നമ്മുടെ രാജ്യത്തെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ധാരണയെന്താണ്?

കേരളത്തെക്കുറിച്ചു മാത്രമല്ല, ഇന്ത്യയെക്കുറിച്ച്, നമ്മുടെ രാജ്യത്തെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ധാരണയെന്താണ്? രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സമീപനമെന്താണ്? പ്രധാനമന്ത്രി മോദി, രാഹുല്‍ഗാന്ധിയെ അപഹസിക്കാന്‍ ഉപയോഗിച്ച കേരളാപരാമര്‍ശം തിരഞ്ഞെടുപ്പ് രാഷ്ട്രീയമെന്ന് അവഗണിക്കാവുന്നതല്ല. മുസ്‍ലിംലീഗിനെ വൈറസെന്നു വിശേഷിപ്പിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രസ്താവനയും തിരഞ്ഞെടുപ്പു തമാശയല്ല. ഫെഡറല്‍ ഭരണഘടനയുടെ കാവല്‍ക്കാരനാകേണ്ട പ്രധാനമന്ത്രി  പ്രചാരണത്തിന്റെ പേരില്‍ ലംഘിക്കുന്ന വര്‍ഗീയ അതിര്‍വരമ്പുകള്‍ നിസംഗമൗനത്തിലൂടെ നോക്കിനില്‍ക്കേണ്ടതല്ല. 

കോണ്‍ഗ്രസ് ഹിന്ദുക്കളെ അപമാനിച്ചിരിക്കുന്നു. അതിന് ജനങ്ങള്‍ അവരെ തിരഞ്ഞെടുപ്പില്‍ ശിക്ഷിക്കും. ഭൂരിപക്ഷത്തിന് ആധിപത്യമുള്ള മണ്ഡലങ്ങളില്‍ നിന്ന് മല്‍സരിക്കാന്‍ അവരുടെ നേതാക്കള്‍ക്ക് ഇപ്പോള്‍ പേടിയാണ്. ഭൂരിപക്ഷം ന്യൂനപക്ഷമായ മണ്ഡലങ്ങളില്‍ അഭയം തേടുന്നത് അതുകൊണ്ടാണ്. 

രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയില്‍ നിന്ന് ഒരു മറയുമില്ലാതെ വര്‍ഗീയ, വിഭാഗീയ പ്രചാരണം ഇന്ത്യ കേള്‍ക്കുകയാണ്. 2014ലെ തിരഞ്ഞെടുപ്പു പ്രചാരണത്തിലുണ്ടായിരുന്ന നേരിയ മറ പോലും ഇനിയാവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മവിശ്വാസം നേടിയിരിക്കുന്നു. എത്ര വോട്ടുകള്‍ മാറ്റിമറിക്കാനാണെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രി ഇങ്ങനെ പറയരുതാത്തതാണ്. ഈ മാസം ഒന്നാം തീയതി മഹാരാഷ്ട്രയിലെ വാര്‍ധയിലാണ് പ്രധാനമന്ത്രി മോദി ഈ പ്രസംഗം നടത്തിയത്. ഇത് ആദ്യത്തേതുമല്ല, അവസാനത്തേതുമാകില്ല. അടുത്ത പരാമര്‍ശം സംഝോത എക്സ്പ്രസ് സ്ഫോടനക്കേസില്‍ പ്രതികളായ ഹിന്ദുത്വതീവ്രവാദവക്താക്കളെ വെറുതെ വിട്ടതിനെക്കുറിച്ചാണ്.

 കോണ്‍ഗ്രസിന്റെ ഹിന്ദുത്വഭീകരത എന്ന സിദ്ധാന്തം പൊളിഞ്ഞിരിക്കുന്നു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പേരില്‍ അറിയപ്പെടുന്ന ഒരു മതത്തെ എങ്ങനെയാണ് ഭീകരതയുമായി ചേര്‍ത്തു പറയാനാകുന്നത്? ഹിന്ദുത്വഭീകരത എന്ന പ്രയോഗം  നിങ്ങളെ ആഴത്തില്‍ വേദനിപ്പിച്ചില്ലേ? ആയിരം വര്‍ഷങ്ങളുടെ ചരിത്രത്തില്‍ ഒരിക്കലെങ്കിലും ഹിന്ദുക്കള്‍ നടത്തിയ ഒരു ഭീകരപ്രവര്‍ത്തനമെങ്കിലും പറയാനുണ്ടോ? 

എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ ജനതയെ ഇങ്ങനെ വിഭജിച്ചു സംസാരിക്കുന്നത്? ഭീകരതയ്ക്ക് എവിടെയാണ് മതം? മനുഷ്യരുടെ മനസില്‍ ഉടലെടുക്കുന്ന ഭീകരത ഓരോ മതങ്ങളെയും കൂട്ടു പിടിക്കുകയാണ് ചെയ്യുന്നതെന്ന് ചരിത്രവും  വര്‍ത്തമാനവും കൃത്യമായി സാക്ഷ്യപ്പെടുത്തുന്നതാണ്. എന്നിട്ടും എന്തിനാണ് നമ്മുടെ പ്രധാനമന്ത്രി ഒരു മതത്തിന്റെ വക്താവായി ഭീകരതയ്ക്ക് നിറങ്ങള്‍ കല്‍പിക്കുന്നത്? അതല്ല ഹിന്ദുത്വഭീകരതയ്ക്ക് ഉദാഹരണങ്ങളാണ് അദ്ദേഹം ആവശ്യപ്പെടുന്നതെങ്കില്‍ ഒരൊറ്റ മറുചോദ്യം ആ സംശയം അവസാനിപ്പിക്കേണ്ടതല്ലേ? നമ്മുടെ രാഷ്ട്രപിതാവിനു നേരെ വെടിയുണ്ട പായിച്ച ഭീകരത ഏതു മതത്തെയാണ് കൂട്ടുപിടിച്ചത് പ്രധാനമന്ത്രി?

പ്രധാനമന്ത്രിയുടെ ഉന്നവും ലക്ഷ്യവും അറിയാതെയല്ല, പക്ഷേ ചരിത്രകാരന്‍മാര്‍ നിശബ്ദരാകുന്നതെങ്ങനെ? അവര്‍ മുന്നോട്ടു വച്ച ഉദാഹരണങ്ങള്‍ ഹിന്ദുത്വഭീകരത ഒരു കെട്ടുകഥയല്ലെന്ന ചരിത്രസത്യങ്ങള്‍ മുന്നോട്ടു വച്ചു. രാഷ്ട്രപിതാവിന്റെ ഘാതകന്‍  നാഥുറാം ഗോഡ്സേ ‌ഹിന്ദുത്വഭീകരതയുടെ ചരിത്രസാക്ഷ്യമല്ലേ? 

ഗുജറാത്ത് കലാപവും കാണ്ഡമാല്‍ കൂട്ടക്കൊലയും ഭീകരതയായിരുന്നില്ലേ? അന്ധവിശ്വാസങ്ങള്‍ക്കെതിരെ ചോദ്യങ്ങളുയര്‍ത്തിയതിന് വെടിവച്ചു വീഴ്ത്തപ്പെട്ട കല്‍ബുര്‍ഗിയും ധബോല്‍ക്കറും പന്‍സാരെയും അടക്കമുള്ള യുക്തിവാദികള്‍ ഭീകരതയുടെ ഇരകളല്ലേ? ഗ്രഹാം സ്റ്റെയിന്‍സിന്റെയും പിഞ്ചുകുഞ്ഞുങ്ങളുടെയും കൊല മതതീവ്രവാദമായിരുന്നില്ലേ? മോദി സര‍്ക്കാര്‍ അധികാരത്തിലേറിയ ശേഷം ഈ രാജ്യത്ത് പശുവിന്റെ പേരില്‍ നടന്ന കൊലപാതകങ്ങള്‍ ഭീകരതയായിരുന്നില്ലേ? 68 പേരുടെ ജീവനെടുത്ത സംഝോത  എക്സ്പ്രസ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ അടക്കമുള്ള പ്രതികളെ വിട്ടയച്ച വിധിയില്‍ ജഡ്ജി വ്യക്തമായി എഴുതി വച്ചിട്ടുണ്ട്. ഭൂരിപക്ഷ ഭീകരത പ്രതിക്കൂട്ടില്‍ നിന്ന കേസ് തേച്ചു മാച്ചില്ലാതാക്കാന്‍ എന്‍.ഐ.എ നടത്തിയ കള്ളക്കളികളെക്കുറിച്ച്. മാലേഗാവ്, അജ്മീര്‍–ദര്‍ഗ, മെക്ക മസ്ജിദ് സ്ഫോടനക്കേസുകളിലും NIA തോറ്റുകൊടുത്ത് പ്രതികളെ പുറ്തതിരിറക്കിയത് രാജ്യം കണ്ടതാണ്. എന്നിട്ടാണ്  പ്രധാനമന്ത്രി മോദി  ഭീകരതയെ മതം തിരിച്ചു കാണാന്‍ ആഹ്വാനം ചെയ്യുന്നത്. ഈ രാജ്യം ഇതുവരെ ഭീകരതയെ ഭീകരതയായും തീവ്രവാദികളെ തീവ്രവാദികളായുമാണ് കാണുന്നത്. മതമല്ല, മതത്തെ തീവ്രവാദത്തിന് ഉപകരണമാക്കുന്ന മനുഷ്യരെ മാത്രമാണ് മതനിരപേക്ഷ ഇന്ത്യ വേര്‍തിരിച്ചു കാണേണ്ടത്. 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പമോ അതിനു മീതെയോ വര്‍ഗീയ പരാമര്‍ശങ്ങള്‍ കേരളത്തിനു നേര്‍ക്കാഞ്ഞു വീശുന്നു മുസ്‍ലിം ലീഗ് എന്ന വൈറസാണ് ഏറ്റവുമൊടുവില്‍ അദ്ദേഹത്തിന്റെ പ്രശ്നം. ലീഗും കോണ്‍ഗ്രസും, തിരഞ്ഞെടുപ്പു കമ്മിഷന്റെ  ഒരിക്കലും വരാനിടയില്ലാത്ത ഇടപെടലിനു കാത്തിരിക്കട്ടെ. പക്ഷേ എന്തിനാണ് ഈ പൊതുതിരഞ്ഞെടുപ്പുകാലത്ത് വര്‍ഗീയ പ്രസംഗങ്ങള്‍ കാടിളക്കി വരുന്നതെന്ന് നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. ജനജീവിതത്തെ ബാധിച്ച നയങ്ങള്‍ ഓര്‍ക്കാതിരിക്കാന്‍ മാത്രമാണ് ഈ ധ്രുവീകരണശ്രമങ്ങളെന്ന് വോട്ടര്‍മാര്‍ വ്യക്തമായി വിലയിരുത്തുക തന്നെ വേണം

