ബിജെപിയോടാണ്, ഇന്ത്യ നിങ്ങളുടെ ശത്രുരാജ്യമല്ല; കേരളം ശത്രുനാടുമല്ല..!

Parayathe-Vayya-04_01
SHARE

ഒരു ഇന്ത്യക്കാരനോട് നിങ്ങള്‍ പേടിക്കേണ്ട, നിങ്ങളെ ആരും ഒന്നും ചെയ്യില്ല എന്നു പറയാന്‍ മറ്റൊരിന്ത്യക്കാരന് എന്ത് അവകാശമാണുള്ളത്? ഇന്ത്യയെന്ന മതേതരരാജ്യത്ത്, ന്യൂനപക്ഷങ്ങള്‍ പേടിക്കേണ്ട എന്നു പറയാന്‍ ഈ ഭൂരിപക്ഷത്തിനുള്ള അര്‍ഹതയെന്താണ്? പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും  ഉള്ള തുല്യാവകാശം ഈ രാജ്യത്തെ ഒരു ന്യൂനപക്ഷവിഭാഗക്കാരനുമുണ്ട്. നിങ്ങള്‍ പേടിക്കേണ്ട എന്ന  ആശ്വാസവാചകം പോലും അപരവല്‍ക്കരണമാണ് എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്  പൗരത്വനിയമ ഭേദഗതിക്കെതിരെ

ജനങ്ങള്‍  പ്രതിഷേധിക്കുന്നത്.  ഇന്ത്യയെ  മതരാഷ്ട്രമാക്കാനുള്ള അപകടകരമായ നീക്കത്തെ ചെറുക്കാന്‍   തെരുവിലിറങ്ങിയിരിക്കുന്ന പ്രതിഷേധക്കാരെ എന്തു പറഞ്ഞാണ് മോദി സര്‍ക്കാര്‍ പേടിപ്പിക്കാന്‍ ശ്രമിക്കുന്നത്? ജനാധിപത്യത്തിന് ഈ നീക്കം സമ്മതിച്ചു തരാനാവില്ലെന്ന് കേരളത്തിന്റെ ജനപ്രതിനിധികള്‍ പ്രതിരോധിക്കുമ്പോള്‍,   മുഖ്യമന്ത്രിയെ  ചട്ടം പഠിപ്പിച്ചു കാണിച്ചു തരാമെന്ന് നിങ്ങള്‍ ആരെയാണ് പേടിപ്പിക്കുന്നത്?  

ഇന്ത്യയുടെ പ്രധാനമന്ത്രി പ്രതിഷേധിക്കുന്ന ഇന്ത്യക്കാരോട് പറയുന്നതാണ്. പാര്‍ലമെന്റിനോടല്ല, പാക്കിസ്ഥാനോട് പോയി പ്രതിഷേധിക്കൂവെന്ന്.  എന്തിനാണീ പ്രതിഷേധമെന്ന് പ്രധാനമന്ത്രിക്ക് മനസിലാകാത്തതല്ല.  

ഇന്ത്യ, സ്വന്തം ഭരണകര്‍ത്താവില്‍ നിന്നു കേട്ടിട്ടുള്ള ഏറ്റവും ജനാധിപത്യവിരുദ്ധമായ പ്രസ്താവനയാണിത്. ആരും പേടിക്കേണ്ട. നിങ്ങളെ ആരും ഒന്നും ചെയ്യില്ല. ആഭ്യന്തരമന്ത്രി അമിത്് ഷായും അതേ വാക്കുകള്‍ ആവര്‍ത്തിക്കുന്നു. രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ തുടരുമ്പോഴും ഒരിഞ്ചു പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുന്നു 

