പ്രിയപ്പെട്ട മനുഷ്യരേ, നിങ്ങള്‍ അങ്ങോട്ടു ചെന്ന് തോറ്റുകൊടുക്കരുത്..!

cvayya
SHARE

ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ നാല് കൊടും കുറ്റവാളികളെ പൊലീസ് വെടിവച്ചുകൊന്നു.  ഈ ഭരണകൂടകൂട്ടക്കൊലയ്ക്ക് കൈയടിക്കാന്‍ ഗൂഢമായി സന്തോഷം തോന്നിപ്പിക്കുന്ന മനോനില നമുക്കുണ്ടായതെങ്ങനെയാണ്? അതേ ദിവസങ്ങളില്‍ തന്നെ മറ്റൊരു ബലാല്‍സംഗക്കേസിലെ ഇരയെ നടുറോഡില്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ പ്രതിക്ക് ധൈര്യമുണ്ടായതെങ്ങനെയാണ്? വാളയാറിലും ഉന്നാവിലും പിന്നെയും പിന്നെയും തോല്‍ക്കുന്ന നമ്മള്‍ ഹൈദരാബാദില്‍ ആര്‍ക്കു വേണ്ടിയാണ് കൈയടിക്കുന്നത്? ബലാല്‍സംഗം എന്ന കുറ്റകൃത്യത്തോട് സത്യത്തില്‍ സമൂഹത്തിന്റെ നിലപാടെന്താണ്? 

നിര്‍ഭയസംഭവത്തിനു ശേഷവും രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന അവസ്ഥ എന്താണെന്നു വ്യക്തമാക്കുന്ന എട്ട് ഹീനമായ ബലാ‍ല്‍സംഗക്കേസുകളെങ്കിലും ഈ ഒരാഴ്ചയ്ക്കിടെയുണ്ടായി. ഹൈദരാബാദില്‍ വനിതാ ഡോക്ടറെ  ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് അവിശ്വസനീയമാം വിധം ആസൂത്രിതവും ക്രൂരവുമായിരുന്നു. സ്ത്രീസുരക്ഷ ഇപ്പോഴും തീരാപ്രശ്നമാണെന്ന്  രാജ്യം തിരിച്ചറിഞ്ഞു. പ്രതിഷേധങ്ങളും തുടര്‍ചര്‍ച്ചകളും നടക്കുന്നതിനിടെ തന്നെ പിഞ്ചുകുഞ്ഞുങ്ങളടക്കം പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട സംഭവങ്ങള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. കടുത്ത നടപടികള്‍ ആവശ്യപ്പെട്ടുള്ള വൈകാരികപ്രതികരണങ്ങളും നിരന്നു

വീണ്ടും വ്യാപകമായ ബലാല്‍സംഘങ്ങളും ബാലപീഡനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഭരണകൂടങ്ങള്‍ പ്രതിസന്ധിയിലായി. ഓരോ ചോദ്യവും നിയമവ്യവസ്ഥയെയോ പൊലീസിനെയോ ചൂണ്ടിക്കാട്ടി വഴിതിരിച്ചുവിടാന്‍ ഭരണനേതൃത്വങ്ങള്‍ പാടുപെടുന്നതിനിടെയാണ് ഹൈദരാബാദ് കേസിലെ നാലു പ്രതികളെ പൊലീസ് വെടിവച്ചു കൊല്ലുന്നത്. 

തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച പ്രതികളെ വെടിവച്ചുകൊല്ലേണ്ടി വന്നു എന്നാണ് വിശദീകരണം. എങ്ങനെയായാലെന്താണ്, കൊടുംകുറ്റവാളികള്‍ കൊല്ലപ്പെട്ടല്ലോ എന്നു സമാധാനിക്കുന്ന ഒരു സമൂഹത്തെയാണ് നമ്മള്‍ ചുറ്റും കാണുന്നത്. സൗമ്യയുടെ ഘാതകന്‍ ഗോവിന്ദച്ചാമി കുറ്റങ്ങളില്‍ ഇളവു നേടി ജീവിച്ചിരിക്കുന്ന ഒരു സമൂഹത്തില്‍, ഈ നാലു പ്രതികളെങ്കിലും കൊല്ലപ്പെട്ടല്ലോ എന്നു സന്തോഷിക്കുന്നവരാണ് ഭൂരിഭാഗവും. ഉന്നാവിലെ പെണ്‍കുട്ടി വീണ്ടും വീണ്ടും ആക്രമിക്കപ്പെട്ട് തീകൊളുത്തി കൊല്ലപ്പെടുന്നത്  കണ്ട് വിറങ്ങലിച്ചു നില്‍ക്കുന്ന സാധാരണക്കാരന് അങ്ങനെയെ ചിന്തിക്കാനാവൂ. 

