ജനകീയ മുന്നേറ്റത്തെ മുഖ്യമന്ത്രി എസ്.ഡി.പി.ഐയുമായി കൂട്ടിക്കെട്ടിയത് എന്തിന്..?

parayathevayyasdpi
SHARE

എസ്.ഡ‍ി.പി.ഐ ഒരു ഭീകരവാദപ്രസ്ഥാനമാണെന്ന കാര്യത്തില്‍ കേരളത്തിന് സംശയമുണ്ടോ? ആശയം മുതല്‍ ആവിഷ്കാരം വരെ അടിമുടി തീവ്രവാദമാണ് എസ്.ഡി.പി.ഐ. ഏതു വേഷപ്പകര്‍ച്ചയിലെത്തിയാലും തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട സാമൂഹ്യഭീഷണി. ഏതു പ്രതിസന്ധിയിലും ഏതു പ്രക്ഷോഭത്തിലും ആ പിന്തുണ വേണ്ടെന്നു കണിശമായും തീരുമാനിക്കേണ്ട, അകറ്റിനിര്‍ത്തേണ്ട ആശയധാര. കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ ഒളിഞ്ഞും തെളിഞ്ഞും മതവര്‍ഗീയതയുടെ ഭിന്നിപ്പ് കുത്തിവയ്ക്കാന്‍ ശ്രമിക്കുന്ന അപായമുന്നറിയിപ്പാണ് എസ്.ഡി.പി.ഐ. എന്നിട്ടും അതേ എസ്.ഡി.പി.ഐയുടെ പേരില്‍, രാജ്യത്തിനു വഴി കാട്ടിയ പൗരത്വപ്രതിഷേധത്തില്‍ കേരളം പ്രതിരോധത്തിലാകുന്നത് ശരിയാണോ? എസ്.ഡി.പി.ഐയുടെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തുറന്നു കാണിക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്വീകരിച്ച സമീപനം രാഷ്ട്രീയമായി ശരി തന്നെയാണോ? 

കേരളത്തിനോ കേരളത്തിലെ മുസ്‍ലിം സമുദായത്തിനോ എസ്.ഡി.പി.ഐ എന്താണ് എന്നതിനെക്കുറിച്ച് മുഖവുരകള്‍ ആവശ്യമില്ല. ഏതു പേരില്‍, ഏതു വേഷത്തിലെത്തിയാലും പിന്നണിയിലുള്ള തീവ്രവാദത്തെ തിരിച്ചറിയാന്‍ വേണ്ടുവോളം അനുഭവങ്ങള്‍ കേരളത്തിനുണ്ട്.

എസ്.ഡി.പി.ഐ എന്ന ഏറ്റവും പുതിയ പേരിലും ഒളിച്ചിരിക്കുന്നത് വിഭാഗീയ, വര്‍ഗീയ രാഷ്ട്രീയമാണെന്നതിനും ഔദ്യോഗികസാക്ഷ്യങ്ങള്‍ പോലും ആവശ്യമില്ല. ജനാധിപത്യവിരുദ്ധമാണ്, മനുഷ്യത്വവിരുദ്ധമാണ് രാഷ്ട്രീയമെന്ന പേരില്‍ നടത്തുന്ന വിഭാഗീയപ്രവര്‍ത്തനങ്ങള്‍. കൈവെട്ടിയും കൊന്നൊടുക്കിയും സൃഷ്ടിച്ചുവച്ചിരിക്കുന്ന ഭീതിയുടെ അടയാളങ്ങളും വ്യക്തമാണ്. മനുഷ്യാവകാശസംരക്ഷകരെന്നും സമുദായസംരക്ഷകരെന്നും അവകാശപ്പെട്ടെത്തുന്ന എസ്.ഡി.പി.ഐ ആണ് സമുദായത്തിനും സമൂഹത്തിനും ഏറ്റവും വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നത്.  പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദം സമൂഹം വ്യക്തമായി തിരിച്ചറിഞ്ഞതോടെ രൂപീകരിക്കപ്പെട്ട ജനാധിപത്യമറയാണ് എസ്.ഡി.പി.ഐ എന്ന പേര്. ജനാധിപത്യത്തെയും മാനിക്കുന്നുവെന്ന കാപട്യത്തിന് തെളിവുണ്ടാക്കല്‍ മാത്രമാണ് തിരഞ്ഞെടുപ്പിലും ജനകീയ പ്രക്ഷോഭങ്ങളിലുമുള്ള പങ്കാളിത്തം.  

