പൊലീസ് ചവിട്ടിക്കൊന്നവന്റെ കുടുംബത്തിന്റെ കണ്ണീര് പിണറായി കാണണം- പറയാതെ വയ്യ

പിണറായി വിജയന്‍ എന്ന രാഷ്ട്രീയനേതാവിന് ഏതു ശൈലിയും സ്വീകരിക്കാന്‍ അവകാശമുണ്ട്. പക്ഷേ മുഖ്യമന്ത്രിയുടെ മുന്‍ഗണനകള്‍ ചോദ്യം ചെയ്യാന്‍ കേരളീയര്‍ക്കും അവകാശമുണ്ട്. ബഹുമാനപ്പെട്ട പൊലീസ് മന്ത്രി, കേരളാപൊലീസ് തല്ലിക്കൊന്ന ഒരു യുവാവിന്റെ ജീവിതത്തില്‍ താങ്കള്‍ക്കൊരുത്തരവാദിത്തവും തോന്നുന്നില്ലെങ്കില്‍  മനുഷ്യാവകാശകമ്മിഷനെ താങ്കളോര്‍മിപ്പിക്കുന്ന പാഠം തിരിച്ചും ബാധകമാണെന്നു പറയാതെ വയ്യ. കേരളത്തിലെ  മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ ചുമതല നിര്‍വഹിക്കണം. പൂരപ്പറമ്പിലെ ആവേശം മാത്രമല്ല, ശ്രീ പിണറായി വിജയന്‍, പൊലീസ് ചവിട്ടിക്കൊന്ന കുടുംബത്തിന്റെ കണ്ണീരും ഭരണാധികാരി കാണണം. അതൊരു ചോയ്സല്ല, രാഷ്ട്രീയ ഉത്തരവാദിത്തമാണ്. 

***

മാനസികമായ പിന്തുണ മാത്രം പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചറിയുന്നത് ജുനൈദിന്റെ കുടുംബത്തിന്റെ കുടുംബത്തിനു മുന്നിലാണ്. ഡല്‍ഹിയില്‍ വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ട ജുനൈദിന്‍റെ കുടുംബത്തെ ഡല്‍ഹിയില്‍ കേരളാഹൗസിലെത്തിച്ച് മുഖ്യമന്ത്രി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. ക്യാമറകള്‍ക്കു മുന്നില്‍ നാടകം നടത്താന്‍ പിണറായിയെ കിട്ടില്ലെന്ന് ആര്‍പ്പുവിളിക്കുന്ന ആരാധകര്‍ തെറ്റിദ്ധരിക്കരുത്. ഈ രാഷ്ട്രീയ ഇടപെടലിനു പിന്നിലെ  ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നില്ല. രാജ്യം കടന്നു പോകുന്ന ധ്രുവീകരണരാഷ്ട്രീയത്തെ, രാഷ്ട്രീയമായിത്തന്നെ ചെറുത്തുനില്‍ക്കുന്ന കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി ചെയ്യേണ്ടതു തന്നെയാണത്.  ആശ്വസിപ്പിക്കുക മാത്രമല്ല, സി.പി.എം. സംസ്ഥാനകമ്മിറ്റിയുടെ ആശ്വാസമായി 10 ലക്ഷം രൂപയും പ്രഖ്യാപിച്ചു അന്ന് മുഖ്യമന്ത്രി. സി.പി.എം പ്രത്യേക ധനശേഖരണം നടത്തി ആ പണം ജുനൈദിന്റെ കുടുംബത്തിന് കൈമാറുകയും ചെയ്തു. 

ഏപ്രില്‍ 9നാണ് ശ്രീജിത്ത് എന്ന 26കാരന്‍ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിനിരയായി കൊല്ലപ്പെടുന്നത്. ഏപ്രില്‍ 28 വരെ അതായത് 20 ദിവസം തികയുന്നതു വരെ മുഖ്യമന്ത്രി പിണറായി വിജയന് ആ കുടുംബത്തോട് ഒന്നു ഫോണില്‍ സംസാരിക്കാന്‍ പോലും സൗകര്യപ്പെട്ടില്ല. 