ഒരു വാദത്തിനു വേണ്ടി സന്തോഷിക്കണം, സമാധാനിക്കണം എന്നു തന്നെ കരുതുക. ചില ചോദ്യങ്ങള്‍ സ്വയം ചോദിച്ചു ഉത്തരം തിരഞ്ഞാല്‍ തീരുന്ന ആയുസേയുള്ളൂ ആ സന്തോഷത്തിന്. ഹൈദരബാദിലെ പൊലീസ് നടപടി   സ്ത്രീസുരക്ഷയില്‍ എന്തു മാറ്റമാണ് ഉണ്ടാക്കിയത്?  നാലു പ്രതികളെ പൊലീസ് വെടിവച്ചുകൊന്നത്  സ്ത്രീകളുടെ  അരക്ഷിതാവസ്ഥയില്‍ എന്തു മാറ്റമുണ്ടാക്കുന്നു? പൊലീസ് വെടിവച്ചു കൊല്ലും എന്നു പേടിച്ച് കുറ്റവാളികള്‍ നാളെ മുതല്‍ ഇനി സ്ത്രീകളെ ആക്രമിക്കാന്‍ ധൈര്യപ്പെടില്ലെന്നോ? പറയാതെ വയ്യ. നമ്മള്‍ തേടുന്നത് വൈകാരികമായ ഉത്തരങ്ങള്‍ മാത്രമാണ്.് അത് അപകടകരമാണ്. സ്വയം ഒറ്റുകൊടുക്കലാണ്. 

ബലാല്‍സംഗം എന്നാല്‍ ഒരു മനുഷ്യന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കുറ്റകൃത്യങ്ങളില്‍ ഒന്നാണ് എന്ന് അംഗീകരിക്കുന്ന എത്രപേര്‍ നമുക്കിടയിലുണ്ട്? ഒന്നാമത്തെ ചോദ്യം അതാണ്. ബലാല്‍സംഗം എന്ന കുറ്റകൃത്യത്തെ ഇതുവരെ സമൂഹം ശരിയായി വിലയിരുത്താന്‍ പഠിച്ചിട്ടില്ല. ആണത്ത ന്യായീകരണങ്ങളിലൂടെയല്ലാതെ ബലാല്‍സംഗത്തെക്കുറിച്ച് സമൂഹം സ്വതന്ത്രമായി ചര്‍ച്ച ചെയ്യാറില്ല. ഒരു മനുഷ്യന് , മറ്റൊരു മനുഷ്യനോടു ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ അക്രമങ്ങളില്‍ ഒന്നാണ് ബലാല്‍സംഗം. ലൈംഗികതയേക്കാള്‍ ആ ക്രിയയ്ക്ക് ബന്ധം കൊടുംക്രൂരതയോടാണ്.  കൂട്ടബലാല്‍സംഗം എന്നത് ലൈംഗികാക്രമണം പോലുമല്ല, ഹീനമായ, നിഷ്ഠൂരമായ വയലന്‍സ് മാത്രമാണ്. അതുകൊണ്ട് ബലാല്‍സംഗത്തെക്കുറിച്ച് വേവലാതിപ്പെടുമ്പോള്‍ ആദ്യം ഇക്കാര്യം അംഗീകരിക്കണം. സ്വന്തം രാഷ്ട്രീയപാര്‍ട്ടിക്കാര്‍ ചെയ്യുമ്പോള്‍ ന്യായീകരിക്കാവുന്നത്, ഇഷ്ടമില്ലാത്ത സ്ത്രീകള്‍ ഇരയാകുമ്പോള്‍ ന്യായമുള്ളത് എന്നൊന്നുമില്ല. ബലാല്‍സംഗം ഒരു ന്യായീകരണവുമില്ലാത്ത വയലന്‍സാണ്. അതിനിരയാകുന്നവരെ അടിമുടി തകര്‍ത്തുകളയുന്ന, മനുഷ്യരില്‍ വിശ്വാസമില്ലാതാക്കിക്കളയുന്ന ക്രൂരകൃത്യം. 

അത് അധികാരം സ്ഥാപിക്കലാണ്, അധിനിവേശമാണ്, ശാരീരികമായ കടന്നുകയറ്റവും അതിക്രമവുമാണ്. മാനസികമായി ഒരുവ്യക്തിയെ സമ്പൂര്‍ണമായി തകര്‍ക്കുന്നതാണ്.  വഴിയിലൂടെ പോകുന്ന ഒരു മനുഷ്യനെ സാധാരണ മാനസികാവസ്ഥയിലുള്ളവരാരും വെറുതേ ആക്രമിക്കില്ല. പക്ഷേ ഒരു സ്ത്രീയെ , ഒരു കുഞ്ഞിനെ കാണുമ്പോള്‍ ശാരീരികമായി ആക്രമിക്കാന്‍ തോന്നുന്ന മാനസികാവസ്ഥയെ ലൈംഗികേച്ഛയുടെ മുകളില്‍ ചാരിവയ്ക്കരുത്. മനോരോഗവും വ്യക്തിത്വവൈകല്യവുമുള്ള ഒരു സാമൂഹ്യവിരുദ്ധനേ മറ്റൊരു മനുഷ്യനെ ബലാല്‍സംഗം ചെയ്യാനാകൂ. 

