പൊലീസ് പീഡിപ്പിക്കുന്നതിലോ, പൊലീസിന്റെ മനോവീര്യം തകരുന്നതിലോ മുഖ്യന്റെ ആശങ്ക?

ക്രൂരമായ പൊലീസ് മര്‍ദനത്തിനിരയായ ഒരു നേതാവ് മുഖ്യമന്ത്രിയായിരിക്കേ പൊലീസ് മനുഷ്യരെ തല്ലിക്കൊല്ലുന്ന സാഹചര്യമുണ്ടാകുമോ?  ജനങ്ങളെ പൊലീസ് പീഡിപ്പിക്കുന്നതിലായിരിക്കുമോ അതോ പൊലീസിന്റെ മനോവീര്യം തകരുന്നതിലായിരിക്കുമോ അദ്ദേഹത്തിന്റെ ആശങ്ക? നേതാവിനേറ്റ പൊലീസ് മര്‍ദനത്തിന്റെ വിവരണം നാഴികയ്ക്ക് നാല്‍പതു വട്ടം കേള്‍ക്കാന്‍ വിധിക്കപ്പെട്ട ജനതയ്ക്ക് അതുകൊണ്ടു മാത്രം പൊലീസിങില്‍ പൂര്‍ണമായ നീതി പ്രതീക്ഷിക്കാമോ? നെടുങ്കണ്ടത്ത് പൊലീസ് ഒടുവില്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ മനുഷ്യന്റെ ജീവന്റെ മുന്നില്‍ നിന്ന് ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയന്‍ കേരളത്തിനൊരു മറുപടി നല്‍കണം. 

വിധിയുടെ വിളയാട്ടമാണത്രേ. സ്വന്തം നിയന്ത്രണത്തിലുള്ള പൊലീസ് ഒരു മനുഷ്യനെക്കൂടി കൊല്ലാക്കൊല ചെയ്ത് ജീവനെടുത്തതിനെക്കുറിച്ചാണ് മുഖ്യമന്ത്രി ഈ പറയുന്നത്. ഈ നിസഹായതാപ്രഖ്യാപനം നടത്തി താങ്കള്‍ക്ക് ആഭ്യന്തരമന്ത്രി സ്ഥാനത്ത് ആത്മാഭിമാനത്തോടെ തുടരാനാകില്ല മുഖ്യമന്ത്രി. നെടുങ്കണ്ടത്ത് സംഭവിച്ചതെന്താണെന്ന് സത്യസന്ധമായി അന്വേഷിച്ചു കണ്ടെത്തുകയും നടപടിയെടുക്കുകയും മാത്രമല്ല, ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു വരുത്താനും ബാധ്യതയുള്ള ഭരണാധികാരിയാണ്  പിണറായി വിജയന്‍. 

ഓടിച്ചിട്ടു പിടികൂടിയെന്ന പൊലീസ് വാദം പൊളിയുന്നത്  നാട്ടുകാരുടെ സാക്ഷ്യത്തിലാണ്. പിന്നെ ആരാണ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് അസത്യം പറയിച്ചത്? ഹരിത ഫിനാന്‍സ് എന്ന പേരില്‍ സ്ഥാപനം നടത്തി ഒരു കോടി രൂപ നിക്ഷേപകരില്‍ നിന്നു തട്ടിയെടുത്തുവെന്ന കേസിലെ പ്രതി രാജ്കുമാറാണ് പൊലീസ് കസ്റ്റഡിയില്‍ ജയിലില്‍ മരിച്ചത്.  വായ്പ നല്‍കാമെന്നു വാഗ്ദാനം നല്കി, സ്വയംസഹായസംഘങ്ങളില്‍ നിന്നു പണം തട്ടിപ്പ് നടത്തിയ ഒന്നാം പ്രതി വാഗമണ്‍ കോലാഹലമേട് കസ്തൂരി ഭവനില്‍ രാജ്കുമാറാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സ്വയം സഹായസംഘങ്ങളില്‍ നിന്ന് വ്യാപകമായ പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് നെടുങ്കണ്ടം പൊലീസ് രാജ്കുമാറിനെതിരെ കേസെടുത്തത്. എന്നാല്‍ നാട്ടുകാര്‍ തന്നെയാണ് രാജ്കുമാറിനെ കണ്ടെത്തി പൊലീസിനെ ഏല്‍പിക്കുന്നത്. ഈ മാസം 12ാം തീയതിയാണ് ഇത് സംഭവിക്കുന്നത്. നാട്ടുകാരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത അന്നു രാത്രി തന്നെ 12 മണിയോടെ കോലാഹലമേട്ടിലെ വീട്ടിലെത്തിച്ചു തെളിവെടുത്തു. അവിടെ വച്ചും മര്‍ദിച്ചതിനു ദൃക്സാക്ഷികളുണ്ട്. ‌

