എല്ലാം ശരിയായാലും ഒരു തെറ്റ് ശരിയാകില്ല; സ്പ്രിന്‍ക്ളറില്‍ തെറ്റ് തിരുത്തുന്നതാണ് ശരി

parayathe-vayya
SHARE

കോവിഡിനെ നേരിടുകയാണ് നമ്മള്‍. ഒന്നും എവിടെയും എത്തിയിട്ടില്ല. കേരളത്തില്‍ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണ് എന്ന് സമാധാനമുണ്ട്. പക്ഷേ തീര്‍ത്തുപറയാവുന്ന സാഹചര്യമായിട്ടില്ല. പുതിയ വെല്ലുവിളികള്‍ വരാനുമുണ്ട്.  നമുക്കു ജീവിക്കണം. സാധാരണ മനുഷ്യരായി, പരസ്പരം തൊട്ടും കണ്ടും മിണ്ടിയും ജീവിക്കണം. പക്ഷേ അക്ഷമരാകരുത്. നിരാശരാകരുത്. ധൃതി വയ്ക്കരുത്. കോവിഡ് പ്രതിരോധത്തില്‍ കേരളം വഴികാട്ടുന്നു. കേരളത്തിന്റെ ഭരണകൂടവും ആരോഗ്യവകുപ്പും നേതൃപരമായ ഉത്തരവാദിത്തം സ്തുത്യര്‍ഹമാം വിധം നിര്‍വഹിച്ചിരിക്കുന്നു. ലോകത്തിന് മാതൃകയാണ് കേരളം എന്നത് പ്രത്യാശയോടെ നമ്മള്‍ കാണുന്നു. പക്ഷേ ഈ പോരാട്ടത്തിന്റെ അടുത്ത ഘട്ടത്തില്‍ ഉത്തരവാദിത്തം നമുക്കാണ്. കോവിഡ് പ്രതിരോധത്തില്‍ നമുക്കോരോരുത്തര്‍ക്കുമുള്ള പങ്ക് കൃത്യമായി, പാളിച്ചയില്ലാതെ നടപ്പാക്കിയാല്‍ മാത്രമേ ഈ പ്രതിസന്ധിയില്‍ നിന്ന് കേരളത്തിനും പുറത്തു കടക്കാനാകൂ. രാജ്യത്തിനും ലോകത്തിനും പ്രതിരോധം തീര്‍ക്കേണ്ടത് നമ്മള്‍ ഓരോരുത്തരുമാണ്.  

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ തുടക്കം ഏറ്റവും മികച്ചതാണ്. എന്ന് കേരളീയരുടെ അനുഭവം മാത്രമല്ല, ലോകമെമ്പാടും നമ്മുടെ കൊച്ചു സംസ്ഥാനത്തിന്റെ ആരോഗ്യമാതൃക വാര്‍ത്തയാകുന്നു. ചര്‍ച്ചയാകുന്നു. ഇതില്‍ നിന്ന് ഉള്‍ക്കൊള്ളാവുന്നതെന്ത്, പകര്‍ത്താവുന്നതെന്ത് എന്ന് ആരോഗ്യവിദഗ്ധര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. വിലയിരുത്തുന്നു. വസ്തുതകളാണ് ആധാരം. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാനാണ്. എന്നാല്‍ അത് ഫലപ്രദമായി സാധിച്ചത് കേരളത്തിനു മാത്രമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലോക്ഡൗണ്‍ തുടങ്ങിയത് മാര്‍ച്ച് 25നാണ്. മാര്‍ച്ച് 25ന് ഡല്‍ഹിയില്‍ രോഗബാധിതര്‍ 31. തമിഴ്നാട്ടില്‍ 18. മധ്യപ്രദേശില്‍ 14. മഹാരാഷ്ട്രയില്‍ 128. കേരളത്തില്‍ 118. എന്നാല്‍ മൂന്നാഴ്ചത്തെ ആദ്യഘട്ട ലോക്ഡൗണ്‍ പിന്നിടുമ്പോള്‍ ഡല്‍ഹിയില്‍ രോഗബാധിതര്‍ 1561. തമിഴ്നാട്ടില്‍ 1204, മധ്യപ്രദേശില്‍ 987. മഹാരാഷ്ട്രയില്‍ 2687. കേരളത്തിലോ വെറും 388. അതില്‍ തന്നെ പകുതിയിലേറെ രോഗം ഭേദപ്പെട്ടവരുമാണ്.  

