ആര് തോറ്റാലും സ്പ്രിന്‍ക്ളറില്‍ ജയിച്ചത് ജനങ്ങളുടെ അവകാശം

covid-sprinklr
SHARE

സ്പ്രിന്‍ക്ളര്‍ കരാര്‍ വിവാദത്തില്‍ ഹൈക്കോടതി തല്‍ക്കാലം ഒരു തീര്‍പ്പുണ്ടാക്കിയിരിക്കുന്നു. സര്‍ക്കാരിന് കര്‍ശന ഉപാധികളോടെ സ്പ്രിന്‍ക്ളറുമായി മുന്നോട്ടു പോകാം. ഉപാധികള്‍ കര്‍ശനമല്ല, പ്രതിപക്ഷം തോറ്റുപോയി എന്ന്  ഭരണപക്ഷവും ഞങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ കാണാമായിരുന്നുവെന്ന് വെല്ലുവിളിക്കുന്ന പ്രതിപക്ഷവുമാണ് ഇപ്പോള്‍ കേരളത്തിനു മുന്നില്‍. സ്പ്രിന്‍ക്ളര്‍  വിവാദം അനാവശ്യമായിരുന്നോ? ആനുപാതികമായിരുന്നോ എന്ന ചോദ്യത്തിനു തീര്‍ച്ചയായും പ്രസക്തിയുണ്ട്. പക്ഷേ അനാവശ്യമായിരുന്നില്ലെന്ന് സര്‍ക്കാരിന്റെ തന്നെ തിരുത്തല്‍ നടപടികള്‍ വ്യക്തമാക്കുന്നു. മഹാമാരിക്കാലത്തെത്തിയ വിവാദത്തില്‍ നിന്ന് ഭരണപക്ഷവും പ്രതിപക്ഷവും ചിലത് പഠിക്കാനുണ്ട്.   

ഏതു വീഴ്ചയും ന്യായീകരിച്ച് ശരിയാക്കിക്കളയാം എന്നു ധരിക്കരുത് എന്നതാണ് ഭരണപക്ഷത്തിനുള്ള സ്പ്രിന്‍ക്ളര്‍ പാഠം. ആദ്യചോദ്യം ഉന്നത്തില്‍ കൊണ്ടുവെന്നു കരുതി  വായില്‍തോന്നിയതു ചോദിച്ചു ചോദിച്ചു സ്വയം അപഹാസ്യരാകരുതെന്ന് പ്രതിപക്ഷത്തിനുള്ള പാഠം. സര്‍ക്കാര്‍ ഒഴിവാക്കിയ നിയമപരിശോധന കൃത്യമായി നടന്നുവെന്നതാണ് സ്പ്രിന്‍ക്ളര്‍ വിവാദത്തിലെ ഹൈക്കോടതി ഇടപെടലിലൂടെ കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ നേട്ടം. പ്രതിപക്ഷം വിഷയം ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോയതുകൊണ്ടാണ് അത് സാധ്യമായത്.  

കോവിഡ് പ്രതിസന്ധി നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ കൈക്കൊണ്ട അതിപ്രധാന നടപടികള്‍ ലോകം അംഗീകരിച്ചതാണ്.  വൈറസിനെ നേരിടുന്നതില്‍ കേരളത്തിന്റെ ആത്മവിശ്വാസം തന്നെ പഴുതുകള്‍ അടച്ചു മുന്നേറുന്ന ആരോഗ്യവകുപ്പിന്റെ നേതൃത്വമാണ്. പക്ഷേ സ്പ്രിന്‍ക്ളര്‍ കരാര്‍ വിവാദം സര്‍ക്കാരിന് തുടക്കത്തിലേ ശരിയായി ൈകകാര്യം ചെയ്യാനായില്ല എന്നത് വസ്തുത.  അഥവാ സ്പ്രിന്‍ക്ളര്‍ ഒരു വിവാദമായതു തന്നെ സംസ്ഥാന സര്‍ക്കാര്‍ തുടക്കത്തില്‍ സ്വീകരിച്ച സമീപനം കാരണമാണ്. ഈ മാസം 10ാം തീയതി മുതലാണ് സ്പ്രിന്‍ക്ളര്‍ എന്ന പേര് കേരളം കേട്ടു തുടങ്ങിയത്.