ആരും പേടിക്കേണ്ടെന്ന് ആരെങ്കിലും ആവര്‍ത്തിച്ചു പറയുന്നുവെങ്കില്‍ അവിടെ തന്നെ ഒരു കാര്യം വ്യക്തമാണ്.  പേടിപ്പിക്കാനുദ്ദേശിച്ചു തന്നെയാണ് ഈ ആശ്വസിപ്പിക്കല്‍.  അങ്ങനെ ആശ്വസിപ്പിക്കാന്‍ ഈ സര്‍ക്കാരിനും പാര്‍ട്ടിക്കുള്ള അധികാരമെന്താണ്?   ഈ രാജ്യത്തു ജനിച്ചു വളര്‍ന്നൊരു ഇന്ത്യക്കാരനോട് നിങ്ങള്‍ പേടിക്കേണ്ട, നിങ്ങളെ ഞങ്ങളൊന്നും ചെയ്യില്ല എന്നു പറയാന്‍ നിങ്ങളാരാണ് എന്നാണ് പൗരത്വനിയമത്തെ അനുകൂലിച്ചു മുന്നില്‍ വരുന്നവരോട് ഇന്ത്യന്‍ പൗരന്‍മാര്‍ ചോദിക്കേണ്ടത്.  

മതത്തിന്റെ പേരില്‍ രാജ്യത്തെ മനുഷ്യരെ വേര്‍തിരിച്ചുകാണരുത് എന്നു മാത്രമാണ്  ജനങ്ങള്‍ ആവശ്യപ്പെടുന്നത് എന്നോര്‍ക്കുക. ഇന്ത്യ എന്ന മതേതരരാജ്യത്തിന്റെ പൗരത്വം ലഭിക്കുന്നതിന് മതം മാനദണ്ഡമായിക്കൂടാ എന്നു മാത്രമാണ് ജാതിമതഭേദമില്ലാതെ  തെരുവില്‍ ഇറങ്ങുന്നവരെല്ലാം ആവശ്യപ്പെടുന്നത്. അവരോട് മതം നോക്കിയേ ഞങ്ങള്‍ പൗരത്വം നല്‍കൂവെന്നു പറയുന്നതിന് ഒരു കാരണമുണ്ടല്ലോ? എന്താണ് ആ കാരണം? മതം നോക്കിയേ ഇന്ത്യയിലെ പൗരത്വം അനുവദിക്കാനാവൂ എന്ന് പ്രഖ്യാപിക്കാന്‍ മോദി ഭരണകൂടത്തിനുള്ള  അജന്‍ഡയെന്താണ്? മതരാഷ്ട്രം എന്ന സംഘപരിവാര്‍ അജന്‍ഡ ഒളിമറ നീക്കി  അരങ്ങത്തെത്തിയിരിക്കുന്നത് നോക്കുകുത്തിയായി  കണ്ടിരിക്കണോ രാജ്യം? ജനങ്ങള്‍ തിരഞ്ഞെടുത്തതാണ് ഞങ്ങളുടെ അധികാരമെന്നു നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രഭരണകൂടം തന്നെ അതേ ജനാധിപത്യത്തിന്റെ അധികാരത്തില്‍ പ്രതികരിക്കുന്ന കേരളത്തെ മൂക്കില്‍ വലിച്ചു കയറ്റുമെന്ന് പ്രഖ്യാപിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? സംഘരാഷ്ട്രീയത്തോടാണ്, ജനാധിപത്യത്തിന് നിങ്ങള്‍ മനസിലാക്കിയിരിക്കുന്ന അര്‍ഥമെന്താണ്? 

കഴിഞ്ഞ ഒരു മാസത്തോളമായി രാജ്യം മുഴുവന്‍ പൗരത്വനിയമഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുകയാണ്. അതിശക്തമായ അണിനിരന്ന സംസ്ഥാനമാണ് കേരളം. ഭരണപ്രതിപക്ഷഭേദമില്ലാതെ സമരരംഗത്തെത്തിയ സംസ്ഥാനം. കേരളത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത മുഴുവന്‍ ജനപ്രതിനിധികളാണ് നിയമസഭയില്‍ പൗരത്വനിയമഭേഗദഗതിക്കെതിരെ കരുത്തുറ്റ പ്രതിരോധം തീര്‍ത്തത്.  

