ഫഹദ് ഫാസില്‍ മാത്രം തീവ്രവാദിയാകുന്നതിന്‍റെ രാഷ്ട്രീയം എന്താണ്..?

ദേശീയചലച്ചിത്രപുരസ്കാരങ്ങള്‍ ഇന്നുവരെ വിതരണം ചെയ്തത് രാഷ്ട്രപതിയാണെന്നു ചൂണ്ടിക്കാട്ടി ജേതാക്കള്‍ പ്രതിഷേധിച്ചു ബഹിഷ്കരിച്ചാല്‍ ഒരു ജനാധിപത്യഭരണകൂടം എന്തു ചെയ്യും? ആ പ്രോട്ടോക്കോള്‍ തന്നെ അങ്ങു മാറ്റി, ഇനി മുതല്‍ സ്മൃതി ഇറാനിയാണ് പുരസ്കാരം നല്കുന്നത് എന്നാക്കിമാറ്റും. സൗകര്യമുണ്ടെങ്കില്‍ പുരസ്കാരത്തിനപേക്ഷിച്ചാല്‍ മതി. കേന്ദ്രത്തിന്റെയും മന്ത്രി സ്മൃതി ഇറാനിയുടെയും ആ ധാര്‍ഷ്ട്യത്തിന്‍റെ റിഹേഴ്സല്‍ തന്നെയാണ് കഴിഞ്ഞ ദിവസം നിറം കെട്ടുപോയ പുരസ്കാരദാനച്ചടങ്ങെന്ന് വ്യക്തമാകുകയാണ്. അതിനെ ചെറുത്തു നിന്നിറങ്ങിപ്പോന്ന 68 പുരസ്കാരജേതാക്കളോട് ജനാധിപത്യവിശ്വാസികള്‍ കടപ്പെട്ടിരിക്കുന്നു. പ്രതിരോധത്തിന്റെ ഉറച്ച ശബ്ദം ആ ഒഴിഞ്ഞുകിടന്ന കസേരകള്‍ ഉറപ്പിച്ചു പറഞ്ഞു.  

പുതിയ പ്രോട്ടോക്കോളിലേക്ക് ഇത്തവണ രാജ്യത്തിന്റെ യശസുയര്‍ത്തിയ കലാകാരന്മാരെ അപമാനിച്ചുകൊണ്ടു തന്നെ  മോദി സര്‍ക്കാര്‍ വഴി വെട്ടി. രാഷ്ട്രപതിയെയും വെട്ടിനിരത്തി, കീഴ്‌വഴക്കങ്ങളെയും വെട്ടിനിരത്തി പുതിയ കല്‍പനകള്‍ സൃഷ്ടിക്കപ്പെടുകയാണ്. പ്രിയപ്പെട്ട കലാകാരന്മാരേ നിങ്ങള്‍ തെറ്റിദ്ധരിച്ചതുപോലെ യാദൃശ്ചികമായ ഒരു ആശയക്കുഴപ്പമല്ല ഈ പുരസ്കാരദാനച്ചടങ്ങില്‍ സംഭവിച്ചതെന്നുറപ്പായിരിക്കുന്നു. 