ജനാധിപത്യമുഖംമൂടിയുമായി നിഷ്കളങ്കത ഭാവിക്കുന്ന എസ്.ഡി.പി.ഐയുടെ യഥാര്‍ഥ മുഖം പൗരത്വസമരത്തിനിടയിലും പിന്നണിയില്‍ പ്രകടമാണ്. വിദ്വേഷ പ്രചാരണങ്ങളും മതവൈകാരികത സൃഷ്ടിക്കലുമായി ചോരക്കൊതി പൂണ്ട ചെന്നായയാണ് സത്യചിത്രം. ഈ സന്നിഗ്ധഘട്ടത്തില്‍  ഒരു കൂട്ടരെ മാത്രം എങ്ങനെ മാറ്റിനിര്‍ത്തും എന്ന മനുഷ്യത്വവേവലാതിയുടെ മുതലെടുപ്പും കൃത്യമായി നടത്തുന്നുണ്ട് സംഘടന. പൗരത്വനിയമഭേദഗതിയുടെ പേരില്‍ മതേതര ഇന്ത്യക്കാരന്റെ വേവലാതികളൊന്നുമല്ല അവരുടെ മനസിലെന്നറിഞ്ഞും കൂടെക്കൂട്ടുന്നവരുണ്ടെങ്കില്‍ അവര്‍ ഈ പ്രക്ഷോഭത്തെയാകെ ഒറ്റുകൊടുക്കുകയാണ്. കാരണം പൗരത്വപ്രക്ഷോഭത്തില്‍ എസ്.ഡി.പിഐയുടെ സാന്നിധ്യം ഗുണം ചെയ്യുന്ന ഒരേയൊരു വിഭാഗമേയുള്ളൂ. സംഘപരിവാര്‍! 

പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ ജനാധിപത്യ വിശ്വാസികള്‍ക്കെല്ലാം ഒരു പൊതുതാല്‍പര്യമേയുള്ളൂ. മതേതരഇന്ത്യയുടെ ഭാവി. അവിടെ ഞങ്ങള്‍ക്ക് മുതലെടുക്കാനൊരു സുവര്‍ണാവസരം എന്ന എസ്.ഡി.പി.ഐയുടെ ആവേശം വളരെ പ്രകടവും അപായകരവുമാണ്. ദേശീയതലത്തില്‍ സമരമുഖമായി മാറിയ ചന്ദ്രശേഖര്‍ ആസാദിനെ വരെ വേദിയിലെത്തിച്ച് എങ്ങനെയെങ്കിലും പൊതുസ്വീകാര്യത ഉറപ്പിക്കാന്‍ എസ്.ഡി.പി.ഐ കിണഞ്ഞു പണിയെടുക്കുന്നുണ്ട്. സമാന്തരമായി വിഭാഗീയ പ്രചാരണങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ട്. പല ഭാവങ്ങളില്‍ വേഷപ്രച്ഛന്നരായി  കടന്നു കൂടാന്‍ അവര്‍ ആവതു ശ്രമിക്കുന്നുണ്ട്. എസ്.ഡി.പി.ഐയ്ക്കെതിരെ അതിജാഗ്രത പുലര്‍ത്തേണ്ട രാഷ്ട്രീയ സന്ദര്‍ഭത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. പൗരത്വ പ്രക്ഷോഭത്തില്‍ പങ്കാളികളാകുന്ന ഓരോരുത്തര്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കു വിശേഷിച്ചും ആ ഉത്തരവാദിത്തമുണ്ട്. മതേതരത്വം സംരക്ഷിക്കാന്‍ മതവര്‍ഗീയവാദികളുടെ പങ്കാളിത്തം കേരളത്തിനാവശ്യമില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരോട് ജനാധിപത്യമര്യാദയുടെ ന്യായം സ്വീകാര്യവുമല്ല. 

എന്തുകൊണ്ട് എസ്.ഡി.പി.ഐയെ കേരളം പ്രതിരോധിക്കണം? ഇന്ത്യന്‍ ജനാധിപത്യത്തിന് ആര്‍.എസ്.എസ്.  ഉയര്‍ത്തുന്ന ഭീഷണിയെന്താണോ അതു തന്നെയാണ് എസ്.ഡി.പി.ഐയും ചെയ്യുന്നത്. മതധ്രുവീകരണമാണ് ആത്യന്തികലക്ഷ്യം. പക്ഷേ വിഘാതമായി വന്നാല്‍ അതേ മതവിശ്വാസികളെയും കൊന്നു തള്ളും. ന്യൂനപക്ഷത്തെയാകെ പ്രതിരോധത്തില്‍ നിര്‍ത്തുന്ന തീവ്രനിലപാടുകള്‍ സ്വീകരിക്കും. എന്നിട്ട് സ്വയം ന്യൂനപക്ഷസംരക്ഷകര്‍ എന്നവകാശപ്പെടും. എസ്.ഡി.പി.ഐയില്‍ നിന്നാണ് ന്യൂനപക്ഷരാഷ്ട്രീയത്തിന് സംരക്ഷണം വേണ്ടത്. 

