കേരളത്തിന്‍റെ കോവിഡ് പോരാട്ടത്തില്‍ കള്ളക്കളികളോ..? ഉത്തരങ്ങള്‍ക്ക് ജീവന്റെ വില

parayyathe-vayya-02-05-2020
SHARE

ചില ശുഭസൂചനകളുണ്ട്. വിശ്വസിക്കാവുന്നത്. പക്ഷേ സൂചനകളിലെ ആത്മവിശ്വാസത്തില്‍ പുറത്തിറങ്ങാവുന്ന സ്ഥിതിയേ ആയിട്ടില്ല. ഇതേ ജാഗ്രത ഇനിയും ഏറെ നാള്‍ തുടരണം. പക്ഷേ മറികടക്കാനാകും എന്ന പ്രത്യാശയായി ലോകമെമ്പാടും നിന്നുള്ള സൂചനകള്‍ കരുത്തു പകരട്ടെ. 

ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി തുടരുമെങ്കിലും കാര്യമായ ഇളവുകളുമായി കേരളം പതിയേ സജീവജീവിതത്തിലേക്കു തിരിച്ചു വരികയാണ്. പ്രവാസികള്‍ ജന്‍മനാടിന്റെ ആശ്വാസത്തിലേക്കു മടങ്ങിയെത്തും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍ തിരിച്ചു വന്നു തുടങ്ങും. എല്ലാ മലയാളികളും ഒന്നിച്ച് വെല്ലുവിളിയുടെ അടുത്ത ഘട്ടം നേരിടാന്‍ ഒരുങ്ങുകയാണ്. കരുതലില്‍ ഒരല്‍പം പോലും പിന്നോട്ടു നടക്കരുത് എന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കട്ടെ.

കോവിഡ് പ്രതിരോധത്തില്‍ മുന്‍നിരയില്‍ നിന്നുകൊണ്ടാണ് കേരളം അടുത്ത ഘട്ടത്തിലേക്കു കടക്കുന്നത്. പക്ഷേ കൂടെയുള്ളത് ഒരു പിടി ആരോപണങ്ങളും വിവാദങ്ങളും കൂടിയാണ്. അടിസ്ഥാനമില്ലാത്ത സംശയങ്ങള്‍ അടുത്ത ഘട്ടത്തില്‍ വിനയാകുമോ? കേരളം രോഗബാധിതരുടെ എണ്ണത്തിലോ പരിശോധനാഫലങ്ങളിലോ അട്ടിമറി നടത്തുന്നുണ്ടോ? മുഖ്യമന്ത്രിക്ക് സസ്പെന്‍സോടെ പ്രഖ്യാപിക്കാന്‍ ചികില്‍സാനടപടികളില്‍ കാലതാമസം വരുത്തുന്നുണ്ടോ? കോവിഡില്ലാത്തവര്‍ക്ക് രോഗമുണ്ടെന്നും ഉള്ളവര്‍ക്ക് ഇല്ലെന്നും വരുത്തിത്തീര്‍ക്കുന്നുണ്ടോ? സംസ്ഥാനസര്‍ക്കാരിന്റെ നടപടികളില്‍ ദുരൂഹതയുണ്ടോ? ഈ ചോദ്യങ്ങള്‍ മനസിലുണ്ടെങ്കില്‍ ദയവായി ശ്രദ്ധയോടെ കേള്‍ക്കണം. കാരണം ഈ ഉത്തരങ്ങള്‍ക്ക് ഇപ്പോള്‍ നമ്മുടെ ജീവന്റെ വിലയുണ്ട്. 

അറിയിക്കുന്നത്  മുഖ്യമന്ത്രിയാണോ, ആരോഗ്യമന്ത്രിയാണോ, വാര്‍ത്താക്കുറിപ്പാണോ എന്നതൊന്നും നോക്കിയല്ല, വിദഗ്ധര്‍ ഒരാളുടെ പരിശോധനാഫലം സ്ഥിരീകരിക്കുന്നത്. കേരളത്തില്‍ എങ്ങനെയാണ് ഒരാള്‍ക്ക് കോവിഡ് ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കുന്നത്. കേരളത്തില്‍ ഒരാള്‍ക്ക് കോവിഡ് ബാധയുണ്ടോയെന്ന് സംശയം തോന്നിയാല്‍ എന്താണ് ചെയ്യുന്നത്? ആ വ്യക്തിയുടെ തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം സൂക്ഷ്മമായി ശേഖരിച്ച് കോവിഡ് പരിശോധനാലാബുകളില്‍ പരിശോധിക്കും. സ്രവം ശേഖരിച്ചു ലാബിലെത്തിച്ച് നടപടിക്രമങ്ങള്‍ തുടങ്ങിയാല്‍ മൂന്നു മണിക്കൂര്‍ വരെയെടുത്താണ് ഒരു സാംപിള്‍ പരിശോധിച്ച് അന്തിമഫലത്തിലെത്തുന്നത്. രണ്ടു ഭാഗങ്ങളുള്ള പ്രോട്ടീന്‍ പരിശോധനയില്‍  രണ്ടും പോസിറ്റീവാകുമ്പോഴാണ് ഒരാള്‍ക്ക് കോവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിക്കുന്നത്.  ആദ്യഫലം  പോസിറ്റീവ് ആയാലും സംശയം തോന്നിയാല്‍ വീണ്ടും പരിശോധിക്കും. റിസല്‍റ്റ് തയാറായാല്‍ അത് സംസ്ഥാനത്തെ കോവിഡ് കണ്‍ട്രോള്‍ സെന്ററിലേക്ക് അയയ്ക്കും. 

