നവ ‘പേഷ്വ’കളുടെ പരാക്രമങ്ങൾ

മുംബൈയിലെ ഭീമ-കൊരേഗാവ് യുദ്ധാനുസ്മരണ വേദിയില്‍ നിന്ന് തുടങ്ങിയ ഒരു കലാപത്തിന്റെ ദൃശ്യങ്ങളാണ് ഈ കണ്ടത്. ഈ ദൃശ്യങ്ങള്‍ക്ക് നല്‍കി കാണുന്ന തലക്കെട്ടുകള്‍ എന്തെല്ലാമാണ്. 'സാമുദായിക സംഘര്‍ഷത്തില്‍ മഹാരാഷ്ട്ര കത്തുന്നു', 'മറാത്ത-ദലിത് വിഭാഗങ്ങളുടെ ഏറ്റുമുട്ടല്‍ തുടരുന്നു' എന്നിങ്ങനെ നീളുന്നുണ്ടത്. എന്നാല്‍ ആ തലക്കെട്ടുകളെ തിരുത്തി തന്നെ തുടങ്ങട്ടെ, ഇത് രണ്ടുവിഭാഗങ്ങള്‍ തമ്മിലടിക്കുന്നതല്ല. വൈഡ് ഫ്രൈമില്‍ നമുക്ക് അങ്ങനെ തോന്നാമെങ്കിലും ക്ലോസ് ഫ്രൈയിമില്‍ നിരീക്ഷിക്കുമ്പോള്‍ അറിയാം ഇത് വേട്ടയാണ്. ദലിത് വേട്ട. സംഘകാലത്തെ ഇന്ത്യയില്‍ കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന ദലിത് വേട്ടയുടെ പുതിയൊരു പരിസരം. അങ്ങനെ തന്നെ വായിക്കപ്പെടണം ഈ വാര്‍ത്ത. 

ഇതാണ് ഭീമ കൊരേഗാവ് യുദ്ധാനുസ്മരണത്തിന്റെ ചരിത്രപശ്ചാത്തലം. സവര്‍ണന്റെ ഹുങ്കിന്മേല്‍ ദലിതര്‍ നേടിയ ഒരു വിജയത്തിന്റെ ഓര്‍മപുതുക്കല്‍. ഇംഗ്ലീഷ് ആധിപത്യത്തിനെതിരെ സമരം നടന്ന കാലത്തുതന്നെ ഇന്ത്യയ്ക്കകത്തെ സവര്‍ണാധിപത്യത്തെയും ചോദ്യംചെയ്ത് ഒരു നൂറുസമരങ്ങളുണ്ടായിട്ടുണ്ട്. അതില്‍ പ്രധാനമായ ഒന്ന്. അവര്‍ ബ്രിട്ടീഷുകാര്‍ക്ക് ഒപ്പം നിന്നവരായിരുന്നില്ലേ എന്ന ബാലിശമായ ചോദ്യത്തിനൊന്നും ഒരു പ്രസക്തിയുമില്ല. കാരണം സവര്‍ണസ്വദേശി ശത്രുക്കളുടെ ദുഷ്ചെയ്തികളെ അവര്‍ വിദേശമിത്രങ്ങളിലൂെട അതിജീവിക്കുകയായിരുന്നുവെന്നതാണ് സത്യം. എല്ലാവര്‍ഷവും ആ ദിവസം ഭീമ കൊരേഗാവില്‍ ഒത്തുചേര്‍ന്ന് ദലിത് സമൂഹം അത് ആഘോഷിക്കുന്നുമുണ്ട്. കഴിഞ്ഞ 199 വര്‍ഷമായി അത് തുടരുന്നു. പിന്നെ എങ്ങനെയാണ് ഈ ഇരുനൂറാംവര്‍ഷം മാത്രം അത് ഒരു കലാപത്തിലേക്ക് വഴിമാറുന്നത്? ആര്‍ക്കാണ് ഇത്തരമൊരു കലാപം ആവശ്യമാകുന്നത്? അതല്ലെങ്കില്‍ ആരെയാണ് ഈ കൂട്ടായ്മകളെല്ലാം അസ്വസ്ഥമാക്കുന്നത്? 