എസ്.ഡി.പി.ഐയുടെ ചോര പുരണ്ട രാഷ്ട്രീയചരിത്രം കേരളത്തിന്റെ സാമൂഹ്യഘടനയ്ക്കു തന്നെ വെല്ലുവിളിയുയര്‍ത്തുന്നതാണ്. 

ഒരു ചോദ്യത്തിന്റെ പേരില്‍ അധ്യാപകന്റെ കൈ വെട്ടിക്കളഞ്ഞ, മതനിന്ദയെന്നു പേരിട്ടാല്‍ ആരുടെയും തലവെട്ടിക്കളയാനും മടിയില്ലാത്ത രാഷ്്ട്രീയമാണത്. സ്വച്ഛമായി തുല്യാവകാശങ്ങളോടെ ന്യൂനപക്ഷങ്ങള്‍ ജീവിക്കുന്ന കേരളത്തില്‍ മതവൈകാരികത കുത്തിയിളക്കി മുതലെടുപ്പു നടത്താന്‍ എന്നും എപ്പോഴും എവിടെയും എസ്.ഡി.പി.ഐയുടെ സാന്നിധ്യമുണ്ട്. പല പേരുകളിലാണ് ഈ തീവ്രവാദപ്രചാരണം  മുന്നിലെത്തിയിട്ടുള്ളത്. നിരോധിക്കപ്പെട്ട സിമിയുടെ മുന്‍നേതാക്കളാണ് സംഘടനയുടെ ആദ്യരൂപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 1987ല്‍ തന്നെ വിവിധ സംഘടനകളില്‍ നിന്ന് തീവ്രാശയങ്ങളില്‍ ഒന്നിച്ചു നില്‍ക്കുന്നവരെ ചേര്‍ത്ത്  നാഷനല്‍ ഡിഫന്‍സ് ഫോഴ്സ് രൂപീകരിച്ചു. കായികപരിശീലനം ചര്‍ച്ചാവിഷയമായതോടെ 1993ല്‍ നാഷനല്‍ ഡെവലപ്മെന്റ് ഫ്രണ്ട് എന്ന മറയായി മാറി എന്‍.ഡി.എഫ്. കൈവെട്ട് കേസോടെ ശക്തമായ പ്രതിരോധത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ വന്നതോടെ പോപ്പുലര്‍ ഫ്രണ്ടായി. പിന്നീടിപ്പോള്‍ എസ്.ഡി.പി.ഐയും. പേരെന്തായാലും ആശയത്തിലും സമീപനത്തിലും ഒരു മാറ്റവുമില്ല. ‍‍‍

ഇരുതലമൂര്‍ച്ചയുളള രാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചതില്‍ എസ്.ഡി.പി.ഐയ്ക്കുള്ള പങ്ക് ചെറുതല്ല. ന്യൂനപക്ഷപേരുകളില്‍ കേരളത്തെയാകെ തീവ്രവാദകേന്ദ്രമെന്നു വിളിക്കാന്‍ ബി.ജെ.പി.ക്കു ധൈര്യം നല്‍കുന്നതും എസ്.ഡി.പി.ഐ നടുവില്‍ നില്‍ക്കുന്ന കേസുകളിലൂടെയാണ്. ഐ.എസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനായി കേരളത്തില്‍ നിന്നു പോയ പതിനഞ്ചോളം പേര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരായിരുന്നു. കശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിലും ആരോപണങ്ങള്‍ നേരിടുന്നു. കേരളത്തില്‍ തീവ്രവാദപരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുവെന്ന കേസിലും അന്വേഷണഏജന്‍സി റിപ്പോര്‍ട്ടുകളിലും പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്നതിന്റെ പേരിലാണ് ഏറ്റവുമൊടുവില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തന്നെ നാലു കൊലപാതകക്കേസുകളില്‍ പ്രതിസ്ഥാനത്തു വന്നത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്. ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്റെ കൊലക്കേസിലും പ്രതികള്‍ എസ്.ഡി.പി.ഐ ആണ്. കൊലക്കേസുകള്‍ കൂടാതെ സാമുദായികസ്പര്‍ധയുണ്ടാക്കുന്ന പല പ്രചാരണങ്ങളിലും സമരരീതികളിലും എസ്.ഡി.പി.ഐയെ കേരളം കണ്ടുകൊണ്ടേയിരിക്കുകയാണ്. 