അങ്ങനെ പെട്ടെന്നു മാറിയതല്ലെന്ന് വിവാദത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതിഭവന്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നു. ഒരു മണിക്കൂര്‍ മാത്രമേ രാഷ്ട്രപതി ചടങ്ങില്‍ പങ്കെടുക്കൂ എന്ന പുതിയ പ്രോട്ടോക്കോള്‍ മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ മന്ത്രാലയവുമായി നടത്തിയ ആശയവിനിമയത്തിലും ഉറപ്പിച്ചതാണ്. ആര്ക്കൊക്കെ രാഷ്ട്രപതി പുരസ്കാരം നല്കണമെന്ന്  മന്ത്രാലയത്തിനു തീരുമാനിക്കാമെന്നും രാഷ്ട്രപതിഭവന്‍ അറിയിച്ചിരുന്നു. അതായത് ചടങ്ങിനുള്ള ക്ഷണക്കത്തുകളും പാസുകളും തയാറാക്കുന്നതിനു മുന്‍പു തന്നെ. അതും പോരാതെ മെയ് ഒന്നിനു മന്ത്രാലയം സെക്രട്ടറിയെ വിളിച്ചു വരുത്തി നടത്തിയ കൂടിക്കാഴ്ചയില്‍, 11 പേര്‍ക്കേ പുരസ്കാരം നല്‍കൂവെന്ന് പുരസ്കാരജേതാക്കളെ അറിയിച്ചോയെന്ന് പ്രത്യേകം ആരാഞ്ഞിരുന്നുവെന്നും രാഷ്ട്രപതിഭവന് സെക്രട്ടേറിയറ്റ് അറിയിക്കുന്നു.  ഇതിനു പുറമേ രാഷ്ട്രപതി തന്നെ നേരിട്ട് മന്ത്രാലയത്തിന്റെയും രാഷ്ട്രപതിഭവന്റെയും സെക്രട്ടറിമാരുമായും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ മെയ് 2ന് വൈകിട്ട് നടന്ന റിഹേഴ്സലിനിടെ മാത്രമാണ് നാടകീയമായി പുരസ്കാരജേതാക്കളെ ഇക്കാര്യമറിയിക്കുന്നത്. തുടര്‍ന്നു നടന്നത് ചരിത്രത്തി‍ല്‍ നിറംകെട്ടു പോയ ഒരധ്യായമായി നമ്മള്‍ സാക്ഷ്യം വഹിച്ചു കഴിഞ്ഞ കാര്യങ്ങളാണ്.   

അതായത് സ്മൃതി ഇറാനിയുടെ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവാണ് ചരിത്രത്തിലാദ്യമായി ചടങ്ങിന് കളങ്കം ചാര്‍ത്തിയതെന്ന്

രാഷ്ട്രപതിഭവന്‍ തന്നെ വ്യക്തമാക്കുന്നു. പക്ഷേ മന്ത്രി സ്മൃതി ഇറാനി ഇതുവരെ മിണ്ടിയിട്ടില്ല. രാജ്യത്തോട് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാനുള്ള ജനാധിപത്യ ഉത്തരവാദിത്തം അവര്‍ ഗൗനിക്കുന്നതേയില്ല. പകരം അടുത്ത വര്‍ഷം മുതല്‍ പ്രോട്ടോക്കോള്‍ തന്നെ തിരുത്തി മുഴുവന്‍ പുരസ്കാരങ്ങളും സ്വയം വിതരണം ചെയ്യാനുള്ള സാഹചര്യമൊരുക്കുന്ന തിരക്കിലാണ് രാജ്യത്തിന്റെ വാര്‍ത്താ വിതരണമന്ത്രി. ഞങ്ങള്‍ തീരുമാനിക്കും, വിധേയപ്പെടുന്നവര്‍ മാത്രം ബഹുമാനിക്കപ്പെടും.  

കേന്ദ്രമന്ത്രിക്ക് ഭരണഘടനാനുസൃതം ഏതു തീരുമാനവുമെടുക്കാന്‍ അവകാശമുണ്ട്. പക്ഷേ താല്പര്യങ്ങള്‍ അടിച്ചേല്പിക്കാന്‍ തുനിയുമ്പോള്‍, പ്രതിഷേധങ്ങളെ തൃണവല്ഗണിച്ച് മുന്നോട്ടു പോകുമ്പോള്‍ ചെറുത്തുനില്പുണ്ടാകുമെന്ന് മന്ത്രി മാത്രമല്ല, ഭരണകൂടമാകെ കണ്ണു തുറന്നു കാണണമെന്നു വിളിച്ചു പറയുന്നു ഈ വിവാദം. മന്ത്രിയുടെ അസഹിഷ്ണുതയുടേതു മാത്രമല്ല, ഭരണനിര്വഹണത്തിലെ കാര്യശേഷിയില്ലായ്മ, നേതൃശേഷിയുടെ അഭാവം, ക്രിയാത്മക ഇടപെടലിനു തയാറാകാത്ത മനോഭാവം എല്ലാത്തിന്റെയും തെളിഞ്ഞ ഉദാഹരണം കൂടിയായി 68 പേരുടെ ബഹിഷ്കരണം. 