കോവിഡ് കാലത്ത് ഒരു കാര്യവും വിശദീകരിക്കപ്പെടാതെ പോകരുത് എന്ന പ്രസക്തമായ നിലപാട് സ്വീകരിച്ച സര്‍ക്കാരും മുഖ്യമന്ത്രിയും പക്ഷേ സ്പ്രിന്‍ക്ളര്‍ ചോദ്യങ്ങള്‍ ഗൗരവമായി എടുത്തില്ല.  

എന്നാല്‍ വീണു കിട്ടിയ വിവാദം പ്രതിപക്ഷം വിട്ടു കളഞ്ഞില്ല. ചോദ്യങ്ങള്‍ ശക്തിയാര്‍ജിച്ചതോടെ ഐ.ടി.സെക്രട്ടറി പറയട്ടെയന്നാണ് മുഖ്യമന്ത്രി നിലപാെടടുത്തത്. ചോദ്യങ്ങള്‍ അടുത്ത ദിവസവും ആവര്‍ത്തിച്ചതോടെ കോവിഡ് കാലത്ത് പതിവില്ലാത്ത രോഷപ്രകടനവും കേരളം കണ്ടു. 

എന്നാല്‍ തൊട്ടടുത്ത ദിവസം കോടതിയില്‍ കരാര്‍ ചോദ്യം ചെയ്യപ്പെട്ടതോടെ നിലപാട് മയപ്പെട്ടു. സര്‍ക്കാര്‍ തന്നെ കരാറില്‍ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കാന്‍ ഉന്നതസമിതിയെ നിയോഗിച്ചു.  

ഇങ്ങനെയൊരു നിലപാടു മാറ്റം സര്‍ക്കാരിനു സ്വീകരിക്കേണ്ടി വന്നത് പ്രതിപക്ഷം സ്പ്രിന്‍ക്ളര്‍ വിവാദം വിടാതെ മുന്നോട്ടു കൊണ്ടു പോയതാണ് എന്നതു വസ്തുതയാണ്. കോടതി തീരുമാനമെടുക്കും മുന്‍പേ സമിതിയെ നിയമിച്ച് സ്വന്തം നിലയില്‍ വസ്തുതാന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിലായി. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കടന്നാക്രമിക്കുമ്പോഴും അതേ ചോദ്യങ്ങള്‍ കോടതി ചോദിച്ചതോടെ സര്‍ക്കാര്‍ സ്വയം മറുപടികള്‍ അന്വേഷിച്ചു. കോടതി കര്‍ശനമായും വ്യക്തമായും ചോദിച്ച ചോദ്യങ്ങളെല്ലാം സര്‍ക്കാര്‍ നേരത്തെ സര്‍ക്കാര്‍ അവഗണിച്ചതാണ്. രണ്ടു ദിവസമായി ആറു മണിക്കൂറിലധികം നീണ്ട വാദത്തിനിടെ കൃത്യമായി മറുപടിയുണ്ടാകണമെന്ന് കോടതി നിശിതമായി ആവശ്യപ്പെട്ടു. ഒടുവില്‍ സംഭവിച്ചത് ചുരുക്കി ഇങ്ങനെ പറയാം. 

1. ഡേറ്റയുടെ രഹസ്യസ്വഭാവം കര്‍ശനമായി നിലനിര്‍ത്തണം. വിവരദാതാക്കള്‍ ആരെന്നത് മറച്ച ശേഷമേ സ്പ്രിന്‍ക്ളറിന് ഡേറ്റ ഉപയോഗിക്കാന്‍ അനുമതി നല്‍കാവൂ. നിലവില്‍ വ്യക്തിഗതവിശദാംശങ്ങള്‍ സ്പ്രിന്‍ക്ളറിന്റെ പക്കലുണ്ടെങ്കില്‍ നീക്കം ചെയ്യാമെന്ന് സര്‍ക്കാരിന്റെ മറുപടി.