വീട്ടില്‍ കൊണ്ടു വരുമ്പോള്‍ പോലും രാജ്കുമാറിന്റെ ആരോഗ്യാവസ്ഥ മോശമായിരുന്നില്ല. വീട്ടില്‍ നിന്ന് നേരെ നെടുങ്കണ്ടം സ്റ്റേഷനിലേക്കു കൊണ്ടുപോയി. 105 മണിക്കൂര്‍ സ്റ്റേഷനിലെ വിശ്രമമുറിയിലിട്ടു പെരുമാറിയെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.  12 ന് കസ്റ്റഡിയിലെടുത്ത പ്രതിയെ 15ന് വൈകിട്ടാണ് പൊലീസ് അറസ്റ്റ് ചെയ്തതായി രേഖപ്പെടുത്തിയത്. മൂന്നു ദിവസം നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വച്ചു.  15ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ അവശനിലയിലാണെത്തിച്ചത്. . അവശനിലയില്‍ സ്ട്രെച്ചറിലെത്തിച്ച രോഗിയെ 12 മണിക്കൂര്‍ നിരീക്ഷണത്തില്‍ വച്ചു പറഞ്ഞുവിടുകയാണുണ്ടായത്. അവിടെ നിന്ന് സ്ട്രെച്ചറില്‍ ഇടുക്കി മജിസ്ട്രേറ്റിന്റെ വീട്ടിലാണ് രാജ്കുമാറിനെ ഹാജരാക്കിയത്. പൊലീസിനെ കണ്ട് ഓടുന്നതിനിടയില്‍ വീണു പരുക്കേറ്റുവെന്നാണ് രാജ്കുമാര്‍ മജിസ്്്ട്രേറ്റിനോടു പറഞ്ഞത്. പൊലീസിന്റെ സാന്നിധ്യത്തില്‍ പ്രതിയുടെ പ്രസ്താവന സത്യമാണോയെന്നറിയാന‍് മജിസ്ട്രേറ്റും ശ്രമിച്ചില്ല. നടക്കാന്‍ പറ്റാെത അവശനിലയിലായിരുന്നിട്ടു പോലും പ്രതിക്ക് എന്താണ് സംഭവിച്ചതെന്നറിയാന്‍ മജിസ്ട്രേറ്റും മിനക്കെട്ടില്ല. മജിസ്ട്രേറ്റ് രാജ്കുമാറിനെ റിമാന്‍ഡ് ചെയ്തു. പൊലീസ് പീരുമേട് സബ്ജയിലിലേക്കു കൊണ്ടു പോയി. ജയിലില്‍ വച്ച് പല തവണ അവശനിലയിലായി. 

ജയിലിലും മനുഷ്യത്വമില്ലാത്ത പെരുമാറ്റമാണ് രാജ്്കുമാര്‍ നേരിട്ടതെന്ന് സഹതടവുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഗുരുതരാവസ്ഥയിലെത്തും വരെ മതിയായ ചികില്‍സ ഉറപ്പിക്കാന്‍ പോലും ജയില്‍ അധികൃതര്‍ ശ്രമിച്ചില്ല. പീരുമേട് സര്‍ക്കാര്‍ ആശുപത്രിയിലും കോട്ടയം മെഡി.കോളജിലും എത്തിച്ചപ്പോഴും വീണു പരുക്കേറ്റ  അവശത മാറാനാണ് പൊലീസ് ചികില്‍സ ആവശ്യപ്പെട്ടത്.  21 ന് രാവിലെ 10 മണിയോടെ മരണം സ്ഥിരീകരിച്ചു. കസ്റ്റഡി മര്‍ദനത്തിന്റെ തെളിവുകള്‍ ഇല്ലാതാക്കാനായി മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റുന്നതു പോലും പൊലീസ് മണിക്കൂറുകള്‍ ദീര്‍ഘിപ്പിച്ചു. രാവിലെ 10 മണിക്ക് മരണം സ്ഥിരീകരിച്ചെങ്കിലും വൈകിട്ട് നാലു മണിക്കാണ് RDOയുടെ സാന്നിധ്യത്തില്‍നടപടിക്രമങ്ങള്‍  പൂര്‍ത്തീകരിച്ചത്. പോസ്റ്റ്മോര്‍ട്ടം ടേബിളിലെത്തുമ്പോള്‍  210 കിലോ ഭാരമുള്ള  ജീര്‍ണാവസ്ഥയിലായിരുന്നു രാജ്കുമാറിന്റെ മൃതദേഹം. 