*******

പൊലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തരമന്ത്രി കൂടിയാണ് പിണറായി വിജയന്‍. പൊലീസ് കസ്റ്റഡിയിലെ കൊലപാതകത്തിന് മറുപടി പറയാന്‍ നിയമപരമായിത്തന്നെ ബാധ്യതയുള്ള ഭരണാധികാരി. ആ മന്ത്രി വരാപ്പുഴയെന്നോ, ശ്രീജിത്തെന്നോ പറയാന്‍ തയാറായതു പോലും രണ്ടാഴ്ചയ്ക്കു ശേഷമാണ്. ശക്തനായ ഭരണാധികാരി നടപടിയെടുക്കും വാചകമടിക്കില്ല എന്നു ന്യായീകരിക്കുന്നവരോട്, ഇതു ശക്തിയല്ല സഖാക്കളെ, ദൗര്‍ബല്യമാണ്. ആത്മവിശ്വാസമില്ലാത്ത, സ്വന്തം ഭരണമികവില്‍ ഉറപ്പില്ലാത്ത, ഈഗോയില്‍ കൂടുതല്‍ കൂടുതല്‍ കുരുങ്ങിപ്പോകുന്ന ഒരു നേതാവിനെയാണ് അദ്ദേഹം വെളിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നത്. 

ഏപ്രില്‍ 25ന് മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനം. പതിവില്ലാതെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തത് കടല്‍ക്ഷോഭം നേരിടുന്ന തീരമേഖലയ്ക്കുള്ള ആശ്വാസനടപടികള്‍ പ്രഖ്യാപിക്കാനാണ്. അതായത് വരാപ്പുഴയിലെ കസ്റ്റഡിമരണത്തെക്കുറിച്ച് സ്വമേധയാ കേരളത്തിലെ ജനങ്ങളോടു വിശദീകരിക്കുന്നത് ശ്രീ പിണറായി വിജയന് അഭിമാനക്ഷതമാണ്. പക്ഷേ ചോദ്യമുയര്‍ന്നാല്‍ വിശദീകരിക്കാനായി വസ്തുതകളുടെ കുറിപ്പുമായാണ് മുഖ്യമന്ത്രി എത്തിയത് എന്നുകൂടി മനസിലാക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ ഔന്നത്യം പൂര്‍ണമായി ഉള്‍ക്കൊള്ളാനാകൂ. 

വരാപ്പുഴ കസ്റ്റഡി മരണത്തിനു തൊട്ടു പിന്നാലെ പൊലീസ് കൊലക്കുറ്റത്തിനു പ്രതികളാകുന്ന സാഹചര്യത്തില്‍ വേദനിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിട്ടത്. ശേഷം കാസര്‍കോട് നടത്തിയ പ്രസംഗത്തിലും വരാപ്പുഴയെന്നോ ശ്രീജിത്തെന്നോ പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. 

ഇതാദ്യത്തെ കസ്റ്റഡിമരണമല്ലെന്നും സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും ന്യായീകരിക്കുമ്പോള്‍ ശ്രീ പിണറായി വിജയന്റെ ശബ്ദത്തിന് മറ്റാരുടെയോ ശബ്ദവുമായി സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത് യാദൃശ്ചികം മാത്രമാണ്. പക്ഷേ മനുഷ്യാവകാശകമ്മിഷന്‍ കീഴ്‍വഴക്കങ്ങള്‍ തെറ്റിക്കുന്നതില്‍ അദ്ദേഹത്തിന് ആലോചിച്ചുറപ്പിച്ച നിലപാടുണ്ടായിരുന്നു 

*********

മനുഷ്യാവകാശലംഘനങ്ങളില്‍ ഇടപെടുകയെന്നതു തന്നെയാണ് മനുഷ്യാവകാശകമ്മിഷന്റെ ജോലി ബഹുമാനപ്പെട്ട മുഖ്യമന്ത്രി. ആ മനുഷ്യാവകാശലംഘനങ്ങളുണ്ടാകാതെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയെന്നതാണ് മുഖ്യമന്ത്രിയുടെ ജോലി. മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പൊലീസിന്റെ ജോലി. കമ്മിഷന്‍ പരിധി വിടുന്നുവെന്നു പറയുമ്പോള്‍, ദയവായി മറുപടി പറയുക. മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ പണി ചെയ്യുന്നുണ്ടോ? ആഭ്യന്തരമന്ത്രിയും പൊലീസും സ്വന്തം പണിയാണോ ചെയ്യുന്നത്? ആഭ്യന്തരമന്ത്രിയെന്നാല്‍ പൊലീസിന്റെ പി.ആര്‍.ഒ എന്നാണോ താങ്കള്‍ മനസിലാക്കിയിരിക്കുന്നത്?