ഹെല്‍ത്ത് സെക്രട്ടരിയുടെ നേതൃത്വത്തിലാണ്  ഓരോ ദിവസത്തെയും ഫലങ്ങള്‍ വിലയിരുത്തുന്നത്. രോഗബാധയുണ്ടാകാവുന്ന പശ്ചാത്തലമോ സമ്പര്‍ക്കമോ ഇല്ലെങ്കില്‍, ഒരു സാധ്യതയുമില്ലെന്ന സംശയം തോന്നിയാല്‍  രോഗബാധയെന്നു പ്രഖ്യാപിക്കും മുന്‍പ് രണ്ടാമതൊരു പരിശോധന കൂടി നടത്തും. ICMR നിര്‍ദേശപ്രകാരം ഈ പരിശോധന നടത്തേണ്ടത് അപെക്സ് സെന്ററിലാണ്. അതായത്  കേരളത്തില്‍ മെഡിക്കല്‍ കോളജുകളിലോ പ്രാദേശികകേന്ദ്രങ്ങളിലോ നടത്തിയ പരിശോധനയില്‍ പോസിറ്റീവായാലും രോഗബാധ സ്ഥിരീകരിക്കുന്നത് ആലപ്പുഴ വൈറോളജി കേന്ദ്രത്തിലാണ്. പരിശോധനാഫലത്തില്‍ നേരിയ അവ്യക്തതയുണ്ടെങ്കില്‍ പോലും ആവര്‍ത്തിച്ച് പരിശോധിച്ചുറപ്പാക്കും. ആലപ്പുഴ NIVയില്‍ സംശയം തോന്നിയാല്‍ പുണെ NIVയില്‍ വരെ പരിശോധിക്കുന്നതാണ്  RT PCR ടെസ്റ്റിന്റെ പൊതു രീതി.  സാംപിള്‍ ശേഖരിക്കുന്നതിലും വിലയിരുത്തുന്നതിലുമുള്ള അനുഭവപരിചയം, വൈദഗ്ധ്യം തുടങ്ങി ഉപയോഗിക്കുന്ന കിറ്റുകളുടെ ഗുണനിലവാരം. 

കിറ്റുകള്‍ നിര്‍മിക്കുന്ന കമ്പനികളിലെ വ്യത്യാസം, ടെസ്റ്റിന് ഉപയോഗിക്കുന്ന പി.സി.ആര്‍ മെഷിനുകളിലെ വ്യത്യാസം, ഇതെല്ലാം അനുസരിച്ചാണ് അന്തിമഫലത്തിലെ കൃത്യത തീരുമാനിക്കപ്പെടുന്നത്. അതായത് പല ഘടകങ്ങളാല്‍ പി.സി.ആര്‍ ടെസ്റ്റിലും ഫലം തെറ്റാം. അവ്യക്തമാകാം. ഫാള്‍സ് പോസിറ്റീവ് പോലെ തന്നെ ഫാള്‍സ് നെഗറ്റീവും വരാം. രോഗമില്ലാത്ത ഒരാള്‍ക്ക് രോഗമുണ്ടെന്ന് ഫലം വരാനുള്ള സാധ്യത പോലെ തന്നെ തിരിച്ചുമുണ്ട്. രോഗലക്ഷണങ്ങളിലെ തീവ്രത, സമ്പര്‍ക്ക പശ്ചാത്തലം എന്നിവ കൂടി വിലയിരുത്തി വീണ്ടും പരിശോധന നടത്തിയാണ് അന്തിമതീരുമാനമെടുക്കുന്നത്. ഇത് രോഗബാധ സ്ഥിരീകരിക്കുമ്പോള്‍ മാത്രമല്ല, രോഗമുക്തി ഉറപ്പിക്കുമ്പോഴും ആവര്‍ത്തിച്ച് പരിശോധിക്കും.  48 മണിക്കൂര്‍ ഇടവേളയില്‍ തുടര്‍ച്ചയായി രണ്ടിലേറെ സാംപിളുകള്‍ നെഗറ്റീവായാലേ രോഗമുക്തി നേടിയതായി സ്ഥിരീകരിക്കൂ. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന്  അതിനു േശഷമേ  ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജും ചെയ്യൂ. 