ആരോഗ്യവകുപ്പിന്റെ നേതൃപരമായ മികവാണ് കേരളത്തിലെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും നിര്‍ണായകമായത്. ചെറിയ വീഴ്ചകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്, അതിവേഗം തിരുത്തേണ്ടതു തിരുത്തി ഏറ്റവും ശാസ്ത്രീയമായ പ്രതിരോധമാണ് കേരളത്തിലെ ആരോഗ്യവകുപ്പ് നടപ്പാക്കിയത്. രാപകലില്ലാതെ കേരളത്തെ സുരക്ഷിതരാക്കാന്‍ അധ്വാനിച്ച ഓരോ ആരോഗ്യപ്രവര്‍ത്തകനോടും കേരളം കടപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഒന്നാമത്തെ ശക്തിയെന്നവകാശപ്പെടുന്ന അമേരിക്കയില്‍ പോലും പരാജയപ്പെട്ട പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃമികവില്‍ കേരളം വിജയകരമായി നിര്‍വഹിച്ചു. വകുപ്പിന് പൂര്‍ണമായ പിന്തുണ നല്‍കിയ സര്‍ക്കാര്‍ ലോക്ഡൗണ്‍ അടക്കം കര്‍ക്കശ ഭരണതീരുമാനങ്ങള്‍ കൂടി പ്രഖ്യാപിച്ചതോടെ കോവിഡ് ആദ്യഘട്ടത്തില്‍ കേരളത്തില്‍ നിയന്ത്രണവിധേയമായി. അടച്ചുപൂട്ടല്‍ കാലത്തും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങുന്നതു തടയാന്‍ കഴിഞ്ഞത്  അടിസ്ഥാനആവശ്യങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടതുകൊണ്ടാണ്. 

കമ്യൂണിറ്റി കിച്ചന്‍, മരുന്നു വിതരണം, സൗജന്യഭക്ഷ്യധാന്യകിറ്റ് തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ മുടങ്ങുന്നില്ലെന്ന് സൂക്ഷ്മായി ഉറപ്പു വരുത്തിയ സര്‍ക്കാര്‍ ഇടപെടല്‍ ലോക്ക്ഡൗണില്‍ ദേശീയമാതൃക തന്നെ സൃഷ്ടിച്ചു.   

അപ്പോഴും ആദ്യഘട്ടപോരാട്ടത്തില്‍ നിര്‍ണായകമുന്നേറ്റം എന്നേ പറയാനാകൂ എന്നു മറക്കരുത്. ഇനിയും എത്രയോ വെല്ലുവിളികള്‍ കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ കാത്തിരിക്കുന്നു . പക്ഷേ അതു നേരിടാനുള്ള ആത്മവിശ്വാസം ഒന്നാംഘട്ടം തന്നിരിക്കുന്നു. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം നമുക്കാണ്. സര്‍ക്കാരിന് നേതൃപരമായ പങ്കേ വഹിക്കാനാകൂ എന്നോര്‍ക്കുക. തിങ്കളാഴ്ച മുതല്‍ അല്‍പാല്‍പമായി   കേരളത്തിലെ ജനജീവിതം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ജനങ്ങളെ വിശ്വാസത്തിലെടുക്കാമെന്ന ഉറപ്പ് നമ്മളാണ് സര്‍ക്കാരിന് നല്‍കേണ്ടത്. നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണം. നമുക്കു വേണ്ടിയാണ്, സര്‍ക്കാരിനു വേണ്ടിയല്ല. സര്‍ക്കാരിന്റെ കണ്ണുവെട്ടിക്കാവുന്നതേയുള്ളൂ എന്നൊരു കണക്കുകൂട്ടലുണ്ടെങ്കില്‍ ഒന്നോര്‍ത്തേക്കണം. പൊലീസിന്റെ കണ്ണു വെട്ടിക്കാനാവും, വൈറസിനെ കബളിപ്പിക്കാനാകില്ല. 

