായി. തുടര്‍ന്ന് എം.ശിവശങ്കറിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. തുടരന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചു. തുടര്‍ന്ന് കസ്റ്റംസിനു പുറമേ എന്‍.ഐ.എയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കൂടി അന്വേഷണം തുടങ്ങി. സ്വപ്നസുരേഷിനോടു മാത്രമല്ല, സ്വര്‍ണക്കടത്തിലെ മറ്റു പ്രതികളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നു വ്യക്തമായതോടെ എം.ശിവശങ്കറിനെ മൂന്ന് അന്വേഷണ ഏജന്‍സികളും പല തവണ ചോദ്യം ചെയ്തു. സ്വപ്ന സുരേഷിനു ലോക്കര്‍ സൗകര്യം ഏര്‍പ്പാടാക്കിയതിലും   സാമ്പത്തിക ഇടപാടുകളിലും ശിവശങ്കറിനു പങ്കാളിത്തമുണ്ടെന്നു പുറത്തു വന്നു, ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരും എന്ന നിലപാടിലാണ് അന്വേഷണ ഏജന്‍സികള്‍

അതായത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോഴും അന്വേഷണ ഏജന്‍സികളുടെ സംശയനിഴലിലാണ്. പക്ഷേ ഈ നിമിഷം വരെ എം.ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി എ‌ന്തെങ്കിലും ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടില്ല. സ്വര്‍ണക്കടത്തു പിടിക്കപ്പെട്ടപ്പോള്‍ പ്രതികളെ സഹായിക്കാന്‍ ശ്രമം നടത്തിയെന്നും കണ്ടെത്തിയിട്ടില്ല. പ്രതികളുടെ കുറ്റകൃത്യപശ്ചാത്തലം അറിഞ്ഞുകൊണ്ടാണോ വ്യക്തിബന്ധം പുലര്‍ത്തിയത് എന്നും  അന്വേഷണവിധേയമായി കണ്ടെത്തേണ്ട കാര്യമാണ്. പക്ഷേ അനില്‍ നമ്പ്യാര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ കാര്യത്തില്‍ ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ ഇതിനൊപ്പം ഗൗരവമേറിയതാണ്.

സ്വര്‍ണക്കടത്തു കേസ് പ്രതികളുമായുള്ള വ്യക്തിബന്ധത്തിനപ്പുറം, സ്വര്‍ണമടങ്ങിയ ബാഗേജ് കസ്റ്റംസ് പിടിച്ചു വച്ചപ്പോള്‍ പ്രതികളെ സഹായിക്കാന്‍ ശ്രമിച്ചു എന്നാണ് അനില്‍ നമ്പ്യാര്‍ക്കെതിരെ സ്വപ്നസുരേഷ് നല്‍കിരിക്കുന്ന മൊഴി. വസ്തുത അന്വേഷണഏജന്‍സികള്‍ അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതാണ്. പക്ഷേ സ്വപ്നസുരേഷിന്റെ ഫോണ്‍കോള്‍ ലിസ്റ്റും ഈ ഇടപെടല്‍ സ്ഥിരീകരിക്കുന്നുന്നുണ്ട്. എം.ശിവശങ്കറിനൊപ്പം ഗുരുതരമായ ആരോപണമാണ് അനില്‍ നമ്പ്യാര്‍ നേരിടുന്നത് എന്നതു വ്യക്തമാണ്.

ഇത്ര ശക്തമായ നിലപാടെടുത്തുകൊണ്ടിരുന്ന ബി.െജ.പി നേതാക്കള്‍ സംഘപരിവാര്‍ അനുകൂല ചാനലിന്റെ കോ–ഓര്‍ഡിനേറ്റിങ് എഡിറ്റര്‍  പ്രതികളെ സഹായിക്കാന്‍ ഇടപെട്ടു എന്ന മൊഴി പുറത്തു വന്നതോടെ കടകം മറിഞ്ഞു. മൊഴിയല്ലേ, തെളിയട്ടെ, സഹായിച്ചുവെന്നു കണ്ടാല്‍ നടപടിയെടുക്കട്ടെ തുടങ്ങി, ജനം ടി.വിയുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ലെന്നു വരെ പറഞ്ഞു കളഞ്ഞു. 

