ലൈഫില്‍ കടത്തിയത് പാര്‍ട്ടി ഫണ്ടല്ല; കേരളത്തിനുള്ള പ്രളയസഹായം: മറുപടി വേണം

സ്വര്‍ണക്കടത്ത് വിവാദം മുഖ്യമന്ത്രിയെ വേട്ടയാടാനുള്ള ഗൂഢപദ്ധതിയാണെന്ന വാദം പാര്‍ട്ടിയും പ്രതിരോധക്കാരും പതിയേ ഉപേക്ഷിക്കുന്നു. പകരം സര്‍ക്കാര്‍ വഞ്ചിക്കപ്പെട്ടുവെന്നാണ് പുതിയ വാദം. സര്‍ക്കാരിനെയും കരുത്തനായ മുഖ്യമന്ത്രിയെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി വഞ്ചിച്ചുവെന്നു മന്ത്രിമാര്‍ വിലപിക്കുന്നു. അമിതാധികാരം നല്‍കി അവരോധിച്ച ഉദ്യോഗസ്ഥന്റെ വഞ്ചനയുടെ മൂകസാക്ഷിയായിരുന്നോ നമ്മുടെ മുഖ്യമന്ത്രി? മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തായ അന്നു മുതല്‍ ഉയര്‍ന്ന ചോദ്യങ്ങളെ അവഗണിച്ചതാണ് ഇന്ന് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ലൈഫില്‍ കുരുക്കിയിരിക്കുന്നത്. കേരളത്തിനു കിട്ടേണ്ട പ്രളയസഹായം  അഴിമതിക്കാര്‍ കടത്തിക്കൊണ്ടുപോയി എന്നത് യാഥാര്‍ഥ്യമാണ്. സ്വാഭാവികമായി ഉയരുന്ന ചോദ്യങ്ങളെ അപ്രഖ്യാപിത വിമോചനസമരമായി പ്രഖ്യാപിച്ച് ഇല്ലാതാക്കാനാകില്ല. ‍‍‍‍

സ്വര്‍ണക്കടത്തു കേസ് പ്രതികളുമായി ബന്ധമുണ്ടെന്നു കണ്ടെത്തി പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പുറത്താക്കിയ അന്നു മുതല്‍ മുഖ്യമന്ത്രിക്കു മുന്നില്‍ ഉയര്‍ന്നത്  സുപ്രധാന ചോദ്യമാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സ്വാധീനം സ്വര്‍ണക്കടത്ത് സംഘം ദുരുപയോഗിച്ചിട്ടുണ്ടോ? സര്‍ക്കാര്‍ തലത്തില്‍ എവിടെയെങ്കിലും ഈ സംഘത്തിനു വേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇടപെട്ടിട്ടുണ്ടോ? ഇതു കണ്ടെത്താന്‍ സര്‍ക്കാര്‍തലത്തില്‍ അന്വേഷണം നടത്തേണ്ടേ? അന്വേഷണം വേണ്ടേ എന്ന ചോദ്യത്തോടു  മുഖ്യമന്ത്രി പ്രതികരിച്ചതിങ്ങനെയാണ്

പാര്‍ട്ടിയും നേതാക്കളും അണികളുമെല്ലാം ഒരേ സ്വരത്തില്‍ ഒരു ബന്ധവുമില്ലാത്ത സ്വര്‍ണക്കടത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ വേട്ടയാടുന്നുവെന്ന പ്രചാരണത്തില്‍ മാത്രം കേന്ദ്രീകരിച്ചു. ഒരു ക്രിമിനല്‍ സംഘവുമായി സംസ്ഥാനസര്‍ക്കാരിലെ ഉന്നതഉദ്യോഗസ്ഥനു ബന്ധമുണ്ടായിരുന്നു എന്ന് സര്‍ക്കാര്‍ തന്നെ സ്ഥിരീകരിച്ചിട്ടും കൂടുതല്‍ അന്വേഷണത്തിന് സംസ്ഥാനസര്‍ക്കാര്‍ തയാറായില്ല. മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇടപെട്ട യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഇടപാടുകളെങ്കിലും സ്വന്തം നിലയില്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഫയല്‍ തയാറാക്കി അന്വേഷണത്തിന് അനുമതി തേടിയെങ്കിലും സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.  ചീഫ് സെക്രട്ടറിതല സമിതിയുടെ അന്വേഷണം എം.ശിവശങ്കറിന്റെ സസ്പെന്‍ഷന് ഒരു കാരണം കണ്ടെത്തുന്നതില്‍ ഒതുങ്ങി. സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ക്രിമിനല്‍ സംഘവുമായുള്ള ബന്ധം പുറത്തുവന്നിട്ട് ഒന്നരമാസത്തിലേറെയായി. സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതികളിലും പ്രവൃത്തികളിലും സംഘം ഇടപെട്ടോ എന്നറിയാന്‍ സംസ്ഥാനം ഒരന്വേഷണത്തിനും തയാറായില്ല. അന്വേഷണം ആവശ്യപ്പെട്ടവരെ അധിക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്ത് ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞു മാറുകയാണ് സംസ്ഥാനസര്‍ക്കാര്‍ ചെയ്തത്. 

