അവിനാശി പാഠമാകണം; കൊല്ലപ്പെട്ട നിരപരാധികളോട് ചെയ്യാവുന്ന നീതി ഇതാണ്

അവിനാശിയില്‍ ഒന്നിച്ചു പൊലിഞ്ഞ 19 ജീവനുകള്‍ നമ്മുടെ കണ്ണു തുറപ്പിക്കുമോ? ഒരു അപരാധവും ചെയ്യാതെ പെരുവഴിയില്‍ അവസാനിച്ച ജീവിതങ്ങളോട് സമൂഹത്തിന് പ്രായശ്ചിത്തം ചെയ്യാനാകുമോ? വിധി എന്നു പഴിച്ചൊഴിയാതെ പലതും ചെയ്യാനുണ്ടെന്ന് നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്.  

ഹൃദയഭേദകമായിരുന്നു ആ ദിവസം. ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കു തിരിച്ച 19 മലയാളികള്‍ തമിഴ്നാട്ടിലെ അവിനാശിയില്‍ അപകടത്തില്‍ മരിച്ചു. കെ.എസ്.ആര്‍.ടി.സി. ബസില്‍ ലോറിയിടിച്ചായിരുന്നു ദുരന്തം. മീഡിയനുള്ള റോഡില്‍ എതിര്‍ദിശയില്‍ വന്ന കണ്ടെയ്നര്‍ ലോറി മറുവശത്തേക്കു പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.  

മഹനീയ സേവനത്തിന് ആദരിക്കപ്പെട്ട രണ്ടു കെഎസ്ആര്‍ടിസി ജീവനക്കാരും അപകടത്തില്‍ മരിച്ചു. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവര്‍ ഹേമരാജിന് അപായമുണ്ടായില്ല. നിനച്ചിരിക്കാതെയെത്തിയ ദുരന്തം ഒട്ടേറെ ജീവിതങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി. കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് ആദ്യനിഗമനം.  

ഈ അപകടത്തില്‍ ആര്‍ക്കു നേരെയാണ് ചൂണ്ടുവിരല്‍ ഉയര്‍ത്തേണ്ടത്?  48 പേരുടെ ജീവനുമായി ശ്രദ്ധയോടെ വണ്ടിയോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്ത് ഒരു വീഴ്ചയുമുണ്ടായിട്ടില്ല. ഉറങ്ങിപ്പോയ ലോറി ഡ്രൈവറാണ് കുറ്റക്കാരനെന്നു പറയാം. പക്ഷേ ലോറി ഡ്രൈവര്‍ മാത്രമാണോ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടത്? കര്‍ശനവും സൂക്ഷ്മ‍വുമായ നിയമപാലനത്തിലൂടെ  റോഡുകളിലെ ദുരന്തങ്ങള്‍ നിയന്ത്രിക്കാനാകുമെന്നുറപ്പാണ്. എന്നിട്ടും എന്തുകൊണ്ടാണ് നമുക്കതില്‍ അമാന്തമുണ്ടാകുന്നത്? 

അവിനാശി ദുരന്തത്തെക്കുറിച്ച് കേരളത്തിലെ മോട്ടോര്‍വാഹനവകുപ്പ് നടത്തിയ അന്വേഷണത്തിലെ പ്രാഥമിക വിലയിരുത്തലില്‍ തന്നെ ഡ്രൈവറുടെ പങ്കാളിത്തം വ്യക്തമാണ്.് അവിനാശി കേസിലെ പ്രതി നിയമപരമായി  ഡ്രൈവര്‍ ഹേമരാജ് മാത്രമായിരിക്കാം. പക്ഷേ ദുരന്തം ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ സാങ്കേതികമായ വിലയിരുത്തല്‍ മാത്രം മതിയാവില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു.  

