‘സ്വകാര്യം’ മാത്രമല്ല ഈ സാമ്പത്തിക വിവാദം

ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന സാമ്പത്തികാരോപണങ്ങളില്‍ തെറ്റു പറ്റിയത് മാധ്യമങ്ങള്‍ക്കാണോ? ഒരു സ്വകാര്യവ്യക്തിയുടെ സാമ്പത്തികഇടപാടുകളില്‍ കേരളസമൂഹത്തിന് ഉല്‍ക്കണ്ഠയുണ്ടാകണോ? സി.പി.എം അതിനു മറുപടി പറയേണ്ട കാര്യമെന്ത്? കുറച്ചു ദിവസങ്ങളായി കേരളത്തില്‍ ഉയരുന്ന ചോദ്യങ്ങള്‍ ഇതാണ്. മറുചോദ്യങ്ങള്‍ വ്യക്തമായ മറുപടിയാണെന്നു മറക്കരുത്.1. പരിഹരിക്കാനാകാതെ സി.പി.എമ്മിനു മുന്നിലെത്തിയ 13 കോടിയുടെ പരാതി ഇപ്പോള്‍ തീര്‍ത്തതാരാണ്?2.ആ പരാതി തീര്‍ക്കാന്‍ സി.പി.എമ്മിനുണ്ടായ ബാധ്യതയെന്താണ്?3. സി.പി.എമ്മിന്റെ രാഷ്ട്രീയസ്വാധീനം പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരായ സാമ്പത്തികത്തട്ടിപ്പ് പരാതി പരിഹരിക്കാന്‍ വിനിയോഗിച്ചത് ഏതു വഴിയിലാണ്. 4. സി.പി.എം എന്ന പാര്‍ട്ടിയും അതിന്റെ അണികളും അതിനു കൊടുക്കേണ്ടി വരുന്ന വിലയെത്രയാണ്? 

ഈ ചോദ്യങ്ങള്‍ ആര് ആരോട് ചോദിക്കുമെന്നും, ആരു മറുപടി പറയുമെന്നതും മാത്രമാണ് പ്രശ്നം. 

ഇത്രയും കാര്യങ്ങള്‍ ബിനോയ് കോടിയേരി തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചതുമാണ്. എന്നാല്‍ പണം കൊടുത്തു തീര്‍ത്തു എന്നു മാത്രം ബിനോയ് പറഞ്ഞില്ല. അതിനര്‍ഥം പരാതിക്കാസ്ഥാനമായ ഇടപാട് തീര്‍ന്നിട്ടില്ലെന്നു തന്നെയാണല്ലോ. ആ പണം തിരികെ കിട്ടാത്തതിന്‍റെ പേരിലാണ് രണ്ടുവര്‍ഷത്തോളം കാത്തിരുന്ന ശേഷം കമ്പനി സി.പി.എം നേതൃത്വത്തിനു മുന്നിലേക്കെത്തിയത്. ആ പരാതി എന്തിന് സി.പി.എമ്മിനു നല്‍കിയെന്നാണ് പാര്‍ട്ടിയുടെ ചോദ്യം. പരാതി സി.പി.എമ്മിനു കിട്ടിയപ്പോള്‍ പരിഹാരമുണ്ടായി എന്നതു തന്നെയാണ് മറുപടി. ശേഷിക്കുന്ന ചോദ്യം, രാഷ്ട്രീയം തന്നെയാണ്. ബിനോയ് കോടിയേരിയുടെ 13 കോടിയുടെ സാമ്പത്തികാരോപണം പാര്‍ട്ടി പരിഹരിച്ചതങ്ങനെയാണ്? 

അപ്പോള്‍ ആരെ പേടിപ്പിക്കാനാണ് ഈ ആര്‍പ്പുവിളി? സ്വന്തം പാര്‍ട്ടിയോടും നേതാക്കളോടും ചോദിക്കാന്‍ ശേഷിയില്ലാത്ത ചോദ്യങ്ങളുടെ കുറ്റബോധം മാധ്യമങ്ങളെ പഴിച്ചാല്‍ തീരുമോ? 

മുതലാളിത്തത്തോട് സന്ധിയില്ലാസമരം ചെയ്യുന്ന പാര്‍ട്ടിയാണത്രേ. മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി അടുത്ത തലമുറയെ മാറ്റിയെടുക്കുന്ന നേതാക്കള്‍ പറയട്ടെ. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രയോഗവല്‍ക്കരണമാണോ ഈ കാണുന്നത്? 

സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഗുരുതരമായ സാമ്പത്തികാരോപണം നേരിട്ടുവെന്നത് സത്യമാണ്. അത് ഇപ്പോള്‍ തീര്‍ത്തിരിക്കുന്നുവെന്നാണ് അന്തിമന്യായമെങ്കില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയസ്വാധീനമാണ് ഉപയോഗിക്കപ്പെട്ടതെന്നതും സത്യമാണ്. മാധ്യമങ്ങളെ എത്ര ചീത്തവിളിച്ചാലും മായ്ക്കാനാകാത്ത ചില സത്യങ്ങള്‍ ചോദിക്കാതെ പോകുന്നതിന്റെ പേരിലാണ് സഖാക്കളെ നിങ്ങളേ ചരിത്രം രേഖപ്പെടുത്തുക. ആ കറ സി.പി.എമ്മിനുള്ളതാണ്. ഏറ്റെടുക്കുക.