മുഖ്യമന്ത്രിയുെട ഓഫിസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ബി.ജെ.പിക്ക് ശക്തമായ പ്രഹരമായി സ്വര്‍ണക്കടത്ത് കേസില്‍  അനില്‍ നമ്പ്യാരുടെ പങ്കാളിത്തം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായതുകൊണ്ട് ശിവശങ്കരന് ഒരു സംരക്ഷണവും ലഭിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതുപോലെ ബി.ജെ.പി നേതാക്കളോട് അടുപ്പമുള്ളതുകൊണ്ടും ആര്‍എസ്എസ് ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ ആയതുകൊണ്ടും അനില്‍ നമ്പ്യാര്‍ക്ക് അതിന്‍റെ ആനുകൂല്യമൊന്നും ലഭിക്കുന്നില്ല എന്നും  ഉറപ്പുവരുത്തേണ്ടതുണ്ട്. ബി.െജ.പി. സര്‍ക്കാരിനു കീഴിലുള്ള അന്വേഷണ ഏജന്‍സികളായതുകൊണ്ട് ഇക്കാര്യത്തില്‍ ആശങ്കകള്‍ സ്വാഭാവികവുമാണ്. 

മുഖ്യമന്ത്രിയുെട ഓഫിസിന് സ്വര്‍ണക്കടത്തുമായി ബന്ധം എന്ന അതിശക്തമായ ആരോപണം ഉന്നയിച്ചുകൊണ്ടിരുന്ന ബി.ജെ.പിയും പ്രതിപക്ഷവും ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് പഠനവിധേയമാക്കേണ്ടതാണ്. സ്വര്‍ണക്കടത്തു പ്രതികളെ സഹായിക്കാന്‍ ഇടപെട്ടതാര് എന്നതായിരുന്നു പ്രശ്നമെങ്കില്‍ അനില്‍ നമ്പ്യാര്‍ എന്ന കസ്റ്റംസ് കണ്ടെത്തലും വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടതാണ്. പക്ഷേ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്, ഔദാര്യപൂര്‍വം ആരായാലും അന്വേഷിക്കട്ടെ എന്ന നിലപാടിലാണ്. ബി.ജെ.പിക്കാകട്ടെ 

രാജ്യദ്രോഹത്തിലും ദേശവിരുദ്ധ കള്ളക്കടത്തിലുമുണ്ടായിരുന്ന ധാര്‍മിക രോഷം പോലും കൈമോശം വന്ന മട്ടാണ്. സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫിസും ഇതുവരെ നേരിട്ടുള്ള ആരോപണം നേരിടേണ്ടി വന്നിട്ടില്ല എന്നത് വസ്തുത. പക്ഷേ സ്വര്‍ണക്കടത്ത് വലിച്ചു പുറത്തിട്ട ചോദ്യങ്ങള്‍ തീര്‍ത്ത പ്രതിസന്ധിയില്‍ നിന്നു പുറത്തു കടക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആരോപണങ്ങള്‍ക്ക് വ്യക്തമായി മറുപടി നല്‍കാന്‍ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പോലും മുഖ്യമന്ത്രിക്കു കഴിഞ്ഞില്ല. സ്വര്‍ണത്തിലല്ല, ലൈഫിലാണ് ഇപ്പോള്‍ കേരളത്തിന്റെ സര്‍ക്കാരും മുഖ്യമന്ത്രിയും മറുപടി പറയാതെ ഒഴിഞ്ഞു മാറുന്നത്. 

