ഇനിയാണ് വെല്ലുവിളി; കൂടുതൽ ജാഗ്രത വേണം; വിട്ടുവീഴ്ച പാടില്ല

കേരളം  കോവിഡ് വ്യാപനത്തിന്റെ അടുത്ത പരീക്ഷണഘട്ടം നേരിടുകയാണ്. ഒറ്റ ദിവസം അന്‍പതിനടുത്തേക്ക് രോഗബാധിതരുടെ എണ്ണം കുതിക്കുന്നത് ആശങ്കയോടെ തന്നെ കണ്ടേ പറ്റൂ. പക്ഷേ അപ്പോഴും ആശ്വാസം, വൈറസ് വ്യാപനസാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ് ഈ ഘട്ടത്തിലെ 98 ശതമാനം രോഗികളും എന്നതാണ്. പക്ഷേ അതു സമ്പര്‍ക്കത്തിലേക്കു പോയാല്‍ നമ്മളും തോറ്റുപോകും. അതിനിടയിലും പത്താംക്ലാസ്, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത് സാഹസികമായ തീരുമാനമാണോ? അതോ അനിവാര്യമായ ഒരു ദുരന്തമുഖത്തെത്തും മുന്‍പ് നമ്മള്‍ പരമാവധി കാര്യങ്ങള്‍ കരയ്ക്കടുപ്പിക്കുകയാണോ? ഇതുവരെ നേരിട്ടതല്ല, ഇനി വരാനിരിക്കുന്നതാണ് യഥാര്‍ഥ വെല്ലുവിളിയെന്ന് കേരളീയര്‍ മനസിലാക്കേണ്ടതെങ്ങനെയാണ്?

വെള്ളിയാഴ്ച മാത്രം കേരളത്തില്‍ 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം അതിവേഗം ഉയരുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നു, മുന്നില്‍ കാണുന്നു. 

യാത്രാവിലക്കില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങിയ മേയ് 4 മുതല്‍ 22 വരെ പുറത്തു നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണം 91,344 ആണ്. ഒരു ലക്ഷത്തോളം പേര്‍ മടങ്ങിയെത്താന്‍ ആഴ്ചകള്‍ വേണ്ടി വന്നുവെങ്കില്‍ ഇനി മടങ്ങാന്‍ കാത്തിരിക്കുന്നവര്‍ നാലു ലക്ഷത്തോളം പേര്‍ക്ക് ദിവസങ്ങള്‍ കൊണ്ട് കേരളത്തിലെത്താനാകും. 

ഒരു ലക്ഷത്തോളം പേര്‍ തിരിച്ചെത്തിയതില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് ഇരുന്നൂറോളം പേര്‍ക്കു മാത്രമാണ്. പക്ഷേ ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ നിരീക്ഷണത്തിലുണ്ട്. ഓരോ ദിവസവും റെഡ്സോണുകളില്‍ നിന്നടക്കം പതിനായിരങ്ങള്‍ ജന്‍മനാട്ടിലേക്കെത്തുന്നുണ്ട്. ഇതുവരെയും കേരളത്തിന്റെ ധൈര്യം സമൂഹവ്യാപനം സംഭവിച്ചിട്ടില്ല എന്നതാണ്. മൂന്നാം ഘട്ടത്തില്‍ പ്രാദേശികവ്യാപനം പോലുമുണ്ടായിട്ടില്ല. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം വളരെ കുറവാണ്. വരുന്നവരെല്ലാം നേരെ ക്വാറന്റീനില്‍ പ്രവേശിക്കുന്നു. പരമാവധി പേരും ക്വാറന്റീന്‍ കൃത്യമായി പാലിക്കുന്നു. ഇത് ഇങ്ങനെ തന്നെ മുന്നോട്ടു കൊണ്ടു പോകാനായാല്‍ കേരളത്തിന് ഇനിയും ആദ്യഘട്ടങ്ങളിലെ വിജയം ആവര്‍ത്തിക്കാനാകും