കല ഒരു രാഷ്ട്രീയപ്രക്രിയയാണെന്ന ബോധത്തോടെ അതില്‍ പങ്കാളിയാകുന്നവരെ തിരിച്ചറിയുന്നത് ഒരു പ്രതീക്ഷയാണ്. രാജ്യം  ഏറ്റവും മികച്ചവരെന്നു തിരഞ്ഞെടുത്തവരില്‍ പാതിയും ആ ദൗത്യത്തില്‍ വ്യക്തതയുള്ളവരാണ് എന്നു കാണിച്ചു തന്നു ചലച്ചിത്രപുരസ്കാരദാനത്തിലെ ബഹിഷ്കരണം. പക്ഷേ മാറിനടന്നു പുരസ്കാരം സ്വീകരിച്ചവരോട് പരിഭവിക്കുന്നതിലും അര്‍ഥമില്ല. നിലപാടുള്ളവരാണ് നിലപാടെടുക്കേണ്ടത്. അതില്ലാത്തവരെ നിര്‍ബന്ധിച്ച് നിലപാടെപ്പിക്കുമ്പോള്‍ പരുക്കേല്ക്കുന്നത് നിലപാടിനാണ്. 

പുരസ്കാരവിതരണത്തിലെ വിവേചനം അപ്രതീക്ഷിതമായിരുന്നതിനാലാണ് പ്രതിഷേധം ഇത്രമേല്‍ ശക്തമായത്. ചടങ്ങ് എങ്ങനെ നടത്തണമെന്നും ആരു നടത്തണമന്നും സംഘാടകരായ ഭരണകൂടത്തിനു തീരുമാനിക്കാം. പക്ഷേ തീരുമാനങ്ങള്‍ ഒളിച്ചു കടത്തരുത്. അംഗീകരിക്കപ്പെടുന്നവര്‍ക്ക് ആരില്‍ നിന്നെന്ന് അറിഞ്ഞിരിക്കാനുള്ള അവകാശമുണ്ട്.  പുരസ്കാരവിതരണത്തിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോന്ന 68 പേരില് പതിനൊന്നു മലയാളികളുണ്ടായിരുന്നു എന്നത് അഭിമാനകരമാണ്. 

പ്രസിഡന്റില്‍ നിന്ന് മെഡല്‍ സ്വീകരിക്കുന്ന ചിത്രം, ഏതൊരിന്ത്യന്‍ പൗരന്റെയും അഭിമാനനിമിഷമാണ്. അതു പ്രതീക്ഷിച്ചെത്തുന്നവരോട്, അങ്ങനെയല്ല, ഈ രാജ്യം ഇതുവരെ പിന്തുടര്‍ന്നു പോന്ന കീഴ്വഴക്കങ്ങള്‍ ഞങ്ങള്‍ക്ക് തോന്നുന്നതുപോലെയങ്ങു മാറ്റിയിരിക്കുന്നുവെന്ന് പറയുമ്പോള്‍ ഒരക്ഷരം മിണ്ടാതെ തലകുനിച്ചങ്ങ് അനുസരിച്ചാല്‍ മതിയെന്നു പറയുന്ന ഫാസിസ്റ്റ് സമീപനത്തോട് ഏറ്റവും ഉചിതമായ രീതിയിലുള്ള പ്രതിഷേധമാണ് രാജ്യം കണ്ടത്. ഈ കലാകാരന്മാര്‍ സുതാര്യത അര്‍ഹിച്ചിരുന്നു. ബഹുമാന്യത അര്‍ഹിച്ചിരുന്നു. പോയ വര്‍ഷം ഈ വലിയ രാജ്യത്തെ, വലിയ ജനസംഖ്യയില്‍ നിന്ന് ഏറ്റവും മികച്ച കലാകാരന്മാരായി രാജ്യം തെരഞ്ഞെടുത്തവരാണ്. അവര്‍ അപമാനിക്കപ്പെടേണ്ടവരല്ല. അജന്‍ഡകള്‍ ഒളിച്ചു കടത്തുമ്പോള്‍ വിധേയരായി നിന്നുകൊടുക്കാതിരുന്നതിന് അവര്‍ വലിയ കൈയടി അര്‍ഹിക്കുന്നു. 

