കോണ്‍ഗ്രസ് മാറണം, കേരളം മാതൃകയാകണം; ചരിത്രസന്ധിയില്‍ രക്ഷിക്കാനാര്?

നിറപ്പകിട്ടോടെ രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറിയപ്പോള്‍ ദയനീയമായ ഒരു പ്രതിസന്ധിയില്‍ സ്വയം കുരുങ്ങിനില്‍ക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഈ തിരഞ്ഞെടുപ്പിലും രാജ്യത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പക്ഷേ ഒരു കണക്കിനും സാന്ത്വനപ്പെടുത്താനാകാത്ത ആഴങ്ങളിലേക്ക് കൂപ്പുകുത്തിയിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്കറിയാം. പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ഗാന്ധിക്കറിയാം. പക്ഷേ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്ന നേതാവിനോ തിരിച്ചടികളില്‍ നിരാശരാകുന്ന അണികള്‍ക്കോ കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനാകില്ല.കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്  അടിമുടി മാറ്റവും സമഗ്രമായ സമീപനവും അനിവാര്യമാണ്. 

ശശി തരൂര്‍ പറയുന്നത് ശരിയാണ്. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുകയാണ് ചെയ്തത്. ഇത്ര ദയനീയമായും നില മെച്ചപ്പെടുത്താനാകുമെന്ന സത്യം അംഗീകരിക്കാതിരിക്കാനാകില്ല. 2014ലെ 44 സീറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പതനമായിരുന്നെങ്കില്‍ ഇത്തവണ എട്ട് സീറ്റ് കൂടി അത് 52 ആയിട്ടുണ്ട്. പക്ഷേ ബി.െജ.പിയുടെ 303 സീറ്റിനു മുന്നില്‍, 52 എന്ന സംഖ്യയേല്‍പിക്കുന്ന പ്രഹരം എത്ര വലുതാണെന്ന് കോണ്‍ഗ്രസിനറിയാം. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് രണ്ടാം ദിവസമാണ് രാഹുല്‍ഗാന്ധി സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രഖ്യാപിച്ചത്. ഇപ്പോഴും രാഹുല്‍ഗാന്ധിയുടെ മനം മാറാനുള്ള സമ്മര്‍ദ്ദതന്ത്രങ്ങളിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഒറ്റയ്ക്കൊറ്റക്കുള്ള കൂടിക്കാഴ്ചകള്‍ മുതല്‍, ആത്മഹത്യാഭീഷണികളും യാഗങ്ങള്‍ വരെയുമുളള പല പല വഴികളിലൂടെ സമ്മര്‍ദം തുടരുന്നു. 

2017ലാണ് രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ പതിനാറാമത്തെ പ്രസിഡന്റാണ് രാഹുല്‍ഗാന്ധി. നെഹ്റു കുടുംബത്തില്‍ നിന്ന് തല്‍സ്ഥാനം വഹിക്കുന്ന ആറാമത്തെ വ്യക്തിയും. പ്രസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധി ശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. കടുത്ത തീരുമാനങ്ങളും വലിയ തലമുറമാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ കോണ്‍ഗ്രസിനെയോ പ്രതിപക്ഷത്തെയോ രക്ഷപ്പെടുത്താന്‍ മാത്രം വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനായില്ല എന്നത് യാഥാര്‍ഥ്യമാണ്. മാത്രമല്ല, ജനാധിപത്യസംസ്കാരത്തിലേക്കു പോലും കോണ്‍ഗ്രസിനെയെത്തിക്കാന്‍ രാഹുല്‍ഗാന്ധിക്കു കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ ഇന്നത്തെഅവസ്ഥയ്ക്ക് ഹൈക്കമാന്‍ഡിനു തന്നെയാണ് ആദ്യ ഉത്തരവാദിത്തവും. ഹൈക്കമാന്‍റ് സംസ്കാരത്തിന് രണ്ടു പ്രശ്നങ്ങളുണ്ട്. 1. അത് ജനാധിപത്യവിരുദ്ധമാണ്. 2. അത് നേതൃത്വത്തെ പഴി ചാരി ഉത്തരവാദിത്തങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസരമൊരുക്കുന്നു.  പാര്‍ട്ടിക്കുണ്ടാകുന്ന ഗുണത്തിന്റെയും ദോഷത്തിന്റെയും ഉത്തരവാദിത്തത്തില്‍ മറ്റാര്‍ക്കും പങ്കാളിത്തമില്ല. പാര്‍ട്ടിയുടെ നിലനില്‍പ്പിനോ, രാഷ്ട്രീയ ഇടപെടലിനോ അതിജീവനത്തിലോ ഒന്നും പ്രവര്‍ത്തകര്‍ക്കോ മറ്റു നേതാക്കള്‍ക്കോ ഉത്തരവാദിത്തമിലാതെയായി മാറും. അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ട വിധേയരാകാന്‍ പരുവപ്പെടുന്ന നേതാക്കളില്‍ നിന്ന് നയിക്കാനുള്ള ആര്‍ജവം ആവശ്യപ്പെടുന്നത് ശരിയുമല്ല. കോണ്‍ഗ്രസിന് സംഭവിച്ചുകൊണ്ടേയിരുന്നത് അതു മാത്രമാണ്. പാര്‍ട്ടിയോട് ഉത്തരവാദിത്തത്തോടെ രാഷ്്ട്രീയപ്രവര്‍ത്തനം നടത്തുകയെന്നത് ഒരു കോണ്‍ഗ്രസുകാരന്റെയും ഉത്തരവാദിത്തമായിരുന്നില്ല, പ്രതിബദ്ധതയായിരുന്നില്ല. ഹൈക്കമാന്‍ഡ് തീരുമാനിക്കും. അനുസരിക്കുക. ഒടുവില്‍ അത് അനിവാര്യമായ ഒരു പ്രതിസന്ധിയിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചിരിക്കുന്നു. അതും രാജ്യത്തിനു കൂടി താങ്ങാന്‍ ശേഷിയില്ലാത്ത ഒരു നേരത്ത് അതു സംഭവിക്കുന്നു. 

