മൗനം വെടിയുക തന്നെ വേണം പിണറായി

അക്രമരാഷ്ട്രീയം കേരളത്തോട് ചെയ്യുന്നതെന്താണ്?  ഒരാള്‍ കൂടി കൊല്ലപ്പെട്ടുവെന്നത് പതിവുവാര്‍ത്തയായ കണ്ണൂരില്‍ ശുഹൈബിന്റെ ദാരുണമായ കൊലപാതകം കേരളത്തെ ഇത്രമേല്‍ അസ്വസ്ഥമാക്കുന്നതെന്തുകൊണ്ടാണ്? കൊന്നു പക തീര്‍ക്കുന്ന രാഷ്ട്രീയം ഇനി ഇവിടെ വേണ്ടെന്ന് കേരളം ഉറപ്പിച്ചു പറയേണ്ട നേരമായിരിക്കുന്നു. മനുഷ്യനു വേണ്ടിയാണ് രാഷ്ട്രീയം. മനുഷ്യത്വമില്ലാത്ത രാഷ്ട്രീയം ഇനി നമുക്കു വേണ്ട. കേരളം അത് ഉറക്കെയുറക്കെ, കേള്‍ക്കുന്നതുവരെ പറയേണ്ടിയിരിക്കുന്നു. കേരളം കാണാത്ത മുഖ്യമന്ത്രിയോടും സാംസ്കാരികനായകരോടും, സ്വന്തം മനഃസാക്ഷിയോടു തന്നെയും ബോധ്യമാകും വിധം പറയേണ്ടിയിരിക്കുന്നു. 

കണ്ണൂര്‍, എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പി.എസ്.ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്, 12ാം തീയതി രാത്രി 10.30നാണ്. എടയന്നൂര്‍ സ്കൂളിലുണ്ടായ എസ്എഫ്ഐ–കെഎസ്‌‌യു തര്‍ക്കത്തില്‍ തുടങ്ങിയ പ്രശ്നങ്ങളാണ് അരുംകൊലയിലേക്കെത്തിച്ചതെന്ന് നാട്ടുകാര്‍. സ്കൂളിലെ തര്‍ക്കത്തിന് പകരം ചോദിക്കാനെത്തിയ സിഐടിയു സംഘത്തെ ഷുഹൈബും കൂട്ടരും തല്ലിയോടിച്ചുവെന്നും. സംഘര്‍ഷത്തിന്റെ പേരില്‍ ഇരുകൂട്ടരും ജയിലിലായി. റിമാന്‍ഡ് കഴിഞ്ഞിറങ്ങിയ ഷുഹൈബിനെയാണ് ആസൂത്രിതമായി കൂട്ടുകാര്‍ക്കു മുന്നില്‍ വച്ച് പിന്തുടര്‍ന്ന് അതിദാരുണമായി കൊലപ്പെടുത്തിയത്.  

അപഹാസമാകുന്ന ന്യായീകരണങ്ങള്‍

കാല്‍മുട്ടിന് താഴെയേറ്റ 37 വെട്ടുകളില്‍ നിന്ന് ചോരവാര്‍ന്നാണ് ,ഷുഹൈബ് മരണത്തിനു കീഴടങ്ങിയത്. വികൃതമാം വിധം വെട്ടിനുറുക്കിയിരുന്നു ആ ചെറുപ്പക്കാരന്റെ പാതിദേഹം. ഷുഹൈബിനറിയാമായിരുന്നു, കൊലയാളികള്‍ പിന്നാലെയുണ്ടെന്ന്. തെളിവായി ഷുഹൈബിന്റെ തന്നെ ശബ്ദസന്ദേശങ്ങളുണ്ട്. കണ്ടു നിന്ന, തടയാന്‍ ശ്രമിച്ച് മാരകമായി പരുക്കേറ്റ ദൃക്സാക്ഷികളുണ്ട്. വെള്ള വാഗണ്‍ ആര്‍ കാറിലെത്തിയ സംഘമെന്നു സാക്ഷ്യമുണ്ട്.  പക്ഷേ പൊലീസ് അനങ്ങിയിട്ടില്ല.   