ഒരേയൊരാള്‍ മാത്രം പ്രമേയത്തെ എതിര്‍ത്തു. പക്ഷേ അദ്ദേഹത്തിനു പോലും പ്രമേയത്തെ എതിര്‍ത്തുവെന്ന് സാങ്കേതികമായി സ്ഥാപിക്കാന്‍ തോന്നിയില്ല. മനഃസാക്ഷിക്കു നിരക്കാത്തതുകൊണ്ടാണോയെന്ന സംശയം തീര്‍ക്കാന്‍ ബി.ജെ.പിക്ക് ഇതുവരെ പറ്റിയിട്ടുമില്ല.  

കേരളം മുന്നോട്ടു വച്ചത് ജനാധിപത്യത്തിന്റെ ഉജ്വലമായ പ്രതിഷേധമാതൃകയാണ്. അതില്‍ ഒറ്റക്കെട്ടായി നിന്ന ഇടതുമുന്നണിയും ഐക്യമുന്നണിയും അഭിവാദ്യങ്ങള്‍ അര്‍ഹിക്കുന്നു. പക്ഷേ കേരളത്തിന്റെ ഒത്തൊരുമയില്‍ അഭിരമിക്കാനുള്ള നേരമേ അല്ല ഇത് എന്നും പ്രത്യേകം ഓര്‍മിക്കേണ്ടതുണ്ട്.  ചെറുത്തുനില്‍പുകളുടെ പ്രഹരത്തില്‍ ജനാധിപത്യത്തിന്റെ ശക്തിയെത്രയെന്ന് കേന്ദ്രഭരണകൂടം തിരിച്ചറിഞ്ഞാലും അവഗണിക്കുമെന്നുറപ്പാണ്.  

പൗരത്വനിയമത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്,  ഇതാണ് നീതി,  ഇതാണ് ശരി, ഇതു പൂര്‍ണമായും ശരിയാണ് എന്നു പറയാനാവാത്തതുകൊണ്ട്  ഇന്ത്യന്‍ പ്രധാനമന്ത്രി  പാക്കിസ്ഥാനോടു പ്രതിഷേധിക്കൂവെന്ന്  ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നത്. പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരളത്തിന്റെ മുഖ്യമന്ത്രിയെ നടപടിയെടുത്തു പേടിപ്പിക്കണം  എന്ന് ബി.ജെ.പി. ആവശ്യപ്പെടുന്നത്. ജനാധിപത്യത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ പോലും മാനിക്കാത്തവരാണ് രാജ്യം ഭരിക്കുന്നത് എന്ന് വീണ്ടും വീണ്ടും തിരിച്ചറിയുമ്പോഴാണ് ജനാധിപത്യഇന്ത്യയെ വീണ്ടെടുക്കാനുള്ള അവസാനപ്രതിരോധങ്ങളില്‍  ഒന്നാണിതെന്ന് പ്രത്യേകം ഓര്‍മിക്കേണ്ടത്. 

ജനാധിപത്യം എന്നത് ജനങ്ങളുടെ ആധിപത്യമാണ്. ജനാധിപത്യം ഏല്‍പിച്ച അധികാരമാണ് മോദി സര്‍ക്കാര്‍ കൈയാളുന്നത്. കേരളത്തിലെ നിയമസഭാംഗങ്ങളും കൈയാളുന്നത് അതേ അധികാരമാണ്. ജനങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും കണക്കിലെടുത്ത് തീരുമാനങ്ങളെടുക്കുകയെന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനപാഠം.  

പക്ഷേ കേരളത്തിലെ മുഴുവന്‍ ജനപ്രതിനിധികളും ഒന്നിച്ചു പാസാക്കിയ പ്രമേയത്തെക്കുറിച്ച് കേരളത്തിന്റെ ഗവര്‍ണര്‍ക്ക് കടുത്ത ചില ആശങ്കകളുണ്ട്. അതിലൊന്ന് ഈ പ്രമേയം പാസാക്കാനുണ്ടായ ചെലവാണ്. മറ്റൊന്ന് അതുകൊണ്ട് ഒരു പ്രയോജനവുമില്ലല്ലോ എന്ന ആധിയാണ്. ഇതൊക്കെ പരസ്പരം പൊരുത്തപ്പെടുന്നില്ലെന്ന് തോന്നുന്നതുകൊണ്ടായിരിക്കണം അറ്റകൈയ്ക്ക് ഭീഷണി വരെ പ്രയോഗിച്ചു കേരളാഗവര്‍ണര്‍. 