കര്‍ശനനിയന്ത്രണങ്ങളോടെ  സംസ്ഥാനത്തെയാകെ നാലായി തിരിച്ച് ഓരോ മേഖലയിലും പ്രത്യേകം സജ്ജീകരണങ്ങളുമായി കേരളം ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്.  

ഇപ്പോള്‍ കേരളത്തില്‍ വലിയ ഭീഷണിയില്ല. നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുകയാണ്. ചികില്‍സയില്‍ കഴിയുന്നവരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും എണ്ണത്തില്‍ ദിനം പ്രതി  ഗണ്യമായ കുറവുണ്ടാകുന്നു. എന്നിട്ടും ജാഗ്രതയില്‍ ഒരു വീഴ്ചയും വരുത്തരുത് എന്നാവര്‍ത്തിക്കേണ്ടി വരുന്നതെന്തുകൊണ്ടാണ്? 

എന്നാല്‍ ദൈനംദിന ജീവിതവൃത്തിയിലേക്ക് തിരിച്ചുപോകണം. ആര്‍ക്കും പട്ടിണി കിടക്കാനാകില്ല. ജീവിതോപാധികള്‍ പതിയെ തിരിച്ചു പിടിക്കണം.  

ആ ഇളവുകള്‍ ഒന്നു പോലും ദുരുപയോഗം ചെയ്യില്ലെന്നുറപ്പിക്കേണ്ടത് നമ്മളാണ്. ഇളവുകള്‍ തന്നിരിക്കുന്നത് ജീവിതം സ്തംഭിച്ചുപോകാതിരിക്കാനാണ്.  ജാഗ്രത ജീവന്‍ നിലനിര്‍ത്താനാണ്. വ്യത്യാസം മറക്കാതിരിക്കുക. ജീവന്റെ വില എത്ര വലുതാണെന്നു തിരിച്ചറിഞ്ഞോയെന്നാണ് കോവിഡ് കാലം നമ്മളോടു ചോദിക്കുന്ന ചോദ്യം. നല്ല ശീലങ്ങളിലേക്കുള്ള നല്ല പാഠമായി കോവിഡ‍ിനെ കണ്ടാല്‍ അസ്വസ്ഥതയില്ലാതെ അടുത്ത ഘട്ടവും നമുക്് മറികടക്കാം. നമുക്കു വേണ്ടിയാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് സ്വയം പറഞ്ഞുകൊണ്ടേയിരിക്കുക. 

കോവിഡ് കേരളത്തില്‍ പിടിമുറുക്കിയില്ല. അഥവാ കേരളം കോവിഡിന് പിടികൊടുത്തില്ല. പക്ഷേ അതിര്‍ത്തിക്കപ്പുറത്തുണ്ട്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും രോഗബാധ വ്യാപകമാണ്. ഏറ്റവും കൂടുതല്‍ മലയാളികള്‍ പ്രവാസ ജീവിതം നയിക്കുന്ന ഡല്‍ഹിയിലും മുംബൈയിലും സ്ഥിതി ആശങ്കാജനകമാണ്. അതതുസര്‍ക്കാരുകള്‍ സാധ്യമായതെല്ലാം ചെയ്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു.  

രാജ്യത്തിന്റെ എല്ലാ ഭാഗത്തും മലയാളികളുണ്ട്. ലോകത്തിന്റെ എല്ലാ കോണിലും മലയാളികളുണ്ട്. കേരളത്തിലേക്കാള്‍ കൂടുതല്‍ മലയാളികള്‍ കോവിഡ് ബാധയില്‍ മരണത്തിനു കീഴടങ്ങിയതും പ്രവാസലോകത്താണ്. അവരുടെ ജന്‍മനാടാണ് കേരളം. ഇവിടേക്ക് തിരിച്ചുവരികയെന്നതും ഇവിടെ ജീവിക്കുകയെന്നതും ഓരോ മലയാളിയുടെയും അവകാശമാണ്. എന്നാല്‍ അവര്‍ തിരിച്ചുവരുന്നതോടെ കേരളം ഇപ്പോള്‍ അടച്ചുപൂട്ടി നേടിയെടുത്തിരിക്കുന്ന സുരക്ഷിതമായ അവസ്ഥയില്‍ വീണ്ടും പുതിയ വെല്ലുവിളികള്‍ ഉണ്ടാകുമെന്നതും സത്യമാണ്. എന്നാല്‍ ആശയക്കുഴപ്പമില്ലാതെ തന്നെ സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കുന്നുവെന്നത് സ്വാഗതാര്‍ഹമാണ്.  