ഇതെല്ലാം ചെയ്യുമ്പോഴും എസ്.ഡി.പി.ഐ ജനാധിപത്യത്തില്‍ ഇടപെടുന്ന, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഒരു പ്രസ്ഥാനമായി ഇവിടെയുണ്ട്. കേരളത്തില്‍ മാത്രമല്ല താനും. ഇങ്ങനെയൊരു തീവ്രവാദപ്രസ്ഥാനത്തിന് ഇപ്പോഴും ഇത്തരത്തില്‍ പൊതുസമൂഹത്തില്‍ ഇടം കിട്ടുന്നതെങ്ങനെയാണ് എന്ന ചോദ്യത്തിന് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും മാത്രമല്ല, കേന്ദ്രഭരണകൂടവും മറുപടി പറയേണ്ടതുണ്ട്. ധ്രുവീകരണസാധ്യതയുള്ള ആരോപണങ്ങള്‍ ഉയര്‍ത്താനുള്ള ഒരു പിടിവള്ളിയായാണ് കേന്ദ്രഭരണകൂടം പോലും എസ്.ഡി.പി.ഐയെ ഉപയോഗപ്പെടുത്തുന്നത് എന്നു പല തവണ വ്യക്തമായതാണ്. കര്‍ശനമായ നിയമ, രാഷ്ട്രീയനടപടികളിലൂടെ ഇത്തരം സംഘടനകളെ നേരിടാന്‍ കഴിയാത്തതെന്താണ് എന്നത് ഗുരുതരമായ ചോദ്യവുമാണ്. 

 ലോക്സഭാതിരഞ്ഞെടുപ്പില്‍ വോട്ടു മറിക്കാന്‍ എസ്.ഡി.പി.ഐയുമായി രാഷ്ട്രീയചര്‍ച്ച നടത്തിയെന്ന തെളിവുസഹിതമെത്തിയ ആരോപണം പ്രതിരോധിക്കേണ്ടി വന്നത് മുസ്‍ലിം ലീഗിനാണ്. മലപ്പുറം ജില്ലയിലെ പറപ്പൂരിലടക്കം എസ്.ഡി.പി.ഐയുടെ പിന്തുണ തേടി ഭരിക്കുന്നുവെന്ന ആരോപണം നേരിടുന്നത് സി.പി.എമ്മും. എന്നുവച്ചാല്‍ എസ്.‍ഡി.പി.ഐ കേരളത്തിലുയര്‍ത്തുന്ന, മതനിരപേക്ഷതയ്ക്കുയര്‍ത്തുന്ന ഭീഷണികള്‍ അറിഞ്ഞു തന്നെ  പുലര്‍ത്തേണ്ട അകലം പുലര്‍ത്താന്‍ കേരളത്തിലെ മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികള്‍ തയാറായിട്ടില്ല. ദുരൂഹമായ ഇടപെടലുകളും പശ്ചാത്തലങ്ങളും എന്നാരോപിക്കുന്ന ബി.ജെ.പിയുടെ കേന്ദ്രഭരണകൂടവും ഭരണപരമായി ഒരു തീവ്രവാദപ്രസ്ഥാനത്തിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടില്ല. തല്‍ക്കാല ലാഭത്തിനു വേണ്ടി ഒളിഞ്ഞും തെളിഞ്ഞും എസ്.ഡി.പി.ഐയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പൗരത്വപ്രക്ഷോഭത്തില്‍ സഹകരിക്കുക പോലും ചെയ്യുന്നത് ശരിയല്ലെന്നു വാദമുയര്‍ത്തുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഇപ്പോഴും അഞ്ചോളം തദ്ദേശസ്ഥാപനങ്ങളില്‍ എസ്.ഡി.പി.ഐയുമായി കണ്ണടച്ചുള്ള ബാന്ധവം തുടരുന്നുണ്ട്. തീവ്രവാദം പുലര്‍ത്തുന്ന എസ്.ഡി.പി.ഐ വോട്ടുകള്‍ നേടുന്ന രാഷ്ട്രീയപ്രസ്ഥാനമായി വേഷം മാറിയതെങ്ങനെയെന്നു പരിശോധിക്കാനുള്ള ഉത്തരവാദിത്തം കേരളത്തിലെ മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികള്‍ക്കുണ്ട്. 