പൊലീസ് വഴി തെറ്റിയാല്‍ എത്ര വഷളാകുമെന്ന് പിണറായിക്ക് പത്രം വായിച്ചു മനസിലാക്കേണ്ട കാര്യമില്ല. പൊലീസ് ഭരണകൂടത്തിന്റെ മര്‍ദനഉപകരണമാണെന്നും  അത് അംഗീകരിക്കാനാകാത്ത രാഷ്ട്രീയമാണെന്നും കേരളത്തിലെ ജനങ്ങളെ പഠിപ്പിച്ചത് പിണറായി അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കളാണ്. ആ നേതാവിന് അധികാരത്തിലെത്തിയപ്പോള്‍ സമ്മേളനത്തില്‍ ചുവന്ന ഉടുപ്പണിഞ്ഞെത്തുന്ന പൊലീസിന്റെ മനോവീര്യം സൂക്ഷിക്കുകയെന്നതാണ് ഏറ്റവും പ്രധാനമെന്നു തോന്നിയാല്‍ പിന്നീടെന്ത് അല്‍ഭുതമാണ് പ്രതീക്ഷിക്കേണ്ടത്. കേരളാപൊലീസ് എന്നും മികവുറ്റ പ്രവര്‍ത്തനം കാഴ്ച വച്ചിട്ടുള്ള പൊലീസ് സേനയാണ്. പക്ഷേ പൊലീസില്‍ നിന്ന് ഒരിക്കലുമുണ്ടാകാന്‍ പാടില്ലാത്ത നടപടികളുണ്ടാകുമ്പോള്‍ അതു തിരുത്തേണ്ടതും, ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നുറപ്പുവരുത്തേണ്ടതും ആഭ്യന്തരമന്ത്രിയുടെ ചുമതലയാണ്. മുഖ്യമന്ത്രിയുടെ ചുമതലയാണ്. 

അതുകൊണ്ട് ഇനിയെങ്കിലും പൊലീസിന്റെ പി.ആര്‍.ഒ പണി നിര്‍ത്തി ബഹുമാനപ്പെട്ട പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയുടെ ചുമതല തുടങ്ങണം. ഇടതുനയമല്ല പൊലീസില്‍ നിന്നുണ്ടാകുന്ന തുടര്‍ച്ചയായ വീഴ്ചകളെങ്കില്‍, ആഭ്യന്തരവകുപ്പിന്റെ പരാജയമാണതെന്ന് സ്വയമെങ്കിലും തിരിച്ചറിയണം. പരാജയപ്പെട്ട ആഭ്യന്തരമന്ത്രി മനുഷ്യാവകാശകമ്മിഷനെ പണി പഠിപ്പിക്കുന്നതിന്റെ അപഹാസ്യത മനസിലാക്കണം. ഭരണനിര്‍വഹണത്തില്‍ സ്വന്തം ശൈലിയാകാം. പക്ഷേ അതില്‍ വെളിപ്പെട്ടുപോകുന്ന ഇരട്ടത്താപ്പില്‍ തലകുനിക്കരുത്. 

സൂനാമിയേക്കാള്‍ വലിയ നാശം കേരളത്തില്‍ വിതച്ച ദുരന്തമാണ് ഓഖി. സെക്രട്ടേറിയറ്റില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന തിരക്കില്‍ മുഖ്യമന്ത്രിക്ക് വിളിപ്പാടകലെയുള്ള ദുരന്തബാധിതമേഖലകള്‍ കാണാന്‍ സമയം കിട്ടിയില്ല. എത്തിയപ്പോഴാകട്ടെ അദ്ദേഹത്തിന്റെ ശൈലി പരിചയമില്ലാത്ത തീരദേശവാസികളുടെ സ്വീകരണത്തില്‍ മനം നിറഞ്ഞ് തിരിച്ചുപോരേണ്ടി വന്നതാണ്.

ആ അനുഭവം മറക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടാണോ എന്നറിയില്ല, പാര്‍ട്ടി കോണ്‍ഗ്രസിന്റെ തിരക്കു കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിന്നീട് ഒഴിവു കിട്ടിയ സമയം  ചെലവിട്ടത് പൂരപ്പറമ്പിലാണ്. ഭരണാധികാരിയുടെ സാന്നിധ്യം എവിടെയാണ് പ്രധാനമെന്ന് അദ്ദേഹത്തിന് നന്നായറിയാം.  . അതുകൊണ്ടാണ് തൃശൂര്‍ പൂരത്തില്‍ ആദ്യന്തം സ്വന്തം സാന്നിധ്യം കൊണ്ട് അദ്ദേഹം പൂരപ്രേമികളെ അനുഗ്രഹിച്ചത്. ഇലഞ്ഞിത്തറമേളം കൊട്ടിക്കയറുന്നതിനിടെ ഔചിത്യം നോക്കാതെ മേളപ്രമാണിയെ ആദരിക്കാന്‍ എഴുന്നള്ളിയത്. 