ആത്മവിശ്വാസമുള്ള മനുഷ്യര്‍ തലകുനിക്കില്ല. ശരിയെന്നു ബോധ്യമുള്ള ഒരു നിലപാടിനു വേണ്ടി ഏറ്റവും ആദരിക്കുന്ന അംഗീകാരവും വേണ്ടെന്നു വയ്ക്കാന്‍ അവര്‍ക്ക് കഴിയും. രാജ്യത്തെ ഏറ്റവും പ്രൗഢഗംഭീരമായ ചടങ്ങില്‍ ആദരിക്കപ്പെടുകയെന്ന പ്രലോഭനവും അതിജീവിക്കാന്‍ അവര്‍ക്ക് കഴിയും. അവര്‍ പുരസ്കാരം ഉപേക്ഷിച്ചില്ല. അവരുയര്‍ത്തിയ പ്രതിരോധവും ചോദ്യവും പ്രോട്ടോകോള്‍ മാറ്റിയെഴുതി മറികടക്കാവുന്നതുമല്ല. ജനാധിപത്യത്തിന്റെ ശക്തിയാണത്.  

ഇതിനിടയില്‍ തന്നെ പറയേണ്ടതുണ്ട്, പുരസ്കാരം സ്വീകരിച്ചതിന്റെ പേരില്‍ യേശുദാസിനെതിരെ നടക്കുന്ന ആക്രമണവും ജനാധിപത്യപരമല്ല. പരാതിയില്‍ ഒപ്പിടാനും ആ പരാതി നിലനില്ക്കുമ്പോള്‍ തന്നെ പുരസ്കാരം സ്വീകരിക്കാനും അദ്ദേഹത്തിന് അവകാശമുണ്ട്. അദ്ദേഹം രാജ്യത്തെ ഏറ്റവും മികച്ച ഗായകനായി തുടരട്ടെ. ജയരാജ് ഇനിയും രാജ്യത്തെ മികച്ച സിനിമകള്‍ സൃഷ്ടിക്കട്ടെ.  അവര്‍ക്ക് കിട്ടിയ അതേ ആദരം മറ്റുള്ളവരും അര്‍ഹിക്കുന്നു എന്നു ഉള്‍ക്കൊള്ളാനാകുന്നില്ലെങ്കില്‍ ഈ വലിയ കലാകാരന്മാരെ ഇനിയെന്ത് ഓര്‍മിപ്പിക്കാനാണ്.  അക്കൗണ്ടിലെത്തുന്ന പണം സര്‍ക്കാരിന്റെ ഔദാര്യമാണെന്ന ധാരണയാണ് ജയരാജിനെ ഭരിക്കുന്നതെങ്കില്‍ ഇനിയെന്തു പറഞ്ഞിട്ടെന്താണ്?  

അങ്ങനെ ചരിത്രത്തിലാദ്യമായി ദേശീയചലച്ചിത്രപുരസ്കാരദാനച്ചടങ്ങ് വിവാദത്തില്‍ നിറംകെട്ടു പോയെങ്കിലും മോദി സര്ക്കാര്‍ ഒന്നും വഴിയിലുപേക്ഷിച്ചു പിന്മാറാന്‍ പോകുന്നില്ലെന്നു വ്യക്തമാക്കുന്നു പുതിയ പ്രഖ്യാപനങ്ങള്‍. അടുത്ത കൊല്ലം അന്തസായി ക്ഷണക്കത്തില്‍ തന്നെ പേരുവച്ച് സ്മൃതി ഇറാനി പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. സൗകര്യമുള്ളവര്‍ പുരസ്കാരത്തിനപേക്ഷിച്ചാല്‍ മതി. കലയും സംസ്കാരവുമെല്ലാം രാഷ്ട്രീയപ്രവര്ത്തനമാണെന്നു പറയുമ്പോള്‍ അതിന് ഇങ്ങനെയും ഒരു വശമുണ്ടെന്ന് ഇന്ത്യ തിരിച്ചറിയുമോ എന്നതാണ് ചോദ്യം.  എല്ലാം ചൊല്പടിയിലാക്കുന്ന ഭരണകൂടത്തിന് 2019ല്‍ ജനത എന്തു മറുപടി നല്‍കുമെന്നതും.  