ഇന്നേവരെ ഒരു ഗവര്‍ണറും ചെയ്യാത്തതുപോലെ കേന്ദ്രം ഏകപക്ഷീയമായി പാസാക്കിയ നിയമത്തിനു വേണ്ടി രാഷ്ട്രീയപ്രസംഗം നടത്തുന്നതെന്തിന് എന്ന സംശയത്തിന് ഗവര്‍ണറുടെ നിഷ്കളങ്കമായ ചോദ്യങ്ങള്‍ മറുപടി നല്‍കും.   

എന്നു വച്ചാല്‍ നിങ്ങളുടെ തലയ്ക്കല്ല അടികിട്ടുന്നതെങ്കില്‍ കണ്ണടച്ചിരുന്നേക്കണം. വേറെയാരെയെങ്കിലും തല്ലുന്നുണ്ടോ, കൊല്ലുന്നുണ്ടോ എന്നൊന്നും അന്വേഷിക്കരുത്. നാളെ തല്ലുകിട്ടുന്നത് നിങ്ങള്‍ക്കായിരിക്കുമോ എന്നും ചിന്തിച്ച് യുക്തിപൂര്‍വം പെരുമാറരുത്. ചുരുക്കിപ്പറഞ്ഞാല്‍ നീതിബോധവും മനുഷ്യത്വവും അടിയറവ് വച്ചാല്‍ മാത്രം മനസിലാകുന്ന രാഷ്ട്രീയപ്രത്യയശാസ്ത്രമാണ് അത്. ഈ നിലപാട് ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയുടെ  പ്രശ്നമല്ല.  മറിച്ച് പിന്തുടരുന്ന രാഷ്ട്രീയം കുത്തിവയ്ക്കുന്ന അധമത്വമാണ് എന്നതിന് കേരളത്തില്‍ തന്നെ ബി.ജെ.പിയിലേക്കു ചേക്കേറിയ ഒട്ടേറെ യോഗ്യന്‍മാര്‍ ഇന്ന് സാക്ഷ്യം പറയുന്നുണ്ട്.  

പൗരത്വനിയമത്തിനെ അനുകൂലിച്ചും എതിര്‍ത്തുമുള്ള ചര്‍ച്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ട ചോദ്യമായി ബി.െജ.പിയും കേന്ദ്രസര്‍ക്കാരും ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഇതാണ്. ഇത് നിങ്ങളെ ബാധിക്കുന്നുണ്ടോ? നിങ്ങള്‍ക്ക് പൗരത്വം നഷ്ടപ്പെടുന്നില്ലല്ലോ, പിന്നെന്തിന് ബഹളമുണ്ടാക്കുന്നു എന്ന്. അഥവാ മുസ്‍ലിങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ അവര്‍ ഒറ്റയ്ക്ക് സമരം ചെയ്യട്ടെയെന്ന്. അപ്പോള്‍ വേഷവും രൂപവും നോക്കി അവരെ ചൂണ്ടിക്കാട്ടി ഒറ്റപ്പെടുത്തി കൈകാര്യം ചെയ്യാന്‍ എളുപ്പമാണല്ലോ. ആ കുരുക്കില്‍ വീഴാതെ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ഇന്ത്യന്‍ പൗരസമൂഹമാണ് ബി.െജ.പിക്കു പ്രഹരമായത്. ജനാധിപത്യത്തിന്റെ നെടുംതൂണുകളാണ് ബി.ജെ.പി ലക്ഷ്യം വച്ചിരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമായി തിരിച്ചറിയുന്നു.  ആദ്യം ഒരു മതവിഭാഗത്തെ അരക്ഷിതരാക്കി അധികാരത്തുടര്‍ച്ച ഉറപ്പിക്കുക. അധികാരം ചോദ്യം ചെയ്യപ്പെടാത്ത കാലത്തെത്തിയാല്‍, ഓരോ പൗരസമൂഹവും ഇരയാക്കപ്പെടുമെന്നും പൗരാവകാശങ്ങള്‍ ഇല്ലാതാകുമെന്നും ജനാധിപത്യം തന്നെയാണ് ഭീഷണി നേരിടുന്നതെന്നും തിരിച്ചറിഞ്ഞവരാണ് പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നത്.  