അതുകൊണ്ട് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു പോകുമെന്നു കരുതണോ? അതിജീവിക്കില്ലെന്ന് ആശങ്കപ്പെടണോ? ഒന്നും സംഭവിക്കില്ലെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കോണ്‍ഗ്രസ് ഏതു പ്രതിസന്ധിയെയും അതിജീവിക്കും. പക്ഷേ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന സ്വാധീനത്തിലേക്ക് തിരികെയെത്തണമെങ്കില്‍ കഠിനാധ്വാനവും പരിപൂര്‍ണ സമര്‍പ്പണവും ആവശ്യമാണ്. കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് ആരു തീരുമാനിക്കും എന്നതാണ് ഒന്നാമത്തെ പ്രശ്നം? 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇപ്പോള്‍ സ്വീകരിച്ച നിലപാട് ശരിയല്ല.  വന്‍തിരിച്ചടി നേരിട്ടതിനു തൊട്ടടുത്ത ദിവസം പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ഒഴിയുമെന്ന കടുംപിടിത്തം രാഷ്ട്രീയമായി പക്വതയുള്ള ഒരു നേതാവില്‍ നിന്നും പ്രതീക്ഷിക്കാവുന്നതല്ല. പക്ഷേ സ്വയം കഠിനാധ്വാനം ചെയ്തിട്ടും സഹകരിക്കാത്ത മുതിര്‍ന്ന നേതാക്കളോടുള്ള പ്രതിഷേധമാണ് രാഹുല്‍ ഗാന്ധിയെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യപ്രദേശില്‍ കമല്‍നാഥ് പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടു പോകുന്നത് തോന്നും പടിയാണ്. ജ്യോതിരാദിത്യ സിന്ധ്യ, ദ്വിഗ്‍ വിജയ്സിങ് തുടങ്ങി പല ഗ്രൂപ്പുകളായി തിരിഞ്ഞ പാര്‍ട്ടി പല വഴിക്കാണ് പൊതുതിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് പരസ്യമാണ്. രാജസ്ഥാനില്‍ ഗെലോട്ടും സച്ചിന്‍ പൈലറ്റും പാര്‍ട്ടിയുടെ ലക്ഷ്യത്തിലേക്കല്ല പൊരുതിയത്.  പഞ്ചാബിലും വിഭാഗീയതയുടെയും താന്‍പോരിമയുടെയും കഥകള്‍ ഒട്ടേറെ. സുപ്രധാനസംസ്ഥാനങ്ങളിലെല്ലാം, മുതിര്‍ന്ന നേതാക്കളുടെ ഉത്തരവാദിത്തമില്ലാത്ത പ്രവര്‍ത്തനശൈലിയാണ് പാര്‍ട്ടിയെ നാണം കെടുത്തിയതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ കാര്യം മാത്രം നോക്കുക. രാഹുല്‍ഗാന്ധി മല്‍സരിക്കാന്‍ വരുംമുന്‍പ് എന്തായിരുന്നു ഇവിടത്തെ കോണ്‍ഗ്രസിന്റെ അവസ്ഥ? ഇടതുപക്ഷത്തിന്റെയും ബി.ജെ.പിയുടെയും ഇടയില്‍ കേരളീയരുടെ രാഷ്ട്രീയവോട്ട് രക്ഷിച്ചുവെന്നല്ലാതെ സംഘടനാപരമായ മിടുക്കുകൊണ്ടുണ്ടായ നേട്ടമെന്ന് കോണ്‍ഗ്രസിനു തന്നെയും അവകാശപ്പെടാനാകില്ല. 