അപ്പോള്‍ ന്യായമായും സംശയിക്കാം. തൊടുപുഴയില്‍ മന്ത്രിയും കലക്ടറും പോസിറ്റീവാണെന്നു പ്രഖ്യാപിച്ച കേസുകള്‍ പിന്നെങ്ങനെ നെഗറ്റീവായി? നെയ്യാറ്റിന്‍കരക്കാരന്റെ രണ്ടു ടെസ്റ്റുകളില്‍ ഒന്നു പോസിറ്റീവും ഒന്നു നെഗറ്റീവുമായതെങ്ങനെയാണ്? മുഖ്യമന്ത്രി പറയുന്നതിനു മുന്‍പേ  ലോകം അറിഞ്ഞുപോയതുകൊണ്ട് വിവരം പിടിച്ചു വച്ച്, പിന്നെ അട്ടിമറിച്ചതാണോ? കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ മികവ് അറിയാവുന്ന ഒരാള്‍ക്കും അത്തരമൊരു ആരോപണം  ഉന്നയിക്കാനാകില്ല. പക്ഷേ ഭരണപരമായ കാര്യങ്ങള്‍ വിശദീകരിക്കുന്ന മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താസമ്മേളനം മാത്രം പോരെന്നും ആരോഗ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കേണ്ടതുണ്ടെന്നും അശാസ്ത്രീയ ആരോപണങ്ങളുടെ  വ്യാപനം വ്യക്തമാക്കുന്നുണ്ട്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഏതു സംശയത്തിനും  വ്യക്തമായ മറുപടി നല്‍കിക്കൊണ്ടിരുന്ന ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രിയുെട വാര്‍ത്താസമ്മേളനത്തില്‍ നിശബ്ദ സാന്നിധ്യമാക്കുന്നതെന്തിനാണ്?  

തൊടുപുഴയില്‍ സംഭവിച്ചത് ഇതാണ്. ഇടുക്കി ജില്ലയില്‍ രണ്ടാംഘട്ട രോഗവ്യാപനമുണ്ടായതോടെ കര്‍ശന നിയന്ത്രണങ്ങളും കൂടുതല്‍ പരിശോധനകളും നടത്തി. ആരോഗ്യപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരുമടങ്ങുന്ന വലിയൊരു ഗ്രൂപ്പിനെ റാന്‍ഡം പി.സി.ആര്‍. െടസ്റ്റിനു വിധേയരാക്കി. കൂട്ടപ്പരിശോധനയില്‍ പോസിറ്റീവായി കണ്ടെത്തിയ നഗരസഭാംഗത്തെയും നഴ്സിനെയും ഉടനേ ആശുപത്രി ഐസലേഷനിലേക്കു മാറ്റി. സമ്പര്‍ക്കമുള്ളവരെ കണ്ടെത്തി, ക്വാറന്റീന്‍ പാലിക്കാന്‍ ആവശ്യപ്പെട്ടു.    എന്നാല്‍ കൂടുതല്‍ വ്യക്തത ആവശ്യമുള്ളതിനാല്‍ ആലപ്പുഴ എന്‍.ഐ.വിയിലേക്കും സാംപിള്‍ അയച്ച് അന്തിമഫലത്തിനായി കാത്തിരുന്നു.  പക്ഷേ റിസ്കെടുക്കാതെ മൂന്നുപേരെയും വിവരമറിയിച്ച് ആശുപത്രിയിലേക്കു മാറ്റി.   ഇതിനിടെ പിറ്റേന്നു രാവിലെ ഇടുക്കി ജില്ലാകലക്ടര്‍ ജില്ലയിലെ പൊതുസ്ഥിതി വിലയിരുത്തുന്നതിനിടെ മൂന്നുപേര്‍ പോസിറ്റീവാണെന്ന് യാദൃശ്ചികമായി  മാധ്യമങ്ങളോടു  പറ‍‍ഞ്ഞു. ഒപ്പമുണ്ടായിരുന്ന മന്ത്രി എം.എം.മണിയും അത് ശരിവച്ചു.  