അപ്പോള്‍ ലൈഫ് മിഷനിലാണ് ഉപ്പു തിന്നതെങ്കില്‍ ആരാണ് വെള്ളം കുടിക്കേണ്ടത്? കേരളത്തിലെ പാവങ്ങള്‍ക്കു വീടു നല്‍കാനുള്ള സര്‍ക്കാരിന്റെ അഭിമാനപദ്ധതിയില്‍ കോടികള്‍ കമ്മിഷന്‍ വക മാറിയെന്ന് സി.പി.എം നേതൃത്വം നല്‍കുന്ന ചാനലും  ധനമന്ത്രിയും തന്നെ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. 20 കോടിയുടെ പദ്ധതിയില്‍ നാലേകാല്‍ കോടി കോഴയായെങ്കില്‍ നഷ്ടം ആരുടേതാണ്? ആരുടെ പണമാണ് ക്രിമിനല്‍  ഗൂഢാലോചന നടത്തി പ്രതികള്‍ കൈക്കലാക്കിയത്? സര്‍ക്കാര്‍ പദ്ധതിയില്‍ അഴിമതി നടത്താനുള്ള അവസരമൊരുക്കിയത് ആരാണ്? മുഖ്യമന്ത്രി അധ്യക്ഷനായ ലൈഫ് മിഷനില്‍ അഴിമതി നടന്നെങ്കില്‍ ആരാണ് മറുപടി പറയേണ്ടത്? ലൈഫ് പദ്ധതിയില്‍ അഴിമതി നടന്നുവെന്നു ദേശീയ അന്വേഷണ ഏജന്‍സികള്‍ പുറത്തു കൊണ്ടുവന്ന ശേഷവും സി.പി.എം പറയുന്ന ന്യായമാണ് അന്യായം. നഷ്ടപ്പെട്ടത് സര്‍ക്കാരിന്റെ പണമല്ല. അതുകൊണ്ടു തന്നെ അത് സര്‍ക്കാരിനു നോക്കേണ്ട കാര്യവുമല്ല. പ്രളയദുരിതാശ്വാസത്തിന് കുഞ്ഞുങ്ങളുടെ കുടുക്ക പൊട്ടിച്ചു പോലും പണം സമാഹരിച്ചെടുത്ത സര്‍ക്കാരാണ് പറയുന്നത് നാലേകാല്‍ കോടി ആരെങ്കിലും കൊണ്ടുപോയെങ്കില്‍ വേവലാതിയെന്തിനെന്ന്?

പ്രളയത്തില്‍ വലഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രി യു.എ.ഇയില്‍ നേരിട്ടു പോയി നടത്തിയ ചര്‍ച്ചകളുടെ ഭാഗമായാണ് റെഡ് ക്രസന്റ് 20 കോടി രൂപയുടെ സഹായം നല്‍കാമെന്നു പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് 2019 ജൂലൈ 11ന് റെഡ് ക്രസന്റ് പ്രതിനിധികള്‍ കേരളത്തിലെത്തി ധാരണാപത്രവും ഒപ്പുവച്ചു. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കായി 15 കോടിയുടെ ഭവനനിര്‍മാണപദ്ധതിയും 5 കോടിയുടെ ആശുപത്രിയും ഉള്‍പ്പെടുന്ന സമുച്ചയം നിര്‍മിച്ചു നല്‍കാം എന്നായിരുന്നു ധാരണാപത്രം. 