അങ്ങനെയുള്ള എസ്.ഡി.പി.ഐയ്ക്കെതിരെ മുഖ്യമന്ത്രി വീണ്ടും  നിലപാട് പ്രഖ്യാപിക്കുമ്പോള്‍  അതെന്തിനെന്ന് വ്യക്തമായ ലക്ഷ്യബോധമുണ്ടാകണം. ലക്ഷ്യത്തില്‍ വ്യക്തതയും കൃത്യതയും ഉണ്ടാകുമ്പോഴാണ് ഒരു നിലപാടും ഫലപ്രദമാകുന്നത്. എസ്.ഡി.പി.ഐ പൗരത്വസമരത്തിനിടയിലും തീവ്രവാദം ഒളിച്ചുകടത്തുന്നുവെന്ന് മുഖ്യമന്ത്രി  പ്രഖ്യാപിക്കുമ്പോള്‍ വ്യാഖ്യാനങ്ങള്‍ക്കിടയില്ലാത്ത വിധം വ്യക്തവും സുതാര്യവുമാകണം വസ്തുതകള്‍. ശക്തമായ നിലപാടുകളുടെ പേരില്‍ വാഴ്ത്തപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനങ്ങള്‍ക്കപ്പുറമുള്ള മറുപടി പറയാന്‍ ബാധ്യസ്ഥനാണ്.  

എസ്.ഡി.പി.ഐയെ കേരളത്തിന് അറിയാത്തതല്ല. കേരളത്തില്‍ മാത്രമല്ല, മതനിരപേക്ഷ സമൂഹത്തിലാകെ എസ്.ഡി.പി.ഐയുടെ തീവ്രവാദനിലപാടുകള്‍ സൃഷ്ടിച്ചിട്ടുളള ആപത്തുകളും കേരളത്തിന് അറിയാത്തതല്ല. അപ്പോള്‍ പിന്നെ മുഖ്യമന്ത്രി പറഞ്ഞതില്‍ ഒറ്റനോട്ടത്തില്‍ അസ്വാഭാവികമായി ഒന്നുമില്ല. 

മുഖ്യമന്ത്രി പറഞ്ഞത് വളച്ചൊടിച്ചു തന്നെയാണ് പ്രധാനമന്ത്രി ഉദ്ധരിച്ചത്. മഹല്ല് കമ്മിറ്റികളുടെ പ്രക്ഷോഭങ്ങളില്‍ തീവ്രവാദപ്രസ്ഥാനങ്ങളുടെ ആളുകള്‍ നുഴഞ്ഞു കയറി പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെങ്കില്‍ പ്രധാനമന്ത്രി പറഞ്ഞപ്പോള്‍  കേരളത്തിലെ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ തീവ്രവാദികളാണെന്ന് 

മുഖ്യമന്ത്രി പറഞ്ഞുവെന്നായി.  അങ്ങനെ കേരളത്തില്‍ അനുവദിക്കാനാകാത്ത അരാജകത്വം രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ എങ്ങനെ അനുവദിക്കാനാകും എന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍ ചോദിച്ചു. ഷഹീന്‍ബാഗിനെ കേന്ദ്രീകരിച്ച് ബി.ജെ.പി നടത്തുന്ന വര്‍ഗീയപ്രചാരണത്തിലേക്ക് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ദുരുദ്ദേശത്തോടെ തന്നെ കൂട്ടിച്ചേര്‍ക്കുകയാണ് പ്രധാനമന്ത്രി മോദി ചെയ്തത്. 

പക്ഷേ ദുരുദ്ദേശമുളളവര്‍ക്ക് അങ്ങനെയും  വ്യാഖ്യാനിക്കാവുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയത്. ഏതു ചോദ്യത്തിനുള്ള  മറുപടിയിലാണ് മുഖ്യമന്ത്രി SDPI സാന്നിധ്യം എന്ന മറുപടി നല്‍കിയതെന്നു കേട്ടാല്‍  അത് കൂടുതല്‍ വ്യക്തമാകും. പൗരത്വനിയമഭേദഗതിയുടെ രാഷ്ട്രീയലക്ഷ്യം എന്താണെന്നു മനസിലാക്കുന്ന ഒരു രാഷ്ട്രീയനേതാവില്‍ നിന്ന് പ്രതീക്ഷിക്കാനാകാത്ത ഉത്തരവാദിത്തമില്ലായ്മ മുഖ്യമന്ത്രിയുടെ പ്രസ്താവനയിലുണ്ട്.  ഒറ്റക്കെട്ടായി പൗരത്വനിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്ന, കേരളത്തിലെ ജനകീയ മുന്നേറ്റത്തെ എസ്.ഡി.പി.ഐയുമായി കൂട്ടിക്കെട്ടിയതെന്തിന് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍  മുഖ്യമന്ത്രി പിണറായി വിജയന് ബാധ്യതയുണ്ട്. 