എന്നാല്‍ വൈകിട്ട് പതിവു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞ പുതിയ രോഗബാധിതരുടെ പട്ടികയില്‍ ഇവരുണ്ടായില്ല. ഇതോടെ പല തരം ആശയക്കുഴപ്പങ്ങളും ദുരൂഹതാവാദങ്ങളും ശക്തമായി.  വിശദപരിശോധനയ്ക്കായി അയച്ചുവെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടും വാദങ്ങള്‍ അവസാനിച്ചില്ല. 

എന്നാല്‍  സര്‍ക്കാര്‍ രോഗബാധിതരുടെ എണ്ണം കുറച്ചുകാണിക്കാന്‍ ശ്രമിക്കുന്നുവെന്നും ആദ്യമേ വിവരം പുറത്തായതില്‍ മുഖ്യമന്ത്രിയുടെ ഈഗോയാണെന്നും ആരോപണങ്ങള്‍ നിരന്നു.  

ആരോപണങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ മൂന്നാം ദിവസം ആലപ്പുഴ എന്‍.ഐ.വിയിലെ പരിശോധനാഫലം നെഗറ്റീവായി ആരോഗ്യപ്രവര്‍ത്തകയും പൊതുപ്രവര്‍ത്തകയും ആശുപത്രി വിട്ടു.  

നെയ്യാറ്റിന്‍കരയില്‍ സംഭവിച്ചതും തീര്‍ത്തും സ്വാഭാവികമാണെന്ന് ശാസ്ത്രീയവിശദീകരണം വ്യക്തമാക്കിക്കഴിഞ്ഞു. രണ്ടിടത്തെയും പരിശോധനാഫലത്തില്‍ വൈരുധ്യം വന്നതോടെ വീണ്ടും പരിശോധിച്ച് നെഗറ്റീവാണെന്ന് ഉറപ്പു വരുത്തി. അദ്ദേഹത്തിന് തമിഴ്നാട്ടില്‍ സമ്പര്‍ക്കമുണ്ടായിരുന്നവരെ അവിടെ പരിശോധിച്ചതും നെഗറ്റീവാണെന്നുറപ്പിച്ചതോടെയാണ് സാധ്യതകള്‍ തള്ളിക്കളഞ്ഞത്.  

കൊല്ലത്ത് പ്രതിപക്ഷം ആരോപണമുയര്‍ത്തിയ കേസിലും സംഭവിച്ചത് ഇതു തന്നെയാണ്. ആദ്യടെസ്റ്റില്‍ പോസിറ്റീവാണെന്നു കണ്ടതോടെ ചികില്‍സാ നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ പശ്ചാത്തലത്തില്‍ സമ്പര്‍ക്കമില്ലാത്തതിനാല്‍ സംശയം തോന്നി വീണ്ടും പരിശോധിച്ചപ്പോള്‍ അതും രോഗബാധയില്ലെന്നു തെളിഞ്ഞു. പോസിറ്റീവാണെന്നുറപ്പിക്കും വരെ കാത്തുനില്‍ക്കാതെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നത് കുറ്റപ്പെടുത്തേണ്ട കാര്യമല്ല. അതു മാത്രമല്ല,  36 മണിക്കൂറിന്റെ ഇടവേളയില്‍ ഒരു ടെസ്റ്റ് റിസല്‍റ്റ് നെഗറ്റീവാകാം.  ചികില്‍സയിലിരിക്കെ ഒരിക്കല്‍ നെഗറ്റീവായി തൊട്ടടുത്ത ടെസ്റ്റില്‍ വീണ്ടും പോസിറ്റീവായതുമായ കേസുകള്‍ കേരളത്തിലുണ്ട്. ക്വാറന്റീന്‍ കാലാവധിയായ 28 ദിവസങ്ങള്‍ കഴിഞ്ഞ് ടെസ്റ്റ് പോസിറ്റീവാകുന്നതിലും അപായകരമായി ഒന്നുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ആവര്‍ത്തിച്ചു ചൂണ്ടിക്കാണിക്കുന്നു. വൈറസ് സജീവമല്ലെങ്കില്‍ പോലും ശരീരത്തില്‍ അവശേഷിക്കുന്ന ആര്‍.എന്‍.എ , പി.സി.ആര്‍ ടെസ്റ്റില്‍ പോസിറ്റീവാകും. എന്നാല്‍ സജീവമല്ലാത്ത വൈറസിന്റെ ആര്‍.എന്‍.എ രോഗം പരത്തില്ലെന്ന് നിരവധി രാജ്യാന്തരപഠനങ്ങളില്‍ സ്ഥിരീകരിച്ചു കഴി‍ഞ്ഞതാണ്. ഇനിയും കേരളത്തിലെ കേസുകള്‍ പ്രത്യേകമായും പരിശോധന നടത്താം. പക്ഷേ വൈറല്‍ കള്‍ച്ചര്‍ പുണെ വൈറല്‍ ഇന്‍സ്റ്റ്യൂട്ട് പോലെയുള്ള ഇടങ്ങളില്‍ മാത്രം ചെയ്യാന്‍ കഴിയുന്ന അപായസാധ്യതയുള്ള ടെസ്റ്റാണ്. ചെലവും കൂടുതലാണ്. സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇതുവരെയുള്ള നിഗമനങ്ങള്‍ തന്നയായിരുന്നു ശരിയെന്ന് വ്യക്തവുമാണ്.  