പക്ഷേ, ഈ ചങ്ങലയില്‍ ഒരാള്‍ പിന്തിരിഞ്ഞാല്‍, പുറം തിരിഞ്ഞുനിന്നാല്‍ കാര്യങ്ങളെല്ലാം കൈവിട്ടു പോകും.  സമൂഹത്തിന്റെ സുരക്ഷ മാത്രമല്ല അപകടത്തിലാകുന്നത്, എല്ലാ രോഗബാധിതരുടെയും ദുര്‍ബലരുടെയും ജീവന്‍ അപകടത്തിലാകും. അതു സംഭവിക്കാതിരിക്കാന്‍ ഈ രണ്ടു മാസം പുലര്‍ത്തിയ അതേ ജാഗ്രത കേരളം കാണിക്കണം. ഒരു വിട്ടുവീഴ്ചയുമില്ല. ഇത്രയും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു സാഹചര്യത്തിലും കേരളത്തിലെ 13 ലക്ഷത്തോളം വിദ്യാര്‍ഥികളെ പരീക്ഷയ്ക്കായി പുറത്തിറക്കുന്നത് സാഹസമാണോ? 

മുഖ്യമന്ത്രി പറഞ്ഞത് പത്തുവയസില്‍ താഴെയുള്ള കുട്ടികളുടെ കാര്യമാണ്. പക്ഷേ അവര്‍ പുറത്തിറങ്ങരുത് എന്ന് ഓരോ ദിവസവും ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്ന മുഖ്യമന്ത്രി പത്താക്ലാസില്‍ പഠിക്കുന്ന ലക്ഷക്കണക്കിന് കുട്ടികളെ ഈ വെല്ലുവിളി ഘട്ടത്തില്‍ പുറത്തിറക്കാന്‍ തീരുമാനിച്ചതെന്തുകൊണ്ട് എന്നാണ് പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യം. 13 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് SSLC ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കായി എത്തേണ്ടത്. രോഗവ്യാപനം കേരളം ഭയക്കുന്നുണ്ട്. പക്ഷേ പരീക്ഷയെഴുതാന്‍ പോകുന്ന കുട്ടികള്‍ ഭയക്കേണ്ടതുണ്ടോ?

കുട്ടികള്‍ക്ക് ഭയപ്പെടാതെ തന്നെ പരീക്ഷയ്ക്കെത്താം. ആവശ്യമായ എല്ലാ തയാറെടുപ്പുകളും സര്‍ക്കാരും സ്കൂളുകളും പ്രാദേശികഭരണകൂടങ്ങളും ഉറപ്പു വരുത്തുന്നുണ്ട്. മേയ് 26 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടത്തുക. പ്രഖ്യാപിച്ച തീയതികളില്‍ പരീക്ഷയെഴുതാനാകാത്തവര്‍ക്ക് സേ പരീക്ഷയ്ക്കൊപ്പം റെഗുലര്‍ അവസരം തന്നെ വീണ്ടും ലഭിക്കും. കോവിഡ് തീവ്രമേഖലകളിലുള്ളവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പരീക്ഷയെഴുതാന്‍ പ്രത്യേക ക്രമീകരണം ഒരുക്കും. പരീക്ഷകള്‍ ഇപ്പോള്‍ നടത്തുന്നതിനെതിരെ പ്രതിപക്ഷത്തുനിന്നും അധ്യാപകസംഘടനകളില്‍ നിന്നുമെല്ലാം എതിരഭിപ്രായം  ഉയര്‍ന്നിരുന്നു. സര്‍ക്കാരിനു തന്നെ പലവട്ടം തീരുമാനം മാറ്റി നിശ്ചയിക്കുകയും വേണ്ടി വന്നു. പരീക്ഷകളിലൂടെ സംസ്ഥാനത്തെ ജനജീവിതം പതിയെ സാധാരണനിലയിലാവുമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. അതോടൊപ്പം ഇനി രോഗവ്യാപനം കൂടാനുള്ള സാധ്യത മുന്നില്‍ കാണുമ്പോള്‍ ഇതു മാത്രമാണ് പ്രായോഗികമായ സമയമെന്ന വിലയിരുത്തലും സര്‍ക്കാരിനുണ്ട്. 

