ഇന്ത്യയുടെ നന്‍മയ്ക്കായി ബിജെപി ഇന്നോളം എന്ത് തീരുമാനമെടുത്തു..?

പൗരത്വനിയമഭേദഗതി എന്ന കുല്‍സിതകൃത്യം കൊണ്ട് ഇന്ത്യന്‍ ജനതയ്ക്ക് ഒരു നേട്ടമുണ്ടായി എന്നത് സമ്മതിക്കാതെ വയ്യ, കഴിഞ്ഞ ആറു വര്‍ഷമായി രാജ്യത്തെ ഗ്രസിച്ചിരുന്ന ഭയത്തില്‍ നിന്ന് മനുഷ്യര്‍ പുറത്തുകടക്കുന്നു. ഏതു ഹീനതന്ത്രങ്ങളെയും അതിജീവിച്ച് രാജ്യത്തെ വീണ്ടെടുക്കാന്‍ അവര്‍ അണിനിരക്കുന്നു. ഭയത്തെ മറികടന്ന മനുഷ്യരെ പിന്നീടൊരിക്കലും അടിച്ചമര്‍ത്താനാകില്ലെന്ന്  ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍  ലോകത്തിനു കാണിച്ചു തരികയാണ്.  പ്രശ്നം പരിഹരിച്ചിട്ടു വന്നാല്‍ കേസ് പരിഗണിക്കാം എന്നു സുപ്രീംകോടതി പറയുന്ന   രാജ്യത്ത്  മുന്നോട്ടു പോകേണ്ടതെങ്ങനെയെന്ന് യുവാക്കള്‍ വഴി കാണിക്കുന്നു. ഭരണഘടനാസ്ഥാപനങ്ങളെല്ലാം നട്ടെല്ലു വളച്ചു നിലംകുത്തി നില്‍ക്കുമ്പോള്‍ രാജ്യത്തെ വീണ്ടെടുക്കാന്‍  ജനത പോരാടുന്ന ചരിത്രസന്ദര്‍ഭത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്.  

ജെ.എന്‍.യുവില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്ന നരനായാട്ട് അവിശ്വസനീയതയോടെയാണ് രാജ്യം കണ്ടു നിന്നത്. രാജ്യതലസ്ഥാനത്ത്, രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളിലൊന്നായ സര്‍വകലാശാലയില്‍ അക്രമികള്‍ അഴിഞ്ഞാടി. ഭരണപക്ഷവിദ്യാര്‍ഥി സംഘടനയ്ക്കു നേരെയാണ് ആദ്യം ചൂണ്ടുവിരല്‍ ഉയര്‍ന്നതെങ്കില്‍, ഭരണകൂടം തന്നെയാണ് പ്രതിക്കൂട്ടിലെന്നു ഉച്ചത്തില്‍ വിളിച്ചു പറയുന്നു സൂചനകള്‍ .  ഒന്നാമത്തെ തെളിവ് ഈ റിപ്പോര്‍ട്ട് തയാറാക്കും വരെ ഒരാള്‍ പോലും അറസ്റ്റിലായിട്ടില്ല. അതു മാത്രമല്ല, ആക്രമണത്തിനിരയായ യൂണിയന്‍ അധ്യക്ഷയും അക്രമസംഭവങ്ങളില്‍ പ്രതിസ്ഥാനത്താണെന്ന വാദവുമായി ഡല്‍ഹി പൊലീസ് രംഗത്തു വന്നു. പക്ഷേ ഇംഗ്ലിഷ് ചാനല്‍ നടത്തിയ ഒളിക്യാമറ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം ഡല്‍ഹി പൊലീസിന്റെ വാദങ്ങള്‍ തകര്‍ന്നുവെന്നു മാത്രമല്ല, പൊലീസ് പ്രതിക്കൂട്ടിലുമായി.  ഒളിക്യാമറ അന്വേഷണത്തില്‍ ഇടതുനേതാവും സമ്മതിക്കുന്നു, സര്‍വര‍് റൂം തകരാറിലാക്കിയതില്‍ ഉത്തരവാദിത്തമുണ്ട്, സമരത്തെ അവഗണിച്ചു നേരിടാനുള്ള സര്‍വകലാശാല അധികൃതരുടെ സമീപനത്തില്‍ പ്രതിഷേധിച്ചാണ് അത്തരത്തിലൊരു സമീപനം സ്വീകരിച്ചത്. പക്ഷേ ഒളിക്യാമറയില്‍ എ.ബി.വി,പിക്കാര്‍ തുറന്നു പറയുന്നു, എങ്ങനെ സഹപാഠികള്‍ക്കെതിരെ ആക്രമണം നടത്തി, അതിന് സംഘടന എന്തു പങ്കു വഹിച്ചു, ആരെല്ലാം വന്നു, ആരൊക്കെയാണ് മഴുവും ഹോക്കി സ്റ്റിക്കുമായി മാരകമായ ആക്രമണം നടത്തിയതെന്ന്. അതിനു മുന്‍പേ  തന്നെ  ആക്രമിച്ചവരുടെ ദൃശ്യങ്ങള്‍ ലോകം കണ്ടതാണ്. അതിനു നടത്തിയ ഒരുക്കങ്ങളുടെ ഡിജിറ്റല്‍ തെളിവുകളിലൂടെ അതാരൊക്കെയെന്ന് ലോകം അറിഞ്ഞതാണ്. അവരുടെ പേരും രാഷ്ട്രീയവും ഉദ്ദേശവുമെല്ലാം തെളിവു സഹിതം ലോകത്തിനു മുന്നിലെത്തിയതാണ്. 

