ഉണ്ടാകട്ടെ ‘എല്ലാം ശരിയാക്കുന്ന’ ഇടപെടൽ

ഒരു രാഷ്ട്രീയപോരാട്ടത്തിലെ ഉജ്വലജയം,  വിജയിക്കുന്നവര്‍ക്ക് എന്തെല്ലാം സാധ്യതകള്‍ നല്‍കുന്നുണ്ട്?  കൂടുതല്‍  ആത്മവിശ്വാസത്തോടെ, കൂടുതല്‍ ഊര്‍ജത്തോടെ പ്രവര്‍ത്തിക്കാം. ചെങ്ങന്നൂര്‍ നല്‍കുന്ന തിളക്കം പിണറായി സര്‍ക്കാരിന് കൂടുതല്‍ രാഷ്ട്രീയഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രേരകമാകണം. എന്നാല്‍ ആ വിജയം എല്ലാ വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടിയാണെന്ന വ്യാഖ്യാനം അരാഷ്ട്രീയമാണെന്നു പറയാതെ വയ്യ. ചെങ്ങന്നൂര്‍ എങ്ങനെയാണ് കെവിന്റെ ജീവനുള്ള മറുപടിയാകുക? ശ്രീജിത്തിന്റെ ജീവിതത്തിനുള്ള മറുപടിയെന്നുയര്‍ത്തിപ്പിടിക്കാന്‍ എത്ര ലക്ഷത്തിന്റെ ഭൂരിപക്ഷം മതിയാകും? എടപ്പാളിലെയും വാളയാറിലെയും കുണ്ടറയിലെയും കുഞ്ഞുങ്ങള്‍ക്കു നിഷേധിക്കപ്പെട്ട നീതിക്കു പകരമാകാന്‍ എത്രായിരം വിജയങ്ങള്‍ തികയും? ചെങ്ങന്നൂര്‍, ചെങ്ങന്നൂര്‍ എന്ന ചോദ്യത്തിനു മാത്രമുള്ള മറുപടിയാണ്. 

തിരഞ്ഞെടുപ്പുവിജയങ്ങളാണ് രാഷ്ട്രീയത്തിന്റെ ശരിതെറ്റുകളുടെ സാക്ഷ്യമെന്ന് ഇന്നത്തെ ഇന്ത്യയില്‍ ഇടതുപക്ഷം അവകാശപ്പെടില്ലെന്നുറപ്പാണ്.   അതുകൊണ്ട് ചെങ്ങന്നൂര്‍ വര്‍ധിപ്പിക്കുന്ന ആത്മവിശ്വാസം, സ്വയംവിമര്‍ശനത്തിനും തിരുത്തലിനുമുള്ള കരുത്ത് പകരണം ഇടതുമുന്നണി സര്‍ക്കാരിനും പാര്‍ട്ടിക്കും. അസത്യപ്രചാരണങ്ങള്‍ക്കുള്ള മുഖമടച്ച മറുപടിയെന്ന് ഊറ്റംകൊണ്ടോളൂ. പക്ഷേ അസത്യമല്ലാത്ത പ്രചാരണമല്ലാത്ത എത്ര വസ്തുതകള്‍ തുറിച്ചുനോക്കുന്നുണ്ട്, ഇടതുരാഷ്ട്രീയത്തെയും പിണറായി സര്‍ക്കാരിനെയും?  കെവിന്‍ എന്ന 23കാരന്‍റെ  ദുരഭിമാനക്കൊല  ഉയര്‍ത്തുന്ന നിയമപരവും രാഷ്്ട്രീയവുമായ ഏതു ചോദ്യത്തിനാണ് മുഖ്യമന്ത്രി, ചെങ്ങന്നൂര്‍ മറുപടിയാകുക.

