ജനതയെ തടങ്കലിൽ ഒറ്റപ്പെടുത്തി കശ്മീരിന് എന്ത് ‍ജനാധിപത്യം?

ഇന്ത്യന്‍ ജനതയ്ക്കുണ്ടാകുന്ന മാറ്റം തിരിച്ചറിഞ്ഞു വയ്ക്കുക, മനസിലാക്കിവയ്ക്കുക. മാറ്റം ശരവേഗത്തിലാണ്. അതുകൊണ്ടുതന്നെ എനിക്കും നിങ്ങള്‍ക്കും എന്താണ് സംഭവിക്കുന്നതെന്നും അതിവേഗം തിരിച്ചറിയേണ്ടതുണ്ട്. എന്താണ് പ്രതിരോധമെന്നും അത് എങ്ങനെ സാധ്യമാകുമെന്നും മനസിലാക്കുക. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ എന്ന പ്രയോഗം അന്വര്‍ഥമാകുമോയെന്ന് വെറുതേ നോക്കിയിരിക്കുകയാണോ വേണ്ടതെന്ന് ഒരിക്കല്‍കൂടി ഒന്നു തിരിഞ്ഞു ചോദിക്കുക.

കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ തീരുമാനം ഇന്ത്യയുടെ നല്ല ഭാവിക്കുവേണ്ടിയാണെന്ന് വിശ്വസിക്കണം. മോദി സര്‍ക്കാരും പിന്തുണയ്ക്കുന്നവരും ആവശ്യപ്പെടുന്നത് അതാണ്. ഇന്ത്യയ്ക്കും കശ്മീരിനും ഈ തീരുമാനം നല്ല മാറ്റങ്ങള്‍ കൊണ്ടുവരുമെന്നു ചിന്തിക്കുന്നവരെ ഭൂരിപക്ഷമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ തീരുമാനമെടുക്കാന്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ഇന്ത്യന്‍ ജനാധിപത്യത്തിന് സ്വീകാര്യമാകാമോ? ഒരൊറ്റ രാത്രി കൊണ്ട് കശ്മീര്‍ജനതയ്ക്ക് നഷ്ടമായത് പ്രത്യേക പരിഗണന മാത്രമല്ല, ഇന്ത്യയില്‍ മറ്റേതു സംസ്ഥാനത്തിനുമുണ്ടായിരുന്ന തുല്യപദവി എന്ന സാമാന്യാവകാശവും ഒറ്റയടിക്ക് കവര്‍ന്നെടുക്കപ്പെട്ടു. അത് ചോദ്യം ചെയ്യാതെ ഒരൊറ്റ രാജ്യം, ഒരൊറ്റ ജനത എന്നാര്‍ത്തു വിളിക്കുന്ന മാനസികാവസ്ഥയുടെ അപകടങ്ങള്‍ ഇന്ത്യന്‍ ജനത സ്വയം തിരിച്ചറിയേണ്ടതല്ലേ?

കശ്മീരില്‍ വ്യക്തമായ നിലപാടുള്ള ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടിയേ ഉള്ളൂവെന്നതാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അത് ബി.ജെ.പിയാണ്. നിര്‍ഭാഗ്യവശാല്‍ ആ സമീപനം ജനാധിപത്യവിരുദ്ധവും ഇന്ത്യ പുലര്‍ത്തിപ്പോന്ന മൂല്യങ്ങള്‍ക്കും മര്യാദകള്‍ക്കും എതിരുമാണ്. പക്ഷേ നിവൃത്തിയില്ല, കോണ്‍ഗ്രസിനും മറ്റു പ്രതിപക്ഷപാര്‍ട്ടികള്‍ക്കും അവരുടെ നിലപാട് വിശദീകരിക്കാന്‍ മണിക്കൂറുകള്‍ പോരാതെ വരും. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭരണഘടനാഅട്ടിമറിക്കു സാക്ഷ്യം വഹിച്ച് രണ്ടാഴ്ച പിന്നിടാറാകുമ്പോഴും കോണ്‍ഗ്രസിനോട് നിലപാടെന്തെന്നു ചോദിച്ചാല്‍ ആ പാര്‍ട്ടി നിന്നു വിയര്‍ക്കും. തീരുമാനത്തെ എതിര്‍ക്കുന്നുവെന്നു പറയുന്ന സി.പി.എം അടക്കമുള്ള പാര്‍ട്ടികളും കശ്മീരിനെ പിന്നെന്തു ചെയ്യണമെന്നു ചോദിച്ചാല്‍ ആശയക്കുഴപ്പത്തിലാകുന്നതു വ്യക്തം. എന്തു ചെയ്യണമെന്ന് ആര്‍ക്കും പറയാനില്ലാത്ത ഒരു പ്രശ്നത്തില്‍ ബിജെപി അവരുടെ ആശയാദര്‍ശങ്ങള്‍ നടപ്പാക്കി. ആശയവ്യക്തതയും ഏകോപനവുമില്ലാത്ത പ്രതിപക്ഷത്തെ നോക്കുകുത്തിയാക്കി ബില്ലുകള്‍ ചുട്ടെടുക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റിനെയാണ് ഇന്നു കാണുന്നത്.  ആശ്രയമില്ലാത്ത,  നീതിബോധം ശേഷിക്കുന്ന ജനത, ശുഭാപ്തിവിശ്വാസത്തില്‍ രാഷ്ട്രീയ അഭയം തേടേണ്ടി വരുന്ന അവസ്ഥയും ആശാവഹമല്ല. 