പരീക്ഷയുടെ കാര്യമെടുക്കുമ്പോള്‍ ഏറ്റവും പ്രധാനം ഈ നിമിഷം വരെയും കേരളത്തില്‍ രോഗവ്യാപനം നിയന്ത്രണവിധേയമാണ് എന്നതു തന്നെയാണ്. കുട്ടികളോ രക്ഷിതാക്കളോ പേടിക്കേണ്ട കാര്യമില്ല. അതേസമയം പ്രതിരോധനടപടികളില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ആരോഗ്യവകുപ്പിന്റെ കര്‍ശനമായ നിര്‍ദേശങ്ങള്‍ പാലിച്ചു തന്നെ പരീക്ഷകള്‍ നടക്കട്ടെ. ഇപ്പോള്‍ ഇത്രയും വലിയ ഒരു പരീക്ഷ നടത്തുന്നതില്‍ ഒരു റിസ്കുണ്ട് എന്നംഗീകരിച്ചു തന്നെ സര്‍ക്കാര്‍ ആ വെല്ലുവിളി ഏറ്റെടുക്കുമ്പോള്‍ തയാറെടുപ്പുകളില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിക്കാം. മാത്രമല്ല, ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ മുന്നില്‍. അതിനിടെ സംസ്ഥാനത്തിന്റെ കോവിഡ് ചിത്രം മാറിമറി‍ഞ്ഞാല്‍ ഇതേ സര്‍ക്കാരിനു തന്നെ ഉചിതമായ തീരുമാനമെടുക്കാനാകുമെന്ന് അനുഭവമുണ്ട് കേരളത്തിന്. പക്ഷേ അടുത്തതായി കേരളത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് നന്നായി മനസില്‍ കണ്ടേ പറ്റൂ. രോഗബാധിതരുട എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകും. ക്വാറന്റീന്‍ അണുവിട തെറ്റാതെ പാലിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് രോഗം പകരും. അങ്ങനെ ഫാമിലി ക്ലസ്റ്ററുകള്‍ ഉണ്ടായേക്കാം. ആ ഫാമിലി ക്ലസ്റ്ററുകള്‍ കമ്യൂണിറ്റി ക്ലസ്റ്റുകള്‍ ആയിത്തീരും. അതോടെ സമൂഹവ്യാപനത്തിന്റെ വലിയ ഭീഷണിയായി അതു മാറും. അതു സംഭവിക്കാതിരിക്കാന്‍ ഏതെല്ലാം സാധ്യതകള്‍ പ്രയോജനപ്പെടുത്താനാകും?

‍ഇപ്പോഴും കോവിഡിന് മരുന്നില്ല. ആദ്യഘട്ട പരീക്ഷണം വിജയമെന്ന് ചൈന അറിയിച്ചെങ്കിലും  പ്രതിരോധവാക്സിനായിട്ടില്ല. ആകെ ചെയ്യാനാകുന്നത് ശാരീരികഅകലം പാലിച്ചു കൊണ്ട് സാമൂഹ്യജീവിതത്തില്‍ കടുത്ത നിയന്ത്രണങ്ങളിലൂടെ വൈറസ് വ്യാപനം ചെറുക്കുക എന്നതുമാത്രമാണ്. ഈ രീതി ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ ലോകമാതൃകകളില്‍ ഒന്നാണ് കേരളം. പക്ഷേ മുന്നിലുള്ള വെല്ലുവിളി ഒട്ടും ചെറുതല്ല. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഒരു ലക്ഷത്തോളം പേരാണ് കേരളത്തിനു പുറത്തു നിന്ന് മടങ്ങിയെത്തിയത്.  അടിയന്തരമായി തന്നെ കുറഞ്ഞത് മൂന്നു ലക്ഷം പേരെങ്കിലും തിരിച്ചെത്തും. പിന്നീട് തുടര്‍ച്ചയായി വന്നും പോയുമിരിക്കുന്ന പഴയ ജീവിതക്രമത്തിലേക്ക് നമ്മള്‍ തിരിച്ചു പോകും. 