സ്വര്‍ണക്കടത്തില്‍ തുടങ്ങിയ കോളിളക്കമാണ്. അന്വേഷണം കേന്ദ്ര ഏജന്‍സികളെ ഏല്‍പിച്ചതോടെ സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവാദിത്തം തീര്‍ന്നുവെന്നാണ് മുഖ്യമന്ത്രിയും സി.പി.എമ്മും പ്രഖ്യാപിച്ചത്. പക്ഷേ സംസ്ഥാനസര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ ലൈഫ് മിഷനില്‍ നടന്ന കൈക്കൂലി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനിടെ പുറത്തു വന്നു. ലൈഫ് പദ്ധതിക്ക് ഇടനില നിന്നതിനു ലഭിച്ച കമ്മിഷന്‍ എന്ന് സ്വപ്ന സുരേഷ് അവകാശപ്പെട്ട കോടിക്കണക്കിനു രൂപ എം.ശിവശങ്കര്‍ ഏര്‍പ്പാടാക്കിയ ലോക്കറിലാണ് സൂക്ഷിച്ചിരുന്നതും. ആ തുകയുടെ യഥാര്‍ഥ ഉറവിടം ഏതെന്ന് അന്വേഷണം പുരോഗമിക്കുകയാണ്. 20 കോടിയുടെ വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ നാലേകാല്‍ കോടിയുടെ കമ്മിഷന്‍ ഇടപാട് നടന്നുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതെന്ന് മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ടാവ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ചാനലിലൂടെ സ്ഥിരീകരിച്ചു. ധനമന്ത്രി തോമസ് ഐസക്കും അതു സ്ഥിരീകരിച്ചു. പക്ഷേ ഇത്രയും ഗുരുതരമായ കാര്യങ്ങള്‍ ലൈഫ് മിഷന്‍ പദ്ധതിയെക്കുറിച്ചു പുറത്തു വന്നിട്ടും സര്‍ക്കാരിന് അന്വേഷിക്കേണ്ടതൊന്നുമില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി. 

നിയമസഭയില്‍ നടന്ന അവിശ്വാസപ്രമേയചര്‍ച്ചയില്‍ മേല്‍ക്കൈ നേടാനായി എന്ന വിലയിരുത്തലിലാണ് ഭരണപക്ഷം. മാധ്യമങ്ങളും പ്രതിപക്ഷവും ചേര്‍ന്ന് സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന പുകമറ ഇല്ലാതാക്കിയെന്നും അവകാശപ്പെടുന്നു. പക്ഷേ അവിശ്വാസപ്രമേയത്തിനിടയാക്കിയ വിവാദങ്ങളിലൊന്നും സഭയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയില്ല.  സ്വര്‍ണക്കടത്തു കേസും അനുബന്ധഇടപാടുകളും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ടെന്നു പറയാം. പക്ഷേ ലൈഫ് മിഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ സഭയ്ക്കകത്തു വ്യക്തത വരുത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചില്ല. 

വടക്കാഞ്ചേരി ലൈഫ് മിഷന്‍ വസ്തുതകള്‍ വിശദീകരിക്കാന്‍ തയാറായിരുന്നുവെന്നും എന്നാല്‍ പ്രതിപക്ഷം തടസപ്പെടുത്തിയതുകൊണ്ടാണ് അത് സാധിക്കാതിരുന്നതെന്നും മുഖ്യമന്ത്രി പിന്നീട് വിശദീകരിച്ചു

പക്ഷേ സഭയില്‍ കണ്ടത് പ്രതിപക്ഷം ബഹളമുണ്ടാക്കിയ ശേഷവും ഒരു മണിക്കൂറോളം പ്രസംഗം തുടര്‍ന്ന മുഖ്യമന്ത്രിയെയാണ്.ഇനി സഭയില്‍ വിട്ടു പോയതാണെങ്കില്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോഴും മുഖ്യമന്ത്രി വ്യക്തത വരുത്തിയില്ല. 

പക്ഷേ മുഖ്യമന്ത്രി ഒഴിഞ്ഞു മാറി എന്നാരോപിക്കാന്‍ പ്രതിപക്ഷത്തിന് അവകാശവുമില്ല. മുഖ്യമന്ത്രിയെക്കൊണ്ടു മറുപടി പറയിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെടുകയാണ് ചെയ്തത്. അഞ്ച് മണിക്കൂര്‍ നിശ്ചയിച്ച് പത്തര മണിക്കൂറിലേറെ നീണ്ട അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ മൂന്നേമുക്കാല്‍ മണിക്കൂറാണ് മുഖ്യമന്ത്രി മറുപടി പറയാനെടുത്തത്. പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ കൊണ്ടു വന്ന അവിശ്വാസപ്രമേയം സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കാനുള്ള അവസരമായി മുഖ്യമന്ത്രി പ്രയോജനപ്പെടുത്തി. മാത്രമല്ല പ്രതിപക്ഷനേതാക്കളുടെ ചോദ്യങ്ങള്‍ക്ക് വഴങ്ങുകയും ചെയ്തു. എന്നിട്ടും നിലവിലെ വിവാദങ്ങളില്‍ മുഖ്യമന്ത്രിയെക്കൊണ്ട് വ്യക്തമായി മറുപടി പറയിപ്പിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല. കൃത്യതയുള്ള ചോദ്യങ്ങള്‍ക്കു വേണ്ട ഗൃഹപാഠം പോലും ചെയ്യാതെയാണ് പ്രതിപക്ഷം ചര്‍ച്ചയില്‍ പങ്കെടുത്തത്. സര്‍ക്കാരാകട്ടെ ആസൂത്രിതമായി പ്രതിരോധവും പ്രത്യാക്രമണവുമൊരുക്കി, ഒടുവില്‍ വികസനനേട്ടങ്ങള്‍ നിരത്തി ആരോപണങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി  വിശ്വാസമുറപ്പിച്ചു. 