ജാമിയ മിലിയയിലെ സമരത്തില്‍ വേഷം ചൂണ്ടി സമരക്കാരെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രി, കണ്‍മുന്നില്‍ നടന്ന ജെ.എന്‍.യുവിലെ മനുഷ്യവേട്ടയില്‍ ഒരക്ഷരം ശബ്ദിച്ചിട്ടില്ല. സാന്നിധ്യം കൊണ്ട് സമരക്കാര്‍ക്ക് പിന്തുണയറിയിച്ച ദീപിക പദുക്കോണിനെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത ബി.ജെ.പിക്കാര്‍  പറയാതെ പറയുകയും ചെയ്തു, ആരാണ് ജെ.എന്‍.യു സമരക്കാരെ ക്രൂരമായി ആക്രമിച്ചതെന്ന്. 

രാഷ്ട്രീയമെന്നു പോലും വിളിക്കാനാകാത്ത ഹീനമായ ആശയത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് തെളിയിക്കുന്ന മുഖംമൂടികളാണ് ജെ.എന്‍.യുവില്‍ കണ്ടത്. ഭീരുത്വത്തിന്റെ രാഷ്ട്രീയം. നേര്‍ക്കു നേര്‍ നില്‍ക്കാന്‍ ശേഷിയില്ലെന്ന് സ്വയം വിളിച്ചു പറയുന്ന, മസ്തിഷ്കമില്ലാത്ത കൈയൂക്കിന്റെ രാഷ്ട്രീയം.  മഴുവിന്റെ മൂര്‍ച്ചയില്‍ തേഞ്ഞുതീരുന്നതല്ല ആശയസമരമെന്ന് വിദ്യാര്‍ഥികള്‍ തിരിച്ചടിച്ചപ്പോള്‍ പതറിപ്പോയതാരൊക്കെയെന്ന് വെളിപ്പെട്ടത്  ദീപിക പദുക്കോണിന്റെ സാന്നിധ്യത്തിലൂടെയാണ്. ഭരണകൂടത്തിന് അഹിതമായി ചിന്തിക്കാന്‍ സുപ്രീംകോടതിക്കു പോലും ധൈര്യമില്ലാതെ വരുന്ന കാലത്ത് വെറുതേയൊരു സാന്നിധ്യം പോലും എത്ര വലിയ മുദ്രാവാക്യമാണെന്ന് ദീപിക പദുക്കോണ്‍ തെളിയിക്കുന്നു

