വിയോജിക്കാം വിദ്വേഷമെന്തിന് ? ആലിംഗനത്തെ പേടിക്കുന്നവരുടെ കാലം

പദവിയുടെ ഔന്നത്യമാണ് ഇന്ന് ഇന്ത്യന് രാഷ്ട്രീയം നേരിടുന്ന  പ്രധാന പ്രശ്നം. രാഹുല്ഗാന്ധി പദവിയുടെ ഔന്നത്യം മറക്കരുതെന്ന് ബി.ജെ.പിയും സ്പീക്കറും. പ്രധാനമന്ത്രി ഔന്നത്യം മറന്നുവെന്ന് നമ്മുടെ മുഖ്യമന്ത്രിയും സര്വകക്ഷിസംഘവും. പദവിയുെട ഔന്നത്യം ഇന്ത്യന് രാഷ്ട്രീയത്തിനു മുന്നിലുള്ള വെല്ലുവിളിയായിരിക്കുന്നു

പരാജയം ഉറപ്പായിട്ടും മോദി സര്ക്കാരില് അവിശ്വാസം പ്രകടിപ്പിക്കാന് വല വീശിയ പ്രതിപക്ഷം എണ്ണത്തില് ക്ഷീണിച്ചെങ്കിലും, രാഷ്ട്രീയമായി ചെറുതല്ലാത്ത നേട്ടം സ്വന്തമാക്കി. രാഹുല്ഗാന്ധിയുടെ നാടകീയപ്രകടനം സമ്മിശ്രപ്രതികരണങ്ങള്ക്കും ഇടയാക്കി. 

നാടകീയപ്രകടനങ്ങളില് ഖ്യാതി നേടിയിട്ടുള്ള പ്രധാനമന്ത്രിയോട് കിട പിടിക്കുന്ന  രാഹുലിന്റെ പ്രകടനം കാലത്തിന്റെ അനിവാര്യതയെന്നാണ് നിരീക്ഷകരുടെ വാദം. എന്നാല് രാഹുല്ഗാന്ധി, പ്രധാനമന്ത്രി പദവിയുടെ ഔന്നത്യം മറന്നുവെന്നു  തോന്നിയത് സ്പീക്കര് സുമിത്രാമഹാജനാണ്. 

പകരം , പ്രധാനമന്ത്രി നരേന്ദ്രമോദി, പദവിയുടെ എല്ലാം ഔന്നത്യവും പ്രകടിപ്പിക്കുന്ന പ്രകടനമാണ് സഭയില് കാഴ്ചവച്ചതെന്ന് സ്പീക്കര് കരുതുന്നുണ്ടാകുമോ എന്നറിയില്ല.  പാര്ലമെന്റിലുയരുന്ന വ്യക്തമായ ചോദ്യങ്ങള്ക്കും തിരഞ്ഞെടുപ്പു പ്രചാരണശൈലിയില് മാത്രം മറുപടി നല്കി ശീലമുള്ള പ്രധാനമന്ത്രി മോദി, അവിശ്വാസവേളയിലും പതിവു തെറ്റിച്ചില്ല. ആലിംഗനം ചെയ്ത രാഹുല് തന്നെ ഇരിപ്പിടത്തില് നിന്നെഴുന്നേല്പിക്കാന് ശ്രമിച്ചുവെന്ന ആരോപണം തീര്ച്ചയായും പ്രധാനമന്ത്രിയുെട ഔന്നത്യത്തിന് മിഴിവേറ്റുന്നതാണല്ലോ. 

ഏതു വിയോജിപ്പുകള്ക്കിടയിലും പരസ്പര ബഹുമാനത്തിന്റെയും സൗഹൃദത്തിന്റെയും ഊഷ്മളതയുള്ള രാഷ്ട്രീയം പ്രധാനമന്ത്രി മോദിക്കോ, അദ്ദേഹത്തിന്റെ പാര്ട്ടിക്കോ പരിചിതമല്ല. വിദ്വേഷമല്ല, വിയോജിപ്പെന്ന് ഉള്ക്കൊള്ളാവുന്ന വിശാലത പ്രധാനമന്ത്രിയില് നിന്ന് ്പ്രതീക്ഷിക്കാവുന്നതുമല്ല. ഇനി പ്രധാനമന്ത്രി കാണിച്ച ഔന്നത്യത്തെക്കുറിച്ച് രാജ്യത്തെ മുന്നിരസംസ്ഥാനങ്ങളിലൊന്നിന്റെ മുഖ്യമന്ത്രിയും സര്വകക്ഷി സംഘവും സാക്ഷ്യപ്പെടുത്തുന്നതുകൂടി കേള്ക്കാം. 