രോഗബാധ ഉയരുമ്പോഴും കേരളത്തിനകത്ത് ആളുകള്‍ ഇപ്പോഴും സുരക്ഷിതരാണ്. പക്ഷേ അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകവും തമിഴ്നാടും ജീവന്‍മരണപോരാട്ടത്തിലാണ്. മഹാരാഷ്ട്രയിലും ഗുജറാത്തിലും മധ്യപ്രദേശിലും ഡല്‍ഹിയിലും രോഗവ്യാപനം തടയാനേ കഴിയുന്നില്ല. ഓരോ ദിവസവും ശരാശരി ആറായിരം പേര്‍ക്കാണ് ഇന്ന് നമ്മുടെ രാജ്യത്ത് കോവിഡ് ബാധിക്കുന്നത്. മരണം നാലായിരത്തിനടുത്തായിക്കഴിഞ്ഞു. പക്ഷേ ലോക്ഡൗണ്‍ ഇല്ലായിരുന്നുവെങ്കില്‍ രാജ്യത്ത് മരണം രണ്ട് ലക്ഷം കടന്നേനെയെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം പറയുന്നു. രോഗബാധിതരുടെ എണ്ണവും മുപ്പതു ലക്ഷത്തിലെത്തുമായിരുന്നുവെന്നാണ് കണക്ക്. പക്ഷേ രണ്ടു മാസം രാജ്യ അടച്ചിട്ടതിന് ആനുപാതികമായ പ്രയോജനമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴി‍ഞ്ഞില്ലെന്ന വിമര്‍ശനവും ശക്തമാണ്. കാരണം ലോക്ക്ഡൗണില്‍ ഇളവുകള്‍ പൂര്‍ണമാകുമ്പോള്‍ ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതെന്നത് അന്തമില്ലാത്ത ആശങ്കയായി അവശേഷിക്കുന്നു. ലോകത്താണെങ്കില്‍ കോവിഡ് വ്യാപനം എങ്ങോട്ടാണെന്ന് ഒരു പിടിയുമില്ല. ലോകം ചുറ്റുകയാണ് കോവിഡ്, ആദ്യഘട്ടത്തില്‍ വിട്ടു പോയ രാജ്യങ്ങളിലെല്ലാം സാന്നിധ്യവും നാശവും ഉറപ്പിക്കുന്ന കാഴ്ചയാണ്. ലോകത്താകെ  ഒരു ദിവസം ഒരു ലക്ഷത്തിലേറെ രോഗികള്‍ ഉണ്ടാകുന്ന അവസ്ഥയും ഈ ഈയാഴ്ചയുണ്ടായി. ലാറ്റിനമേരിക്കയാണ് രോഗത്തിന്റെ പുതിയ ഹോട് സ്പോട്ട്. ബ്രസീലില്‍ രോഗബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണം കുത്തനെ ഉയരുന്നു. കോവിഡ് താണ്ഡവമാടിയ രാജ്യങ്ങളില്‍ പുതിയ രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തില്‍ നേരിയ കുറവുണ്ട് എന്നത് മാത്രമാണ് പ്രത്യാശ നല്‍കുന്ന വാര്‍ത്ത. ഈ രാജ്യങ്ങളിലെല്ലാം മലയാളികളുണ്ട്. അവര്‍ക്ക് ജന്‍മനാട്ടിലേക്കെത്തണം. തിരിച്ചും യാത്ര ചെയ്യേണ്ടി വരും. 

എന്നുവച്ചാല്‍ രണ്ടു മാസത്തോളം ഒരു തുരുത്തായിരുന്നതിന്റെ സംരക്ഷണം ഇനി കേരളത്തിനു കിട്ടില്ല. ലക്ഷക്കണക്കിനാളുകള്‍ വന്നും പോയുമിരിക്കുന്ന സാധാരണ ജീവിതചക്രത്തില്‍ കോവിഡ് വ്യാപനം എങ്ങനെ തടയുമെന്നാണ് പ്രായോഗികമായി നമ്മള്‍ പ്രതീക്ഷിക്കേണ്ടത്? ആര്‍ക്കാണ് അത് സാധിക്കുക? ബസുകളും ട്രെയിനുകളും വിമാനങ്ങളും സര്‍വീസ് നടത്തുന്ന ഒരു സാഹചര്യത്തില്‍ രോഗവ്യാപനം പിടിച്ചു നിര്‍ത്തുക മനുഷ്യസാധ്യമാണോ? അവിടെയാണ് കേരളം നടപ്പാക്കി വിജയിച്ച മാതൃകയില്‍ നമുക്ക് പ്രതീക്ഷയര്‍പ്പിക്കാവുന്നത്? വൈറസ് വ്യാപനസാധ്യതയുള്ളവര്‍ കൂടി പൂര്‍ണമായി സഹകരിച്ചാല്‍ ഇനിയും അതേ വിജയം നമുക്ക് സാധ്യമാണ്. 

