പൊലീസിൽ വിവാദങ്ങളുടെ വാഴ്ച; കള്ളന്മാരെ സംരക്ഷിക്കാൻ ബാധ്യതയെന്ത്?

പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പൊലീസ് കേരളത്തിന് പുതുമയൊന്നുമല്ല. പക്ഷേ പൊലീസില്‍ കള്ളന്‍മാരുണ്ടെന്ന് സി.എ.ജി. സാക്ഷ്യപ്പെടുത്തുന്നത് ഇതാദ്യമാണ്. നിങ്ങളുടെ കാലത്തുമുണ്ടെന്ന് പ്രതിപക്ഷത്തിനു നേരെ തിരിയുന്ന ഭരണപക്ഷം പറയാതെ പറയുന്നത് വലിയൊരു വസ്തുതയാണ്. ഈ പൊലീസ് എന്തു തെറ്റു ചെയ്താലും അവരെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ട രാഷ്ട്രീയബാധ്യത ഇടതുപക്ഷം ഏറ്റെടുത്തിട്ടുണ്ട്. അതെന്തിന് എന്ന ചോദ്യത്തിനാണ് കേരളത്തിന് ഉത്തരം വേണ്ടത്.

കേരളത്തിന്റെ കാവല്‍ക്കാരത്രേ കേരളാപൊലീസ്. നീതിയും നിയമവും ആരെങ്കിലും ലംഘിച്ചാല്‍ കേരളത്തെ സംരക്ഷിക്കാന്‍ ചുമതലയിലിരിക്കുന്ന അധികാരസേന. 

ഗുരുതരമായ വീഴ്ചകളാണ് സി.എ.ജി റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നത്. 2013 മുതല്‍ 2018 വരെ പൊലീസ് നവീകരണത്തിനായി അനുവദിച്ച ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകളാണ് സി.എ.ജി. അക്കമിട്ട് നിരത്തിയത്. പൊലീസിലെ ധനവിനിയോഗത്തില്‍ അഴിമതിയും വ്യാപകമായ ക്രമക്കേടും വ്യക്തമാക്കുന്ന വസ്തുതകള്‍ റിപ്പോര്‍ട്ടിലുണ്ട്. 

അതീവസുരക്ഷയോടെ കൈകാര്യം ചെയ്യേണ്ട റൈഫിളുകളും വെടിക്കോപ്പുകളും കേരളാപൊലീസ് എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നത് ഞെട്ടിക്കുന്നതാണ്. വെടിയുണ്ടകള്‍ പണ്ടു മുതലേ കാണാതായെന്നാണ് ഭരണപക്ഷന്യായീകരണം. പക്ഷേ തോക്കിന്റെ കാര്യത്തില്‍ ചില രേഖകള്‍ സൂക്ഷിക്കുന്നതിലാണ് വീഴ്ചയുണ്ടായതെന്നും. 

പൊലീസിലെ വീഴ്ചകള്‍ യു.ഡി.എഫ് കാലത്തുണ്ടായതും അന്വേഷിക്കേണ്ടതാണ്. പക്ഷേ യു.ഡി.എഫിനെ പഴി ചാരി നാലുവര്‍ഷമായി കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകുമോ? ആരെ സംരക്ഷിക്കാനാണ് ഈ ഗുരുതരക്രമക്കേടുകള്‍ ന്യായീകരിക്കാന്‍  ഇടതുപക്ഷം ശ്രമിക്കുന്നത്? സേനയെ ശരിയായി നയിക്കേണ്ട ഡി.ജി.പിയാണ് ക്രമക്കേടുകള്‍ക്ക് നേതൃത്വം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പേരെടുത്തു കുറ്റപ്പെടുത്തിയിരിക്കുന്നത്. പൊലീസ് സേനയുടെ മനോവീര്യമാണ് ഏറ്റവും പ്രധാനമെന്ന് ന്യായീകരിച്ചുകൊണ്ടിരുന്ന ആഭ്യന്തരമന്ത്രിക്ക് ഈ അപമാനവും കളങ്കവും തിരുത്താന്‍ പ്രയാസമെന്തുകൊണ്ടാണ്?

2013 മുതലുള്ള ക്രമക്കേടുകള്‍ എടുത്തു പറയുന്നുണ്ട് റിപ്പോര്‍ട്ടില്‍. പൊലീസ് സ്റ്റേഷനുകള്‍ക്ക് വാഹനം വാങ്ങേണ്ട തുകയുപയോഗിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആഡംബര വാഹനങ്ങള്‍ വാങ്ങിയത് UDF കാലത്താണ്. 

പക്ഷേ ഇപ്പോള്‍ ശ്രദ്ധിക്കേണ്ട വസ്തുത, യു.ഡി.എഫ് കാലത്തും പൊലീസ് നവീകരണഫണ്ടിന്റെ ചുമതല വഹിച്ചിരുന്നത് ഇപ്പോള്‍ ആരോപണവിധേയനായ ഡി.ജി.പി. ലോക്നാഥ് ബെഹ്റയാണ് എന്നതാണ്. മുന്‍ ഡി.ജി.പിമാരെയടക്കം അന്വേഷണപരിധിയില്‍ കൊണ്ടുവന്ന് ഗൗരവത്തോടെ പരിശോധിക്കേണ്ട വസ്തുതകളാണ് നിസാരമെന്ന ന്യായങ്ങളില്‍ ഭരണപക്ഷം ഒതുക്കാന്‍ ശ്രമിക്കുന്നത്. 