ലൈഫ് മിഷനെക്കുറിച്ചുയര്‍ന്നത് പുകമറ മാത്രമാണെങ്കില്‍ മുഖ്യമന്ത്രിക്ക് വസ്തുതകള്‍ നിരത്തി അതിവേഗം ആ മറ ഇല്ലാതാക്കാവുന്നതേയുള്ളൂ. പക്ഷേ അതു സംഭവിക്കുന്നില്ല. കേന്ദ്രാനുമതി, ധാരണാപത്രത്തിനുശേഷമുള്ള കരാറുകള്‍, പദ്ധതിയുടെ അംഗീകരിച്ച പ്ലാനും എസ്റ്റിമേറ്റും ഇതൊക്കെ ഇപ്പോഴും അവ്യക്തമാണ്. ലൈഫ് മിഷന്‍ വിവാദത്തില്‍ മാത്രമല്ല,മന്ത്രി ജലീലിന്റെ കോണ്‍സുലേറ്റ് ബന്ധത്തിലും  മുഖ്യമന്ത്രി മുന്നോട്ടു വയ്ക്കുന്ന പ്രതിരോധം ഒന്നു മാത്രമാണ്. നല്ല കാര്യങ്ങള്‍ക്കല്ലേ, നല്ല ഉദ്ദേശമല്ലേ. ഉദ്ദേശം നല്ലതാണെങ്കില്‍ ചട്ടങ്ങള്‍ ബാധകമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നോ? അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഈ സദുദ്ദേശവാദം പരിചയാകുമോ?

സദുദ്ദേശമാണെങ്കില്‍ ചട്ടങ്ങള്‍ നോക്കുന്നതെന്തിന് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സദുദ്ദേശം ഉറപ്പാക്കാന്‍ തന്നെയാണ് ചട്ടങ്ങളും സൃഷ്ടിച്ചു വച്ചിരിക്കുന്നത്. മന്ത്രി കെ.ടി.ജലീല്‍ യു.എ.ഇ നയതന്ത്ര കാര്യാലയവുമായി നേരിട്ട് ഇടപാടുകള്‍ നടത്തിയത് ചട്ടലംഘനമാണെന്നു മുഖ്യമന്ത്രിക്കും അറിയാം. അത് വിശദീകരിച്ച നിയമസഭാപ്രസംഗഭാഗത്ത് ഒടുവില്‍ മുഖ്യമന്ത്രി അകലം പാലിക്കുന്നതും ഗൗരവം മനസിലാക്കിത്തന്നെയാണ്. 