മേയ് മാസം എട്ടാം തീയതി കോവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നിന്ന ദിവസമാണ്. 503 പേര്‍ക്ക് രോഗം ബാധിച്ച കേരളത്തില്‍ അന്ന് ചികില്‍സയിലുണ്ടായിരുന്നത് വെറും 16 പേര്‍ മാത്രം. രണ്ടു ലക്ഷത്തോളം പേര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സംസ്ഥാനത്ത് അന്ന് നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ എണ്ണം ഇരുപതിനായിരമായി ചുരുങ്ങി. ആഹ്ലാദിക്കാറായില്ലെന്ന് ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും വിദഗ്ധരും ആവര്‍ത്തിച്ചുകൊണ്ടേയിരുന്നെങ്കിലും ആത്മവിശ്വാസത്തിന്റെ കരുത്ത് അന്ന് കേരളത്തിനുണ്ടായിരുന്നു. എങ്ങനെയാണത് സാധിച്ചത്? കേരളത്തിന്റെ പ്രതിരോധമാതൃകയെന്തെന്ന് ലോകം അന്വേഷിച്ചത് ഇതേ ജിജ്‍ഞാസയോടെയാണ് 

അതൊരു മാജിക്കായിരുന്നില്ല. കേരളത്തിലെ ആരോഗ്യവകുപ്പിന്റെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണ് കോവിഡ് ബാധിതരുടെ എണ്ണം 503ല്‍ നിന്ന് 16 എന്ന നിലയിലേക്കെത്തിച്ചത്. തുടക്കത്തില്‍ രാജ്യത്താകെയുള്ള രോഗികളുടെ 20 ശതമാനവും കേരളത്തില്‍ എന്ന അവസ്ഥയുണ്ടായിരുന്നുവെന്നോര്‍ക്കണം. പക്ഷേ നിപ്പ വൈറസിനെ അടക്കം നേരിട്ട പരിചയവും അനുഭവസമ്പത്തും തയാറെടുപ്പും മുന്‍നിര്‍ത്തി കേരളത്തിലെ ആരോഗ്യവകുപ്പ് കര്‍ക്കശമായ പ്രതിരോധപദ്ധതി വളരെ പെട്ടെന്ന് തന്നെ നടപ്പിലാക്കി.  ടെസ്റ്റിങ്ങും ട്രേസിങും കൃത്യമായ അനുപാതത്തില്‍ നടന്നു. ഫലപ്രദമെന്നു വ്യക്തമായതോടെ സമ്പര്‍ക്കപ്പട്ടികയും ഹോം ക്വാറന്റീനും കൂടുതല്‍ കൃത്യതയോടെ ഉറപ്പു വരുത്തിയതാണ് കേരളാമോഡലിന്റെ പ്രത്യേകത. ഒപ്പം സാമൂഹ്യക്ഷേമപദ്ധതികളും കേരളീയരുടെ ഉയര്‍ന്ന അവബോധവും സഹകരണവും പ്രതിരോധത്തെ ലക്ഷ്യത്തിലേക്കെത്തിച്ചു. അതേ മാതൃക ഇപ്പോഴും ഫലപ്രദമാണെന്ന് ആരോഗ്യവകുപ്പിന് ആത്മവിശ്വാസമുണ്ട്. മടങ്ങിയെത്തുന്നവരും പരിചരിക്കുന്നവരും സമൂഹത്തില്‍ ഇടപെടുന്നവരും ശാരീരിക അകലം കൃത്യമായി പാലിച്ചാല്‍ ഇനിയും അതേ പ്രതിരോധം അസാധ്യമല്ല. 

