അപായമണി മുഴങ്ങി; തോറ്റോടില്ലെന്ന് കേരളം തീരുമാനിക്കണം

വിജയത്തിലെത്താവുന്ന ഒരു മാരത്തണ്‍ ഓട്ടത്തിലെ അവസാനലാപ്പില്‍ പിന്തിരിഞ്ഞോടിയാല്‍ എങ്ങനെയുണ്ടാകും? അതാണ് കോവിഡ് പ്രതിരോധത്തില്‍ ഇപ്പോള്‍ കേരളത്തിന്റെ അവസ്ഥ. അനിവാര്യമായും സംഭവിക്കുമെന്നു പ്രതീക്ഷിച്ച ഘട്ടത്തിലേ ഇപ്പോഴും നമ്മള്‍ എത്തിയിട്ടുള്ളു. പക്ഷേ ഇനിയുള്ള ഓരോ ദിവസവും ഓരോ മനുഷ്യനും കോവിഡിനെ നേര്‍ക്കുനേര്‍ ചെറുത്തില്ലെങ്കില്‍ നമ്മള്‍ തോറ്റുപോകും. കോവിഡിനു മുന്നില്‍ രണ്ടാമതൊരു അവസരം നമുക്കില്ലെന്നു ദയവായി ഓര്‍ക്കുക. 

കോവിഡ് രോഗബാധ സമൂഹവ്യാപനത്തിലെത്തിയിരിക്കുന്നുവെന്നാണ് കേരളം പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പുല്ലുവിള, പൂന്തുറ തീരദേശങ്ങളിലാണ് സമൂഹവ്യാപനമുണ്ടായതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിലെ സാങ്കേതികതയിലല്ല, സാഹചര്യത്തിന്റെ തീവ്രതയിലാണ് കേരളത്തിന്റെ മനസ് പതിയേണ്ടത്. ഓരോ ദിവസവും മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന കണക്കുകള്‍ കേരളം എങ്ങോട്ടു പോകുന്നുവെന്ന ഞെട്ടലുണ്ടാക്കണം. വെള്ളിയാഴ്ച ഒരൊറ്റ ദിവസം മാത്രം തിരുവനന്തപുരത്ത് രോഗബാധിതരായവരില്‍ 99 ശതമാനവും സമ്പര്‍ക്കത്തിലൂടെയാണ്. അതായത് വ്യക്തമായും കോവിഡ് വ്യാപനം അടുത്ത ഘട്ടത്തിലേക്കെത്തിയിരിക്കുന്നു.

സത്യത്തില്‍ നേരത്തെ കടന്നു പോയ ലോക്ക്ഡൗണ്‍ ഇപ്പോഴാണ് കേരളത്തില്‍ അനിവാര്യമായി വരുന്നത്. പക്ഷേ അതു സാധ്യമല്ല. മനുഷ്യര്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗങ്ങള്‍ അടച്ചു കെട്ടി ഇനിയും മുന്നോട്ടു പോകാന്‍ സാധ്യമല്ല. ഇപ്പോള്‍ തന്നെ സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളാകെ ലോക്ഡൗണിലേക്കു പോകുകയാണ്. തീരദേശജനതയ്ക്കും താങ്ങാനാകുന്ന നിയന്ത്രണങ്ങളല്ല, വരുന്നത്. പക്ഷേ അവരുടെ തന്നെ ജീവന്‍ രക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്ന് ഭരണകൂടം വിലയിരുത്തുന്നു. തീരത്തു മാത്രമല്ല എറണാകുളത്തും പാലക്കാടും നിലമ്പൂരുമെല്ലാം അപായമണി ഉച്ചത്തില്‍ മുഴങ്ങിക്കഴിഞ്ഞു. 

മാസങ്ങളായി തുടരുന്ന നിയന്ത്രണങ്ങളില്‍ വലഞ്ഞിരിക്കുന്ന മനുഷ്യരാണ് നമ്മള്‍. പക്ഷേ പടിക്കല്‍ കലമുടയ്ക്കാനാവില്ല.  രണ്ടു തുള്ളി സാനിറ്റൈസറിന്, ഒരു മാസ്കിന് , രണ്ടു മീറ്റര്‍ അകലത്തിന് ഇപ്പോള്‍ നമ്മുടെ ജീവന്റെ വിലയുണ്ടെന്നോര്‍ക്കുക. എനിക്കും 

എന്റെ പ്രിയപ്പെട്ടവര്‍ക്കും കോവിഡ് വരില്ലെന്ന ആത്മവിശ്വാസം വെറും അന്ധവിശ്വാസമാണെന്നു തിരിച്ചറിയുക. നമ്മള്‍ ജീവനും ജീവിതവുമായുള്ള പോരാട്ടത്തിലെ ഏറ്റവും പ്രധാന മണിക്കൂറുകളിലാണെന്നു മറക്കാതിരിക്കുക. 

