മുല്ലപ്പള്ളിയുടെ അധിക്ഷേപം രാഷ്ട്രീയമല്ല; കോണ്‍ഗ്രസും ഇത് അര്‍ഹിക്കുന്നില്ല

പ്രവാസികളുടെ കോവിഡ് ടെസ്റ്റ് പോലെ വളരെ പ്രധാന്യമുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ പോലും കേരളത്തിലെ പ്രതിപക്ഷത്തിന് മതിയായ വിശ്വാസ്യത കിട്ടാതെ പോകുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ കാരണമെന്താണ്? കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ അതിന്റെ ഉത്തരം പറഞ്ഞു കഴിഞ്ഞു. 

കെ.പി.സി.സി പ്രസിഡന്റിന്റെ വിശേഷണത്തിലെ രാഷ്ട്രീയപ്രശ്നങ്ങള്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ജനാധിപത്യത്തില്‍ സംസാരിക്കുമ്പോഴും കെ.പി.സി.സി.പ്രസിഡന്റിന്റെ മനസില്‍ രാജഭരണകാലമാണ് എന്നതും കടുത്ത സ്ത്രീവിരുദ്ധതയാണ് പ്രക്ഷേപണം ചെയ്തതെന്നും വ്യാപകമായി വിമര്‍ശനവുമുയര്‍ന്നു. പക്ഷേ തിരുത്തില്ലെന്നും വിമര്‍ശനം തുടരുമെന്നും അദ്ദേഹം അതേദിവസം ആവര്‍ത്തിച്ചു. 

ആരോഗ്യമന്ത്രിക്ക് പ്രതിപക്ഷനേതാവും ആവോളം വിശേഷണങ്ങള്‍ നല്‍കിയിട്ടുണ്ട്  നേരത്തെ തന്നെ. അതേസമയം ലോകം ഇതേ ആരോഗ്യമന്ത്രിയെക്കുറിച്ച് എന്താണു പറഞ്ഞത്?

ലോകം പറയുന്നതു കൊണ്ടു കേരളത്തിലെ പ്രതിപക്ഷം ആരോഗ്യമന്ത്രിയെ പുകഴ്ത്തണമന്ന് പറയാനാകില്ല. രാഷ്ട്രീയവിമര്‍ശനം തന്നെയാണ് പ്രതിപക്ഷത്തിന്റെ കടമ. പക്ഷേ  ലോകം താറുമാറാക്കിയ ഒരു രോഗത്തോട് ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ നമ്മുടെ സംസ്ഥാനം പിടിച്ചു നില്‍ക്കുന്ന നേരത്ത് ഈ പ്രയോഗങ്ങളാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയവിമര്‍ശനമെങ്കില്‍ പ്രശ്നം രാഷ്ട്രീയവുമല്ല, വിമര്‍ശനവുമല്ല വെറും അങ്കലാപ്പാണ്. കെ.കെ.ശൈലജ മാത്രമല്ല, കോണ്‍ഗ്രസും ഈ അധിക്ഷേപം അര്‍ഹിക്കുന്നില്ല. 

രാജ്യത്താദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്. നാലു മാസത്തിനു ശേഷം ഇന്ന് കേരളത്തിലെ അവസ്ഥയെന്താണ്, രാജ്യത്തെ പൊതുചിത്രമെന്താണ്? രാജ്യത്ത് രോഗബാധിതരുടെ എണ്ണം നാലു ലക്ഷം കടക്കുന്നു. ഓരോ ദിവസവും കുറഞ്ഞത് പതിമൂവായിരം പുതിയ രോഗബാധിതര്‍. രാജ്യതലസ്ഥാനമടക്കം ഇനി എന്തു ചെയ്യണമെന്നറിയാത്ത വിധം രോഗത്തിന്റെ പിടിയില്‍ അമര്‍ന്നു കഴിഞ്ഞു. മഹാരാഷ്ട്രയും ഗുജറാത്തും മധ്യപ്രദേശും കോവിഡിനു മുന്നില്‍ പതറുകയാണ്. കേരളത്തിന്റെ തൊട്ടയല്‍പക്കത്ത് തമിഴ്നാട്ടില്‍ രോഗവ്യാപനം അതിരൂക്ഷമാണ്. കര്‍ണാടകയിലും രോഗികളുടെ എണ്ണം എണ്ണായിരം കടന്നു. 

അവിടെയാണ് ഇപ്പോഴും കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്താന്‍ അതികഠിനമായി പ്രയത്നിക്കുന്ന ഒരു ആരോഗ്യവകുപ്പും നിരന്തരനേതൃത്വം നല്‍കുന്ന ആരോഗ്യമന്ത്രിയും കേരളത്തിന്റെ ധൈര്യമാകുന്നത്. മൂന്നു ഘട്ടവ്യാപനങ്ങള്‍ നേരിട്ടിട്ടും ഇന്നേ ദിവസം വരെ  ഭയന്നു പോകേണ്ട ഒരു സാഹചര്യമുണ്ടാകാത്തതില്‍ ഈ ആരോഗ്യപ്രവര്‍ത്തകരോടു കടപ്പെട്ടിരിക്കുന്നു കേരളം. അണുവിട ശ്രദ്ധ തെറ്റാതെ ആ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ആരോഗ്യമന്ത്രിയെയാണ് KPCC പ്രസിഡന്റ് അനാവശ്യമായി, അധിക്ഷേപകരമായി ആക്രമിച്ചത്. നിപ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ പ്രതിപക്ഷം കെ.കെ.ശൈലജയെ കാര്യമായെടുത്തില്ല. എന്നാല്‍ കോവിഡിലും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമായതോടെയാണ് പ്രതിപക്ഷനേതാക്കള്‍ക്ക് പൊറുതിയില്ലാതായത്. മീഡിയ മാനിയ, പബ്ലിസിറ്റി സ്റ്റണ്ട് തുടങ്ങിയ പ്രയോഗങ്ങളിലൊന്നും പ്രതിച്ഛായ ഒതുങ്ങുന്നില്ലെന്നു വന്നതോടെ പിടി വിട്ട മട്ടില്‍ വ്യക്തിപരമായ അധിക്ഷേപത്തിന് തുനിഞ്ഞിരിക്കുന്നു കെ.പി.സി.സി. പ്രസിഡന്റ്. ഇത് അംഗീകരിക്കാനാകാത്ത രാഷ്ട്രീയകുല്‍സിതബുദ്ധിയാണ്. തിരുത്തിയേ തീരൂ. 

കെ.പി.സി.സി പ്രസിഡന്റിന്റെ ആക്ഷേപം കൊണ്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് ഒന്നും സംഭവിക്കില്ല. പക്ഷേ കോണ്‍ഗ്രസിനേല്‍ക്കുന്ന പരുക്ക് ചെറുതല്ല. ലോകം മുഴുവന്‍ ചര്‍ച്ചയായ കേരളത്തിന്റെ ആരോഗ്യമന്ത്രിയെ ഈ മട്ടില്‍ അധിക്ഷേപിക്കുമ്പോള്‍ ലോകത്തിനു മുന്നില്‍ ചെറുതാകുന്നത് ആരോഗ്യമന്ത്രിയല്ല.  കോണ്‍ഗ്രസ് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ കൂടുതല്‍ ഉയര്‍ന്ന നിലവാരം അര്‍ഹിക്കുന്നുവെന്നു പറയാതെ വയ്യ.