പക്ഷേ ഇതെല്ലാം അപ്പപ്പോള്‍ ഔദ്യോഗികവിശദീകരണം നല്‍കി മുനയൊടിച്ചു കളയാവുന്ന ആരോപണങ്ങളായിരുന്നുവെന്നത് സര്‍ക്കാരും തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങളെ ആശയക്കുഴപ്പത്തിലേക്ക് തള്ളിവിടാന്‍ അനുവദിക്കരുത്. ആരോഗ്യവകുപ്പില്‍ നിന്നും കൃത്യമായ ഇടവേളകളില്‍ നടന്നിരുന്ന വാര്‍ത്താസമ്മേളനങ്ങള്‍ ഇത്തരത്തിലുള്ള എല്ലാ പ്രചാരണങ്ങളുടെയും മുനയൊടിച്ചിരുന്നുവെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ഇത്രയും കഠിനാധ്വാനം നടത്തി രോഗവ്യാപനം നിയന്ത്രിച്ച ആരോഗ്യവകുപ്പിനെ വെറും സംശയങ്ങളുടെ പേരില്‍ സമ്മര്‍ദത്തിലാക്കുന്നത് കേരളത്തെ തന്നെയാണ് അപായത്തിലാക്കുന്നതെന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. സ്വാഭാവികമായും സംശയങ്ങളുണ്ടാകാം. വീഴ്ചകളുമുണ്ടാകാം. 

ചൂണ്ടിക്കാണിക്കുകയും തിരുത്താനാവശ്യപ്പെടുകയും ചെയ്യാം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പ്രവാസികളെ സ്വീകരിക്കുക എന്ന വലിയ വെല്ലുവിളി ഏറ്റെടുക്കാന്‍ പോകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാനസികമായ പിന്തുണ നല്‍കാനെങ്കിലും കഴിഞ്ഞില്ലെങ്കില്‍ നമ്മളെന്തു മനുഷ്യരാണ്?

മുഖ്യമന്ത്രി വിശദീകരിക്കുന്നത് ഭരണപരമായ കാര്യങ്ങളാണ്. ഏതു സംശയവും ചോദിക്കാനും അവസരമുണ്ട്. സ്പ്രിന്‍ക്ളര്‍ പോലുള്ള രാഷ്ട്രീയവിവാദങ്ങളില്‍ ക്ഷുഭിതനായെങ്കിലും മറുപടികള്‍ക്കും ഉപചോദ്യങ്ങള്‍ക്കും അവസരമുണ്ട്. പക്ഷേ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ സൂക്ഷ്മമായ വിശദീകരണങ്ങള്‍ ആവശ്യമുണ്ട്. പതിവു വാര്‍ത്താസമ്മേളനത്തില്‍ അല്ലെങ്കില്‍ പോലും ആരോഗ്യമന്ത്രിയോ ആരോഗ്യസെക്രട്ടറിയോ കാര്യങ്ങള്‍ വിശദീകരിക്കണം. ഇതൊക്കെ പറയുമ്പോഴും നമ്മുടെ അയല്‍സംസ്ഥാനങ്ങളിലടക്കം എന്താണ് സ്ഥിതിയെന്നു കൂടി അറിയണം. കേരളത്തില്‍ നടക്കുന്നതുപോലെ ആധികാരികമായ പതിവ് വാര്‍ത്താസമ്മേളനം എവിടെയുമില്ല. വല്ലപ്പോഴും ആരോഗ്യമന്ത്രിയോ മന്ത്രിമാരോ വാര്‍ത്താസമ്മേളനം നടത്തും. ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരമില്ല. ആകെ ഇക്കാര്യങ്ങളില്‍ മികച്ച രീതിയില്‍ പോകുന്നത് കര്‍ണാടകയില്‍ മാത്രം. അവിടെ ഏതെങ്കിലുമൊരു മന്ത്രി കാര്യങ്ങള്‍ വിശദീകരിക്കാനെത്തും. ചോദ്യങ്ങളുണ്ടെങ്കില്‍ മെസേജ് വഴി അറിയിക്കാം. 

