ഈ ആശങ്ക അഭിമുഖികരിക്കേണ്ടതോ ?

ഫാസിസ്റ്റുകളുടെ ഏറ്റവും വലിയ ആയുധം ഭയമാണ്. ഭയം വിതച്ചാണ് അവര്‍ വളരുക. അങ്ങനെ വളര്‍ന്ന് വലുതായ ഒരു വിഷവൃക്ഷമാണ് പ്രവീണ്‍ തൊഗാഡിയ. പിന്നീട് തൊഗാഡിയ വിരിച്ച തണലില്‍ അതുപോലെ വളര്‍ന്നവര്‍ അതിലും വളര്‍ന്നവര്‍ ഏറെയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ എണ്ണിത്തുടങ്ങാം ആ നിര. ആ തൊഗാഡിയയും ഭയപ്പാടിലാണ് എന്നതാണ് പുതിയ വിരോധാഭാസം. ആദ്യം ആ നേതാവിനെ കാണാതാവുന്നു, പിന്നെ കണ്ടുകിട്ടുന്നു, കൊല്ലാനാരോ പിന്നാലെയുണ്ടെന്ന് കരഞ്ഞുകലങ്ങി പറയുന്നു. സംഘകുടുംബത്തിനകത്തെ സംഘര്‍ഷങ്ങള്‍ക്കപ്പുറം വായിക്കേണ്ടതാണോ ഇതെല്ലാം. തീര്‍ച്ചയായും അതെ. അപ്രീതിക്കിരയായാല്‍ ഇവിടെ ഒരു ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ കളമൊരുങ്ങുമെന്ന് കുടുംബത്തിനകത്ത് നിന്ന് ഒരാള്‍ വിളിച്ചുപറയുമ്പോള്‍ അത് അവഗണിക്കാതെ ആഴത്തില്‍ വായിക്കേണ്ടതുണ്ട്. ആഴത്തില്‍ ആശങ്കപ്പെടേണ്ടതുണ്ട്. 

ഈ കണ്ട അശ്രുപൊഴിക്കലിനെ രാജ്യം ഏതുമട്ടിലാകും കേട്ടിട്ടുണ്ടാകുക എന്നതില്‍ തന്നെയുണ്ട് കൗതുകം. രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന് വേരാഴ്ത്താന്‍ പാകത്തില്‍ മണ്ണൊരുക്കിയ നേതാവ് അവരുടെതന്നെ ഭരണകൂടങ്ങള്‍ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയതിലെ വൈരുധ്യത്തില്‍ തുടങ്ങുന്നു അത്. ഓര്‍ക്കുന്നില്ലേ മാറാട് കലാപത്തിനിടയില്‍ ഇങ്ങ് കേരളത്തിലെത്തി തൊഗാഡിയ സംസാരിച്ചത്. മാറാടിന്‍റെ മുറിവുണക്കാന്‍ കേരളം പാടുപെടുമ്പോഴായിരുന്നു വര്‍ഗീയത ഊതിക്കത്തിക്കുന്ന ആ വാക്കുകള്‍ പിറന്നത്. 

ചെയ്തുകൂട്ടിയതിന്‍റെ സ്വാഭാവിക പരിണിതിയാണ് സംഘപരിവാര്‍ സംഘടനകളില്‍ ഇപ്പോള്‍ അരങ്ങേറുന്നതെന്ന് ചുരുക്കിപ്പറയാം. ഒരു സ്കൂട്ടറിന് പിന്നിലിരുന്ന് ഹിന്ദുരാഷ്ട്രം സ്വപ്നം കണ്ട നരേന്ദ്രമോദിയും തൊഗാഡിയയും എങ്ങനെ രണ്ടുതട്ടിലെത്തിയെന്നത് അന്വേഷിക്കേണ്ടത് തന്നെ. തൊഗാഡിയ ഒരു ആത്മകഥയെഴുതുമ്പോള്‍ അതിന് 'കാവിയുടെ പ്രതിഫലനങ്ങള്‍-മുഖവും മുഖംമൂടിയും' എന്ന് പേരിടുന്നത് പ്രതിസന്ധിയിലാക്കുന്നത് ഈ രാജ്യത്തിന്‍റെ ഭരണ നേതൃത്വത്തെയാണ്. അതുകൊണ്ടുതന്നെ അത് എളുപ്പത്തില്‍ വിട്ടുകളയാവുന്ന ഒന്നല്ലാതാകുന്നു. ഒരുപാട് ചോദ്യങ്ങള്‍ ഈ കപട നാടകങ്ങള്‍ക്കുനേരെ ഉയര്‍ന്നുവരേണ്ടതുണ്ട്. 

ഒരു മാഫിയ സംഘത്തില്‍ നിന്ന് ഒരാള്‍ പുറത്തുവരുന്നതും ഒരു പുസ്തകമെഴുതുന്നതും വാര്‍ത്താസമ്മേളനം വിളിക്കുന്നതുമെല്ലാം തീര്‍ച്ചയായും ആ മാഫിയക്ക് അകത്തുള്ളവരെ അലോസരപ്പെടുത്തും. പുറത്തുവരുന്നയാള്‍ ഇനി അധികം പറയാതിരിക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന ആലോചനകളും അപ്പോള്‍ സ്വാഭാവികം. ഒരുപാട് വ്യാജ ഏറ്റുമുട്ടലുകളുടെ തിരക്കഥാ രചനയില്‍ പങ്കുകൊണ്ടയാള്‍ ജീവനുവേണ്ടി യാചിക്കുന്ന ദുരവസ്ഥ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഏറ്റവും വികൃതമായ മുഖംമൂടി കൂടിയാണ് വലിച്ചു പുറത്തിടുന്നത്. 

ഹിന്ദുത്വം എന്ന കാഴ്ചപ്പാടിന് എതിര് നില്‍ക്കുന്ന ഹിന്ദുത്വവാദികളുടെ എണ്ണം കൂടുതല്‍ മറനീക്കുന്ന പൊറാട്ടുകാഴ്ചകളാണ് എല്ലാമെന്ന് പറയാതെ വയ്യ. തൊഗാഡിയ നാടകത്തിന്‍റെ വരുംവരായ്കകള്‍ എണ്ണിത്തീരുമ്പോള്‍ തെളിയുന്നത് കാപട്യം മാത്രമാണ്. എല്ലാ രാഷ്ട്രീയ വ്യവഹാരങ്ങളിലും വിവാദങ്ങളിലും ഒരുപക്ഷത്ത് ശരി തെളിയും. പക്ഷേ ഇവിടെ രണ്ടുപക്ഷത്തും കാപട്യത്തിന്‍റെയും വെറുപ്പിന്‍റെയും ചെമ്പാണ് തെളിയുന്നത്. രാജ്യത്തിന് മുന്നില്‍ തീരാത്ത ദുരൂഹതകളാണ് എഴുന്നേറ്റുനില്‍ക്കുന്നത്. നീതിപീഠങ്ങളില്‍ വരെ ആശങ്കകള്‍ കൂടുകെട്ടുന്ന കാലത്ത് ഇതില്‍പ്പരം മറ്റെന്ത് പ്രതീക്ഷിക്കണം ഈ രാജ്യം.?