എസ്.ഐയില്‍ തീരില്ല മുഖ്യമന്ത്രി, ഈ ദുരഭിമാനക്കൊല ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.  മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാല്‍ പോലും നീതി ഉറപ്പല്ലെന്നുറപ്പിച്ചു പറയുന്നു കെവിന്‍റെ ദുരന്തം.  അതു മനസിലായതുകൊണ്ടു തന്നെയാണ് ഈ കേസില്‍ മാധ്യമങ്ങളുടെ വീഴ്ച പോലും എണ്ണിയെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി ഒരിക്കല്‍ പോലും സ്വന്തം ഇടപെടല്‍ വെളിപ്പെടുത്താതിരുന്നത് എന്നത് വ്യക്തമല്ലേ? സി.പി.എം നേരിട്ടിടപെട്ടിട്ടും മുഖ്യമന്ത്രി നേരിട്ടു നിര്‍ദേശിച്ചിട്ടു പോലും ആ യുവാവിനെ തിരിച്ചുകിട്ടിയത് ജീവനില്ലാതെയാണ് എന്നതല്ലേ സത്യം? ആ സത്യത്തെ റദ്ദാക്കാന്‍ മാത്രം തിളക്കമുണ്ടോ മുഖ്യമന്ത്രി ചെങ്ങന്നൂരിലെ ഭൂരിപക്ഷത്തിന്. 

ഈ വാര്‍ത്ത മുഖ്യമന്ത്രി നേരില്‍ കണ്ടുവെന്നാണ് ഒടുവില്‍ സ്ഥിരീകരിക്കപ്പെട്ട വസ്തുത. മുഖ്യമന്ത്രി ഇടപെട്ടു, എസ്.പിയോട് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് പൊലീസ് സംവിധാനം അനങ്ങുന്നത്. പക്ഷേ വീണ്ടും 14 മണിക്കൂറുകള്ക്കു ശേഷം ജീവനറ്റ നിലയില്‍ കെവിന്റെ മൃതദേഹമാണ് കേരളം കാണുന്നത്. എത്ര ഗുരുതരമായ, പല തലങ്ങളിലുള്ള വീഴ്ചയാണ് കെവിന്‍റെ ദുരന്തം വെളിപ്പെടുത്തുന്നത്? എത്ര അരക്ഷിതമായിപ്പോകുന്നുണ്ട് മുഖ്യമന്ത്രി ഈ സത്യം കണ്ടുകൊണ്ടിരിക്കുന്ന മലയാളിയുടെജീവിതം? മാധ്യമങ്ങള്‍ വരുത്തിയ ഏതു വീഴ്ചയാണ് താങ്ക‍ള്‍ക്ക് ഈ ഭരണകൂടവീഴ്ചയുമായി താരതമ്യം ചെയ്യാനാകുക.

ആ സത്യം കേരളത്തെ അപമാനിക്കുന്നതാണെന്നു കൂടിയാണ് മുഖ്യമന്ത്രി താങ്കളുടെ രോഷം സമ്മതിച്ചത്. താങ്കളുടെ സുരക്ഷയുടെ പേരു പറഞ്ഞുകൂടിയാണ് എസ്.ഐ നടപടി വൈകിച്ചത് എന്നതും സത്യമായിരുന്നു. അതയാളുടെ കൃത്യവിലോപമായിരുന്നുവെന്നതും അതില്‍ മുഖ്യമന്ത്രിക്ക് വ്യക്തിപരമായി ഒരുത്തരവാദിത്തവുമില്ലെന്നതും സത്യം തന്നെയാണ്. പക്ഷേ മാധ്യമങ്ങളോടു രോഷം കൊള്ളും മുന്‍പ് താങ്കളുടെ സുരക്ഷ ഓരോ മേഖലയിലെയും പൊലീസ് സംവിധാനത്തെ എത്രമാത്രം സമ്മര്‍ദത്തിലാക്കുന്നുണ്ടെന്ന സത്യം കൂടി മുഖ്യമന്ത്രി അറിയേണ്ടതുണ്ട്.