രോഗബാധിതരുടെ എണ്ണം രാവിലെ 12 മണിക്കും വൈകിട്ട് 5.30നുമുള്ള വാര്‍ത്താക്കുറിപ്പിലൂടെയും അറിയാം. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍  വൈകിട്ട് ആറു മണിക്കു ശേഷം ഒരൊറ്റ വാര്‍ത്താക്കുറിപ്പ് മാത്രം. 

ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം അറിയുന്നത് രാത്രി എട്ടു മണിയോടെയെത്തുന്ന വാര്‍ത്താക്കുറിപ്പിലാണ്.  

വന്‍തോതില്‍ രോഗബാധയുള്ള തമിഴ്നാട്ടില്‍ തുടക്കത്തില്‍ ആരോഗ്യസെക്രട്ടറിയോ മന്ത്രിയോ മാധ്യമങ്ങളെ കാണുമായിരുന്നെങ്കിലും രോഗബാധ തീവ്രമായതോടെ അതു നിര്‍ത്തി. സാഹചര്യം ഇത്ര വഷളായിട്ടും വിശദീകരിക്കാനോ ചോദ്യങ്ങള്‍ക്കു മറുപടി പറയാനോ ആളില്ലെന്നു ശക്തമായ വിമര്‍ശനമുയര്‍ന്നതോടെ ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വീണ്ടും മാധ്യമങ്ങളെ അഭിമുഖീകരിച്ചു. പക്ഷേ ചോദ്യങ്ങള്‍ ചോദിക്കാന്‍ പോലും 

അവസരമുണ്ടായിരുന്നില്ല. വാര്‍ത്താക്കുറിപ്പുകളാകട്ടെ, അവ്യക്തവും അപൂര്‍ണവുമാണ്.  മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി എല്ലാ ഞായറാഴ്ചയും ജനങ്ങളെ അഭിസംബോധന ചെയ്യും,. ചോദ്യവുമില്ല. ഉത്തരവുമില്ല. അവിടെ എന്നും കൃത്യമായി ഉത്തരവാദിത്തത്തോടെ ഔദ്യോഗികവിവരങ്ങള്‍ പ്രഖ്യാപിക്കുന്ന കേരളത്തിന്റെ രീതിയെ വിമര്‍ശിക്കാന്‍ പോലും കാരണങ്ങള്‍ എവിടെ? ICMR പ്രോട്ടോക്കോള്‍ പ്രകാരം രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ആദ്യം വിവരം അറിയിക്കേണ്ടത് ആരോഗ്യവകുപ്പിലെ സംസ്ഥാന കൊറോണ സെല്ലിനെയാണ്. ആരോഗ്യസെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവരങ്ങള്‍ വിലയിരുത്തിയ ശേഷം ജില്ലാ കോറോണ സെല്‍ ജില്ലാ സര്‍വെലന്‍സ് ഓഫിസറെ അറിയിക്കണം. അവിടുന്ന് ചികില്‍സ നടത്തേണ്ട കേന്ദ്രത്തിലെ മെഡിക്കല്‍  ഓഫിസറെ അറിയിക്കണം. തുടര്‍ന്ന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഉറപ്പാക്കിയ ശേഷം രോഗിയെ ആശുപത്രിയിലേക്കു മാറ്റുകയാണ് ചെയ്യുന്നത്.  

ഇപ്പോള്‍ നാലു ലക്ഷത്തിലേറെ പ്രവാസികള്‍ ഇതിനോടകം കേരളത്തിലേക്കു തിരിച്ചു വരാന്‍ പേരുവിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.  എന്നു വച്ചാല്‍ രണ്ടു മാസമായി, പ്രവാസികളും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുമായി ഒന്നേമുക്കാല്‍ ലക്ഷം പേരെയാണ് ആരോഗ്യവകുപ്പിന് നിരീക്ഷിക്കേണ്ടി വന്നിരുന്നതെങ്കില്‍ അതിന്റെ പല മടങ്ങ് ലക്ഷം പേരെ ഇനി നിരീക്ഷിക്കേണ്ടി വരും. അത്യധ്വാനമാണത്. അതു മാത്രമല്ല, രോഗബാധയെ ചെറുത്ത പ്രദേശങ്ങളില്‍ വീണ്ടും വൈറസ് ബാധ തിരിച്ചെത്തിയേക്കാം. ഉറവിടമറിയാത്ത കേസുകളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാം. എന്തിനു സമൂഹവ്യാപനം തന്നെ നടന്നേക്കാം. ഏതു വൈറസിന്റെയും വ്യാപനചരിത്രത്തില്‍ അത് സ്വാഭാവികമാണ്. ഇത്രയും സമയം അതു തടഞ്ഞു നിര്‍ത്തി എന്നതു തന്നെ സര്‍ക്കാരിന്റെ വലിയ നേട്ടമാണ്. അതുകൊണ്ട് സര്‍ക്കാരും സമ്മര്‍ദത്തിലാകേണ്ടതില്ല., കൃത്യതയോടെ പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്യാനാകുക. സര്‍ക്കാര്‍ രാഷ്ട്രീയആരോപണങ്ങളില്‍  പ്രതിരോധത്തില്‍ ഊന്നരുത്. സുതാര്യതയോടെ എത്ര വ്യക്തമായി കാര്യങ്ങള്‍ വിശദീകരിക്കാനാകുമോ അതില്‍ മാത്രം വീഴ്ച വരുത്തുകയും അരുത്.  