എന്റെ മതത്തില്‍ പെട്ടൊരാള്‍ എന്തു ചെയ്യുന്നുവെന്നത് ഒരിന്ത്യക്കാരന്റെയും പ്രശ്നമാകേണ്ടതല്ല. അങ്ങനെയാക്കിത്തീര്‍ക്കുന്നത് ഇന്ത്യക്കാര്‍ നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ മാത്രമാണ്. നോട്ട് നിരോധനം കൊണ്ട് ഈ രാജ്യത്തിന്റെ അടിസ്ഥാനവര്‍ഗത്തിന്റെ ജീവിതം എങ്ങനെ മാറിയെന്ന ചോദ്യം ഉയരാതിരിക്കാനാണ്. ഗ്രാമീണ ഇന്ത്യയുടെയും കര്‍ഷകരുടെയും യഥാര്‍ഥ അവസ്ഥ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ്. റഫേല്‍ ഇടപാടില്‍ എന്തു സംഭവിച്ചുവെന്ന് വിശദീകരണമില്ലാത്തതുകൊണ്ടാണ്. ഭരണഘടനാസ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ഓര്‍ക്കാതിരിക്കാനാണ്. കശ്മീര്‍ പ്രശ്നത്തിലും പാക്കിസ്ഥാനുമായുള്ള സംഘര്‍ഷത്തിലുമുള്ള പരാജയം ചോദ്യമാകാതിരിക്കാനാണ്. തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടവും അലോസരപ്പെടുത്തുന്ന ചിന്തയാകാതിരിക്കാനാണ്.  ഏറ്റവുമൊടുവില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യത്തിന്റെ രാഷ്ട്രീയം വിദ്വേഷത്തിന്റെയും അതിദേശീയതയുടെയും കൂത്തരങ്ങായത് ഓര്‍ക്കുകയേ ചെയ്യാതിരിക്കാനാണ്.  അങ്ങനെ നൂറായിരം ചോദ്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രിയും അനുയായികളും ഹിന്ദു എവിടെയെന്ന് അന്വേഷിക്കുന്നത്. 

ഇന്ത്യ ഇന്ത്യക്കാരുടേതാണ്. ഹിന്ദുക്കളുടേതുമല്ല, മുസ്‍ലിങ്ങളുടേതുമല്ല, ക്രിസ്ത്യാനികളുടേതുമല്ല. ഒരു മതത്തിന്റേതുമല്ല. വ്യക്തമായി എഴുതിയ മതനിരപേക്ഷ ഭരണഘടനയാണ് ഈ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടത്. മതങ്ങളുടെ വികാരമല്ല, മനുഷ്യരുടെ വേദനയും ജീവിതവുമാണ് ഈ തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യേണ്ടത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പോലും നിസഹായമായ മൗനം പുലര്‍ത്തുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന് വര്‍ഗീയ ധ്രുവീകരണം നടത്തരുതെന്ന് നരേന്ദ്രമോദിയെ ആരാണ് ഓര്‍മിപ്പിക്കുക?