അതുകൊണ്ട് ബലാല്‍സംഗവും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന കുറ്റകൃത്യങ്ങളെയും ഒരേ മാനസികാവസ്ഥയില്‍ എതിര്‍ക്കാന്‍ കഴിയുമെന്ന് ആദ്യം സ്വയം ഉറപ്പു വരുത്തണം. മീ ടൂ വെളിപ്പെടുത്തലുകളെ പുച്ഛിച്ചു നടക്കുന്നവര്‍ക്കോ അഭിപ്രായം പറയുന്ന സ്ത്രീകളെ ലൈംഗികാധിക്ഷേപം നടത്തി സ്വയം മേനി നടിക്കുന്നവര്‍ക്കോ ബലാല്‍സംഘത്തിനെതിരെ ശബ്ദിക്കാന്‍ പോലും അവകാശമില്ല. 

അങ്ങനെ ചെയ്യുന്നവരെല്ലാം ഒരര്‍ഥത്തില്‍ ബലാല്‍സംഗമനോഭാവം പേറി നടക്കുന്നവരാണ്. ഇര കൊല്ലപ്പെട്ടാല്‍ മാത്രമേ രക്തം തിളയ്ക്കൂ എന്നുണ്ടെങ്കില്‍ ആ രക്തവും ഒന്നു പരിശോധിക്കണം. ബലാല്‍സംഗം ചെയ്യുന്നവരെ കൊല്ലണം എന്നാര്‍ത്തുവിളിക്കുന്നവരെല്ലാം അതേ ആക്രമണോല്‍സുകതയ്ക്കായാണ് ദാഹിക്കുന്നത്. സ്ത്രീകളുടെ സുരക്ഷയ്ക്കായല്ല. ദയവായി ഒന്നു മനസിലാക്കണം. ബലാല്‍സംഗം ചെയ്യുന്നവരെ വെടിവച്ചുകൊല്ലുന്നതും സ്ത്രീസുരക്ഷയും തമ്മില്‍ ഒരു ബന്ധവുമില്ല.

പ്രശസ്ത എഴുത്തുകാരി തസ്‍ലിമ നസ്റിന്‍ ഈയിടെ കുറിച്ചിട്ട ഒരു വാചകമുണ്ട്. സ്ത്രീകളെ ആക്രമിക്കുന്നവരെ കൊല്ലണം എന്നാര്‍ത്തുവിളിക്കാന്‍ എളുപ്പമാണ്. കാരണം  സമൂഹത്തിന് ഇന്ന് ഏറ്റവും താല്‍പര്യം വയലന്‍സിനോടാണ്. മറിച്ച്  സ്ത്രീകള്‍ ആക്രമണത്തിനിരയാകാത്ത ഒരു സാമൂഹ്യാവസ്ഥ സൃഷ്ടിക്കുകയെന്നാല്‍ വലിയ പാടാണ്. കഠിനമായ അധ്വാനം ആവശ്യമുള്ള ഏര്‍പ്പാടാണ്. എളുപ്പം കയ്യില്‍ കിട്ടുന്ന പ്രതികളെ വെടിവച്ചുകൊല്ലുകയാണ്. അത് തെലങ്കാന പൊലീസ് കാണിച്ചു തന്നു, കൊല്ലപ്പെട്ട വനിതാഡോക്ടറോട് അവര്‍ തന്നെ കാണിച്ച അനീതിയുടെ പേരില്‍ കയറേണ്ടി വന്ന പ്രതിക്കൂട്ടില്‍ നിന്ന് വളരെ എളുപ്പത്തില്‍ ഇറങ്ങിവന്ന്നാ യകപരിവേഷമെടുത്തണിഞ്ഞിരിക്കുന്നു. വനിതാ‍ഡോക്ടറുടെ കൊലപാതകത്തില്‍ കനത്ത ജനരോഷം നേരിടേണ്ടി വന്ന തെലങ്കാന സര്‍ക്കാരും തല്‍ക്കാലം രക്ഷപ്പെട്ടു. ഹൈദരാബാദ് പൊലീസിന്റെ അധികാരപരിധിയിലെങ്കിലും ഇനിയൊരു കുറ്റവാളി ബലാല്‍സംഘത്തിന് മുതിരില്ലെന്ന് ഈ ശിക്ഷാവിധി ചൂണ്ടിക്കാട്ടി പറയാനാകുമോ? സ്ത്രീകളോട്  മോശമായി പെരുമാറില്ലെന്ന് ആരെങ്കിലും അവകാശപ്പെടുമോ? ഉത്തരം എളുപ്പമല്ല അല്ലേ? 