ഇത്രമേല്‍ തമ്മില്‍ തല്ലി തോല്‍പിക്കുന്ന ഒരു സംഘടനാസംവിധാനത്തെ ഒന്നരവര്‍ഷം കൊണ്ടൊരു മാജിക്കില്‍ അടക്കിനിര്‍ത്താന്‍ രാഹുല്‍ഗാന്ധിക്കെന്നല്ല ആര്‍ക്കും സാധിച്ചെന്നു വരില്ല. പക്ഷേ തോറ്റുപിന്‍മാറുന്നവര്‍ക്ക് ഒരു പ്രസ്ഥാനത്തെ നയിക്കാനാകുമോ? കോണ്‍ഗ്രസിനെ ഈ ചരിത്രസന്ധിയില്‍ നിന്ന് ആരു രക്ഷിക്കും?

കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ പ്രതിസന്ധികള്‍ പുതുതല്ല. ഇതിനേക്കാള്‍ വലിയ അഗ്നിപരീക്ഷണങ്ങളിലൂടെ പാര്‍ട്ടി കടന്നു പോയിട്ടുണ്ട്. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും കാലത്തു പോലും പ്രസിഡന്റ് ആരാകണമെന്നതിനെച്ചൊല്ലി തര്‍ക്കവും പ്രതിസന്ധിയും പരസ്യമായ അഭിപ്രായഭിന്നതയുമുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ അന്ന് ആ പാര്‍ട്ടിയില്‍ ജനാധിപത്യമുണ്ടായിരുന്നു. രാഷ്ട്രീയമുണ്ടായിരുന്നു.  ജനകീയരായ നേതാക്കളുണ്ടായിരുന്നു. നെഹ്റു കുടുംബാംഗങ്ങള്‍ക്കു നിര്‍ണായക പങ്കാളിത്തമുണ്ടായിരുന്നു. പക്ഷേ അവരെ ആശ്രയിച്ചായിരുന്നില്ല പാര്‍ട്ടിയുടെ ജീവല്‍സ്പന്ദനങ്ങള്‍. അന്ന് ഇന്ത്യയ്ക്കു മുന്നിലും കോണ്‍ഗ്രസല്ലാതെ മറ്റൊരു സാധ്യതയില്ലായിരുന്നു. ഇന്ന് സാഹചര്യവും രാഷ്ട്രീയവും കീഴ്മേല്‍ മാറിയിരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലനില്‍പ് ഇനിയും ധ്രുവീകരണരാഷ്ട്രീയത്തിനു വിധേയരാകാത്ത ഒരു കൂട്ടം ഇന്ത്യക്കാരുടെ മാത്രം നിര്‍ബന്ധമാണ്. 

അതുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയഭൂമികയിലേക്കു തിരികെ വരണോ എന്ന് കോണ്‍ഗ്രസ് പ്രസ്ഥാനം തീരുമാനിക്കണം. എന്നുവച്ചാല്‍ ബൂത്തു തലത്തിലുള്ള പ്രവര്‍ത്തകന്‍ മുതല്‍ പ്രവര്‍ത്തകസമിതി അംഗങ്ങള്‍ വരെയുള്ളവര്‍ സ്വയം വിലയിരുത്തണം. തീരുമാനമെടുക്കണം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവി എന്തായിരിക്കണം? എങ്ങനെയായിരിക്കണം? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ഇതുവരെയെത്തിച്ച പ്രസ്ഥാനം ഇനി ഇന്ത്യയുടെ ഭാവിയില്‍ വഹിക്കുന്ന പങ്കാളിത്തം എന്തായിരിക്കണമെന്ന് ഉറച്ച ബോധ്യത്തോടെ തീരുമാനമെടുക്കണം. ആരു നയിക്കണമെന്നും എങ്ങനെ നയിക്കണമെന്നും കോണ്‍ഗ്രസ് തന്നെയാണ് തീരുമാനിക്കേണ്ടത്.