രാജ്കുമാറിന് മര്‍ദനത്തെത്തുടര്‍ന്ന് ഗുരുതരമായ ആന്തരികമുറിവുകളുണ്ടായെന്നും ഇതേത്തുടര്‍ന്നുണ്ടായ ന്യൂമോണിയയാണ് മരണത്തിലേക്കു നയിച്ചതെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മുറിവുകള്‍ വ്രണമായിരുന്നു. കാലുകളിലെ തൊലി അടര്‍ന്ന നിലയിലായിരുന്നു.ഇരുകാലുകള്‍ക്കും സാരമായി പരുക്കേറ്റു.  വാരിയെല്ലുകള്‍ക്കും പൊട്ടലുണ്ടായിരുന്നുവെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓടി രക്ഷപ്പെട്ടുവെന്ന് പൊലീസ് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച വ്യക്തി, മുന്‍പൊരിക്കലുണ്ടായ അപകടത്തില്‍ കാലൊടിഞ്ഞ്, ഓടാനേ സാധിക്കാത്ത ശാരീരികാവസ്ഥയിലായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

അസുഖബാധിതന്റെ സ്വാഭാവികമരണമെന്നാണ് പൊലീസ് ആദ്യം വിശദീകരിച്ചത്. പൊലീസിനെ കണ്ടോടിയപ്പോള്‍ വീണു പരുക്കേറ്റുണ്ടായ മരണമെന്നു മുഖ്യമന്ത്രിയും സഭയില്‍ വിശദീകരിച്ചു. ശരിയല്ലാത്ത ചില നടപടികളുണ്ടായെന്നും അതിനെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്തു നടപടിയാണുണ്ടാകുക? ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര കസ്റ്റഡി മരണങ്ങളുണ്ടായി? അതില്‍ നടപടി നേരിട്ട പൊലീസുകാര്‍ ഇപ്പോള്‍ എവിടെയാണ്? പൊലീസുകാരുടെ മനോവീര്യം തകര്‍ക്കരുതെന്നു നിര്‍ബന്ധമുള്ള മുഖ്യമന്ത്രി ആരുടെ നഷ്ടമാണ് ‌കണക്കിലെടുത്തത്?

നെടുങ്കണ്ടം സ്റ്റേഷനിലുണ്ടായിരുന്ന മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റിയാണ് സര്‍‍ക്കാര്‍ ഈ കേസില്‍ നടപടിയെടുത്തുവെന്നു പ്രഖ്യാപിച്ചത്. തുടരന്വേഷണം നടക്കുകയാണ്. പക്ഷേ സ്റ്റേഷനിലൊതുങ്ങുമോ ഉത്തരവാദിത്തം? നാലു ദിവസം ഒരു പ്രതിയെ കസ്റ്റഡിയില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചത് ഉന്നത ഉദ്യോഗസ്ഥര്‍ അറിഞ്ഞു തന്നെയാണെന്ന് വ്യക്തമായ റിപ്പോര്‍ട്ടുകളുണ്ട്. കുമാറിനെ 12 ന് കസ്റ്റഡിയില്‍ എടുത്തെന്ന വിവരം 

ഇടുക്കി ജില്ലാപൊലീസ് മേധാവി ഉള്‍പ്പെടെ അറിഞ്ഞിരുന്നു. കസ്റ്റഡിയിലിരിക്കെ കുമാര്‍ അവശനാണെന്നു കാണിച്ച് സ്പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ അവഗണിക്കുകയാണ് ചെയ്തത്. 13നും 14നും രണ്ടു തവണയായി ഇക്കാര്യം ചൂണ്ടിക്കാണിച്ചുള്ള റിപ്പോര്‍ട്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ചിട്ടുണ്ട്. 

ഒരു പൊലീസ് സ്റ്റേഷനില്‍ നിയമലംഘനം നടന്നാല്‍ അത് തിരുത്താന്‍ പര്യാപ്തമായ പല ശ്രേണികളിലൂടെയാണ് നടപടിക്രമങ്ങള്‍ കടന്നു പോകേണ്ടത്. എന്നാല്‍ ഉന്നതഉദ്യോഗസ്ഥര്‍ അരുംകൊലയ്ക്കു കൂട്ടുനിന്നു. വൈദ്യപരിശോധനാഘട്ടത്തിലും പ്രതിക്ക് നീതി കിട്ടിയില്ല. അവശനിലയിലായ പ്രതിയെ റിമാ ചെയ്യാന്‍ ഉത്തരവിട്ട മജിസ്ട്രേറ്റും കൊലയ്ക്കു കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. 