പാര്‍ലമെന്റിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുവെന്നാണ് കേരളത്തിന്റെ നീതിബോധത്തിനു ബി.ജെ.പി. കണ്ടെത്തിയിരിക്കുന്ന കുറ്റം. നിയമസഭയില്‍ സംസാരിച്ച ഓരോ അംഗവും എണ്ണിയെണ്ണി ചൂണ്ടിക്കാണിച്ച അനീതികള്‍ക്കൊന്നിനും വസ്തുതാപരമായ മറുപടി പറയാന്‍ പോലും ബി.ജെ.പിക്ക് കഴിയുന്നില്ല. പകരം ചട്ടങ്ങളും പഴുതുകളും പൊക്കിയെടുത്ത് ചോദ്യങ്ങളെ നിശബ്ദമാക്കാനാണ് ശ്രമം.  

തമാശ അതൊന്നുമല്ല, കേരളാനിയമസഭ പാസാക്കുന്ന പ്രമേയത്തിന് കടലാസു വില പോലുമില്ലെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചതാണ് ബി.െജ.പി.സംസ്ഥാനനേതൃത്വം. പക്ഷേ സഭ പ്രമേയം പാസാക്കിയപ്പോള്‍ അത്  ഭരണഘടനാപ്രശ്നമായി, പാര്‍ലമെന്റിന്റെ അവകാശലംഘനമായി, ഏറ്റവും ഗുരുതരമായ വെല്ലുവിളിയായി. വിലയില്ലാത്ത ഒരു കടലാസിന്റെ പേരിലാണോ ബി.ജെ.പി മുഖ്യമന്ത്രിയെ ശിക്ഷിക്കണം എന്നാവശ്യപ്പെടുന്നതെന്നു ചോദിച്ചാല്‍ അതിപ്പോ, ഒന്നിനുമില്ലൊരു നിശ്ചയം എന്ന് നമ്മളങ്ങ് മനസിലാക്കിയാല്‍ മതി. 

കേരളത്തെ ഒരു ഒറ്റപ്പെട്ട തുരുത്തായി അവതരിപ്പിച്ച് രാഷ്ട്രീയമായി നേരിടാന്‍ ബി.ജെ.പി. ശ്രമിക്കുമ്പോള്‍ രാഷ്ട്രീയനേട്ടമല്ല ലക്ഷ്യമെന്ന സന്ദേശവുമായി കേരളം മുന്നോട്ടു പോകണം. കേരളത്തിന്റെ ഗവര്‍ണര്‍ ഗവര്‍ണറെപ്പോലെയല്ല പെരുമാറുന്നത് എന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ആവലാതിപ്പെടുന്നു.  ഗവര്‍ണറെപ്പോലെയല്ല പെരുമാറുന്നതെങ്കില്‍ ഗവര്‍ണര്‍ക്കുള്ള ബഹുമാനം എങ്ങനെ ആവശ്യപ്പെടുമെന്ന് അദ്ദേഹം ചിന്തിക്കേണ്ടതാണ് . പക്ഷേ ഗവര്‍ണറുടെ രാഷ്ട്രീയദൗത്യം തിരിച്ചറിയാതെ  ആ ചൂണ്ടക്കൊളുത്തില്‍ നിരന്തരം  കൊത്തിക്കുരുങ്ങുന്നത് അവിവേകമാണ്. കേരളം നിലപാടെുക്കുന്നത് രാജ്യത്തിനു വേണ്ടിയാണ്. മനഃപൂര്‍വമായ പ്രകോപനങ്ങള്‍ അവഗണിക്കാനുള്ള പക്വതയും കേരളത്തിലെ രാഷ്ട്രീയനേതൃത്വം കാണിക്കണം.  