രാജ്യത്താകെ ഇപ്പോള്‍ ബി.ജെ.പി. കൊണ്ടാടുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലേക്ക് വഴി തുറന്ന ചോദ്യം കേള്‍ക്കുക. (റോജിയുടെ ചോദ്യം. വിഡിയോ കാണുക)

താന്‍ കൂടി പങ്കെടുത്ത പ്രതിഷേധത്തിനെതിരായാണ് കേസെടുത്തതെന്നും തീര്‍ത്തും സമാധാനപരമായി സമരത്തിനെതിരെ കേസെടുത്തത് എന്തിനാണെന്നു വ്യക്തമാക്കണമെന്നുമായിരുന്നു റോജി എം.ജോണിന്റെ ആവശ്യം. 

ഈ പറഞ്ഞ കേസെടുത്ത അങ്കമാലിയിലെ  പ്രകടനത്തില്‍  എസ്.ഡി.പി.ഐക്കാരുണ്ടായിരുന്നുവെന്നാണെങ്കില്‍ മുഖ്യമന്ത്രി അത് വ്യക്തമായി പറയണം.  അല്ലെങ്കില്‍ ഈ ചോദ്യത്തിന്റെ മറുപടിയിലേക്ക് എസ്.ഡി.പി.ഐയെയും തീവ്രവാദവും കൊണ്ടുവന്നതെന്തിനാണെന്ന് മുഖ്യമന്ത്രി പൂര്‍ണമായി പറയണം. എവിടെയാണ് തീവ്രവാദപ്രസ്ഥാനങ്ങളുടെ നുഴഞ്ഞുകയറ്റമുണ്ടായതെന്നു വ്യക്തമാക്കണം. എസ്.ഡി.പി.ഐ തീവ്രവാദികള്‍ എവിടെയെല്ലാമാണ് കുഴപ്പങ്ങളുണ്ടാക്കിയതെന്ന് വസ്തുതാപരമായി വിശദീകരിക്കണം. സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചത് എവിടെയെല്ലാം, ഏതെല്ലാം രീതിയിലാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിക്കണമായിരുന്നു. 

എന്നിട്ട്, ഈ തീവ്രവാദികള്‍ക്കെതിരെ എന്തു നടപടി കേരളസര്‍ക്കാര്‍ സ്വീകരിച്ചു എന്നുകൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. പൗരത്വസമരത്തില്‍ നുഴഞ്ഞുകയറി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച തീവ്രവാദികള്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ കേരളത്തിലെ ഭരണകൂടത്തിന് നിയമപരമായ ബാധ്യതയില്ലേ? കൃത്യമായ വിവരം ലഭിച്ചിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി നടപടിയെടുത്തില്ല?  പ്രതിപക്ഷത്തെ ഉത്തരം മുട്ടിക്കാനും പൊലീസിനെ ന്യായീകരിക്കാനും വാചകക്കസര്‍ത്ത് നടത്തുക മാത്രമല്ല മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം. എസ്.ഡി.പി.ഐ തീവ്രവാദം പ്രചരിപ്പിക്കുന്നവരാണെന്ന് കേരളത്തിനറിയാം. ചോദ്യം, കേരളത്തിന്റെ മുഖ്യമന്ത്രി അവര്‍ക്കെതിരെ എന്തു നടപടിയെടുത്തുവെന്നാണ്?  