അക്രമരാഷ്ട്രീയത്തിന്റെ അങ്കത്തട്ടിലില്ലാത്ത   കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകനാണ്, ആസൂത്രിതമായി അതിദാരുണമായി കൊല ചെയ്യപ്പെട്ടത്. പതിവുപ്രകോപനങ്ങളുടെ ന്യായങ്ങള്‍ മിണ്ടരുത്. അരുംകൊലയെക്കുറിച്ച് മിണ്ടാന്‍  സൗകര്യമില്ലെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രീ, അധികാരത്തിലേറ്റിയ ജനാധിപത്യം താങ്കള്‍ക്കു മാപ്പു തരില്ല. കണ്ണൂരിനു മാത്രമായി  ചാര്‍ത്തിക്കിട്ടിയ ഒരു   അക്രമരാഷ്ട്രീയസംസ്കാരമുണ്ട്. കൊലപാതകപരമ്പരകളുടെ ചരിത്രവും. പക്ഷേ അങ്ങനെയൊരു ന്യായീകരണത്തിലും ഒതുങ്ങില്ല, ഷുഹൈബിന്റെ കൊലപാതകം. 

രാഷ്ട്രീയസംഘര്‍ഷത്തിന്റെ പ്രകോപനം പറയാനില്ല, ഷുഹൈബിനേറ്റ ഒരൊറ്റ വെട്ടിനു പോലും. ഉത്തരം മുട്ടിനില്‍ക്കുന്ന സി.പി.എം. സ്വയമേല്‍പിക്കുന്ന നാശം പോലും തിരിച്ചറിയുന്നില്ല. തിരുത്താന്‍ തയാറല്ലെന്നു തന്നെയാണ്  ആ പാര്‍ട്ടി  വിളിച്ചു പറയുന്നത്.  ജനാധിപത്യത്തിനേല്‍പിക്കുന്ന പരുക്കുകള്‍ ഒരു പ്രശ്നമല്ലെ ന്ന്നേതാക്കള്‍ വിളിച്ചു പറയുന്നുമുണ്ട്.മരിച്ചവരുടെ പട്ടികയില്‍     ടി.പി.ചന്ദ്രശേഖരനു മാത്രമെന്തായിരുന്നു പ്രത്യേകതയെന്ന് ഇന്നും വാവിട്ടു ചോദിക്കുന്ന നേതാക്കളുള്ള പാര്‍ട്ടിയാണത്.  

വെട്ടിക്കൊല്ലുകയും അടിച്ചൊതുക്കുകയും ചെയ്യുന്നത് ഒരു രാഷ്ട്രീയത്തിന്റെ ശൈലിയാണെന്നു സമ്മതിക്കാതെ ഇനി മുന്നോട്ടു പോകാനാകില്ല. സി.പി.എം അക്രമം അവസാനിപ്പിക്കണം. ഇക്കാലത്ത് ഒരു ന്യായീകരണവുമില്ലാത്ത രാഷ്ട്രീയസംസ്കാരം കൈവിടണം. കൊലക്കത്തി താഴെയിടാതെ മറ്റാരോടും സി.പി.എമ്മിന് ചോദ്യങ്ങളുന്നയിക്കാന്‍ ധാര്‍മികമായ അവകാശമില്ല. കേരളത്തോടു കൂടുതല്‍ ഉത്തരവാദിത്തം ആര്‍.എസ്.എസിനും ബി.ജെ.പിക്കുമല്ല, എസ്.ഡി.പി.ഐയ്ക്കല്ല, ജനങ്ങള്‍ തിരഞ്ഞെടുത്ത സി.പി.എമ്മിനു തന്നെയാണ്.  സി.പി.എം ഇന്നും കൊലയാളികളെ സംരക്ഷിക്കുന്നതുകൊണ്ടു കൂടിയാണ് അക്രമരാഷ്ട്രീയം തുടരുന്നത്. കൊല്ലുന്നവരെയേ ഇന്നും നമുക്കറിയൂ, കൊല്ലിച്ചവരെ ഒരിക്കലും അറിയാറില്ല. കൊല്ലുന്നവരെ മാലയിട്ടു സ്വീകരിക്കുന്ന, വീരന്‍മാരായി കൊണ്ടു നടക്കുന്ന പാര്‍ട്ടി സംസ്കാരത്തിനും സി.പി.എം മറുപടി പറയണം. ഞങ്ങള്‍ക്ക് പങ്കില്ലെന്ന ഒറ്റ മുഖം തിരിക്കലില്‍ ഒതുങ്ങില്ല ഇക്കാലത്തിന്റെ രാഷ്ട്രീയബോധമെന്നു മനസിലാക്കുന്നത് നല്ലതാണ്.  