റെഡ് ക്രസന്റ് യൂണിടാക്ക് എന്ന നിര്‍മാണകമ്പനിയെ കരാര്‍ ഏല്‍പിച്ചു. ആ യൂണിടാക്ക് കമ്പനിയാണ് വടക്കാഞ്ചേരിയില്‍ ഇപ്പോള്‍ 140 വീടുകളും ആശുപത്രികെട്ടിടവും അടങ്ങുന്ന സമുച്ചയം നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. അതേ യൂണിടാക്കാണ് നാലേകാല്‍കോടി കമ്മിഷന്‍ നല്‍കിയതായി മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ടാവു കൂടിയായ കൈരളി ചാനല്‍ എഡിറ്ററും ധനമന്ത്രിയും സാക്ഷ്യപ്പെടുത്തിയത്. 20 കോടിയുടെ പദ്ധതിയില്‍ ഇതിനോടകം പുറത്തു വന്ന കൈക്കൂലി നാലേകാല്‍കോടി. ലൈഫ് പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരമാണെങ്കില്‍ 106 പേര്‍ക്ക് വീടുണ്ടാക്കാനുള്ള പണം. വടക്കാഞ്ചേരിയിലെ 140 വീടുകള്‍ നിര്‍മിക്കാന്‍ വിദേശസംഘടന കൈമാറിയ 20 കോടിയില്‍ നിന്നാണ് ഈ വന്‍തുക കൈക്കൂലിയായി നല്‍കിയതെങ്കില്‍ എവിടെ നിന്നാണ് കരാറുകാര്‍ ആ നഷ്ടം നികത്തുക? കരാറുകാര്‍ നല്‍കിയ വന്‍ കൈക്കൂലിയുടെ നഷ്ടം ആരാണ് അനുഭവിക്കേണ്ടി വരുന്നത്? 

ആരുടെയോ പണം, ആരോ ആര്‍ക്കെങ്കിലും കമ്മിഷന്‍ കൊടുത്തെങ്കില്‍ സര്‍ക്കാരിനെന്തു കാര്യം? 

ഇതാണ് സി.പി.എം ലൈഫ് മിഷന്‍ കൈക്കൂലിയില്‍ കേരളത്തോടു ചോദിക്കുന്ന ചോദ്യം. പാര്‍ട്ടി ഫണ്ടിലേക്കു കിട്ടിയ സംഭാവനയുടെ കാര്യമല്ല ചോദ്യം ചെയ്യപ്പെടുന്നത്. റെഡ്ക്രസന്റ് പ്രളയദുരിതാശ്വാസത്തിനായി വാഗ്ദാനം ചെയ്ത പണത്തിലെ വന്‍വിഹിതം കൈക്കൂലിയായതെങ്ങനെയെന്നാണ്?  പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട പാവപ്പെട്ട മനുഷ്യരുടെ പുനരധിവാസത്തിനായി കേരളത്തിനു കിട്ടിയ സംഭാവനയില്‍ ഈ വന്‍തുക ആരു കൊണ്ടു പോയി എന്നാണ്. അത് അന്വേഷിക്കാനും എല്ലാ കുറ്റക്കാരെയും പുറത്തു കൊണ്ടുവരാനും 

 സംസ്ഥാനസര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കാണ്  ഉത്തരവാദിത്തം? ആരെ രക്ഷിക്കാനാണ് കേരളസര്‍ക്കാര്‍ അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത്?

റെഡ് ക്രസന്റ് കേരളത്തിനു 20 കോടി വാഗ്ദാനം ചെയ്ത യു.എ.ഇ. സന്ദര്‍ശനത്തിലടക്കം സജീവസാന്നിധ്യമായിരുന്നു മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും ഇന്നത്തെ സ്വര്‍ണക്കടത്തു പ്രതി സ്വപ്നസുരേഷും.  സ്വര്‍ണക്കടത്ത് പ്രതികള്‍  നടപ്പാകാന്‍ പോകുന്ന പദ്ധതിയടക്കം മുന്‍കൂട്ടി മനസിലാക്കി അഴിമതിക്ക് വളരെ മുന്നേ കളമൊരുക്കിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പദ്ധതി നടത്തിപ്പിനായി യൂണിടാക്കിനെ കണ്ടെത്തിയത് സ്വപ്നയും സരിത്തും സന്ദീപും ചേര്‍ന്നാണ്. സമാന്തരമായി സര്‍ക്കാര്‍ തലത്തില്‍ പദ്ധതി മിന്നല്‍ വേഗത്തില്‍ അസാധാരണ നടപടികളിലൂടെ ധാരണാപത്രം ഒപ്പുവയ്ക്കുന്നതില്‍ ഇടപെട്ടത് എം.ശിവശങ്കറാണെന്നു വ്യക്തമായിക്കഴിഞ്ഞു. ധാരണാപത്രം ഒപ്പുവച്ച യോഗത്തിന് മിനിറ്റ്സ് പോലുമുണ്ടായിരുന്നില്ലെന്നാണ് ലൈഫ് മിഷന്‍ സി.ഇ.ഒ, ഇ.‍ഡിയുടെ ചോദ്യത്തിനു നല്കിയ മറുപടി. ധാരണാപത്രം റെഡ് ക്രസന്റ് തയാറാക്കിയതാണ്. രാവിലെ 11 മണിക്ക് നിയമവകുപ്പിലെത്തിയ ഫയല്‍ അതിവേഗം തിരിച്ചുവാങ്ങി മുഖ്യമന്ത്രിയും സംഘടനയും തമ്മില്‍ ധാരണ ഒപ്പുവച്ചതാണെന്നും വ്യക്തം