രാഹുല്‍ ഗാന്ധി 2017ല്‍ അധ്യക്ഷസ്ഥാനമേറ്റെടുക്കും മുന്‍പേ തന്നെ സംഘടനാതലത്തില്‍ ചില  മാറ്റങ്ങള്‍ക്കു തുടക്കമിട്ടിരുന്നു. ഗ്രൂപ്പ് നേതാക്കളുടെ കൂത്തരങ്ങായ കേരളത്തില്‍ പോലും എല്ലാ ഡി.സി.സിയിലും യുവനേതാക്കള്‍ നേതൃത്വത്തിലെത്തി. പക്ഷേ സംഘടന എന്നത് ഇപ്പോഴും പലയിടത്തും ഒരു സങ്കല്‍പം മാത്രമാണ്. പാര്‍ട്ടിക്കില്ലാത്തത് സംഘടനയാണ്. നിലവിലെ ബി.ജെ.പിയുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്  സംഘടനാസ്വഭാവം പോലുമില്ല. കോണ്‍ഗ്രസ് കൃത്യമായ സംഘടനാചട്ടക്കൂടും രാഷ്ട്രീയപരിപാടിയും രൂപപ്പെടുത്തണം. രാഹുല്‍ ഗാന്ധിയാണ് പാര്‍ട്ടിയെന്ന അവസ്ഥ മാറണം. രാഷ്ട്രീയസമീപനങ്ങളില്‍ വ്യക്തത വേണം. മൃദുഹിന്ദുത്വവും ന്യൂനപക്ഷപ്രീണനവും അവസാനിപ്പിക്കണം. ഹിന്ദുത്വമെന്നു കേട്ടാല്‍ ഭയപ്പെടുകയോ അറച്ചറച്ച് അതേ ഹിന്ദുത്വത്തെ പുല്‍കുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകരുത്. കോണ്‍ഗ്രസ് കോണ്‍ഗ്രസ് പാര്‍ട്ടിയായാണ് നിലനില്‍ക്കേണ്ടത്.  കോണ്‍ഗ്രസ് എന്തായിരിക്കണം എന്നതിന് ചരിത്രം തരും കൃത്യമായ മറുപടി. എന്തിനുമേതിനും ആദ്യം രാഹുല്‍ഗാന്ധിയുടെ മറുപടിയെത്തണം എന്ന ദാരുണാവസ്ഥയ്ക്ക് പ്രവര്‍ത്തകസമിതി തന്നെ മാറ്റമുണ്ടാക്കണം. സംഘടനയെ ശക്തിപ്പെടുത്താനുള്ള, തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ നേതാക്കള്‍ക്കും കൂട്ടായ ഉത്തരവാദിത്തമുണ്ടാകണം. പ്രാദേശികപ്രശ്നങ്ങളില്‍ നിന്ന് ജനകീയ സമരങ്ങളിലൂടെ സാന്നിധ്യമറിയിച്ച് ഈ പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരണം. നേതാക്കള്‍ക്കും സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഈ പ്രസ്ഥാനത്തെക്കുറിച്ച് ആത്മവിശ്വാസം വേണം. ആദ്യം അണികളില്‍ വിശ്വാസം തിരിച്ചു കൊണ്ടുവരണം നേതൃത്വം സ്വയം തിരുത്തുന്നില്ലെങ്കില്‍, തിരിച്ചറിയുന്നില്ലെങ്കില്‍ അനിവാര്യമായ മാറ്റങ്ങള്‍ ശക്തിയുക്തം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് അണികള്‍ക്കു കഴിയണം. 

പാര്‍ട്ടിയേക്കാള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന നേതാക്കളോട് മാറിനില്‍ക്കാന്‍ പറയാനുള്ള ആര്‍ജവം സംഘടനയ്ക്കുണ്ടാകണം. ആ ശേഷിയിലേക്ക് കോണ്‍ഗ്രസിനെ എത്തിക്കുകയെന്നാല്‍ ഒട്ടും എളുപ്പമല്ല. പക്ഷേ അതല്ലാതെ മറ്റു കുറുക്കുവഴികള്‍ ഇനി കോണ്‍ഗ്രസിനു മുന്നിലില്ല. വര്‍ഗീയതയെ പ്രതിരോധിക്കാന്‍, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ ജനതയെ വിശ്വാസമര്‍പ്പിച്ച് കോണ്‍ഗ്രസ് മുന്നോട്ടു പോകണം. മാതൃകയോ സജീവഉദാഹരണമോ കൂടിയേ തീരൂവെന്നുണ്ടെങ്കില്‍ കേരളത്തിലേക്കു നോക്കാം. കേരളം ഈ തിരഞ്ഞെടുപ്പില്‍ കുറിച്ച ജനവിധി കോണ്‍ഗ്രസിന് പാഠവും പ്രേരകവുമാകണം