അപഹസിക്കുന്നു ഈ മൗനവും

സ്വന്തം നാട്ടില്‍ , സ്വന്തം ഭരണകൂടത്തെ വെല്ലുവിളിച്ചു നടന്ന കൊലപാതകത്തെക്കുറിച്ച് കരുത്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരക്ഷരം  മിണ്ടിയിട്ടില്ല. ഹൈദരാബാദില്‍ നിന്നാരോ ഒരു പാട്ടിനെതിരെ കൊടുത്ത പരാതിയില്‍ വ്രണിതഹൃദയനായി പ്രതികരിച്ച മുഖ്യമന്ത്രിയാണ്. ഷുഹൈബിന്റെ മരണത്തെ അപലപിക്കാന്‍ പോലും കമ്യൂണിസ്റ്റു മുഖ്യമന്ത്രിക്കു നേരമുണ്ടായിട്ടില്ല. 

കൊന്നവരാരെന്നു തെളിയും വരെ കാത്തിരിക്കണമെന്നാണ് ഭരണകൂടവും ഭരണകക്ഷിയും നമ്മളോടാവശ്യപ്പെടുന്നത്. സി.പി.എമ്മുകാര്‍ കൊല്ലപ്പെടുമ്പോള്‍ ഇതേ കാത്തിരിപ്പുണ്ടാകാറില്ല. കുറ്റപത്രങ്ങള്‍ കോടതിയില്‍ തെളിയിക്കപ്പെടും വരെ കാത്തിരുന്നല്ല, സി.പി.എമ്മും ആര്‍.എസ്.എസും കൊലയാളിയെ പ്രഖ്യാപിക്കുന്നതും കണക്കു തീര്‍ക്കുന്നതും.  അവര്‍ പറയും കൊന്നതാരെന്ന്. നമ്മള്‍ കേള്‍ക്കും. അവര്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കും. നമ്മള്‍ ജീവിതം പിടിച്ചു നിര്‍ത്തി അവരെ അനുസരിക്കും.  

 കണ്ണൂരിലെ പതിവ് അനുഷ്ഠാനങ്ങളിലൊന്നാണ്. രാഷ്ട്രീയസംഘര്‍ഷങ്ങളുണ്ടാകും, സി.പി.എമ്മും ആര്‍.എസ്.എസും അന്യോന്യം കൊല്ലും. രക്തസാക്ഷികളുടെ പട്ടിക നിരത്തും. ഹര്‍ത്താല്‍, തുടര്‍ ആക്രമണങ്ങള്‍, സമാധാനയോഗങ്ങള്‍. ഒടുവില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശിക്കുന്ന പതിവു വരെയെത്തി. എല്ലാം അവസാനിച്ചുവെന്നു കണ്ണൂരുകാരനായ മുഖ്യമന്ത്രി സര‍്‍ വകക്ഷിയോഗം വിളിച്ചു പ്രഖ്യാപിച്ചു പിരിഞ്ഞതാണ്.   