കശ്മീരില്‍ നടപ്പാക്കപ്പെട്ട തീരുമാനം വിനാശകരമാണെന്നോ  ശുഭകരമാണെന്നോ പ്രവചനത്തിനില്ല. പക്ഷേ തീരുമാനമെടുത്തു നടപ്പാക്കിയ രീതി ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലാത്തതാണ്. ഗുരുതരമായ തെറ്റും ഇന്ത്യന്‍ ജനാധിപത്യത്തോടു ചെയ്ത കടുത്ത അപരാധവുമാണ്. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ തീരുമാനമെടുക്കുന്നതാണ് ഇന്ത്യന്‍ ജനാധിപത്യം. ഇന്ത്യന്‍ ജനത തിരഞ്ഞെടുത്ത പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി, കശ്മീര്‍ ജനതയെ തടങ്കലില്‍ ഒറ്റപ്പെടുത്തി, എടുക്കുന്ന തീരുമാനങ്ങള്‍ ജനാധിപത്യത്തിന്റേതല്ല, ഏകാധിപത്യത്തിന്റേതാണ്. തിരുത്താന്‍ മാത്രം എതിര്‍പ്പുകള്‍ ഉയരില്ല, സത്യമാണ്. ഏകാധിപത്യസമൂഹത്തിന്റെ ലക്ഷണങ്ങള്‍ വ്യക്തവും പ്രകടവുമാണ്.

ജനാധിപത്യം എന്നാൽ എല്ലാവർക്കും തുല്യമായ അധികാരവും അവകാശവും എന്നു കൂടിയാണ് എന്നോർക്കണം. ദുർബലനായ നിങ്ങൾക്കും ഈ രാജ്യത്ത് തുല്യമായ അവകാശം ഉറപ്പിക്കുന്നത് ഭരണഘടനയും ജനാധിപത്യമൂല്യങ്ങളുമാണ്. നിങ്ങളുടെ അവകാശം എന്നെങ്കിലും ലംഘിക്കപ്പെട്ടാൽ, നിങ്ങൾ അനീതിക്കിരയായാൽ രക്ഷയ്ക്കെത്തേണ്ടത് ഈ  ജനാധിപത്യ മൂല്യങ്ങളും പരസ്പര ബഹുമാനവുമാണ്. അത് തകരാതിരിക്കേണ്ടത് നിങ്ങളുടെ കൂടി ആവശ്യമാണെന്നു മനസിലാക്കുക. റിസര്‍വ് ബാങ്കിന്റേയും തിരഞ്ഞെടുപ്പ് കമ്മിഷന്റേയും കശ്മീരിയുടെയും ഭരണഘടനാ അവകാശങ്ങൾ ഒരു പരസ്പര ബഹുമാനവുമില്ലാതെ അട്ടിമറിക്കുമ്പോൾ അടുത്ത അപായമണി മുഴങ്ങുന്നതെവിടെയെന്ന് കാത്തിരിക്കുക.