വനിതാ‍ഡോക്ടറെ ആസൂത്രിതമായി ബലാല്‍സംഘം ചെയ്തു കൊലപ്പെടുത്തിയ നാലു പേരെയെ വെടിവച്ചു കൊന്നിട്ടുള്ളൂ. അതേ മാനസികാവസ്ഥ ഉള്ളില്‍ പേറുന്ന, സൗകര്യത്തിന് ഒരു ഇര ഒത്തുകിട്ടാന്‍ തക്കം പാര്‍ത്തിരിക്കുന്ന നൂറുകണക്കിന് കുറ്റവാളികളില്‍ നിന്ന് സമൂഹത്തെ ആരു രക്ഷിക്കുമെന്നാണ്.  അഭിപ്രായം പറയുന്ന സ്ത്രീയെ വാക്കുകള്‍ കൊണ്ട് ബലാല്‍സംഘം ചെയ്യുന്ന ആയിരക്കണക്കിന് കുറ്റവാളികളില്‍ നിന്ന് ആരു സുരക്ഷയൊരുക്കുമെന്നാണ്? വസ്തുതകള്‍ ബോധ്യപ്പെടാന്‍ ചില കണക്കുകള്‍ പരിശോധിക്കുന്നത് ഗുണം ചെയ്യും. ഓരോ വര്‍ഷവും രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ബലാല്‍സംഘക്കേസുകള്‍ എത്രയാണ്? 

അതില്‍ ശിക്ഷയിലേക്കെത്തുന്നത് എത്രയെണ്ണം? ശിക്ഷിക്കാതിരിക്കാന്‍ കോടതികള്‍ ആശ്രയിച്ച കാരണങ്ങള്‍ എന്താണ്? വസ്തുത ഇതാണ്. ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്യപ്പെടുന്ന ബലാത്സംഘക്കേസുകളില്‍ ശരാശരി പതിനാറ് ശതമാനത്തില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്. പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍, ഇഴഞ്ഞ് നീങ്ങുന്ന കോടതി നപടികള്‍,സാക്ഷികളുടെ കൂറുമാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിന് കാരണമാണ്. പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്ത കേസുകളില്‍ പോലും ശിക്ഷ നടപ്പിലാക്കുന്നതില്‍ അനാവശ്യ കാലതാമസാണ് ഉണ്ടാകുന്നത്. രാജ്യം ഏറെ ചര്‍ച്ച ചെയ്ത നിര്‍ഭയ കേസില്‍ ഏഴ് വര്‍ഷം പിന്നിട്ടിട്ടും ശിക്ഷ നടപ്പാക്കാനായിട്ടില്ല. ‌‌

2011 മുതല്‍ 16 വരെയുള്ള കണക്കുകള്‍ പ്രകാരം, രാജ്യത്ത് ആകെ റജിസ്റ്റര്‍ ചെയ്യപ്പെട്ട ബലാത്സംഘക്കേസുകള്‍ 1,94,169. ശിക്ഷിക്കപ്പെട്ട കേസുകള്‍ 32796, അതായത് വെറും പതിനാറ് ശതമാനം മാത്രം.. വര്‍ഷങ്ങള്‍ നീളുന്ന നിയമനടപടികള്‍ക്കൊടുവില്‍ നിയമവ്യവസ്ഥയില്‍ പ്രതീക്ഷയര്‍പ്പിച്ച സ്ത്രീകളുടെ ജീവിതം ഇപ്പോള്‍ എങ്ങനെയാണ്? ഉത്തരങ്ങളിലെ ശതമാനക്കണക്കുകളിലെ അന്തരമാണ് ആത്മാര്‍ഥതയുള്ള പ്രതിഷേധക്കാരുടെ ഉറക്കം കെടുത്തേണ്ടത്. ആ നീതി ഉറപ്പാക്കാന്‍ ബാധ്യതയുള്ള നിയമ–ഭരണസംവിധാനങ്ങളെ ചുളുവില്‍ രക്ഷപ്പെടുത്തിക്കൊടുക്കുക കൂടിയാണ് ഈ ആള്‍ക്കൂട്ടനീതികള്‍ക്കായുള്ള ആര്‍പ്പുവിളികള്‍. അതുമാത്രമല്ല, വര്‍ഗീയധ്രുവീകരണം നടന്നുകൊണ്ടിരിക്കുന്ന, വിദ്വേഷം പ്രധാന രാഷ്ട്രീയആയുധമാകുന്ന, സ്ത്രീകളോട് രക്ഷാകര്‍തൃമനോഭാവം മാത്രം പുലര്‍ത്തുന്ന ഒരു സംസ്കാരത്തില്‍ ബലാല്‍സംഗം ചെയ്യുന്ന പുരുഷന്‍ ഇനിയുമിനിയും ന്യായീകരിക്കപ്പെടും എന്നു കൂടി ഉള്‍ക്കൊള്ളേണ്ടതുണ്ട്. 

