ബാലഭാസ്കർ മരിച്ച് 8 മാസം; കേരളാപൊലീസ് നിസംഗരായോ?; ചോദ്യങ്ങൾ

അകാലത്തില്‍ പൊലിഞ്ഞ ഒരു സംഗീതപ്രതിഭ കേരളത്തിന്റെ നഷ്ടവും തീരാവേദനയുമാണ്. യുവപ്രതിഭ ബാലഭാസ്കറിന്റെ അപകടമരണത്തിനു പിന്നിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതില്‍ കേരളാപൊലീസ് നിസംഗത പുലര്‍ത്തിയോ? പുതുതായി തുടങ്ങിയ അന്വേഷണത്തില്‍ സത്യങ്ങള്‍ പുറത്തു വരുമോ? സമൂഹമെന്ന നിലയില്‍ കുടുംബത്തിനു നല്‍കേണ്ട ഉത്തരങ്ങള്‍ക്കപ്പുറം സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറാനും വിധികല്‍പനകള്‍ പുറപ്പെടുവിക്കാനും നമുക്ക് അവകാശമില്ലെന്ന് കേരളം മാനിക്കുമോ?

തീരാനഷ്ടം കേരളം ഉള്‍ക്കൊണ്ടിട്ടില്ല. ആസ്വാദകര്‍ പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നതേയുള്ളൂ. പക്ഷേ മരണകാരണമായ അപകടം കൃത്യമായി അന്വേഷിക്കപ്പെട്ടിരുന്നില്ലേ? സംശയമുയര്‍ത്തിയിരിക്കുന്നത് ബാലഭാസ്കറിന്റെ പിതാവ് തന്നെയാണ്. 

ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തും പ്രോഗ്രാം ചുമതലകള്‍ നിര്‍വഹിച്ചിരുന്നയാളുമായ പ്രകാശന്‍ തമ്പി സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായതോടെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. സുഹൃത്തുക്കളുടെ പശ്ചാത്തലത്തില്‍ സംശയമുണ്ടെന്നും പിതാവ് ഉന്നയിച്ച പരാതിയില്‍ പറയുന്നു. 

ബാലഭാസ്കര്‍ മരിച്ച് എട്ടു മാസം കഴിഞ്ഞിട്ടും അപകടത്തിനു പിന്നിലെ സത്യാവസ്ഥ കണ്ടെത്തുന്നതില്‍ പൊലീസിനു വീഴ്ചയുണ്ടായോ? അതോ ഇപ്പോഴുയരുന്നത് കുടുംബത്തിന് പുതിയ സാഹചര്യത്തിലുണ്ടാകുന്ന സ്വാഭാവിക സംശയങ്ങള്‍ മാത്രമാണോ? ഇത്രയും പ്രമുഖനായ വ്യക്തിയുടെ അപകടമരണം പോലും അന്വേഷണ ഏജന്‍സികള്‍ ശരിയായി കൈകാര്യം ചെയ്യുന്നില്ല എന്ന സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25 അതിരാവിലെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തിരുവനന്തപുരത്തിനടുത്ത് പള്ളിപ്പുറത്ത് അപകടത്തില്‍ പെടുന്നത്. അതിവേഗതയിലായിരുന്ന വാഹനം, ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാല്‍ തെന്നി വഴിയോരത്തെ മരത്തില്‍ ഇടിക്കുകയായിരുന്നുവെന്നായിരുന്നു ആദ്യനിഗമനം. ബാലഭാസ്കറിന്റെ മകള്‍ സംഭവസ്ഥലത്തു തന്നെ മരണമടഞ്ഞു. ഒരാഴ്ചയിലേറെ ചികില്‍സയില്‍ കഴിഞ്ഞ ശേഷം ബാലഭാസ്കറും മരണത്തിന് കീഴടങ്ങി. ഭാര്യ ലക്ഷ്മി ഗുരുതരമായ പരുക്കുകളില്‍ നിന്ന് ഇപ്പോഴും അതിജീവിച്ചു വരുന്നതേയുള്ളൂ. അപകടസമയത്ത് വണ്ടിയോടിച്ചിരുന്നത് ആരാണ് എന്നതില്‍ ആദ്യഘട്ടത്തിലേ തര്‍ക്കമുണ്ടായിരുന്നു. ഡ്രൈവര്‍ അര്‍ജുനാണ് വണ്ടിയോടിച്ചത്  എന്ന് ലക്ഷ്മിയും ദൃക്സാക്ഷികളും മൊഴി നല്‍കിയപ്പോള്‍, ബാലഭാസ്കറാണ് വണ്ടിയോടിച്ചതെന്ന് ഡ്രൈവര്‍ മൊഴി നല്‍കി. പരുക്കുകളുടെ ശാസ്ത്രീയ പരിശോധനയില്‍ അര്‍ജുന്‍ തന്നെയാണ് വണ്ടിയോടിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ‍

എന്നാല്‍ പ്രകാശന്‍ തമ്പി സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായതോടെ കൂടുതല്‍ സംശയങ്ങള്‍ ഉയരുകയായിരുന്നു. സ്വര്‍ണക്കടത്തും ബാലഭാസ്കറിന്റെ മരണവും തമ്മില്‍ ബന്ധപ്പെടുത്തുന്നതൊന്നുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സമയക്രമം വച്ചു വിശദീകരിക്കുന്നുണ്ടെങ്കിലും കുടുംബം സംശയങ്ങള്‍ ഉന്നയിക്കുന്നു. ബാലഭാസ്കറുമായി ബന്ധപ്പെട്ട പാലക്കാട്ടെ ‍ആശുപത്രി ഉടമകളുമായി നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പിതാവ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നു