ബി.ജെ.പി. നിയോഗിച്ച ഗവര്‍ണറും നിയമസഭാപ്രമേയത്തെ എന്തിനെതിര്‍ക്കുന്നുവെന്നു ചോദിച്ചാല്‍ ആടിയുലയുകയാണ്. ചട്ടലംഘനമാണോ, അങ്ങനെ പറയാനാവില്ല, ഭരണഘടനാവിരുദ്ധമാണോ അതുമല്ല, പക്ഷേ ജനങ്ങളുടെ പണമാണ് പ്രമേയം പാസാക്കാനുപയോഗിച്ചത്. അത് സമ്മതിക്കില്ല എന്നൊക്കെയാണ് ഗവര്‍ണറുടെ ന്യായം.

ശരിയാണ്, ഒരു ഗവര്‍ണറും ഇങ്ങനെ സംസാരിക്കുന്നത് കേരളം മാത്രമല്ല, രാജ്യവും കേട്ടിട്ടില്ല. പക്ഷേ കേരളത്തിലെ ബി.ജെ.പിയുടെ അവസ്ഥയും കൂടി നമ്മള്‍ മനസിലാക്കണം. ഇപ്പോഴും ബി.ജെ.പിയുടെ നിലപാട് വ്യക്തമാക്കാന്‍ ഒരു സംസ്ഥാനഅധ്യക്ഷനെ കണ്ടെത്താന്‍ പാര്‍ട്ടിക്കായിട്ടില്ല. തല്‍ക്കാലം ഗവര്‍ണര്‍ക്ക് അങ്ങനെയൊരു രാഷ്ട്രീയഉത്തരവാദിത്തം കൂടി നിര്‍വഹിക്കേണ്ടിവരുന്നുവെന്നു മനസിലാക്കിയേ അദ്ദേഹത്തോട് പ്രതിഷേധിക്കാന്‍ സമയം പാഴാക്കേണ്ടതുള്ളൂ. സമയത്തിന് വലിയ വില കല്‍പിക്കുന്ന അദ്ദേഹത്തിന്റെ തന്നെ ഉപദേശം ഇക്കാര്യത്തില്‍ കേരളത്തിന് കണക്കിലെടുക്കാവുന്നതാണ്.

സമയത്തിനു വിലയുണ്ടെന്ന് തിരിച്ചറിയുന്നവര്‍ തല്‍ക്കാലം കേരളാഗവര്‍ണറെ രാഷ്ട്രീയം പഠിപ്പിക്കാന്‍ പോകേണ്ടതില്ല. പ്രകോപനങ്ങള്‍ ഏറ്റുമുട്ടലിന്റെ തലത്തിലേക്കെത്തിക്കുകയെന്നത് കേരളത്തില്‍ മറ്റൊരു നിയന്ത്രണവുമില്ലാത്ത ബി.ജെ.പിയുടെ രാഷ്ട്രീയലക്ഷ്യമാണ്. അകലം പാലിക്കേണ്ടിടത്ത് അത് പാലിക്കാനും അവഗണിക്കേണ്ടിടത്ത് അവഗണിക്കാനും ജാഗ്രതയുണ്ടാകണം. ഇന്ത്യന്‍ ജനതയെ മതപരമായി വിഭജിക്കുന്ന തീരുമാനം തിരുത്തിക്കുകയാകണം ഈ പ്രതിരോധത്തിന്റെ ലക്ഷ്യം. ഇത്തരം കുല്‍സിതശ്രമങ്ങള്‍ ഇന്ത്യയില്‍ വിലപ്പോകില്ലെന്ന് ഭരണകൂടത്തെ ബോധ്യപ്പെടുത്തുകയും വേണം.  കനിവും കാരുണ്യവുമില്ലാതെ നിഗൂഢഅജന്‍ഡകള്‍ നടപ്പാക്കുന്ന രാഷ്ട്രീയമാണ് മുന്നിലുള്ളത്. കൂട്ടായ പ്രതിരോധത്തിലൂടെയല്ലാതെ തിരുത്താനാകില്ല. ബി.ജെ.പി ഭരണത്തിലില്ലാത്ത 11 സംസ്ഥാനങ്ങള്‍ക്ക് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത് ഈ രാഷ്ട്രീയപ്രതിരോധം മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചാണ്. കേരളം കാണിച്ചത് മാതൃകയാണെന്ന് അഭിമാനിക്കുന്ന കോണ്‍ഗ്രസ്,  ഭരണത്തിലുളള സംസ്ഥാനങ്ങളില്‍ ഇത് പിന്തുടര്‍ന്ന് ആത്മാര്‍ഥത തെളിയിക്കുമോയെന്നും ജനാധിപത്യവിശ്വാസികള്‍ കാത്തിരിക്കുന്നു. ഈ പതിനൊന്നു സംസ്ഥാനങ്ങളും പൗരത്വപട്ടിക നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതാണ്. 