ഒരക്ഷരം മിണ്ടിയിട്ടില്ല. ഒരു വാക്ക് കുറിച്ചിട്ടുമില്ല, പക്ഷേ ദീപിക പദുക്കോണ്‍ ഈ രാജ്യം ഈ നേരത്ത് ആര്‍ക്കൊപ്പമാണ് നില്‍ക്കേണ്ടതെന്ന് ഒറ്റനില്‍പിലൂടെ ചൂണ്ടിക്കാട്ടി. ആ ഐക്യദാര്‍ഢ്യത്തിലൂടെ ഇന്നത്തെ ഇന്ത്യയില്‍ അവര്‍ക്ക് നേടാന്‍ ഒന്നുമുണ്ടായിരുന്നില്ല, മറിച്ച് നഷ്ടപ്പെടാന്‍ ഏറെയുണ്ടായിരുന്നു താനും. സ്വാഭാവികമായും ദീപികയ്ക്കു നേരെ കൊലവിളികളുയര്‍ന്നു. പക്ഷേ സിനിമയെ തൊട്ടു കളിക്കുന്നത് തല്‍ക്കാലം അപകടകരമാണെന്നു തിരിച്ചറിഞ്ഞ ബി.െജ.പി നിയന്ത്രണം പാലിക്കുന്നതും പിന്നീട് കണ്ടു. ദീപികയുടെ ചിത്രങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത പാര്‍ട്ടി വക്താവില്‍ നിന്നും അകലം പാലിക്കുന്ന പ്രതികരണവുമായി മുതിര്‍ന്ന നേതാവ് പ്രകാശ് ജാവഡേക്കര്‍ രംഗത്തെത്തി

സിനിമയെന്ന മാധ്യമത്തിന്റെ ജനകീയതയുടെ ബലത്തില്‍ ദീപിക പദുക്കോണിന് ബി.ജെ.പി ഔദാര്യം പ്രഖ്യാപിച്ചു. അതല്ലെങ്കില്‍ രാജ്യത്ത് ഇപ്പോള്‍ ഭരണകൂടരാഷ്ട്രീയത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ജനവികാരത്തിന്റെ തീവ്രതയില്‍ ബി.ജെ.പി അപകടം തിരിച്ചറി‍‍ഞ്ഞു. പക്ഷേ എത്രയടക്കിയിട്ടും അടക്കിവയ്ക്കാനാകാതെ സ്മൃതി ഇറാനിയെപ്പോലുള്ളവര്‍ ഇപ്പോഴും വിദ്വേഷാഹ്വാനങ്ങളുമായി എത്തുന്നുണ്ട്. 

സുപ്രീംകോടതി പേടിച്ചു പതുങ്ങിയിരിക്കുന്നിടത്തോളം കാലം പേടിക്കേണ്ടതില്ലെന്ന വിശ്വാസം ബി.ജെ.പിയുടെ ജെ.എന്‍.യു വേട്ടയില്‍ കാണാം. ജെ.എന്‍യുവിനോട്  പറഞ്ഞത് സുപ്രീംകോടതി ഇപ്പോള്‍ രാജ്യത്തോടും പറഞ്ഞു കഴിഞ്ഞു. അക്രമം നിര്‍ത്തിയാല്‍ ആവലാതി കേള്‍ക്കാം.  നീതിബോധത്തെ വെല്ലുവിളിച്ച്  ഇതേ നിസംഗത തുടരാന്‍ സുപ്രീംകോടതിക്ക് എത്ര കാലം കഴിയും? ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു നേരെ മുന്നില്‍ ഗോ ബാക്ക് വിളിക്കാന്‍ രണ്ടു സ്ത്രീകള്‍ നിവര്‍ന്നുനില്‍ക്കുന്ന കാലത്തും സുപ്രീംകോടതി ഒളിച്ചു കളിക്കുന്നത് എന്തുകൊണ്ടാണ്?