പൗരത്വനിയമഭേദഗതിക്കെതിരെ കേരളത്തില്‍ സമരം നടക്കാത്ത ഒരൊറ്റ പ്രദേശം പോലുമില്ലെന്നതാണ് വാസ്തവം. ഭരണപക്ഷവും പ്രതിപക്ഷവും ഒരേ വേദിയില്‍ ഒന്നിച്ചു സമരം ചെയ്യുന്ന അപൂര്‍വകാഴ്ചയ്ക്കു വരെ സാക്ഷ്യം വഹിച്ചു കേരളം. പൗരത്വനിയമഭേദഗതി ഏതെങ്കിലുമൊരു സമുദായത്തിന്റെ പ്രശ്നമായല്ല കേരളം കണ്ടത്. ഭരണഘടനയെയും മതനിരപേക്ഷതയെയും അട്ടിമറിക്കുന്ന സംഘപരിവാര്‍ പദ്ധതിക്കെതിരെയാണ് കേരളം ഒറ്റക്കെട്ടായി അണിനിരന്നത്. രാഷ്ട്രീയപാര്‍ട്ടികളുടെ മാത്രമല്ല,  മഹല്ല് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ കേരളത്തിലാകെ സമരങ്ങള്‍ നടന്നു, ഇപ്പോഴും ശക്തമായ സമരങ്ങള്‍ തുടരുന്നു. ഈ സമരങ്ങളില്‍ മുസ്‍ലിം സമൂഹം കാണിച്ച  ജാഗ്രതയെക്കൂടി മുഖ്യമന്ത്രി അവഗണിച്ചു. പ്രതിഷേധം ഹൈജാക്ക് ചെയ്യാന്‍ എസ്.ഡി.പി.ഐ നടത്തിയ ശ്രമങ്ങളെ മുസ്‍ലിം സമൂഹം തന്നെ ശക്തമായി പ്രതിരോധിച്ചു. ഈ രാഷ്ട്രീയസാഹചര്യത്തില്‍ ചാടിവീണു പ്രതീക്ഷിച്ച സ്പേസ് പോലും എസ്.ഡി.പി.ഐയ്ക്ക് കിട്ടിയില്ല. ആര്‍.എസ്.എസിനെപ്പോലെ തന്നെ അകറ്റിനിര്‍ത്തേണ്ട ഭീഷണിയാണ് എസ്.ഡി.പി.ഐ എന്ന തികഞ്ഞ ബോധ്യത്തിലാണ് മഹല്ല് കമ്മിറ്റികളും ഭൂരിപക്ഷം മുസ്‍ലിം സംഘടനകളും പ്രതിഷേധസമരങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തിയത്. 

എസ്.ഡി.പി.ഐയുടെ വൈകാരികമുതലെടുപ്പ് രാഷ്ട്രീയം അറിയാവുന്ന കേരളത്തിന് ആശങ്കകളുണ്ടായിരുന്നു. പക്ഷേ തീവ്രവാദം പ്രചരിപ്പിക്കുന്നവരല്ല, മതനിരപേക്ഷതയ്ക്കു വേണ്ടി സംസാരിക്കേണ്ടതെന്ന് ഉത്തമബോധ്യത്തോടെ ഇടപെട്ട  സമൂഹത്തിന്റെ  ജാഗ്രതയില്‍ എസ്.ഡി.പി.ഐയ്ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. മുസ്‍ലിം സമൂഹത്തിനിടയില്‍ തന്നെ അത്തരത്തില്‍ സാമൂഹ്യമായ ഒറ്റപ്പെടല്‍ നേരിട്ട ഇച്ഛാഭംഗത്തില്‍ നില്‍ക്കുന്ന എസ്.ഡി.പി.ഐയെയാണ് മുഖ്യമന്ത്രി ജനകീയ മുന്നേറ്റത്തിന്റെ ഫോക്കസിലേക്ക് കൊണ്ടുവന്നത്. 

ഒന്നോര്‍ക്കണം ഇത് കേരളം സൃഷ്ടിച്ച പ്രതിരോധമല്ല. ഇടതുമുന്നണിയോ ഐക്യമുന്നണിയോ രൂപം കൊടുത്ത സമരമല്ല. ഒരു സമുദായത്തിന്റെയും സമരമല്ല, ഒരു സംഘടനയുടെയും സമരമല്ല. ഒരു പാര്‍ട്ടിയെയും നേതാവിനെയും ആശ്രയിച്ചല്ല ഈ സമരം മുന്നോട്ടു പോകുന്നത്. വിദ്യാര്‍ഥികളും സ്ത്രീകളും നേതൃത്വം നല്‍കുന്ന അവര്‍ മുന്നോട്ടു കൊണ്ടുപോകുന്ന ചരിത്രമുന്നേറ്റമാണ്. കേരളത്തിലെ അധികാരരാഷ്ട്രീയത്തിന്റെ ഇട്ടാവട്ടത്തിനുമപ്പുറം ജനാധിപത്യ ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന സമരമാണ്. ആ സമരത്തെ അടിക്കാന്‍ സംഘപരിവാറിന് വടി വെട്ടിനല്‍കുന്ന സങ്കുചിതമായ സമീപനമാണ് കേരളത്തിന്റെ മുഖ്യമന്ത്രി സ്വീകരിച്ചത്. തിരുത്തൂവെന്ന് ഒരു കത്തെഴുതിയാല്‍ പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ രാഷ്ട്രീയവും വീണുകിട്ടിയ വളച്ചൊടിക്കാവുന്ന ആയുധം താഴെ വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവോ മുഖ്യമന്ത്രി?  