നമ്മുടെ മുഖ്യമന്ത്രി പ്രകടനാത്മകതയില്‍ വിശ്വസിക്കുന്നില്ലെന്നതിന് ഇതില്‍ കൂടുതല്‍ ഒരു തെളിവ് ആവശ്യമുണ്ടോ? ‌ തെറ്റിദ്ധരിക്കരുത്,  അദ്ദേഹം ജനങ്ങള്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുക മാത്രമായിരുന്നു, പൂരപ്പറമ്പില്‍.

പിണറായിയിലെ കൂട്ടക്കൊലപാതകത്തില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനമാണ് നിര്‍ണായകമായതെന്ന് വാഴ്ത്തിപ്പാടുന്നു മാധ്യമങ്ങളും അനുയായിവ‍ൃന്ദവും. പാര്‍ട്ടി കോണ്‍ഗ്രസിനിടെ ഹൈദരാബാദിലെ പഞ്ചഗുട്ട പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചതും സാന്നിധ്യത്തിന്റെ പ്രധാന്യം തിരിച്ചറിഞ്ഞു തന്നെയാണ്. പക്ഷേ ഭരണം പൊടിപൂരമാക്കുന്ന തിരക്കില്‍ കേരളത്തില്‍ കൊല്ലപ്പെട്ട വിദേശവനിതയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ നേരം കിട്ടിയിട്ടില്ല. മതിയായ നടപടിയുണ്ടല്ലോ എന്നാണ് ന്യായം.  ശ്രീജിത്തിന്റെ കസ്ററഡി മരണത്തിലും ന്യായം അതുതന്നെ. ആവശ്യമായ അന്വേഷണവും നടപടിയുമുണ്ടല്ലോ. കേസ് അട്ടിമറിക്കാന്‍ പൊലീസിന്റെ മറിമായങ്ങളെല്ലാം കഴിഞ്ഞ ശേഷമാണ് സംഘവും അന്വേഷണവും വന്നത് എന്നോര്‍ക്കണം. അതുമാത്രം പോരെന്നു തിരിച്ചറിയുന്ന സി.പി.എമ്മിനു പോലും പിണറായി ശൈലിയെ ചോദ്യം ചെയ്യാന്‍ ധൈര്യമില്ല. കോണ്‍ഗ്രസ് ബന്ധത്തില്‍ കേരളത്തിലെ ജനങ്ങളുടെ മനസറിയാവുന്ന യെച്ചൂരിക്കു പോലും പിണറായിയുടെ ഭരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ജനങ്ങള്‍ പറയട്ടെ എന്നൊഴിഞ്ഞുമാറുകയേ നിവൃത്തിയുള്ളൂ. 

*********

മുന്‍ഗണനകള്‍ വ്യത്യസ്തമാകാം. താല്‍പര്യങ്ങള്‍ വിഭിന്നമാകാം. പക്ഷേ ഈ ഇരട്ടത്താപ്പ് ശൈലി സി.പി.എമ്മിനും ചേരില്ല, ഇടതുപക്ഷത്തിനും ചേരില്ല, കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഒട്ടും ചേരില്ല.  കേരളത്തിന്റെ മുഖ്യമന്ത്രി എല്ലാ വിഭാഗം ജനങ്ങളുടെയും മുഖ്യമന്ത്രിയാണ്. പൊലീസ് കസ്റ്റഡിയില്‍ ഒരാള്‍ 

കൊല്ലപ്പെട്ടാല്‍ ചവിട്ടിയവര്‍ മാത്രമാണ് കുറ്റക്കാര്‍ എന്നത് ഏതു രാഷ്ട്രീയബോധ്യമാണ് മുഖ്യമന്ത്രി? രാഷ്ട്രീയഉത്തരവാദിത്തം എന്നൊന്നുണ്ട്  ശ്രീ പിണറായി വിജയന്‍. അതു മറക്കരുത്. 