കേരളത്തിനും നമ്മുടെ പ്രവാസികള്‍ക്കും വെല്ലുവിളിയാകാതെ ഈ സാഹചര്യം നമുക്ക് കൈകാര്യം ചെയ്യാനാകണം. കേന്ദ്രസര്‍ക്കാര്‍ അക്കാര്യത്തില്‍ വ്യക്തയോടെ ഇടപെടണം.  

‍ജി.സി.സി രാജ്യങ്ങളിലാകെ 80 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. അതില്‍ ഏറെയും അവിദഗ്ധ തൊഴിലാളികളാണ്. 20 ശതമാനം പേര്‍ക്കു മാത്രമാണ് സ്ഥിരതയും സുരക്ഷിതത്വവുമുള്ള ജോലിയും ജീവിതാന്തരീക്ഷവുമുള്ളത്. ഇന്ത്യയുടെ ആകെ വിദേശനാണ്യവിനിമയത്തിന്റെ 40 ശതമാനവും പ്രവാസികളിലൂടെയാണെന്നാണ് കണക്കുകള്‍. ഇന്ത്യയുടെ സാമ്പത്തികമുന്നേറ്റത്തിലും നിര്‍ണായക പങ്കു വഹിച്ചവരാണ് പ്രവാസികള്‍.  കേരളത്തിലാണെങ്കില്‍ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികള്‍.  സംസ്ഥാന സര്‍ക്കാരിനു വേണ്ടി സി.ഡി.എസ് നടത്തിയ പഠനപ്രകാരം 21.5 ലക്ഷം മലയാളികള്‍ വിദേശരാജ്യങ്ങളിലുണ്ട്. അതില്‍  19 ലക്ഷം പേരും ഗള്‍ഫ് രാജ്യങ്ങളിലാണ്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഗള്‍ഫില്‍ മാത്രം 25 ലക്ഷം മലയാളികള്‍ ഉണ്ടെന്നാണ് നിഗമനം.  

തീര്‍ച്ചയായും സാഹചര്യത്തിന് പരിമിതികളുണ്ട്. നിസഹായാവസ്ഥകള്‍ ഒരു പാടു ചൂണ്ടിക്കാണിക്കാനുണ്ട്. പക്ഷേ പ്രവാസലോകത്തിനു മുന്നില്‍ ഇന്ത്യ നിസഹയരായിക്കൂട. എല്ലാവരെയും വിമാനം പിടിച്ചു തിരിച്ചുകൊണ്ടുവരണം എന്നല്ല. പക്ഷേ ഓരോ വിദേശരാജ്യത്തും സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കൃത്യമായി വിലയിരുത്തണം. വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അവിടത്തെ പ്രവാസികള്‍ക്കെത്തിക്കണം. അവര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ അതതു സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് അടിയന്തരപരിഹാരമെത്തിക്കണം. തിരിച്ചുവരുന്നവര്‍ക്കു വേണ്ടി ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തണം. ജോലി നഷ്ടപ്പെട്ട് മടങ്ങേണ്ടി വരുന്നവര്‍ക്കായി സാമ്പത്തികസഹായവും പുനര്‍തൊഴില്‍ അവസരവും ഇപ്പോഴേ വിഭാവനം ചെയ്യണം.  