കേരളത്തിനു വേണ്ടി സര്വകക്ഷിസംഘം ഉന്നയിച്ച ആവശ്യങ്ങളോട് പ്രധാനമന്ത്രി സ്വീകരിച്ച സമീപനം ജനാധിപത്യവിരുദ്ധമാണ്. എന്നാല് കേരളത്തിന്റെ മുഖ്യമന്ത്രിയോടും പ്രതിനിധിസംഘത്തോടും അദ്ദേഹം സ്വീകരിച്ച പെരുമാറ്റശൈലി അതിനേക്കാള് ഞെട്ടിക്കുന്നതുമാണ്. ഏതു സംസ്ഥാനത്തിന്റെയും ജനങ്ങള് തിരഞ്ഞെടുത്ത ഭരണാധികാരിയോട് ഈ രീതിയില് പെരുമാറാന് പ്രധാനമന്ത്രി തുനിഞ്ഞത് അപലപനീയമാണ്. 

സംസ്ഥാനങ്ങള് ചേര്ന്നതാണ് ഇന്ത്യയെന്ന വലിയ രാജ്യം. ഓരോ സംസ്ഥാനത്തിനും തുല്യപരിഗണനയും പദവിയുമുണ്ട്. രാഷ്ട്രീയമായി ഭിന്നധ്രുവങ്ങളിലെന്നതുകൊണ്ടു മാത്രം കേരളത്തോടു പ്രധാനമന്ത്രി സ്വീകരിച്ച സമീപനം ജനാധിപത്യത്തെയും ഫെഡറല് ഘടനയെയും അപമാനിക്കുന്നതാണ്. കേരളത്തിന്റെ ആവശ്യങ്ങളെ പരിഹസിക്കുകയല്ല കേന്ദ്രം ചെയ്യേണ്ടിയിരുന്നത്. ആവശ്യങ്ങളില് കൂടുതല് വ്യക്തത ആവശ്യപ്പെടാനോ, വസ്തുതാപരമായ വിവരങ്ങള് ചൂണ്ടിക്കാട്ടി മാറ്റി വയ്ക്കാനോ കേന്ദ്രത്തിന് അവകാശമുണ്ട്. കഞ്ചിക്കോട് കോച്ച് ഫാക്റ്ററിയില് ഒളിച്ചുകളിച്ചും, മറുവാദങ്ങള് ഉന്നയിച്ചുമല്ല ഫെഡറല് അവകാശങ്ങളുള്ള ഒരു സംസ്ഥാനത്തോട് പ്രധാനമന്ത്രി പെരുമാറേണ്ടത്. 

ഈ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.െജ.പിയുമാണ് രാജ്യത്തെ മറ്റു രാഷ്ട്രീയനേതാക്കളെ ഔന്നത്യം പഠിപ്പിക്കാന് ഇറങ്ങിയിരിക്കുന്നത്.  ഏറ്റവും ഒടുവില് രാജസ്ഥാനില് ആള്ക്കൂട്ടം പശുവിന്റെ പേരില് ഒരു മുസ്ലിമിനെക്കൂടി  തല്ലിക്കൊന്നിട്ടുണ്ട്. ഇത്തരം ഹീനപ്രവൃത്തികള് ഇന്ത്യയുടെ ഔന്നത്യം എവിടെയെത്തിച്ചിരിക്കുന്നുവെന്നത് സുപ്രീംകോടതി ആഞ്ഞടിച്ചിട്ടു പോലം  പ്രധാനമന്ത്രിയെയോ ബി.ജെ.പിയെയോ അലട്ടുന്നില്ല. വിദ്വേഷമില്ലാത്ത, സ്വന്തം ജനതയെ അപരന്മാരായി കാണാത്ത , സുതാര്യമായ , പോസീറ്റാവായ രാഷ്ട്രീയം ഈ രാജ്യം അര്ഹിക്കുന്നുണ്ട്.  ജനങ്ങളെ തമ്മില് തമ്മില് വേര്തിരിക്കാത്ത, എല്ലാവരെയും ഒന്നായി കാണുന്ന നേതൃത്വം ഇന്ത്യ അര്ഹിക്കുന്നുണ്ട്. ഔന്നത്യമെന്നത് അനുഭവിക്കുന്നവര് സാക്ഷ്യപ്പെടുത്തേണ്ടതാണെന്ന് ബി.ജെ.പിയും പ്രധാനമന്ത്രി മോദിയും മനസിലാക്കേണ്ടതുണ്ട്.