എന്നു വച്ചാല്‍ നീതി ഉറപ്പാക്കേണ്ട ഒരു സര്‍ക്കാര്‍ സംവിധാനവും ആ മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്നതു തടഞ്ഞില്ല. നിയമലംഘനവും നീതിനിഷേധവും തടയേണ്ട പ്രത്യേക വകുപ്പുകളാണ് ഒരു മനുഷ്യന്റെ ജീവനെടുക്കുകയും അതിനു കൂട്ടുനില്‍ക്കുകയും ചെയ്തത്. ഒരു ചിട്ടിതട്ടിപ്പുകേസില്‍ ക്രൂരമായ പൊലീസ് മര്‍ദനമുണ്ടാകേണ്ട സാഹചര്യമെന്തായിരുന്നുവെന്നു കൂടി അറിയണം. രണ്ടു കോടിയോളം തട്ടിപ്പു നടത്തിയ പ്രതിയിയില്‍ നിന്ന് പണം തട്ടിയെടുക്കാനായിരുന്നു ഈ നരഹത്യ. കേസ് തെളിയിക്കാനോ തുമ്പുണ്ടാക്കാനോ നടന്ന ചോദ്യം ചെയ്യലലായിരുന്നില്ല അത്. അല്ലെങ്കിലും 

കൊല്ലാന്‍ പോയിട്ട് ഒരാളെ തല്ലാന്‍ അധികാരമുണ്ടോ പൊലീസിന്? സാധ്യമായ എല്ലാ കള്ളങ്ങളും പറഞ്ഞു നോക്കി, നടക്കില്ല എന്നു വന്നതോടെയാണ് കസ്റ്റഡി മരണമെന്നു പോലും സമ്മതിക്കാന്‍ ഭരണകൂടം  തയാറായത്. പിണറായി സര്‍ക്കാര്‍ എന്തിനാണ് പൊലീസിന്റെ ക്രൂരതകള്‍ക്ക് മറ പിടിക്കുന്നത്?  ഇതാദ്യമായാണോ പൊലീസിന്റെ ക്രൂരമായ ഇടപെടലുകളോട് സര‍്ക്കാര്‍ ഉദാസീനസമീപനം സ്വീകരിക്കുന്നത്? വരാപ്പുഴ കസ്റ്റഡികൊലപാതക്കേസിലെ പ്രതികളായ പൊലീസുകാര്‍ ഇപ്പോഴും പൊലീസി‍ല്‍ തന്നെയുണ്ടെന്ന് കേരളത്തിനറിയാമോ?

ഔപചാരിക ഖേദപ്രകടനം ഇതാദ്യമായല്ല കേരളം കേള്‍ക്കുന്നത്. അടിയന്തരാവസ്ഥക്കാലത്തെ രാജന്‍ കൊലക്കേസ് മുതല്‍ കേരളാപൊലീസിന്റെ കുപ്പായത്തില്‍ ചോരക്കറ മായാതെ പതിഞ്ഞിട്ടുണ്ട്. രാജ്യത്തെ തന്നെ മികച്ച പൊലീസ് സംവിധാനങ്ങളിലൊന്നായി വിലയിരുത്തപ്പെട്ട സേനയില്‍ തന്നെ ചോരക്കൊതി പൂണ്ട, അധികാരോന്‍മത്തരായ ഉദ്യോഗസ്ഥരുമുണ്ട്.  രാജന്‍ എന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍  ഉരുട്ടിക്കൊന്നത് 44 വര്‍ഷം മുന്‍പ് അടിയന്തരവസ്ഥക്കാലത്താണ്. നായനാര്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കേ 1987ല്‍ ചേര്‍ത്തല സ്വദേശി ഗോപി കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. ഈ കേസില്‍ എസ്.ഐയും സി.ഐയും അടക്കമുള്ള പൊലീസുകാര്‍ ശിക്ഷിക്കപ്പെട്ടത് 2008ലാണ്. 2005ല്‍ തിരുവനന്തപുരത്ത് ഉരുട്ടിക്കൊലയ്ക്കു വിധേയനായ ഉദയകുമാറിന്റെ കേസിലും നീതി ലഭിച്ചത് 13 വര്‍ഷം  പോരാടിയ ശേഷമാണ്. 