ധാരണാപത്രം അവ്യക്തവും സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതല്ലെന്നും ചോദ്യങ്ങള്‍ ഉയരുമ്പോള്‍ അപാകതയുണ്ടെങ്കില്‍ തിരുത്താം എന്നാണ് നിയമമന്ത്രിയുടെയും മറുപടി. അപാകതകള്‍ ഉണ്ടായതെങ്ങനെ, ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ് എന്നതൊക്കെ ഇനി പുറത്തുവരേണ്ട കാര്യങ്ങളാണ്. തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറിയും എന്തെങ്കിലും അഴിമതിയുണ്ടായിട്ടുണ്ടെങ്കില്‍ വിജിലന്‍സിന് അന്വേഷിക്കാന്‍ കഴിയുമോയെന്നു പരിഗണിക്കണമെന്ന നിലപാടുമായി എത്തി.

സി.പി.എം ദയനീയമായ വാദങ്ങളിലൂടെ  മലക്കം മറിയുന്നതാണ് സ്വര്‍ണക്കടത്ത് വിവാദത്തിന്റെ തുടക്കം മുതല്‍  കാണുന്നത്. സര്‍ക്കാരിനെതിരെ കള്ളപ്രചാരണങ്ങളാണ് നടക്കുന്നത് എന്ന മുദ്രാവാക്യമൊഴികെ മറ്റെല്ലാം പാര്‍ട്ടിക്കു തിരുത്തേണ്ടിവന്നു. ലൈഫ് പദ്ധതിയെ തകര്‍ക്കാനെന്നു പരമാവധി പിടിച്ചു നിന്നു. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വേട്ടയാടുന്നുവെന്നു പ്രചാരണം നടത്തി. ഒടുവില്‍ പ്രതിരോധിക്കാവുന്നതിനുമപ്പുറത്തേക്ക് വിവരങ്ങള്‍ പുറത്തു വന്നതോടെ അന്വേഷണം പരിഗണിക്കണമെന്നു പറഞ്ഞൊഴിയുകയാണ് പാര്‍ട്ടി. അപ്പോഴും ഉത്തരവാദിത്തം മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു മാത്രമാണ്. ഉദ്യോഗസ്ഥ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നു പറ‍യാതെ പറയുകയാണ് സി.പി.എം. ഭരണാധികാരിയെ  രാഷ്ട്രീയഉത്തരവാദിത്തത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ ഉത്തരവാദിത്തമില്ലാത്ത മുഖ്യമന്ത്രിയാക്കുന്നു സ്വന്തം പാര്‍ട്ടി . 