ഡ്രൈവര്‍ മയങ്ങിപ്പോയതാകാം എന്നു വിദഗ്ധര്‍ വിലയിരുത്തുമ്പോള്‍ ഒരു ചോദ്യം പ്രധാനമാണ്. ഡ്രൈവര്‍ മയങ്ങിപ്പോകുന്ന സാഹചര്യമുണ്ടായത് എങ്ങനെയാണ്? അഥവാ ഡ്രൈവര്‍ക്ക് ഉറക്കം വന്നാലും വണ്ടിയോടിക്കുന്നത് തുടരേണ്ടി വരുന്നതെങ്ങനെയാണ്? ദേശീയപാതയില്‍ ഒരു ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ അത് എത്ര ജീവനുകള്‍ക്ക് ഭീഷണിയാണ് എന്നു തിരിച്ചറിയേണ്ടത് ആരൊക്കെയാണ്? 

2018 വരെ അഖിലേന്ത്യാപെര്‍മിറ്റുള്ള ലോറികളില്‍ രണ്ടു ഡ്രൈവര്‍മാര്‍ ഉണ്ടായിരിക്കണം എന്നു കര്‍ശനമായി വ്യവസ്ഥയുണ്ടായിരുന്നു ഗതാഗതനിയമത്തില്‍. തുടര്‍ച്ചായായുണ്ടായ അപകടങ്ങള്‍ വിലയിരുത്തി, അതില്‍ ഡ്രൈവറുടെ അമിതാധ്വാനം ഒരു പ്രധാന ഘടകമാണെന്നു വ്യക്തമായപ്പോള്‍ കൊണ്ടു വന്ന ചട്ടമാണ് അത്. നാലും അഞ്ചും ദിവസം വരെ വിശ്രമമില്ലാതെ ദീര്‍ഘദൂര ചരക്കുവാഹനങ്ങളോടിക്കുന്ന ഡ്രൈവര്‍മാരുണ്ടെന്നു കണ്ടെത്തിയതോടെയാണ് ഈ വ്യവസ്ഥ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. 2000ാം ആണ്ടു മുതല്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കാനായി ഡ്രൈവര്‍മാരുടെ അധ്വാനഭാരം കുറയ്ക്കണമെന്ന സമീപനത്തില്‍ നിന്നാണ് ഈ വ്യവസ്ഥയും ഉണ്ടായത്. ഒരു ഡ്രൈവര്‍ വണ്ടിയോടിക്കുന്ന നേരത്ത് രണ്ടാമത്തെ ഡ്രൈവര്‍ക്ക് കിടന്നു വിശ്രമിക്കാന്‍ ഡ്രൈവറുടെ പിന്‍ഭാഗത്തായി കാബിനില്‍ സൗകര്യമുണ്ടാകണമെന്നും ചട്ടമുണ്ടായിരുന്നു. 

പക്ഷേ 2018ല്‍ ട്രക്ക് ഉടമകളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ആ ചട്ടം റദ്ദാക്കി. അമിതലാഭം എന്ന ലക്ഷ്യമല്ലാതെ മറ്റൊന്നും അതിനു പിന്നിലില്ലായിരുന്നു.  അതോടെ ഒരു ഡ്രൈവര്‍ക്കു മാത്രം ദീര്‍ഘദൂര ചരക്കുഗതാഗതം നടത്താമെന്ന അവസ്ഥയുണ്ടായി. കേരളത്തില്‍ കണ്ണൂര്‍ ചാലയിലുണ്ടായ ടാങ്കര്‍ ലോറി സ്ഫോടനത്തെത്തുടര്‍ന്ന് അപായസാധ്യതയുള്ള ചരക്കുകള് കൈകാര്യം ചെയ്യുന്ന ലോറികളില്‍ മാത്രം രണ്ടു ഡ്രൈവര്‍മാരെന്ന വ്യവസ്ഥ പ്രത്യേക ഉത്തരവിലൂടെ തുടര്‍ന്നു. എന്നിട്ടും ലോറികളില്‍ ഡ്രൈവറെ കൂടാതെ ഒരു അറ്റന്‍ഡര്‍ കൂടിയുണ്ടാകണമെന്നു ചട്ടമുണ്ട്. പക്ഷേ യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്താണ്?