എന്നുവച്ചാല്‍ ഇന്ത്യ താരതമ്യേന സുരക്ഷിതമാണെന്ന അവസ്ഥയില്‍ എല്ലാ പ്രവാസികളും തിരികെ വരണമെന്നാണോ? ഒരിക്കലും അല്ല. അത് ശരിയായ തീരുമാനമേ ആയിരിക്കില്ല. പ്രവാസികള്‍ക്ക് ക്ഷമയോടെ സാഹചര്യം വിലയിരുത്തി കാത്തിരിക്കാനുള്ള സാഹചര്യം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കണം. അപായമില്ലാത്ത അവസ്ഥകളില്‍ തല്‍ക്കാലപ്രതിസന്ധി മാറും വരെ കാത്തിരിക്കുകയാണ് നല്ലതെന്ന് പ്രവാസികളും മനസിലാക്കണം. അനിവാര്യസാഹചര്യങ്ങളില്‍ മാത്രമാണ് മടക്കയാത്ര ആലോചിക്കേണ്ടതെന്ന് അവര്‍ക്ക് ആത്മവിശ്വാസം നല്‍കേണ്ടത് നമ്മുെട സര്‍ക്കാരുകളുടെ  ഉത്തരവാദിത്തമാണ്. അരക്ഷിതാവസ്ഥയില്‍ ആരും കഴിയേണ്ടിവരുന്നില്ലെന്ന് ഉറപ്പിക്കുന്ന ആശയവിനിമയം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം. അവിടത്തെ സാഹചര്യം വിലയിരുത്തി. മതിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണം. ആത്മവിശ്വാസം നല്‍കണം. അവിടെയും കേരളത്തിന്റെ ചെറുതെങ്കിലും പ്രസക്തമായ നടപടികള്‍ മാതൃക തീര്‍ത്തിട്ടുണ്ട്.   

ലോകം തന്നെ ചര്‍ച്ച ചെയ്യുന്നത്ര മികവോടെ കേരളം ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയെന്നത് വസ്തുതതയാണ്. അതിനര്‍ഥം വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ പാടില്ല എന്നാണോ? അങ്ങനെയാകരുത്. പക്ഷേ ഈ ഘട്ടത്തിലുണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിനെ അവിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നതാകാമോ? അതും അപകടമാണ്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഘടകം വിശ്വാസ്യതയാണ്. അതുകൊണ്ടാണ് പ്രസക്തമായ, കോവിഡ് പ്രതിരോധത്തിന് അനിവാര്യമായ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതിലേക്കു മാത്രം ശ്രദ്ധിക്കൂ എന്ന് കേരളം പ്രതിപക്ഷത്തോട് പറയാതെ പറഞ്ഞത്. പക്ഷേ പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്ന ശരിയായ പ്രശ്നങ്ങള്‍ തിരിച്ചറിയാനും തിരുത്താനും സര്‍ക്കാര്‍ ബാധ്യത കാണിച്ചില്ലെങ്കില്‍ അനാവശ്യമായ രാഷ്ട്രീയവിവാദങ്ങളുടെയും അവിശ്വാസത്തിന്റെയും അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ എത്തും. അത് ഒഴിവാക്കാനുള്ള ജാഗ്രതയും സര്‍ക്കാര്‍ കാണിക്കണം. സ്പ്രിംക്ളര്‍ കരാര്‍ വിവാദത്തില്‍ സര്‍ക്കാര്‍ തിരുത്തേണ്ടതുണ്ട് എന്നു വസ്തുതകള്‍ വ്യക്തമായി പറയുന്നുണ്ട്. 

