ഇനിയുമാവർത്തിക്കണോ 'പാലാരിവട്ടം'?; ചോദ്യങ്ങൾ ഇരുപാർട്ടികളോടും

ഒരു നഗരത്തില്‍ അനീതി നടന്നാല്‍ സൂര്യാസ്തമയത്തിനു മുന്‍പ് അവിടെ കലാപമുണ്ടാകണം, ഇല്ലെങ്കില്‍ ഇരുട്ടും മുന്‍പ് ആ നഗരം കത്തിയമരണം. ബെര്‍തോള്‍‌ഡ് ബ്രെഹ്തിന്റെ ലോകപ്രശസ്തമായ ഈ വാചകങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഓര്‍മ വരുതെന്നതെന്താണ്? പാലാരിവട്ടം മേല്‍പാലം കേരളം കണ്ട  ഏറ്റവും വലിയ അഴിമതിയുടെ ചരിത്രം കുറിച്ച് മലയാളിയുടെ സാമാന്യബോധത്തെ വെല്ലുവിളിക്കുകയാണ്. ഈ പാഠം ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് കേരളം തീരുമാനിക്കേണ്ടതുണ്ട്. 

കൊച്ചിയില്‍ ഒരു പഞ്ചവടിപ്പാലം. അതും സിനിമയില്‍ പാലം പൊളിഞ്ഞു വീണ് മൂന്നരപതിറ്റാണ്ടിനു ശേഷം. ഉല്‍ഘാടനം ചെയ്ത് മൂന്നു വര്‍ഷമാകും മുന്നേ കൊച്ചി നഗരത്തിലെ ഒരു പ്രധാന മേല്‍പ്പാലം പൊളിച്ചു പണിയേണ്ട അവസ്ഥ കേരളത്തിന് മായ്ച്ചുകളയാനാകാത്ത അപമാനം ചാര്‍ത്തിയിരിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പാലാരിവട്ടം മേല്‍പ്പാലം നിര്‍മിച്ചത്. 2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ എൽഡിഎഫ് സര്‍ക്കാരിന് ഭരണം കൈമാറുമ്പോള്‍ പാലത്തിന്റെ 90 ശതമാനം നിര്‍മാണവും പൂര്‍ത്തിയായിരുന്നു. 2016 ഒക്ടോബര്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പാലാരിവട്ടം മേല്‍പ്പാലം ഉദ്ഘാടനം ചെയ്തത്. 

പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞപാടെ തന്നെ ടാറിങ് മൊത്തം ഇളകിത്തുടങ്ങി. സ്ലാബുകള്‍ക്കിടയില്‍ വിള്ളലുകള്‍ കണ്ടു തുടങ്ങി.  തൂണുകളിലും ഗര്‍ഡറുകളിലും അപകടകരമായ വിള്ളല്‍ രൂപപ്പെട്ടു. രൂപകല്‍പനയില്‍ പോലും ഗുരുതരമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പുറത്തു വന്നു തുടങ്ങി. നിലവാരമില്ലാത്ത കോണ്‍ക്രീറ്റിങും കമ്പികളുമാണ് ഉപയോഗിച്ചതെന്ന് ഒരു വൈദഗ്ധ്യവുമില്ലാത്ത നാട്ടുകാര്‍ക്കു പോലും ബോധ്യപ്പെട്ടു. അഴിമതിയും മേല്‍നോട്ടക്കാര്‍ കണ്ണടച്ചതുമാണ് ഈ ഗുരുതരമായ സാഹചര്യത്തിനിടയാക്കിയതെന്നതില്‍ ആര്‍ക്കും സംശയിക്കാനാകില്ല. പാലം സുരക്ഷാഭീഷണിയിലായതോടെ സര്‍ക്കാര്‍ ചെന്നൈ ഐ.ഐ.ടിയുടെ സഹായം തേടി. ഐ.ഐ.ടി. നടത്തിയ പഠനത്തില്‍ കേരളത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. വെറും രണ്ടരവര്‍ഷം കൊണ്ട് ഒരു മേല്‍പാലം അപകടാവസ്ഥയിലായിരിക്കുന്നു. 