അതെ, അതാണ് സത്യം. ലക്നൗവിലെ ഹജ്ജ് ഹൗസിന് വരെ കാവി നിറം നല്‍കുന്ന ബിജെപിക്കും അത് നന്നായി മനസിലാക്കുന്നുണ്ട്. ഈ പുതിയ രാഷ്ട്രീയപശ്ചാത്തലം അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഉമര്‍ ഖാലിദും, ജിഗ്നേഷ് മേവാനിയും രാധിക വെമുലയും പ്രകാശ് അംബേദ്കറുമെല്ലാം ഭീമാകൊരേഗാവിനെ ഓര്‍ത്ത് ഒന്നിക്കുന്ന വേദികള്‍, ആ വേദികള്‍ക്ക് മുന്നിലേക്ക് ഒഴുകുന്ന ആള്‍ക്കൂട്ടം അതെല്ലാം പൊളിച്ചെഴുതുന്നത് ബിജെപി പൊതിഞ്ഞുകൊണ്ടുനടക്കുന്ന പൊള്ളത്തരങ്ങളെ തന്നെയാണ്. അപ്പോള്‍ പ്രതികൂലമാകുന്ന ചുറ്റുപാടുകളെ പ്രതിരോധിക്കാന്‍ എന്നും പയറ്റിയ അടവുകള്‍ അവര്‍ ഇവിടേയും ഒളിച്ചുകടത്തുന്നു. അതാണ് ആളിപ്പടരുന്നത്. ഭീമ കൊരേഗാവിലും സംഭവിച്ചത് മറ്റൊന്നുമല്ല. 

ദലിതരുടെ സ്വാഭിമാനനീക്കങ്ങളെ അടിച്ചൊതുക്കുന്ന സവര്‍ണസംഘപരിവാര്‍ അജന്‍ഡ തന്നെയാണ് നടപ്പാക്കപ്പെട്ടത്. അത് അവസാനിപ്പിക്കേണ്ട സര്‍ക്കാരാകട്ടെ മൗനത്തിലായതോടെ എരിതീയില്‍ എണ്ണ ആവോളമായി. ഇവര്‍ക്ക് വാഴ്ത്തുപാടി ശീലമുള്ള ചില ദേശീയമാധ്യമങ്ങളത് ദലിതരുടെ മാത്രം അഴിഞ്ഞാട്ടമാക്കി. കെട്ടടങ്ങാത്ത കനലുകള്‍ ഈ രാജ്യത്തോട് പറയുന്നത് അതുതന്നെയാണ്. ദലിത് ശബ്ദം ഭരിക്കുന്നവരെ അസ്വസ്ഥമാക്കുന്നുണ്ട്. ഒപ്പം ആക്രമിക്കപ്പെടുന്ന ഭീമ കൊറേഗാവ് യുദ്ധാനുസ്മരണം മറ്റൊന്നുകൂടി ഊട്ടിഉറപ്പിക്കുന്നു. സംഘപരിവാരങ്ങളുടെ ഹിന്ദുരാഷ്ട്രത്തിന്റെ അതിരുകള്‍ക്കകത്ത് ദലിതരില്ലെന്ന സത്യം. അതുകൊണ്ടുതന്നെയാണ് വര്‍ത്തമാനകാലം അവന് ഒന്നുംവച്ചുനീട്ടാത്തതും ഭൂതകാലത്തില്‍ നിന്ന് അവന്‍ വീണ്ടെടുക്കുന്ന ഊര്‍ജത്തെ ഇങ്ങനെ കത്തിച്ചുകളയുന്നതും. 

ഉനയില്‍ നിന്ന് പുണെയിലെത്തുമ്പോള്‍ ദലിത് പോരാളികളെ രാജ്യത്തെ ബിജെപി ഭരണകൂടം ഒന്നുകൂടി ശത്രുപക്ഷത്തേക്ക് ചേര്‍ത്തുനിര്‍ത്തി എന്നുപറയണം. ഏകാധിപത്യത്തിന്‍റെ മട്ടും ഭാവവും അണിഞ്ഞ് ഭരണം തുടരുന്നവരുടെ കോട്ടകളില്‍ ഭയപ്പാടുകള്‍ തെളിഞ്ഞ് കത്തുന്നുണ്ടെന്ന് ഈ കലാപം തെളിച്ച് കാട്ടിത്തരുന്നു. മുസാഫര്‍ നഗറിലടക്കം സംഘപരിവാരശക്തികള്‍ പയറ്റിയ അത്യന്തം അപകടകരമായ ആയുധമാണ് മഹാരാഷ്ട്രയുടെ തെരുവില്‍ കത്തിത്തീര്‍ന്നത്. അതിന്‍റെ കനലുകള്‍ രാജ്യത്തെവിടെയും ഊതിയെടുക്കാന്‍ പല തലച്ചോറുകള്‍ തക്കം പാര്‍ത്തിരിക്കുന്നുവെന്ന ബോധ്യമാകണം ഇനിയുള്ള ഇന്ത്യയെ മുന്നോട്ടുനയിക്കേണ്ടത്. ഉയരുന്ന പ്രതിരോധങ്ങളില്‍ സന്തോഷിക്കുന്നതിനൊപ്പം കരുതല്‍ വേണമെന്ന് കൂടി ആവര്‍ത്തിച്ച് പറയാതെവയ്യ