പൗരത്വനിയമത്തെ പിന്തുണയ്ക്കുന്നവരെ കണ്ടോളൂ എന്ന ഹുങ്കുമായി തലസ്ഥാനത്തെ ബി.ജെ.പി കോട്ടയില്‍ ഇറങ്ങിയ ആഭ്യന്തരമന്ത്രിയെയും പാര്‍ട്ടിയെയും വിറപ്പിച്ചത് രണ്ടു സ്ത്രീകളാണ്. അതിലൊരാള്‍ മലയാളി. ഈ ധൈര്യമാണ് പൗരത്വനിയമഭേദഗതി പ്രക്ഷോഭം ഇന്ത്യയ്ക്കു നല്‍കിയ ആത്മവിശ്വാസം. സമഗ്രാധിപത്യ പ്രതികാര മനോഭാവമുള്ള ഒരു ഭരണകൂടത്തെ പേടിച്ചരണ്ട് മാറിനില്‍ക്കേണ്ടതില്ലെന്ന് ഓരോ ഇന്ത്യക്കാരനും പരസ്പരം കൈമാറുന്ന ആത്മവിശ്വാസം. തലയ്ക്കടിച്ചുവീഴ്ത്തിയാലും വീണ്ടും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന മുദ്രാവാക്യങ്ങള്‍ മോദി ഭരണകൂടത്തെ പിടിച്ചു കുലുക്കുകയാണ്. ജെ.എന്‍.യു മാത്രമല്ല, രാജ്യത്തെമ്പാടുമുള്ള സര്‍വകലാശാലകളില്‍ ഉയരുന്ന പ്രതിഷേധശബ്ദങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്ത് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. അവിശ്വസനീയമായി തോന്നാവുന്നത് സുപ്രീംകോടതിയുടെ നിസംഗതയും നിഷേധാത്മകതയുമാണ്. ജെ.എന്‍.യുവിലെ പൊലീസ്  നടപടിക്കെതിരെ ഇടപെടല്‍ ആവശ്യപ്പെട്ട് ഹര്‍ജിയെത്തിയപ്പോള്‍ സുപ്രീംകോടതി പറഞ്ഞത് അക്രമം നിര്‍ത്തിയിട്ടു വന്നാല്‍ മതിയെന്നാണ്. പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ പെട്ടെന്ന് ഇടപെടല്‍ വേണമെന്ന ആവശ്യം മുന്നിലെത്തിയപ്പോഴും സുപ്രീംകോടതി ഇതു തന്നെ പറയുന്നു. ആദ്യം അക്രമം അവസാനിപ്പിക്കട്ടെ, ഇടപെടല്‍ അതിനു ശേഷം എന്ന്. കശ്മീരില്‍ ആറുമാസമായി ഏര്‍പ്പെടുത്തിയിരിക്കുന്ന മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്ന ഹര്‍ജി വിശദമായി പഠിച്ച് സുപ്രീംകോടതി പറയുന്നു, കാര്യം ശരിയാണ്. ഇത്തരം നിയന്ത്രണങ്ങള്‍ മൗലികാവകാശങ്ങളുടെ ലംഘനമാണ്. പക്ഷേ സര്‍ക്കാര്‍ തന്നെ അത് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണം. അനീതിയും അന്യായവും ഉണ്ടായേക്കാം, പക്ഷേ സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്ന് സുപ്രീംകോടതി പറയുന്ന ഒരു കാലം ഇന്ത്യന്‍ ചരിത്രത്തില്‍ ഇതിനു മുന്‍പുണ്ടായിട്ടുണ്ടോ? ജസ്റ്റിസ് ലോയയുടെ മരണമാണ് ന്യായാധിപന്‍മാരുടെ നീതിബോധത്തിന്റെ മാനദണ്ഡം തീരുമാനിക്കുന്നതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്ന അവസ്ഥ ഇന്ത്യന്‍ നീതിന്യായചരിത്രത്തിലെ ദാരുണമായ ഏടാണ്. പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട എല്ലാ ഹര‍്ജികളും സുപ്രീംകോടതിയിലേക്ക് എത്തിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത് കേന്ദ്രമാണ് എന്നോര്‍ക്കുക.  മറ്റെവിടെയും മറ്റൊരു കോടതിയിലും പൗരത്വനിയമഹര്‍ജികള്‍ പരിഗണിക്കപ്പെടരുത് എന്ന് കേന്ദ്രം നിഷ്കര്‍ഷ പുലര്‍ത്തുന്നത് നിഷ്കളങ്കമല്ലെന്ന് സുവ്യക്തം. 