എന്നുവച്ചാല്‍ ലക്ഷക്കണക്കിനു യാത്രക്കാരുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന വന്‍ അഴിമതി, നഗ്നമായി തെളിഞ്ഞു. കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച പാലം മൂന്നു വര്‍ഷം പോലും തികച്ചില്ല. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സമൂഹത്തെ വെല്ലുവിളിക്കും വിധം  ഒരു പാലം നിര്‍മിച്ചു വച്ചിരിക്കുന്നു. അഴിമതി നടത്തിയതാരായാലും പാലം പൊളിഞ്ഞതിന് മറുപടി പറയേണ്ട യു.ഡി.എഫ്. സമരം നടത്തി കേരളത്തെ പിന്നെയും പിന്നെയും പരിഹസിക്കുന്നു. 

ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കിയ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്പീഡ് പദ്ധതിയിലെ ആദ്യപ്രൊജക്റ്റായിരുന്നു പാലാരിവട്ടം മേല്‍പ്പാലം. ദേശീയപാത അതോറിറ്റി നിര്‍മിക്കേണ്ട പാലമാണെങ്കിലും ടോളും കാലതാമസവും ഒഴിവാക്കാന്‍ കേരളാസര്‍ക്കാര്‍ നിര്‍മാണം ഏറ്റെടുക്കുകയായിരുന്നു. ഒന്നരവര്‍ഷം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.  52 കോടി രൂപയാണ് നിര്‍മാണത്തിനായി ചെലവായത്. നേരിട്ടുള്ള നിര്‍മാണച്ചെലവ് 39 കോടി രൂപ. 632 മീറ്ററാണ് പാലത്തിന്റെ നീളം.  ഗുജറാത്ത് കമ്പനിയായ ആര്‍.ഡി.എസ്. കണ്‍സ്ട്രക്ഷന്‍സാണ് നിര്‍മാണം നടത്തിയത്. കേരളാ റോഡ്സ് ആന്റ് ബ്രി‍ഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം. പാലം രൂപകല്‍പന ചെയ്തതും ചുമതല ഏറ്റെടുത്തതും സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോ ആണ്. അവരാണ് ആര്‍.ഡി.എസ്. കമ്പനിക്ക് നിര്‍മാണക്കരാര്‍ നല്‍കിയത്. 2014ല്‍ പണി തുടങ്ങി. 2016 ജൂലൈയില്‍ ഉദ്ഘാടനം നടക്കുമെന്നായിരുന്നു വാഗ്ദാനം. എന്തായാലും  രണ്ടരവര്‍ഷം കൊണ്ട്  പണിതീര്‍ത്ത് 2016 ഒക്ടോബറില്‍ ഉല്‍ഘാടനവും നടത്തി.  

തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പാലത്തിന്റെ ഉള്ള് പൊള്ളയാണെന്നു യാത്രക്കാര്‍ അറിഞ്ഞു തുടങ്ങി. പരാതികള്‍ വ്യാപകമായി.  ഒടുവില്‍ ദേശീയ പാത അതോറ്റിറ്റിയുടെ തന്നെ പതിവ്  പരിശോധനയില്‍ പാലത്തിന്റെ ഗുരുതരമായ നിര്‍മാണത്തകരാറുകള്‍ പുറത്തു വന്നു. രണ്ട് വിള്ളലുകളാണ് സ്വകാര്യ ഏജന്‍സി നടത്തിയ ആദ്യപരിശോധനയില്‍ കണ്ടെത്തിയതെങ്കില്‍ ഒരു വര്‍ഷം കൊണ്ട് വിടവുകളുടെ എണ്ണം കൂടി, അപകട ഭീഷണിയും വര്‍ധിച്ചു.  തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച, മദ്രാസ് ഐ.ഐ.ടിയുടെ പഠനത്തില്‍ പാലം സഞ്ചാരയോഗ്യമല്ലെന്നു തന്നെ കണ്ടെത്തിയതോടെ ഗതാഗതം നിര്‍ത്തി ഒരു മാസം കൊണ്ട് അറ്റകുറ്റപ്പണി നടത്താന്‍ എൽഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു

പൊതുമരാമത്ത് മന്ത്രിയുടെ ആവശ്യപ്രകാരം അന്വേഷണം തുടങ്ങിയ വിജിലന്‍സ് ഉദ്യോഗസ്ഥരെ പ്രതികളാക്കി എഫ്.ഐ.ആര്‍. സമര്‍പ്പിച്ചു കഴിഞ്ഞു. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനിേലയും കിറ്റ്കോയിലെയും ഉദ്യോഗസ്ഥരടക്കം അഞ്ചുപേരാണ് ഇപ്പോള്‍ പ്രതിസ്ഥാനത്ത്. നിര്‍മാണകമ്പനിയുടെ എം.ഡി.യാണ് ഒന്നാംപ്രതി. കിറ്റ്കോ മുന്‍ എം.ഡി. സിറിയക് ഡേവിസ്,  RBDCK മുന്‍ എം.ഡി. മുഹമ്മദ് ഹനീഷ് എന്നിവരെയടക്കം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 

ജനങ്ങളുടെ ജീവനും പണവും സമയവും മുള്‍മുനയില്‍ നിര്‍ത്തിയ അനീതിയാണ് നടന്നത്.  ഉദ്യോഗസ്ഥര്‍ മാത്രം പ്രതിക്കൂട്ടില്‍ കയറിയാല്‍ പോര. യുഡിഎഫ് മറുപടി പറയണം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറയണം.  അന്ന് പൊതുമരാമത്തു മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞും അദ്ദേഹത്തിന്റെ പാര്‍ട്ടി മുസ്‍ലിം ലീഗും ജനങ്ങളോടു മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. ക്രിമിനല്‍ കുറ്റങ്ങള്‍ ബാധകമല്ലെന്നതുകൊണ്ട് ഒഴിഞ്ഞു മാറാനാകില്ല, ഇത്രയും വലിയ ഒരു ക്രമക്കേടിനു മറുപടി പറയാനുള്ള രാഷ്ട്രീയഉത്തരവാദിത്തം യു.ഡി.എഫിനുണ്ട്. ചോദ്യങ്ങള്‍ എല്‍.ഡി.എഫിനോടുമുണ്ട്. 

ഇത്രയും നഗ്നമായ അഴിമതി നടത്താന്‍ ഉദ്യോഗ്സ്ഥരോ കരാറുകാരോ മാത്രം ധൈര്യപ്പെടില്ലെന്നത് പകല്‍ പോലെ വ്യക്തമാണ്.  അഴിമതിയുടെ വിഹിതം എത്തേണ്ടിടത്ത് എത്താതെ ഈ പകല്‍കൊള്ള നടക്കില്ല. ജനങ്ങളുടെ ജീവനും സുരക്ഷിതത്വവും പന്താടിയതാരായാലും രക്ഷപ്പെടാന്‍ അനുവദിക്കരുത്. ഖജനാവിന് ഭീമമായ നഷ്ടം  വരുത്തിയ, പൊതുപണം നാണമില്ലാതെ കൈയിട്ടു വാരിയവരെല്ലാം വെളിച്ചത്തു വരണം. അവര്‍ക്ക് കേരളം മറക്കാത്ത, മാതൃകയാകുന്ന ശിക്ഷ നല്‍കണം. ഇതേ ആര്‍.ഡി.എസ്. കമ്പനി കേരളത്തില്‍ പലയിടത്തും നിര്‍മാണകരാറുകള്‍ നേടിയിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനം വിലയിരുത്തി, നടപടിയെടുക്കണം. കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ഭരണമുന്നണിയില്‍ തന്നെ ആവശ്യമുയര്‍ന്നു കഴിഞ്ഞു.  പാലം അറ്റകുറ്റപ്പണിക്ക് ചെലവാകുന്ന തുക, അഴിമതിക്കാരില്‍ നിന്നു തന്നെ ഈടാക്കണമെന്നാണ് പൊതു ആവശ്യം