*************************

ഒറ്റച്ചോദ്യമേയുള്ളൂ.... ഈ ജനദുരിതം കാണുന്നില്ലേ? രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്ന് ഉയര്‍ന്നുതുടങ്ങുന്ന ജനരോഷം കേന്ദ്രംഭരിക്കുന്നവര്‍ ഇനിയും കേട്ടതായി ഭാവിക്കാത്തത് എന്തുകൊണ്ടാണ്? സകലസീമയും പിന്നിട്ട് കുതിക്കുന്ന ഇന്ധനവില ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കന്ന ദുരിതങ്ങളോട് ഒരുതരം നനഞ്ഞ നിസംഗത പുലര്‍ത്തുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ഒന്നറിയുന്നില്ല. ഇപ്പോഴത്തെ വിലവര്‍ധനയെ ന്യായീകരിക്കാന്‍ എന്ത് സാങ്കേതികത്വം മുന്നോട്ടുവച്ചാലും അതിലെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയാനുള്ളശേഷി ഈ രാജ്യത്തെ ജനത്തിനുണ്ട്. 

ഇന്ധനവില ഒരുരൂപ കൂടിയാല്‍ രാജ്യമെങ്ങും പ്രതിഷേധക്കൊടുങ്കാറ്റായിരുന്നു കുറച്ചുവര്‍ഷങ്ങള്‍ മുമ്പുവരെ.ഇന്ധനവില നിര്‍ണയം ഒരു രാഷ്ട്രീയ തീരുമാനംകൂടിയായിരുന്ന, തീരുമാനമെടുക്കാന്‍ ഒരുപാടു ഘടകങ്ങള്‍ പരിഗണിക്കേണ്ടിയിരുന്ന ഒരുകാലം. അവിടെനിന്നാണ് ഇന്ധനവിലവര്‍ധനയുടെ തോതും വ്യാപ്തിയും തിരിച്ചറിയാന്‍ ദിവസങ്ങളും ആഴ്ചകളും തന്നെയെടുക്കുന്ന കണ്ണുകെട്ടിയുള്ള ചൂഷണത്തിന്റെ പാതയിലേക്ക് ഈ രാജ്യത്തെ നരേന്ദ്രമോദിസര്‍ക്കാര്‍ കൊണ്ടെത്തിച്ചത്. കണക്കുകള്‍ നിരത്തിവച്ചുള്ള പണച്ചോര്‍ച്ചത്തോത് തിരിച്ചറിയുമ്പോള്‍ ഉയരുന്ന പ്രതിഷേധങ്ങള്‍  അവഗണിക്കുന്നത് ഈ സര്‍ക്കാരിനൊരു ശീലമായിക്കഴിഞ്ഞു. രാജ്യംമുഴുവന്‍ കാവിപുതപ്പിക്കാനുള്ള നെട്ടോട്ടങ്ങള്‍ക്കിടെ ചവിട്ടിമെതിക്കപ്പെടുന്ന സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ കാണാതിരിക്കുക. ഒരു ജനാധിപത്യ ഭരണകൂടത്തിന് ഒരിക്കലും ചേരാത്ത വഴിയിലൂടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ അവസാനലാപ്പ് പ്രദക്ഷിണം. അകലെയെവിടെയോ ഉള്ള ഒരു വാഗ്ദത്തഭൂമി ലക്ഷ്യമാക്കി ഈ സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ചുള്ള ത്യാഗഭരിതമായ യാത്രതുടങ്ങിയിട്ട് നാലാണ്ടെത്തുന്നു. ജീവിതച്ചെലവുകളെ നേരിട്ട് ബാധിക്കുന്ന എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകളുടെ നേരിട്ടുള്ള നേട്ടം ജനങ്ങളിലേക്കെന്ന മോഹനവാഗ്ദാനമാണ് കേന്ദ്രം ഭരിച്ചവരെല്ലാം ജനത്തിനു മുന്നില്‍ വച്ചിട്ടുള്ളത്. പ്രവര്‍ത്തനനഷ്ടമെന്ന പതിവുപല്ലവിപാടി പതംവന്ന എണ്ണക്കമ്പനികള്‍ക്ക് സബ്സിഡിയെന്ന സര്‍ക്കാരിന്റെ ഔദാര്യത്തിന് കാത്തുനില്‍ക്കാതെ ജനത്തെ നേരിട്ട് പിഴിയാന്‍ കിട്ടിയ അവസരമായി അത്.  ജനക്ഷേമ സബ്സിഡികളുടെ കുഴിച്ചുമൂടലെന്ന പ്രഖ്യാപിത നയവുമായി മുന്നോട്ടുപോകുന്ന കേന്ദ്രത്തിന് അതൊരു ശരിയായ തീരുമാനമായിക്കാം. പക്ഷെ,  എണ്ണക്കമ്പനികളാകട്ടെ അവരുടെ പള്ള വീര്‍ത്തശേഷം വരവുചെലവ് കാല്‍ക്കുലേറ്ററില്‍ ശിഷ്ടംവരുന്ന, എടുത്തുകാട്ടാന്‍പോലും  നിലവിലില്ലാത്ത ചില്ലറത്തുട്ടുകള്‍ ഏതാണ്ടൊരു സൗജന്യംപോലെ ആദ്യമൊക്കെ വല്ലപ്പോഴും വച്ചുനീട്ടി. പിന്നെ അര്‍ഹതപ്പെട്ട, നല്‍കാമായിരുന്ന വിലക്കുറവിന്റെ ആനുകൂല്യങ്ങള്‍  ഇല്ലാത്ത നഷ്ടക്കണക്കുകള്‍ വലിച്ചുനീട്ടിയും പെരുപ്പിച്ചുകാട്ടിയും തടഞ്ഞുവച്ച് ജനത്തെ അവര്‍ 