ഗ്രാമ നഗരവ്യത്യാസമില്ലാതെ കോവിഡ‍് വ്യാപനത്തിന്റെ സൂചനകളാണ് മുന്നില്‍. കണ്ടു പിടിക്കപ്പെട്ട കേസുകളേക്കാള്‍ തിരിച്ചറിയാത്ത രോഗികള്‍ സമൂഹത്തിലുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് സാഹചര്യം മാറിയിരിക്കുന്നുവെന്ന് ആദ്യം തിരിച്ചറിയണം. കേരളത്തിനു പുറത്തു നിന്ന് മടങ്ങിയെത്തുന്നവരെ ക്വാറന്റീന്‍ ചെയ്ത് അവരില്‍ നിന്ന് സമ്പര്‍ക്കവ്യാപനം ഉണ്ടാകാതിരിക്കുന്നതില്‍ കേന്ദ്രീകരിച്ച രണ്ടാംഘട്ട മാതൃക ആരോഗ്യപ്രവര്‍ത്തകര്‍ പ്രശംസാവഹമായി നിര്‍വഹിച്ചു കഴിഞ്ഞതാണ്. പക്ഷേ ഇപ്പോള്‍ പ്രവാസികളല്ല, രോഗവ്യാപനത്തിന്റെ ഉറവിടം. അതുകൊണ്ട് മുന്നില്‍ കാണുന്ന ഓരോ മനുഷ്യനും കോവിഡ് വാഹകനായിരിക്കാം എന്നു കണ്ടുള്ള മുന്‍കരുതല്‍ നമ്മള്‍ ഓരോരുത്തരും സ്വീകരിക്കേണ്ടതുണ്ട്. ആര്‍ക്കും രോഗമുണ്ടാകാം, എവിടെ നിന്നും രോഗം പകരാം. പ്രായവും ആരോഗ്യവും പരിഗണിക്കാതെ വൈറസിന്റെ ആക്രമണം തീവ്രമായേക്കാം. പേടിച്ചതുകൊണ്ടു പ്രയോജമില്ല. പക്ഷേ കരുതല്‍ നിര്‍ബന്ധമാക്കുന്ന ജാഗ്രത ഉണ്ടായേ പറ്റൂ.

നമ്മുടെ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും ഇപ്പോഴും മുന്‍നിരയില്‍ പ്രതിരോധത്തിനുണ്ട്. പക്ഷേ ഏതു സര്‍ക്കാരിനും നിയന്ത്രണം കൈവിടുന്ന സാഹചര്യം നമ്മള്‍ മുന്നില്‍ കാണണം. ഒപ്പം അടച്ചിടലില്‍ കുടുങ്ങുന്ന മനുഷ്യര്‍ക്ക് കൃത്യമായ സഹായവും പിന്തുണയും ഉറപ്പാക്കണം .  തീരദേശജനത അന്നന്നത്തെ വരുമാനം ആശ്രയിച്ചു ജീവിക്കുന്നവരാണ്. ശാരീരിക അകലം പാലിച്ചുതന്നെ ഒറ്റക്കെട്ടായി ഈ വെല്ലുവിളിയെക്കൂടി കേരളം നേരിടണം. 

കോവിഡ് വ്യാപനത്തെ ഇനി നമ്മള്‍ ഒരു കാട്ടുതീയായി മുന്നില്‍ കാണണം. എവിടെനിന്നും ആ തീ  കൊളുത്തപ്പെടാം. നൊടിയിട കൊണ്ട് എങ്ങോട്ടും പടര്‍ന്ന് ആളിക്കത്താം. സുരക്ഷിതരായി ഒഴിഞ്ഞു മാറാം എന്ന ഒരു പ്രതീക്ഷയ്ക്ക് അപ്പോള്‍ സാധ്യതയുണ്ടാവില്ല. ഏറ്റവും നല്ല പ്രതിരോധം  ആ തീ കൊളുത്തപ്പെടുന്നില്ല എന്നുറപ്പു വരുത്തുകയാണ്. ഞാന്‍ കോവിഡ് വ്യാപനത്തിന് കാരണക്കാരനാകില്ലെന്നു മാത്രമല്ല, കോവിഡ് പടരാത െചറുക്കും എന്നു കൂടി തീരുമാനിക്കാം. ശാസ്ത്രവിരുദ്ധര്‍ പ്രചരിപ്പിക്കുന്നതു പോലെ ഭൂരിഭാഗം പേരിലും ഒരു ജലദോഷപ്പനിയായി വന്നുപോകും എന്നു വിശ്വസിക്കാനാണെങ്കില്‍ ഒന്നോര്‍ക്കുക. നമ്മള്‍ ഭൂരിഭാഗത്തില്‍ പെടുമോ, ശ്വാസം നിലച്ചു പോകുന്ന ന്യൂനപക്ഷത്തില്‍ പെടുമോ എന്നു കോവിഡാണ് തീരുമാനിക്കുക. തോറ്റുകൊടുക്കരുത്.