കോടതിയുടെ മൗനത്തില്‍ മുങ്ങിയ പിന്തുണയുണ്ടായിട്ടും പൗരത്വനിയമഭേദഗതിക്കനുകൂലമായി ജനങ്ങളെ അണിനിരത്താന്‍ പ്രധാനമന്ത്രി തന്നെ നേരിട്ടു രംഗത്തിറങ്ങിയിട്ടും പ്രതിഷേധം ഒരല്‍പം പോലും തണുപ്പിക്കാനായിട്ടില്ലെങ്കിലും ബി.ജെ.പി. പിന്നോട്ടില്ല. നിയമം നടപ്പാക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു.  കാരണം അതൊരു വെറും തീരുമാനമല്ല, സുചിന്തിതമായ ഒരു അജന്‍ഡയാണ്. വഴിയിലുപേക്ഷിച്ചുകളയാവുന്ന നേട്ടമല്ല ഈ നിയമഭേദഗതിയിലൂടെ ബി.ജെ.പി ഉന്നം വയ്ക്കുന്നത്. ബി.െജ.പി ഇന്ത്യയുെട നന്‍മയെക്കരുതി കൈക്കൊണ്ടിട്ടുള്ള ഒരു തീരുമാനം ഇന്ത്യക്കാരന് ഓര്‍ത്തെടുക്കാനാകുമോ?

പ്രധാനമന്ത്രി അങ്ങനെ പിന്‍മാറുന്നയാളല്ലെന്ന് അമിത് ഷാ വിളംബരം നടത്തുന്നത്, രാജ്യത്തിന് നേട്ടമുണ്ടാക്കുന്ന ഒരു തീരുമാനത്തെക്കുറിച്ചല്ലെന്നോര്‍ക്കുക. തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ എന്തു ചെയ്യണമെന്നറിയാതെ ധനമന്ത്രിയെ ഒഴിവാക്കി വ്യവസായികളോട് ചര്‍ച്ച നടത്തുന്ന പ്രധാനമന്ത്രി  ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയ്ക്കു വേണ്ടിയല്ല ഈ മര്‍ക്കടമുഷ്ടി കാണിക്കുന്നത്. രാജ്യം നേരിടുന്ന കനത്ത പ്രതിസന്ധികളിലൊന്നെങ്കിലും പരിഹരിക്കാനോ സുതാര്യമായി ജനങ്ങളോട് സംസാരിക്കാനോ പ്രധാനമന്ത്രി ഒരു സെക്കന്റു പോലും വിനിയോഗിച്ചിട്ടില്ല. പക്ഷേ പൗരത്വഭേദഗതിയെക്കുറിച്ച് പ്രചാരണം നടത്താന്‍ അദ്ദേഹത്തിനു സമയമുണ്ട്. ജാമിയ മിലിയ സര്‍വകലാശാലയില്‍ പ്രക്ഷോഭത്തിനിടെ സംഘര്‍ഷമുണ്ടായപ്പോള്‍ അക്രമസമരം ഇന്ത്യന്‍ സംസ്കാരത്തിലുള്ളതല്ലെന്നു ട്വീറ്റ് ചെയ്ത പ്രധാനമന്ത്രി ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളെ ക്രൂരമായി ആക്രമിച്ചതിനെപ്പറ്റി മിണ്ടിയിട്ടില്ല. പ്രശ്നം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മാത്രമല്ല, അവര്‍ മുന്നില്‍ വയ്ക്കുന്ന രാഷ്ട്രീയമാണ്. ബി.ജെ.പി. ക്രിയാത്മകമായ ഒരു രാഷ്ട്രീയപ്രക്രിയയില്‍ ഇടപെട്ടത് നമുക്ക് ഓര്‍മയുണ്ടോ? തകര്‍ക്കുക, ഇല്ലാതാക്കുക, എന്നല്ലാതെ ക്രിയാത്മകമായ ഒരു സംവാദം പോലുമില്ല ഈ രാഷ്ട്രീയത്തില്‍. എതിര്‍ക്കുന്നവരെ, ചോദ്യം ചോദിക്കുന്നവരെ ആക്ഷേപിച്ചു നേരിടുക. അവരുടെ മതം, വിശ്വാസം, വ്യക്തിത്വം ഇതെക്കുറിച്ചെല്ലാം ആക്ഷേപങ്ങള്‍ വിളിച്ചുപറയുക. അതൊന്നും കൂടാതെ ഇപ്പോള്‍ കേരളത്തോടു ചെയ്യുന്നതു നോക്കൂ.  അര്‍ഹമായ ധനവിഹിതം പോലും നിേഷധിച്ച് കേരളത്തെ ശ്വാസം മുട്ടിക്കുകയാണ് ബി.െജ.പി സര്‍ക്കാരെന്ന് തുറന്നു പറയുന്നത് സംസ്ഥാനത്തിന്റെ ധനമന്ത്രിയാണ്. 