മന്ത്രി ജലീല്‍ ഇടപെട്ടത് ചട്ടങ്ങള്‍ പാലിച്ചു കൊണ്ടാണ് എന്ന് സര്‍ക്കാരോ മന്ത്രിയോ പറയുന്നില്ല. സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തെപ്പോലും അറിയിക്കാതെയാണ് മന്ത്രിയും കോണ്‍സുലേറ്റും നേരിട്ട് പെരുന്നാള്‍ കിറ്റും ഖുറാനും വിതരണം ചെയ്തത്. റെഡ് ക്രസന്റും സര്‍ക്കാരും തമ്മില്‍ ലൈഫ് മിഷന്‍ ധാരണാപത്രം ഒപ്പു വച്ചതും നിലവിലുള്ള ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നു. സ്പ്രിന്‍ക്ളര്‍ കരാര്‍ നടപടികള്‍ വിവാദമായപ്പോള്‍ മുഖ്യമന്ത്രി വിശദീകരിച്ചത് അസാധാരണസാഹചര്യത്തിലെ അസാധാരണ നടപടിയെന്നാണ്. ലൈഫ് മിഷനിലും മന്ത്രി ജലീലിന്റെ ഇടപെടലുകളിലും അത്തരം അസാധാരണസാഹചര്യം ഉണ്ടായിരുന്നോ. അതോ ആകെ ഒരു അസാധാരണ സാഹചര്യം സര്‍ക്കാരിന്റെ ഇടനാഴികളില്‍ ഇക്കാലത്തുണ്ടായോ? ലൈഫ് മിഷന്‍ പദ്ധതിയില്‍ വടക്കാഞ്ചേരിയില്‍ ഉയരുന്ന 140 വീടുകള്‍ 140 കുടുംബങ്ങളുടെ സ്വപ്നമാണ്. ആ സ്വപ്നഭവനങ്ങളുടെ ഗുണനിലവാരത്തെ അവിഹിത ഇടപെടലുകള്‍ സ്വാധീനിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനുള്ള നിയമപരമായ ബാധ്യത സര്‍ക്കാരിനുണ്ട്. സന്നദ്ധ സംഘടനം വാഗ്ദാനം ചെയ്ത പണം ഏതെല്ലാം വഴിയിലൂടെ ചോര്‍ന്നു പോയിട്ടുണ്ടെന്ന് അന്വേഷണം നടത്തി തന്നെ കണ്ടു പിടിക്കണം. ലൈഫ് മിഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറരുത്. വീടില്ലാത്തവരുടെ പ്രതീക്ഷയില്‍ കൈയിട്ടു വാരിയവര്‍ ആരായാലും അവരെ നിയമത്തിനു മുന്നില് കൊണ്ടുവരണം. 

സ്വര്‍ണക്കടത്തു കേസിലും ലൈഫ്  മിഷനിലും നയതന്ത്ര ഇടപാടിലും കുറ്റക്കാര്‍ ആരൊക്കെയെന്ന് അന്തിമമായി ഇനിയും തീരുമാനിക്കപ്പെടാനിരിക്കുന്നതേയുള്ളൂ. മുഖ്യമന്ത്രിയുെട ഓഫിസും അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ഐ.ടി.വകുപ്പും കുറ്റമറ്റ രീതിയിലല്ല പ്രവര്‍ത്തിച്ചിരുന്നതെന്ന് തെളിഞ്ഞു കഴിഞ്ഞു. പക്ഷേ സര്‍ക്കാരിലോ പാര്‍ട്ടിയിലോ ആരെങ്കിലുമൊരാള്‍ കുറ്റകരമായ ഇടപെടല്‍ നടത്തിയെന്ന് ഇതു വരെയും തെളിഞ്ഞിട്ടില്ല. കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായി ബന്ധമുള്ളവര്‍ കൂടി അന്വേഷണവലയത്തിലെത്തുമ്പോഴും അന്വേഷണത്തെ സി.പി.എമ്മും സംസ്ഥാനസര്‍ക്കാരും അവിശ്വസിക്കുന്നില്ല. അപ്പോള്‍ ഇത് സംസ്ഥാനസര്‍ക്കാരിനെ വേട്ടയാടാനും അട്ടിമറിക്കാനുമാണ് എന്ന വാദം കൂടിയാണ് ഇല്ലാതാകുന്നത്. കേന്ദ്ര അന്വേഷണഏജന്‍സികള്‍ കുറ്റകൃത്യം അന്വേഷിച്ചു പുറത്തു കൊണ്ടുവരട്ടെ. സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതികളിലും പ്രവര്‍ത്തനത്തിലും ഈ കുറ്റാരോപിതര്‍ എങ്ങനെയെല്ലാം ഇടപെട്ടുവെന്നത് സംസ്ഥാനസര്‍ക്കാര്‍ തന്നെയാണ് അന്വേഷിച്ചു കണ്ടെത്തേണ്ടത്. മറച്ചു വയ്ക്കാനൊന്നുമില്ലെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ അന്വേഷണത്തിന് മടിക്കുന്നതെന്തിനാണ്?