പാറശാലയിലെ ശ്രീജിവ്, ഷീല വധക്കേസ് പ്രതി സമ്പത്ത് തുടങ്ങി സമീപകാല ചരിത്രത്തില്‍ തന്നെ ഏറെയുണ്ട് ഉരുട്ടിക്കൊലയെന്ന ക്രൂരതയുടെ നേര്‍സാക്ഷ്യങ്ങള്‍. സമ്പത്ത് വധക്കേസില്‍ ആരോപണവിധേയരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നിര്‍ലോഭമായ സ്ഥാനക്കയറ്റങ്ങള്‍ നല്‍കിയാണ് പിണറായി സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിനുണ്ടായ വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ഉയര്‍ന്ന കോളിളക്കങ്ങള്‍ കേരളം മറന്നിട്ടില്ല. എസ്.പി.അടക്കം പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ വളരെ രഹസ്യമായി ഓരോരുത്തരെ സര്‍വീസില്‍ തിരിച്ചെടുത്തു.  ക്രൈംബ്രാഞ്ചിന്റെ ഒന്നരവര‍്ഷം നീണ്ട അന്വേഷണത്തിനു ശേഷം ഇപ്പോഴും കേസില്‍ കുറ്റപത്രം കോടതിയിലെത്തിയിട്ടില്ല. 9 പൊലീസുകാര്‍ക്കെതിരെ പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലത്രേ. കേസില്‍ ആരോപണവിധേയനായ എസ്.പി. AV ജോര്‍ജിനെതിരെ വകുപ്പുതല നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തെങ്കിലും  ചെയ്തെങ്കിലും സര്‍ക്കാര്‍ ജോര്‍ജിനെ പൂര്‍ണമായി സംരക്ഷിച്ചു. ജോര്‍ജിനെതിരായ അച്ചടക്കനടപടികള്‍ പൂര്‍ണമായി ഒഴിവാക്കിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇപ്പോള്‍ വീണ്ടുംഉന്നതപദവി അലങ്കരിക്കുന്നു എ.വി.ജോര്‍ജ്. 

അവിടെയൊന്നും തീരുന്നതല്ല, കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷന്‍ നേരിട്ട എസ്.ഐ സര്‍വീസില്‍ തിരിച്ചുകയറുന്നുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്പ്പോള്‍ നമ്മള്‍ കണ്ടതാണ്, പൊലീസിന്റെ പക്ഷം ചേര്‍ന്നുള്ള സര്‍ക്കാരിന്റെ വേദന. ആയിരക്കണക്കിന് പൊലീസുദ്യോഗസ്ഥര്‍ സമര്‍പ്പണബുദ്ധിയോടെ ജോലി ചെയ്യുന്ന  സേനയിലെ കുറ്റവാളികളെ സംരക്ഷിച്ചുകൊണ്ട് ആരുടെ മനോവീര്യമാണ് ഇടതുസര‍്ക്കാര‍് കാത്തുസൂക്ഷിക്കാന്‍ ബദ്ധപ്പെടുന്നത്?

കസ്റ്റഡിയിലെടുത്ത പ്രതിയെ ശാരീരികമായി ഉപദ്രവിക്കുന്നതു തന്നെ ഗുരുതരമായ നിയമലംഘനമാണ്. പക്ഷേ പിണറായി സര്‍ക്കാരിന്റെ കാലത്ത് കസ്റ്റഡി മരണങ്ങള്‍ തുടര്‍ക്കഥയാണ്. പൊലീസ് തല്ലിക്കൊന്നതുകൂടാതെ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്യുകയോ വിട്ടയച്ചതിനു ശേഷം ജീവനൊടുക്കുകയോ ചെയ്തവരുടെ എണ്ണം ഇരുപതിനടുത്താണ്. പാവറട്ടിയിലെ ദളിത് യുവാവ് വിനായകന്‍ അടക്കമുള്ളവരുടെ മരണത്തില്‍ കാര്യമായ ഒരു നടപടിയും പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരിടേണ്ടി വന്നിട്ടില്ല. വ്യാജ ഏറ്റുമുട്ടലെന്ന് മനുഷ്യാവകാശപ്രവര്‍ത്തര്‍ ആരോപിക്കുമ്പോഴും മൂന്നു മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതില്‍ അഭിമാനിക്കുന്ന പൊലീസാണ്. ആ പൊലീസിനെതിരെ വിമര്‍ശനങ്ങളുയര്‍ത്തി സേനയുടെ മനോവീര്യം തകര്‍ക്കരുതെന്ന് ആവശ്യപ്പെടുന്ന ഭരണാധികാരിയാണ്. 