പക്ഷേ കൊലവിളികള്‍ക്കവസാനമുണ്ടായില്ല. അവസാനിക്കുകയുമില്ല.  ഭരിക്കുന്ന പാര്‍ട്ടിക്കും കൊല്ലുന്ന എല്ലാ പാര്‍ട്ടികള്‍ക്കും രക്തസാക്ഷികളെ വേണം. അണികളില്‍ ആവേശം നിറയ്ക്കാനും എതിരാളികളെ പേടിപ്പിക്കാനും ഇനിയും ജീവനറ്റ ശരീരങ്ങള്‍ വേണം. അനാഥരായി പോകുന്ന കുടുംബങ്ങളുടെ കണ്ണീരു വേണം. അവര്‍ക്കു വേണ്ടി പിന്നീട് പാര്‍ട്ടി നടത്തുന്ന ത്യാഗോജ്ജല സേവനങ്ങളുടെ ലജ്ജിപ്പിക്കുന്ന വിവരണങ്ങള്‍ വേണം. കൊല്ലുന്നതും കൊല്ലിക്കുന്നതും ഒരേ കൂട്ടരെന്നും മാറുന്നത് ഊഴം മാത്രമെന്നുമറിയാതെ ചാവേറുകളാകാന്‍ പാര്‍ട്ടി അണികള്‍ ഇനിയുമിനിയുമുണ്ടാകണം. കൊല്ലുന്നത് ആര്‍ക്കു വേണ്ടിയെന്നും മരിക്കുന്നത് എന്തിനു വേണ്ടിയെന്നുമറിയാതെ ഇനിയും കണ്ണൂരിലും കേരളത്തിന്റെ പലയിടങ്ങളിലും രാഷ്ട്രീയം ചോരയൊഴുക്കും.

   

തൂക്കമൊപ്പിച്ച് അപഹസിക്കല്ലേ...

എന്നിട്ടും ഞങ്ങളുടെ ആളുകള്‍ മരിക്കുമ്പോള്‍ കേള്‍ക്കുന്നില്ലല്ലോ, ഈ നിലവിളികളെന്ന് കൊന്നുകൊണ്ടേയിരിക്കുന്ന പാര്‍ട്ടിയുടെ ആളുകള്‍, ഒരു ലജ്ജയുമില്ലാതെ ഊഴം വച്ച് നമ്മളോടു ചോദിക്കും. ഷുഹൈബിന്റെ മരണശേഷവും ഈ ചോദ്യവുമുയര്‍ത്തിയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സി.പി.എം എത്തിയത്.  പട്ടികയില്‍ ഞങ്ങള്‍ക്കല്ലേ ആളു കൂടുതലെന്ന്. ഇനിയും ആ ചോദ്യത്തിനു നിന്നു തരാന്‍ സൗകര്യമില്ല സഖാക്കളേ. കേരളം വിശ്വസിച്ചത് നിങ്ങളെയാണ്. ഭരണമേല്‍പിച്ചതും നിങ്ങളെയാണ്. ഇനി ഞങ്ങളാരെയും കൊല്ലില്ല എന്നു പറയാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍  ഈ രാഷ്ട്രീയം  ഇനി സ്വീകാര്യമല്ലെന്നു പറയാന്‍ കേരളത്തിനു ബാധ്യതയുണ്ട്. കൊന്നും കൊലവിളിച്ചും നിങ്ങള്‍ കേരളത്തെ കൊണ്ടുപോകുന്നത് കുരുതിക്കളത്തിലേക്കാണെന്ന്, തിരിച്ചറിയാന്‍ കേരളത്തിനു ബാധ്യതയുണ്ട്.  

ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും സി.പി.എമ്മിനെ ഉന്നംവച്ചു നടത്തിയ വന്‍പ്രചാരണത്തില്‍ കേരളം ഒറ്റക്കെട്ടായി നിന്നു പറഞ്ഞതാണ്, സി.പിഎം. മാത്രമല്ല കൊല്ലുന്നതെന്ന്. കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങളില്‍, അക്രമരാഷ്ട്രീയത്തില്‍ ആര്‍.എസ്.എസിനും തുല്യഉത്തരവാദിത്തമുണ്ടെന്ന്. ആ മുദ്രാവാക്യത്തെ കേരളം ചെറുത്തത് അതിന്റെ ഉന്നമറിഞ്ഞു തന്നെയാണ്. പക്ഷേ ഇന്ന് ഒരു യൂത്ത് കോണ്‍ഗ്രസുകാരന്‍, ഒരു പ്രകോപനവുമില്ലാതെ കൊല്ലപ്പെടുന്ന നേരത്ത് സി.പി.എം ഒരു ആനുകൂല്യവും അര്‍ഹിക്കുന്നില്ല. ഭരിക്കുമ്പോള്‍ നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍, അണികളെ തിരുത്താനാകുന്നില്ലെങ്കില്‍ ഈ പാര്‍ട്ടി കേരളരാഷ്ട്രീയത്തെ ഒറ്റുകൊടുക്കുകയാണ്.  സി.പി.എം പ്രവര്‍ത്തകരും ആക്രമണത്തിനിരയാകുന്നുവെന്നത് ഇനി പരിചയാകില്ല. 

ഞങ്ങളിപ്പോഴും കൊലക്കത്തികള്‍ക്ക് ഇരയാകുന്നുവെന്ന വിലാപം സ്വന്തം മുഖ്യമന്ത്രിയുടെ മുന്നില്‍ പോയി നടത്തണം. ഭരണത്തിലും രാഷ്ട്രീയത്തിലും ഒരു പോലെ പരാജയപ്പെട്ടുപോകുന്നുവെന്ന ന്യായീകരണമാണ് നിങ്ങള്‍ മലര്‍ന്നു കിടന്നു തുപ്പുന്നതെന്ന് തിരിച്ചറിയുകയെങ്കിലും വേണം.   

കണക്കുകളും നിങ്ങളെ അപഹസിക്കുന്നു

കണക്കുകളിലും സി.പി.എം തോറ്റു പോകും. പിണറായി സര്‍ക്കാര്‍ വന്ന ശേഷം കണ്ണൂരിലുണ്ടായത് 10 രാഷ്ട്രീയകൊലപാതകങ്ങള്‍. കഴിഞ്ഞ മാസമുണ്ടായ RSS പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ SDPI പ്രതിസ്ഥാനത്തു വന്നതൊഴിച്ചാല്‍, ബാക്കി 9ലും സി.പി.എം ആണ് ഒരു വശത്ത്. ആറു പേരെ കൊന്നത് സി.പി.എമ്മുകാരാണ്. 3 സി.പി.എമ്മുകാരാണ് കൊല ചെയ്യപ്പെട്ടത്. കണക്കുകള്‍ തൂപ്പമൊപ്പിക്കുന്ന പരിപാടിയിലും സി.പി.എമ്മിന് ഉത്തരം മുട്ടുന്ന കാലമാണ്, ഈ ഇടതുഭരണകാലം.  

ഈ കൊലക്കത്തികള്‍ കേരളത്തിന്റെ രാഷ്ട്രീയത്തിന്റ തലയാണരിഞ്ഞുകളയുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിലൂടെ കേരള ജനത ആര്‍ജിച്ചെടുത്ത എല്ലാ രാഷ്ട്രീയമൂല്യങ്ങളെയും ഒറ്റയടിക്ക് റദ്ദാക്കി സംഘപരിവാര അജന്‍ഡകള്‍ക്കിട്ടു കൊടുക്കുകയാണ് ഈ അക്രമരാഷ്ട്രീയം. കുറ്റപത്രങ്ങളിലും കോടതികളിലും രക്ഷപ്പെടാനായേക്കാം. പക്ഷേ കേരളത്തിന്റെ മനഃസാക്ഷിയുടെ കോടതിയില്‍ ഈ രാഷ്ട്രീയത്തിന് ഇനി മാപ്പില്ല. ജീവന്‍ വെട്ടിയരിഞ്ഞില്ലാതാക്കുന്ന  കൈയും കാലും അരിഞ്ഞു കളയുന്ന, മനുഷ്യനെ ഇല്ലാതാക്കിക്കളയുന്ന രാഷ്ട്രീയത്തിന്‍റെ ഒരു ന്യായത്തിനും കേരളം തലകുനിച്ചു കൊടുക്കാന്‍ പാടില്ല.