ആക്രമിക്കുന്നവരെയും അധിക്ഷേപിക്കുന്നവരെയും നേരിടാന്‍ എല്ലാ സ്ത്രീകള്‍ക്കും ഒരു തോക്ക് കൊടുക്കട്ടെയെന്നും അവര്‍ തന്നെ അക്രമികളെ വെടിവച്ചുകൊല്ലട്ടെയെന്നും ആരെങ്കിലും പറയുമോ? ബലാല്‍സംഘം ചെയ്യപ്പെട്ടു എന്നു പരാതിപ്പെടുന്ന സ്ത്രീയോട് നീയാണ് ആദ്യകുറ്റവാളിയെന്ന് ആക്രോശിക്കുന്ന സമൂഹത്തിന്, അവളുടെ ഉടുപ്പിന്റെ ഇറക്കവും പീഡനത്തിന്റെ തീവ്രതയും അളന്നു കുറിച്ച് നിന്റെ ഭാഗത്തും തെറ്റുണ്ടെന്ന് വിധിക്കുന്ന സമൂഹത്തിന്  ഇര കൊല്ലപ്പെടുമ്പോള്‍ മാത്രം ഇത്രയും ആവേശം അരോചകമാണ്. കാരണം കൊലപാതകത്തിനു സമാനമാംവിധം ഹീനമാണ് ബലാല്‍സംഘവും. കൊന്നുകളഞ്ഞു, ക്രൂരമായി പീഡിപ്പിച്ചു എന്നു ഗദ്ഗദപ്പെടുന്നവരും ദയവായി മനസിലാക്കുക. ബലാല്‍സംഗത്തിനേക്കാള്‍ വലിയ ക്രൂരത എന്നൊന്നില്ല. നിങ്ങള്‍ക്കുണരാനും വേവലാതിപ്പെടാനും മാത്രം ക്രൂരതയുണ്ടായില്ല എന്ന ഒറ്റ കാരണത്താല്‍ സമൂഹമനഃസാക്ഷിയുടെ ഇരട്ടത്താപ്പ് കണ്ട് വിറങ്ങലിച്ചുനില്‍ക്കുന്നുണ്ട് ലക്ഷക്കണക്കിന് സ്ത്രീകള്‍. 

അതുകൊണ്ട് ആവേശവും വികാരവും ഒന്നു തണുപ്പിച്ച് കാര്യത്തിലേക്കു വരിക. സ്ത്രീയെ തുല്യമായ അവകാശങ്ങളുള്ള, ഒരേ ബഹുമാനം അര്‍ഹിക്കുന്ന വ്യക്തിയായി കാണാന്‍ സ്വയം ശീലിക്കുക. ശാരീരികമായും മാനസികമായുമുള്ള കയ്യേറ്റം ഏതര്‍ഥത്തിലും ഏതു സാഹചര്യത്തിലും ബലാല്‍ക്കാരമാണ് എന്ന് ആവര്‍ത്തിച്ചുറപ്പിക്കുക. സ്ത്രീയെന്നാല്‍ ശരീരമല്ലെന്നും ലൈംഗിക വസ്തുവല്ലെന്നും ആണ്‍കുട്ടികളെ ബോധ്യമാകും വരെ പഠിപ്പിക്കുക. ഒപ്പം സ്ത്രീയോട് ലിംഗപരമായ ഏതു വിവേചനവും പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും ലിംഗവ്യത്യാസത്തിന്റെ പേരില്‍ അവരെ അപമാനിക്കുന്നില്ലെന്നും സ്വയം ഉറപ്പിക്കുക. ഇക്കാലമത്രയും ലൈംഗികമായി ആക്രമിക്കപ്പെട്ട സ്ത്രീകളോടു പുലര്‍ത്തിയ സമീപനമെന്തായിരുന്നുവെന്ന് ഒന്നു വീണ്ടുവിചാരം നടത്തുക. 

സ്ത്രീകളെ തുല്യതയോടെ കാണാന്‍ തയാറാകാത്തവരെ തിരുത്താനും ചൂണ്ടിക്കാണിക്കാനും തയാറാകുക. ഇതിനെല്ലാമപ്പുറം, ബലാല്‍സംഘം നടത്തുന്ന, അതിനു തുനിയുന്ന കുറ്റവാളികളെ സമൂഹത്തിനാകെയുള്ള ഭീഷണിയായി കണ്ട് നിയമത്തിനു മുന്നിലെത്തിക്കുക. കര്‍ശനമായ, വിട്ടുവീഴ്ചയില്ലാത്ത ഇടപെടലിലൂടെ പരമാവധി ശിക്ഷ ഉറപ്പിക്കുക. ലൈംഗികകുറ്റവാളികളെ നേരിടാന്‍ പഴുതുകളില്ലാത്ത നിയമവ്യവസ്ഥ നിലനില്‍ക്കുന്നുവെന്ന് ഉറപ്പിക്കുക. സമയബന്ധിതമായ നിയമനടപടികളും മാതൃകാപരമായ ശിക്ഷയും കര്‍ശനമായ സമീപനവും ഉറപ്പുവരുത്തുക. 