മുഖ്യമന്ത്രി വിശദീകരിക്കുമെന്നും സാഹചര്യങ്ങള്‍ വളച്ചൊടിക്കരുതെന്നുമാണ് സി.പി.എം നിലപാട്. അഴിമതിയും ക്രമക്കേടും വച്ചു പൊറുപ്പിക്കില്ലെന്ന് അനുയായികള്‍ പുകഴ്ത്തുന്ന ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് പക്ഷേ ഇതുവരെ പ്രതികരിക്കാന്‍ മാത്രം ഗുരുതരപ്രശ്നമായി ഇതു തോന്നിയിട്ടില്ല. 

ജനങ്ങള്‍ക്ക് കിട്ടേണ്ട പൊലീസ് സേവനങ്ങള്‍ മെച്ചപെടുത്താനുള്ള ഫണ്ട് ഉപയോഗിച്ച് ആഡംബരകാറുകള്‍ വാങ്ങിയെന്നും ഉന്നത ഉദ്യോഗസ്ഥര്ക്ക് വില്ലകള്‍ നിര്‍മിച്ചുവെന്നുമാണ് പ്രധാന ആരോപണം. അതോടൊപ്പം കെല്‍ട്രോണ്‍ വഴി കരാറുകള്‍ നല്‍കുന്നതിലും അവിശുദ്ധബന്ധങ്ങളുണ്ടെന്ന് ഗുരുതരപരാമര്‍ശവും. പൊലീസ് മേധാവി ക്രമക്കേട് നടത്തിയോ എന്നതുമാത്രമല്ല, സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളെ ബാധിക്കും വിധം അദ്ദേഹം ഇടപെട്ടതെന്തിന് എന്നും കേരളം അറിയേണ്ടതുണ്ട്..

ഓരോ ചോദ്യവും വസ്തുതാപരമാണ്. വസ്തുതകള്‍ നിരത്തി ഉത്തരം പറയാന്‍ കഴിയേണ്ടതുമാണ്. സി.എ.ജി പറഞ്ഞതല്ല യഥാര്‍ഥ വസ്തുതയെന്നു ബോധ്യമുണ്ടെങ്കില്‍ രേഖകള്‍ സഹിതം മറുപടി പറയാന്‍ പൊലീസ് സേനയ്ക്കു കഴിയണം. പബ്ലിക്ക് അക്കൗണ്ട്‍സ് കമ്മിറ്റിക്കു മുന്നില്‍ പറയാനുള്ളത് പറയുകയാണ് നടപ്പുരീതിയെന്ന് ഒഴിയാന്‍ ശ്രമിക്കുമ്പോള്‍ സി.എ.ജി റിപ്പോര്‍ട്ടുകളിലെ മുന്‍ ആരോപണങ്ങളില്‍ സ്വീകരിച്ചിരുന്ന രാഷ്ട്രീയനിലപാടെന്തായിരുന്നുവെന്ന് ഇടതുമുന്നണി മറക്കരുത്. 

മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എന്നതാണ് സീനിയോറിറ്റി മറികടന്നും ബെഹ്റയെ ഡി.ജി.പിയാക്കിയതെന്ന് കേരളത്തിനറിയാം. പക്ഷേ ക്രമക്കേടെന്ന ആരോപണം നേരിടുന്ന ഒരു ഡി.ജി.പിയെ രാഷ്ട്രീയമായി പിന്തുണയ്ക്കാന്‍ മാത്രം ദുരൂഹത ആ രാഷ്ട്രീയവിശ്വസ്തതയിലെന്താണ്? സി.എ.ജി. റിപ്പോര്‍ട്ടിനു മുന്‍പും കേരളാപൊലീസ് ഗുരുതരമായ ആരോപണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. യൂണിഫോം വിവാദത്തിലും സ്റ്റേഷന്‍ പെയിന്റിങ് വിവാദത്തിലുമെല്ലാം സര്‍ക്കാരിന്റെ തന്ത്രപരമായ സമീപനമാണ് ആരോപണവിധേയരെ സംരക്ഷിച്ചത്.  ഇപ്പോഴും ഉദ്യോഗസ്ഥ തലത്തിലെന്നു മാത്രം ഇതുവരെ പുറത്തു വന്ന ആരോപണങ്ങളില്‍ സര്‍ക്കാര്‍ സമീപനം സംശയകരമാണ്. 

മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ പ്രതിപക്ഷനേതാവും മറുപടി പറയേണ്ട ചോദ്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉയര്‍ത്തിയിട്ടുണ്ട്. പക്ഷേ മറുപടി പറയിക്കാനുള്ള അവസരം കൂടി വേണ്ടെന്നു വച്ചാണ് സര്‍ക്കാര്‍ മൗനം തുടരുന്നത്. പൊലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നടപടി വൈകുന്നത് തെളിവുകളെയടക്കം എങ്ങനെ ബാധിക്കുമെന്ന് അറിയാതെയല്ല ഈ അമാന്തം. പൊലീസിന്റെ വണ്ടി ഉപയോഗിക്കുന്ന ചീഫ്സെക്രട്ടറിയാണോ കേരളത്തോട് മറുപടി പറയേണ്ടത്?

ഈ സര്‍ക്കാരിന്റെ കാലത്ത് നിരന്തരം വിവാദങ്ങളില്‍ കലാശിക്കുന്ന സമീപനമാണ് പൊലീസ് ഭരണത്തിലുണ്ടായത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയനിലപാടുകള്‍ തകിടം മറിക്കുന്ന പൊലീസ് വാഴ്ചയെപ്പോലും സി.പി.എമ്മിന് ന്യായീകരിക്കേണ്ടി വന്നു. പക്ഷേ എത്ര ഒളിച്ചു വച്ചാലും മറച്ചു പിടിക്കാനാകാത്ത തരത്തില്‍ ഒരു ഭരണഘടനാസ്ഥാപനം ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാര്‍ അനങ്ങാത്തത് തീര്‍ത്തും സംശയകരമാണ്, ദുരൂഹമാണ്.