2. വാണിജ്യാവശ്യത്തിന് ഡേറ്റ ഉപയോഗിക്കുന്നത് വിലക്കി

3. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുമെന്ന വ്യവസ്ഥ കമ്പനി ലംഘിക്കരുത്

4. കരാര്‍ അവസാനിക്കുമ്പോള്‍ ഡേറ്റ സര്‍ക്കാരിന് തിരികെ നല്‍കണം

5. കമ്പനിയുടെ പരസ്യത്തിന് ഈ ഡേറ്റയോ സര്‍ക്കാരുമായുള്ള കരാറോ ഉപയോഗിക്കരുത്

6. കേരളസര്‍ക്കാരിന്റെ പേരോ ലോഗോയോ കമ്പനി ഉപയോഗിക്കരുത്

7. വിവരങ്ങള്‍ വിശകലനത്തിനു കൈമാറുമെന്ന് വിവരം നല്‍കുന്നവരെ അറിയിക്കണം. ഇതിന് പ്രത്യേക ഭാഗം ഉള്‍പ്പെടുത്തി ഫോമില്‍ തന്നെ അനുമതി വാങ്ങണം.

ഇത്രയും പ്രധാന നിബന്ധനകള്‍ കോടതി ഉള്‍പ്പെടുത്തിയതിനെയാണ് നിസാരം എന്ന് ഭരണപക്ഷം ന്യായീകരിക്കുന്നത്. മാത്രമല്ല, കരാര് സ്പ്രിന്‍ക്ളറിലേക്കു മാത്രമായി എത്തിയതെങ്ങനെയെന്ന് കോടതി  ഇനി പരിശോധിക്കാന്‍ പോകുന്നതേയുള്ളൂ. എന്നാല്‍ പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യങ്ങള്‍ കോടതി അംഗീകരിച്ചിട്ടില്ല. കരാര്‍ തല്‍ക്കാലം സ്റ്റേ െചയ്യുക പോലും ചെയ്തിട്ടില്ല. കോവിഡ് പ്രതിസന്ധി കാലത്ത് സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കുക എന്ന പ്രാഥമികമര്യാദ കോടതി പാലിച്ചു. അത് പ്രതിപക്ഷം മനസിലാക്കാതെ പോയ ഒരു കാര്യമാണ്. ഒരു വന്‍പ്രതിസന്ധിയില്‍ ജനതയാകെ സര്‍ക്കാരിനു പിന്നില്‍ അണിനിരക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃക സൃഷ്ടിക്കുന്ന ഒരു സര്‍ക്കാരാകുമ്പോള്‍ പ്രത്യേകിച്ചും. ക്രിയാത്മക വിമര്‍ശനങ്ങള്‍ വേണം. പക്ഷേ ശരിയായ  ചോദ്യം കൈയിലുണ്ടായിട്ടും വ്യക്തിപരമായ ആക്രമണങ്ങളിലേക്കു വരെ കേന്ദ്രീകരിച്ചത് നല്ല രാഷ്ട്രീയനീക്കം പോലുമല്ല. 

പ്രതിപക്ഷം സ്പ്രിന്‍ക്ളര്‍ കരാറില്‍ കേന്ദ്രീകരിച്ചപ്പോള്‍ തന്നെ തെളിവുകളില്ലാത്ത ഊഹാപോഹങ്ങളും ആരോപണമായി അവതരിപ്പിക്കാന്‍ മടിച്ചില്ല. 

മീഡിയ മാനിയ ഇല്ലാത്തതിനാല്‍ പ്രതിപക്ഷത്തെ ഓരോരുത്തര്‍ക്കും വാര്‍ത്താസമ്മേളനം വിളിക്കാന്‍ ഓരോ കാരണം വേണ്ടി വരുമെന്നായതോടെ പരിധികള്‍ കടക്കുന്ന ആരോപണങ്ങള്‍ വന്നു.

പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ കുടുംബാംഗങ്ങളും സൂക്ഷ്മപരിശോധനയ്ക്കു വിധേയരാകേണ്ടി വരുമെന്ന തത്വം പറയാം. പക്ഷേ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അതിന് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കാന്‍ ഒരു സാഹചര്യമെങ്കിലും വേണം. എന്തും വിളിച്ചു പറയാവുന്ന സാഹചര്യം പ്രതിപക്ഷത്തിന്റെ തന്നെ വിശ്വാസ്യതയിലാണ് പരുക്കേല്‍പിക്കുന്നത്. പ്രതിപക്ഷം ഉയര്‍ത്തിയ വ്യക്തിപരമായ ആരോപണങ്ങള്‍ മുഖ്യമന്ത്രി ഏറ്റെടുത്തുകഴിഞ്ഞു.

കേരളരാഷ്ട്രീയത്തില്‍ ആരോപണങ്ങളുടെ പേരില്‍ വേട്ടയാടപ്പെട്ട ഒരേയൊരു നേതാവ് പിണറായി വിജയനാണ് എന്ന് സ്ഥാപിക്കാന്‍ അണികളും മല്‍സരബുദ്ധിയോടെ രംഗത്തെത്തിക്കഴിഞ്ഞു. സ്പ്രിന്‍ക്ളര്‍ കരാറില്‍ കോടതി ഇടപെടല്‍ വേണ്ടിവന്നതില്‍ സ്വാഭാവികമായും ഐ.ടി.വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കുള്ള ഉത്തരവാദിത്തത്തില്‍ നിന്നു കൂടി പ്രതിപക്ഷം അദ്ദേഹത്തെ ഒഴിവാക്കിക്കൊടുത്തു. 

ഒടുവില്‍ സര്‍ക്കാരിന് കാര്യങ്ങള്‍ കുറേകൂടി എളുപ്പമാക്കിക്കൊടുക്കുകയാണ് പ്രതിപക്ഷം ചെയ്തിരിക്കുന്നത്. സ്പ്രിന്‍ക്ളര്‍ കരാറില്‍ പുകമറകള്‍ക്ക് ഇനി സ്ഥാനമില്ല. കോടതി അനുമതിയോടെ ഉപാധികള്‍ പാലിച്ച് മുന്നോട്ടു പോകാം. കോവിഡ് പ്രതിരോധത്തിനിടെ ഉയര്‍ന്നു വന്ന ഒരേയൊരു വിവാദത്തിന് കോടതി പരിശോധിച്ച് ഇടക്കാല ഉത്തരവിലൂടെ തീരുമാനമാക്കിയിരിക്കുന്നു. കോവിഡ് മഹാപ്രതിസന്ധി കാലമാണ്. ചരിത്രത്തില്‍  ഇങ്ങനെയൊരു സന്നിഗ്ധഘട്ടം ലോകത്തിനു മുന്നിലുണ്ടായിട്ടില്ല. കാര്യമാത്രപ്രസക്തമായതും തെളിവുകള്‍ ഉള്ളതുമായ വിമര്‍ശനങ്ങള്‍ അവതരിപ്പിച്ചാല്‍ ജനം ചെവി കൊടുക്കും. ശ്രദ്ധിക്കും. അതിനപ്പുറത്തേക്ക് വെറും വ്യക്തിഹത്യയിലേക്കു കേന്ദ്രീകരിച്ചാല്‍  തിരിച്ചടി പ്രതിപക്ഷത്തിനു തന്നെയാണ്. ഒരു സര്‍ക്കാര്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടംകൊടുക്കാതെ അസാധാരണമായ ഒരു പ്രതിസന്ധിയെ നേരിടുന്നതില്‍ പ്രതിപക്ഷത്തിന് അസ്വസ്ഥതയുണ്ടാകേണ്ട കാര്യമില്ല. മറിച്ച് ഇതിലും നന്നായി സാഹചര്യം കൈകാര്യം ചെയ്യാന‍് നിര്‍ദേശങ്ങളുണ്ടെങ്കില്‍ അത് അവതരിപ്പിക്കണം. അങ്ങനെയാണ് പ്രതിപക്ഷം സ്മാര്‍ട്ടാകേണ്ടത്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...