മീ ടൂവിലൂടെ നേരിട്ട അപമാനങ്ങളും ആക്രമണങ്ങളും തുറന്നു പറയുന്ന സ്ത്രീകളോട്,  വാക്കിലല്ലേയുള്ളൂ, നോക്കിലല്ലേയുള്ളൂവെന്ന് ന്യായീകരിക്കാതെ ആക്രമണകാരികളെ നേരിടാന്‍ പിന്തുണ നല്‍കുക. ലൈംഗികകുറ്റവാളികളോട് നിങ്ങള്‍ ഈ സമൂഹത്തില്‍ ഒരു ബഹുമാന്യതയും പരിഗണനയും അര്‍ഹിക്കുന്നില്ലെന്ന് വിട്ടുവീഴ്ചയില്ലാതെ നിലപാടെടുക്കാന്‍ തയാറാകുക. ബലാല്‍സംഗസംസ്കാരം പേറുന്നവര്‍ ബഹുമാനിക്കപ്പെടേണ്ടവരെല്ലെന്ന്, ന്യായീകരിക്കപ്പെടേണ്ടവരല്ലെന്ന് സമൂഹമെന്ന നിലയില്‍ നിലപാടെടുക്കാന്‍ പറ്റാത്തിടത്തോളം ഈ കൂട്ടക്കൊലകളുടെ നീതിയില്‍ അഭിരമിച്ചു തോല്‍ക്കേണ്ടിവരും ഇന്ത്യന്‍ ജനത. അതുകൊണ്ട് അരക്ഷിതാവസ്ഥയില്‍ ജീവിക്കേണ്ടി വരുന്ന ഓരോ സ്ത്രീക്കും ഉറപ്പിക്കേണ്ട യഥാര്‍ഥ നീതിയെന്താണ് എന്ന കാര്യത്തില്‍ വ്യക്തത വേണം പരിഹാരത്തിന്. 

ആവര്‍ത്തിക്കാനുള്ളത് ഒന്നുമാത്രമാണ്. സ്ത്രീകള്‍ക്ക് നീതിയും സുരക്ഷയും ഉറപ്പാക്കണം. നീതിക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍,  സ്ത്രീകള്‍ കൊല്ലപ്പെടുന്നതുവരെ കാത്തിരിക്കേണ്ടി വരരുത്. ബലാല്‍സംഗം സ്ത്രീകള്‍ക്കു മാത്രമല്ല, സമൂഹത്തിനാകെ ഭീഷണിയായ ഗുരുതരമായ കുറ്റകൃത്യമാണെന്ന് ന്യായീകരണങ്ങളില്ലാതെ ഉറപ്പിക്കണം.  ബലാല്‍സംഗം ചെയ്യുന്ന, കൊടുംകുറ്റവാളികള്‍ക്ക് പ്രോല്‍സാഹനമേകുന്ന ഒരു സംസ്കാരം പരോക്ഷമായി നിലനില്‍ക്കുന്നുണ്ടെന്ന സത്യം ഉള്‍ക്കൊള്ളാതെ, അതു തിരുത്താതെ എത്ര പ്രതികളെ വെടിവച്ചു കൊന്നാലും പരിഹാരമാവില്ലെന്നത് യാഥാര്‍ഥ്യമാണ്. സ്ത്രീകള്‍ക്കു നേരെ വര്‍ധിക്കുന്ന ആക്രമണങ്ങളില്‍ ജനതയ്ക്കുണ്ടാകുന്ന രോഷവും നിരാശയും സ്വാഭാവികമാണ്. അത് ശരിയായ പരിഹാരത്തിലേക്കെത്തിക്കാനുള്ള നിര്‍ബന്ധബുദ്ധി നമ്മള്‍ ഈ ഘട്ടത്തില്‍ കാണിക്കേണ്ടതുണ്ട്. 