പക്ഷേ അടച്ചിട്ട കാലത്തേക്കാള്‍ പ്രയാസകരമായിരിക്കും പ്രതിരോധപരിപാടികള്‍ എന്നതുറപ്പാണ്. ആദ്യഘട്ടത്തില്‍ അഞ്ഞൂറ് കടന്നപ്പോഴെ രോഗബാധിതരുടെ എണ്ണം പിടിച്ചു നിര്‍ത്താനായെങ്കില്‍ ഇപ്പോള്‍ അതിവേഗം എണ്ണം ആയിരം കടക്കുകയാണ്. ഇനിയും എണ്ണം ഉയരുക തന്നെ ചെയ്യുമെന്നു കരുതിയിരിക്കണം. പക്ഷേ ക്വാറന്റീനാണ് നമ്മുടെ ശക്തി. അതു പാലിക്കാന്‍ ബാധ്യതപ്പെട്ടവര്‍ തീരുമാനിച്ചാല്‍ പ്രിയപ്പെട്ടവരിലേക്കു പോലും രോഗം പടരാതെ സൂക്ഷിക്കാനാകുമെന്ന് മറക്കാതിരിക്കുക. സര്‍ക്കാര്‍ ഇടപെടല്‍ പോലുമില്ലാതെ ക്വാറന്റീന്‍ പാലിക്കുന്ന ഒരു സമൂഹമായി ഉയരാന്‍ നമുക്കു കഴിയേണ്ടതാണ്. അത് കാലത്തിന്റെ അനിവാര്യതയാണ്. അതേസമയം സര്‍ക്കാര്‍ ഇടപെടേണ്ട ചില കാര്യങ്ങളില്‍ തീരുമാനമാകുന്നില്ലെന്നതും എടുത്തു പറയേണ്ടതുണ്ട്. കണ്ണൂരില്‍ മരിച്ച മാഹിക്കാരന്റെ കാര്യത്തിലും മദ്യവില്‍പനയ്ക്കുള്ള ആപ്ലിക്കേഷനിലും സ്പിന്‍ക്ളര്‍ കരാര്‍ തിരുത്തലിലുമെല്ലാം വ്യക്തത ആവശ്യമുണ്ട്. 

കോവിഡ് സ്ഥിരീകരിച്ച് പരിയാരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച മാഹി സ്വദേശി മെഹ്റൂഫിനെ കേരളത്തില്‍ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിലാണ് രണ്ടു മാസത്തോളമായിട്ടും ആശയക്കുഴപ്പം നില്‍ക്കുന്നത്. കേരളത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് ആരോഗ്യവകുപ്പും മുഖ്യമന്ത്രിയും ആവര്‍ത്തിക്കുന്നു. 

പുതുച്ചേരിയുടെ കണക്കില്‍ മെഹ്റൂഫിന്റെ പേരുകൂടി ഉള്‍പ്പെടുത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. മെഹ്റൂഫിന്റെ കുടുംബാംഗങ്ങളും ഇതേ ആവശ്യമാണ് ഉന്നയിക്കുന്നത്.എന്നാല്‍ മരണം സംഭവിച്ചത് കണ്ണൂരിലായതുകൊണ്ട് മെഹറൂഫിന്റെ പേര് കേരളത്തിലെ കോവിഡ് മരണങ്ങളുടെ പട്ടികയിലാണ് ചേര്‍ക്കേണ്ടതെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് പുതുച്ചേരി സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ മെഹ്റൂഫിന്റെ പേര് കേരളത്തിന്റെ കണക്കില്‍ ചേര്‍ത്തു കഴിഞ്ഞു. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നീക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ അനിവാര്യമാണ്. മരണം സംഭവിച്ച് രണ്ടു മാസമാകുമ്പോഴും ഏതു പട്ടികയിലാണെന്നറിയാതെ കാത്തിരിക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. കേരളസര്‍ക്കാര്‍ അക്കാര്യത്തില്‍ മുന്‍കൈയെടുക്കണം. 