പൗരത്വനിയമഭേദഗതി ജനതയുടെ ക്ഷേമത്തിനു കൊണ്ടുവന്നതല്ലെന്നോര്‍ക്കാതെ പറ്റില്ല. കശ്മീരിലും അയോധ്യയിലും അനീതിക്കു മുന്നില്‍ നിസംഗത പാലിച്ച ജനത ഇങ്ങനെയൊരു പ്രതിരോധത്തിനു തുനിയുമെന്ന് ബി.ജെ.പി സര്‍ക്കാര്‍ പ്രതീക്ഷിച്ചിരിക്കില്ല. പക്ഷേ സര്‍ക്കാര്‍ പിന്‍മാറില്ലെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത് അജന്‍ഡകള്‍ അങ്ങനെ ഉപേക്ഷിക്കാന്‍ വേണ്ടിയുള്ളതല്ല എന്നതുകൊണ്ടു തന്നെയാണ്. 

വീണ്ടും ബി.ജെ.പിയോടു തന്നെയാണ്. ഇത്തരം വിഭാഗീയ നിയമങ്ങളിലൂടെ രാജ്യത്തിന്റെ അന്തഃസത്ത  തകര്‍ക്കാന്‍.  ഇന്ത്യ നിങ്ങളുടെ ശത്രുരാജ്യമൊന്നുമല്ലല്ലോ,  കേരളം നിങ്ങളുടെ ശത്രുനാടുമല്ല. ബി.ജെ.പി പറയുന്നത് വിശ്വസിക്കാമെങ്കില്‍ ഈ നിയമഭേദഗതി ഒരു ഇന്ത്യന്‍ പൗരനെയും ബാധിക്കുന്നതുമല്ല, നേട്ടമുണ്ടാക്കുന്നതുമല്ല. പക്ഷേ നിയമം നടപ്പാക്കാന്‍ വേണ്ടി 20ലധികം ഇന്ത്യന്‍ പൗരന്‍മാരെ ഇതിനോടകം ബി.ജെ.പി. ഭരണകൂടങ്ങള്‍ കൊലപ്പെടുത്തിക്കഴിഞ്ഞു. സ്വന്തം ജനതയെയും സംസ്ഥാനങ്ങളെയും ശത്രുപക്ഷത്തു നിര്‍ത്തി ഈ നിയമം ഇങ്ങനെ തന്നെ നടപ്പാക്കുമെന്ന് വാശിപിടിക്കുന്നതെന്തിനാണ്? മുസ്‍ലിങ്ങളെക്കൂടി ആ ഭേദഗതിയില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യത്തില്‍ ചര്‍ച്ച പോലും നടത്താന്‍ തയാറാകാത്തതെന്താണ്? ഏതിന്ത്യക്കാരനാണ് ഈ നിയമത്തിന്റെ പ്രയോജനം ലഭിക്കാന്‍ പോകുന്നത്? ആ ചോദ്യത്തിന്റെ ഉത്തരം ജനാധിപത്യ ഇന്ത്യക്കറിയാം, ഉത്തരം ജനതയ്ക്കറിയാമെന്ന്  ഭരണകൂടത്തിനും ഓര്‍മയുണ്ടായിരിക്കണം. കേരളത്തെ പാഠം പഠിപ്പിക്കുമെന്ന് വെല്ലുവിളിക്കുന്നവര്‍ ഒന്നുകൂടിയോര്‍ക്കണം. കേരളം പഠിച്ച പാഠം നിങ്ങളാണ് പഠിക്കേണ്ടത്. നിങ്ങളാണ് നീതിബ‌ോധമുള്ള മനുഷ്യരാകേണ്ടത്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...