സ്ത്രീകള്‍ക്ക് നീതി നല്‍കുന്നതില്‍ അതിദയനീയമായി പരാജയപ്പെടുന്ന നിയമവ്യവസ്ഥയും ഭരണകൂടങ്ങളുമാണ് ജനങ്ങളെക്കൊണ്ട് ഹൈദരാബാദ് കൂട്ടക്കൊലയ്ക്ക് കൈയടിപ്പിക്കുന്നത്. പക്ഷേ ഇതേ കൈയടി ഉത്തരവാദിത്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതേ നിയമത്തെയും ഭരണകൂടത്തെയും സഹായിക്കുകയാണ് എന്ന് നമ്മള്‍ മറന്നുപോകരുത്. അതുകൊണ്ട് കൊടുംകുറ്റവാളികളുടെ മനുഷ്യാവകാശത്തെക്കുറിച്ചല്ല, അവരെ വെടിവച്ചു കൊന്നതിലൂടെ  ഇല്ലാതായ  നമ്മുടെ അവകാശങ്ങളെങ്കിലും തിരിച്ചറിഞ്ഞേ പറ്റൂ.

ഈ പൊലീസ് ഹൈദരാബാദിലെ സ്വാധീനങ്ങളില്ലാത്ത കുറ്റവാളികളെ വെടിവച്ചുകൊന്നതുപോലെ ഉന്നതരായ ബലാല്‍സംഗക്കേസ് പ്രതികളെ വെടിവച്ചു വീഴ്ത്തുമോ? ആസാറാം ബാപ്പു എന്ന ആള്‍ദൈവത്തെ, റാം റഹീം എന്ന ലൈംഗികകുറ്റവാളിയെ. എന്തിന് ബലാല്‍സംഗം ചെയ്തതിന് പരാതിയുമായെത്തിയ പെണ്‍കുട്ടിയെ കൊല്ലാക്കൊല ചെയ്ത, അവളുടെ കുടുംബത്തെ തന്നെ ഇല്ലാതാക്കി ഇപ്പോഴും നമ്മുടെ മുന്നില്‍ സ്വാധീനശക്തിയുമായി ഞെളിഞ്ഞു ജീവിക്കുന്ന കുല്‍ദീപ് സിങ് സെഗാര്‍  എന്ന ബി.െജ.പി എം.എല്‍.എയെ പൊലീസ് സ്പര്‍ശിക്കാന്‍ ധൈര്യപ്പെടുമോ? അവര്‍ക്കെതിരായ തെളിവുകള്‍ നശിപ്പിക്കാന്‍ ഒത്താശ ചെയ്യുന്ന, ഒരു ബലാല്‍സംഗക്കേസിലെ പരാതിക്കാരിയെ നടുറോഡില്‍ മണ്ണെണ്ണയൊഴിച്ചു തീകൊളുത്താന്‍ പ്രതിക്കു ധൈര്യം നല്‍കുന്ന പൊലീസിനെയാണോ നമ്മള്‍ വാഴ്ത്തേണ്ടത്? ഹൈദരാബാദില്‍ പൊലീസ് ആര്‍ക്കുവേണ്ടി, ആരെയെല്ലാം രക്ഷിക്കാനാണ്, എന്തെല്ലാം മറച്ചു വയ്ക്കാനാണ് ഏറ്റുമുട്ടല്‍കൊല ഒരുക്കിയതെന്ന് വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. എന്തായാലും ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തു കൊന്ന കൊടുംകുറ്റവാളികള്‍ അര്‍ഹിക്കുന്ന ശിക്ഷ ഒരൊറ്റ ബുള്ളറ്റല്ല. 

ഈ നാടിന്റെ നിയമമെന്താണെന്നും അവര്‍ക്ക് സമൂഹം കരുതിവച്ചിരുന്ന ശിക്ഷയെന്താണെന്നും വിചാരണയിലൂടെയും വിധി പ്രഖ്യാപനത്തിലൂടെയും നേരിടേണ്ടി വരുമായിരുന്ന പ്രതികളെയാണ് പൊലീസ് ഒറ്റ ബുള്ളറ്റില്‍ രക്ഷപ്പെടുത്തിക്കളഞ്ഞത്. അവര്‍ ജീവിച്ചിരിക്കേണ്ടത് സമൂഹത്തിന്റെ അവകാശമായിരുന്നു.  അവര്‍ക്ക് അര്‍ഹമായ വിചാരണയും ശിക്ഷയും വാങ്ങിക്കൊടുക്കേണ്ടത് ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഉത്തരവാദിത്തമായിരുന്നു. അതില്‍ നിന്നെല്ലാമുള്ള രക്ഷപ്പെടലാണ് വാസ്തവത്തില്‍ പൊലീസിന്റെ നടപടിയിലൂടെയുണ്ടായത്. അധികാരമുള്ള, സ്വാധീനമുള്ള ഒരു ലൈംഗികകുറ്റവാളിക്കും നേരെ ഉയരില്ല എന്നുറപ്പുള്ള തോക്കിന്‍ കുഴലിനു വേണ്ടി ജയ് വിളിക്കുന്നത് സമൂഹമെന്ന നിലയില്‍ നമ്മളെത്തന്നെ തോല‍്‍പിക്കലാണ്. മറിച്ച് ഓരോ ബലാല്‍സംഗക്കേസിലും കര്‍ശനമായ നടപടിയും ശിക്ഷയും ഉറപ്പുവരുത്താന്‍ കഴിയാത്തതെന്താണ് എന്ന ചോദ്യമാണ് പൊലീസ് നേരിേണ്ടത്.  നിര്‍ഭയക്കേസിനു ശേഷം പ്രഖ്യാപിച്ച കര്‍ശനപരിഷ്കരണനടപടികള്‍ എന്തുകൊണ്ട് ഉറപ്പു വരുത്താന്‍ കഴിഞ്ഞില്ല എന്ന ചോദ്യം കോടതികളും ഭരണകൂടവും നേരിടണം. 