ചുരുക്കത്തില്‍ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ച് കുടുംബത്തിന്റെ സന്ദേഹങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിക്കേണ്ടതുണ്ട്. എന്നാല്‍ സാമ്പത്തികഇടപാടുകളെക്കുറിച്ചുള്ള പരാതികള്‍ ആ തലത്തില്‍ തന്നെയാണ് കൈകാര്യം ചെയ്യപ്പെടേണ്ടത്. ഇതിനെല്ലാം അപ്പുറം, ഒരു കുടുംബത്തിന്റെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങള്‍ പരസ്യമായ ചര്‍ച്ചകളിലേക്കു കൊണ്ടുവരാതിരിക്കാന്‍ ബന്ധപ്പെട്ട വ്യക്തികളും സമൂഹവും ശ്രദ്ധിക്കേണ്ടതുമുണ്ട്

അകാലത്തില്‍ ജീവന്‍ പൊലിയുന്നവരുടെ പ്രിയപ്പെട്ടവരുടെ വികാരങ്ങള്‍ കണക്കിലെടുക്കാനും മാനിക്കാനും ‌ഒരു സമൂഹമെന്ന നിലയില്‍ കേരളം ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെന്നു കൂടി തെളിയിക്കുന്നു ഈ കേസിലെ സംഭവവികാസങ്ങള്‍. ഭര്‍ത്താവും കുഞ്ഞും അപകടത്തില്‍ നഷ്ടപ്പെട്ട ഒരു സ്ത്രീ ജീവിതത്തിലേക്കു തിരിച്ചുവരാനാകാതെ പതറി നില്‍ക്കുന്നുണ്ടെന്ന് ഓര്‍ക്കാതെ ചര്‍ച്ചകള്‍ വലിച്ചു നീട്ടുന്നത് ശരിയല്ല. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി അപകടത്തില്‍ ഗുരുതരമായ പരുക്കേറ്റ് തുടര്‍ചികില്‍സയിലാണ്. പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണവര്‍. ഒട്ടേറെ ശസ്ത്രക്രിയകള്‍ക്കു വിധേയയായ ലക്ഷ്മി അടുത്ത മാസങ്ങളില്‍ വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയയാകാന്‍ ഒരുങ്ങുകയാണ്. അവരുടെ ജീവിതമാണ് അപകടത്തില്‍ തകര്‍ന്നത്. കുഞ്ഞും ഭര്‍ത്താവും ഒന്നിച്ചു നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയ ലക്ഷ്മിയെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാന്‍ മറ്റുള്ളവര്‍ക്കു ബാധ്യതയുണ്ട്. മറ്റു വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറാനോ അതു ചര്‍ച്ചയാക്കാനോ എത്ര അടുത്ത ബന്ധുക്കളായാലും അവകാശമില്ലെന്ന് നമ്മള്‍ അറിയേണ്ടതുണ്ട്.  അപകടത്തെക്കുറിച്ചുള്ള സംശയങ്ങള്‍ വസ്തുതാപരമായാണ് ഉന്നയിക്കേണ്ടത്. വ്യക്തിവിദ്വേഷം തീര്‍ക്കാനുള്ള വേദിയായി സമൂഹം നിന്നുകൊടുക്കുന്നത് ശരിയല്ല. 

സ്വകാര്യതയെ ബാധിക്കുന്നതെല്ലാം സ്വകാര്യമാണ്. അനുചിതമായ ചര്‍ച്ചകള്‍ പൊതുവിടങ്ങളിലേക്കു വലിച്ചു നീട്ടുന്ന വ്യക്തിതാല്‍പര്യങ്ങള്‍ ഒരു ദുരൂഹതയുടെ ന്യായീകരണത്തിലും ഉചിതമല്ല. മറ്റാരുടെയെങ്കിലും സ്വകാര്യ ജീവിതത്തെക്കുറിച്ച് വിധി പുറപ്പെടുവിക്കാന്‍ സമൂഹത്തിന് ഒരു അവകാശവുമില്ല. സ്വകാര്യപ്രശ്നങ്ങളിലെ പരസ്യമായ വിഴുപ്പലക്കുകളും ഏറ്റെടുക്കാന്‍ സമൂഹത്തിന് ബാധ്യതയില്ല. 

സമൂഹത്തെ ബാധിക്കുന്നതും സമൂഹത്തിന് ബാധ്യതയുള്ളതുമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിക്കൊടുക്കാന്‍ സര്‍ക്കാരിനും പൊലീസിനും ബാധ്യതയുണ്ട്. അതിലുണ്ടാകുന്ന കാലതാമസം അനാവശ്യചര്‍ച്ചകളില്‍ മുതലെടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്കും അവസരമാണ്. കേരളത്തിന്റെ കൂടി നഷ്ടമായ സംഗീതപ്രതിഭയുടെ ജീവിതം ആദരിക്കപ്പെടേണ്ടത് വ്യക്തതയുളള, അന്തിമമായ മറുപടികളില്‍ക്കൂടിയാണ്.