നിര്‍ബാധം കൊള്ളയടിക്കുന്നു. കണക്കുകൂട്ടല്‍ പിഴച്ചത് ജനത്തിനാണ്. ഈ സര്‍ക്കാരും  സര്‍ക്കാര്‍ നിയന്ത്രിക്കുന്ന എണ്ണക്കമ്പനികളും നമ്മുടെ ക്ഷേമത്തിനാണെന്ന ധാരണയാണ് തെറ്റായിപ്പോയത്. അതേ സര്‍ക്കാരും എണ്ണക്കമ്പനികളും ചേര്‍ന്ന് തുടക്കത്തിലുയരുന്ന പ്രതിഷേധങ്ങള്‍ ദുര്‍ബലമായി ഒടുങ്ങുമ്പോള്‍ പുതിയ ശീലത്തിലേക്ക് ഈ ജനം സ്വാഭാവികമായി ഇഴുകിച്ചേരുമെന്ന മനഃശാസ്ത്രസിദ്ധാന്തം പ്രായോഗികതലത്തിലെത്തിച്ച് സമര്‍ത്ഥമായി നമ്മുടെ വായ മൂടിക്കെട്ടി.  

***********

എണ്ണവില വര്‍ധനയിലുള്ള സ്വാഭാവികമായ പ്രതിഷേധം മാത്രമല്ല ഇപ്പോള്‍ ഉയരുന്നത്.  ഇന്ധനത്തിന് തീവില കൊടുക്കുമ്പോള്‍ അതിന് നല്‍കേണ്ടിയിരുന്ന ന്യായമായ വിലയെക്കുറിച്ചുള്ള ബോധ്യമാണ് നമ്മുടെ പ്രതികരണങ്ങളുടെ മൂര്‍ച്ചകൂട്ടുന്നത്. അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയരത്തില്‍ നിന്നപ്പോഴുള്ള ഇന്ധനവിലയുടെ തൊട്ടടുത്താണ് വിലകുറവായിരുന്നിട്ടും നാം എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്നത്. ഇന്ധനവിലയുടെ പലവിധ പ്രത്യാഘാതങ്ങളുടെ നടുവില്‍നിന്ന്  ഇത്തരമൊരു ചൂഷണത്തിന് തലവച്ചുകൊടുക്കാന്‍ നിര്‍ബന്ധിതനാവുന്ന പൗരന്  ഭരണകൂടങ്ങള്‍ക്ക് സ്തുതിപാടാനാവില്ല.  പ്രതിഷേധിക്കാന്‍ കൊടികളുടെ തുണയോ  മുന്നണികളുടെ രാഷ്ട്രീയബലമോ ഇല്ലെങ്കില്‍പ്പോലും  സാധാരണക്കാരന്റെ  ഒരു ആത്മഗതമായി, ശാപവാക്കായി തലയ്ക്കുമേല്‍ പതിക്കുന്ന പ്രതിഷേധങ്ങള്‍കൊണ്ട് ഇതിനകം ഭരണകൂടങ്ങള്‍ മൂടിപ്പോയിക്കഴിഞ്ഞിരിക്കുന്നു. 