ഈ വിഭാഗീയഅജന്‍ഡയ്ക്കെതിരെ മുഖാമുഖം നില്‍ക്കുകയാണ് രാജ്യം എന്നോര്‍ക്കാനുള്ള രാഷ്ട്രീയപക്വത മുഖ്യമന്ത്രിക്കുണ്ടായില്ല. മുസ്‍ലിങ്ങളുടെ സമരമാണ് പ്രശ്നം, അതിനു പിന്നിലുള്ള വിഭാഗീയതയാണ് പ്രശ്നം എന്ന ബി.ജെ.പി. വാദത്തിനിടയിലേക്കാണ് മുഖ്യമന്ത്രി എസ്.ഡി.പി.ഐയെ കൊണ്ടുവച്ചു കൊടുത്തത്. എസ്.ഡി.പി.ഐ എന്നാല്‍ മുസ്‍ലിം സമുദായമല്ലെന്നും സമുദായത്തിന്റെ പിന്തുണയില്ലാത്ത ഭീകരവാദം പ്രചരിപ്പിക്കുന്ന പ്രസ്ഥാനമാണ് അതെന്നുമുള്ള വ്യത്യാസം കേരളത്തിനു മാത്രം മനസിലാകുന്നതാണ്. ഇന്ത്യയിലെ  പൗരത്വസമരത്തെ കേരളം നയിക്കുന്നുവെന്ന് അഭിമാനിക്കുന്നവര്‍ ദേശീയതാല്‍പര്യത്തില്‍ ചിന്തിച്ചിരുന്നെങ്കില്‍ ഈ പ്രസ്താവന ഇങ്ങനെയാകുമായിരുന്നില്ല. പ്രതിപക്ഷത്തെയും മുസ്‍ലിംലീഗിനെയും പ്രതിരോധത്തിലാക്കാന്‍ സ്വീകരിക്കുന്ന സമീപനത്തിന്റെ പ്രത്യാഘാതവും ദുരുപയോഗസാധ്യതയും ദീര്‍ഘവീക്ഷണമുള്ള ഏതു നേതാവിനും മുന്‍കൂട്ടി കാണാന്‍ കഴിയേണ്ടതാണ്. പറയുന്നതിന്റെ ധ്രുവീകരണസാധ്യത മനസിലാക്കാതെ പിണറായി വിജയനെപ്പോലെ ഒരു നേതാവ് സംസാരിക്കില്ലെന്നുറപ്പാണ്. പക്ഷേ കേരളത്തിന്റെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തെയും അധികാരസാധ്യതകളെയും മാത്രം മുന്നില്‍ കണ്ടു നിലപാടെടുക്കുന്നത് ഈ ഘട്ടത്തില്‍ ചെയ്യാന്‍ പാടില്ലാത്ത അപരാധമാണ്.  

കേരളത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നും ദുരുപയോഗം ചെയ്തുവെന്നും വിലപിച്ചതുകൊണ്ട്  പ്രയോജനമില്ല. പകരം എസ്.ഡി.പി.ഐയുടെ ധ്രുവീകരണശ്രമങ്ങളില്‍   അതിവേഗ നിയമനടപടികള്‍ സ്വീകരിക്കണം. കര്‍ശനമായി നടപടിയെടുത്ത് ഈ തീവ്രവാദപ്രസ്ഥാനത്തെ ഒറ്റപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണം. എസ്.ഡി.പി.ഐ എന്നാല്‍ തീവ്രവാദമാണെന്നും ഇസ്‍ലാമല്ലെന്നും ബോധ്യപ്പെടുത്താന്‍ കഴിയുന്ന നടപടികള്‍ അതിശക്തമായി സ്വീകരിക്കണം. എസ്.ഡി.പി.ഐയുടെ പേരില്‍  ന്യൂനപക്ഷങ്ങള്‍ ഇനിയും പ്രതിരോധത്തിലാകരുത്. സംഘപരിവാറിനെയും എസ്.ഡി.പി.ഐയെയും ഒന്നിച്ച് ചെറുത്തുതോല്‍പിക്കുകയെന്നതാണ് പ്രധാനമന്ത്രിയുടെ നിഗൂഢപ്രസ്താവനയ്ക്കു നല്‍കേണ്ട ശരിയായ മറുപടി. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...