മോദി സര്‍ക്കാര്‍ വന്‍ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരമേറിയിട്ട് ഏഴു മാസം തികഞ്ഞതേയുള്ളൂ. ഈ ഏഴുമാസം കൊണ്ട് ഇന്ത്യയില്‍ രണ്ടാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ മുന്‍ഗണനകള്‍ എന്തെല്ലാമാണെന്നു വിലയിരുത്തിയാല്‍ ഏതു മനുഷ്യനും അല്‍ഭുതപ്പെടും. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍, കശ്മീര്‍ പുനഃസംഘടന, സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് രാമക്ഷേത്രനിര്‍മാണമെന്ന പ്രഖ്യാപനം, ഇപ്പോള്‍ പൗരത്വനിയമഭേദഗതി, പൗരത്വപട്ടിക. ഏഴുമാസത്തിനിടെ ഇന്ത്യയ്ക്ക് രണ്ടാം മോദി സര്‍ക്കാര്‍ നല്‍കിയ അനുഗ്രഹങ്ങളുടെ പട്ടിക ഇങ്ങനെയാണ്. തല്‍സമയം ഇന്ത്യയുടെ അവസ്ഥയെന്താണ്? പതിറ്റാണ്ടിലെ ഏറ്റവും മോശം സാമ്പത്തികാവസ്ഥ, നാല്‍പതാണ്ടിലെ ഏറ്റവും മോശം തൊഴിലില്ലായ്മ. തീര്‍ത്തും അരക്ഷിതമായി മാറുന്ന ഇന്ത്യന്‍ പൗരന്റെ ജീവിതം. അതിനിടെയാണ് പരസ്പരം ഭിന്നിപ്പിക്കാന്‍ ഭരണകൂടം മനഃപൂര്‍വം പ്രകോപനമുണ്ടാക്കുക കൂടി ചെയ്യുന്നത്.

അപരന്‍മാരെ ഉണ്ടാക്കുകയാണ്, അതുമാത്രമാണ് ഇപ്പോള്‍ ബി.ജെ.പി. നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനം. നമ്മളല്ലാത്തവര്‍, നമ്മളില്‍ പെടാത്തവര്‍, നമുക്കൊപ്പം തുല്യരല്ലാത്തവര്‍, നമ്മുടേതല്ലാത്ത വിശ്വാസമുള്ളവര്‍. അപരന്‍മാരെ ചൂണ്ടിക്കാണിക്കുക.  നീതിക്കു വേണ്ടി സംസാരിക്കുന്നവരെ  ബഹിഷ്കരിക്കാനും ഒറ്റപ്പെടുത്താനും ആഹ്വാനം ചെയ്യുന്ന ബി.െജ.പി ഒരിക്കലെങ്കിലും സൃഷ്ടിപരമായി രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടുണ്ടോ? ഈ വിദ്വേഷരാഷ്ട്രീയത്തില്‍ നിന്ന് ഇന്ത്യയ്ക്ക് മോചനം വേണം. മനുഷ്യരെ തമ്മില്‍ തല്ലിപ്പിക്കുകയല്ലാതെ ഒന്നിച്ചു നിര്‍ത്തുന്ന മാനവികസമീപനം പുലര‍്ത്തുന്ന രാഷ്ട്രീയത്തിനേ ഇന്ത്യയില്‍ സ്ഥാനമുള്ളൂവെന്ന് ബോധ്യപ്പെടുത്തുകയാണ് ഈ പ്രക്ഷോഭത്തിന്റെ കടമ. ഓര്‍ത്തോളൂ,  നിങ്ങള്‍ പറയുന്നത് വെറുക്കാനാണ്. വെറുക്കാന്‍ മാത്രമാണ്. സ്നേഹിക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്നവരുടേതാണ് ഈ രാജ്യമെന്ന് ജനത തന്നെ നിങ്ങളെ ബോധ്യപ്പെടുത്തും. അല്‍പം വൈകിയിട്ടായാലും അതു സംഭവിക്കുക തന്നെ ചെയ്യുമെന്ന് ഭയത്തെ മറികടന്ന മനുഷ്യര്‍ വിളിച്ചു പറയുന്നുണ്ട്.