അതുകൊണ്ട് അസത്യങ്ങളെ അവഗണിച്ചോളൂ മുഖ്യമന്ത്രി,. പക്ഷേ പരിഗണിക്കാന്‍ സത്യങ്ങളേറെയുണ്ട്. തുറന്നു പറയണമെന്നോ അംഗീകരിക്കണമെന്നോ നിര്‍ബന്ധം പിടിക്കുന്നില്ല. പക്ഷേ തിരുത്തണം.  ഇനിയും  കെവിനും ശ്രീജിത്തും വിനായകനും ആവര്‍ത്തിച്ചുകൂടാ. എത്ര തിരഞ്ഞെടുപ്പുകള്‍ ജയിച്ചാലും, അതില്‍ എത്ര തിളക്കമാര്‍ന്ന ഭൂരിപക്ഷം നേടിയാലും താന്‍ നിയന്ത്രിക്കുന്ന പൊലീസ് ചവിട്ടിക്കൊന്നുകളഞ്ഞ ഒരു മനുഷ്യന്‍റെ കുടുംബത്തെ വിളിച്ചൊന്നാശ്വസിപ്പിക്കാന്‍ തോന്നാത്ത നേതാവ് എന്റെ നേതാവല്ല. എന്റെ നാടിന്റെ മുഖ്യമന്ത്രി അങ്ങനെയാകരുതെന്നു തന്നെ ഞാന്‍ ആഗ്രഹിക്കും. വിളിച്ചു പറയും. അതിനര്‍ഥം മാധ്യമങ്ങള്‍ ചെയ്യുന്നതെല്ലാം ശരിയാണെന്നോ മാധ്യമങ്ങള്‍ വിമര്‍ശനത്തിനതീതരാണെന്നോ അല്ല. പക്ഷേ ശരികള്‍ തമ്മിലാണ് മല്‍സരിക്കേണ്ടത് മുഖ്യമന്ത്രി. വീഴ്ചകള്‍ തമ്മിലല്ല. 

ഇതുകൂടി പറയാതെ വയ്യ. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതാണ് മാധ്യമപ്രവര്‍ത്തനം. ആ മാധ്യമപ്രവര്‍ത്തനത്തില്‍ തെറ്റുകള്‍ വന്നുകൂടാ. അഥവാ വന്നുചേരുന്ന  തെറ്റുകള്‍ ആദ്യം തിരിച്ചറിയുകയും തിരുത്തുകയും തന്നെ വേണം.  ഔചിത്യമുള്ള ചോദ്യങ്ങള്‍ക്കേ ഔചിത്യമുള്ള മറുപടി അവകാശപ്പെടാനാകൂ. മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം വൈകാരികവിക്ഷോഭമോ ആവേശപ്രകടനമോ ആയിക്കൂട. അവിടെ അടിസ്ഥാനം വസ്തുതകളാണ്. മാധ്യമപ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ മൂലധനം വിശ്വാസ്യതയാണ്.  വിശ്വാസ്യതയ്ക്കേല്‍ക്കുന്ന ഓരോ പരുക്കും സമൂഹത്തിന്റെ നഷ്ടമാണ്. വിശ്വാസ്യത ചോര്‍ന്നു പോകാതിരിക്കാന്‍ ഓരോ നിമിഷവും പുലര്‍ത്തേണ്ടുണ്ട ജാഗ്രത കൂടി സ്വയം ഓര്‍മിപ്പിച്ചു തന്നെ നിര്‍ത്തുന്നു. 

തിരഞ്ഞെടുപ്പ് ജയിക്കാന്‍ മതവും ജാതിയും മാത്രം മതിയോ? ആ ധാരണ വച്ചുപുലര്‍ത്തുന്നവരോട് ജനം മറുപടി പറഞ്ഞുതുടങ്ങിയിരിക്കുന്നു. അതാണ് ദേശീയതലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളുെട ഫലം നല്‍കുന്ന സൂചന.  അന്തരീക്ഷം വിറക്കുന്ന പ്രസംഗങ്ങളോ ആകാശം മുട്ടുന്ന പരസ്യങ്ങളോ മുഴങ്ങികേള്‍ക്കുന്ന മുദ്രാവാക്യങ്ങളോ ഒന്നും ഒരാളേയും ഊട്ടാനുതകുന്നതല്ലെന്ന ബോധ്യത്തിലേക്ക് ജനം ഉണരുന്നുണ്ട്. രണ്ടുരീതിയില്‍ ഈ ഫലങ്ങള്‍, അത് പ്രതീക്ഷയാണ്. ബൂത്തിലേക്ക് എത്തുന്ന  ആള്‍ക്കൂട്ടം മറ്റെല്ലാമറകളെയും മാറ്റി മികവിന് മാത്രം മാര്‍ക്കിടുന്നവരാകുന്ന സാക്ഷരതയാര്‍ജിക്കുന്നു. ഒപ്പം ആ  തിരിച്ചറിവിലേക്ക് ജനാധിപത്യത്തെയെത്തിക്കുന്ന, വോട്ടര്‍മാരെയെത്തിക്കുന്ന ഒരു പ്രതിപക്ഷഐക്യം പുലരുന്നു.