അതായത് ഒറ്റയടിക്ക് പോസിറ്റീവാണെന്നോ നെഗറ്റീവാണെന്നോ പ്രഖ്യാപിക്കുന്ന ഒരു ചൂതുകളിയല്ല കേരളത്തില്‍ നടക്കുന്നത്. അപ്പോഴും പറയട്ടെ, ഇപ്പോഴും ടെസ്റ്റുകളില്‍ പോലും മാനദണ്ഡങ്ങള്‍ പാലിച്ചു മുന്നോട്ടു പോകാന്‍ കേരളത്തിനു കഴിയുന്നത് രോഗബാധ നിയന്ത്രണവിധേയമായതുകൊണ്ടാണ്. ലോകോത്തര ആരോഗ്യസംവിധാനങ്ങളുള്ള ബ്രിട്ടനിലും അമേരിക്കയിലും അത്യാസന്നനിലയിലായവരെയൊഴിച്ച് മറ്റുള്ള കോവിഡ് രോഗികളെ ആശുപത്രിയില്‍ പോലും പ്രവേശിപ്പിക്കുന്നില്ല. കാരണം ഇപ്പോള്‍ അവിടത്തെ സാഹചര്യം അത്രമേല്‍ സങ്കീര്‍ണമാണ്. കേരളത്തിലും വ്യാപകമായ രോഗവ്യാപനമുണ്ടായാല്‍ ചികില്‍സയും ഇപ്പോള്‍ പിന്തുടരുന്ന പരിചരണവുമെല്ലാം താറുമാറാകും എന്നതില്‍ ഒരു സംശയവും വേണ്ട. അതില്ലാതിരിക്കാന്‍ ഇനിയും പഴുതുകളില്ലാത്ത പ്രതിരോധപ്രവര്‍ത്തനം ഉറപ്പിക്കേണ്ട സമയത്താണ് ഈ അസംബന്ധനാടകങ്ങളില്‍ നമ്മള്‍ ചെന്നു കുരുങ്ങേണ്ടി വരുന്നത് എന്നത് ദൗര്‍ഭാഗ്യകരമാണ്. ജീവന്‍ ഭീഷണിയലല്ല എന്നുറപ്പുള്ളതുകൊണ്ടു മാത്രമാണ് ഈ ആരോഗ്യവകുപ്പിനെതിരെ ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ ചമയ്ക്കാന്‍ നമുക്ക് കഴിയുന്നത് എന്നു പറയാതെ വയ്യ.  

സംസ്ഥാനസര്‍ക്കാരിന്‍റെ കയ്യിലിരിപ്പുകൊണ്ടാണ് രോഗവ്യാപനമുണ്ടായതെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരനാണ് ആരോപിച്ചത്.  ഗ്രീന്‍സോണായി പ്രഖ്യാപിച്ച ഇടുക്കിയിലും കോട്ടയത്തും വീണ്ടും രോഗവ്യാപനമുണ്ടായപ്പോള്‍ കാരണം സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്നും  സംസ്ഥാന സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായെന്നും വി.മുരളീധരന്‍ ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ചു.

അമിത  ആത്‍മവിശ്വാസംകൊണ്ടാണ് കോട്ടയം, ഇടുക്കി ജില്ലകളെ സംസ്ഥാനസര്‍ക്കാര്‍  ഗ്രീന്‍സോണായി പ്രഖ്യാപിച്ചതെന്നു മുരളീധരന്‍ ആരോപിച്ചു.  കോവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും പി.ആറുകാരും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. മേനിപറച്ചില്‍കേട്ട് പിണറായിയുടെ കണ്ണ് മഞ്ഞളിച്ചുപോയി. ഇനിയെങ്കിലും യാഥാര്‍ഥ്യബോധത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. 

