ഫാസിസക്കാറ്റിനെ കാണാതെ എങ്ങോട്ട് ?

കൊല്‍ക്കത്തയിലെ പാര്‍ട്ടി ഓഫീസില്‍ രാവും പകലും നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സിപിഎം എന്ന പാര്‍ട്ടി അക്കാര്യം തീരുമാനിച്ചു. തലപ്പത്തുള്ള ജനറല്‍ സെക്രട്ടറിയുടെ നിരന്തരമുള്ള വാദങ്ങളെയും ശ്രമങ്ങളെയും വോട്ടിനിട്ട് തോല്‍പിച്ച പ്രഖ്യാപനം. കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ വേണ്ട. ആ നവലിബറല്‍ നയങ്ങളുമായി ഒരു ധാരണയും വേണ്ടെന്ന് വിയോജിപ്പുള്ള ജനറല്‍ സെക്രട്ടറിയെ അതേ കസേരയില്‍ ഇരുത്തിത്തന്നെ തീരുമാനിച്ചു സിപിഎം. എന്നിട്ടതിന് ഒരു തലക്കെട്ടുമിട്ടു, ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്‍റെ ഉദാത്ത മാതൃക. വലിയ അലങ്കാരങ്ങളൊന്നുമില്ലാതെ ആദ്യമേ പറയട്ടെ, പുതിയ ഇന്ത്യയില്‍ പ്രതീക്ഷാ നിര്‍ഭരമായ ഒരു പാര്‍ട്ടിയായ സിപിഎമ്മിന്‍റെ ഈ തീരുമാനം അത്യന്തം നിരാശാഭരിതമാണ്. പുതിയ ഇന്ത്യയുടെ ആധികളെയും ആപത്തുകളെയും ഈ പാര്‍ട്ടിയുടെ നേതാക്കള്‍ പരിഹസിച്ചുതള്ളിയിരിക്കുന്നു. ഡല്‍ഹിയിലും കൊല്‍ക്കത്തയിലുമായി പലവട്ടം ഒരുമിച്ചിരുന്ന് കൈക്കൊണ്ട തീരുമാനം രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ കേട്ടത് ആശങ്കയോടെയാണ് എന്ന് പറയാതെ വയ്യ. 

ശരിയാണ്. രാഷ്ട്രീയത്തില്‍ അത്തരം വിട്ടുവീഴ്ചകള്‍ വേണ്ടിവരും. അവിടെയാണ് സിപിഎം ഇപ്പോള്‍ വലിയ മേനിയായി നടിക്കുന്ന ഈ തീരുമാനത്തിലെ രാഷ്ട്രീയമില്ലായ്മ ചോദ്യം ചെയ്യപ്പെടുന്നത്. രാജ്യം വലിയ ആപത്തിലാണ് എന്ന് സമ്മതിക്കുക ആദ്യം. 2104നുശേഷമുള്ള ഇന്ത്യയുടെ ദുരിതാവസ്ഥകളെ മനസ്സിരുത്തുക. എന്നിട്ടാകണം വിശാല മതേതര ജനാധിപത്യ സഖ്യം എന്ന ആവശ്യത്തെ സിപിഎം സമീപിക്കേണ്ടിയിരുന്നത്. കേരളത്തിലെ കോണ്‍ഗ്രസ്-സിപിഎം അടിതടയെന്ന കേവലയുക്തി തടസ്സമാകരുതായിരുന്നു ചരിത്രപരമായ ഒരു തീരുമാനത്തിന്. സംഘപരിവാരങ്ങള്‍ ഈ കൂട്ട് ആയുധമാക്കുമെന്ന കേവല വൈകാരികതയും ജനാഭിമുഖ്യമുള്ള നേതാക്കളെ ഭരിക്കരുതായിരുന്നു. രാഷ്ട്രീയ ലൈനിനപ്പുറം വ്യക്തിതാല്പര്യം മുൻനിർത്തിയുള്ള ഇപ്പോഴത്തെ പോര് കാണുമ്പോൾ മതേതര-പുരോഗമന വാദികള്‍ ലജ്ജിക്കുക തന്നെ വേണം. 

സിപിഎമ്മില്‍ കേരളസഖാക്കളുടെ മേല്‍ക്കൈ ഊട്ടിയുറപ്പിക്കുന്നത് കൂടിയായി പുതിയ സിസി തീരുമാനം എന്ന് വിലയിരുത്തപ്പെടുമ്പോള്‍ എന്താണ് അതില്‍ നിന്ന് വായിക്കേണ്ടത്. എതിര്‍ക്കാന്‍ മാത്രമായാണ് ഈ സിസിക്കും കേരള ഘടകം പോയതെന്നുറപ്പ്. നവ കേരളത്തിനായി നിലപാടുകളിൽ വെള്ളം ചേർക്കല്‍ തകൃതിയായ നടത്തുന്ന ഈ കാലത്ത് നിങ്ങള്‍ നവ ഇന്ത്യയെക്കുറിച്ചും ചില ആലോചനകൾ നടത്തുന്നത് നന്നാകുമെന്ന് വിനയപൂര്‍വ്വം ഒാർമിപ്പിക്കട്ടെ. കേരളത്തിലും ഫാസിസ്റ്റുകള്‍ പതിനെട്ടടവും പയറ്റുന്നത് കണ്ടിരിക്കുമ്പോഴെങ്കിലും ഇന്ത്യ എന്ന വലിയ ഓര്‍മ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടാകണമെന്ന അഭ്യര്‍ഥനയാണിത്. 

അതുകൊണ്ട് സഖാക്കളേ, ആദര്‍ശം എന്നത് ശരിയായ വാക്ക് തന്നെയാണ്. പ്രത്യയശാസ്ത്രവും പ്രതീക്ഷാഭാരം പേറുന്ന വാക്കുതന്നെ. പക്ഷേ സമയാസമയങ്ങളില്‍ മാറിമറിയുന്ന ആദര്‍ശത്തിന‌പ്പുറം രാജ്യത്തിന്റെ വ്യഥകളും പ്രതിസന്ധികളും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ദാർശനിക വ്യഥയാകുന്ന കാലമാണ് പുലരേണ്ടത്. അത്തരം ഘട്ടങ്ങളില്‍ പ്രത്യശാസ്ത്രത്തിനപ്പുറം ആലോചിക്കുമ്പോഴാണ്, അപ്പോള്‍ മാത്രമാണ് കമ്മ്യൂണിസം മനുഷ്യത്വത്തിനോട് ചേര്‍ന്നുനില്‍ക്കുന്നത്. മനുഷ്യവിരുദ്ധമായ പ്രത്യയശാസ്ത്രം ഭരിക്കാന്‍ വരുമ്പോള്‍ ചില വിട്ടുവീഴ്ചകള്‍ തലയിലേറ്റിയേ തീരൂ. ഭരണത്തിന് നവ ഉദാരവല്‍ക്കരണത്തിന്‍റെ വക്താവിനെത്തന്നെ ഉപദേശകയാക്കിയ അപരാധത്തേക്കാള്‍ എത്രയോ ചെറുതാകും ഈ വിട്ടുവീഴ്ച. കോണ്‍ഗ്രസ് അനുകൂലിയെന്നും ബിജെപി അനൂകൂലിയെന്നും വിളിച്ച് നേരം കളയുമ്പോള്‍ വെളിച്ചത്താകുന്നത് പാര്‍ട്ടിയുടെ രാഷ്ട്രീയ പാപ്പരത്തമാണ്. അത് രാജ്യം കാണുകയുമാണ്.