അങ്ങനെ പ്രാദേശിക പ്രശ്നങ്ങളൊക്കെയാണ് വോട്ടര്‍മാര്‍ പരിഗണിക്കുന്നതെങ്കില്‍ എന്തിനാണ് സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരിട്ട് ഇറങ്ങിയത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന ആദ്യ പ്രധാനമന്ത്രിയാകും ഒരുപക്ഷേ മോദി. പോട്ടെ പ്രതിഷേധങ്ങളെ അവഗണിച്ച് ഉത്തര്‍പ്രദേശിലെത്തി ബാഘ്പട്ടിലെ ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് വേയുടെ ഉദ്ഘാടനവും  റോഡ് റാലിയും  ദലിത് കാര്‍ഡിറക്കിയ പ്രസംഗവുമെല്ലാം കണ്ട ആ ഒരു അനൗദ്യോഗിക പ്രചാരണം അത് എന്തിനായിരുന്നു? അപ്പോള്‍ ഈ പ്രതികരണം പ്രതികൂലസാഹചര്യത്തിന്റെ സൃഷ്ടി മാത്രമാണ്. ജനങ്ങളോട് പ്രതിബദ്ധയില്ലാത്ത രാഷ്ട്രീയത്തിനേറ്റ ഭരണത്തിനേറ്റ അടി തന്നെയാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍.

രാഹുല്‍പോലും കീഴ്പ്പെട്ടുപോകുന്ന ബിജെപിയന്‍ കാലത്തെ പ്രതിലോമകരമായ രാഷ്ട്രീയസമവാക്യങ്ങളെ ജയിക്കുന്നുമുണ്ട് കൈരാന. തബാസം ബീഗം എന്ന മുസ്‌ലിം സ്ഥാനാര്‍ഥിയാണ് അവിടെ വിജക്കൊടിപാറുന്നത്. കര്‍ണാടകപോലും ബിജെപിക്കുള്ള  മറുപടി നല്‍കുന്നത് കണ്ണിന് കണ്ണ് പല്ലിന് പല്ലെന്ന തിയറിയിലാണെങ്കില്‍ കൈറാന വിജയം വീണ്ടെടുക്കുന്നത് അതേ നാണയത്തിലല്ലാതെ മറുപടി നല്‍കിയാണ്. 

വാഗ്ദാനങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വരകളാകുന്നത് ജനത്തിന് നന്നായി മടുത്തെന്ന സാരം. എന്നിട്ടും വിധിയെഴുത്തുണ്ടായ പലവേളകളിലും  ബിജെപിയെ വീഴാതെ നിര്‍ത്തിയത് എതിര്‍പക്ഷത്തിന്റെ അലസതകളാണ്. എന്നാല്‍ ജനം വലയുമ്പോള്‍ വിരാട് കോഹ്ലിയുമായി ഫിറ്റ്നെസ് ചലഞ്ചിന് പോകുന്ന മോദിയെ ദലിത് വേട്ടയ്ക്ക് അവസാനമുണ്ടാക്കുന്ന , ഫ്യുവല്‍ പ്രൈസിന് അവസാനമുണ്ടാക്കുന്ന ചലഞ്ചുകള്‍ക്കായി ക്ഷണിക്കുന്ന പ്രതിപക്ഷത്തിന്റെ കാലം പ്രതീക്ഷയാണ്. ഈ ഐക്യം ചിതറാതെ കാത്താല്‍ പ്രതീക്ഷകളും ചിതറാതെ ഇരിക്കും.