ഇതേ വി.മുരളീധരന്‍ കൂടി ഉള്‍പ്പെട്ട കേന്ദ്രമന്ത്രിസഭ നാലു ദിവസത്തിനുള്ളില്‍ എറണാകുളം, വയനാട് എന്നീ ജില്ലകളടക്കം രാജ്യത്തെ 319 ജില്ലകളെ ഗ്രീന്‍സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.  രാജ്യത്താകെയുള്ള  733 ജില്ലകളില്‍ 43 ശതമാനവും ഇപ്പോള്‍ ഗ്രീന്‍സോണായി കേന്ദ്രം പ്രഖ്യാപിച്ചുകഴിഞ്ഞു. 

ഇവിടെയെവിടെയെങ്കിലും ഇനി രോഗബാധയുണ്ടായാല്‍ കേന്ദ്രസര്‍ക്കാരിന്റെ കയ്യിലിരിപ്പുകൊണ്ടാണെന്നു പറയുമോ?  

കേരളസര്‍ക്കാര്‍ മാത്രമല്ല, കേന്ദ്രസര്‍ക്കാരും രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ സ്തുത്യര്‍ഹമായ നിലപാട് സ്വീകരിച്ചതാണ്. തുടര്‍ സാമ്പത്തികപാക്കേജടക്കം ജനങ്ങളുടെ ദുരിതം കണ്ടറിയുന്ന നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് വിമര്‍ശനം ശക്തമാണെങ്കിലും രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതും ശക്തമായ നിലപാടാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രിയസുഹൃത്ത് ഡോണള്‍ഡ് ട്രംപിന്റെ 

മാര്‍ഗം സ്വീകരിക്കാതെ ശാസ്ത്രീയനിര്‍ദേശങ്ങള്‍ ചെവിക്കൊണ്ടതുകൊണ്ടാണ് രാജ്യം ഇന്ന് ഈ നിലയിലെങ്കിലും കോവിഡിനെ പിടിച്ചു നിര്‍ത്തിയിരിക്കുന്നത് എന്നതു വാസ്തവമാണ്.  

നമ്മളാണ് കോവിഡിനെ നേരിടുന്നത്. നമ്മള്‍ എന്നാല്‍ പിണറായി വിജയനും കെ.കെ.ശൈലജയും മാത്രമല്ല. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും വി.മുരളീധരനും കെ.സുരേന്ദ്രനും എല്ലാം നമ്മളില്‍ പെടും. കോവിഡിനെതിരായ പോരാട്ടത്തില്‍ ജയിച്ചാല്‍ നമ്മള്‍ ജയിച്ചു. തോറ്റാലും നമ്മള്‍ തന്നെ അനുഭവിക്കേണ്ടി വരുംപ്രിയപ്പെട്ട മനുഷ്യരേ, ദയവായി മനസിലാക്കൂ. ശാസ്ത്രം തന്നെ ഇപ്പോഴും പൂര്‍ണമായി മനസിലാക്കാന്‍ പാടുപെടുന്ന ഒരു  വൈറസാണ്. മുഴുവനായും പിടികിട്ടിയിട്ടില്ല ഇതുവരെ. ലോകത്തെ ഏറ്റവും പ്രഗല്‍ഭരായ ഗവേഷകര്‍ മാസങ്ങളായി ഈ ഒരു വൈറസിന് മരുന്നു കണ്ടെത്താന്‍ രാവും പകലും പരിശ്രമിക്കുകയാണ്.  വൈറസിന് വാക്സിന്‍ കണ്ടെത്തുന്നതു വരെ കാത്തിരിക്കാനാകാത്ത വിധം  ലോകം മുഴുവന്‍ ലക്ഷങ്ങള്‍ മരിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ മരണത്തിനു വിട്ടു കൊടുക്കാതെ മുന്നിലുള്ള സാധ്യതകള്‍ പരമാവധി മാറ്റിയും 

മറിച്ചും പ്രയോഗിച്ചു നോക്കി മനുഷ്യരെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തുകയാണ് കേരളത്തില്‍. ദയവു ചെയ്ത് കക്ഷിരാഷ്ട്രീയ കുല്‍സിതബുദ്ധിക്കു ലോക്ഡൗണ്‍ പ്രഖ്യാപിക്കൂ. ഈ വൈറസില്‍ നിന്ന് മനുഷ്യര്‍ ഒന്നു രക്ഷപ്പെടും വരെ മതി. അതിനു ശേഷം നമുക്ക് പതിവു രാഷ്ട്രീയപോരാട്ടങ്ങളിലേക്കു തിരിച്ചു വരാം. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...