പുരസ്കാരജേതാക്കളെ കബളിപ്പിക്കാന്‍ ശ്രമിച്ചത് രാഷ്ട്രപതി ഭവനോ വാര്ത്താവിതരണമന്ത്രാലയമോ എന്ന തര്ക്കത്തിന് ഇനി പ്രസക്തിയില്ല. സര്ക്കാരിന്റെയും മന്ത്രി സ്മൃതി ഇറാനിയുടെയും തീരുമാനം തന്നെയാണ് നടപ്പായത്.  നേരാംവഴി പറഞ്ഞാല് ജനങ്ങള്ക്കു ബോധ്യമാകുന്ന ഒരു കാരണമില്ലാത്തതുകൊണ്ട് ഇത്തവണ ആ അട്ടിമറിയുടെ ഒരു ട്രയല്റണ് നടത്തി നോക്കിയെന്നേയുള്ളൂ. പുരസ്കാരത്തിനു തിരഞ്ഞെടുത്തതില് 

നിലപാടുള്ളവരുടെ എണ്ണം കൂടിപ്പോയതിനാല് ഇത്തവണ അത് പാളിപ്പോയെന്നു മാത്രം. 

ആ അബദ്ധം അടുത്ത തവണ ആവര്ത്തിക്കാതെ നോക്കാനും സര്ക്കാരിനു കഴിയും. പുരസ്കാരം നല്കുന്നത്   രാഷ്ട്രപതിയായാലും  സ്മൃതി ഇറാനിയാലും എന്താണ് വ്യത്യാസമെന്നു ചോദിക്കുന്നവരുണ്ട്.  ഭരണകൂടത്തിന്റെ രാഷ്ട്രീയത്തില് നിന്ന് അകലം പാലിക്കാന് ഭരണഘടനാപരമായ ബാധ്യതയുള്ള പദവിയാണ് രാഷ്ട്രപതിയുടേത്. അദ്ദേഹം സര്ക്കാരിന്റെ ഭാഗമല്ല. രാജ്യത്തിന്റെ വാര്ത്താവിതരണവകുപ്പു മന്ത്രിക്കും ആ പദവിയുടേതായ ബഹുമാന്യതയുണ്ട്. പക്ഷേ തീരുമാനം സുതാര്യമാകണം. അത് ജേതാക്കളെ ആദ്യമേയറിക്കണം. സ്മൃതി ഇറാനിയില് നിന്നു പുരസ്കാരം സ്വീകരിക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഒരു ജേതാവിനുണ്ടായിരിക്കണം. ബി.ജെ.പി. മന്ത്രിയുടെ കൈയില് നിന്ന് പുരസ്കാരം സ്വീകരിക്കില്ലെന്നു തീരുമാനിച്ച അനീസ് കെ.മാപ്പിളയെ പുലഭ്യം പറഞ്ഞുകൊണ്ട് നിറ്ഞ്ഞാടി മലയാളികളിലെ സംഘപരിവാരമനസുകള്‍. ഫഹദ് ഫാസില്‍ അവര്ക്ക് തീവ്രവാദി വരെയായി. ആകും. കാലം അതാണ്. ഈ നാട്ടില് ജനിച്ചു ജീവിക്കുന്നതില്, ഈ കലാകാരന്മാര്ക്കൊപ്പം ജീവിക്കുന്നതില് മനുഷ്യരായിരിക്കുന്നവര്ക്ക് അഭിമാനിക്കാവുന്ന നേരം തന്നെയാണിത്. വംശീയാക്രമണങ്ങള് വെളിപ്പെടുത്തുന്നുണ്ട്, ആ തിരസ്കാരം എത്ര അനിവാര്യമായ രാഷ്ട്രീയനിലപാടായിരുന്നുവെന്ന്. .  ചടങ്ങില് പങ്കെടുക്കാതിരുന്ന 68 പേരില് നിന്ന് ഫഹദ് ഫാസില് മാത്രം തീവ്രവാദിയെന്നു വിളിക്കപ്പെടുന്ന കാലത്ത് പേരുകളുടെ  തിരഞ്ഞെടുപ്പിന് തീര്ച്ചയായും രാഷ്ട്രീയമുണ്ടാകണം. അത് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെടുന്നവന്റെ അവകാശമാണ്.  