കണക്കുകള്‍ നിരത്താന്‍ ഉദ്ദേശമില്ലെങ്കിലും ചിലത് പറയാതെ വയ്യ.  കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ  ഒരുലീറ്റര്‍ പെട്രോളിന് നല്‍കേണ്ടിവന്ന ഏറ്റവും ഉയര്‍ന്നതുക 2013 സെപ്തംബറില്‍ തിരുവനന്തപുരത്ത്  രേഖപ്പെടുത്തിയ 79 രൂപ 58 പൈസയാണ്. അന്ന് അസംസ്കൃത എണ്ണയുടെ ശരാശരിവില ബാരലിന് 111.7 യു.എസ്.ഡോളറായിരുന്നു.  ഇന്നത് 68 ഡോളര്‍ മാത്രമാണ്. പെട്രോള്‍വില 78 ന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്നു. 2014 ന് ശേഷം  എണ്ണവില കൂപ്പുകുത്തിയപ്പോഴെല്ലാം ജനത്തിന് കിട്ടേണ്ടിയിരുന്ന ആനുകൂല്യം നികുതികൂട്ടി കൊള്ളയടിച്ചത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളാണ്. ഈ കാലയളവില്‍മാത്രം ഒമ്പത് തവണയാണ് കേന്ദ്രം എക്സൈസ് നികുതി കൂട്ടിയത്.  ഒന്നും രണ്ടുമല്ല   330 ശതമാനമാണ്  കേന്ദ്രം എസ്കസൈസ് ഡ്യൂട്ടി ഉയര്‍ത്തിയത്. ഈയിനത്തില്‍ മാത്രം 4.65 ലക്ഷം കോടി ജനത്തിന്റെ പോക്കറ്റ് ചോര്‍ത്തി കൊള്ളയടിച്ചു.

അതുകൊണ്ടുതന്നെ ക്രൂഡ് ഓയില്‍വില ക്രമാനുഗതമായി ഉയര്‍ന്നപ്പോള്‍ പൊതുവിപണിയിലെ വിലയും ആനുപാതികമായി ഉയര്‍ന്നു. 

വിലനിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് ഭാഗികമായി തീറെഴുതിനല്‍കി രാഷ്ട്രീയ തലവേദനയ്ക്ക് തെല്ലൊരാശ്വാസമാര്‍ഗം കണ്ടെത്തിയ യു.പി.എ സര്‍ക്കാരും ജനമധ്യത്തില്‍ പിടിച്ചുനില്‍ക്കുന്നത് മോദി ഭരണകൂടത്തിന്റെ  ഈ കുത്തഴിഞ്ഞ ഇന്ധനനയത്തെ ചൂണ്ടിക്കാട്ടിയാണ്.

വിലവര്‍ധന ജനത്തെവലച്ചപ്പോള്‍ നികുതി കുറയ്ക്കാന്‍ ധനമന്ത്രാലയത്തിനൊരു കത്തെഴുതി രാജ്യത്തിന്റെ  പെട്രോളിയംമന്ത്രി ഒളിച്ചുകളിക്കുകയാണ്. നികുതികൂട്ടിയ ധനമന്ത്രാലയത്തിലേക്ക്  വിമര്‍ശനശരങ്ങള്‍  തിരിച്ചുവിട്ട് തലയൂരാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ശ്രമം. ധനമന്ത്രാലയമാകട്ടെ  ജി.എസ്.ടി എന്ന ഒറ്റമൂലിക്കുകീഴില്‍  ഇന്ധനവിലയും കൊണ്ടുവരാം എന്ന ബി.ജെ.പി സംസ്ഥാനങ്ങള്‍ക്കുപോലും പൂര്‍ണതോതില്‍ സ്വീകാര്യമല്ലാത്ത, ഒരുപക്ഷെ അപ്രായോഗികമായിത്തന്നെ അവശേഷിക്കാവുന്ന  ഫോര്‍മുല മുന്നോട്ടുവച്ച് കൈകഴുകുകയാണ്. ഇങ്ങനെ  

സര്‍ക്കാരിന്റെ നികുതിക്കൊള്ളയില്‍ രാജ്യം പിഴിഞ്ഞെടുക്കപ്പെടുമ്പോള്‍ അതിനെ ജനമധ്യത്തില്‍ ന്യായീകരിക്കാന്‍ വിധിക്കപ്പെട്ട പാര്‍ട്ടിയുടെ പ്രതിനിധികള്‍ ജനത്തിന്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ നക്ഷത്രമെണ്ണുന്നതും പലതവണ കണ്ടു

കേന്ദ്രത്തെ ചൂണ്ടുവിരല്‍ത്തുമ്പില്‍ നിര്‍ത്തുമ്പോള്‍ അതിന്റെ മറവിലൂടെ തടിതപ്പാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. ഇന്ധനക്കൊള്ളയില്‍ കേന്ദ്രത്തോളമോ ഒരുപക്ഷെ അതിലുമധികമോ ഗുണംകിട്ടുന്നത് സംസ്ഥാന സര്‍ക്കാരിനാണെന്ന വസ്തുതയും പറയാതെവയ്യ. കേന്ദ്രം പിഴിഞ്ഞതിനുശേഷമുള്ള തുകയുടെ 17.24 ശതമാനം പെട്രോളിനും 11.91 ശതമാനം ഡീസലിനും ചുമത്തി ഖജനാവ് നിറയ്ക്കുന്നത് കേരളമാണ്. ഇതിനുപുറമെ ലീറ്ററിന് ഒരുരൂപയുടെ അധിക നികുതിവാങ്ങി അടിസ്ഥാനവികസന സ്രോതസായ കിഫ്ബിയുടെ കണക്കിലേക്കും വരവു വയ്ക്കുന്നുണ്ട്. 