സ്പ്രിംക്ളര്‍ കരാറിനെക്കുറിച്ചുള്ള പ്രതിപക്ഷചോദ്യങ്ങളില്‍ പ്രതിരോധത്തിലാണ് സര്‍ക്കാര്‍ എന്ന് വ്യക്തമാകുന്ന അവ്യക്തത മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ തന്നെയുണ്ട്. കോവിഡ് ബാധിതരുടെയും നിരീക്ഷണത്തില്‍ കഴിഞ്ഞവരുടെയും വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ളര്‍ കമ്പനിക്് കൈമാറിയെന്നതാണ് പ്രതിപക്ഷനേതാവ് പുറത്തുകൊണ്ടുവന്ന  പ്രശ്നം. കമ്പനി മലയാളിയുടെ ഉടമസ്ഥതയിലാണെന്നും ലോകോത്തര നിലവാരം പുലര്‍ത്തുന്നതാണെന്നും സേവനം സൗജന്യമാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍ ഡേറ്റാ സുരക്ഷ എത്ര വലിയ പ്രശ്നമാണെന്ന് രാജ്യത്താകെ ആശയപ്രചാരണം നടത്തുന്ന സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു വ്യക്തിയുടെ സ്വകാര്യതയില്‍ ഏറ്റവും പ്രധാനമായ ആരോഗ്യവിവരങ്ങള്‍ സ്വകാര്യകമ്പനിക്ക് കൈമാറിയെതെങ്ങനെ എന്ന ചോദ്യത്തിന് ഇതുവരെ തൃപ്തികരമായ ഒരു വിശദീകരണവും ഉണ്ടായിട്ടില്ല.  

സംസ്ഥാനത്തില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ലക്ഷം കവിഞ്ഞതോടെ വിശദാംശങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വ്യക്തമായ ഒരു സംവിധാനത്തിന്റെ അഭാവം തിരിച്ചറിഞ്ഞു. രോഗപ്രതിരോധ പരിപാടികളില്‍ ഈ ഡേറ്റ നിര്‍ണായകമായതിനാല്‍ വിശകലനത്തില്‍ വൈദഗ്ധ്യം അനിവാര്യമായിരുന്നു. സ്പ്രിംക്ളര്‍ കമ്പനിക്ക് ബിഗ് ഡേറ്റ കൈകാര്യം ചെയ്യാന്‍ കാര്യക്ഷമതയുണ്ടെന്നു 

ഐ.ടി.വകുപ്പിന് നേരത്തെ തന്നെ ബോധ്യമുണ്ടായിരുന്നു. സര്‍ക്കാരിന്റെ ഐ.ടി.മിഷന്‍ ആദ്യഘട്ടത്തില്‍ ഡേറ്റ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. പക്ഷേ അത് വെല്ലുവിളിയായിരുന്നു. ആ സാഹചര്യത്തില്‍ സര്‍ക്കാരിന് നേരത്തെ തന്നെ ഇക്കാര്യത്തില്‍ വൈദഗ്ധ്യം അറിയാവുന്ന സ്പ്രിംക്ളറിന്റെ സേവനം തേടാന്‍ തീരുമാനിക്കുന്നു. അടിയന്തരസേവനം സൗജന്യമായി നല്‍കാമെന്ന് കമ്പനി അറിയിച്ചതോടെ മറ്റു ചട്ടങ്ങളോ കീഴ്‍വഴക്കങ്ങളോ പരിഗണിക്കാതെ ഐ.ടി.സെക്രട്ടറി കരാര്‍ ഒപ്പുവയ്ക്കുന്നു. നിയമവകുപ്പിനെപോലും അറിയിക്കുന്നില്ല.  

ഒന്നേമുക്കാല്‍ ലക്ഷം മലയാളികളുടെ ഏറ്റവും സെന്‍സിറ്റിവ് ഡേറ്റ ആയ ആരോഗ്യവിവരങ്ങള്‍ നേരിട്ട് സ്പ്രിംക്ളര്‍ കമ്പനിക്കു കൈമാറിയ ശേഷമാണ് കരാറിനു പോലും രൂപരേഖയായത് എന്ന് പുറത്തു വന്ന വിവരങ്ങള്‍ തന്നെ തെളിയിക്കുന്നു. ഡേറ്റയാണ് ഇനി ലോകത്തിലെ ഏറ്റവും മൂല്യമുള്ള വസ്തുവെന്ന് ലോകത്തെ പഠിപ്പിക്കുന്ന സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു സുരക്ഷാനടപടിയും ഉറപ്പു വരുത്താതെ ഒന്നേമുക്കാല്‍ ലക്ഷം പേരുടെ സ്വകാര്യവിവരങ്ങള്‍ കൈമാറി. വിവാദമുയര്‍ന്നപ്പോള്‍ മാത്രമാണ് സര്‍വറിന്റെ സ്ഥാനം പോലും എവിടെയാണ് എന്നത് ഐ.ടി.വകുപ്പ് വീണ്ടും വ്യക്തത വരുത്തിയത്.   