എന്നാല്‍ ഈ വിവാദങ്ങളില് നിന്നെല്ലാം ശക്തമായി ഉയരേണ്ട ഒരു മറുചോദ്യമുണ്ട്. കലുഷിതരാഷ്ട്രീയത്തിന്റെ കാലത്ത് കല ഭരണകൂടരാഷ്ട്രീയത്തിന്റെ അംഗീകാരത്തിനായി കാത്തുനില്ക്കുന്നതും ശരിയാണോ? ഭരണകൂടം മികച്ചതെന്നു തിരഞ്ഞെടുക്കുന്ന കലയും സാഹിത്യവും വ്യവസ്ഥിതിയോടുള്ള കലാപമാകുമോ? പുരസ്കാരം ആരു കൈമാറിയാലും വരുതിയില് നിര്ത്താന് ശ്രമിക്കുന്ന രാഷ്ട്രീയത്തിന്, തലകുനിക്കണോ കലാകാരന്മാര്? 

കീഴടക്കാന് വെമ്പുന്ന ഒരു രാഷ്ട്രീയത്തിനും  കീഴ്്‌വഴക്കങ്ങളും ചരിത്രവും പുരസ്കാരങ്ങളും വിട്ടുകൊടുക്കരുത്. ചെറുത്തുനില്പുണ്ടാകണം. ഭാവിതലമുറയോടു കൂടിയുള്ള ബാധ്യതയാണത്. കല സ്വാതന്ത്ര്യമാണ്. കല രാഷ്ട്രീയമാണ്. നിലപാടുകള് തുറന്നു പറഞ്ഞതിന്, പ്രധാനമന്ത്രിയെ വിമര്ശിച്ചുകൊണ്ടേയിരിക്കുന്നതിന് തനിക്ക് ഹിന്ദിസിനിമാലോകം അപ്രഖ്യാപിത വിലക്കു തുടങ്ങിയിരിക്കുന്നുവെന്ന് നടന് പ്രകാശ് രാജ് പറഞ്ഞത് ദിവസങ്ങള്ക്കു മുന്പാണ്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തോടു പ്രതികരിച്ച് എന്റെ ഇന്ത്യ ഇങ്ങനെയല്ലെന്ന് പറഞ്ഞതിന് എ.ആര്‍.റഹ്മാന്‍ ആക്ഷേപിക്കപ്പെട്ടത് മാസങ്ങള്‍ക്ക് മുന്‍പാണ്. അസഹിഷ്ണുതയ്ക്കെതിരെ സംസാരിച്ച കലാകാരന്മാര് ആക്രമിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന കാലമാണ്. ഭരണകൂടം നിശബ്ദമാക്കാന്‍ ശ്രമിക്കുമ്പോള് കൂടുതല് ഉച്ചത്തില് ശബ്ദമുയര്ത്തേണ്ടവരാണ് കലാകാരന്മാര്. കലയിലൂടെയാണ് ആ കലഹമുണ്ടാകേണ്ടത്. പുരസ്കാരം ആരു നല്കണമെന്നതിലൊതുങ്ങേണ്ടതല്ല, കലാകാരന്റെ പ്രതിഷേധം. കാലത്തോടു പ്രതികരിക്കാന് കലയ്ക്കും കലാകാരനും ബാധ്യതയുണ്ട്. 

ഒടുവില് പുതിയ നിയമങ്ങള്‍ എഴുതപ്പെടുകയാണ്. രാഷ്്ട്രപതിക്കു പകരം വാര്‍ത്താവിതരണ മന്ത്രി പുരസ്കാരങ്ങള്‍ നല്‍കും. അടുത്ത തിരഞ്ഞെടുപ്പ്, കലാകാരന്മാരേ, നിങ്ങളുടേതാണ്. നിങ്ങളുടേതു മാത്രം.