പക്ഷേ നടപ്പാകാത്തതെന്താണെന്നു മാത്രം മന്ത്രിക്കും മുഖ്യമന്ത്രിക്കും പറയാനാകുന്നില്ല. മദ്യം ലഭിക്കുന്നതിനായി കാത്തിരിക്കുന്നവരുടെ അക്ഷമയുടെ മാത്രം പ്രശ്നമല്ല, നടപടിക്രമങ്ങളിലെ സുതാര്യതയിലാണ് ചോദ്യങ്ങള്‍ ഉയരുന്നത്. സര്‍ക്കാര്‍ തിരഞ്ഞെടുത്ത കമ്പനിയുടെ പരിചയം, പ്രവര്‍ത്തനക്ഷമത ഇതെല്ലാം ചോദ്യങ്ങളായിട്ടും സര്‍ക്കാര്‍ പതിവില്ലാത്ത ക്ഷമ  കാണിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. 

പരത്തിപ്പരത്തി വിശദീകരിച്ചാല്‍ വസ്തുത വസ്തുതയല്ലാതാകുമോ? സ്പ്രിന്‍ക്ളറില്‍ സര്‍ക്കാര്‍ തിരുത്തിയിട്ടില്ലെന്നു വരുത്തിത്തീര്‍ക്കുന്നതെന്തിനാണ്? തിരുത്തിയെന്നതു സത്യമാണ്. അത് പ്രതിപക്ഷത്തിന്റെ ഇടപെടല്‍ കൊണ്ടാണ് എന്നതും വസ്തുതതയാണ്. ഡേറ്റ വിശകലനം സുതാര്യമായി സുരക്ഷിതമായി കൈകാര്യം ചെയ്യണം എന്ന പൊതു ആവശ്യം സാധ്യമായതെങ്ങനെ എന്നു മറക്കാന്‍ നേരമായിട്ടില്ല കേരളത്തിന്. സ്പ്രിന്‍ക്ളര്‍ ഇടപാട് അടിമുടി മാറിക്കഴിഞ്ഞു. പൊതുതാല്‍പര്യം സംരക്ഷിച്ചു കൊണ്ടു തന്നെ കോവിഡ് ഡേറ്റ വിശകലനം സാധ്യമാണ് എന്ന് സര്ക്കാരിനും സമ്മതിക്കേണ്ടി വന്നു. 

മാര്‍ച്ച് 24ന് തുടക്കം കുറിച്ച സ്പ്രിന്‍ക്ളര്‍ ഇടപാട് അന്ന് നില്‍ക്കുന്നിടത്തേയല്ല ഇന്നു നില്‍ക്കുന്നത്. അന്ന് 

 കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ വഴി സര്‍ക്കാര്‍ ശേഖരിക്കുന്ന ആരോഗ്യവിവരങ്ങള്‍ നേരിട്ട് സ്പ്രിന്‍ക്ളര്‍ സര്‍വറില്‍ എത്തിച്ച് സ്വകാര്യകമ്പനി വിശകലനം ചെയ്ത് കൈമാറുകയാണ് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ ഈ ഡേറ്റഫ്ളോയുടെ ഒഴുക്ക് പൂര്‍ണമായും സര്‍ക്കാര്‍ സംവിധാനങ്ങളിലാണ്. അതും വിവരങ്ങള്‍ നല്‍കുന്നവരുടെ അനുമതി വാങ്ങിയ ശേഷം മാത്രം. വിശകലനത്തിന് സ്പ്രിന്‍ക്ളറിന്റെ ആപ്ലിക്കേഷന്‍ ഉപയോഗിക്കും . പക്ഷേ കമ്പനിക്ക് ഡേറ്റ ഉപയോഗിക്കാനോ, ഡേറ്റബേസിലേക്ക് പ്രവേശനമോ ഉണ്ടായിരിക്കില്ല. അതീവസ്വകാര്യമായ ആരോഗ്യവിവരങ്ങള്‍ സ്വകാര്യകമ്പനിക്ക് വിവരദാതാക്കളുടെ അറിവില്ലാതെ കൈമാറി എന്നതായിരുന്നു വിവാദത്തിന്റെ അടിസ്ഥാനമെങ്കില്‍ ഇന്നാ സാഹചര്യം തിരുത്തപ്പെട്ടിരിക്കുന്നു. പ്രതിപക്ഷത്തിന്റെ ഇടപെടലോടെ കോടതി മുഖാന്തരം സംഭവിച്ച മാറ്റമാണത്. ഏപ്രില്‍ 14– ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു, ഐ.ടി.വകുപ്പിന്റെ വാര്‍ത്താക്കുറിപ്പിലുണ്ടായിരുന്നു, ആദ്യസത്യവാങ്മൂലത്തില്‍ അങ്ങോട്ട് സമ്മതിച്ചതാണ്  എന്ന ന്യായീകരണവാദങ്ങളെല്ലാം പരിഹാസ്യമാണ്. ഒന്നും സര്‍ക്കാര്‍ സ്വമേധയാ ചെയ്തതല്ല. അന്നത്തെ സ്പ്രിന്‍ക്ളര്‍ ഇടപാടും ഇന്നത്തെ ഇടപാടും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം

ഒടുവില്‍ ഏത് അസാധാരണ സാഹചര്യത്തിലും  സുതാര്യത സാധ്യമാണ്  എന്നു സര്‍ക്കാര്‍ സമ്മതിക്കുന്നു. വ്യക്തികളുടെ ആരോഗ്യവിവരങ്ങള്‍ സെന്‍സിറ്റിവ് ഡേറ്റ ആണെന്നു സര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നു. അത് സ്വകാര്യകമ്പനിക്ക് വീണ്ടു വിചാരമില്ലാതെ കൈകാര്യം ചെയ്യാന്‍ അവസരം നല്‍കിയത് ശരിയായില്ലെന്നു ബോധ്യപ്പെട്ട്  തിരുത്തുന്നു. ഡേറ്റാ സുരക്ഷയൊക്കെ ഒരു പ്രശ്നമാണോ എന്നു വരെ സി.പി.എമ്മിനെക്കൊണ്ടു ചോദിപ്പിച്ചു കളഞ്ഞ ഒരു വലിയ പ്രതിസന്ധിക്കു കൂടിയാണ് അവസാനമാകുന്നത്. 

സ്വാഗതാര്‍ഹമാണ്. സര്‍ക്കാര്‍ തിരുത്തുകയാണ് ചെയ്തത്. ഭരണപക്ഷാനുകൂലികളെപ്പോലെ ന്യായീകരിച്ചു ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിച്ചില്ല. തിരുത്ത് വ്യക്തമാണ്. ഡേറ്റ വിശകലനത്തില്‍ നിന്ന് മൂന്നാം കക്ഷിയെ പൂര്‍ണമായും ഒഴിവാക്കി.  ഡേറ്റാ വിശകലനം സര്‍ക്കാര്‍ നിയന്ത്രണത്തിലും സുരക്ഷയിലുമാക്കി. ജനാധിപത്യരാഷ്ട്രീയത്തിന്റെ വിജയമാണ് സ്പ്രിന്‍ക്ളര്‍ ഡേറ്റ ഇടപാടില്‍ സംഭവിച്ചത്. അത് അങ്ങനെ തന്നെ പറയേണ്ടതുണ്ട്. സര്‍ക്കാര്‍ സ്വതന്ത്രമായി സ്വമേധയാ  വരുത്തിയ മാറ്റങ്ങളല്ല. ഇതിനി എങ്ങനെ എങ്ങനയെല്ലാം പറഞ്ഞു ന്യായീകരിച്ചാലും വസ്തുത വസ്തുതയായി നില്‍ക്കും. കോവിഡ‍് പ്രതിരോധത്തില്‍ കാണിക്കുന്ന സൂക്ഷ്മതയും ജാഗ്രതയും ഡേറ്റ സുരക്ഷയിലും സാധ്യമാണ് എന്ന പാഠം കൂടിയാണ് സ്പ്രിന്‍ക്ളറിലെ തിരുത്തല്‍.