നമ്മള്‍ വിശ്വസിക്കേണ്ടത് നീതിയും ന്യായവും ഉറപ്പു തരുന്ന നിയമവ്യവസ്ഥയിലാണ്. ആ വ്യവസ്ഥ നീതി നല്‍കുന്നതില്‍ പരാജയപ്പെടുന്നുവെങ്കില്‍ തിരുത്തണം.  കര്‍ശനമായി പുനഃപരിശോധിക്കാന്‍ പ്രേരിപ്പിക്കണം. അതിനുള്ള സമരമാണ് സമൂഹം ഏറ്റെടുക്കേണ്ടത്. മറിച്ച് ആള്‍ക്കൂട്ടങ്ങളെ തൃപ്തിപ്പെടുത്താനും സ്വന്തം വീഴ്ച മറയ്ക്കാനും വേണ്ടി പ്രതികളെ വെടിവച്ചുകൊല്ലുന്ന പൊലീസിനെ പൂജിക്കാന്‍ പോകരുത്. നാളെ മറ്റൊരു വീഴ്ചയില്‍ സ്വന്തം മുഖം രക്ഷിക്കാന്‍ അവര്‍ തോക്കു ചൂണ്ടുന്നത് നമുക്കു നേരെയായിരിക്കും എന്നു മറക്കരുത്. ആള്‍ക്കൂട്ടങ്ങളെ തൃ‍പ്തിപ്പെടുത്താനായി ആരെയും കൊന്നുകളയാന്‍ അധികാരമേകുന്ന ജനാധിപത്യവിരുദ്ധതയ്ക്കാണ് കൈയടിക്കുന്നതെന്ന് തിരിച്ചറിയാതെയും പോകരുത്. നാളെ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ , നിങ്ങളുടെ പേരിന്റെ പേരില്‍, നിങ്ങളുടെ മതത്തിന്റെ പേരിലെല്ലാം എതിര്‍പ്പുള്ള ആള്‍ക്കൂട്ടങ്ങള്‍ക്ക് നിങ്ങളെ കൊന്നുകളയാവുന്ന ഫാസിസ്റ്റ് സംസ്കാരത്തിനുള്ള കൈയടിക്ക് നമ്മള്‍ തന്നെ തുടക്കമിടരുത്. 

ചുരുക്കിപ്പറഞ്ഞു നിര്‍ത്താനുള്ളത് ഇത്രമാത്രമാണ്. ആക്രമണഭീഷണി നേരിടുന്ന ഒരു സ്ത്രീയെയും ഈ വെടിയുണ്ടകള്‍ പുളകം കൊള്ളിക്കില്ല. സ്ത്രീകള്‍  നേരിടുന്ന ഭീഷണിയെക്കുറിച്ചുള്ള വേവലാതി ആത്മാര്‍ഥമാണെങ്കില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന ബലാല്‍സംഗക്കേസിലെ പ്രതികള്‍ക്ക് കര്‍ശനമായ നിയമനടപടി ഉറപ്പാക്കൂ. വഴുതിപ്പോകുന്ന നിയമവ്യവസ്ഥയെ നിലയ്ക്കു നിര്‍ത്താന്‍ സമരം ചെയ്യൂ. 

അതിനൊപ്പം നീതി തേടുന്ന സ്ത്രീകള്‍ക്ക്, ഉപാധികളില്ലാത്ത പിന്തുണ നല്‍കൂ. സ്ത്രീയെ തുല്യതയോടെ ബഹുമാനിക്കാന്‍ സമൂഹത്തില്‍ ഇടപെടൂ. അതല്ലാതെ ‌സ്വന്തം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാതെ, നിങ്ങളെക്കൊണ്ടു തന്നെ പൗരാവകാശങ്ങള്‍ താലത്തില്‍ വച്ച് കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്ന അധികാരത്തിന്റെ ഗൂഢ അജന്‍ഡകള്‍ക്ക് കീഴ്പ്പെടരുത്. പ്രിയപ്പെട്ട മനുഷ്യരേ, നിങ്ങളെ തോല്‍പിക്കാന്‍ പാടുപെടുന്നവര്‍ക്കു  മുന്നില്‍  സ്വയം തോറ്റുകൊടുക്കരുത്.

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...