കേരളം നികുതി ഉപേക്ഷിച്ചാല്‍ തന്നെ പെട്രോളിന് 17 രൂപയും ഡീസലിന് 11 രൂപയും നേരെ കുറയും.  ജനദുരിതം ഇരട്ടിച്ചാലും പ്രശ്നമില്ല, പ്രതിമാസം 650 കോടി രൂപ ഒരു നികുതി പിരിവ് യജ്ഞവും നടത്താതെ ഖജനാവിലെത്തിക്കുന്ന വഴിയടയ്ക്കാന്‍ സംസ്ഥാനം തയാറല്ല. നികുതി പാടേ എടുത്തുമാറ്റണമെന്നല്ല സര്‍, നിങ്ങളുടെയൊക്കെ ഭരണത്തിന്റെ മഹിമകൊണ്ട് വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മകൊണ്ടുമെല്ലാം പൊറുതിമുട്ടുന്ന ജനത്തിന് അധികനികുതിക്കൊള്ളയില്‍ ചെറിയൊരു കുറവുവരുത്തണമെന്ന് മാത്രമാണ് വോട്ടുചെയ്ത ജനം ആവശ്യപ്പെടുന്നത്.  അങ്ങനെ ചെയ്ത ചരിത്രം കേരളത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടുമുണ്ട്.  പക്ഷെ രാഷ്ട്രതന്ത്രത്തേക്കാള്‍ ധനതത്വശാസ്ത്രം നന്നായി വശമുള്ള നമ്മുടെ ധനമന്ത്രിയുടെ പാഠപുസ്തകങ്ങളിലൊന്നിലും നികുതി കുറയ്ക്കല്‍ എന്നൊരു പരിപാടിയെപ്പറ്റി ഒരിടത്തുമില്ലത്രെ. ജി.എസ്.ടിയുടെ അധികമാര്‍ക്കും വശമില്ലാത്ത സൈദ്ധാന്തികഗുണം ആദ്യം തിരിച്ചറിഞ്ഞ, അതിനായി പരവതാനിവിരിച്ച് മാതൃകകാട്ടിയ തോമസ് ഐസക്ക് ഇന്ധനവിലയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ മടിച്ചതിന്റെ കാരണവും നികുതിവരുമാനത്തിലുണ്ടാകുന്ന വന്‍ ഇടിവാണെന്നുമറിയാം. പലവഴിക്ക് പലയിടത്തേക്കുപോകുന്ന വന്‍നികുതിയാകെ ഒരു നിശ്ചിത ശതമാനത്തിലേക്ക് ചുരുങ്ങുന്ന ജി.എസ്.ടി സമ്പ്രദായത്തിലേക്ക് ഇന്ധനവിലയെ ഉള്‍പ്പെടുത്താന്‍  ഉപാധികളോടെയെങ്കിലും ഒടുവില്‍ കാട്ടിയ സന്നദ്ധതയെ സാധാരണക്കാരന്‍ നിരുപാധികം നമിക്കുകയാണ്

************

കേന്ദ്രവും സംസ്ഥാനവും ഒരുകാര്യം ഓര്‍മിക്കേണ്ടതുണ്ട്.   കിട്ടുന്ന വരുമാനത്തില്‍ ജീവിതച്ചെലവുകളെ പിടിച്ചുകെട്ടി ശീലിച്ച ഒരു ജനത ഇവിടെയുണ്ട്. ജീവിതം പച്ചപിടിക്കുന്ന ഒരു നല്ലകാലത്തെ സ്വപ്നം കാണുന്ന ജനത. അവര്‍ക്കുമുമ്പില്‍ ഒരു നല്ലനാളെയെ വച്ചുനീട്ടിയാണ് നിങ്ങള്‍ അധികാരത്തിലേറിയതും. അവരോട് കാട്ടുന്ന അനീതിയും പിടിച്ചുപറിയും വാഗ്ദാനലംഘനമല്ല, കൊടിയ വഞ്ചനതന്നെയാണ്. മറക്കരുത് ഇതൊരു ജനാധിപത്യ രാജ്യമാണ്

**************