കീഴ്മേല്‍ മാറിപ്പോയിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ സ്വന്തം പ്രസക്തി തിരികെ കൊണ്ടുവരികയെന്നതാണ് കോണ്‍ഗ്രസിനു മുന്നിലുള്ള അടിയന്തര ദൗത്യം. അതിന് ആദ്യം സ്വയംവിമര്‍ശനത്തിനുള്ള ശേഷി കോണ്‍ഗ്രസിന് തിരിച്ചു കിട്ടണം.നെഹ്റു കുടുംബത്തിന്റെ നേതൃശേഷി വസ്തുനിഷ്ഠമായി ചോദ്യം ചെയ്യപ്പെടണം. നേതൃത്വത്തെ സമ്മര്‍ദത്തില്‍ കുരുക്കിയിടുന്ന മുതിര്‍ന്ന നേതാക്കളുടെ ശൈലിയും ചോദ്യം ചെയ്യപ്പെടണം. രാഷ്ട്രീയമായും സംഘടനാപരമായുമുണ്ടായ പാളിച്ചകള്‍ നിശിതമായ തിരുത്തലുകള്‍ക്ക് വിധേയമാകണം. മാറിനില്‍ക്കാന്‍ രാഹുല്‍ഗാന്ധി സ്വയംസന്നദ്ധനായ സാഹചര്യവും ആവശ്യമെങ്കില്‍ ഉപയോഗപ്പെടുത്തണം. രാഹുല്‍ തുടര്‍ന്നാല്‍ പോലും ഹൈക്കമാന്‍ഡ് സംസ്കാരത്തില്‍ നിന്നുള്ള മാറ്റത്തിന് തുടക്കമിടാന്‍ ഈ ഘട്ടം വിനിയോഗിക്കണം. പാര്‍ട്ടിയില്‍ കൂടുതല്‍ ജനാധിപത്യവും അതേസമയം അച്ചടക്കവും നടപ്പാക്കണം. തീര്‍ത്തും മാറിപ്പോയിരിക്കുന്ന രാഷ്ട്രീയസാഹചര്യത്തില്‍ കോണ്‍ഗ്രസിനെ എന്തുകൊണ്ട് വിശ്വസിക്കണമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. പദവികള്‍ക്കായി പൊരുതുന്ന ഒരു ആള്‍ക്കൂട്ടമല്ല കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന വിശ്വാസം ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന അണികള്‍ക്ക് പകര്‍ന്നു നില്‍കാനാകണം. ഒരു കേഡര്‍പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലി കോണ്‍ഗ്രസിന് സ്വീകരിക്കാനാകില്ലായിരിക്കാം. പക്ഷേ കെട്ടുറപ്പുള്ള സംഘടനാ ചട്ടക്കൂടും, രാഷ്ട്രീയനയസമീപനങ്ങളും വ്യക്തതയോടെ അരക്കിട്ടുറപ്പിക്കാന്‍ കഴിയണം. മുന്‍കൂട്ടി കാണേണ്ട സംഘര്‍ഷഭരിതമായ രാഷ്ട്രീയചിത്രത്തില്‍ സുശക്തമായ പ്രതിപക്ഷത്തിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് തിരിച്ചു വരണ. എന്നുവച്ചാല്‍ കോണ്‍ഗ്രസ് മാറണം. നേതൃത്വവും സംഘടനയും മാറണം. വ്യക്തികള്‍ മാറണമെന്നല്ല, നിലവിലെ ശൈലിയും ഉദാസീനതയും സ്വാര്‍ഥതയും മാറ്റിയെടുത്തേ മതിയാകൂ. രാഷ്ട്രത്തിന് ഊന്നല്‍ നല്‍കുന്ന രാഷ്ട്രീയം ജനതയെ ബോധ്യപ്പെടുത്തണം. അതിനാദ്യം കോണ്‍ഗ്രസുകാര്‍ക്ക് മാറ്റം അനിവാര്യമാണെന്ന് ബോധ്യപ്പെടണം.