എല്ലാം ശരിയായിരുന്നാലും ഒരു തെറ്റ്, ഒരിക്കലും ശരിയാകില്ല. തെറ്റ് തിരുത്തുന്നതാണ് ശരി. സ്പ്രിന്‍ക്ളര്‍ കരാറില്‍ സി.പി.എം സര്‍ക്കാര്‍ തെറ്റു തിരുത്തണം. നിങ്ങള്‍ക്ക് കോവിഡ് ബാധിച്ചാല്‍ നിങ്ങളുടെ എല്ലാ രോഗവിവരങ്ങളും ഒരു സ്വകാര്യകമ്പനി നിങ്ങളറിയാതെ കൈകാര്യം ചെയ്യുന്നത് നിങ്ങള്‍ക്കു സമ്മതാണോ? സമ്മതിക്കരുത് എന്ന് പറഞ്ഞു പഠിപ്പിച്ച സി.പി.എം തന്നെ അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കരുത്. പറ്റിപ്പോയെന്നതുകൊണ്ട് ഇനി ഡേറ്റയൊന്നും വലിയ കാര്യമല്ലെന്ന് ന്യായീകരിച്ച് ഒരു വലിയ പ്രശ്നത്തെയാകെ നിസാരമാക്കിക്കളയരുത്.  

കരാറിലെ നിയമസാങ്കേതികപ്രശ്നങ്ങള്‍ മാത്രമല്ല. നമുക്ക്  എന്തെല്ലാം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ട് എന്ന് ആരൊക്കെ അറിയണം എന്ന് തീരുമാനിക്കാനുള്ള അവകാശം നമുക്കുണ്ട്. അത് തീര്‍ത്തും വ്യക്തിപരമാണ്, സ്വകാര്യമാണ്. സ്വകാര്യതാനിയമങ്ങള്‍ ദുര്‍ബലമായ ഇന്ത്യയില്‍ പോലും ഒരു വ്യക്തിയുടെ ആരോഗ്യവിവരങ്ങള്‍ അനുമതിയില്ലാതെ കൈമാറാനാകില്ല. ഏറ്റവും സ്വകാര്യമായ വിവരങ്ങള്‍ സ്വകാര്യകമ്പനിക്ക്  കൈമാറുന്നുവെന്ന് ഈ വ്യക്തികളോട് വ്യക്തതയോടെ പറയാതെയാണ് സര്‍ക്കാര്‍ അതു ചെയ്തത്. അതു തിരുത്തണം. സ്പ്രിംക്ളര്‍ കമ്പനിയെ തള്ളിക്കളയണോ, അതോ നിയമപരമായി സുരക്ഷിതത്വം ഉറപ്പു വരുത്തി അവരുടെ വൈദഗ്ധ്യം ഉപയോഗിക്കണോ എന്ന് സര്‍ക്കാരിന് ഇനിയും തീരുമാനിക്കാം. കോവിഡ് പ്രതിരോധത്തില്‍ കേരളാസര്‍ക്കാര്‍ കാണിച്ച സുതാര്യത എത്ര പ്രധാനമായിരുന്നുവെന്ന് ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതാണ്.  അനാവശ്യമെന്നു പ്രതിപക്ഷം പരിഹസിച്ച ചെറിയ തീരുമാനങ്ങള്‍ പോലും വ്യക്തതയോടെ വിശദീകരിക്കാന്‍ മുഖ്യമന്ത്രി സമയം കണ്ടെത്തിയിരുന്നത് സുതാര്യതയുടെ പ്രാധാന്യം മനസിലാക്കിത്തന്നെയാകണമല്ലോ. സുതാര്യമായല്ലാതെ, സുരക്ഷിതത്വത്തോടെയല്ലാതെ ഒരു സ്വകാര്യസംരംഭത്തിന്റെയും ഇടപെടല്‍ പൊതുജനാരോഗ്യത്തില്‍ അനുവദിച്ചുകൂടാ.  