ഒടുവില്‍ സ്വര്‍ണക്കടത്തു കേസും ലൈഫ് മിഷന്‍ അഴിമതിയും പിന്‍വാതില്‍ നിയമനവുമെല്ലാം എം.ശിവശങ്കറിന്റെ വഞ്ചന മാത്രമാണെന്ന് വരുത്തിത്തീര്‍ക്കുന്നു. പ്രതികളുമായുള്ള വ്യക്തിബന്ധത്തില്‍ ഉത്തരവാദിത്തം ശിവങ്കറിനു മാത്രമാണ്. പക്ഷേ സ്വര്‍ണക്കടത്തു പ്രതിയെ സര്‍ക്കാരിനു കീഴിലുള്ള ചുമതലയില്‍ എത്തിച്ചതിന് ശിവശങ്കര്‍ മാത്രം ഉത്തരം പറഞ്ഞാല്‍ മതിയോ? മുഖ്യമന്ത്രി ഒപ്പിട്ട ലൈഫ് മിഷന്‍ ധാരണാപത്രം വച്ച് വന്‍കൈക്കൂലി ഇടപാടുകള്‍ നടന്നുവെങ്കില്‍ ശിവശങ്കറാണോ മറുപടി പറയേണ്ടത്? നയതന്ത്രകാര്യാലയവുമായി ചട്ടങ്ങള്‍ പാലിക്കാതെ നേരിട്ട് വിനിമയം നടത്തിയതിന് മന്ത്രി കെ.ടി.ജലീല്‍ മാത്രം മറുപടി പറഞ്ഞാല്‍ മതിയോ? മന്ത്രിമാര്‍ അവരവര്‍ക്കു തോന്നിയതു പോലെയും ഉദ്യോഗസ്ഥര്‍ അവരവരുടെ വഴിക്കും ഭരണം നടത്തുന്നതിനെയാണോ സുസ്ഥിര ഭരണം എന്നു വിളിക്കേണ്ടത്? കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കൃത്യമായ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നിട്ടും സംസ്ഥാനഭരണത്തില്‍ ഈ ഗൂഢസംഘം എങ്ങനെയെല്ലാം ഇടപെട്ടു എന്നന്വേഷിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്തിനാണ്? സ്വര്‍ണക്കടത്താണ് കസ്റ്റംസ് അന്വേഷിക്കുന്നത്. അതിലെ ദേശവിരുദ്ധപ്രവര്‍ത്തനങ്ങളാണ് എന്‍.ഐ.എ അന്വേഷിക്കുന്നത്. ഇടപാടിലെ കള്ളപ്പണബന്ധമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. സംസ്ഥാനസര്‍ക്കാരുമായി ബന്ധപ്പെട്ട പദ്ധതികളിലും നിയമനങ്ങളിലും പ്രതികളും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും എങ്ങനെയെല്ലാം ഇടപെട്ടുവെന്ന് സംസ്ഥാനമല്ലാതെ വേറാരാണ് അന്വേഷിക്കുക? 

കോടിയേരി തന്നെ പറയുന്നതുപോലെ ഈ ചോദ്യങ്ങളിലൊന്നും ഇതുവരെയും സര്‍ക്കാരിനോ സി.പി.എം നേതാക്കള്ക്കോ പങ്കുണ്ടെന്നു കണ്ടെത്തിയിട്ടില്ല. അത്തരത്തിലുള്ളസൂചനകളുമില്ല. പക്ഷേ ഗുരുതരമായ ഭരണവീഴ്ചയും അഴിമതിയും നടന്നുവെന്നു വ്യക്തമാണ്. വിശ്വാസമര്‍പ്പിച്ച ഉദ്യോഗസ്ഥന്‍  സംശയത്തിനിട നല്‍കാതെ വഞ്ചിച്ചുവെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ന്യായം. എങ്കില്‍ ദുരൂഹത പുറത്തുവന്നപ്പോള്‍ പോലും ഉദ്യോഗസ്ഥന്‍ ഇടപെട്ട വിദേശപദ്ധതികളിലെങ്കിലും  അന്വേഷണം നടത്താന്‍ തയാറാകാതിരുന്നത് എന്തുകൊണ്ടാണ്. ഇപ്പോഴും അന്വേഷണത്തിനു തയാറാകാത്തതെന്താണ്? 

മാധ്യമങ്ങളോടും പ്രതിപക്ഷത്തോടും യുദ്ധം പ്രഖ്യാപിക്കുന്ന നേരത്ത്,  സര്‍ക്കാര്‍ പദ്ധതികളില്‍ ആരെങ്കിലും കൈയിട്ടു വാരിയിട്ടുണ്ടോ എന്നു സ്വയം അന്വേഷിച്ചു പുറത്തു കൊണ്ടുവരാന്‍ സര്‍ക്കാരിന് സമയമുണ്ടായിരുന്നു.  സുതാര്യഭരണം സര്‍ക്കാരിന്റെ കടമയാണ്, കാരുണ്യമല്ല. തിരഞ്ഞെടുപ്പ് അടുക്കുന്നു. തുടര്‍ഭരണം ഇല്ലാതാക്കാനുള്ള രാഷ്ട്രീയഗൂഢാലോചനയാണ് എന്നതൊന്നും ഇതുവരെ ഉയര്‍ന്ന വസ്തുതതകള്‍ക്കുള്ള വിശദീകരണമാകുന്നില്ല. ഭരണത്തില്‍ ഏറ്റവും നിര്‍ണായകപങ്കാളിത്തമുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെ വഞ്ചിച്ചുവെങ്കില്‍ ആ ഉദ്യോഗസ്ഥനെ ഭരണമേല്‍പിച്ച രാഷ്ട്രീയനേതൃത്വം തന്നെയാണ് ജനങ്ങളോടു മറുപടി പറയേണ്ടത്. മുഖ്യമന്ത്രിയും പാര്‍ട്ടിയും ആദ്യം ഫാക്റ്റ് ചെക്ക് നടത്തേണ്ടത് സ്വന്തം ഭരണത്തിലാണ്.