എല്ലാ സിവില്‍ വര്‍ക്കുകള്‍ക്കും കൃത്യമായി കൈക്കൂലി വിതരണം നടക്കാറുണ്ട്. കമ്മിഷന്‍ എന്ന ഓമനപ്പേരിലാണ് എന്നു മാത്രം. ആ കമ്മിഷന്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഫൈനല്‍ എസ്റ്റിമേറ്റ് തയാറാക്കുന്നതെന്നതും പരസ്യമായ രഹസ്യം.  പക്ഷേ അടിസ്ഥാനപരമായി ഒരു മിനിമം ഗാരന്റി നിര്‍മാണത്തില്‍ ഉറപ്പു വരുത്താറുമുണ്ട്.ഈ കമ്മിഷന്‍ ഏര്‍പ്പാട് കൊണ്ടു തന്നെയാണ് കേരളത്തിലെ ഒരു നിര്‍മാണത്തിനും കൃത്യമായ നിലവാരം ഉറപ്പു വരുത്താനാകാതെ പോകുന്നത്. കമ്മിഷനോടു മുഖംതിരിക്കുന്ന രാഷ്ട്രീയനേതാക്കളോട് ഉദ്യോഗസ്ഥര്‍ നിസഹകരിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.  അഴിമതി വിരുദ്ധ നിലപാടെടുക്കുന്ന രാഷ്ട്രീയനേതാക്കള്‍ ഒറ്റപ്പെടുന്നതും നിസഹകരണത്തില്‍ നിസഹായരായി അഴിമതിക്ക് വിധേയപ്പെടുകയോ കൂട്ടുനില്‍ക്കുകയോ കണ്ണടയ്ക്കുകയോ ചെയ്യുന്നതും സ്വാഭാവികപരിണതിയാണ്.  പക്ഷേ അഴിമതി തിരുത്താന്‍ നേതൃത്വം നല്‍കേണ്ട മന്ത്രിമാരും നേതാക്കളും തന്നെയാണ് ഈ സാഹചര്യം ഇല്ലാതാക്കാന്‍ ഉറച്ച നിലപാടെടുക്കേണ്ടത്.  അതുകൊണ്ട്   ഇത്ര ഭീമമായ ക്രമക്കേട്  മന്ത്രി നേരിട്ട് അറിഞ്ഞിരുന്നോ, ഭരണനേതൃത്വം അറിഞ്ഞിരുന്നോ  എന്ന ചോദ്യത്തിന് മറുപടി കണ്ടെത്തേണ്ട ബാധ്യത കേരളത്തിനില്ല. പാലാരിവട്ടം ക്രമിക്കേടിനെതിരെ ആദ്യം മുതലേ ശബ്ദമുയര്‍ത്തുകയും ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്തത് പൊതുമരാമത്തു മന്ത്രി ജി.സുധാകരനാണ്. 

പക്ഷേ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തത് LDF സര്‍ക്കാരാണ്. അന്തിമഅനുമതിക്ക് മുന്‍പ് കൃത്യമായ പരിശോധനകള്‍ നടത്തണമെന്നാണ് മാനദണ്ഡം.  അത് നടന്നിരുന്നോ?  പാലത്തിന്റെ ഡിസൈന്‍ മുതല്‍ പിഴച്ചുവെന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. എങ്കില്‍ അതു പോലും അന്ന് LDF നേതൃത്വം നല്‍കുന്ന PWD യ്ക്കും ചൂണ്ടിക്കാണിക്കാനാകാതെ പോയതെന്താണ്? ഇപ്പോള്‍ വിജിലന്‍സ് നടപടിയെടുക്കുന്നു. കുറ്റക്കാര്‍ തന്നെ കര്‍ശനമായി ശിക്ഷിക്കപ്പെടുമെന്ന് കേരളത്തിന് LDF ഉറപ്പു നല്‍കുമോ? അതോ അഴിമതിക്കേസുകളിലെ പരസ്പര സഹായ സഹകരണസംഘം ഇനിയും അന്തര്‍ലീനമായി പ്രവര്‍ത്തിക്കുമോ? 

‌‌‌‌ഏതു പൊതുമരാമത്തു ജോലിക്കും ഇനിയൊരു പാഠമാകണം ഈ അനുഭവം. അതിവേഗ അഴിമതിക്ക് അതിവേഗ നടപടിയിലൂടെ അതിവേഗശിക്ഷയും ഉറപ്പാക്കണം. പൊതുപണത്തിന്റെ മാത്രം കാര്യമല്ല, ജനങ്ങളുടെ ജീവനും സമയത്തിനും ദുരിതത്തിനും പുല്ലുവിലയെന്ന സമീപനം ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. പൊതുനിര്‍മാണങ്ങളില്‍  കള്ളത്തരം കാണിക്കുന്നവര്‍ക്കെല്ലാം താക്കീതാകുന്ന, മാതൃകാപരമായ നടപടിയിലൂടെ വേണം പാലാരിവട്ടം മേല്‍പാലത്തിലെ തുടര്‍നടപടികള്‍ കൈകാര്യം ചെയ്യപ്പെടാന്‍.