ഡേറ്റ ഉപയോഗിക്കുന്നതില്‍ അതീവ ശ്രദ്ധയും സൂക്ഷ്മതയും വേണം. ഇനിയും നിയമങ്ങള്‍ക്ക് രൂപം കൊടുക്കണം. ഓരോ സര്‍ക്കാരിനും ഭരണതലത്തില്‍ ഇനി അനിവാര്യമാകുന്ന ഒന്നാണ് ഡേറ്റ അനാലിസിസ്. അതിനാവശ്യമായ പ്രതിബദ്ധതയുള്ള വിദഗ്ധരുടെ സംഘം സര്‍ക്കാരിന്റെ ഭാഗമാകണം. സ്വകാര്യ ഏജന്‍സികളെല്ലാം വിപണനബുദ്ധിയോടെ ഡേറ്റ കൈകാര്യം ചെയ്യും എന്ന അര്‍ഥത്തതിലല്ല, ഇതു പറയുന്നത്. പൊതുഭരണത്തിനായി ഡേറ്റ കൈകാര്യം ചെയ്യേണ്ടത് ജനങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ടാണ്. ഒരു സ്വകാര്യകമ്പനിയുടെയും ഔദാര്യമായല്ല. കോവിഡ് കാലത്ത് കേരളം പഠിച്ച ഒരു പാഠമായിക്കണ്ട് സ്പ്രിന്‍ക്ളര്‍ കരാര്‍ സര്‍ക്കാര്‍ തിരുത്തണം. പക്ഷേ ഈയൊരൊറ്റ വിവാദത്തിന്റെ പേരില്‍ കേരളത്തിലെ ഭരണകൂടത്തെ ഇപ്പോള്‍ ‍ജനങ്ങള്‍ അവിശ്വസിക്കണോ? ഉത്തരം കോവിഡ് പ്രതിരോധത്തില്‍ ഓരോ മലയാളിയുടെയും അനുഭവം തീരുമാനിക്കട്ടെ. ഒരു കരാറില്‍ കുരുങ്ങി സ്വയം പ്രതിരോധത്തിലാകേണ്ട നേരമാണോ ഇതെന്ന് സര്‍ക്കാരും തീരുമാനിക്കട്ടെ.  

കക്ഷിരാഷ്ട്രീയവ്യത്യാസമില്ലാതെ കോവിഡ് പ്രതിരോധത്തില്‍ കൈകോര്‍ത്തു നിന്നാണ് കേരളം ഇന്ന് സമാധാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നത്. വരുംനാളുകളിലും അതേ ജാഗ്രത, അതിശ്രദ്ധയോടെ നമ്മള്‍ മുന്നോട്ടു കൊണ്ടുപോയേ പറ്റൂ. കേരളത്തെ കോവിഡ് കീഴടക്കാതെ കാവല്‍ നില്‍ക്കുന്നത് നമ്മള്‍ ഓരോരുത്തരുമാണ്. ഒപ്പം കരുതലിന്റെ കരം അയല്‍ സംസ്ഥാനങ്ങളിലേക്കും രാജ്യത്താകെയും സാധ്യമായ രീതിയില്‍ നീട്ടാനും നമുക്ക് കഴിയണം. ഇന്ത്യ അതിജീവിക്കാതെ കേരളം അതിജീവിച്ചതുകൊണ്ട് എന്തുകാര്യം? ലോകം അതിജീവിക്കാതെ നമ്മള്‍ മാത്രം എങ്ങോട്ട് രക്ഷപ്പെടാനാണ്? ആവര്‍ത്തിക്കുന്നു. മനുഷ്യത്വം നഷ്ടപ്പെടുത്തിയിട്ട് മനുഷ്യന്‍ രക്ഷപ്പെട്ടിട്ട് എന്തിനാണ്? സുരക്ഷിതരായിരിക്കൂ. ഈ പ്രതിസന്ധിയെ നമ്മള്‍ അതിജീവിക്കും. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...