ഓരോ സംഭവങ്ങള്‍ക്കു ശേഷവും കര്‍ശനമായ നടപടിയെടുക്കും എന്ന ഒറ്റ വാക്കില്‍ തീരും കേരളത്തിന്റെ ധാര്‍മികരോഷം. നടപടിയുണ്ടാകും, തിരുത്തും എന്ന വാക്ക് നീതിബോധമുള്ള മനുഷ്യര്‍ വിശ്വസിച്ചു പോകുകയാണ്. നടപടിയെടുക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞല്ലോ, അതില്‍ കൂടുതല്‍ എന്തു ചെയ്യാനെന്ന് ഇടതുപക്ഷ അനുഭാവികളും കൈമലര്‍ത്തും. പക്ഷേ നടക്കുന്നതെന്താണ്? നടപടി നേരിട്ടവര്‍ നേരിട്ട നടപടിയെന്താണ്? അവരിപ്പോള്‍ എവിടെയാണ്? എന്തു ചെയ്യുന്നു? കസ്റ്റഡി മരണക്കേസില്‍ കൊലയാളികളെന്നു കണ്ടെത്തിയ എല്ലാ പൊലീസുകാരും ഇന്ന് സര്‍വീസിലുണ്ട്. അവരിപ്പോഴും നീതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. എന്നു വച്ച് പൊലീസിനു മുന്നിലെത്തുന്ന എല്ലാ കുറ്റവാളികളോടും ഇതേ സമീപനമാണ്  സര്‍ക്കാരിന്റെ കാലത്ത് സ്വീകരിക്കുന്നതെന്നൊന്നും ആരോപിക്കാനാകില്ല. ടി.പി.വധക്കേസ് പ്രതികള്‍ക്കു കിട്ടുന്ന പ്രത്യേക പരിഗണന മാതൃകാപരമാണ്. കൊടിസുനിക്ക് വിദേശത്തേക്കു വിളിച്ച് ക്വട്ടേഷന്‍ ഭീഷണി നടത്താന്‍ വരെയുള്ള സൗകര്യങ്ങള്‍ ജയിലിലുണ്ട്. ടി.പി.കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിക്കും ജയിലില്‍ പ്രത്യേക സൗകര്യങ്ങളുണ്ട്. 

അതായത് ഭരണകക്ഷിയുടെ സമീപനമനുസരിച്ചു തന്നെയുള്ള സമീപനമാണ് ഇന്നും പൊലീസ് നടപ്പാക്കുന്നത്.  ഭരണനേതൃത്വത്തിന് സ്വീകാര്യമല്ലാത്തതേത് എന്ന് കേരളാപൊലീസിന് നന്നായറിയാം. അതുകൊണ്ടാണ് കൊടിസുനിമാരോട് കാണിക്കാന്‍ ധൈര്യപ്പെടാത്ത ക്രൂരത, സ്വാധീനങ്ങളില്ലാത്ത  മനുഷ്യര്‍ക്കു നേരെ ആവര്‍ത്തിക്കപ്പെടുന്നത്. ഈ പൊലീസിനു തന്നെ മജിസ്റ്റീരിയല്‍ അധികാരം കൂടി കൊടുക്കാന്‍ തത്രപ്പെടുകയാണ് ഇടതുസര്‍ക്കാര്‍. ചോദ്യം ചെയ്യപ്പെടാത്ത അധികാരമാണ് ദുര്‍ബലരായ മനുഷ്യരെ തല്ലിക്കൊല്ലാന്‍ പൊലീസിനു ധൈര്യം നല്‍കുന്നതെന്ന് ഇനിയും തിരിച്ചറിയുന്നില്ലെങ്കില്‍ ദയവു ചെയ്ത് അടിയന്തരാവസ്ഥക്കാലത്തെ മര്‍ദനത്തിന്റെ സഹനകഥകളുമായി വീണ്ടും വരരുത്. അനുഭവിച്ചിട്ടും പൊലീസ് മര്‍ദനത്തിന്റെ രാഷ്ട്രീയം മനസിലായിട്ടില്ലെങ്കില്‍ ഇനിയൊരിക്കലും താങ്കള്‍ക്കത് മനസിലാകില്ല മുഖ്യമന്ത്രി.